അവന്തിക: ഭാഗം 3

അവന്തിക: ഭാഗം 3

എഴുത്തുകാരി: വാസുകി വസു

സാറ് അടുത്ത് എത്തിയപ്പോഴേക്കും ഞാൻ തല കുനിച്ച് ഇരുന്നു. “അവന്തികക്ക് ഇവിടെയാണോ അഡ്മിഷൻ ലഭിച്ചത്.ഞാൻ കരുതി ബാംഗ്ലൂരിൽ ആയിരിക്കുമെന്ന്” സാറ് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. “അതേ, ചേച്ചിയാണ് ബാംഗ്ലൂരിൽ പഠിക്കുന്നത്” “അവന്തികക്ക് കൂടി ബാംഗ്ലൂരിൽ ട്രൈ ചെയ്യാമായിരുന്നില്ലേ” “അച്ഛന് വയ്യാത്തതിനാൽ നാട്ടിൽ തുടരാൻ തീരുമാനിച്ചു” ഞങ്ങളുടെ സംഭാഷണം മറ്റുളളവർ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.തമ്മിലുള്ള പരിചയഭാവം ചിലർ മറ്റ് ചിലതായി വ്യാഖ്യാനിച്ചെങ്കിലോന്ന് ഞാൻ ഭയന്നു.

“ശരി അവന്തിക..” സാറ് ക്ലാസിലെ മറ്റുള്ള കുട്ടികളുമായി പരിചയപ്പെട്ടു.ഇടക്കിടെ ആ കണ്ണുകൾ എന്നെ തേടിയിരുന്നു.എനിക്ക് എന്തെന്നില്ലാത്ത പരിഭ്രമം തോന്നി. ആദ്യദിവസമായതിനാൽ അധികസമയം ക്ലാസിൽ ഇരിക്കേണ്ടി വന്നില്ല.ഉച്ചയോടെ കോളേജ് വിട്ടു.ആദ്യത്തെ ദിവസം ആയതിനാൽ നവാഗതർക്ക് സീനിയേഴ്സിന്റെ സ്വീകരണം ലഭിച്ചിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ യോജിച്ചൊരു കൂട്ടുകാരിയെ കിട്ടി.ആരാധന അതായിരുന്നു അവളുടെ പേര്. ഞാനും അവളും കൂടിയാണ് ക്ലാസ് റൂം വിട്ടിറങ്ങിയത്.. “അവന്തീ അവിടെയൊന്ന് നിന്നേ” പിന്നിൽ നിന്ന് കേട്ട സ്വരം ശിവദ് സാറിന്റെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. “ഇയാൾക്കിത് എന്തിന്റെ കേടാണ്” മനസിലാണ് ഞാൻ പറഞ്ഞത്. “ഞാൻ മാറി നിന്നേക്കാം.

സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല” ആരാധന ഒഴിഞ്ഞ് മാറി നിൽക്കാൻ ശ്രമിച്ചതും ഞാൻ തടഞ്ഞു. “നീ കൂടി ഇവിടെ നിൽക്ക്.എനിക്ക് ഒറ്റക്ക് വയ്യ” ചെറു പുഞ്ചിരിയോടെ അവൾ നിന്നു. “അവന്തീ ഞാൻ പറഞ്ഞത് ആലോചിച്ചോ” എനിക്ക് അരികിലെത്തിയ സാറ് മുഖവുരയില്ലാതെ തുടങ്ങി. ഞാനാണെങ്കിൽ വല്ലാതെ പരിഭവിച്ചു. “സർ, പ്ലീസ് ഇതിവിടെ വെച്ച് നിർത്തണം.എനിക്ക് ഇപ്പോൾ വിവാഹത്തിനൊന്നും താല്പര്യം ഇല്ല” സാറിന്റെ മുഖമൊന്ന് വിളറിയെങ്കിലും സമർത്ഥമായി ആളത് മറച്ചു പിടിച്ചു. “ഡോ ഞാൻ കുറെ നാളായി തന്നെ ശ്രദ്ധിച്ചതിനു ശേഷമാണ് ഇതിനെ കുറിച്ച് ചിന്തിച്ചത്.

എന്തായാലും ഞാൻ പിന്മാറാൻ ഒരുക്കമല്ല.തന്റെ മനസ് മാറുന്നത് വരെ കാത്തിരിക്കാനും തയ്യാറാണ്. മറ്റൊന്നും എനിക്ക് വിഷയമല്ല” “സാറ് വെറുതെ കാത്തിരിക്കുകയുള്ളൂ.എന്റെ മനസ്സൊന്നും മാറാൻ പോണില്ല” ഇത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ തിരിഞ്ഞ് നടന്നു.പിന്നിലേക്ക് തിരിഞ്ഞ് നോക്കുക കൂടി ചെയ്തില്ല. “ഡീ അവന്തീ നിൽക്കെടീ ഞാനും കൂടി വരുന്നു” ഞാൻ കുറച്ചു വേഗത്തിലാണ് നടന്നത്.ആരാധന എനിക്കൊപ്പം എത്താൻ നന്നേ പാടുപെട്ടു. “ഡീ സാറിനു എന്തായിത്ര കുറവ്.നല്ല ചുളളൻ കലിപ്പനല്ലേ.നിങ്ങൾ തമ്മിൽ നന്നായി ചേരും” ഞാൻ വാ തുറന്നില്ല.

എന്നിട്ട് വേണം വായാടിക്ക് അതിൽ കയറി പിടിക്കാൻ. “ഹോ, ഞാനായിരുന്നെങ്കിൽ എപ്പഴേ ഓക്കേ പറഞ്ഞേനേ” അവൾ നെടുവീർപ്പെട്ടു. “എങ്കിൽ സാറിനെ നീ കെട്ടിക്കോ.ഞാൻ അരയന്നമായി നിൽക്കാം” “ഓ..എന്നെപ്പോലെയുളളതിനെ സാറ് എങ്ങനെ ഇഷ്ടപ്പെടാനാ” “അതെന്താ..നിനക്ക് എന്തിന്റെ കുറവുണ്ട്” “നിന്റെ അത്രയും സൗന്ദര്യമൊന്നും എനിക്കില്ലേ” കുറച്ചു കുശുമ്പ് ഉണ്ടെന്ന് തോന്നാതിരുന്നില്ല അവളുടെ സംസാരം കേട്ടിട്ട്.എന്നാലും ആള് പാവമാണ്. ബസ് സ്റ്റോപ്പ് വരെ കലപിലാന്ന് സംസാരിച്ചാണു ആരാധന നടന്നത്. “ഡീ പതുക്കെ സംസാരിക്ക്.ആരെങ്കിലും കരുതും നിനക്ക് വട്ടാണെന്ന്” “നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം അറിയാടീ എനിക്ക് ലേശം വട്ടുണ്ടെന്ന്” എനിക്ക് ചിരി വന്നുപോയി.

ഞാൻ കിലുകിലെ ചിരിച്ചു. “,മതിയെടീ ചിരിച്ചത് ഇല്ലെങ്കിൽ മുത്ത് പൊഴിയും” ആരാധനയുടെ കളിയാക്കൽ കേട്ടതോടെ എന്റെ ചിരി സ്വിച്ച് ഇട്ടതു പോലെ നിന്നു.ബസ് സ്റ്റോപ്പിൽ സാമാന്യം നല്ല തിരക്കുണ്ട്.ഞങ്ങൾ ബസ് പ്രതീക്ഷിച്ചു നിന്നു. രണ്ടു മൂന്ന് ബസ് വന്നു പോയി. നല്ല തിരക്ക് ആയതിനാൽ കയറിയില്ല.പിന്നീട് കുറച്ചു വൈകിയാണ് ബസ് എത്തിയത്. അതിൽ കയറി വീട്ടിൽ ചെല്ലുമ്പോൾ സമയം മൂന്ന് മണി കഴിഞ്ഞു. നല്ല വിശപ്പ് ഉണ്ട്. മുൻ വശത്തെ വാതിൽ തുറന്നു കിടക്കുകയാണ്. അച്ഛൻ അകത്ത് ഉണ്ട്. അല്ലെങ്കിൽ വാതിൽ തുറന്നു ഇടില്ല. “അച്ഛാ” വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതിനാൽ ഞാൻ തെല്ലൊന്ന് അമ്പരന്നു.

മുറിയാകെ തിരഞ്ഞെങ്കിലും അച്ഛനെ കാണാതായപ്പോൾ നേരിയൊരു ഭയം തോന്നി. ഇട്ടിരുന്ന ഡ്രസ് പോലും മാറാതെ ഞാൻ പുറത്തേക്കോടീ.പറമ്പിലേക്കാണ് ഞാനാദ്യം ചെന്ന് നോക്കിയത്.അവിടെ വടക്ക് ഭാഗത്ത് നാണുവേട്ടനൊപ്പം അച്ഛനെ കണ്ടപ്പോൾ എനിക്ക് പാതി സമാധാനമായി. “കണ്ണൻ എത്തിയോടാ” അച്ഛന്റെ മുഖത്ത് വാൽസല്യ തിരയിളക്കം‌. “അച്ഛനെ കാണാതെ ഞാൻ ഭയന്ന് പോയി” “ഹ ഹാ ഹാ, മറുപടി ചിരിയായിരുന്നു. ” അധികം ഇളിക്കേണ്ട രാമ പൊതുവാളേ.എന്റെ നല്ല ജീവനാണ് പോയത്” “രാമേട്ടൻ അത്ര പെട്ടന്നൊന്നും ഒന്നും വരില്ല കുട്ടി.ഈശ്വരൻ കരുണ ഇല്ലാത്തവനല്ല” നാണുവേട്ടൻ ചിരിയോടെ പറഞ്ഞു.

“അച്ഛന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല നാണുവേട്ടാ” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ തൊണ്ടയിടറിപ്പോയി. “അസംബന്ധം പറയാതിരിക്കൂ കുഞ്ഞേ” നാണുവേട്ടൻ എന്നെ വഴക്ക് പറഞ്ഞു. അച്ഛന്റെ മുഖത്തും ശാസന ഉണ്ടായിരുന്നു.. നാണുവേട്ടനാണ് പാടത്തെയും പറമ്പിലെയും കാര്യങ്ങൾ നോക്കുന്നത്.ആള് പാവമാണ്. അതുപോലെ വിശ്വസ്തനും.. “നാളികേരം പാകമാകാറായി രാമേട്ടാ.നാളെ ഞാൻ കേശവനെയും കൂട്ടി ഇതിലേ വരാം. എന്നാൽ ഞാനിറങ്ങട്ടെ” അച്ഛനോടും എന്നോടും കൂടി യാത്ര പറഞ്ഞിട്ട് നാണുവേട്ടൻ പോയി. ഞാനും അച്ഛനും കൂടി വിശാലമായ പറമ്പിലൂടെ നടന്നു. “പുല്ലൊക്കെ വളർന്നു കാടുപോലെയായി.

എല്ലാം വെട്ടിത്തെളിക്കണം.” “നാണു നാളെ അതിനുള്ള ആളെക്കൂട്ടി വരും” നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു. “കണ്ണൻ വല്ലതും കഴിച്ചോ” “എങ്ങനെ കഴിക്കും.വീട്ടിൽ നോക്കിയട്ട് അച്ഛനെ കാണാതെ തിരക്കിയിറങ്ങിയതാ” “എങ്കിൽ വാ നമുക്ക് ഒരുമിച്ച് കഴിക്കാം” “ങേ.. ഞാൻ ഞെട്ടി അച്ഛന്റെ മുഖത്തേക്ക് നോക്കി. ” ഉച്ചക്ക് മരുന്നു കഴിക്കേണ്ടതല്ല.എന്നിട്ട് ഇപ്പോഴാ വല്ലതും കഴിക്കുക” ഞാൻ അച്ഛനെ വഴക്ക് പറഞ്ഞു. വീട്ടിലെത്തി അച്ഛനും വിളമ്പി കൊടുത്തു. കഴിച്ച ശേഷം പാത്രം കഴുകി വെച്ചിട്ട് ഞാൻ അച്ഛനു അരുകിലെത്തി.. “അച്ഛാ ആരാധ്യ വിളിച്ചിരുന്നോ?’ അച്ഛന്റെ മുഖം പെട്ടെന്ന് മങ്ങി. ”

എത്ര ദിവസമായി എന്റെ കുട്ടി വിളിച്ചിട്ട്.അങ്ങോട്ട് വിളിച്ചു വിശേഷം തിരക്കുന്നത് അവൾക്ക് ഇഷ്ടവുമല്ല” ചേച്ചി അങ്ങനെ ആണ്. ഞാനും വിളിക്കുന്നത് ഇഷ്ടമല്ല.ആൾക്ക് തോന്നിയാൽ ഇങ്ങോട്ട് വിളിക്കും. “ഏതായാലും ഞാനൊന്ന് വിളിച്ചു നോക്കട്ടെ” വേണമെന്നൊ വേണ്ടെന്നോ അച്ഛൻ പറഞ്ഞില്ല.ഞാൻ ഫോൺ എടുത്തു ആരാധ്യയെ വിളിച്ചു. കുറെ കഴിഞ്ഞാണ് കോൾ എടുത്തത്. “നിന്നോട് ഞാൻ പറഞ്ഞട്ടില്ലേ ഇങ്ങോട്ട് വിളിക്കരുതെന്ന്എത്ര പറഞ്ഞാലും കേൾക്കില്ലേ” ചീറ്റും പോലൊരു സ്വരം ഞാൻ കേട്ടു. “ചേച്ചി എത്ര ദിവസമായി ഇങ്ങോട്ട് വിളിച്ചിട്ട്” “എനിക്ക് മനസില്ല വിളിക്കാൻ” ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം ഇരട്ടിച്ചു. “എന്നും നിനക്ക് അങ്ങനെയല്ലേ സ്വന്തം കാര്യമാണ് വലുത്.

മറ്റുളളവരെ കുറിച്ച് ഒരു ചിന്തയും ഇല്ലല്ലോ” “എനിക്ക് എന്റെ കാര്യം ചിന്തിച്ചാൽ മതി” അത്രയും കേട്ടതോടെ എനിക്ക് സങ്കടം ഇരട്ടിച്ചു. “അതെനിക്ക് അറിയാം ചേച്ചി.നിന്റെ സ്വാർത്ഥ ലാഭത്തിനു എന്റെ ജീവിതം ബലി കൊടുത്തവളല്ലേ നീയ്.അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ” ഇത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. ആരാധ്യ എന്നും അങ്ങനെ ആണ്. അവൾക്ക് അവളുടെ കാര്യമാണ് വലുത്. മറിച്ച് ആയിരുന്നു എങ്കിൽ എനിക്ക് വിവാഹം കഴിക്കേണ്ടി വരില്ലായിരുന്നു. വൈകുന്നേരം ആയതോടെ മുറ്റത്തൊരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നത്.

ആരാണെന്ന് അറിയാൻ മുൻ വശത്ത് വന്നു.അച്ഛൻ ആരെയൊ സ്വീകരിച്ചു അകത്ത് ഇരുത്തുന്നു. “ശിവദ് സാറ്… ഞാൻ ഷോക്കേറ്റതു പോലെ നിന്നു.കൂടെ മദ്ധ്യവയസ്ക്കയായാ ഐശ്വര്യമുള്ളൊരു സ്ത്രീയും.കാഴ്ചയിൽ യാദവ് സാറിന്റെ അമ്മയെ പോലെയുണ്ട്.. ” ഇയാളിത് ഇനി എന്തിനുളള വരവാണാവോ…ചിന്തിച്ചതും മനസിലൊരു വെള്ളിടി വെട്ടി……. (തുടരും)

അവന്തിക: ഭാഗം 2

Share this story