ജനനി: ഭാഗം 40

ജനനി: ഭാഗം 40

എഴുത്തുകാരി: അനില സനൽ അനുരാധ

“നീ തന്നെയാകും ചെയ്തത്… അല്ലാതെ ആരാണ് ധൈര്യപ്പെടുക?” വിനോദ് അവന്റെ തോളിൽ പിടിച്ച് തിരക്കി… “ഞാൻ…” പുറകിൽ നിന്നും മറുപടി വന്നതും നീരവിൽ നിന്നും പിടി വിട്ട് വിനോദ് തിരിഞ്ഞു നോക്കി… “ആര്യൻ… ” വിനോദ് പകപ്പോടെ വിളിച്ചു… ആര്യൻ ചുണ്ടു കോട്ടി ചിരിച്ചു കൊണ്ട് മീശ പിരിച്ചു വെച്ചു… “അവളുടെ ദേഹത്തു നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞിട്ടുണ്ടെങ്കിൽ അതിന് പകരം ചോദിക്കാൻ വിച്ചുവും നീരവും വേണം എന്നില്ല… ഞാൻ ഉണ്ടാകും… പറ്റിയാൽ അളിയനെ രണ്ടു പേരും കൂടെ സമയം പോലെ ഒന്ന് ഉപദേശിച്ചേക്ക്… നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിലേക്ക് വെറുതെ അവളെ വലിച്ചിട്ടാൽ ചേച്ചി ഭർത്താവ് ഇല്ലാതെ വീട്ടിൽ വന്നു നിൽക്കും…. ” പറയുമ്പോൾ ആര്യന്റെ കവിളുകൾ ദേഷ്യത്താൽ വിറച്ചു… കണ്ണുകളിൽ കൗര്യം നിറഞ്ഞു…

നീരവ് അവനെ നോക്കി നിന്നു പോയി… അവൾക്ക് വേദനിച്ചാൽ ഇവൻ എന്തിനു ഇങ്ങനെ പ്രകോപിതനാകണം.. വിനോദും ആ നിമിഷം അതു തന്നെയാണ് ചിന്തിച്ചത്… “ഞാൻ വിച്ചുവിന്റെ അരികിൽ ഉണ്ടാകും… ” എന്നു പറഞ്ഞ് ആര്യൻ പോയപ്പോൾ ഇരുവരും അവൻ പോയ വഴിയേ നോക്കി നിന്നു… വിഷ്ണു ഫ്രഷ്‌ ആയ ശേഷം ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു.. “വിച്ചു… ” ആര്യൻ വിളിച്ചു… വിഷ്ണു മിഴികൾ ഉയർത്തി അവനെ നോക്കി… “ഇന്നിനി ഡിസ്ചാർജ് ആകുമോ? ” “കുഴപ്പമൊന്നും ഇല്ലെങ്കിൽ വൈകുന്നേരം വീട്ടിൽ പോകാം… ഇന്നലെ നീ എവിടെ ആയിരുന്നു… ” “വീട്ടിൽ…. ” “ആരുടെ വീട്ടിൽ? ” “എന്റെ… അല്ലാതെ പിന്നെ എവിടെ പോകാൻ… ” “എന്തോ നീ എന്നിൽ നിന്നും മറക്കുന്നുണ്ട്… ”

“നിന്റെ തോന്നലാണ്…. ” എന്നും പറഞ്ഞ് ആര്യൻ ബെഡിൽ കയറി കിടന്നു… ഇടതു നെഞ്ചിൽ വലതു കൈ ചേർത്തു വെച്ച ശേഷം അവൻ മിഴികൾ പതിയെ പൂട്ടി… അപ്പോൾ അവന്റെയുള്ളിൽ ജാനിയുടെ മുഖം മിഴിവോടെ തെളിഞ്ഞു… ആദ്യം അവളെ ഹോസ്പിറ്റൽ റൂമിൽ വെച്ച് കണ്ട രംഗം അവൻ വീണ്ടും കണ്ടും… എന്തേ താൻ അന്നവളെ മുറിവേൽപ്പിച്ചു… അവനു കുറ്റബോധം തോന്നി… പിന്നീട് തന്റെ ബുള്ളറ്റിൽ അവളുടെ സ്കൂട്ടി വന്ന് ഇടിച്ചതു മുതൽ ജാനി ആര്യന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നില്ലേ… അവൾ തന്റെ ആരാണ്… അവൾക്ക് നോവുമ്പോൾ എന്തിനു തനിക്കും നോവണം… അവളുടെ പുഞ്ചിരിക്കുന്ന മുഖം കാണാൻ താൻ എന്തിന് ഇങ്ങനെ കൊതിക്കണം… നീരവിനെ അവൾ പ്രണയിക്കുന്നു എന്നു അറിഞ്ഞ നിമിഷം എന്തേ തന്റെ കണ്ണുകൾ നിറഞ്ഞു….

അവൾ തനിക്ക് ആരാണ്? അനിയത്തിയാണോ? അവൻ സ്വയം തിരക്കി… നിർവ്വചിക്കാൻ ആകാത്ത വിധം അവളുടെ പുഞ്ചിരിക്കുന്ന അവനിൽ നിറഞ്ഞു… സ്വന്തമാക്കണം എന്നോ അവകാശം സ്ഥാപിക്കണമെന്നോ ആഗ്രഹിക്കാത്ത അവളുടെ നിറഞ്ഞ പുഞ്ചിരിയും സന്തോഷവും മാത്രം കാണാൻ കൊതിക്കുന്ന ഒരു ബന്ധം…. അവൾക്ക് നല്ലതു വരട്ടെ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു… അവൻ കണ്ണുകൾ തുറന്നപ്പോൾ അരികിൽ ഇരിക്കുന്ന അഞ്ജലിയെയാണ് കണ്ടത്… അവൻ പുഞ്ചിരിച്ചു… “ഇന്നലെ വഴി ചോദിച്ചത് എന്തിനാണെന്ന് മനസ്സിലായി…” ” അതെനിക്ക് അറിയില്ലേ… ” എന്നും പറഞ്ഞ് ആര്യൻ എഴുന്നേറ്റു… “ഇന്നു വൈകുന്നേരം ഡിസ്ചാർജ് ചെയ്യും… ഉറപ്പായി… ” വിനോദ് വന്നു പറഞ്ഞു… “ഭാഗ്യം…” അഞ്ജലി പറഞ്ഞു…

“ഇനി നമ്മൾ എല്ലാവരും ഇങ്ങനെ ഇവിടെ കൂടി നിൽക്കണോ? ആരെങ്കിലും ഒരാൾ മതിയില്ലേ ജാനിയുടെ കൂടെ റൂമിൽ…? ” വിനോദ് തിരക്കി… “അതുമതിയാകും അല്ലേ? ” അഞ്ജലിയും തിരക്കി… “ഞാനും വിച്ചുവും ഇവിടെ നില്ക്കാം.. ബാക്കി എല്ലാവരും പൊയ്ക്കോളൂ… ” ആര്യൻ പറഞ്ഞു… “അല്ല ഏട്ടാ… കുഞ്ഞേട്ടനെ ഇവിടെ നിർത്തി നമുക്ക് പോയാലോ… രണ്ടാളും തനിച്ച് ആകുമ്പോൾ മനസ്സ് തുറന്ന് എന്തെങ്കിലും സംസാരിച്ചാലോ… ” അഞ്ജലി പറഞ്ഞു…. “ഇതാരുടെ ബുദ്ധിയാണ്…” “എന്റെ തന്നെ… ” “ഇനി ഈ ഹോസ്പിറ്റലിലാണ് അവർക്ക് മനസ്സു തുറക്കാൻ പറ്റിയ ഇടമെങ്കിൽ അങ്ങനെ ആയിക്കോട്ടെ… ഞാൻ വിച്ചുവിനോട് പറഞ്ഞോളാം… ” “താങ്ക്സ് ഏട്ടാ…” എന്നും പറഞ്ഞ് അവന്റെ താടിയിൽ പിടിച്ച് വലിച്ച് അഞ്ജലി സന്തോഷം പ്രകടിപ്പിച്ചു…. **

ജാനിയുടെ ബെഡിനു അരികിൽ കിടന്നിരുന്ന ചെയറിൽ നീരവ് ഇരുന്നു… ജാനി മയക്കത്തിൽ ആയിരുന്നു… “ഒന്നു സമ്മതിച്ചൂടെ പെണ്ണേ എന്നെ ഇഷ്ടം ആണെന്ന്… ” അവൻ വളരെ നേർത്ത ശബ്ദത്തിൽ അവൻ തിരക്കി… അവൾ മിഴികൾ തുറന്നു… അവനെ നോക്കി… “എല്ലാവരും എവിടെ? ” അവൾ പതിയെ തിരക്കി… “വീട്ടിൽ പോയി.. ” “എന്നെ കൂട്ടാതെയോ… ” “അതിനെന്താ?” “എന്നെ തനിച്ച് ആക്കി പോയോ?” “ഞാൻ ഇല്ലേ ഇവിടെ… പിന്നെ നീ എങ്ങനെ തനിച്ചാകും… ” …….. “വാശിക്കാരിയാണ് നീ… തന്റേടി… ” “തോറ്റു പോയവളാണ്… വാശി കൂടെ ഇല്ലെങ്കിൽ തകർന്ന് അടിഞ്ഞേനെ… ” “തകർന്നു പോയാലും പതിന്മടങ്ങു ശക്തിയിൽ ഉയർത്ത് എഴുന്നേൽക്കും നീ എനിക്കറിയാം… ” നീരവിന്റെ മൊബൈൽ റിംഗ് ചെയ്തു…

“വീട്ടിൽ നിന്നാണ്… ” നീരവ് പറഞ്ഞതും അവൾ മുഖം തിരിച്ചു… അവൻ ലൗഡ് സ്പീക്കർ ഓൺ ആക്കി ഫോൺ അവളുടെ അരികിൽ വെച്ചു. “മോനെ കുഞ്ഞാ അവൾക്ക് എങ്ങനെയുണ്ട്? ” സുമിത തിരക്കി… “കുറവുണ്ട് അമ്മേ… ” “ഹ്മ്മ്… അച്ഛൻ നിൽക്കുന്നുണ്ട് ഇവിടെ.. ഞാൻ കൊടുക്കാം… “ആഹ് !” “നിന്റെ പെണ്ണിന് എങ്ങനെയുണ്ട് കുഞ്ഞാ? ” മോഹനകൃഷ്ണന്റെ ശബ്ദം കേട്ടതും ജാനിയുടെ ശരീരം പതിയെ വിറ കൊണ്ടു… അച്ഛന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നതിനാൽ നീരവും ഞെട്ടി… അവന്റെ കണ്ണുകൾ നിറഞ്ഞു.. അവൾ എന്റെ പെണ്ണാണെന്ന് അച്ഛനും മനസ്സു കൊണ്ടു അംഗീകരിച്ചിരിക്കുന്നു… അവനും ഒരേ സമയം ചിരിക്കാനും കരയാനും തോന്നി… അന്തസ്സിന്റെ ഭാരം അച്ഛനിൽ നിന്നും ഒഴിഞ്ഞു മാറി ഇരിക്കുന്നു… “കുഞ്ഞാ…”

വീണ്ടും അച്ഛന്റെ ശബ്ദം കേട്ടു… “ആഹ് ! പറയൂ അച്ഛാ… ” “എപ്പോൾ ഡിസ്ചാർജ് ആകും?” “വൈകുന്നേരം…” “ഞങ്ങൾ ജാനിയുടെ വീട്ടിൽ ഉണ്ടാകും…”എന്നും പറഞ്ഞ് അച്ഛൻ കാൾ കട്ട്‌ ചെയ്തു…. നീരവ് ജാനിയെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. അധരങ്ങൾ വിതുമ്പുന്നു… “ജാനി…. ” അവൻ വിങ്ങലോടെ വിളിച്ചു……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 39

Share this story