നീ മാത്രം…❣️❣️ : ഭാഗം 16

നീ മാത്രം…❣️❣️ : ഭാഗം 16

എഴുത്തുകാരി: കീർത്തി

“അല്ലടി…. അച്ഛൻ പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ ന്നല്ലേ നീ പറഞ്ഞത്. അങ്ങനെയെങ്കിൽ ആനന്ദേട്ടനെ തന്നെ നിനക്ക് വേണ്ടി നിന്റെ അച്ഛൻ കണ്ടുപിടിച്ചാൽ എങ്ങനെയുണ്ടാവും? ” “അതെങ്ങനെ? ” “ആദ്യം നീ ചെന്ന് ആനന്ദേട്ടനോട് ചോദിക്ക് അങ്ങേർക്ക് നിന്നെ ഇഷ്ടമാണോ ന്ന്. കെട്ടി കൂടെ കൂട്ടാൻ താല്പര്യമുണ്ടോ ന്ന്. ഉണ്ടെന്നാണ് പറയുന്നതെങ്കിൽ …..” “എങ്കിൽ….? ” “എങ്കിൽ പിന്നെത്തെ കളിയങ്ങ് നിന്റെ നാട്ടിലാണ്. നിന്റെ അച്ഛന്റെ മുന്നിൽ. നിന്റെ അച്ഛന്റെ ആ ബ്രോക്കർ ണ്ടല്ലോ. അയ്യാളെ നമ്മളങ്ങ് വളയ്ക്കണം. ” “ന്താ ന്ന്? ” “അയ്യേ….. വളയ്ക്കണം ന്ന് പറഞ്ഞാൽ നീ ഉദ്ദേശിച്ച വളയ്ക്കലല്ല. ഇതേ മറ്റേ വളയ്ക്കല്. സത്യസന്ധമായ വളയ്ക്കൽ. ”

“അതെന്തൊന്ന് വളയ്ക്കൽ? ” നെറ്റി ചുളിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “എടി ഫുത്തിമതി…… ഗാഥ ബാലചന്ദ്രാ…. ” “ന്തോ….. ” “അയ്യാളെ നമ്മള് നമ്മുടെ വഴിക്ക് കൊണ്ടുവരണം ന്ന്. ” ഒന്നും മനസിലാവാതെ വായും പൊളിച്ച് കണ്ണും മിഴിച്ച് ഇരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു ഗീതു ഒന്ന് നിർത്തി. എന്നിട്ട് വീണ്ടും വിശദീകരിക്കാൻ തുടങ്ങി. “അതായത് ഉത്തമാ…. ” “ഉത്തമനല്ല. ഗാഥ. ” ഞാനവളെ തിരുത്തി. “എന്റെ ദേവ്യേ….. എന്നെയങ്ങട് കൊല്ല്. ” പറയുന്നതോടൊപ്പം അവള് നെഞ്ചിൻകൂട് അടിച്ചു പൊളിക്കാനും തുടങ്ങി. പെട്ടന്ന് അവളെ തടഞ്ഞതുകൊണ്ട് കൂട് പൊളിഞ്ഞില്ല. നീട്ടിയൊരു ശ്വാസമെടുത്ത് വിട്ട് അവള് പറഞ്ഞു തുടങ്ങി. “എടി ആ ബ്രോക്കറെ കൊണ്ട് നിനക്ക് ആനന്ദേട്ടന്റെ പ്രൊപോസൽ തന്നെ കൊണ്ടുവരണം ന്ന്.

അല്ലെങ്കിൽ ആനന്ദേട്ടൻ വീട്ടുകാരെയും കൂട്ടി അറിയാത്ത പോലെ നിന്നെ വന്ന് പെണ്ണ് ചോദിക്കട്ടെ. എന്താ? ” പെണ്ണിന്റെ ഐഡിയ തരക്കേടില്ല. പക്ഷെ….. ഭാവിയിൽ എപ്പോഴെങ്കിലും അച്ഛൻ എല്ലാം അറിഞ്ഞാലോ. ആനന്ദേട്ടനെ എനിക്ക് പരിചയം ഉണ്ടായിരുന്നു ന്ന് അറിയാനിടയായാൽ…. ഒരു നേരിയ സംശയമെങ്കിലും അച്ഛന്റെ മനസ്സിൽ തോന്നിയാൽ….. അല്ലെങ്കിൽ സത്യം അച്ഛൻ അറിയുന്നത് വരെ ഉരുകിയുരുകി ജീവിക്കേണ്ടി വരും. ആനന്ദേട്ടനോടൊത്തുള്ള ഓരോ നിമിഷവും ആസ്വദിക്കാൻ പറ്റാതെ വരും. ഇനി അച്ഛൻ എല്ലാം അറിഞ്ഞു കഴിഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും….. വെറുതെ ഇരിക്കുമെന്ന് ഒരിക്കലും തോന്നുന്നില്ല. ഇനി ഇതെല്ലാം പോട്ടെ.

വീട്ടിൽ ന്ന് പോരുമ്പോൾ മുത്തശ്ശിക്കും അച്ഛനും കൊടുത്ത വാക്ക്……. എന്റെ സംശയങ്ങൾ ഗീതുവിനോട് പറഞ്ഞു. “ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനിയെല്ലാം നിന്റെ ഇഷ്ടം. അല്ലേലും ആദ്യമേ പറഞ്ഞതാ വല്ല്യ മൈൻഡ്നൊന്നും നിക്കണ്ട ന്ന്. അപ്പൊ നല്ല ആളാണ്. ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഓട്ടോ വിളിച്ച് വീട്ടിലേക്ക് ആക്കിതന്നു… എന്നിട്ടെന്തായി. അവസാനം പ്രേമമായി. അതാണെങ്കിൽ പൊട്ടി പാളീസായി ദേ കെടക്കണു. ” പിറുപിറുത്തുകൊണ്ട് അവൾ ദേഷ്യത്തിൽ ചായയുമെടുത്ത് ഹാളിലേക്ക് പോയി. നിറം മങ്ങിയ പുഞ്ചിരിയോടെ ഞാനത് നോക്കിനിന്നു. എല്ലാം കൂടി തലയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ട്. ഇനിയും ആലോചിച്ചു നിന്നാൽ അത് കൂടുകയേയുള്ളൂ.

ആനന്ദേട്ടനെ ഈ ജന്മം എനിക്ക് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിച്ചോളാം. രണ്ടു വർഷത്തെ ബോണ്ട്‌ ഉള്ളത്കൊണ്ട് ഉടനെയൊന്നും അച്ഛനൊരു കല്യാണം ഉറപ്പിക്കാൻ വഴിയില്ല. ആ കാലയളവിൽ ആനന്ദേട്ടനെ മറക്കാൻ എത്രത്തോളം കഴിയുമെന്നും അറിയില്ല. മനസ് കൈവിടാതിരിക്കുക. അതേയുള്ളു ഇനി മാർഗം. ആരും വേണ്ട. പഴയ ഗാഥയായി മാറണം. ഞാൻ മനസ്സിലുറപ്പിച്ചു. അങ്ങനെ നിൽക്കുമ്പോഴാണ് ഹാളിൽ നിന്നും ഗീതുവിന്റെ വിളി വന്നത്. ഉടനെ അങ്ങോട്ട് ചെന്നു. ആസ്വദിച്ചിരുന്ന് ചായയും സ്നാക്ക്സും കഴിക്കുകയായിരുന്നു അവൾ. ഞാൻ ചെന്ന് അടുത്തിരുന്നു. “മാഡം കുറച്ചു ദിവസായിട്ട് ഭയങ്കര ഹാപ്പിലാണല്ലോ ഓഫീസിലേക്ക് പോകുന്നതും വരുന്നതും. എന്ത് പറ്റി. നിന്റെ കാലൻ സ്ഥലത്തില്ലേ? ”

“ആള് സ്ഥലത്തുണ്ട്. പക്ഷെ… അങ്ങേരുടെ തലയിൽ ഏതൊക്കെയോ നട്ട് ലൂസായിട്ടുണ്ടോ ന്നൊരു സംശയം. ” “അതെന്താ? വിജയ് സാറിന് ഭ്രാന്ത് ആയോ? ” “അതിതുവരെ ഉറപ്പിക്കാനായിട്ടില്ല. ആ പഴയ ദേഷ്യപ്പെടലൊന്നും ഇപ്പോഴില്ല. മനുവേട്ടനോടാണെങ്കിൽ എന്തൊരു സ്നേഹമാണെന്നോ? തോളിൽ കൈയിട്ടുകൊണ്ടാണ് ഇപ്പൊ രണ്ടിന്റെയും നടത്തം. ഞങ്ങളെ കാണുമ്പോൾ ചെറുതായിട്ട് ഒന്ന് ചിരിക്കാനും, ഗുഡ് മോർണിംഗ് പറഞ്ഞാൽ തിരിച്ചു വിഷ് ചെയ്യാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ മുഖവും കേറ്റിപിടിച്ചു ഒരു പോക്ക് ണ്ട്. അത് കണ്ടാൽ തന്നെ അന്നത്തെ എല്ലാ സന്തോഷവും എനർജിയും അവിടെ ചോർന്നുപോകും. ഇപ്പൊ അങ്ങനെയേയല്ല. ”

“അങ്ങേരുടെ കളഞ്ഞുപോയ കാമുകിയെ കിട്ടിക്കാണും. ” “അറിയില്ല. ഏതായാലും ഈ സ്വഭാവം ഇങ്ങനെയങ്ങ് തുടർന്നുപോയാൽ മതിയായിരുന്നു. ” രണ്ടു കൈയും മുകളിലേക്ക് മലർത്തി പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. അതുകണ്ടു ഞാനൊന്ന് പുഞ്ചിരിച്ചു. അപ്പോൾ അവൾ എന്റെ നേർക്ക് തിരിഞ്ഞു. “മറ്റന്നാൾ അല്ലെ ജോയിൻ ചെയ്യുന്നത്. രാവിലെ ഒന്ന് അമ്പലത്തിൽ പോയേക്ക്. കാലന്റെ സ്വഭാവം മാറാതിരിക്കാൻ പ്രത്യേകം പ്രാർത്ഥിച്ചോ. ” “മ്മ്മ്… അത് വേണം. നീയും വായോ ഒരുമിച്ച് പോവാം. ” “ഞാൻ വരുന്നില്ല. നീ അമ്പലത്തിൽ പോയി വരുമ്പോഴേക്കും ഞാൻ ഇവിടുത്തെ എല്ലാ പണികളും കഴിച്ചു വെക്കാം.

പിന്നെ നീ എത്തിയാൽ ഉടൻ പോവാലോ. ” ഞാനും ആ അഭിപ്രായത്തെ ശെരി വെച്ചു. നാളെ ഒരു ദിവസം കൂടി കഴിഞ്ഞാൽ ജോലിക്ക് പോയി തുടങ്ങുകയാണ്. പുതിയൊരു ചുവടുവെയ്പ്പ്. ഗീതുവിനോടൊപ്പം ശില്പയും മനുവേട്ടനും വി. എ. അസോസിയേറ്റ്സിലെ മറ്റു സ്റ്റാഫ്‌കളും ഒത്തുള്ള പുതിയൊരു ലോകത്തേക്ക്. എല്ലാത്തിലുമുപരി ഇവരുടെയെല്ലാം പ്രിയപ്പെട്ട ആ കാലൻ ബോസ്സിന്റെ അടുത്തേക്ക്. എന്റെ തൊഴിൽജീവിതത്തിലെ നല്ലൊരു തുടക്കമായിരിക്കണേയെന്ന് പ്രാർത്ഥിച്ച്, സ്വപ്നം കണ്ട് ഞാൻ എത്രയും പെട്ടന്ന് തിങ്കളാഴ്ചയാവാൻ വേണ്ടി കാത്തിരുന്നു. ഇന്നു മുതൽ ജോലിക്ക് പോയി തുടങ്ങുകയാണ്.

രാവിലെ തന്നെ നേരത്തെ എഴുന്നേറ്റു. ഗീതുവിനെ അടുക്കളയിൽ കുറച്ചു സഹായിച്ചു കഴിഞ്ഞതും അമ്പലത്തിൽ പോകാൻ കുളിച്ചൊരുങ്ങി പുറപ്പെട്ടു. തൊട്ടടുത്ത് തന്നെ ഒരു കൃഷ്ണ ക്ഷേത്രമുണ്ട്. നടക്കാവുന്ന ദൂരമേയുള്ളൂ. ക്ഷേത്രത്തിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തിരക്ക് കൂടാതെ സമാധാനമായിട്ട് പ്രാർത്ഥിക്കാൻ പറ്റി. ശ്രീകോവിലിന് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ആദ്യം പ്രാർത്ഥിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. മനസ് അത്രയും ശൂന്യമായിരുന്നു. എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് പോലും മറന്നുപോയ അവസ്ഥ. കുറെ നേരം ആ കള്ളക്കണ്ണന്റെ കുസൃതിച്ചിരിയും നോക്കി അങ്ങനെ നിന്നു. ആ മുഖത്തേക്ക് നോക്കുംതോറും എന്തോ ഒരു പ്രത്യേക ഊർജം കൈവരുന്നത് പോലെ തോന്നി. പിന്നെ പിന്നെ ഓരോന്നായി മനസ്സിൽ തെളിഞ്ഞുവന്നു.

ഓരോന്നോരോന്നായി കണ്ണനോട് പറഞ്ഞു. ആദ്യം തന്നെ ജോലിയെക്കുറിച്ചാണ് പറഞ്ഞത്. കാലൻ ഇന്ന് നല്ല മൂഡിലാവണേ ന്ന്. ഇനി അഥവാ കലിപ്പിലാണെങ്കിലും എനിക്ക് ഫസ്റ്റ് ഡേയുടെ പരിഗണന തരാൻ തോന്നിക്കണേ ന്ന്. ബാക്കി ദിവസങ്ങളിൽ വേണെങ്കിൽ ദേഷ്യപ്പെട്ടോട്ടെ. കുഴപ്പമില്ല കേട്ടോളം. പക്ഷെ ഇന്ന് ആദ്യദിവസം തന്നെ ആട്ട് കേൾക്കാ ന്ന് വെച്ചാൽ….. മോശല്ലേ. പ്ലീസ് കൃഷ്ണാ…… ഈ ഒരു ദിവസത്തേക്ക് മതി. പിന്നെ….. പിന്നെ….. ഇനി ഒരിക്കലും ആനന്ദേട്ടനെ എന്റെ മുൻപിൽ കൊണ്ടുവരരുതേ. ആനന്ദേട്ടനെ പഴയത് പോലെ കാണാനോ സംസാരിക്കാനോ ചിലപ്പോൾ എനിക്ക് പറ്റിയെന്ന് വരില്ല. ഒരുവിധം എല്ലാം മറക്കാൻ ശ്രമിക്കാണ്. സഹായിക്കണം. ഈ ജന്മത്തിൽ യോഗല്ല്യ ന്ന് മനസിലായി.

അതുകൊണ്ട് ഇപ്പോഴേ ഒരു മുൻ‌കൂർ ജാമ്യം ഞാനിവിടെ സബ്മിറ്റ് ചെയ്യാണ്. അടുത്ത ജന്മത്തിലെങ്കിലും ആനന്ദേട്ടനെ എനിക്ക് തന്നെ തന്നേക്കണം. അന്നും ഇതേപോലെ എന്തെങ്കിലും കൊനഷ്ടും കൊണ്ട് വന്നാലുണ്ടല്ലോ? കൃഷ്ണനാണെന്നൊന്നും ഞാൻ നോക്കില്ല…..പിന്നെ നമ്മള് തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല. കൃഷ്ണനെ ഡ്രൈവാഷ് ചെയ്ത് ഞാൻ വല്ല ശിവനെയോ രാമനെയോ ഒക്കെ കൂട്ട് പിടിക്കും. നോക്കിക്കോ. അതുകൊണ്ട് അങ്ങേരെ ഇനി എനിക്ക് കാണിച്ചു തരരുത്. ആനന്ദേട്ടൻ ഇതുവഴി വരുന്നുണ്ടെങ്കിൽ അപ്പുറത്ത് കൂടെ പോകാൻ എന്നെകൊണ്ട് തോന്നിപ്പിച്ചേക്കണം. കേട്ടല്ലോ. ഭീഷണിയല്ല. അപേക്ഷയാണ്. പ്ലീസ്. കാല് പിടിക്കാം……

അങ്ങനെ തോന്നിപ്പിച്ചാൽ എനിക്ക് ആദ്യം കിട്ടുന്ന സാലറിയിൽ ന്ന് എന്റെ കള്ളക്കണ്ണന് വയറു നിറച്ചു വെണ്ണ നേദിച്ചോളാം. അപ്പൊ ഡീൽ അല്ലെ. പറ്റിക്കില്ലല്ലോ. വിശ്വസിച്ചു പോവാണ്. കൂടെ ഉണ്ടാവണേ…….. പ്രാർത്ഥനയൊക്കെ കഴിഞ്ഞു പ്രസാദവും വാങ്ങിച്ച് അമ്പലത്തിൽ നിന്നിറങ്ങി. അമ്പലത്തിലെ പോലെ തന്നെ റോഡിലും ആരുമില്ലായിരുന്നു. റോഡിന്റെ ഇരുവശത്തും പടുകൂറ്റൻ ഫ്ലാറ്റ്കളാണ്. അവയുടെ മുന്നിൽ റോഡിനു അരികിലായി പല നിറത്തിലുള്ള പത്തുമണി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓരോ നിറം എന്ന രീതിയിൽ. ആദ്യം കുറച്ചു മഞ്ഞ, പിന്നെ റോസ്, ചുവപ്പ്, വെള്ള, ഓറഞ്ച്, പിങ്ക്, പീച് കളർ അങ്ങനെ പല നിറത്തിൽ. അതിൽ ചിലത് കൂടുതൽ ഇതളുകലുള്ള ഉണ്ടപൂക്കളും.

എല്ലാം കൂട്ടത്തോടെ വിരിഞ്ഞു നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. രാവിലെത്തെ ആ ഇളം വെയിൽ അവയിൽ തട്ടുമ്പോൾ അവയിലെ വെള്ളത്തുള്ളികൾ തിളങ്ങികൊണ്ടിരുന്നു. ആ കാഴ്ച അങ്ങനെ നോക്കി നിൽക്കാൻ തോന്നും. ഓഫീസിൽ എത്താനുള്ളത് കൊണ്ട് ആ സാഹസത്തിന് നിൽക്കാതെ വേഗം നടന്നു. നടത്തത്തിനിടയിൽ എപ്പോഴോ എന്റെ ചിന്തയിൽ വീണ്ടും ആനന്ദേട്ടൻ സ്ഥാനം പിടിച്ചു. എത്ര വേണ്ട ന്ന് വെച്ചിട്ടും…… ഇനി ഒരിക്കലും കാണണ്ട ന്ന് പ്രാർത്ഥിച്ചുവെങ്കിലും വീണ്ടും കാണാൻ മനസാഗ്രഹിക്കുന്നുണ്ടായിരുന്നു. ഇന്ന് ജോലിക്ക് ജോയിൻ ചെയ്യുന്ന ആദ്യദിവസമാണ് ആനന്ദേട്ടനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു. ഒപ്പം കാണരുതെന്നും. കണ്ടുമുട്ടിയത് മുതലുള്ള ഓരോ സംഭവങ്ങളും ഓരോ കൂടിക്കാഴ്ചകളും മനസ്സിലേക്കോടിയെത്തി.

ആ ഓർമ്മകളിൽ മുഴുകി പരിസരം മറന്ന് റോഡിലൂടെ നടക്കുമ്പോഴാണ് പെട്ടന്ന് ഒരു കാർ എനിക്ക് മുന്നിൽ തടസ്സമായി വന്നു നിന്നത്. ഒരുമാതിരി കുട്ട്യോളെ പിടുത്തക്കാരുടെ വണ്ടിയൊക്കെ വന്നു നിൽക്കുന്നത് പോലെ. ഈ ലോകത്തൊന്നും അല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് ഞാൻ ഞെട്ടി പിറകോട്ടു നീങ്ങി നിന്നു. അടുത്തുള്ള വീടുകളിൽ നിന്നും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിലും പരിസരത്തൊന്നും ആരെയും കാണാനുമില്ല. പിന്നെയുള്ളത് ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വാഹനങ്ങളാണ്. കൃഷ്ണാ… എന്നെ തട്ടിക്കൊണ്ടു പോകാനും മാത്രം ശത്രുക്കളൊന്നും എനിക്കില്ലല്ലോ. ഞാനോർത്തു….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 15

Share this story