ആത്മിക: : ഭാഗം 2

ആത്മിക: : ഭാഗം 2

എഴുത്തുകാരി: ശിവ നന്ദ

അപ്രതീക്ഷിതമായി തന്നിൽ അമർന്ന ആ കൈ അറപ്പോടെ തട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും അത് കൂടുതൽ തന്നെ വലിഞ്ഞുമുറുക്കുന്നതായി ആത്മികക്ക് തോന്നി. “കിടന്ന് പിടയ്ക്കാതെ പെണ്ണേ..ഈ നിമിഷത്തിന് വേണ്ടിയാ ഞാൻ കാത്തിരുന്നത്” “വിട്…അമ്മായി…അമ്മായി” “വിളിച്ചുകൂവണ്ട.. തള്ള ഇവിടില്ല. ഈ നിമിഷം നമ്മുടെ മാത്രമാണ് ആത്മിക. നീ ഈ ഹർഷന്റെ സ്വന്തം ആകുന്ന നിമിഷം” “എന്നോട് ഇങ്ങനെ ഒന്നും കാണിക്കല്ലേ ഹർഷേട്ടാ.. ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്ത” കുതറികൊണ്ട് അവൾ പറയുന്ന വാക്കുകൾ പുച്ഛത്തോടെ അവൻ തള്ളിക്കളഞ്ഞു. എങ്ങനെയും ഇന്ന് തന്റെ ആഗ്രഹം നടക്കണം.

അത് മാത്രമായിരുന്നു അവന്റെ മനസ്സിൽ. അവളെ തിരിച്ച് നിർത്തി ഇടുപ്പിലൂടെ തന്നിലേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും അവൾ ബലമായി തന്നെ അതിനെ എതിർത്തു. “നീ ആരെ കണ്ടോണ്ടാടി ഇങ്ങനെ ബലം പിടിക്കുന്നത്..എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിന്നാൽ നിനക്ക് സമാധാനത്തോടെ ജീവിക്കാം. ഇവിടുന്ന് ഇറങ്ങി പോയാലും നിനക്ക് കയറി ചെല്ലാൻ വേറെ ഒരു സ്ഥലവും ഇല്ലെന്ന് ഓർക്കണം” “ചത്താലും നിങ്ങൾക് ഞാൻ വഴങ്ങില്ല” ആ വാക്കുകളിൽ പേടിയില്ലായിരുന്നു.പകരം ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്തപ്പോൾ പോലും ആത്മാഭിമാനം മുറുകെ പിടിക്കുന്ന ഒരു പെണ്ണിന്റെ ഉറച്ച തീരുമാനം ആയിരുന്നു. എന്നാൽ അതൊന്നും ഹർഷനെ പിന്തിരിപ്പിച്ചില്ല.

ബലമായി അവളുടെ മുഖം അടുപ്പിച്ച് ആ ചെഞ്ചുണ്ടിൽ ചുണ്ട് ചേർക്കുമ്പോൾ കാലങ്ങളായി താൻ മോഹിച്ചത് നേടിയ സംതൃപ്തി ആയിരുന്നു അവന്റെ മുഖത്ത്..കണ്ണിൽ കത്തുന്ന കാമവും. ചോരച്ചവർപ്പ് കലർന്ന ഉമിനീർ ആവേശത്തോടെ നുകരുന്ന ഹർഷന്റെ നെഞ്ചിൽ ആത്മിക ശക്തമായി ഇടിക്കുന്നുണ്ടായിരുന്നു.എന്നാൽ അവന്റെ ബലത്തിന് മുന്നിൽ അവൾ തോറ്റുപോയി.ഒരാശ്രയത്തിനായി പരതിയ കൈയിൽ കിട്ടിയത് മൂർച്ചയേറിയ കത്തി ആയിരുന്നു.അതെടുത്ത് തന്നെ ബലമായി പിടിച്ചിരുന്ന അവന്റെ കൈയിൽ വെട്ടുമ്പോൾ അവൾ പതറിയില്ല. ചോര വാർന്നൊലിക്കുന്ന കൈയുമായി വീണ്ടും അവളിലേക്ക് അടുക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾ ഓടി റൂമിൽ കയറിയിരുന്നു.

“ഡീ…നീ മുറിവേല്പിച്ചത് എന്റെ കൈയിൽ ആണെങ്കിലും അതിന് അനുഭവിക്കാൻ പോകുന്നത് നീ തന്നെയാ..ഹർഷൻ ഇവിടെ തന്നെ ഉണ്ടടി..ഞാൻ മോഹിച്ചത് സ്വന്തമാക്കിയിട്ടേ ഇനി ഇവിടുന്ന് ഒരു മടക്കമുള്ളൂ.” ഹർഷന്റെ വാക്കുകൾ അവളിൽ കൂരമ്പ് പോലെ തറച്ചുകൊണ്ടിരുന്നു.കാൽമുട്ടിൽ മുഖം പൂഴ്ത്തി അവൾ ആ വാതിൽ ചാരി ഇരുന്നു.ഏങ്ങലടികൾ ആ നാലുചുവരുകൾക്കുള്ളിൽ നിറഞ്ഞു.കണ്ണുനീർ ചുണ്ടിൽ പറ്റിയതും നീറ്റലോടെ അവൾ ഒന്ന് പിടഞ്ഞു.ബാത്‌റൂമിൽ കയറി കണ്ണാടി നോക്കിയപ്പോൾ കണ്ടു പൊട്ടിയൊലിക്കുന്ന കീഴ്ചുണ്ട്.അറപ്പോടെ ആ ചോര തുടച്ചുമാറ്റി..പൈപ്പ് തുറന്നു വെള്ളം ശക്തമായി ചുണ്ടിലേക്ക് വീഴ്ത്തി.വെറുപ്പോടെ..

നിസ്സഹായതയോടെ വീണ്ടും വീണ്ടും അവളാ ചുണ്ട് കഴുകി…. കരഞ്ഞ് തളർന്ന് അവൾ ആ കട്ടിലിലേക്ക് വീണു..എപ്പോഴോ ഒന്ന് മയങ്ങി..പുറത്ത് അമ്മായിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ഉണർന്നത്. “ചോദിച്ചത് നീ കേട്ടില്ലേ ഹർഷ..ഇതെങ്ങനെയാ നിന്റെ കൈ മുറിഞ്ഞതെന്ന്” “അത്..ആ ബൈക്ക് കഴുകുന്നതിനിടയ്ക്ക് എന്തിലോ തട്ടിയതാ” “ബൈക്ക് കഴുകിയെന്നോ..എന്നിട്ട് മുറ്റം ഒക്കെ ഉണങ്ങി തന്നെ കിടപ്പുണ്ടല്ലോ” “നിങ്ങക്ക് ഇപ്പോൾ എന്തുവാ തള്ളേ അറിയേണ്ടത്..ഏഹ്ഹ്…” ഹർഷന്റെ ശബ്ദം ഉയർന്നതും അവർ പോകാൻ തുനിഞ്ഞു.അപ്പോഴാണ് അമ്മു മുറിയിൽ നിന്നും ഇറങ്ങിയത്. “ഓ കെട്ടിലമ്മ ഉറക്കത്തിൽ ആയിരുന്നോ..എന്ത് സുഖമുള്ള ജീവിതം..അല്ലേടി..”

തന്നിലെ പെണ്ണിനെ അപമാനിക്കാൻ ശ്രമിച്ചവന്റെ മുന്നിൽ നിന്നുള്ള ആ വാക്കുകളോട് അവൾക് പുച്ഛം തോന്നി.ഹർഷനോടുള്ള ദേഷ്യം വാക്കുകളാൽ ആത്മികയോട് തീർത്തിട്ട് ചവിട്ടി തുള്ളി അവർ മുറിയിലേക്ക് പോയി.വഷളൻ ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന ഹർഷനെ ശ്രദ്ധിക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു. “ഇന്ന് നീ രക്ഷപെട്ടു ആത്മിക.പക്ഷെ നിന്റെ ശരീരം..അത് എന്റെ ഈ കൈക്കുള്ളിൽ ഞെരിഞ്ഞമരാൻ ഉള്ളതാണ്..അത്രക്ക് മോഹിച്ചുപോയി ഞാൻ…” അവൾ പോയ വഴിയേ നോക്കി മീശ കടിച്ചത് പറയുമ്പോൾ അവനിലെ വികാരം വിവേകത്തിനെ കീഴ്പെടുത്തിയിരുന്നു.. വൈകിട്ട് പരീക്ഷ കഴിഞ്ഞ് ദേവു വന്നപ്പോൾ മുതൽ അവൾ ഹർഷന്റെ പിറകെ ആണ്.

അവന്റെ കൈ മുറിഞ്ഞത് അവളെ അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്..നിസ്സഹായ ആയ ഒരു പെണ്ണിനെ ദുശ്ചിന്തയോടെ സമീപിച്ചതിന്റെ പ്രത്യുപകാരം ആണ് ആ മുറിവ് എന്നറിയാതെയുള്ള ദേവുവിന്റെ ഈ സ്നേഹപ്രകടനം അക്ഷരാർത്ഥത്തിൽ സങ്കടത്തിലാക്കിയത് അമ്മുവിനെയും..ചോര കട്ടപിടിച്ച തന്റെ കീഴ്ചുണ്ടിലൂടെ നിർവികാരതയോടെ അവൾ വിരലോടിച്ചു. “അമ്മൂസേ…നീ കണ്ടില്ലേ ഏട്ടന്റെ കൈ മുറിഞ്ഞത്.പാവം ഏട്ടൻ..ഒത്തിരി വേദനിച്ച് കാണും” തനിക് പിറകെ വന്നുനിന്ന് ഏട്ടന്റെ വേദനയെ കുറിച്ച് ആകുലപ്പെടുന്ന ദേവുവിനോട് ഒന്നും പറയാനില്ലാതെ അമ്മു അവളുടെ ജോലി തുടർന്ന് കൊണ്ടിരുന്നു.

അമ്മുവിന്റെ പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് ദേവു അവളെ തിരിച്ചു നിർത്തിയത്. “ഇതെന്താ അമ്മൂസേ…നിന്റെ ചുണ്ട് എങ്ങനെയാ പൊട്ടിയത്” ആവലാതിയോടെയുള്ള അവളുടെ ആ ചോദ്യത്തിന് മറുപടി പറയാതെ അമ്മു നിന്നു. “അമ്മു..എന്താടി..നിനക്ക് ഇത് എന്താ പറ്റിയത്??” “ഒന്നുമില്ല ദേവു..ഞാൻ പാത്രം എടുക്കാനായിട്ട് കുനിഞ്ഞപ്പോൾ ആ സ്ലാബിൽ തട്ടിയതാ” “സൂക്ഷിക്കണ്ടേ പെണ്ണേ..” “മ്മ്മ് സൂക്ഷിക്കണം..സൂക്ഷിച്ചേ പറ്റു” “എന്താ….??” “അത് വിട് എന്റെ ദേവൂട്ടി…അല്ല എങ്ങനെയുണ്ടായിരുന്നു എക്സാം” “അത് ചോദിക്കാനുണ്ടോ..പഠിപ്പിച്ച് വിട്ടത് എന്റെ അമ്മൂസ് അല്ലേ” അമ്മുവിന്റെ രണ്ട് കവിളിലും പിടിച്ചാട്ടികൊണ്ട് ദേവു പറഞ്ഞതും അവൾ ദേവുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്.അതാരെന്ന് നോക്കാനായി അമ്മുവും ദേവുവും കൂടി പുറത്തേക്ക് ഇറങ്ങി. “ഇവരെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ..” കാറിൽ നിന്നിറങ്ങിയവരെ കണ്ടതും ദേവു അറിയാതെ ചോദിച്ച് പോയി. “അതെന്താടി എന്റെ നാത്തൂനും മോൾക്കും ഇങ്ങോട്ട് വന്നൂടെ” പിന്നിൽ അമ്മയുടെ ശബ്ദം കേട്ടതും ദേവു കൂടുതൽ ഒന്നും പറയാതെ അവരെ ഒന്ന് നോക്കിയിട്ട് മാറി നിന്നു.വന്നവരെ സ്വീകരിക്കാനായി അമ്മായി മുറ്റത്തേക്ക് ഇറങ്ങിയതും അമ്മു അവളുടെ മുറിയിലേക്ക് പോകാൻ തുനിഞ്ഞു.എന്നാൽ ദേവു അവളെ അവിടെ തന്നെ പിടിച്ച് നിർത്തി. “നീ ഇത് എവിടെ പോകുവാ??” “അല്ല ദേവു..അവർക്കൊന്നും എന്നെ കണ്ണിൽ പിടിക്കില്ല.

വന്ന് കയറിയപ്പോൾ തന്നെ എന്നെ കണ്ട് വെറുതെ അവരുടെ നാവിന് ജോലി കൊടുക്കുന്നത് എന്തിനാ??” “ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ തിരിച്ച് നല്ല മറുപടി കൊടുക്കണം.അല്ലാതെ പേടിച്ച് ഇരിക്കേണ്ട ആവശ്യം നിനക്കില്ല” അപ്പോഴേക്കും അവർ അകത്തേക്ക് കയറിയിരുന്നു.തന്നെ കണ്ടതും ആ അമ്മയുടെയും മകളുടെയും മുഖം മാറുന്നത് അമ്മു ശ്രദ്ധിച്ചു.അമ്മായിയുടെ ആങ്ങളയുടെ ഭാര്യയും മകളും ആണ്.അതുകൊണ്ട് തന്നെ അമ്മായിടെ പതിന്മടങ്ങാണ് ഇവർ രണ്ടും. “അല്ല ഇതാര് അമ്മായിയും ദിയചേച്ചിയുമോ…ഇതെപ്പോ കുവൈറ്റിൽ നിന്നെത്തി” “ഞങ്ങൾ ഏർളി മോർണിംഗ് തറവാട്ടിൽ എത്തി ദേവു കുട്ടി.പിന്നെ ഇപ്പോഴാണ് ഇങ്ങോട്ട് ഇറങ്ങാൻ സമയം കിട്ടിയത്”

“അതെന്താ അമ്മായി അര കിലോമീറ്റർ അപ്പുറത്തുള്ള തറവാട്ടിൽ നിന്ന് ഇങ്ങോട്ടേക്കുള്ള ഫ്ലൈറ്റ് ലേറ്റ് ആയോ” ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ദേവുവിന്റെ സംസാരം കേട്ട് അമ്മു അറിയാതെ ചിരിച്ച് പോയി. “ഞങ്ങളുടെ മുന്നിൽ നിന്ന് ചിരിക്കാനും മാത്രം ആയോടി നീ” അമ്മുവിന്റെ നേരെയുള്ള അവരുടെ ആക്രോശം കേട്ടുകൊണ്ടാണ് ഹർഷൻ റൂമിൽ നിന്നും ഇറങ്ങുന്നത്.അവനെ കണ്ടതും ദിയയുടെ കണ്ണുകൾ ഒന്ന് വിടർന്നു.തൊട്ടടുത്ത നിമിഷം അവന്റെ കൈയിലെ മുറിവിലേക്ക് അവളുടെ നോട്ടം എത്തി. “അയ്യോ ഇതെന്താ ഹർഷേട്ടാ…” ഓടി അവന്റെ അടുത്ത് ചെന്ന് ആ മുറിവിൽ വിരലോടിച്ച് കൊണ്ട് അവൾ അത് ചോദിച്ചതും ഹർഷൻ അമ്മുവിനെ ഒന്ന് നോക്കി.

അവളുടെ അഗ്നിയെരിയുന്ന നോട്ടം കണ്ടതും അവൻ വിഷയം മാറ്റാനായി ദിയയോടും അമ്മായിയോടും വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.ഇടയ്ക്ക് അവന്റെ നോട്ടം തന്നിലേക്ക് വീഴുന്നത് അറിഞ്ഞതും അമ്മു അവളുടെ മുറിയിലേക്ക് പോയി.കൂടെ ദേവുവും. “ദിയേച്ചിക്ക് ഏട്ടനോട് ഒരു പ്രത്യേക അടുപ്പമില്ലേ അമ്മു” “ആാാ എനിക്ക് അറിയില്ല” “എന്നാൽ ഉണ്ട്.ഏട്ടനെ കണ്ടപ്പോഴുള്ള ചേച്ചിയുടെ ആ നോട്ടം ഒന്ന് കാണണമായിരുന്നു.” ദേവുവിന്റെ സംസാരം കേട്ടപ്പോൾ അമ്മുവിൽ ഒരു പേടി നിറഞ്ഞു.കാര്യം ദിയചേച്ചി അമ്മയെ പോലെ തന്നെ വേദനിപ്പിക്കാനും കുത്തിനോവിക്കാനും ഇഷ്ടപെടുന്ന വ്യക്തി തന്നെയാണ്.

എങ്കിലും കാമചിന്തയോടെ തന്നെ സമീപിച്ച ആള് തീർച്ചയായും ചേച്ചിയോടും അങ്ങനെ പെരുമാറും.ദേവു പറഞ്ഞത് പോലെ ചേച്ചിക്ക് അയാളോട് പ്രണയം ഉണ്ടെങ്കിൽ അത് മുതലെടുത്ത് ചേച്ചിയെ അയാൾ…… “നീ എന്ത്‌ ആലോചിച്ച് നിക്കുവാ അമ്മു” “ദിയ ചേച്ചി ഇവിടെ നിൽക്കാൻ വന്നതായിരിക്കുമോ??” “ഏയ്…അവര് തറവാട്ടിൽ ആയിരിക്കും സ്റ്റേ ചെയുന്നത്.പിന്നെ പകൽ മുഴുവൻ ഇവിടെ തന്നെ ആകാൻ ചാൻസ്‌ ഉണ്ട്.നിന്റെ പണി കൂടിയെന്ന് സാരം” “മ്മ്മ്…നമുക്ക് ഒന്ന് അമ്പലത്തിൽ പോയാലോ ദേവു” “പിന്നെന്താ പോകാലോ..ഒരു 10 മിനിറ്റ്.ഞാൻ പോയി കുളിച്ചിട്ട് വരാം”

ആൽത്തറയിൽ ഇരിക്കുന്ന കിച്ചനെ കണ്ടതും അമ്മു ദേവുവിനെ ഒന്ന് നോക്കി.അത് പ്രതീക്ഷിച്ചെന്നോണം ഒരു വളിച്ച ചിരി ആ മുഖത്ത് ആൾറെഡി സ്ഥാനം പിടിച്ചിരുന്നു. “ഇന്ന് രാവിലെ കാണാൻ പറ്റിയില്ലല്ലോ.അത് കൊണ്ടാ ഞാൻ…സത്യായിട്ടും ഇത്ര നേരത്തെ ഇവിടെ വന്നിരിക്കുമെന്ന് ഞാൻ അറിഞ്ഞില്ല” രണ്ട് കൈയും തലയിൽ വെച്ചുകൊണ്ടുള്ള ദേവുവിന്റെ സംസാരത്തിൽ സ്വയമറിയാതെ അമ്മു ചിരിച്ചുപോയി. “കിച്ചേട്ടൻ വന്നിട്ട് കുറേ നേരമായോ?” “ഇല്ല ദേവു..ഞാൻ ദേ വന്ന് ഇരുന്നതേ ഉള്ളു…അല്ല അമ്മുവിന് എന്താ പറ്റിയ?” തന്റെ ചുണ്ടിലേക്ക് നോക്കിയുള്ള കിച്ചേട്ടന്റെയാ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

“അത്..അത് സ്ലാബിൽ ഒന്ന് തട്ടിയതാ” ആ മറുപടിയിൽ തൃപ്തി വരാതെയുള്ള അവന്റെ നോട്ടം അവളിൽ അസ്വസ്ഥത നിറച്ചു.അതിൽ നിന്ന് രക്ഷപെടാൻ എന്നോണം അവൾ ദേവുവിനോടായി പറഞ്ഞു: “നിങ്ങൾ സംസാരിക്ക്..ഞാൻ തൊഴുതിട്ട് വരാം” “ഹാ നിക്ക് പെണ്ണേ..ഞങ്ങളും വരുന്നു” മൂന്ന് പേരും ഒരുമിച്ച് ക്ഷേത്രത്തിലേക്ക് കയറി.പ്രിയപെട്ടവനോടൊപ്പം നിന്ന് തൊഴാൻ പറ്റിയതിന്റെ സന്തോഷം ദേവുവിന്റെ മുഖത്ത് ഉണ്ടായിരുന്നു.എന്നാൽ കിച്ചന്റെ നോട്ടം അമ്മുവിൽ ആയിരുന്നു. “2 വർഷത്തെ പ്രണയത്തിനിടയിൽ ദേവുവിൽ നിന്ന് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഇവളെ കുറിച്ചാണ്.ദേവുവിന്റെ അമ്മൂസിനെ കുറിച്ച്..അഞ്ചാം വയസ്സിൽ അച്ഛനും അമ്മയ്ക്കും വേണ്ടി കർമ്മം ചെയ്യേണ്ടി വന്നവൾ..

പിന്നീട് അമ്മാവന്റെ സംരക്ഷണയിൽ ബാല്യവും കൗമാരവും കടന്നവൾ..ഇന്ന് ആ വീട്ടിലെ ജോലിക്കാരിയെപോലെ…സ്വപ്നം കണ്ടതൊന്നും നേടാൻ കഴിയാതെ കണ്ണീർവാർക്കുന്ന ഒരു പാവം പെണ്ണ്” കിച്ചന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് ദേവു അവന്റെ കൈപിടിച്ച് വലം വെക്കാൻ പോകുമ്പോഴും അമ്മു കണ്ണുകൾ അടച്ച് കൈകൂപ്പി നിൽകുവായിരുന്നു.കവിളിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകുമ്പോഴും കള്ളക്കണ്ണനോട് പറയാൻ അവൾക്കിന്ന് പുതിയ ഒരു പരാതി കൂടിയുണ്ട്..ഹർഷൻ.. പ്രദക്ഷിണം കഴിഞ്ഞ് മൂവരും തിരിച്ച് ആൽച്ചുവട്ടിൽ എത്തി.ദേവുവിനെയും കിച്ചനെയും അവരുടെ ലോകത്തേക്ക് വിട്ട് കൊണ്ട് അമ്മു കുറച്ച് മാറിയിരുന്നു.

“അയ്യോ ഞാൻ വഴിപാട് നടത്തിയ പ്രസാദം വാങ്ങിയില്ല” അതും പറഞ്ഞ് ദേവു അകത്തേക്ക് ഓടിയതും കിച്ചൻ അമ്മുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. “അമ്മു…” “എന്താ കിച്ചേട്ടാ??” “സത്യം പറ അമ്മു ഇതെങ്ങനെയാ മുറിഞ്ഞത്” “അത് ഞാൻ പറഞ്ഞല്ലോ ഏട്ടാ..സ്ലാബിൽ തട്ടി” “ഞാൻ അറിഞ്ഞിട്ടുള്ള അമ്മു കള്ളം പറയാറില്ല” “ഞാൻ എന്തിനാ ഏട്ടാ കള്ളം പറയുന്നത്” “മ്മ്മ്മ്….” കൂടുതൽ ചോദ്യങ്ങൾ അവനിൽ നിന്ന് ഉണ്ടാകരുതെന്ന് അവൾ ആഗ്രഹിച്ചു. “എനിക്ക് അമ്മുവിനോട് ഒരു കാര്യം പറയാനുണ്ട്” സംശയത്തോടെ അവൾ അവനെ നോക്കി.കിച്ചൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ തന്നെ പ്രസാദവും വാങ്ങി ദേവു എത്തിയിരുന്നു. “എന്താ രണ്ട് പേരുംകൂടി എനിക്കെതിരെയുള്ള ഗൂഡാലോചനയിൽ ആണോ?”

“ആഹ്‌ടി…നിന്നെ എങ്ങനെ ഒഴിവാകുമെന്ന് ഞാൻ അമ്മുവിനോട് ചോദിക്കുവായിരുന്നു” “ആഹാ നല്ല ആളോടാ ചോദിച്ചത്..ദേ മനുഷ്യ..നിങ്ങൾ എങ്ങാനും എന്നെ ചതിച്ചാൽ നിങ്ങടെ നെഞ്ചിലെ ആദ്യത്തെ വെട്ട് എന്റെ അമ്മൂസിന്റെ വക ആയിരിക്കും” ദേവുവിന്റെ വാക്കുകൾക്ക് ചെറുപുഞ്ചിരിയോടെ നിൽക്കുന്ന അമ്മുവിനെ കിച്ചൻ നോക്കി.. “തുളസിക്കതിരിന്റെ നൈർമല്യമുള്ള പെണ്ണ്”..അവന്റെ മനസ്സ് മന്ത്രിച്ചു…. (തുടരും )

ആത്മിക: : ഭാഗം 1

Share this story