ആത്മിക : ഭാഗം 3

ആത്മിക : ഭാഗം 3

എഴുത്തുകാരി: ശിവ നന്ദ

അമ്പലത്തിൽ നിന്നും തിരികെ വന്നപ്പോൾ കാണുന്നത് ഹർഷന്റെ തോളിലേക്ക് ചാരിയിരിക്കുന്ന ദിയയെ ആണ്.അമ്മുവിനെയും ദേവുവിനെയും കണ്ടതും അവൾ നേരെ ഇരുന്നു.ഇത്രയും പ്രണയത്തോടെ ദിയ അടുത്തിരുന്നിട്ടും ഹർഷന്റെ വൃത്തികെട്ട നോട്ടം അമ്മുവിൽ ആയിരുന്നു.അത് നേരിടാനാകാതെ അവൾ നേരെ മുറിയിലേക്ക് പോയി. “അമ്മയും അമ്മായിയും എന്തിയെ ദിയേച്ചി??” “അവര് അകത്തുണ്ട്. നിങ്ങൾ അമ്പലത്തിൽ പോയത് ആയിരുന്നോ” “മ്മ്മ് അതേ…” അതും പറഞ്ഞ് ചന്ദനം ഹർഷന്റെ നെറ്റിയിലേക്ക് തൊട്ടുകൊണ്ട് ദേവുവും അകത്തേക്ക് കയറി.

“നമ്മുടെ കാര്യം എല്ലാരോടും പറയണ്ടേ ഹർഷേട്ടാ??” ദിയയുടെ ചോദ്യത്തിന് മറുപടി പറയാതെ ഹർഷൻ അവളെ ചേർത്ത് പിടിച്ചു. ടോപ്പിനുള്ളിലൂടെ കൈകടത്തി നഗ്നമായ അവളുടെ വയറിൽ അവൻ തൊട്ടു..പക്ഷെ പെട്ടെന്ന് തന്നെ അവൾ അവനിൽ നിന്നും അകന്നു മാറി. “ഛെ..എന്താ ദിയ??” “ദേഹത്ത് തൊട്ടുള്ള പ്രണയം ഒന്നും വേണ്ട മോനേ..” “അതെന്താ.. ഞാൻ അല്ലേ..എനിക്ക് അതിനുള്ള അവകാശം ഉണ്ട്” “എങ്കിൽ ഞാൻ ചോദിച്ചതിന് മറുപടി പറ.. നമ്മുടെ കാര്യം അമ്മയോടും അപ്പച്ചിയോടും എപ്പോൾ പറയും?” “ഇത്ര പെട്ടെന്ന് പറയണോ?? നീ എന്നോട് ഇഷ്ടം പറഞ്ഞിട്ട് ഇപ്പോൾ ഒരുമാസം എന്തോ ആയിട്ടേ ഉള്ളു.

അതിന് ശേഷം നമ്മൾ ദാ ഇപ്പോഴാണ് നേരിട്ട് കാണുന്നത്.കുറച്ച് നാള് ആരും അറിയാതെ പ്രണയിച്ച് നടക്കാടി.എന്നിട്ട് നിങ്ങൾ തിരിച്ച് പോകുന്നതിന് തൊട്ടുമുൻപ് നമുക്ക് എല്ലാവരോടും കാര്യം പറയാം” അവന്റെ മറുപടിയിൽ മുഖം വീർപ്പിച്ച് നിൽക്കുന്നവളെ അവൻ പിടിച്ച് തന്റെ അടുത്തിരുത്തി.ഇടുപ്പിലൂടെ കൈചേർത്ത് അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അടുപ്പിച്ചതും അകത്തുനിന്നും അമ്മയുടെ വിളി കേട്ട് ദിയ പിടഞ്ഞെഴുന്നേറ്റു.അവനെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു.നുരഞ്ഞുപൊന്തിയ ദേഷ്യം കടിച്ചമർത്തി അവനും കൂടെ ചെന്നു.

“ഇന്ന് ഇവിടെ നിൽകാം നാത്തൂനേ..കുറേ ആയില്ലേ നമ്മൾ ഒത്തുകൂടിയിട്ട്” “അതൊരു ദിവസം നമുക്ക് കൂടാം.ഇന്നെന്തായാലും ഞങ്ങൾ പോകുവാ.തൊട്ടപ്പുറത്ത് തന്നെയല്ലേ തറവാട്.” “എങ്കിൽ ദിയ മോളെങ്കിലും ഇവിടെ നിൽക്കട്ടെ” “അപ്പോൾ ഞാൻ അവിടെ ഒറ്റയ്ക്കായി പോകില്ലേ..ഇവൾ നാളെ നേരം വെളുക്കുമ്പോൾ തന്നെ ഇങ്ങ് പോരും..അല്ലേടി..” അമ്മയുടെ ചോദ്യം കേട്ടതും അവൾ ഒളികണ്ണിട്ട് ഹർഷനെ ഒന്ന് നോക്കി.എന്നിട്ട് യാത്ര പറഞ്ഞ് ആ അമ്മയും മകളും ഇറങ്ങി. തിരികെ റൂമിലേക്ക് കയറാൻ പോകുമ്പോൾ ആണ് അടുക്കളയിൽ നിൽക്കുന്ന ആത്മികയെ അവൻ കാണുന്നത്.

അമ്മ അമ്മായിയെയും ദിയയെയും യാത്ര ആക്കികൊണ്ട് നില്കുന്നു..ദേവു അവളുടെ മുറിയിലും..കിട്ടിയ അവസരത്തിന് അവൻ അടുക്കളയിൽ എത്തി. തിരിഞ്ഞ് നിൽക്കുന്ന അമ്മുവിന്റെ വാ പൊത്തികൊണ്ട് അവളെ വലിച്ച് അവൻ പിന്നാമ്പുറത്തേക്ക് നടന്നു.ഇരുട്ട് നിറഞ്ഞയാ ഭാഗത്ത്‌ അവളെ നിർത്തിയതും അവൻ കൈമാറ്റി.ദേഷ്യത്തോടെയും അതിലേറെ പേടിയോടെയും തന്നെ നോക്കുന്ന അമ്മുവിന്റെ ചുണ്ടിലേക്ക് ആയിരുന്നു അവന്റെ നോട്ടം.ഇന്ന് ഉച്ചക്ക് താൻ കടിച്ചുപൊട്ടിച്ച ആ ചുണ്ട് കണ്ടതും വീണ്ടും അവനിൽ ആവേശമായി. “നീ എന്നെ വല്ലാതെ മോഹിപ്പിക്കുവാണല്ലോ പെണ്ണേ” രൂക്ഷമായി അവനെ നോക്കിയിട്ട് അവൾ പോകാൻ തുനിഞ്ഞു.പക്ഷെ അപ്പോഴേക്കും അവൻ അവളുടെ കൈയിൽ പിടിച്ച് തന്നോട് ചേർത്തിരുന്നു.

“വിട് ഹർഷേട്ടാ…അല്ലെങ്കിൽ ഞാൻ ബഹളം വെക്കും” “എന്നിട്ട്..എന്നിട്ട് വരുന്നവരോട് നീ എന്ത് പറയും?? നീ പറഞ്ഞാൽ ദേവു പോലും എന്നെ അവിശ്വസിക്കില്ല” “ദേവുവിന്റെ വിശ്വാസത്തെയാ നിങ്ങൾ തകർത്തു കൊണ്ടിരിക്കുന്നത്..എന്ന് മുതലാ ഹർഷേട്ടൻ ഇങ്ങനെ ആയത്..എന്ന് മുതലാ ഞാൻ നിങ്ങൾക് വെറുമൊരു പെൺശരീരം മാത്രമായത്..സ്നേഹിച്ചിട്ടില്ലെങ്കിലും ദേവുവിനെ പോലെയല്ലേ നിങ്ങൾ എന്നെയും കണ്ടിരുന്നത്..” കരഞ്ഞുകൊണ്ടുള്ള ആ പെണ്ണിന്റെ നിസ്സഹായത കണ്ടിട്ടും അവന്റെ മനസ്സ് മാറിയില്ല..അവിടെ ഒറ്റചിന്തയേ ഉണ്ടായിരുന്നുള്ളു..

അവളെ സ്വന്തമാക്കണം.. “ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞവനാടി ഞാൻ..അപ്പോഴാ ഞാൻ മനസിലാക്കിയത് അവരെക്കാൾ ഒക്കെ സൂപ്പർ ആയിട്ടുള്ള ഒരെണ്ണം എന്റെ വീട്ടിൽ തന്നെയുണ്ടെന്ന്.നിന്നെ ഒന്ന് രുചിച്ച് നോക്കിയില്ലെങ്കിൽ പിന്നെ ആണെന്നും പറഞ്ഞ് നടക്കുന്നതിൽ എന്ത് അർത്ഥമാടി ഉള്ളത്” “ഛെ…” അവന്റെ വാക്കുകൾ അവളിൽ അറപ്പ് ഉളവാക്കി.തന്നിലേക്ക് അമർന്ന് വരുന്ന അവന്റെ ശരീരത്തെ അവൾ ബലമായി പിടിച്ച് തള്ളി.അകത്ത് നിന്നും ദേവുവിന്റെ വിളി കേട്ടതും അവൻ ഒന്നടങ്ങി.അവനെ രൂക്ഷമായി നോക്കികൊണ്ട് അവൾ അകത്തേക്ക് കയറി.

“നീ ഇതെവിടെ പോയതാ അമ്മൂസേ” “അത് ദേവു ഞാൻ..” “ഏഹ് ഹർഷേട്ടനും ഉണ്ടായിരുന്നോ?” തന്റെ പിന്നാലെ കയറി വന്ന ഹർഷനെ കണ്ടതും അമ്മു ദേവുവിന്റെ അടുത്തേക്ക് നിന്നു. “ഇവൾക്ക് ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് കൂട്ട് പോയതാ” തെല്ലും പതർച്ചയില്ലാത്ത അവന്റെ അഭിനയത്തിൽ അമ്മു അത്ഭുതപ്പെട്ടുപോയി.ഒരു തെറ്റും ചെയ്തില്ലെങ്കിലും പെട്ടെന്ന് ദേവുവിനെ കണ്ടപ്പോൾ താൻ ഒന്ന് ഞെട്ടി.എന്നിട്ടും ഹർഷേട്ടൻ അതിവിദഗ്‌ദ്ധമായി അതിൽ നിന്ന് തടിയൂരി.അയാൾ പറഞ്ഞത് പോലെ നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞാലും ആരും വിശ്വസിക്കില്ല..

എന്നും ഇതുപോലെ രക്ഷപെടാൻ എനിക്ക് പറ്റുമോ കണ്ണാ..പറ്റും..പറ്റണം..അല്ലെങ്കിൽ പിന്നെ അമ്മു ജീവനോടെ ഉണ്ടാകില്ല. ഉറച്ച തീരുമാനത്തോടെ തലയുയർത്തി നോക്കിയതും തന്നെ നോക്കി കൈകെട്ടി നിൽക്കുന്ന ദേവുവിനെ ആണ് കണ്ടത്. “ഇവൾക്ക് ഈയിടെയായി പേടി കുറച്ച് കൂടുതലാ ഏട്ടാ..നമുക്ക് അതൊന്ന് മാറ്റിയെടുക്കണം..തത്കാലം നിങ്ങൾ വന്നേ..എനിക്ക് വിശക്കുന്നു..” അത്താഴം കഴിഞ്ഞ് എല്ലാം ഒതുക്കി വെച്ച് അടുക്കളയിൽ നിന്നും ഇറങ്ങിയപ്പോഴാണ് ഹാളിൽ ഇരിക്കുന്ന ഹർഷനെ അമ്മു കണ്ടത്.അതുവരെ ഉണ്ടായിരുന്ന ധൈര്യം അവന്റെ ആ നോട്ടത്തിൽ നഷ്ടമാകുന്നത് അവൾ അറിഞ്ഞു.തന്നെ കാണുമ്പോൾ ഉള്ള അവളുടെ പേടി അവനിൽ ആവേശം നിറയ്ക്കുന്നുണ്ടായിരുന്നു.

എന്നാൽ സ്വന്തം മുറിയിലേക്ക് കയറാതെ അവൾ നേരെ ദേവുവിന്റെ റൂമിലേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ ഇന്ന് രാത്രിയിൽ താൻ ഉദ്ദേശിച്ചത് പോലൊന്നും നടക്കില്ലെന്ന് ഹർഷന് മനസിലായി.അതോടെ കലിതുള്ളി അവൻ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു. “നീ ഉറങ്ങിയില്ലേ അമ്മു??” കിച്ചനുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ റൂമിലേക്ക് വന്ന അമ്മുവിനെ കണ്ട് ദേവു ഒന്ന് അമ്പരന്നു. “ഞാൻ ഇന്ന് ഇവിടെ കിടക്കുവാ..നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” “ഒന്ന് പോ പെണ്ണേ..നീ എന്റെയടുത്ത് ഉള്ളതല്ലേ ഏറ്റവും വലിയ സന്തോഷം” കിച്ചനോട് ഗുഡ് നൈറ്റും പറഞ്ഞ് ദേവു ഭിത്തിയോട് ചേർന്ന് കിടന്നു.

കതക് അടച്ച് ലൈറ്റും ഓഫ്‌ ചെയ്ത് അമ്മു അടുത്ത് വന്ന് കിടന്നതും ദേവു അവളെ കെട്ടിപിടിച്ചു. “എത്ര നാളായടി നമ്മൾ ഒരുമിച്ച് ഇങ്ങനെ കിടന്നിട്ട്..നിനക്ക് രാത്രിയിൽ അച്ഛനോടും അമ്മയോടും ഒറ്റക്ക് സംസാരിക്കണമെന്ന് പറഞ്ഞല്ലേ എന്നെ ഈ മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്തത്.പിന്നെ ഇന്ന് എന്ത് പറ്റി? ” “എന്തോ ഒരു പേടി…എനിക്ക് ഒറ്റക്ക് ഒന്നും നേരിടാൻ പറ്റില്ലെന്ന് ഒരു തോന്നൽ” “എന്തൊക്കെയാ അമ്മു നീയീ പറയുന്നത്.എനിക്ക് ഒന്നും മനസിലാകുന്നില്ല മോളെ” “ഒന്നുല്ല ദേവൂട്ടി..നീ ഉറങ്ങാൻ നോക്ക്” “നീ ഒരുപാട് മാറിപ്പോയി അമ്മു..നിന്റെയാ പഴയ സ്മാർട്നെസ്സ് ഒക്കെ തിരിച്ച് വന്നേ പറ്റു..പ്ലസ്ടു ക്യാമ്പിന് സ്ത്രീസുരക്ഷയെ കുറിച്ച് നീ നടത്തിയ ആ സെമിനാർ ഓർക്കുമ്പോൾ എനിക്കിപ്പോൾ അത്ഭുതം ആണ്…

‘സ്ത്രീയോട് അതിക്രമം കാണിച്ചാൽ അതിന് ശേഷം കിട്ടാൻ പോകുന്ന ശിക്ഷയെ ഓർത്ത് പേടിക്കുന്ന ഒരു നിയമം വരണം’ എന്നൊക്കെ പറഞ്ഞ പെണ്ണാ ഇപ്പോൾ ഒറ്റക്ക് കിടക്കാൻ പേടിയാണെന്ന് പറയുന്നത്” “അങ്ങനെ പറഞ്ഞിരുന്ന ഒരു ആത്മിക ഉണ്ടായിരുന്നു..ഇന്നവൾക്ക് ലക്ഷ്യങ്ങൾ ഇല്ല..പ്രതീക്ഷകൾ ഇല്ല..എന്തിനേറെ ഒന്ന് ചിരിക്കാൻ പോലും എനിക്കിപ്പോൾ പേടിയാ ദേവു..” അത്രയും പറഞ്ഞപ്പോഴേക്കും അതുവരെ അടക്കിവെച്ചിരുന്ന വിഷമങ്ങൾ ഒക്കെയും ഒരു പൊട്ടിക്കരച്ചിലായി മാറി.അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ മാത്രമേ ദേവുവിന് കഴിയുമായിരുന്നുള്ളൂ.

“സോറി മോളെ..ഞാൻ ഓരോന്ന് പറഞ്ഞ് നിന്നെ സങ്കടപ്പെടുത്തി..എനിക്ക് അറിയാം നിന്റെ സ്വപ്നം എന്തായിരുന്നെന്ന്..എന്റെ അമ്മ ആയിട്ടാണ് അതെല്ലാം തല്ലികെടുത്തിയത്..പക്ഷെ ദൈവം എല്ലായിപ്പോഴും ഒരാളെ കരയിക്കില്ല അമ്മു..പ്രത്യേകിച്ച് നിന്നെ പോലൊരു പാവത്തിനെ..എനിക്ക് ഉറപ്പുണ്ട്..എനിക്ക് കിച്ചേട്ടനെ കിട്ടിയത് പോലെ നിന്റെ ജീവിതത്തിലേക്കും ഒരാൾ വരും..നിന്റെ സ്വപ്നം നിറവേറ്റി തന്ന് നിന്നെ സ്നേഹം കൊണ്ട് പൊതിയുന്ന ഒരാൾ…” 💞💞💞

നിശാപാർട്ടിയുടെ ബഹളങ്ങളിൽ നിന്നും മാറി ഒരു സൈഡിലായിട്ട് ഇരിക്കുകയായിരുന്നു ആ രണ്ട് സുഹൃത്തുക്കൾ.കൂട്ടുകാരന്റെ തമാശക്ക് ചെറുചിരി നൽകി കസേരയിലേക്ക് ചാരിയിരിക്കുന്ന അവന്റെ കഴുത്തിലെ പൊൻകുരിശ് ക്ലബ്ബിലെ അരണ്ട നീലവെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.അവസാനതുള്ളി ബിയറും വായിലേക്ക് ഇറ്റിച്ചുകൊണ്ട് അവൻ പോകാനായി എഴുന്നേറ്റു.അത് കണ്ട് ധൃതിപ്പെട്ട് എഴുനേൽകുന്നതിനിടയിൽ ആ കൂട്ടുകാരൻ പിന്നിൽ നിന്ന ആളിനെ ചെറുതായി ഒന്ന് തട്ടി..അതിന്റെ ഫലം എന്നോണം അയാളുടെ കയ്യിലിരുന്ന കുപ്പി നിലത്ത് വീണു പൊട്ടി.

“അയ്യോ സോറി ചേട്ടാ..അറിയാതെ പറ്റിപോയതാ” “പോക്രിത്തരം കാണിച്ചിട്ട് സോറി പറയുന്നോടാ ..” കൂട്ടുകാരനെതിരെ ഉയർന്ന അയാളുടെ കൈ തടഞ്ഞുകൊണ്ട് അവൻ മുന്നിലേക്ക് കയറി നിന്നു. “സോറി പറഞ്ഞില്ലേ ചങ്ങാതി..പിന്നെന്തിനാ ഈ തെറിവിളി??” “അങ്ങനെ ഒരു സോറി പറഞ്ഞങ്ങ് പോകാൻ പറ്റില്ലല്ലോ ചങ്ങാതി..ഒന്നുകിൽ ഈ പൊട്ടിയതിന്റെ ക്യാഷ്..അല്ലെങ്കിൽ ഇതേ സാധനം” “അത്രേയല്ലേ ഉള്ളു…ഡോ..ഈ ചങ്ങാതിക്ക് ആവശ്യമുള്ളത് എന്താണെന്ന് വെച്ചാൽ കൊടുത്തേക്ക്” അയാളെ ഒന്ന് പുച്ഛിച്ച് കൊണ്ട് ബിൽ കൗണ്ടറിലേക്ക് നോക്കി അവൻ അത് പറഞ്ഞതും അയാൾ അവന്റെ ഷർട്ട്‌ കോളറിൽ കയറി പിടിച്ചു.

“നീ എന്താടാ എന്നെ പൊട്ടനാക്കുവാണോ..ഇമ്മാതിരി ഷോ ഒക്കെ നിന്റെ വീട്ടിൽ കാണിച്ചാൽ മതി..കേട്ടോടാ……. ” ഷർട്ടിലുള്ള അയാളുടെ പിടി മുറുകുന്നതനുസരിച്ച് അവന്റെ കണ്ണിൽ അഗ്നി എരിയുന്നതോ കൈഞരമ്പുകൾ തെളിഞ്ഞുവരുന്നതോ ആരും ശ്രദ്ധിച്ചില്ല.എന്നാൽ അവന്റെ നിയന്ത്രണം നഷ്ടമാകുന്നതിന് മുൻപ് തന്നെ മറ്റൊരാൾ അവർക്കിടയിലേക്ക് വന്ന് അയാളെ പിടിച്ച് മാറ്റിയിരുന്നു.എന്നിട്ട് ക്ഷമാപണം പോലെ അവനെ ഒന്ന് നോക്കി. “സോറി…സോറി..ഒരു പ്രശ്നം ഉണ്ടാക്കരുത്..നിങ്ങൾ പൊയ്ക്കോ” ഷർട്ട്‌ നേരെ പിടിച്ചിട്ട് കൊണ്ട് അവർ രണ്ട് പേരെയും ഒന്ന് നോക്കി അവൻ പുറത്തേക്ക് ഇറങ്ങി..

കൂടെ ആ കൂട്ടുകാരനും. “വിടടാ..നീ എന്തിനാ എന്നെ പിടിച്ച് മാറ്റിയ..” “ഹ്മ്മ് പിടിച്ച് മാറ്റിയില്ലെങ്കിൽ കാണാമായിരുന്നു നീ ഇവിടെ ചോര തുപ്പി കിടക്കുന്നത്” “അതിന് ഏതാ അവൻ?? നീ ചുമ്മാ അവനെയൊക്കെ പേടിച്ചത് പോലെ സോറി പറഞ്ഞ് ബാക്കിയുള്ളവരെ കൂടെ നാണം കെടുത്തി” “എനിക്ക് മനസിലായി ആളറിയാതെയാ നീ കൊമ്പുകോർക്കാൻ പോയതെന്ന്..എടാ അത് ഇച്ചായനാ..കളരിയ്ക്കൽ ജോൺ ഡേവിഡിന്റെ മകൻ…….. “ആൽബിൻ ജോൺ കളരിയ്ക്കൽ……. (തുടരും )

ആത്മിക: : ഭാഗം 2

Share this story