അവന്തിക: ഭാഗം 4

അവന്തിക: ഭാഗം 4

എഴുത്തുകാരി: വാസുകി വസു

വന്നവരുടെ മിഴികൾ എന്നിലാണെന്ന് അറിഞ്ഞതും ഞാൻ അകത്തേക്ക് വലിഞ്ഞു. “ഈശ്വരാ ഇങ്ങേർക്ക് വല്ല പ്രാന്തും ഉണ്ടോ? വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും എന്നെയിങ്ങനെ പിന്തുടരാൻ” ഇനിയൊരു വിവാഹത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ ഭയം തോന്നി.വയ്യ ഇനിയുമൊരു പരീക്ഷണത്തിനു വയ്യ. “കണ്ണാ ഇങ്ങോട്ടൊന്ന് വന്നേ” അച്ഛന്റെ ഈയൊരു വിളി ഏത് നിമിഷവും പ്രതീക്ഷിച്ചു.അത് സംഭവിക്കുകയും ചെയ്തു. ഞാൻ തല കുനിച്ച് മുൻ ഭാഗത്ത് ചെന്നു. “എന്താ അച്ഛാ” “കണ്ണനു ഇവരെ മനസിലായോ” അറിയാമെന്ന് ഞാൻ തല കുലുക്കി. എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി ഇടിക്കാൻ തുടങ്ങി.

ഞാൻ ഒളി കണ്ണിട്ട് സാറിനെ ശ്രദ്ധിച്ചു.ആ കണ്ണുകൾ എന്നിലേക്കാണെന്ന് അറിഞ്ഞതും മനസിൽ നേരിയൊരു ഭയം തോന്നി. “ഇത്, ശിവദിന്റെ അമ്മ.ശിവ ലക്ഷ്മി” അച്ഛൻ കുലീനയായ ആ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി. ഉടനെ അവർ എനിക്ക് അരികിലെത്തി എന്റെ മുഖം കൈ വെളളയിലെടുത്ത് നിറുകയിലൊരു ചുംബനം നൽകി. ആദ്യം ഞാനൊന്ന് അമ്പരന്നെങ്കിലും പതിയെ മാതൃവാത്സല്യം തിരിച്ചറിഞ്ഞു. “മോള് വന്നേ” ആ അമ്മ എന്നെ അവർ ഇരിക്കുന്നിടത്തേക്ക് കൊണ്ട് ചെന്നിരുത്തി. “ഇരിക്ക് അമ്മയുടെ അടുത്ത്” അമ്മയുടെ സ്നേഹമന്ത്രണത്തിന്റെ ശക്തിയിൽ എനിക്ക് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല.എനിക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നതെന്ന് ഓർത്ത് അത്ഭുതപ്പെട്ടു.

ഒരുപക്ഷേ അമ്മയുടെ സ്നേഹം അനുഭവിച്ചട്ടില്ലാത്തതിന്റെ ആകാം. “ശിവദിന് എപ്പോഴും മോളെ കുറിച്ച് സംസാരിക്കാനേ നേരമുള്ളൂ.അതാണ് അമ്മക്കും കാണാൻ കൊതി തോന്നി വന്നത്” ഞാൻ ശിവദ് സാറിനെ തെല്ലൊരു അമ്പരപ്പോടെ നോക്കി.ആളൊരു മന്ദഹാസം തൂകി ഇരിപ്പാണ്. “കണ്ണാ ഇവർ വന്നത്” അച്ഛൻ മടിയോടെ പാതിയിൽ നിർത്തി.എനിക്ക് കാര്യം മനസിലായി. “ഞാൻ പറഞ്ഞോളാം എന്റെ കുട്ടിയോട് പൊതുവാൾ വിഷമിക്കേണ്ട” അച്ഛൻ ആശ്വാസത്തോടെ ശ്വാസം വിടുന്നത് ഞാൻ ശ്രദ്ധിച്ചു.ഒരിക്കൽ മാത്രമേ അച്ഛൻ എന്നെ വിവാഹത്തിനു നിർബന്ധിച്ചുള്ളൂ.

അന്ന് അനുസരണക്കേട് കാണിക്കാതെ അച്ഛനെ അനുസരിച്ചിട്ടേയുള്ളൂ.. “മോൾ വന്നേ അമ്മക്ക് കുറച്ചു സംസാരിക്കാനുണ്ട്” അമ്മ പുറത്തേക്ക് ഇറങ്ങിയതോടെ ഞാൻ അച്ഛനെ നോക്കി.പൊയ്ക്കോളൂ സാരമില്ല കണ്ണാ അച്ഛൻ കണ്ണുകളോടെ അനുവാദം നൽകി.ഞാൻ ചെല്ലുമ്പോൾ ശിവദിന്റെ അമ്മ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിൽക്കുകുക ആയിരുന്നു. “മോളേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി.അമ്മയുടെ മകളായി കൊണ്ട് പൊയ്ക്കോട്ടെ” പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അങ്ങനെയൊരു ചോദ്യം വന്നതോടെ ഞാൻ കുഴങ്ങിപ്പോയി. “അമ്മേ.. ഞാൻ അങ്ങനെ വിളിച്ചോട്ടെ” അനുവാദത്തിനായൊരു നിമിഷം ഞാൻ കാത്തു. “അമ്മയാണ്..അമ്മേന്ന് വിളിച്ചാൽ മതി”

“അമ്മേ എനിക്ക് ഇപ്പോൾ വിവാഹത്തിനു താല്പര്യമില്ല. ശേഷിച്ച ജീവിതം അച്ഛന്റെ കൂടെ കഴിയണമെന്നാണ്” ഞാൻ എന്റെ ആഗ്രഹം വെളിപ്പെടുത്തി. “കണ്ണാ….” “എന്തോ” സ്നേഹത്തോടെ അമ്മ വിളിച്ചപ്പോൾ വിളി കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. “ഒരുവിവാഹം കഴിച്ച് അത് തകർന്നെന്ന് കരുതി മറ്റൊരു വിവാഹം കഴിക്കുന്നത് തെറ്റല്ല” “അമ്മേ,,, അമ്മ കരുതണത് പോലെയല്ല” “മനസിലുളളത് തുറന്നു പറഞ്ഞാൽ കുറച്ചു ആശ്വാസം ലഭിക്കും കുട്ടീ” ശരിയാണ് അമ്മ പറയുന്നത്. മനസിൽ അടക്കിപ്പിടിച്ച സങ്കടങ്ങൾ ആരോടെങ്കിലുമൊന്ന് ഷെയർ ചെയ്താൽ മൈൻഡ് ഒന്ന് ഫ്രീയാകും.. ഞാൻ ശിവദിന്റെ അമ്മയോട് അല്ല എന്റെ അമ്മയോട് മനസ് ഷെയർ ചെയ്യാൻ തീരുമാനിച്ചു.

എന്റെ മനസ് രണ്ടു വർഷം മുമ്പൊരു ചിങ്ങ മാസത്തിലേക്ക് പിന്നിട്ടു.മറക്കാൻ ആഗ്രഹിച്ചതൊക്കെ വീണ്ടും ഒരിക്കൽ കൂടി ഞാൻ പുറത്തേക്ക് കോറിയിട്ടു.. ചിങ്ങമാസം ഒന്നായതി വീട്ടിൽ ഞാനും ആരാധ്യയും അച്ഛനും കൂടി വീട്ടിൽ ഉണ്ടായിരുന്നു. അന്ന് അച്ഛൻ ഞങ്ങളെ രണ്ടിനെയും അരികിലേക്ക് വിളിച്ചു. “അച്ഛന് വയ്യാതെ വരികയാണ് മക്കളേ.പേടിച്ചാണ് ഓരോ ദിവസവും തള്ളി വിടുന്നത്” “ദേ..പൊതുവാളേ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടരുത്” ഞാൻ ദേഷ്യപ്പെട്ടു. അച്ഛനു എന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.. “ഞാൻ ഒന്ന് പറയട്ടേ കണ്ണാ.

ഒരാളുടെ എങ്കിലും വിവാഹം കഴിഞ്ഞാൽ എനിക്ക് കുറച്ചു സമാധാനം ലഭിക്കും” ഞാനാദ്യമൊന്ന് ഞെട്ടി.പിന്നെ ആശ്വസിച്ചു. എനിക്ക് ഒരു വയസിനു മൂത്തത് ആരാധ്യയാണ്.അവളുടെ വിവാഹം ആദ്യം നടക്കുകയുള്ളൂ. “ആരാധ്യക്കൊരു ആലോചന വന്നിട്ടുണ്ട്. അച്ഛൻ അവരോട് വരാൻ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും നല്ലൊരു ബന്ധമാണ്. വാവ എതിരൊന്നും പറയരുത്.” അച്ഛൻ വിവാഹത്തെ കുറിച്ച് പറഞ്ഞതും അവളൊന്ന് ഞെട്ടുന്നത് ഞാൻ കണ്ടു.പക്ഷേ ഒന്നും മിണ്ടിയില്ല ആൾ. “അച്ഛന്റെ ഇഷ്ടം നടക്കട്ടെ” അവൾ അങ്ങനെ ആണ് പറഞ്ഞത്.ഞാനും അച്ഛനും അതുകേട്ട് സന്തോഷിച്ചു.ആരാധ്യ എതിർക്കുമെന്നാണ് ഞാൻ കരുതിയത്.കാരണം അവൾക്കൊരു പ്രണയമുണ്ട്.

ഒരുമിച്ച് ജീവിക്കുകയുള്ളൂന്ന് വാശിയിലാണ്.. ഞങ്ങൾ ഒരുമിച്ച് മുറിയിൽ കണ്ടു മുട്ടിയപ്പോൾ സംശയം തീർക്കാൻ ഞാൻ ശ്രമിച്ചു. “ചേച്ചിക്കൊരു ലൈൻ ഇല്ലേ.നിങ്ങൾ ഒരുമിച്ച് ജീവിക്കുകയുള്ളൂന്ന് പറഞ്ഞിട്ട്” ആരാധ്യ ആദ്യമൊന്ന് ചിരിച്ചു. “അച്ഛനോട് അയാളുടെ കാര്യം നമുക്ക് സംസാരിക്കാം ചേച്ചി” “അതു വേണ്ടാ…” അവളെന്നെ തടഞ്ഞു. “എന്തേ,.” അവനു നല്ലൊരു പെണ്ണിനെ കിട്ടിയപ്പോൾ എന്നെ നൈസായിട്ട് തേച്ചു.” “ങേ..ഞാൻ ഞെട്ടിപ്പോയി” “അതേടീ..അല്ലെങ്കിൽ ഞാൻ അച്ഛൻ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഇവന്റെ കാര്യം പറയില്ലായിരുന്നോ?” ഞാനും ചേച്ചി പറഞ്ഞത് വിശ്വസിച്ചു. അങ്ങനെ ആണ് വിശ്വജിത്ത് ചേച്ചിയെ പെണ്ണ് കാണാൻ വരുന്നത്.

ഇരുവരും തമ്മിൽ സംസാരിച്ചു ഇഷ്ടപ്പെടുകയും ചെയ്തു.. ചേച്ചിക്ക് ഒരു ഡിമാന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞും പഠിക്കാൻ അയക്കണമെന്ന്.അവർ ഡിമാന്റ് അംഗീകരിച്ചതോടെ ബാക്കിയെല്ലാം പെട്ടെന്ന് ആയിരുന്നു. വിവാഹ നിശ്ചയവും ഡേറ്റും എല്ലാം ഫിക്സ് ചെയ്തു. ജിത്തേട്ടൻ ദിവസവും ചേച്ചിയുമായി ഫോണിൽ സംസാരിക്കും.കൂട്ടത്തിൽ എന്നോടും.അതോടെ എനിക്കൊരു കൂടപ്പിറപ്പ് ഇല്ലെന്നുളള വിഷമം മാറിക്കിട്ടി… വിവാഹത്തിന്റെ തലേ ദിവസം രാത്രി അച്ഛൻ വിളിക്കുന്നത് കേട്ടാണ് രാത്രി രണ്ടു മണിക്ക് ഞാൻ ഞെട്ടി ഉണർന്നത്.അച്ഛൻ പരിഭ്രാന്തനായി നിൽക്കുന്നു..

“എന്തു പറ്റി അച്ഛാ” “മോളേ വിവാഹത്തിനു എടുത്തു വെച്ച സ്വർണ്ണം അച്ഛൻ അലമാരയിൽ സൂക്ഷിച്ചു വെച്ചതാണ്.അതിപ്പോൾ കാണുന്നില്ല” “അച്ഛൻ എന്തുവാ ഈ പറയുന്നത്. അത് അവിടെ കാണും” ഞാൻ അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഇല്ല മോളേ ഞാൻ അവിടെമാകെ അരിച്ചു പെറുക്കി” അച്ഛൻ നിലവിളിച്ചു. “അച്ഛൻ കരയാതെ.അത് അവിടെ കാണും.നമുക്ക് നോക്കാം” ഞാൻ അച്ഛനെയും വിളിച്ചു റൂമിൽ കയറി അലമാരയും അവിടെയെല്ലാം പരിശോധിച്ചെങ്കിലും സ്വർണ്ണം ലഭിച്ചില്ല.ഞാൻ ഞെട്ടിപ്പോയി.. “ആരാധ്യ എവിടെ” അച്ഛൻ പെട്ടെന്ന് ചോദിച്ചു. “ചേച്ചീടെ റൂമിൽ ഉണ്ട്.

പാവം ഉറങ്ങുകയാകും” “എന്റെ കുട്ടിയോടിത് ഞാനെങ്ങെനെ പറയും ദൈവമേ” അച്ഛൻ വീണ്ടും സങ്കടം സഹിക്കാതെ കരഞ്ഞു പോയി. “അച്ഛൻ വിഷമിക്കാതെ..എന്തെങ്കിലും വഴിയുണ്ടാക്കാം” അങ്ങനെ പറഞ്ഞെങ്കിലും എന്ത് ചെയ്യണമെന്ന് എനിക്കും ഒരുരൂപം ഇല്ലായിരുന്നു. ഞാൻ ആരാധ്യയുടെ റൂമിലേക്ക് ഓടി… അവിടെ അവിളെ കാണാഞ്ഞിട്ട് ഞാൻ നടുങ്ങിപ്പോയി. വീട്ടിലാകെ തിരഞ്ഞെങ്കിലും ആരാധ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്. വിവരം അച്ഛനെ അറിയാതിരിക്കാൻ കഴിയില്ല.ചേച്ചിയെ കാണാത്തത് അച്ഛനു ശരിക്കുമൊരു ഷോക്കായി.വിവാഹ വീട്ടിൽ കൂട്ടക്കരച്ചിൽ ഉയർന്നു. കരഞ്ഞ് തോരാത്ത മിഴികളുമായി ഞാൻ പെയ്തു കൊണ്ടിരുന്നു..

നാളെ വിവാഹത്തിനു വരുന്നവരുടെ അടുത്ത് കല്യാണപ്പെണ്ണ് ഒളിച്ചോടിയത് എങ്ങനെ പറയുമെന്നതിനെക്കാൾ ജിത്തേട്ടനോട് എങ്ങനെ പറയുമെന്നാണു എല്ലാവരെയും അലട്ടിയത്.വിവരം ചെറുക്കൻ കൂട്ടരെയും അറിയിക്കാതിരിക്കാൻ കഴിയില്ല… മുതിർന്നവർ തമ്മിൽ തിരക്കിട്ട ആലോചനയിൽ ആയിരുന്നു. വെളുപ്പാൻ കാലത്ത് തളർച്ചയോടെ അച്ഛൻ അരികിലെത്തുമ്പോഴും ഞാൻ പെയ്തു തോർന്നിരുന്നില്ല.. “മോളേ നിങ്ങളുടെ അമ്മ പോയപ്പോഴും അച്ഛൻ തളർന്നട്ടില്ല.പക്ഷേ കണ്ണാ ഇതെനിക്ക് സഹിക്കാൻ കഴിയുന്നില്ല” “അച്ഛാ.. ” നെഞ്ച് പൊട്ടി ഞാൻ വിളിച്ചു. “അച്ഛൻ ഇതുവരെ കണ്ണനോടൊന്നും ആവശ്യപ്പെട്ടട്ടില്ല.

ആദ്യമായിട്ടാണു അച്ഛൻ അപേക്ഷിക്കുന്നത്” “അച്ഛൻ കരയാതെ കാര്യം പറയൂ.എന്നെ കൂടി ആധി കയറ്റാതെ” “ജിത്തുവും വീട്ടുകാരുമായി സംസാരിച്ചു.ഒന്നുകിൽ അവർക്ക് നഷ്ട പരിഹാരം കൊടുക്കണം..അല്ലെങ്കിൽ” അച്ഛൻ പാതിവഴിയിൽ നിർത്തി… “അല്ലെങ്കിൽ….” “എന്റെ മോൾ ഈ കല്യാണത്തിനു സമ്മതിക്കണം.ജിത്തുവിനും എതിർപ്പില്ല.അച്ഛൻ കണ്ണന്റെ കാല് പിടിക്കാം” തൊഴു കൈകളുമായി എനിക്ക് മുമ്പിൽ നിൽക്കുന്ന അച്ഛനെ കണ്ടു എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. “അച്ഛാ എന്നോട് ഇങ്ങനെ ഒന്നും പറയരുത്. ജിത്തേട്ടനെ ഞാൻ ഏട്ടനായിട്ടാണു കാണുന്നത്.അങ്ങനെ ഒരാളെ വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ല അച്ഛാ” പൊട്ടിക്കരഞ്ഞു പോയി ഞാൻ… എന്നിട്ട് അച്ഛന്റെ നെഞ്ചിലേക്ക് വീണു ഞാൻ ഹൃദയം തകർന്ന് നിലവിളിച്ചു…… (തുടരും)

അവന്തിക: ഭാഗം 3

Share this story