നീ മാത്രം…❣️❣️ : ഭാഗം 17

നീ മാത്രം…❣️❣️ : ഭാഗം 17

എഴുത്തുകാരി: കീർത്തി

എന്താണ് നടക്കാൻ പോകുന്നതെന്ന ടെൻഷൻ കൊണ്ട് എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്നത് ഞാനറിഞ്ഞു. കുറച്ചു നേരത്തിനു ശേഷം ആ കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് ആശ്വാസത്തോടെ ഒരു നീണ്ട ശ്വാസമെടുത്തു വിട്ടു. പേടി മാറി ഹൃദയമിടിപ്പ് നോര്മലായതും ഞാൻ തിരിഞ്ഞ് അമ്പലത്തിന്റെ ഗോപുരത്തിലേക്കൊന്ന് നോക്കി. ആർക്കും മനസിലായില്ലെങ്കിലും എന്റെ നോട്ടത്തിന്റെ അർത്ഥം ആ കള്ളകൃഷ്ണന് മനസിലായിട്ടുണ്ടാവും. അമ്മാതിരി ചതിയല്ലേ അങ്ങേരിപ്പോൾ കാണിച്ചത്. ഇനി ഒരിക്കലും ആനന്ദേട്ടനെ എന്റെ കണ്മുന്നിൽ കൊണ്ടു വരരുതേയെന്ന് പ്രാർത്ഥിച്ച് നാക്ക് അണ്ണാക്കിലേക്കിട്ടില്ല.

അപ്പോഴേക്കും ആള് ദാ മുന്നിൽ. ഞാൻ പറഞ്ഞിരുന്ന വെണ്ണ ക്യാൻസൽഡ്. അല്ല പിന്നെ. ആനന്ദേട്ടനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. പക്ഷെ അത് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. എത്രയും പെട്ടന്ന് അവിടുന്ന് പോകാൻ തോന്നി. കാറിൽ നിന്നിറങ്ങി ആനന്ദേട്ടൻ പതിവ് ചിരിയോടെ എന്റെ അടുത്തേക്ക് വന്നു. തിരിച്ച് ഒന്ന് ചിരിക്കാൻ പോലും ഒരു പേടിയായിരുന്നു. ആകെയൊരു വെപ്രാളം. “എന്താടോ ഈ ലോകത്തൊന്നുമല്ലേ? നടന്നുകൊണ്ട് സ്വപ്നം കാണായിരുന്നോ? “ഏഹ്…..? ഏയ്‌… ഞാൻ…..” മറുപടി പറയാൻ വാക്കുകൾക്ക് ക്ഷാമമായപ്പോൾ ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഏയ്‌… അല്ലല്ല. ഞാൻ എത്രതവണ ഹോണടിച്ചു ന്നറിയുവോ? എവിടെ? ആരു കേൾക്കാൻ? അതാ പിന്നെ ഫ്രണ്ടിൽ കൊണ്ടുവന്നു നിർത്തിയത്. പേടിച്ചോ? ” “ഇല്ല. സോറി ഞാൻ ശ്രദ്ധിച്ചില്ല. ” “അതാ പറഞ്ഞത് ഈ ലോകത്തൊന്നും അല്ലായിരുന്നു ന്ന്. എന്തായിരുന്നു ഇത്ര കാര്യമായിട്ട് ആലോചിച്ചു കൊണ്ടിരുന്നത്? ” “ഏയ്‌…. ഒന്നുല്ല്യ. ആനന്ദേട്ടന് തോന്നുന്നതാ. ” “മ്മ്മ്…. എങ്കിൽ ശെരി… കണ്ടിട്ട് അമ്പലത്തിൽന്നാണെന്ന് തോന്നുന്നുണ്ടല്ലോ. എന്താ വിശേഷിച്ച്? ” എന്നെ അടിമുടി നോക്കികൊണ്ട് ആനന്ദേട്ടൻ ചോദിച്ചു. “അത്….. ഇന്നാണ് ജോലിക്ക് ജോയിൻ ചെയ്യണ്ടത്. അപ്പൊ…… ” “ഓഹ്….. അങ്ങനെ.

ഞാൻ കാലന്റെ കോട്ടയിലേക്ക് പോവാണ് കാത്തോളണേ ഭഗവാനെ ന്ന് പറയാൻ ലെ. അതോ എലിവിഷം വാങ്ങിക്കാനുള്ള അവസരം ഉണ്ടാക്കരുത് ന്ന് പറയാനോ? ” “അയ്യോ…. അങ്ങനെയൊന്നും ഇല്ല. അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്…… ” “മ്മ്മ്… ആയിക്കോട്ടെ. എനിവേ…. ഓൾ ദി ബെസ്റ്റ്. ” വലതുകൈ എനിക്ക് നേരെ നീട്ടികൊണ്ട് ആനന്ദേട്ടൻ പറഞ്ഞപ്പോൾ ഞാനും അത് സ്വീകരിച്ചു. ഒരു നന്ദിയും പറഞ്ഞു. “എന്നാ ശെരി…. ഞാൻ….. ” പോകാനുള്ള അനുവാദത്തിനായ് ഞാൻ മുന്നോട്ട് രണ്ടടി വെച്ചുകൊണ്ട് പറഞ്ഞു തുടങ്ങിയതും ആനന്ദേട്ടൻ എന്നെ തടഞ്ഞു. ഇനിയെന്താ ണാവോ? ഞാൻ സംശയത്തോടെ ആനന്ദേട്ടനെ നോക്കി. “ഗാഥ അമ്പലത്തിൽ ന്നല്ലേ വരുന്നേ.

എന്താടൊ പ്രസാദം വേണോ ന്ന് പോലും ചോദിക്കുന്നില്ലല്ലോ? ” “അയ്യോ…. സോറി. ഞാൻ മറന്നു. ദാ എടുത്തോളൂ. ” ഇലച്ചീന്തിലെ പ്രസാദം ആനന്ദേട്ടന് നീട്ടികൊണ്ട് ഞാൻ പറഞ്ഞുപ്പോൾ ആനന്ദേട്ടൻ കുറച്ചു നേരം എന്നെയും ഇലയിലേക്കും മാറി മാറി നോക്കുന്നത് കണ്ടു. ഇതെന്താ കഥ. ചോദിച്ചിട്ട് കൊടുത്തപ്പോൾ എടുക്കാനും വയ്യേ? ഞാൻ സംശയത്തോടെ ആനന്ദേട്ടനെ നോക്കിയപ്പോൾ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരുതരം ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ആള്. സൂക്ഷിച്ചു നോക്കിയപ്പോൾ ആ ചിരിയത്ര ശെരിയല്ലല്ലോ ന്ന് തോന്നി. കാണിച്ചു തരരുതെന്ന് പറഞ്ഞ് അപേക്ഷിച്ചിട്ടും ചതിച്ച കൃഷ്ണാ… ആനന്ദേട്ടനെന്താ ഇങ്ങനെ ചിരിക്കൂന്നേ.

ഇനി എന്നോട് തൊട്ടുകൊടുക്കാനെങ്ങാൻ പറയുവോ. “ദൈവമേ….അച്ഛൻ…. ” ന്നും വിളിച്ചു ഞാൻ അറിയാതെ നെഞ്ചിൽ കൈവെച്ചു പോയി. “അച്ഛനോ? എവിടെ? ” അവസാനം വിളിച്ച ആ വിളി ഇച്ചിരി ഉച്ചത്തിലായിരുന്നു ന്ന് ചുറ്റും നോക്കികൊണ്ടുള്ള ആനന്ദേട്ടന്റെ ചോദ്യം കേട്ടപ്പോഴാണ് മനസിലായത്. “ഒന്നൂല്ല്യ. ഞാനെന്തോ…. ഓർത്ത്…. ഒന്നൂല്ല്യ. ദാ പ്രസാദം. ” “താൻ ഇപ്പൊ ഓർത്തതിനുള്ള അവസരം ഞാൻ പിന്നെ തരാം ട്ടൊ. ” ഇലയിൽ നിന്നും ഒരു നുള്ള് ചന്ദനമെടുത്ത് നെറ്റിയിൽ വരയ്ക്കുന്നതോടൊപ്പം ആനന്ദേട്ടൻ പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് കേട്ടു. “എന്താ? ” “അതും ഒന്നൂല്ല്യ. പിന്നെ…. തന്നോട് എനിക്കൊരു പ്രധാനകാര്യം പറയാനുണ്ടായിരുന്നു. ” “പറഞ്ഞോളൂ. ” “അത്…. ഞാൻ……. പിന്നെ…… അല്ലെങ്കിൽ വേണ്ട. അടുത്ത പ്രാവശ്യം ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ പറയാം.

ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ല. തനിക്ക് ജോലി… ഫസ്റ്റ് ഡേ അല്ലെ? ഇപ്പൊ തന്നെ ഈ ദിവസം അത് കൊളമാക്കണ്ട. ബൈ. ” യാത്ര പറഞ്ഞ് ആനന്ദേട്ടൻ പോയി. പോകുന്ന പോക്കിൽ അധികം ആലോചിച്ചു ചുറ്റിത്തിരിയാതെ വേഗം വീട്ടിലെത്തിക്കൊള്ളാൻ പറയാനും മറന്നില്ല. ആനന്ദേട്ടൻ പോയതും ഞാൻ ഒന്നുകൂടി ആ അമ്പലത്തിലേക്ക് തിരിഞ്ഞു നോക്കി. ഇപ്പൊ കാണിച്ചു തന്നത് ഇരിക്കട്ടെ. ഇനി ആവർത്തിക്കരുത്. പ്ലീസ്….. ഞാൻ വീണ്ടും പ്രാർത്ഥിച്ചു. എന്നാലും എന്തായിരിക്കും ആനന്ദേട്ടന് എന്നോട് പറയാനുള്ളത്? അടുത്ത പ്രാവശ്യം കാണുമ്പോൾ പറയാം ന്ന്. അടുത്ത പ്രാവശ്യം നമ്മള് കണ്ടാലല്ലേ.

കാണാതിരിക്കണേ ഭഗവാനെ…. എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ എന്നെ സഹായിക്കണേ. ആനന്ദേട്ടനെ ഇനിയെനിക്ക് കാണിച്ചു തരല്ലേ. പ്ലീസ്……. വീട്ടിലെത്തുമ്പോൾ ഗീതു എല്ലാം കഴിഞ്ഞ് ഓഫീസിൽ പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. ഞാൻ ചെന്നതും അവൾ രണ്ടുപേരുടെയും ബാഗും എല്ലാം എടുത്ത് വീട് പൂട്ടിയിറങ്ങി. ടീച്ചറമ്മയോട് യാത്ര പറഞ്ഞ് അനുഗ്രഹവും വാങ്ങിച്ച് ഞങ്ങൾ പോന്നു. മുഴുവനും ചില്ലിട്ടു മൂടിയത് പോലുള്ള ഒരു ബഹുനില കെട്ടിടമായിരുന്നു വി. എ. അസോസിയേറ്റ്സ്. ശെരിക്കും ഒരു സ്ഫടികകൂട് പോലെ. ആ കെട്ടിടത്തിന് തിലകക്കുറിയെന്ന പോലെ വലുതായി വി. എ. അസോസിയേറ്റ്സ് എന്നെഴുതിയ വെയിലിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന നെയിം ബോർഡും.

പുതിയ ആളെ കണ്ട് പലരും നോക്കി നോക്കിയാണ് പോകുന്നത്. എവിടെയും ചെന്ന് ഇടിക്കാതിരുന്നാൽ മതിയായിരുന്നു. നേരത്തെ അറിയാവുന്നത് കൊണ്ട് ശില്പയും മനുവേട്ടനും എന്നെ കണ്ടതും ഓടിവന്നു സംസാരിച്ചു. കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും വിജയ് സാർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ശില്പ അങ്ങോട്ട് പോയി. അപ്പൊ കാലൻ അകത്തുണ്ട്. ഞാൻ മനസ്സിലോർത്തു. മനുവേട്ടൻ അവിടുത്തെ ഓരോന്നും പറഞ്ഞു തന്നും ഓരോരുത്തരെയും പരിചയപ്പെടുത്തി തന്നും കൂടെതന്നെ ഉണ്ടായിരുന്നു. അന്ന് റെസ്റ്റോറന്റ്ൽ വെച്ച് കണ്ടതിനേക്കാൾ മനുവേട്ടൻ ഉന്മേഷവാനായിട്ടുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു.

കൂട്ടുകാരൻ മിണ്ടി തുടങ്ങിയതിന്റെ സന്തോഷം മനുവേട്ടന്റെ സംസാരത്തിലും പ്രവർത്തിയിലും കാണാമായിരുന്നു. അങ്ങനെ നിൽക്കുമ്പോളാണ് സാർ ചെല്ലാൻ പറഞ്ഞുന്നും പറഞ്ഞ് ശില്പ വന്നത്. സത്യം പറയാലോ അതങ്ങട് കേട്ടപ്പോൾ പണ്ട് വൈവയ്ക്ക് നമ്പറായപ്പോൾ വിളി വന്നതാണ് ഓർമ വന്നത്. അത്രയും നേരം പിടിച്ചു വെച്ചിരുന്ന ധൈര്യമൊക്കെ ചോർന്നു പോകുന്ന പോലെ. പോരാത്തതിന് ഗീതു പറഞ്ഞ കാലന്റെ വീരക്കഥകളാണ് മനസ്സിൽ തെളിഞ്ഞത്. ആ മൊതലിനെ ആദ്യമായിട്ട് കാണാൻ പോകുവാണ്. “അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊണ്ട് വന്നിട്ടുണ്ടല്ലോ ലെ. ” എന്റെ പരിഭ്രമം കണ്ട മനുവേട്ടൻ ചോദിച്ചു. “അതൊക്കെ ണ്ട്. പക്ഷെ എന്തോ ഒരു പേടി. ” ഞാൻ പറഞ്ഞു.

“ഗാഥ പേടിക്കണ്ട. രണ്ടാഴ്ച മുന്നേ ആയിരുന്നെങ്കിൽ ഈ പേടിക്കുന്നതിന് അർത്ഥമുണ്ട്. പക്ഷെ ഇപ്പൊ അത് വേണ്ട. ഇന്ന് ആ ക്യാബിനകത്ത് ഉള്ളത് എന്റെ പഴയ വിജയ് ആണ്. അതോണ്ട് ധൈര്യയിട്ട് കയറിക്കോ. വേണെങ്കിൽ ഞാനും കൂടെ വരാം. ന്താ? ” മനുവേട്ടനും കൂടെ വരാമെന്ന് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. “ധൈര്യയിട്ട് ചെല്ല്. ഇന്ന് സാർ ഭയങ്കര ഹാപ്പിയാണ്. അമ്പലത്തിലൊക്കെ പോയിട്ടുണ്ട് ന്ന് തോന്നുന്നു. നെറ്റിയിൽ കുറിയൊക്കെ ഇട്ട് സുന്ദരനായിട്ടുണ്ട്. ” ശില്പയായിരുന്നു. പിന്നെ സംസാരിക്കാൻ നിന്നില്ല. മനുവേട്ടന്റെ കൂടെ വിജയ് സാറിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. എന്നെ പുറത്തു നിർത്തി ആദ്യം മനുവേട്ടൻ അകത്തേക്ക് കയറിപോയി.

മാനേജിങ് ഡയറക്ടർ എന്ന് മാത്രം എഴുതിയ ബോർഡാണ് ഡോറിൽ വെച്ചിരിക്കുന്നത്. ക്യാബിൻ ഗ്ലാസല്ലാത്തത് കൊണ്ട് അകത്തു നടക്കുന്നതൊന്നും കാണാനില്ല. ഞാൻ അവിടമാകെ വീക്ഷിച്ചു കൊണ്ട് നിന്നു. വിജയ് സാറിന്റെ ക്യാബിന് കുറച്ചു അപ്പുറം മാറി കുറെ പേര് ജോലിയിൽ മുഴുകി കമ്പ്യൂട്ടറിൽ കണ്ണുംനട്ട് ഇരിക്കുന്നുണ്ട്. അവരെല്ലാം ശ്വാസം വിടുന്നുണ്ടോ ന്ന് പോലും സംശയമാണ്. ഇടയ്ക്കിടെ അവരുടെയെല്ലാം കണ്ണ് കോങ്കണ്ണാവുന്നുമുണ്ട്. എനിക്കത് കണ്ട് ചിരി വന്നു. പാവങ്ങൾ. കാലന്റെ തൊട്ട് അടുത്തല്ലേ സീറ്റ് അതാണ് ഈ ജോലിയിലുള്ള ആത്മാർത്ഥയ്ക്ക് കാരണം. അപ്പോഴാണ് ഡോർ തുറന്ന് മനുവേട്ടൻ തല പുറത്തേക്കിട്ട് എന്നെ വിളിച്ചത്. വേഗം പിറകെ വെച്ചുപിടിച്ചു. വലിയൊരു റൂം.

വളരെ വൃത്തിയായി വെച്ചിട്ടുണ്ട്. ടേബിളിൽ ആവശ്യത്തിന് മാത്രം വസ്തുക്കൾ. ഒരു ഫയൽ, അടച്ചു വെച്ചിരിക്കുന്ന ലാപ്ടോപ്, പേപ്പർ വെയിറ്റ്, പെൻ സ്റ്റാന്റ് പിന്നെ തിരിച്ചു വെച്ചിരിക്കുന്ന നെയിം ബോർഡ്. ബോർഡ് പോലെ തന്നെ ആളും തിരിഞ്ഞാണ് ഇരിക്കുന്നത്. വിജയ് സാറിനെ കാണാൻ ആറ്റ്നോറ്റ് വന്ന ഞാൻ കണ്ടത് അയ്യാളിരിക്കുന്ന ചെയറിന്റെ പുറംഭാഗം. ഒരാള് തന്റെ കമ്പനിയിൽ ജോയിൻ ചെയ്യാൻ വരുമ്പോൾ ചെയറിന്റെ പിൻഭാഗം കാണിച്ചാണോ അയ്യാളെ സ്വാഗതം ചെയ്യാ? എന്ത് സാധനമാ ഇത്. വെറുതെയല്ല ഗീതു ഓരോന്ന് പറയുന്നത്. ഇയ്യാള് നന്നായിന്നല്ലേ ഇവരൊക്കെ പറഞ്ഞത്. ഇതാണോ നല്ല സ്വഭാവം? എങ്കിൽ ഇയ്യാൾടെ മുന്നേത്തെ സ്വഭാവം എന്തായിരുന്നിരിക്കും? ഞാനോർത്തു.

ബോസായി പോയില്ലേ…. അതുകൊണ്ട് ചെന്നതും ഞാൻ വിജയ് സാറിനോട്‌ ഗുഡ് മോർണിംഗ് പറഞ്ഞു. ഭാഗ്യം തിരിച്ചും വിഷ് ചെയ്തു. അത്രമാത്രം. വേറൊന്നും എന്നോട് മിണ്ടിയില്ല. ബാക്കി ഫോര്മാലിറ്റിസെല്ലാം മനുവേട്ടനോട് ക്ലിയർ ചെയ്യാൻ പറഞ്ഞ് ഏല്പിച്ചു. ബോണ്ട്‌ പേപ്പറിൽ സൈൻ ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ മനുവേട്ടൻ തന്നെ പേപ്പേഴ്സ് സാറിനെ ഏല്പിച്ചു. മനുവേട്ടൻ തന്നെയാണ് പറഞ്ഞത് എന്റെ അവിടുത്തെ സേവനം മനുവേട്ടന്റെ കൈയ്യാളായിട്ടാണ് ന്ന്. എന്ന് വെച്ചാൽ അങ്ങേരുടെ അസിസ്റ്റന്റ്. അതേതായാലും നന്നായി. മനുവേട്ടന്റെ കൂടെയല്ലേ. സന്തോഷമായി ഗോപിയേട്ടാ. സന്തോഷമായി.

എന്നാലും ആ തിരുമോന്ത ഒന്ന് കാണാൻ…… മ്മ്മ്…. ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ. കാണാം. “വിജയ്.. എല്ലാം കഴിഞ്ഞു. ഷാൾ വീ….. ” മനുവേട്ടൻ പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ ഞങ്ങളുടെ മുന്നിലെ ആ ചെയറൊന്ന് കറങ്ങി. തിരിഞ്ഞുവന്ന ചെയറിൽ ഇരിക്കുന്ന ആളെ കണ്ട് ഞാനാകെ വിജ്രംഭിച്ചു പോയി. “ആനന്ദേട്ടൻ… !!!” ഞാനാ പേര് മനസ്സിലുരുവിട്ടു. ഒപ്പം എന്റെ തലയ്ക്ക് ചുറ്റും ആരൊക്കെയോ ചിറകിട്ടടിക്കുന്ന പോലൊരു ശബ്ദവും. ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് ഞാൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു. അതിനനുസരിച്ച് പതിയെ എന്റെ അധരങ്ങൾ തമ്മിൽ പരസ്പരം അകന്നു കൊണ്ടിരുന്നു. ആനന്ദേട്ടന് പക്ഷെ യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.

കൈവിരലുകൾ കോർത്തു പിടിച്ച് ടേബിളിൽ കൈയൂന്നി താടിക്ക് താങ്ങും കൊടുത്ത് പതിവ് ചിരിയോടെ എന്നെ നോക്കിയിരിക്കുകയായിരുന്നു ആനന്ദേട്ടൻ. മനുവേട്ടൻ ഒന്നും മനസിലാവാതെ എന്നെയും ആനന്ദേട്ടനെയും മാറി മാറി നോക്കുന്നത് കണ്ടു. ഇനി എനിക്ക് തോന്നിയതാവുമെന്ന് കരുതി മുന്നിൽ കാണുന്നത് വിശ്വസിക്കാനാവാതെ ഞാൻ നെറ്റി ചുളിച്ചു. എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയിട്ടെന്ന പോലെ ആനന്ദേട്ടൻ തന്റെ മുന്നിലെ നെയിം ബോർഡ് തിരിച്ചു വെച്ചുതന്നു.

അതിൽ സുവർണ്ണലിപികളിൽ എഴുതി വെച്ചിരിക്കുന്ന പേര് കണ്ട് കരയാണോ ചിരിക്കണോ എന്നറിയാതെ അങ്ങനെ നിന്നു പോയി. എന്റെ കണ്ണുകൾ ആ ബോർഡിൽ തന്നെ തറഞ്ഞു നിന്നു. ഞാനാ പേര് വീണ്ടും വീണ്ടും വായിച്ചുക്കൊണ്ടിരുന്നു. ” വിജയാനന്ദ് Managing Director “…”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 16

Share this story