തമസ്സ്‌ : ഭാഗം 1

തമസ്സ്‌ : ഭാഗം 1

എഴുത്തുകാരി: നീലിമ

“”” മോഹൻ…. ഇന്ന് ഹോട്ടലിൽ നിന്നും റെയ്ഡിൽ പിടിച്ച പെണ്ണുങ്ങളുടെ കൂട്ടത്തിൽ നിങ്ങളുടെ ഭാര്യയയും ഉണ്ടായിരുന്നു. “”” ഒന്ന് നിർത്തി SI വീണ്ടും പറഞ്ഞു. “”” ഓഹ് ക്ഷമിക്കൂ…. ഭാര്യ അല്ല മുൻഭാര്യ… അങ്ങനെ അല്ലേ പറയേണ്ടത്? “”” സ്നേഹ സംഭാഷണങ്ങൾക്ക് ശേഷം SI പറഞ്ഞ വാക്കുകൾ ജയ്മോഹന്റെ മനസ്സിനെ ആകെ ഒന്നുലച്ചു. SI യുടെ വാക്കുകളിൽ പരിഹാസം നിറഞ്ഞിരുന്നോ? ഏയ്…. അദ്ദേഹം ഒരിക്കലും അങ്ങനെ ഒരാളല്ല…. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചുറ്റുമുള്ളവരുടെ സംസാരത്തിലും ചിരിയിലുമൊക്കെ പരിഹാസം മാത്രമേ കാണാനാകുന്നുള്ളൂ…. അതൊരിക്കലും ആരുടേയും തെറ്റല്ല.

മനസ്സ് അസ്വസ്ഥമായിരിക്കുകമ്പോൾ അങ്ങനെയൊക്കെയേ തോന്നുള്ളൂ. SI യുടെ വാക്കുകൾ ഹൃദയത്തിൽ കൂരമ്പു പോലെയാണ് വന്ന് തറച്ചത്. ആദ്യ ഭാര്യ ലോക്കപ്പിൽ. അതും…… ചിന്ദിക്കാൻ പോലുമാകാതെ അവൻ തല കുടഞ്ഞു. “””സാർ ഒരു മിനിറ്റ് “”” SI യോട് പറഞ്ഞിട്ട് ഡൈനിങ്ങ് ടേബിളിൽ ഡിന്നർ കഴിക്കുകയായിരുന്ന മോളേ ഒന്ന് നോക്കി. ഫോണിന്റെ സ്പീക്കർ വലത് കൈ കൊണ്ട് പൊത്തിപ്പിടിച്ചു കുഞ്ഞിനോടായി പറഞ്ഞു. “””അച്ചായി ഇപ്പൊ വരാട്ടോ… അച്ചായിടെ കുഞ്ഞി കഴിച്ചോ…. “”” എഴുന്നേൽക്കാൻ തുടങ്ങിയ അയാളുടെ കയ്യിലേക്ക് ആ കുഞ്ഞ് കൈ മുറുകെ പിടിച്ചു. 6 വയസ്സ് പ്രായമുള്ള ഒരു സുന്ദരി മോള്…. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു…. “””അച്ചായി പോണ്ട… ഇവിടെ ഇരുന്നേ.. ..? “”‘”

“”” അച്ചായി ദേ ഈ അങ്കിളിനോട് സംസാരിച്ചിട്ട് വേഗം വരാം മോളൂ…. അമ്മമ്മ ഇരിക്കും മോളോടൊപ്പം “”‘” “””അമ്മമ്മ അല്ല അമ്മൂമ്മ “”” കുഞ്ഞു മുഖത്ത് പെട്ടെന്നാണ് ദേഷ്യം നിറഞ്ഞത്. “””ഹാ എന്നാൽ അങ്ങനെ…. അമ്മേ ഒന്ന് ഇവിടെ വന്നിരിക്കാവോ? “””” അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് അയാൾ കുഞ്ഞിന്റെ കവിളിൽ ഒന്ന് തഴുകി. പുറത്തേയ്ക്ക് നടക്കുന്നതിനിടെ വീണ്ടും ഫോൺ ചെവോയോട് ചേർത്തു. “””പറയൂ സാർ….. “”” “””മോഹൻ, നിങ്ങളുടെ വിഷമം എനിക്കറിയാം. ഇങ്ങനെ ഒരവസ്ഥയിൽ അവരെ കണ്ടപ്പോൾ…… “”” SI അർധോക്തിയിൽ നിർത്തി.

എന്തോ ആലോചിക്കുന്നത് പോലെ കുറച്ചു സമയം നിശ്ശബ്ദനായിരുന്നു. “””ഒരു അനോണിമസ് കാൾ വന്നിട്ടാണ് ഞങ്ങൾ ഹോട്ടലിലേക്ക് പോയത്. പല തവണ ആ ഹോട്ടലിനെക്കുറിച്ചു പരാതി വന്നിരുന്നു. ഒരു വമ്പന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആണ്. അതാണ്‌ ആരും ഇതുവരെ അടുക്കാതിരുന്നത്. ഇത്തവണ രണ്ടും കൽപ്പിച്ചാണ് പോയത്. കുറേ എണ്ണത്തിനെ കിട്ടി. ഒപ്പം, അവരെയും……….. അവരെ അവിടെ കണ്ടപ്പോൾ ആദ്യം ഞാനൊന്ന് ഞെട്ടി. എന്റെ ഒപ്പം ഉണ്ടായിരുന്ന വനിത സിവിൽ പോലീസ് ഓഫീസർ അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോ വാലാത്തൊരു ഭാവത്തോടെ അലറി കരയുന്നുണ്ടായിരുന്നു.

മുടിയൊക്കെ വലിച്ചു പറിച്ചു ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒക്കെ സ്വയം വലിച്ച് കീറുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയോ ആണ് സ്റ്റേഷനിൽ എത്തിച്ചത്. എനിക്ക് തോന്നുന്നത് അവർ മെന്റലി സ്റ്റേബിൾ അല്ല എന്നാണ്. ഒന്നുകിൽ അവരെ അവിടെ എത്തിച്ചത് തന്നെ ആ അവസ്ഥയിൽ ആയിരുന്നിരിക്കണം. അല്ലെങ്കിൽ അവിടെ വച്ച് അവർക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവരെ ആ അവസ്ഥയിൽ എത്തിച്ചതാവും. രണ്ടാമത് പറഞ്ഞതാകാനാണ് സാധ്യത. എന്തോ അവരോടെനിക്ക് സഹതാപം തോന്നിപ്പോയി…. മോഹൻ…… ചോദിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല…. നിങ്ങൾക്ക് ഒന്ന് ഇത് വരെ വരാമോ? നാളെ കേസ് ഫയൽ ചെയ്യണം. അതിന് മുന്നേ നിങ്ങൾക്ക് എത്താനായാൽ……..

അവരുടെ പേര് ഞാൻ ചേർക്കാതിരിക്കാം. അവർക്ക് സംഭവിച്ചതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ മോഹൻ……. അവർ ചെയ്ത തെറ്റുകൾ മാപ്പർഹിക്കുക്കതല്ല. അതെനിക്കും അറിയുന്നതാണ്. പക്ഷെ,,,, ഈ ഒരവസ്ഥയിൽ……. “”” “””ഞാൻ വരാം സാർ “”” SI പറഞ്ഞു നിർത്തുമ്പോൾ ഒരു മറുപടിയ്ക്കായി മോഹന് കാക്കണ്ടി വന്നില്ല. “””Ok മോഹൻ…. ഞാൻ ഇപ്പോൾ എറണാകുളത്തു ആണെന്ന് അറിയാല്ലോ? വരേണ്ട അഡ്രസ് ഞാൻ വാട്സ്ആപ്പ് ചെയ്യാം. രാവിലെ തന്നെ എത്തണം. താമസിച്ചാൽ പിന്നെ ഒന്നും എന്റെ കയ്യിൽ നിൽക്കില്ല. “”” “””ഞാൻ രാവിലെ എത്താം സാർ…. “””” കാൾ അവസാനിപ്പിച്ചപ്പോഴേയ്ക്കും മനസ്സിൽ പല വിധ ചിന്തകൾ നിറഞ്ഞിരുന്നു. ഇനി ഒരു കൂടിക്കാഴ്ച്ച……?

ഒരിക്കലും പ്രതീക്ഷിച്ചതല്ല… ആഗ്രഹിച്ചതുമല്ല. മൂന്ന് വർഷങ്ങൾക്കപ്പുറം ഒരു മൂന്ന് വയസുകാരിയെയും നെഞ്ചോടടക്കിപ്പിടിച്ചു പൊട്ടിക്കരയുന്ന കറുത്ത് മെലിഞ്ഞ മനുഷ്യന്റെ മുഖം മനസിലേയ്‌ക്കോടിയെത്തി. അവിടേയ്ക്ക് പോകാം എന്ന് പറയണമായിരുന്നൊ….? അവൾ അങ്ങനെ ഒരവസ്ഥയിൽ ആണെന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷം മനസ്സ് പതറിപ്പോയി. ഒരിക്കൽ ഹൃദയം നിറഞ്ഞു നിന്നവൾ……. സിരകളിൽ ഒഴുകുന്ന രക്തത്തിനു പോലും അവളോടുള്ള പ്രണയത്തോളം നിറമില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു മോഹൻ ഉണ്ടായിരുന്നു. എന്റെ ഓരോ ദിവസവും ഉദിക്കുന്നതും അസ്തമിക്കുന്നതും അവൾക്ക് വേണ്ടിയാണെന്ന് ആ കാതിൽ മന്ത്രിച്ചിരുന്ന ഒരു മോഹൻ ഉണ്ടായിരുന്നു. ജാനിയുടെ മാത്രം ജയേട്ടൻ……..

അയാൾ മരിച്ചിട്ട് മൂന്ന് വർഷങ്ങൾ ആകുന്നു. ആ ജയ് മോഹന്റെ ആത്‌മാവ്‌ പൂർണമായും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. അതല്ലേ ഇപ്പൊ വീണ്ടും അവളെ കാണാനായി ഇത്രയും ദൂരം………… “””അച്ചായി……….. “”” ഉറക്കെയുള്ള കുഞ്ഞിയുടെ വിളി അയാളെ ചിന്തകളിൽ നിന്നും ഉണർത്തി. “””കുഞ്ഞി എപ്പളെ നോക്കണ്‌… അച്ചായി ഇവിടെ ഇരിക്കുവാണോ? “”” ചോദ്യത്തോടൊപ്പം ഓടി വന്ന് മടിയിൽ ഇരുന്നു കഴിഞ്ഞു ആ കാന്താരി. “””അയ്യേ… അച്ചായി കരയുവാണോ?. എന്തിനാ ഇപ്പൊ കരയാണത്? “”” കുഞ്ഞി കൈകൾ ഉയർത്തി കണ്ണുകളിൽ ഊറി നിന്ന കണ്ണുനീർ തുള്ളികൾ അവൾ തുടച്ചു മാറ്റി. ആ കുഞ്ഞ് മുഖം കൈകുമ്പിളിൽ എടുത്ത് കുഞ്ഞിക്കണ്ണുകളിലേയ്ക്ക് അയാൾ ഉറ്റു നോക്കി.

“”” അച്ചായീടെ കുഞ്ഞിക്ക് അമ്മേ കാണണോ? “””” കുഞ്ഞിക്കണ്ണുകളിലെ തിളക്കം മങ്ങിയതും മുഖമിരുണ്ടതും പെട്ടെന്നായിരുന്നു. “””കുഞ്ഞിക്ക് അച്ചായി മാത്രേ ഉളളൂ… അമ്മ ഇല്ലല്ലോ……… “”” അയാൾ ആ കുഞ്ഞ് കവിളുകളിൽ തഴുകി വീണ്ടും പറഞ്ഞു. “””അങ്ങനെ അല്ല മോളേ……. മോൾക്ക് അമ്മയെ കാണാൻ തോന്നാറേ ഇല്ലേ? “”” “””അച്ചായ്ക്ക് തോന്നാറില്ലേ? “””” ആ കുഞ്ഞിൽ നിന്നും വന്നത് ഒരു മറു ചോദ്യമായിരുന്നു. അതയാൾ തീരെ പ്രതീക്ഷിച്ചതുമില്ല. മറുപടി അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. “”” എനിക്ക് തോന്നീട്ടില്ല. അമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് അച്ഛായീം അച്ചായിക്ക് ഞാനും മാത്രേ ഉള്ളുന്നു……..കുഞ്ഞിക്ക് അമ്മ ഇല്ലാന്ന്….. അമ്മ ചീത്തയാണെന്നു……. അത് മതി. എനിക്ക് അച്ചായി മാത്രം മതി.

“”” കുഞ്ഞി കൈ കൊണ്ട് അയാളെച്ചുറ്റിപ്പിടിച്ചു അവൾ അത് പറഞ്ഞപ്പോൾ അയാളും അവളെ ഇരുകൈകളും കൊണ്ടും നെഞ്ചിലേക്ക് മുറുകെ ചേർത്തു പിടിച്ചു നെറുകയിൽ മുകർന്നു. എനിക്കും നീ മാത്രം മതി എന്ന് പറയാതെ പറയും പോലെ………. “””അച്ചായി… കുഞ്ഞിക്ക് ഉറക്കം വരുന്നു…. പാടിതരാവോ? “”” കൊഞ്ചലോടെ അവൾ ചോദിക്കുമ്പോൾ അയാൾ ഈണത്തിൽ പാടിത്തുടങ്ങി…. 🎵🎵ഓമനത്തിങ്കൽ കിടാവോ…. നല്ല കോമളത്താമരപ്പൂവോ? പൂവിൽ നിറഞ്ഞ മധുവോ? പരി പൂർണേന്തു തന്റെ നിലാവോ… 🎵🎵 അവൾ കുഞ്ഞിക്കൈകൾ കൊണ്ട് അയാളെ ഇറുകെ പുണർന്നു ആ നെഞ്ചോരം പറ്റി ചേർന്ന് കിടന്നു.

എന്നും ഇങ്ങനെയാണ്…… അവളുടെ കട്ടിൽ തന്റെ ഈ നെഞ്ചാണ്….. ഇവിടെ ഇങ്ങനെ ചേർന്ന് കിടന്ന് ഉറങ്ങാനാണ് അവൾക്കിഷ്ടം. ഒപ്പം പാട്ടോ കഥയോ വേണം….. അവളും അങ്ങനെ തന്നെ ആയിരുന്നു…… ജാനി…….. ചിന്തകളിൽ അയാളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു. കുഞ്ഞി മിഴികളെ നിദ്ര പൂർണമായും കീഴടക്കി എന്നുറപ്പായ ശേഷം അയാൾ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു ബെഡിലേയ്ക്ക് നടന്നു. ബെഡിൽ കിടത്തി നന്നായി പുതപ്പിച്ചു. നെറുകയിൽ മൃദുവായി ഒരു മുത്തം നൽകി. കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. ഡൈനിങ്ങ് റൂമിൽ എത്തുമ്പോൾ മറ്റുള്ളവർക്കുള്ള ആഹാരം എടുത്ത് വയ്ക്കുകയായിരുന്നു ജയശ്രീ …. “””” കുഞ്ഞി ഉറങ്ങിയോ മോനേ?””””

“”””ഉറങ്ങി അമ്മേ…. അച്ഛൻ എവിടെ? “””” “”””ബേക്കറിയിലേയ്ക്കും കടയിലേയ്ക്കും സാധനങ്ങൾ എടുക്കേണ്ടത് നാളെയല്ലേ? ലിസ്റ്റ് തയ്യാറാക്കുകയാണെന്നു തോന്നുന്നു. മോൻ ഇരിക്ക്…… ഭക്ഷണം എടുക്കാം…. “”” “””അച്ഛനും കൂടി വരട്ടെ അമ്മേ… “”” “””അച്ഛനെ ഞാൻ വിളിക്കാം… മോൻ ഇരിക്ക് “”” ജയശ്രീ പ്ലേറ്റ് നിവർത്തി അതിലേയ്ക്ക് ചപ്പാത്തിയും കറിയും വിളമ്പി. “”””അച്ഛനോട് സാധനങ്ങൾ എടുക്കാൻ നാളെക്കഴിഞ്ഞു പോകാം എന്ന് പറയമ്മേ…. നാളെ എനിക്ക് ഒപ്പം പോകാൻ കഴിയില്ല. അച്ഛൻ ഒറ്റയ്ക്ക് പോകേണ്ടി വരില്ലേ? “””” “”””എന്ത് പറ്റി മോനേ? “””” “”””എനിക്ക് ഒന്ന് എറണാകുളം വരെ പോകണം അമ്മേ…. “”” ജയശ്രീ മുഖമുയർത്തി അവനെ നോക്കി. “”””അവിടെ എന്താ മോനേ? “”””

“”””ഒരത്യാവശ്യം ഉണ്ടമ്മേ…. ഞാൻ തിരികെ വന്നിട്ട് പറയാം. ഇന്ന് തന്നെ പോകണം. കുറച്ചു കഴിഞ്ഞിട്ട്….. അമ്മ ഒന്ന് മോളോടൊപ്പം കിടക്കണേ…. രാവിലെ ഞാൻ നേരത്തേ ബേക്കറിയിലേക്ക് പോയി എന്ന് പറഞ്ഞാൽ മതി. ഇല്ലെങ്കിൽ എഴുന്നേൽക്കുമ്പോൾ മുതൽക്കേ പിണങ്ങാൻ തുടങ്ങില്ലേ? “””” “”””അതൊക്കെ ഞാൻ നോക്കിക്കോളാം…. മോൻ ഒറ്റയ്ക്കാണോ പോകുന്നത്? “””” “”””മ്മ്…. “””” ചപ്പാത്തി കറിയിൽ മുക്കി വായിൽ വയ്ക്കുന്നതിനിടയിൽ അവൻ വെറുതെ ഒന്ന് മൂളി. “”””ഒറ്റയ്ക്ക് പോകുവാണോ? അതും ഇത്രേം ദൂരം? രാത്രിയില്….? വേണ്ട മോനേ….മോൻ ആൽവിനെക്കൂടി വിളിയ്ക്ക്.

“””‘ ആൽവി എന്ന ആൽവിൻ ജോസഫ് …. മോഹന്റെ അടുത്ത സുഹൃത്ത്‌… ഒന്നിച്ചു കളിച്ചു വളർന്നവർ…….. അതിനും മറുപടി ഒരു മൂളലിൽ ഒതുക്കി. എന്തോ ആലോചനയിലാണ് മോഹൻ എന്ന് തോന്നി ജയശ്രീയ്ക്ക്… പാവം ഈ പ്രായത്തിനിടയിൽ എന്തൊക്കെ സഹിച്ചു? അതും തങ്ങളുടെ മകൾ കാരണം……… ഓർത്തപ്പോൾ ഉള്ളിൽ മകളെക്കുറിച്ചു തോന്നിയ ദേഷ്യം ഇരട്ടിച്ചു ജയശ്രീയ്ക്ക്. വേഗം കഴിച്ച് എഴുന്നേറ്റു കൈ കഴുകി മോഹൻ റൂമിലേയ്ക്ക് നടന്നു. മൊബൈൽ കയ്യിലെടുത്തു ഒരു നിമിഷം ചിന്ദിച്ചിരുന്നു. അമ്മ പറഞ്ഞത് പോലെ ആൽവിയെ ഒപ്പം കൂട്ടാം… ഒരു രാഷ്ട്രീയക്കാരൻ ഒപ്പം ഉള്ളത് ഒരു ബലം തന്നെയാണ്.

തന്റെ ജീവിതം അവനും അറിയുന്നതാണല്ലോ? അവനല്ലേ തന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയിട്ടുള്ളത്. പക്ഷെ അവളെ വീണ്ടും കാണാൻ പോകുന്നു എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കുമോ? മിക്കവാറും നല്ല ചീത്ത കേൾക്കും. എന്നാലും ഒടുവിൽ സമ്മതിക്കും…. അവനോളം എന്നെ അറിഞ്ഞ വേറെ ആരുണ്ട്?. എന്റെ അമ്മ അല്ലാതെ………… ഓരോന്ന് ചിന്തിച്ചു കൊണ്ടാണ് ആൽവിയുടെ നമ്പറിലേയ്ക്ക് വിളിച്ചത്. ആദ്യത്തെ ബെല്ലിൽ തന്നെ കാൾ എടുത്തു. “””എന്താ മോഹൻ …….? ഈ സമയത്ത് ഇങ്ങനെ ഒരു വിളി പതിവില്ലല്ലോ? “”” “””അത്… പിന്നെ… എടാ…. “””

അവനോട് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ മോഹൻ ഒന്ന് അറച്ചു… “””എന്താടാ കാര്യം? എനിതിങ് സീരിയസ്? “”” “””മ്മ്…. നമ്മുടെ SI ശരത് കുമാർ വിളിച്ചിരുന്നു… “”” “””SI ശരത് കുമാർ? “”” “””മ്മ്… നമ്മുടെ കാഞ്ഞിരം കുളത്തെ പഴയ SI “”” “”₹ഓ… ആയാളോ? അയാളിപ്പോ അവിടുന്ന് മാറിയില്ലേ? “”” “””അതേ… ആളിപ്പോ എറണാകുളത്താണ്…. പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്ന കേട്ടത്. ഏതോ വമ്പനെ കുടുക്കാൻ നോക്കിയതാ… അവിടുന്ന് തട്ടി.””” “”അയാളിപ്പോ എന്തിനാ വിളിച്ചത്? “” “” അത്… ജാനകി സ്റ്റേഷനിൽ ഉണ്ടെന്ന്….. ഏതോ ഹോട്ടൽ റെയ്‌ഡിൽ……. “”” ബാക്കി പറയാനാകാതെ മോഹൻ ഒന്ന് നിർത്തി.

“””ആഹാ…. അത് കലക്കി….. ഇതാണെടാ പറയണത് ദൈവം ഉണ്ടെന്ന്….. അപ്പൊ മറ്റവൻ…..? “”” “” അതൊന്നും അറിയില്ലെടാ…… പക്ഷെ SI പറഞ്ഞത് അത്ര നല്ലതോന്നുമല്ലായിരുന്നു…. “”” “””അതെന്താ? “”” “””അവൾ മെന്റലി സ്റ്റേബിൾ അല്ല എന്ന പറഞ്ഞത്… “”” “””ആഹാ… അപ്പൊ വട്ട്…. “”” “””അങ്ങനെ പറഞ്ഞില്ല…. “”” “””ഹാ… മെന്റലി unstable എന്ന് പറഞ്ഞാൽ വട്ടല്ലാതെ പിന്നെ എന്താടാ? പക്ഷെ, അത് വേണ്ടായിരുന്നു… അവള് ബോധത്തോടെ ഇരിക്കണമായിരുന്നു….. സ്വബോധത്തോടെയാണ് അവള് നരകിക്കേണ്ടിയിരുന്നത്… ഇതിപ്പോ അവൾക്കൊരു രക്ഷപെടലല്ലേ? “”” “”” ഡാ… മതി….. “”” “””ഓഹ്… ഇപ്പോഴും നിന്റെ സെന്റിമെന്റ്സ് ? നീ ഒരിക്കലും നന്നാവില്ലെടാ…..””” “””ഡാ… നമുക്ക്…. ഒന്നവിടം വരെ പോയാലോ? “””

“”” നീ ഇത് തന്നെ ചോദിക്കും എന്നെനിക്കറിയാം….. ഇത്രയും ഒക്കെ ചെയ്‌തിട്ടും ഇപ്പോഴും നിനക്ക് അവളോട് പ്രേമം ആണോടാ? കഷ്ടം….. അന്ന് ഇവിടെ കിടന്നു നിലവിളിച്ചതും ഇത്ര നാളും ഉരുകി ഉരുകി തീർന്നതുമൊക്കെ ഞങ്ങളല്ലേ കണ്ടത്? ആ അവളെ തിരികെ വിളിക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ നീ എന്നെ പ്രതീക്ഷിക്കണ്ട……”””” ആൽവിന്റെ സ്വരത്തിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു. “”” അതൊന്നും അല്ലേടാ…. ഒരിക്കലും അവളിനി എന്റെ ഭാര്യയായി എന്റെ ജീവിതത്തിലേയ്ക്ക് മടങ്ങി വരില്ല…. പക്ഷെ….”””” “”””അപ്പോഴും പക്ഷെ എന്തിന് ? “””” “”””അവൾക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ലല്ലോ ഡാ ? ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്ന് നിനക്ക് അറിയാല്ലോ?

സ്നേഹത്തോടെ അല്ലാതെ അവൾ എന്നോട് പെരുമാറിയിട്ടുമില്ല. പിന്നെ എന്തിന് അവൾ……???? എനിക്കതറിയണം……നീ ഒന്ന് കൂടെ വാടാ… ഞാൻ ഒറ്റയ്ക്ക്…….? “””” “”””കഴിഞ്ഞ് മൂന്ന് വര്ഷങ്ങളായി നിന്റെ വേദന ഞാൻ കാണുവല്ലേ? എല്ലാം ഒന്ന് മറന്നു തുടങ്ങിയതല്ലേ നീ? വേണ്ടെടാ…. മറന്നു തുടങ്ങിയതൊന്നും ഇനി ഓർക്കേണ്ട……”””” “”””കഴിയുന്നില്ലെടാ….. എന്തൊക്കെ പറഞ്ഞാലും അവൾ കുഞ്ഞീടെ അമ്മ അല്ലാതാകില്ലല്ലോ? “””” “”””നിന്നെ ഇനി എന്ത് പറഞ്ഞു മനസിലാക്കിക്കും എന്നെനിക്കറിയില്ല. “””” കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം ആൽവി വീണ്ടും പറഞ്ഞു.

“”””ഹാ.. ഞാൻ നിന്നോടൊപ്പം വരാം… ഒരു കാര്യം ഞാൻ പറയാം. ഇനിയും അവളെ ഒപ്പം കൂട്ടാനാണ് നിന്റെ ഉദ്ദേശം എങ്കിൽ… പോന്നു മോനേ… എന്റെ തനി കൊണം നീ അറിയും….പിന്നെ ഒന്നിനും നിന്നോടൊപ്പം ഞാൻ ഉണ്ടാകും എന്ന് നീ കരുതണ്ട. “”” “””ഇല്ലെടാ… ഞാൻ വാക്ക് തരുന്നു. നീ ഒന്ന് കൂടെ വാ…. “”” “”””മ്മ്… ഞാൻ വരാം. അവളെ ഈ അവസ്ഥയിൽ എനിക്കും ഒന്ന് കാണണം. ഒരു ഒൺ അവറിനുള്ളിൽ ഞാൻ വരാം. നീ റെഡി ആയി നിൽക്ക് “””” കാൾ അവസാനിപ്പിച്ചു കുറച്ച് സമയം മോഹൻ ഫോൺ കയ്യിൽ പിടിച്ചു നിന്നു. കഴിയുന്നില്ലല്ലോ ജാനി………. നിന്നെ മറന്നു തുടങ്ങി എന്ന് ഞാൻ വിശ്വസിച്ചിരുന്നത് വെറുതെ ആയിരുന്നോ? എന്തിനായിരുന്നു ജാനി നീ എന്നെ വിട്ടു പോയത്? ജീവനായിരുന്നില്ലേ നീ എന്റെ?

എന്റെ പ്രാണൻ……. മറ്റൊരുവന്റെ കയ്യിൽ മുറുകെ പിടിച്ചു എന്റെ മുഖത്ത് പോലും നോക്കാതെ എന്നെ വേണ്ട എന്ന് നീ പറഞ്ഞ നിമിഷം എന്റെ ഹൃദയം നിലച്ചു പോയി എന്നാണ് ഞാൻ കരുതിയത്. ആ നിമിഷം മരിച്ചു പോയെങ്കിൽ എന്ന് കൊതിച്ചിരുന്നു ഞാൻ…… ചുറ്റുമുള്ള എല്ലാപേരും എന്തിന് എന്റെ മനസ്സ് പോലും നിന്നെ കുറ്റപ്പെടുത്തിയപ്പോഴും എന്റെ ഹൃദയം നിന്നെ ന്യായീകരിക്കുകയായിരുന്നു. മറിച്ചു ചിന്ദിക്കാൻ എങ്ങനെ എന്റെ ഹൃദയത്തിനു കഴിയും ജാനി? നീ പോലും പറഞ്ഞിരുന്നില്ലേ എന്റെ ഹൃദയം മുഴുവൻ നീയാണെന്ന്…? എന്നിട്ടും നീ മറ്റൊരുവനൊപ്പം പോയി…… എന്നെ ഉപേക്ഷിച്…… എന്തായിരുന്നു ജാനി നീ എന്നിൽ കണ്ട കുറവ്? എല്ലാപേരും പറയുന്നത് പോലെ എന്നേക്കാൾ സൗന്ദര്യവും സമ്പത്തും ഉള്ള ഒരാളെ കണ്ടപ്പോൾ നീ എന്നെ തഴഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

ഉറക്കെ കരയുന്ന കുഞ്ഞിയെപ്പോലും തിരിഞ്ഞു നോക്കാതെ നീ നടന്നകന്നപ്പോൾ…. അന്ന് മരവിച്ചതാണ് എന്റെ മനസ്സ്. വീണ്ടും എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് കുഞ്ഞിയാണ്… അവൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ……. എന്റെ നെഞ്ചോട് ചെവി ചേർത്തു കിടന്നു നിങ്ങളുടെ ഹൃദയ താളം കേൽക്കാതെ ഞാൻ എങ്ങനെ ഉറങ്ങും ജയേട്ടാ എന്ന് പറഞ്ഞിരുന്ന നീ ……. ഓർമ്മകൾ മരിക്കുന്നില്ലല്ലോ ജാനി….. കണ്ണുകൾ അടച്ച് ഇരു കൈകളിലും തല താങ്ങി മോഹൻ ചെയറിലേയ്ക്കിരുന്നു. അയാൾ ഇറുകെ പൂട്ടിയ മിഴിക്കോണിൽ നിന്നും രണ്ട് തുള്ളി അടർന്നു നിലത്തേക്ക് വീണു. തുടരും

Share this story