അഞ്ജലി: ഭാഗം 14

Share with your friends

എഴുത്തുകാരി: പാർവ്വതി പിള്ള

മൂർത്തി സർ പിന്നീട് പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് അഞ്ജലിക്ക് ഒരുവേള തന്റെ ശ്വാസം നിന്ന് പോകുമെന്ന് തോന്നി.. പാലത്തിന്റെ കൈവരി തകർത്തുകൊണ്ട്പുഴയിലേക്കാണ് കാർ മറഞ്ഞിരിക്കുന്നത്. നല്ല മഴയും പുഴയിൽ ശക്തമായ ഒഴുക്കും ഉള്ളത് കാരണം തിരച്ചിൽ നടത്തിയിട്ടും ആർക്കും കണ്ടെത്താനായിട്ടില്ല. അഞ്ജലിക്ക് ശരീരത്തിന് ബലം നഷ്ടപ്പെടുന്നത് പോലെ തോന്നി. മേഘപാളികൾ ക്കിടയിൽ ഒരു പഞ്ഞിക്കെട്ടുപോലെ ഒഴുകി നടക്കുന്നതുപോലെ. ശരീരത്തിന്റെ ബലം നഷ്ടപ്പെട്ട് നിലത്തേക്ക് പതിക്കുമ്പോൾ അനങ്ങാതെ കിടക്കുന്ന അമ്മയുടെ മുഖം കണ്ട് ഉണ്ണിക്കുട്ടൻ അലറി കരയുന്നുണ്ടായിരുന്നു.

നാലു ദിവസങ്ങൾക്കുശേഷം അഴുകിയ നിലയിലുള്ള അനന്തന്റെ ജഡം കിട്ടി എന്നുള്ള വിവരം പോലീസ് വിളിച്ച് അറിയിച്ചപ്പോൾ നിർവികാരതയോടെ ഒരു തുള്ളി കണ്ണുനീർ പോലും വാർക്കാനാവാതെ അഞ്ജലി ഇരുന്നു. അനന്തന്റെ ബോഡി ഐഡന്റിഫൈ ചെയ്യാനായി മൂർത്തി സാറാണ് പോയത്. ശരീരഭാഗങ്ങൾ ഓരോന്നും അഴുകി ചീർത്ത നിലയിൽ ഉള്ള അനന്തനെ കണ്ട് അയാൾ പൊട്ടിക്കരഞ്ഞു. വികൃതമായ ആ ശരീരം തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു. ആർക്കും വിശ്വസിക്കാൻ ആവുന്നുണ്ടായിരുന്നില്ല അനന്തന്റെ വിയോഗം. എല്ലാകാര്യത്തിനും മൂർത്തി സാർ മുൻകൈ എടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടു കിട്ടിയ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഒരിറ്റു കണ്ണുനീർ പോലും പൊഴിക്കാതെ അഞ്ജലി ഇരുന്നു.

അവസാനമായി തന്റെ ജീവന്റെ മുഖം പോലും ഒരു നോക്ക് കാണാൻ ആവാത്ത ഹതഭാഗ്യയായ ഒരു സ്ത്രീയായി മാറി അവൾ. അനന്തന്റെ മൃതദേഹത്തിനരികിൽ വച്ചിരുന്ന വലിയ ഫോട്ടോയിൽ നോക്കി ഉണ്ണിക്കുട്ടൻ അച്ഛേ എന്ന് വിളിച്ചപ്പോൾ കണ്ട് നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒടുവിൽ അനന്തന്റെ മൃതദേഹം ചിതയിലേക്ക് എടുക്കാൻ സമയമായപ്പോൾ കർമ്മം ചെയ്യാൻ ഉണ്ണികുട്ടനെ മൂർത്തി സാർ കൈകളിലേക്ക് വാങ്ങി. ഉണ്ണിക്കുട്ടനും ആയി വെളിയിലേക്ക് ഇറങ്ങിയ മൂർത്തി സാറിനെ അരികിലേക്ക് അഞ്ജലി പാഞ്ഞടുത്തു. അവൾ മൂർത്തി സാറിന്റെ കയ്യിൽ നിന്നും ഉണ്ണിക്കുട്ടനെ തട്ടിപ്പറിച്ചു. പിന്നെ അവനെ തന്റെ നെഞ്ചോട് ചേർത്തു. ഒരു ഭ്രാന്തിയെപ്പോലെ തല ഇരുവശം വെട്ടിച്ചു.

ഞാൻ തരില്ല അങ്കിളെ എന്റെ മോനെ. ഇതിനു വേണ്ടിയാണോ എനിക്ക് അനന്തേട്ടൻ ഇവനെ തന്നത്. ഞാൻ തരില്ല എന്റെ ഉണ്ണിക്കുട്ടനെ. അവൾ ഒരു ഭ്രാന്തിയെ പോലെ വീണ്ടും വീണ്ടും അവനെ വരിഞ്ഞുമുറുക്കി. ഇതുവരെ കാണാത്ത ഭാവത്തോടെ ഉള്ള അമ്മയുടെ രൂപം കണ്ട് ഉണ്ണിക്കുട്ടൻ ഭയത്തോടെ അച്ഛ എന്ന് വിളിച്ച് അലറിക്കരഞ്ഞു. അതുവരെ ഒന്ന് കരയുക പോലും ചെയ്യാതെ സകല ദുഃഖങ്ങളും നെഞ്ചിലൊതുക്കി പിടിച്ച അഞ്ജലി ബോധരഹിതയായി നിലത്തേക്ക് പതിച്ചു. വലിയ വായിൽ ഉറക്കെ കരയുന്ന ഉണ്ണിക്കുട്ടനെ നെഞ്ചോട് ചേർത്തുപിടിച്ചു ദേവമ്മ. ഒടുവിൽ ആ കുഞ്ഞു കൈകൾ കൊണ്ട് അച്ഛന് അന്ത്യകർമ്മങ്ങൾ ചെയ്തു അവൻ. ഇനി ഒരിക്കലും തന്റെ അച്ഛനെ കാണാൻ പറ്റില്ലെന്ന് അറിയാതെ.

ദിവസങ്ങൾ കടന്നു പോകവേ അഞ്ജലി ഡിപ്രഷൻ സ്റ്റേജിലേക്ക് മാറുകയായിരുന്നു. തന്റെ മുൻപിൽ തന്നെ മാത്രം നോക്കിയിരിക്കുന്ന ഉണ്ണിക്കുട്ടനെ പോലും അവൾ അറിയുന്നുണ്ടായിരുന്നില്ല. അനന്തന്റെ മരണത്തിനുശേഷം ആതി തിരികെപോയിട്ടുണ്ടായിരുന്നില്ല. ഒരുവിധം എഴുന്നേറ്റ് ഇരിക്കാൻ തുടങ്ങിയ അച്ഛനെയും ആതി അഞ്ജലിയുടെ അരികിൽ ആക്കി. മൂർത്തി സാർ അഞ്ജലിയുടെ സുഖവിവരം അറിയാൻ വേണ്ടി എത്തിയതാണ് വീട്ടിൽ. അഞ്ജലി മോളെ ഇങ്ങനെ ഇരുത്തിയാൽ ശരിയാവില്ല മോളെ. നമുക്ക് ഏതെങ്കിലും നല്ല ഡോക്ടറെ കാണിക്കണം. ഉണ്ണിക്കുട്ടന് ഇനി അഞ്ജലി മോൾ മാത്രമേ ഉള്ളൂ.

മൂർത്തി സാറിന് പരിചയമുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്കാണ് അഞ്ജലിയെ കൊണ്ടുപോയത്. ഡോക്ടർ പ്രകാശ് ബാബു. ആറുമാസം നീണ്ട ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോൾ അഞ്ജലിയെ പഴയ രീതിയിലേക്ക് കൊണ്ടുവന്നു ഡോക്ടർ പ്രകാശ് ബാബു. ഒരിക്കലും അനന്തന്റെ വിയോഗം അവൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ തന്റെ മകനുവേണ്ടി അവൾ മനസ്സിന് കരുത്ത് കൊടുത്തു. ജീവിക്കണം അവനുവേണ്ടി മാത്രം. അനന്തേട്ടൻ പടുത്തുയർത്തിയ സാമ്രാജ്യം അതേപോലെ നിലനിർത്തണം. അവൾ തന്റെ പ്രാണന്റെ ഫോട്ടോയിലേക്ക് നോക്കി. ഇതിനു വേണ്ടി ആയിരുന്നോ അനന്തേട്ടാ എന്നെ ടെക്സ്റ്റൈൽസ് ചുമതല ഏൽപ്പിച്ചത്.

ഓരോന്നും പഠിപ്പിച്ച് തന്നത്. മുൻകൂട്ടി അറിഞ്ഞിരുന്നുവോ ഇത്. എന്തിനാ ഈ പാവം പെണ്ണിനെ തനിച്ചാക്കി പോയത്. അവൾ ബെഡിലേക്ക് വീണ് മുഖമമർത്തി കരഞ്ഞു. വയ്യാ അനന്തേട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല. അവൾ വിങ്ങിക്കരഞ്ഞു. അവളുടെ മനസ്സിൽ കൂടി അനന്തനും ഒരുമിച്ചുള്ള നല്ല നിമിഷങ്ങൾ കടന്നു പോയി. കൊതിയാവുന്നു ഏട്ടാ.ആ മാറിൽ ഒന്നുചേരാൻ. ഒരേ ഒരു വട്ടം കൂടി. അവൾ വേഗം ചാടിയെഴുന്നേറ്റു. കബോർഡ് തുറന്നു അവസാനമായി അനന്തൻ ഇട്ടിട്ടു പോയ ടീ ഷർട്ട് എടുത്ത് മുഖത്തേക്കു അടുപ്പിച്ചു. ശ്വാസം ആഞ്ഞുവലിച്ചു. അനന്തന്റെ വിയർപ്പുമണം അവളുടെ നാസികയിലേക്ക്തുളച്ചുകയറി. അവനെ ഒന്ന് കാണാൻ അവന്റെ നെഞ്ചോടു ചേരാൻ അവളുടെ മനം വല്ലാതെ കൊതിച്ചു.

അപ്പോഴാണ് അമ്മ എന്ന വിളിയോടെ ഉണ്ണിക്കുട്ടൻ അവളുടെ കാലുകളിൽ ചുറ്റി പിടിച്ചത്. അനന്തന്റെ ടീഷർട്ട് ഭദ്രമായി മടക്കി കബോർഡിൽ വെച്ചതിനു ശേഷം അവൾ ഉണ്ണിക്കുട്ടനെ വാരിയെടുത്തു. അമ്മയുടെ മുത്തേ… അവനെ തെരുതെരെ ചുംബിച്ചു. അവനെയും മാറോടടക്കി പിടിച്ച് ബെഡി ലേക്ക് കിടക്കവേ ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒഴുകി ഇറങ്ങി. എന്നും ദുഃഖം ആണല്ലോ തനിക്ക്. ആദ്യം അച്ഛനെ തളർത്തി. പിന്നെ അമ്മയുടെ മരണം. ഇപ്പോൾ തന്റെ പ്രാണൻ. ഇത്ര പാപിയാണോ താൻ. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. അനന്തന്റെ മരണ ശേഷം ഇന്നാണ് അഞ്ജലി ഷോപ്പിലേക്ക് പോകാനായി ഇറങ്ങിയത്. മൂർത്തി സാർ പറയുന്നത് കേട്ടു എല്ലാം താറുമാറായി കിടക്കുകയാണെന്ന്.

പാടില്ല എല്ലാം പഴയ രീതിയിൽ ആക്കണം. പെട്ടെന്ന് സാരി ഞൊറിഞ്ഞു ഉടുത്തു. മുടി ഒതുക്കി കെട്ടി. അറിയാതെ അവളുടെ കൈ നെറുകയിൽ ഇടാനുള്ള സിന്ദൂരത്തിലേക്ക് നീങ്ങി. ഒരു വിങ്ങലോടെ പിന്നെ കൈ പിൻവലിച്ചു. അനന്തന്റെ ഫോട്ടോയുടെ മുൻപിൽ ചെന്ന് നിന്നു അവൾ. അനന്തേട്ടാ ഞാൻ ഇറങ്ങുകയാണ്. ഒറ്റയ്ക്കാണ്. കൂടെ വേണം. അവൾ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. മൂർത്തി സർ പറഞ്ഞത് സത്യമായിരുന്നു എല്ലാം നിലതെറ്റി തുടങ്ങിയിരുന്നു. ആദ്യം അഞ്ജലി ടെക്സ്റ്റൈൽസിലേക്കാണ് കയറിയത്. കാരണം അവൾക്ക് അവിടുത്തെ കാര്യങ്ങൾ കാണാപ്പാഠം ആയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ടെക്സ്റ്റൈൽസ് സാധാരണനിലയിലേക്ക് കൊണ്ടുവരാൻ അവൾക്ക് കഴിഞ്ഞു.

പക്ഷേ ജുവല്ലറിയിലേക്ക് ചെന്നപ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ. എത്രയൊക്കെ കൂട്ടിയിട്ടും കൂടാത്ത പോലെ. താൻ വീണ്ടും പഴയ സ്റ്റേജിലേക്ക് പോകും എന്ന് പോലും അവൾക്ക് ഭയം തോന്നി. പക്ഷേ എല്ലാത്തിനും കൂട്ടായി താങ്ങും തണലുമായി മൂർത്തി സാറും ആതിയും അവളുടെ ഒപ്പമുണ്ടായിരുന്നു. മെല്ലെ അഞ്ജലി ഒരു കരുത്തുറ്റ സ്ത്രീയായി മാറുകയായിരുന്നു. ആരെയും കാത്തു നിൽക്കാൻ ഇല്ലാത്തതുപോലെ മാസങ്ങൾ കടന്നുപോയി. അച്ഛയെ മാത്രം വിളിച്ചു നടന്ന ഉണ്ണിക്കുട്ടനും മെല്ലെമെല്ലെ ആ വിളി ഫോട്ടോ കാണുമ്പോൾ മാത്രം ആക്കി തുടങ്ങി. പക്ഷേ ഓരോ രാവും കിടക്കയിലേക്ക് ചായുമ്പോൾ അഞ്ജലിക്ക് തന്റെ പ്രാണൻ മാത്രമായി മനസ്സിൽ.

ഓരോ ദിനവും നീറിനീറി കടന്നുപോയി അവൾ. ജ്വല്ലറിയിൽ ഇരുന്ന് മൂർത്തി സാറിനോട് സംസാരിക്കുകയാണ് അഞ്ജലി. മോളെ എല്ലാ പ്രാവശ്യവും ഷെട്ടിയുടെ കയ്യിൽ നിന്നാണ് നമുക്ക് ആവശ്യമുള്ള സ്വർണ്ണം ഓർഡർ ചെയ്യുന്നത്. അനന്തൻ കുഞ്ഞിന് നല്ല വിശ്വാസമാണ് ഷെട്ടിയെ. പുതിയ സ്റ്റോക്കുകൾ ഒക്കെ എടുക്കേണ്ട സമയം കഴിഞ്ഞു. അഞ്ജലി അല്പം ടെൻഷനോടെ മൂർത്തി സാറിനെ നോക്കി. അങ്കിൾ ഇത്രയും ദൂരം ഒന്നും… ഞാൻ.. എങ്ങനെയാ… അവൾ ഒന്നു നിർത്തി. എന്തായാലും മോൾ ഒന്ന് ആലോചിച്ചു നോക്ക്. അന്ന് രാത്രി അഞ്ജലിക്ക് ഉറങ്ങാനായില്ല.

എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒടുവിൽ നീണ്ട ആലോചനക്ക് ശേഷം അവൾ ഒരു തീരുമാനത്തിലെത്തി. ഉണ്ണിക്കുട്ടനെ ആതിയുടെ ദേവമ്മയുടെയും കയ്യിൽ ഏൽപ്പിച്ചു ഷെട്ടിയെ കാണാൻ പോവുക. ഒപ്പം വരാൻ അവൾ മൂർത്തി സാറിനോട് ആവശ്യപ്പെട്ടു.. ഒരിക്കലും തനിക്കു ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ആണ്താൻ നേരിടാൻ പോകുന്നത് എന്നറിയാതെ അവൾ മൂർത്തി സാറിനോടൊപ്പം യാത്ര തിരിച്ചു….തുടരും…..

അഞ്ജലി: ഭാഗം 13

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-