ആത്മിക : ഭാഗം 4

Share with your friends

എഴുത്തുകാരി: ശിവ നന്ദ

ആത്മിക എന്ന ഈ നോവലിന്റെ ആദ്യ ഭാഗം കിട്ടിയില്ല എന്ന് എല്ലാവായനക്കാരും വിളിച്ചുപറഞ്ഞു… ആയതിനാൽ ആദ്യ ഭാഗം പോസ്റ്റ് ചെയ്യുന്നു. അതിന്റെ താഴെ ബാക്കിയുള്ള 4 ഭാഗം കൊടുത്തിട്ടുണ്ട്… ചിലപ്പോൾ നിങ്ങളും വായിച്ചുകാണില്ല…

പച്ചപ്പ് വിരിയിച്ചയാ നെൽപാടത്തിലെ ഓരോ പുൽനാമ്പിലും മഞ്ഞുതുള്ളി പറ്റിച്ചേർന്നിരുന്നു.ഉദയസൂര്യന്റെ പൊൻകിരണത്താൽ അവ തിളങ്ങുന്നുണ്ടായിരുന്നു.ആ പാടവരമ്പിലൂടെ കുഞ്ഞ് പാട്ടുവാടയുമിട്ട് കാലിൽ നിറയെ മുത്തുകളുള്ള കൊലുസുമിട്ട് ഓടിവരുന്ന അഞ്ചുവയസുകാരിയെ അയാൾ രണ്ട് കൈകൊണ്ടും കോരിയെടുത്ത് ഇരുകവിളിലും വാത്സല്യചുംബനങ്ങൾ നൽകി. “എന്തിനാ അച്ഛന്റെ അമ്മൂട്ടീ ഇങ്ങനെ ഓടിവരണ??” “അമ്മ പറഞ്ഞൂലോ അച്ഛ കാവിലെ കൊടിയേറ്റ് കാണിക്കാൻ കൊണ്ടോവുമെന്ന്. അതിനാ അമ്മൂട്ടീ രാവിലെ കുളിച്ച് ഒരുങ്ങിയ” “അതേയോ..എന്നിട്ട് അമ്മ എവിടെ?” ആ കുഞ്ഞുവിരൽ പിന്നിലേക്ക് നീണ്ടു.

അവിടെ നേര്യതുടുത്ത് അവൾക് പിന്നാലെ ഓടിവന്നിരുന്ന അമ്മമനസ്സിൽ അപ്പോൾ എങ്ങും വീഴാതെ തന്റെ പൊന്ന് അവളുടെ അച്ഛന്റെ കൈകളിൽ എത്തിയല്ലോ എന്ന ആശ്വാസം ആയിരുന്നു.ചെറുതായി കിതച്ചുകൊണ്ട് അവൾ ആ മനുഷ്യനെ നോക്കി. അതിൽ പ്രണയം നിറഞ്ഞിരുന്നു.കുഞ്ഞിനെ ഇടതുകൈയിലേക്ക് ഇരുത്തികൊണ്ട് വലംകൈയിൽ തന്റെ ഭാര്യയെയും ചേർത്ത് പിടിച്ച് അയാൾ നടന്നു. പെട്ടെന്ന് സൂര്യനെ മറച്ചുകൊണ്ട് കാർമേഘം ഇരുണ്ടുകൂടി.പുൽനാമ്പിൽ പറ്റിയിരുന്ന മഞ്ഞുത്തുള്ളികൾ എപ്പോഴോ മണ്ണോടു ചേർന്നിരുന്നു.അവിടെ ആ വയൽവരമ്പിൽ ആ അഞ്ചുവയസ്സുകാരി ഒറ്റക്കായിരുന്നു.

പേടിയോടെ ചുറ്റുംനോക്കുന്ന ആ കുഞ്ഞുമിഴികൾ ഈറനണിഞ്ഞു.അവളുടെ കരച്ചിൽ ചെറിയ ചീളുകളായി അവിടെ മുഴങ്ങിക്കൊണ്ടേയിരുന്നു.. “അമ്മേ……” സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന അവൾ ചുറ്റും നോക്കി.ടേബിളിൽ വെച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കണ്ടതും അവൾ അത് കയ്യെത്തിച്ച് എടുത്തു.എന്തോ ഓർത്തെന്ന പോലെ കൺകോണിൽ നീർതുള്ളി തെളിഞ്ഞു. “എന്തിനാ രണ്ടാളും എന്നെ ഒറ്റക്കാക്കി പോയ?? ആർക്ക് വേണ്ടിയാ എന്നെ മാത്രം മരണം വെറുതെ വിട്ടത്.അച്ഛനും അമ്മയും മറ്റൊരു ലോകത്ത് ഇപ്പോഴും ഒരുമിച്ചുണ്ട്.പക്ഷെ കഴിഞ്ഞ 15 വർഷമായി ഞാൻ അനുഭവിക്കുന്ന വേദന നിങ്ങൾ അറിയുന്നുണ്ടോ?? കൊതിയാകുവാ അച്ഛാ..

ആ നെഞ്ചിലെ ചൂട് ദേ ഇപ്പോഴും അമ്മൂട്ടീടെ കവിളിൽ ഉണ്ട്.അമ്മയുടെ ചോറുരുളയുടെ രുചി പിന്നെ ഇതുവരെ ഈ നാവ് അറിഞ്ഞിട്ടില്ല.എന്നും സ്വപ്നത്തിൽ വന്നെന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യാതെ തിരികെ വന്നൂടെ രണ്ടാൾക്കും…” ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തടയാതെ അവൾ സ്വതന്ത്രമായി വിട്ടു.അവ ആ ഫോട്ടോയിൽ വീണ് ചിന്നിച്ചിതറുമ്പോൾ എന്നോ മുറിവേറ്റ ആ ഹൃദയം വല്ലാതെ വേദനിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. “അമ്മൂ….” വാതിലിൽ തട്ടികൊണ്ടുള്ള ദേവൂന്റെ വിളികേട്ടതും അവൾ എഴുന്നേറ്റു.കണ്ണ് അമർത്തി തുടച്ച് അവൾ ഡോർ തുറന്നു. “ആഹാ ഇന്നും കരഞ്ഞുകൊണ്ടാണല്ലേ ഉണർന്നത്” ദേവൂന്റെ ചോദ്യത്തിന് വിളറിയ ചിരി തിരികെ നൽകി അമ്മു നിന്നു.

അവളുടെ മനസിലെ സങ്കടകടൽ അറിയാവുന്നത് കൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ ദേവുവിനും തോന്നിയില്ല. “തത്കാലം എന്റെ മോള് ഈ കരച്ചിൽ ഒക്കെ മാറ്റിവെച്ച് ഒന്ന് വേഗം വന്നേ.അറിയാലോ എനിക്ക് ഇന്ന് ഉച്ചക്ക് എക്സാം ഉള്ളതാ.നീ എല്ലാം ഒന്നുംകൂടി പറഞ്ഞ് തന്നാലേ എനിക്ക് സമാധാനം കിട്ടു” “ഓഓഓ പിന്നേ..സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇവളല്ലേ ഡിഗ്രിക്ക് പഠിക്കുന്ന നിന്നെ സഹായിക്കുന്നത്” തിരിഞ്ഞ് നോക്കാതെ തന്നെ അവർക്ക് അറിയാമായിരുന്നു ആ ശബ്ദത്തിന്റെ ഉടമ ആരാണെന്ന്.വേറെ ആരുമല്ല..ദേവുവിന്റെ അമ്മ..അതായത് അമ്മു എന്ന ആത്മികയുടെ അമ്മായി.

“പഠിക്കാൻ കഴിവില്ലാഞ്ഞിട്ട് അല്ലല്ലോ ഇവൾ തുടർന്ന് പഠിക്കാഞ്ഞത്.അമ്മ തന്നെയല്ലേ ഈ പാവത്തിന്റെ ഭാവി ഇല്ലാതാക്കിയത്” “അതേടി ഞാൻ തന്നെയാ..അഞ്ചാമത്തെ വയസിൽ തന്തയും തള്ളയും ചത്തൊടുങ്ങിയപ്പോ നിന്റെ അച്ഛനായിട്ടാ ഇവളെ ഇങ്ങോട്ട് കെട്ടിയെടുത്തത്.പെങ്ങളോടും അളിയനോടും ഉള്ള അങ്ങേരുടെ സ്നേഹം കാരണം പഠിപ്പിച്ചതല്ലേ ഇവളെ.എന്നിട്ടോ ഈ നശൂലത്തിന് ഡിഗ്രിടെ അഡ്മിഷൻ എടുക്കാൻ പോയിട്ട് വെള്ളപുതപ്പിച്ച ശരീരം ആയിട്ടല്ലേ അങ്ങേര് തിരികെ വന്നത്.” “അച്ഛൻ ഇവൾക്ക് മാത്രമല്ല എനിക്കും കൂടി അഡ്മിഷൻ എടുക്കാനാ പോയത്.അത് കൊണ്ട് ഇവളുടെ ജാതകദോഷം കൊണ്ടാണ് അച്ഛൻ പോയതെന്ന് അമ്മ പറയുന്നതിൽ ഒരർത്ഥവും ഇല്ല” “വേണ്ട ദേവു..അമ്മായിക്ക് പറയാനുള്ളതൊക്കെ പറയട്ടെ.

അമ്മായിടെ സങ്കടം ആണ് എന്നോടുള്ള ദേഷ്യമായിട്ട് വരുന്നത്.ഞാൻ ഇതൊന്നും ആദ്യമായിട്ടല്ലല്ലോ കേൾക്കുന്നത്.” “എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ നീ അടുക്കളയിലോട്ട് പോടീ.അവിടെ പിടിപ്പത് പണി ഉണ്ട്” “അരമണിക്കൂറിനുള്ളിൽ എത്താം അമ്മായി.ദേവു നീ റൂമിലേക്ക് ചെന്നോ.ഞാൻ ഒന്ന് മുഖം കഴുകിയിട്ട് വരാം” സ്വന്തം മകളുടെ പഠനകാര്യം ആയതു കൊണ്ടാകും അമ്മായി അമ്മുവിനെ ഒന്ന് കൂർപ്പിച്ച് നോക്കികൊണ്ട് അടുക്കളയിലേക്ക് പോയി. “അമ്മൂസേ..അമ്മ പറഞ്ഞതും ഓർത്ത് ബാത്‌റൂമിൽ പോയി കരയാൻ ആണെങ്കിൽ വേണ്ടാട്ടോ” “ഇല്ലടി പെണ്ണേ..ഈ വാക്കുകൾ ഒന്നും ഇപ്പോൾ എന്നെ വേദനിപ്പിക്കാറില്ല.ഒന്നുമല്ലെങ്കിലും എനിക്ക് കൂട്ടിന് നീയില്ലേ..”

ദേവുവിനെ പറഞ്ഞ് വിട്ട് മുഖവും കഴുകി മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മുറ്റത്തിരിക്കുന്ന ബൈക്ക് അമ്മുവിന്റെ ശ്രദ്ധയിൽ പെട്ടത്.പേടിയോടെ ചുറ്റും നോക്കിയപ്പോൾ അവൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ.അതിൽ തെളിഞ്ഞ ഭാവം കാൺകെ അവളുടെ ശരീരം വിറച്ചു. “എന്താ ആത്മിക എന്നെ ഇങ്ങനെ നോക്കണ??” “എ..എ..എപ്പോ എത്തി??” “ഇന്നലെ രാത്രിയിൽ.നിന്നെ കാണാനായി ഞാൻ റൂമിന്റെ അടുത്ത് വന്നതാ.പക്ഷെ നീ ഡോർ ഒക്കെ കുറ്റിയിട്ട് അല്ലേ കിടന്നുറങ്ങുന്നത്.ആഹ്..പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിൽ അതൊരു കണക്കിന് നല്ലതാ.ഇനി എന്തായാലും അതിന്റെ ആവശ്യം ഇല്ലല്ലോ.ഞാൻ ഇങ്ങ് എത്തിയില്ലേ..ഇനി ആരെയും പേടിക്കാതെ നിനക്ക് ഉറങ്ങാം.”

തന്റെ ശരീരത്തെ ആകമാനം ഉഴിഞ്ഞുകൊണ്ടുള്ള അവന്റെ സംസാരത്തിന് അറപ്പോടെ അവൾ മുഖം തിരിച്ചു.തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ദേവുവിന്റെ വിളി കേട്ടതും അവളെ നോക്കി ചുണ്ട് നനച്ചുകൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി. “ഇത്രയും നേരവും മുഖം കഴുകുവായിരുന്നോ?? അതോ അവിടെ പോയിരുന്ന് കരഞ്ഞോ എന്റെ അമ്മൂസ്” “അതല്ല ദേവു..ഹർഷേട്ടൻ???” “നീ കണ്ടോ ഏട്ടനെ..ഇന്നലെ രാത്രിയിൽ എത്തിയെന്ന്.ഇനി എനിക്ക് സമാധാനം ആയിട്ട് കോളേജിൽ പോകാം.ഞാൻ പോയാലും നിനക്ക് കൂട്ടായിട്ട് ഏട്ടൻ കാണുമല്ലോ.പോരാത്തതിന് അമ്മയ്ക്ക് ഏട്ടനെ പേടിയും ആണ്” എന്നാൽ ദേവുവിന്റെ വാക്കുകൾ അമ്മുവിനെ കൂടുതൽ സങ്കടത്തിലാക്കി.

ആ ഏട്ടന് തന്നോടുള്ള സമീപനം ദേവുവിനോട് പറയാൻ അമ്മുവിന് ധൈര്യം ഇല്ലായിരുന്നു.അത്രയ്ക്ക് അവളുടെ ഏട്ടനെ അവൾ സ്നേഹിക്കുന്നുണ്ട്..വിശ്വസിക്കുന്നുണ്ട്..എന്നാൽ കഴിഞ്ഞ കുറച്ച് നാളായിട്ട് ഹർഷേട്ടന്റെ നോട്ടവും സംസാരവും..അന്ന് ഹർഷേട്ടൻ പറഞ്ഞയാ വാക്കുകൾ..അതിന് ശേഷമുള്ള ഓരോ രാത്രിയും പേടിയോടെ നേരം വെളുപ്പിക്കുക ആയിരുന്നു. “എന്റെ വീട്ടിൽ എന്റെ ഔദാര്യത്തിൽ കഴിയുന്നവളാ നീ.അപ്പോൾ നിന്നെ ഞാൻ ഒന്ന് പിടിച്ചെന്നും പറഞ്ഞ് ആരും ഒന്നും പറയില്ല.അഥവാ പറഞ്ഞാലും അതൊന്നും ഈ ഹർഷനെ ബാധിക്കുന്ന കാര്യവും അല്ല.നിന്നെ എനിക്ക് വേണം…കൊതി തീരുവോളം അനുഭവിക്കാൻ…

അതിന് ഈ ജന്മം മുഴുവൻ വേണ്ടി വരുമെന്ന് മാത്രം..” “അമ്മൂ…” ദേവുവിന്റെ വിളിയാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. “നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ..ആകെ വിയർത്തല്ലോ പെണ്ണ്..എന്ത് പറ്റി??” “ഒന്നുമില്ല ദേവൂട്ടി..നീ ആ നോട്സ് എല്ലാം ഇങ്ങ് എടുക്ക്.” ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് ദേവുവിന് എക്സാമിന് വേണ്ടിയുള്ളതെല്ലാം ഒന്ന് ചുരുക്കി പറഞ്ഞ് കൊടുത്തു.വിധി വില്ലനായില്ലായിരുന്നെങ്കിൽ ഇന്ന് ദേവുവിനെ പോലും താനും ഇതൊക്കെ പഠിച്ച് നല്ലൊരു ഡിഗ്രി നേടേണ്ടത് ആയിരുന്നു എന്ന ചിന്ത ഒരുനിമിഷം അമ്മുവിന്റെ മിഴികൾ നിറച്ചു.എന്നാൽ അടുത്ത നിമിഷം തന്നെ അവൾ അത് മറയ്ക്കുകയും ചെയ്തു.

“നീ ഇങ്ങനെ പറഞ്ഞ് തരുന്നത് കൊണ്ട് വലിയ ടെന്ഷൻ ഇല്ലാതെ എക്സാം എഴുതാം.” ആശ്വാസത്തോടെയുള്ള ദേവുവിന്റെ സംസാരത്തിൽ അമ്മുവും ചിരിച്ചു. “അപ്പോൾ ഞാൻ പോയി റെഡി ആകട്ടെട്ടോ അമ്മൂസേ” “അതിന് ഉച്ചക്ക് അല്ലേ പരീക്ഷ.നീ ഇപ്പോഴേ എവിടെ പോകുവാ?” അമ്മുവിന്റെ ചോദ്യത്തിന് ഒരു കള്ളച്ചിരിയോടെ ദേവു നിന്നു.കാര്യം മനസിലായത് പോലെ തലയൊന്നാട്ടി അമ്മു അവളെ ആകമാനം ഒന്ന് നോക്കി. “എന്താടി ഇങ്ങനെ നോക്കുന്ന?” “അല്ല..കിച്ചേട്ടനെ കുറിച്ച് ഓർത്ത് പോയതാ ഞാൻ.ആ പാവത്തിന് നിന്നെ മാത്രമേ കിട്ടിയോളോ?” “ഡീ വേണ്ടാട്ടോ…നിന്റെ കിച്ചേട്ടനെ…” പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുൻപേ അവളുടെ ഫോൺ റിങ് ചെയ്തു.പെണ്ണിന്റെ മുഖത്തെ ചുവപ്പ് രാശി കണ്ടപ്പോൾ തന്നെ മനസിലായി മറുതലയ്ക്കൽ കിച്ചേട്ടൻ ആണെന്ന്.

എന്നാൽ ഫോൺ വെച്ചിട്ട് വന്ന ദേവുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. “എന്തേ പെണ്ണിന് ഒരു കലിപ്പ് ഭാവം” “ഞാൻ ഉച്ചക്കെ പോകുന്നുള്ളൂ” “കിച്ചേട്ടൻ വരില്ല അല്ലേ..” പൊട്ടിവന്ന ചിരി അടക്കി അമ്മു ചോദിച്ചതും അവളുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്ത് ദേവുവും അടുത്ത് ഇരുന്നു. “വല്യ എഞ്ചിനീയർ അല്ലേ.ഇന്ന് എന്തോ പ്രൊജക്റ്റ്‌ നോക്കണമെന്ന്.അത് അങ്ങേർക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ..” “ഇപ്പോഴായിരിക്കും ഏട്ടൻ അറിഞ്ഞത്.അതിന് നീ ഇങ്ങനെ ചൂടാകാതെ.കല്യാണം കഴിഞ്ഞ് ഇതിലും കൂടുതൽ തിരക്കുകൾ വരുമ്പോൾ നീ വേണ്ടേ ഏട്ടന്റെ കൂടെ നിൽക്കാൻ” “അതൊക്കെ എനിക്ക് അറിയാടി.

ഇത് ചുമ്മാ കിച്ചേട്ടനെ ഒന്ന് വട്ട് പിടിപ്പിക്കാൻ അല്ലേ.പറയുന്നതെന്തും തലയാട്ടി സമ്മതിച്ചാൽ പ്രണയത്തിൽ ഒരു ത്രില്ല് ഉണ്ടാകില്ല” “മ്മ്മ്..കിച്ചേട്ടന്റെ കൈയിൽ നിന്നും നല്ലത് കിട്ടുമ്പോൾ മാറിക്കോളും..തത്കാലം നീ ഇവിടെ ഇരുന്ന് ഈ നോട്സ് ഒക്കെ ഒന്ന് വായിക്ക്.ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ” അമ്മുവിന്റെ പോക്ക് നോക്കിയിരുന്ന ദേവുവിൽ ഒരു സഹതാപം ഉണ്ടായിരുന്നു. “തന്നെക്കാൾ നല്ല നിലയിൽ ജീവിക്കേണ്ടിയിരുന്നവൾ..ഇനിയെന്ന ദൈവമേ ഈ പെണ്ണ് മനസ്സ് തുറന്നൊന്നു ചിരിക്കുന്നത്.അത് കാണാൻ വേണ്ടി ഞാൻ നേർന്ന നേർച്ചകൾ ഇനിയെങ്കിലും ഒന്ന് പരിഗണിക്കണേ ന്റെ കണ്ണാ” ****

ഉച്ച കഴിഞ്ഞ് അടുക്കളയിൽ നിൽക്കുമ്പോൾ അമ്മുവിന്റെ മനസ്സ് നിറയെ ദേവുവിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു.ഒറ്റയ്ക്കായി പോകേണ്ടിയിരുന്ന തനിക് ദൈവം തന്ന കൂട്ട്..തന്റെ ശ്വാസമായി മാറിയവൾ..ഇന്നവൾക് കൂട്ടിന് കിച്ചേട്ടൻ വന്നു.ഒരിക്കൽ മാത്രമേ പുള്ളിയെ താൻ കണ്ടിട്ടുള്ളു.അതും ദേവൂന്റെ പിറന്നാളിന് അമ്പലത്തിൽ വെച്ച്.അന്ന് കിച്ചേട്ടൻ അവൾക് സമ്മാനം കൊടുത്തപ്പോൾ പെണ്ണിന്റെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു.എന്നെങ്കിലും തന്റെ ജീവിതത്തിലും അങ്ങനെ ഒരാൾ വരുമായിരിക്കും..

ആരായിരിക്കും ഈ ശപിക്കപ്പെട്ട പെണ്ണിന് വേണ്ടി ജനിച്ചവൻ??? ഓരോന്ന് ആലോചിക്കുന്നതിനിടയിൽ തന്റെ തൊട്ട് പിറകെ ഹർഷൻ വന്ന് നിന്നതോ അവന്റെ കഴുകൻ കണ്ണുകൾ തന്റെ അഴകളവുകൾ ആർത്തിയോടെ നോക്കുന്നതോ ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല.വികാരത്തിനുമേൽ രക്തം ഇരച്ചുകയറിയതും അവന്റെ ബലിഷ്ഠമായ കൈകൾ അവളുടെ വയറിന് കുറുകെ അമർന്നിരുന്നു…

ആത്മിക: : ഭാഗം 2

ആത്മിക : ഭാഗം 3

പാർട്ട് 4 >>> നിർത്താതെയുള്ള മൊബൈൽ റിങ് കേട്ടുകൊണ്ടാണ് ആൽബി ഉണരുന്നത്. ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യം അവന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്നാൽ ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ദേഷ്യം മാറി പകരം പുഞ്ചിരി സ്ഥാനം പിടിച്ചു..അധികം ആരും കണ്ടിട്ടില്ലാത്ത ആൽബിയുടെ ഒരു ഭാവം.എങ്കിലും ഗൗരവത്തോടെ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു. “എന്നാടി കോപ്പേ…” “നീ എവിടെ പോയി കിടക്കുവായിരുന്നടാ..എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു” “മനുഷ്യൻ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല..നീ കാര്യം പറയടി” “അയ്യോ പൊന്നുമോൻ ഉറങ്ങുവായിരുന്നോ…

എന്നാലേ ഒന്ന് പെട്ടെന്ന് ഓഫീസിലേക്ക് വാ” “എന്നാത്തിനാ ഞാൻ ഇപ്പോ അങ്ങോട്ട്…” “എടാ ഇന്നാ ജർമൻ കമ്പനി ആയിട്ടുള്ള മീറ്റിംഗ് വെച്ചേക്കുവല്ലേ.നീ വന്നിട്ട് വേണം അതൊന്ന് കൺഫേം ചെയ്യാൻ” “അതൊക്കെ ജെറി അല്ലേ നോക്കുന്നത്.നീ അവനെ വിളിക്ക്” “എടാ പൊട്ടാ..ജെറി ഉണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കേണ്ട ആവശ്യം ഇല്ലല്ലോ.അവൻ പൂനെയിൽ പോയേക്കുവല്ലേ..കൂടുതൽ സംസാരിക്കാതെ നീ ഒന്ന് വന്നേ..അര മണിക്കൂറിനുള്ളിൽ എത്തിയേക്കണം.അല്ലെങ്കിൽ എന്റെ സ്വഭാവം അറിയാലോ…” “അരമണിക്കൂറിനുള്ളിൽ എങ്ങനെ വരാനാ..

ഞാൻ ഇതുവരെ എഴുന്നേറ്റിട്ടില്ല..ഇനി കുളിക്കണം..കഴിക്കണം..എന്തായാലും 2hours എടുക്കും” “നിനക്ക് കഴിക്കാനുള്ളതൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.പിന്നേ കുളി..അത് ഇല്ലാത്തത് കൊണ്ടാണല്ലോ മുന്തിയ ബ്രാൻഡ്‌സിന്റെ പെർഫ്യൂം കളക്ഷൻ ആ റൂമിൽ ഉള്ളത്.അതിൽ ഏതേലും ഒരെണ്ണം എടുത്തടിച്ചിട്ട് വാടാ..” അവൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് മറുവശം കട്ട്‌ ആയിരുന്നു.കുറച്ച് നേരം കൂടി അവൻ ആ ഫോൺ പിടിച്ചിരുന്നു.എന്തോ ആലോചിച്ചെന്ന പോലെ വീണ്ടും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി മിന്നിമാഞ്ഞു. കുളിച്ച് റെഡി ആയി താഴേക്ക് വരുന്ന ആൽബിയെ കണ്ടതും കത്രീനാമ്മ ഞെട്ടലോടെ അവിടെ നിന്നു. “ന്റെ കർത്താവേ ഞാൻ എന്നതാ ഈ കാണുന്ന..”

“എന്തേ ഇവിടെ വല്ല അത്ഭുതവും സംഭവിച്ചോ??” “പിന്നല്ലാതെ..എന്റെ മോൻ രാവിലെ എഴുന്നേറ്റു എന്നത് ആദ്യത്തെ അത്ഭുതം..അതും ഓഫീസിലേക്ക് പോകാൻ ആണെന്നത് അതിലും വലിയ അത്ഭുതം” “ഒരുപാട് ഊതല്ലേ…” “അല്ല പെട്ടെന്ന് എന്ത് പറ്റി ഇങ്ങനത്തെ ശീലങ്ങൾ ഒക്കെ തുടങ്ങാൻ?” “ഒരു ശീലവും ഇല്ല എന്റമ്മച്ചി..ഇതാ പെണ്ണിന്റെ പണിയാ..ചെന്നിട്ട് വേണം അവൾക്കുള്ളത് കൊടുക്കാൻ” “ആര് ടീന മോളോ??” “അയ്യോ എന്തൊരു സ്നേഹം…” “അതേടാ സ്നേഹം തന്നെയാ..അവളും ജെറിയും ഉള്ളത് കൊണ്ടാ എന്റെ മോൻ ഒന്നും അറിയാതെ ഇങ്ങനെ സുഖിച്ച് നടക്കുന്നത്.”

“അതിനാണല്ലോ ഇടയ്ക്ക് ഇതുപോലത്തെ പണി അവൾ എനിക്ക് തരുന്നത്.ജെറി ഇവിടെ ഇല്ലാതെ പോയത് കൊണ്ട് മാത്രം ഞാൻ പോകുന്നു.” “കഴിച്ചിട്ട് പോടാ” “വേണ്ട അമ്മച്ചി..അവൾ കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു” “ഓ അപ്പോൾ ഇടിയപ്പവും ബീഫ് റോസ്റ്റും ആയിരിക്കും” “എന്ത്??” “അല്ല ടീന കുര്യാക്കോസ് ആൽബിൻ ജോണിന് വേണ്ടി കൊണ്ടുവരുന്നത് അവന് ഏറെ ഇഷ്ടമുള്ളത് തന്നെ ആയിരിക്കുമല്ലോ” കളിയായി അമ്മച്ചി അത് പറഞ്ഞതും അവൻ അവരെ കൂർപ്പിച്ച് ഒന്ന് നോക്കി.അതോടെ അവർ അടുക്കളയിലേക്ക് തിരിഞ്ഞു.അത് കണ്ടതും കള്ളച്ചിരിയോടെ കാറിന്റെ കീയും എടുത്ത് അവൻ പുറത്തേക് ഇറങ്ങി.

“കളരിയ്ക്കൽ ഗ്രൂപ്പ്‌സ്” എന്ന വലിയ സ്ഥാപനത്തിലേക്ക് ആൽബിയുടെ കാർ എത്തിയതും റിസപ്ഷനിലെ സ്റ്റാഫ്സ് ഒരുപോലെ ഞെട്ടി.കാരണം ഓണത്തിന് മാവേലി വരുന്നത് പോലെയാണ് ഓഫീസിലേക്കുള്ള അവന്റെ വരവെങ്കിലും വന്ന് കഴിഞ്ഞാൽ എല്ലാവർക്കും നല്ല എട്ടിന്റെ പണി കിട്ടിയിരിക്കും എന്ന് ഉറപ്പാണ്. താൻ വന്നതറിഞ്ഞുള്ള എല്ലാവരുടെയും നിൽപ്പും ഭാവവും കണ്ടപ്പോൾ തന്നെ ആൽബിക്ക് ചിരി വന്നു.പക്ഷെ അത് പുറത്ത് കാണിക്കാതെ താടി ഒന്ന് ഒതുക്കി വെച്ച് ഒരു കൈ പാന്റിന്റെ പോക്കറ്റിലും മറുകൈയിൽ ഫോണും പിടിച്ച് അതിൽ എന്തോ നോക്കികൊണ്ട് ആരെയും ശ്രദ്ധിക്കാതെ അവൻ ക്യാബിനിലേക്ക് നടന്നു.

തന്റെ ചെയറിൽ ഇരുന്ന് ലാപ്ടോപ്പിൽ കാര്യമായി എന്തോ നോക്കുന്ന ടീനയെ കണ്ടതും അതുവരെ അണിഞ്ഞിരുന്ന ഗൗരവത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണു.അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും നോക്കി അവൻ ആ ഡോറിൽ ചാരി നിന്നു.ഇടയ്ക്ക് ലാപ്പിൽ നിന്ന് മുഖം ഉയർത്തി നോക്കിയ ടീനു തന്നെയും നോക്കി നിൽക്കുന്ന ആൽബിയെ കണ്ടതും ദേഷ്യപ്പെട്ട് ചെയറിൽ നിന്നും എഴുന്നേറ്റു. “സാറിന് ഇങ്ങോട്ടേക്കുള്ള വഴി ഒന്നും തെറ്റിയില്ലല്ലോ അല്ലേ??? ” ചോദിക്കുന്നതിന് ഒപ്പം തന്നെ അവൾ അവന്റെ കോളറിൽ പിടിച്ച് അകത്തേക്ക് വലിച്ചിരുന്നു. “വിടടി വഴക്കാളി…

നിനക്ക് എന്താ പ്രാന്തോ” “ടാ ഈ കസേര ആർക്കുള്ളതാ??” “കലിപ്പിലാണല്ലോ മാഡം” അവളുടെ ഇരുതോളിലും പിടിച്ച് കൊണ്ട് അവൻ അത് ചോദിച്ചതും അവൾ അവന്റെ വയറ്റിൽ ഒരു കുത്തുകൊടുത്തുകൊണ്ട് പിറകിലേക്ക് തള്ളി. “അയ്യോ എന്റെ വയറ്..” “കൊഞ്ചാത മറുപടി പറയടാ” “കസേര ആരുടെ ആണെന്ന് അല്ലേ..അത് എന്റെ..” “ഈ കമ്പനിയോ??” “അതും എന്റെ..” “എന്നിട്ട് നിനക്ക് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോടാ??” “ഉള്ളത് കൊണ്ടല്ലേ വന്നത്” “ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.ഇന്നലെ ക്ലബ്ബിൽ എന്തായിരുന്നടാ? ” “അവിടെ എന്ത്..ഞാനും കിരണും കൂടി ചുമ്മാ ഒന്ന് പോയി.

എന്നിട്ട് പെട്ടെന്ന് തന്നെ ഇറങ്ങി” “അച്ചോടാ പാവം.ഞാൻ അറിഞ്ഞു അവിടെ നടന്നതൊക്കെ..അപ്പന്റെ പേര് കളയാൻ ഉണ്ടായ മോൻ.ആ ചെക്കനെ കൂടി നീ വഷളാക്കിയല്ലോടാ” “അവനാണ് എല്ലാം ഒപ്പിച്ചത്” “ദേ മിണ്ടരുത്” അവനെ എറിയാൻ എന്നോണം പെൻസ്റ്റാൻഡും പൊക്കിനിൽക്കുന്നവളെ കണ്ടതും അവന് ചിരി വന്നു.അപ്പോഴാണ് ഒരു പെൺകുട്ടി ഡോർ തുറന്നു അകത്തേക്ക് വന്നത്.അതോടെ ചിരി മാറി അവന്റെ മുഖത്ത് ആ ഗൗരവം നിറഞ്ഞു. “എന്താടോ??” കനപ്പിച്ചുള്ള അവന്റെ ചോദ്യത്തിൽ ആ കുട്ടി ആകെ പേടിച്ച് നിൽകുവാണെന്ന് ടീനയ്ക്ക് മനസിലായി.അവൾ അവനെ നോക്കിയപ്പോൾ അവൻ ആ കുട്ടിയെ തന്നെ കൂർപ്പിച്ച് നോക്കി നിൽകുന്നത് കണ്ടു.

“അത് സർ..ഒരു ഫയൽ…” “ഫയൽ???” “അല്ല സർ..സൈൻ വേണമായിരുന്നു…” “എന്നും ഞാനാണോ സൈൻ ഇട്ട് തരുന്നത്?” “അ..അല്ല…” “മ്മ്മ്..ഇവിടെ വെച്ചിട്ട് പോ” “ഓ..ഓക്കെ സർ..” ജീവൻ തിരിച്ചുകിട്ടിയ സമാധാനത്തോടെ ആ കുട്ടി സ്ഥലം കാലിയാക്കി. “എന്ത് സ്വഭാവമാടാ ആൽബി ഇത്..അവൾ പേടിച്ച് പോയി” “നിന്റെ കണക്ക് കാണുന്ന എല്ലാവരോടും കളിച്ച് ചിരിച്ച് നിന്നാലേ അവരൊക്കെ എന്റെ തലയിൽ കയറിയിരുന്ന് ഡാൻസ് കളിക്കും” “പിന്നേ കയറാൻ പറ്റിയ ഒരു തല..കൊല്ലത്തിൽ ഒരിക്കൽ വരുകയും ചെയ്യും എല്ലാവരെയും വെറുപ്പിക്കുകയും ചെയ്യും” “എന്തോ വല്ലതും പറഞ്ഞായിരുന്നോ??” “ഓഓഓ ഒന്നും പറഞ്ഞില്ലേ..ഞാനേ ആ കോൺഫറൻസ് റൂമിലേക്ക് പോകുവാ.

സമയം ആകുമ്പോൾ അങ്ങ് എത്തിയേക്കണം” “ഡീ എനിക്ക് വിശക്കുന്നു..” വയറിൽ ഒന്ന് തടവിക്കൊണ്ട് അവൻ പറഞ്ഞതും ഒരു ചിരിയോടെ അവൾ ബാഗ് എടുത്ത് കൈയിൽ കൊടുത്തു. “താങ്ക്സ്..” “പോടാ താന്തോന്നി..” തന്റെ തലയിൽ ഒരു കൊട്ടും തന്ന് പോകുന്നവളെ നോക്കി അവൻ ഇരുന്നു.പാത്രം തുറന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ ഇടിയപ്പവും ബീഫ് റോസ്റ്റും തന്നെ.അത് കഴിക്കുമ്പോഴും അവന്റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു.. “ആൽബിയുടെ സ്വന്തം ടീനു..ഇവൾ ഇല്ലെങ്കിൽ താൻ ഇല്ല.ഇവളോളം തന്നെ മനസ്സിലാക്കിയിട്ടുള്ള ആരും ഇല്ല..ഇനിയൊട്ട് വരാനും പോകുന്നില്ല..” 💞💞💞

തുണി അലക്കിയിട്ട് വന്നപ്പോൾ തന്നെ കേട്ടു അമ്മായിയുടെ ഉച്ചത്തിലുള്ള വിളി.. “ഡീ..അമ്മൂ…” “എന്താ അമ്മായി..” “ഇത് കുറച്ച് ചക്കക്കൂട്ടാനാ.നീ ഇത് തറവാട്ടിൽ കൊണ്ട് കൊടുത്തിട്ട് വാ” അത്യാവശ്യം വലിയ ഒരു പാത്രം അമ്മുവിന്റെ കൈയിലേക്ക് കൊടുത്തുകൊണ്ട് അവർ പറഞ്ഞു.അവൾ അത് മേശപ്പുറത്തേക്ക് വെയ്ക്കുന്നത് കണ്ടതും അവരുടെ നെറ്റിചുളുങ്ങി. “എന്തേ തമ്പുരാട്ടിക്ക് അതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” “അയ്യോ ഇല്ലമ്മായി..ഞാനീ വേഷം ഒന്ന് മാറ്റിയിട്ട് പോകാം” “അതിന് നിന്നെ പെണ്ണുകാണാൻ അവിടെ ആരും ഇല്ല..പോയി കൊടുത്തിട്ട് വാടി” അമ്മായിയോട് തർക്കിച്ചിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ മുടിയൊന്ന് അഴിച്ച് കെട്ടി പാത്രവും എടുത്ത് ഇറങ്ങി.

ദേവു പഠിച്ചുകൊണ്ടിരുന്നത് കൊണ്ട് അവളോട് പറയാതെ ആണ് പോകുന്നത്.അല്ലെങ്കിൽ പുസ്തകവും അടച്ച് വെച്ച് അവളും തന്റെ കൂടെ വരുമെന്ന് അമ്മുവിന് അറിയാമായിരുന്നു. ഇതേ സമയം തറവാട്ടിൽ ഹർഷന്റെ കരവലയത്തിനുള്ളിൽ നിൽക്കുവാണ് ദിയ.അവളുടെ കൃഷ്ണമണി നാലുപാടും പായുന്നതും ചുണ്ട് വിറകൊള്ളുന്നതും അവൻ കൊതിയോടെ നോക്കി നിന്നു.ഇനിയും തനിക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായതും അവൻ അവളിലേക്ക് തന്റെ മുഖം അടുപ്പിച്ചു.അവസാനശ്രമമെന്നോണം അവൾ ഒരിക്കൽ കൂടി അവനെ തടയാൻ നോക്കി. “വേണ്ട ഹർഷേട്ടാ..ഇതൊന്നും…ഇതൊന്നും ശെരിയല്ല..” “എന്ത് ശെരിയല്ലെന്ന്..നീ എന്റെ പെണ്ണാ..

അപ്പോൾ എന്റെ ആവശ്യങ്ങൾ നടത്തി തരേണ്ടത് നീയല്ലേ” “പക്ഷെ..എനിക്ക് പറ്റണില്ല..പ്ലീസ് ഏട്ടാ..ഒന്ന് മനസിലാക്ക്” “നിന്റെ പേടിയൊക്കെ ഞാൻ മാറ്റിക്കോളാം..ഇതിലും നല്ലൊരു അവസരം നമുക്കിനി കിട്ടില്ല..” “എന്നാലും വേണ്ട..വേണ്ട ഹർഷേട്ടാ..” ഇനിയും സംസാരിച്ചാൽ അവൾ ഇതുപോലെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുമെന്ന് മനസ്സിലായതും അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചതും കാളിങ് ബെൽ കേട്ടു. “നാശം…” “അയ്യോ..അമ്മ വന്നെന്ന് തോന്നുന്നു” “അതിന് നീ പേടിക്കുന്നത് എന്തിനാ..ഞാൻ അല്ലേ..ചെല്ല്..പോയി വാതിൽ തുറക്ക്” പുറത്ത് ഹർഷന്റെ ബൈക്കും വാതിൽ അടഞ്ഞ് കിടക്കുന്നതും ഒക്കെ കണ്ട് സംശയത്തോടെ നിൽക്കുന്ന അമ്മുവിന്റെ മുന്നിലേക്ക് വാതിൽ തുറന്ന് ദിയ വന്നു.

അവളുടെ ടോപ്പിലെ ചുളുവുകളും അഴിഞ്ഞുലഞ്ഞ മുടിയും കണ്ടതും അവളുടെ സംശയം ഒന്നുംകൂടി കൂടി.തൊട്ടുപിറകെ ഹർഷനെ കണ്ടതും അവൾക്ക് അതിനുള്ള ഉത്തരവും കിട്ടി. “എന്താടി??” “അമ്മായി തന്ന് വിട്ടതാ” പാത്രം ദിയയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് അവൾ അത് പറഞ്ഞതും ഹർഷൻ അവളുടെ അടുത്തുള്ള ചാരുപാടിയിലേക്ക് കയറി ഇരുന്നു. “അമ്മായി ഇല്ലേ ദിയേച്ചി??” “ഇല്ല..അമ്മ ഒരു ഫ്രണ്ടിനെ കാണാൻ പോയേക്കുവാ” അത് കേട്ടതും അമ്മു ഹർഷനെ കനപ്പിച്ച് ഒന്ന് നോക്കി.താൻ വന്നില്ലായിരുന്നെങ്കിൽ ഇയാൾ ചേച്ചിയെ ഇന്ന്… “ചേച്ചി ഒറ്റക്ക് ഇവിടെ നിൽക്കണ്ട..വാ വീട്ടിലേക്ക് പോകാം” “അവൾ ഒറ്റക്കല്ലല്ലോ..ഞാനില്ലേ ഇവിടെ” “എങ്കിൽ ഹർഷേട്ടൻ വീട്ടിലേക്ക് പൊക്കോ..ഞാൻ ചേച്ചിക്ക് കൂട്ടിരുന്നോളാം” “എനിക്ക് ആരുടേയും കൂട്ട് വേണ്ട” “എങ്കിൽ ശരി..ഞാൻ പോയി ദേവുവിനെയും കൂട്ടി വരാം” ദേവുവിന്റെ പേര് കേട്ടതും ഹർഷൻ ഒന്ന് ഞെട്ടി. “ദിയ നീ പോയി റെഡി ആക്.

നമുക്ക് വീട്ടിലേക്ക് പോകാം” ഹർഷൻ പറഞ്ഞതും മറുത്തൊന്നും പറയാതെ ഡ്രസ്സ്‌ മാറാനായിട്ട് ദിയ അകത്തേക്ക് പോയി. “നീ മനഃപൂർവം ഇങ്ങോട്ട് ഇറങ്ങിയതാണല്ലേ..” “ദിയേച്ചി നിങ്ങളെ ആത്മാർത്ഥമായിട്ട് പ്രണയിക്കുന്നുണ്ട് ഹർഷേട്ടാ..ആ പാവത്തിനെ എന്തിനാ ചതിക്കുന്നത്??” “ഹ്മ്മ്..പ്രണയം..മാങ്ങാത്തൊലി..എടി എന്റെ ചിന്തകളിൽ പോലും അവൾ ഇല്ലായിരുന്നു..അവളായിട്ട് ഇങ്ങോട്ട് ഇടിച്ച് കയറി വന്നതല്ലേ..അപ്പോൾ വെറുതെ അങ്ങ് വിടുന്നത് മോശമല്ലേ..എന്തായാലും നിന്നെ മെരുക്കി എടുക്കാൻ കുറച്ച് സമയം വേണം..അതുവരെയുള്ള ഒരു ടൈംപാസ്സ്..അത്രേ ഉള്ളു ദിയ..” തിരിച്ച് അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ദിയ ഡ്രെസ് മാറി വന്നു.

ഹർഷൻ അമ്മുവിനെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് ദിയയും ആയിട്ട് പോയി.തത്കാലത്തേക്ക് ദിയയെ ഒരു വല്യ തെറ്റിൽ നിന്നും രക്ഷിക്കാൻ പറ്റിയെന്ന ആശ്വാസത്തിൽ അമ്മുവും തറവാട്ടിൽ നിന്നിറങ്ങി.ഓരോന്ന് ചിന്തിച്ച് റോഡിലൂടെ നടക്കുമ്പോഴാണ് ഒരു കാർ അവളുടെ അടുത്ത് നിർത്തിയത്. “കിച്ചേട്ടൻ എന്താ ഇവിടെ?” “ഞാൻ ഒരിടം വരെ പോയിട്ട് വരുവാ.താൻ എങ്ങോട്ടാ??” “ദേവൂന്റെ അമ്മായിടെ വീട്ടിൽ പോയിട്ട് വരുവാ കിച്ചേട്ടാ..” “മ്മ്മ്..അമ്മു..എനിക്ക്..എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടടോ” “അന്ന് അമ്പലത്തിൽ വെച്ചും കിച്ചേട്ടൻ ഇത് പറഞ്ഞല്ലോ..എന്താ ഏട്ടാ..” “ഇവിടെ വെച്ച് പറ്റില്ലടോ..താൻ ഒരു കാര്യം ചെയ്യ്..നാളെ രാവിലെ താനൊന്ന് അമ്പലത്തിലേക്ക് വരാമോ?” “അയ്യോ കിച്ചേട്ടാ ദേവൂന് നാളെ രാവിലെ ആണ് എക്സാം”

“അതറിയാവുന്നത് കൊണ്ടാ പറഞ്ഞത്.തല്‌കാലം അവൾ അറിയണ്ട.പ്ലീസ് താൻ വരണം” അവളുടെ മറുപടിക്ക് കാക്കാതെ അവൻ കാറും ആയിട്ട് പോയി.അമ്മു ആണെങ്കിൽ ആകെ ചിന്താക്കുഴപ്പത്തിലുമായി. 💞💞💞💞💞💞💞💞💞💞💞💞 ആൽബിനും ടീനയും ഓഫീസ് ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് കിരൺ എത്തുന്നത്. “നീ ഇതെവിടായിരുന്നു കിച്ചു..എത്ര നേരം കൊണ്ട് നിന്നെയും കാത്തിരിക്കുവാണെന്നോ” “എടാ അത് വരുന്ന വഴിക്ക് ഒരാളെ കണ്ടു” “ആരെ??” “എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ വേണ്ടപ്പെട്ട ഒരാൾ” “എന്തോന്ന്???” “ദേവൂന്റെ കസിനെ..” “ആത്മിക??” ടീനയുടെ ചോദ്യത്തിന് അവൻ അതേ എന്ന് തലയാട്ടി. “നീ അവളോട് കാര്യം പറഞ്ഞോ??” “ഇല്ല ആൽബി..നാളെ പറയണം…” ….. (തുടരും )

ആത്മിക: : ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-