അവന്തിക: ഭാഗം 6

Share with your friends

എഴുത്തുകാരി: വാസുകി വസു

ആ ഒരുനിമിഷം ഞാൻ എന്നെ വെറുത്ത് പോയി.എന്തിനാണ് ഇങ്ങനെയൊരു ജന്മം ഈശ്വരൻ എനിക്ക് നൽകിയത്.അന്നത്തെ രാത്രി ഒരുപാട് കരഞ്ഞു. ഞാനും ഏട്ടനെ പോലെയാണ് കണ്ടത്.എല്ലാം കൂടിയൊന്ന് ഇഴുകി ചേരാനായി കുറച്ചു സാവകാശം കൂടി തരണമെന്ന് ചോദിക്കാനായി ഇരുന്നപ്പോഴാണ് ജിത്തേട്ടൻ തുറന്നടിച്ചത്. ഇപ്പോഴുള്ള ദേഷ്യത്തിന് പറഞ്ഞതാകുമെന്ന് കരുതി ഞാൻ ആശ്വാസിച്ചു.പക്ഷേ ദിനം പ്രതി കാര്യങ്ങൾ വഷളായി. ഒരുദിവസം രാത്രിൽ എനിക്ക് സമീപം ജിത്തേട്ടൻ വന്നു. “നിന്നെ കാണുമ്പോൾ എനിക്ക് അനിയത്തിയുടെ മുഖമാണ് ഓർമ്മ വരുന്നത്” പഴയതുപോലെ ചൊടിപ്പിക്കാനുളള ഭാവമാണെന്ന് എനിക്ക് മനസിലായി. ഞാനൊന്നും മിണ്ടിയില്ല.

എല്ലാവർക്കും മുമ്പിൽ സ്നേഹമുളള ഭാര്യയും ഭർത്താവും ആണെന്ന് അഭിനയിച്ചു എനിക്ക് മതിയായി.ഇന്നല്ലെങ്കിൽ നാളെയെല്ലാം ശരിയാകുമെന്ന് മോഹിച്ച എനിക്ക് തെറ്റി. വിവാഹം കഴിഞ്ഞ് മൂന്നു മാസമായിട്ടും കന്യകയായി ജീവിക്കുകയാണ്.ലോകത്തൊരു പെണ്ണിനും ഈ ഗതി വരുത്തരുതേ ഈശ്വരാ.അങ്ങനെ പ്രാർത്ഥിക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. “നമുക്ക് സന്തോഷത്തോടെ പിരിയാം.അതാണ് നിനക്കും എനിക്കും ഏറ്റവും നല്ലത് ” ഇത്രയും മാസത്തിനിടയിൽ ഇപ്പോഴാണ് എന്നോടൊന്ന് ആൾ അനുകമ്പയോടെ സംസാരിക്കുന്നത്.ഇടക്കിടെ ചീത്തവിളിയും ആക്ഷേപവും പരിഹാസവും കുത്തുവാക്കുകളും ആയിരുന്നു ലഭിച്ചത്. ജിത്തേട്ടൻ പറഞ്ഞതിനെ കുറിച്ച് ഞാനൊന്ന് ചിന്തിച്ചു.

”അതേ അത് തന്നെയാണ് നല്ലത്. ഇരുവർക്കും പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നതാണ് ഉത്തമം” അച്ഛൻ സങ്കടത്തിലാകുമെന്നതാണു എന്നെ ഏറെയും അലട്ടിയത്.വിവാഹം കഴിപ്പിച്ച് അയച്ച മകൾ വീട്ടിൽ വന്ന് നിൽക്കുന്നത് ഏത് പിതാവിനെയും സങ്കടത്തിലാക്കും. “ശരി.ഇന്നൊരു രാത്രി കൂടി കഴിഞ്ഞാൽ എന്നെ വീട്ടിൽ കൊണ്ട് ചെന്ന് വിട്ടേക്ക്” മറുപടിയൊരു ചീത്തയായിരുന്നു. “നിന്നെ അങ്ങനെ വിടാൻ ഉദ്ദേശമില്ല.നിന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയണം.അതിനായിരുന്നെടീ ഞാൻ ചോദിച്ചത്.” പൊട്ടിക്കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ.ഇത്രയും ചെറുപ്പത്തിൽ എല്ലാം കൂടി താങ്ങാനുളള ത്രാണി എനിക്ക് ഇല്ലായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞു ജിത്തേട്ടൻ ഒരുപെൺകുട്ടിയെയും കൂട്ടിയാണ് വീട്ടിൽ വന്നത്.എനിക്ക് മുമ്പിൽ അവളെ മാറ്റി നിർത്തി. “ദാ ഞാനിവളെ രജിസ്റ്റർ മാര്യേജ് ചെയ്തു. ഇവളാണിനി എന്റെ ഭാര്യ.നിനക്ക് ഇവിടത്തെ വേലക്കാരി ആയിട്ട് ജീവിക്കാം” അഭിമാനം വ്രണപ്പെട്ട നിമിഷം. മറ്റെന്തും സഹിക്കാം ക്ഷമിക്കാം.മറ്റൊരു പെണ്ണിനൊപ്പം ഭർത്താവ് ജീവിക്കുന്നത് കാണാനുള്ളത്ര ഹൃദയം വിശാലതയൊന്നും എനിക്കില്ല.ധരിച്ചിരുന്ന വേഷത്തോടെ ഞാൻ അവിടെ നിന്നിറങ്ങി. വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ അച്ഛന്റെ അടുത്ത് എന്ത് പറയുമെന്നാണു ഞാൻ ചിന്തിച്ചത്.നുണ പറഞ്ഞു അധികം ദിവസം ഇവിടെ നിൽക്കാൻ കഴിയില്ല.അതിനാൽ സത്യം തുറന്നു പറയുന്നതാണ് നല്ലത്.

ഞാൻ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറപ്പടിയിലെ ചാരു കസേരയിൽ ഇരിപ്പുണ്ട്.എന്നെ കണ്ടതും ആ വൃദ്ധ നയനങ്ങളൊന്ന് വിതുമ്പി. “എന്റെ മോള് ഒറ്റക്കാണോ വന്നത്.ജിത്തുമോൻ എവിടെ” അച്ഛൻ ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു. “അച്ഛാ ..നിലവിളിയോടെ ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു.അതുവരെ അടക്കി വെച്ചിരുന്ന സങ്കടങ്ങളത്രയും ഞാൻ പെയ്തു തീർത്തു.അച്ഛൻ കാര്യമറിയാതെ അമ്പരന്നു പോയി. ” എന്തുപറ്റി..നീയെന്തിനാ മോളേ കരയുന്നത്” മൂന്നുമാസം അനുഭവച്ചതെല്ലാം എണ്ണിയെണ്ണി പറഞ്ഞു കരഞ്ഞു.അച്ഛൻ ഒന്നും ശബ്ദിക്കാതെ നിശ്ചലനായി നിൽക്കുകയാണ്.രണ്ടു തുള്ളി കണ്ണുനീർ ആ മുഖത്ത് നിന്ന് എന്നിലേക്ക് ഇറ്റുവീണു. ” അച്ഛന്റെ അഭിമാനം സംരക്ഷിക്കാനായി എന്റെ കുഞ്ഞിനെ ഞാൻ ബലി കൊടുത്തു.

എന്റെ മോൾ ക്ഷമിക്കണം ” ‘അച്ഛൻ ഇങ്ങനെയൊന്നും പറയരുത്” ഞാനാ വായ് പൊത്തിപ്പിടിച്ചു. “എല്ലാം ഞാൻ മറന്നോളാം എനിക്കെന്റെ അച്ഛന്റെ മോളായി കണ്ണനായി ജീവിച്ചാൽ മതി” അച്ഛനെന്ന വാത്സല്യക്കടൽ അതുമതി സങ്കടങ്ങളത്രയും ഓടിയകലാനായി. “അച്ഛാ എനിക്ക് തുടർന്ന് പഠിക്കണം” പെയ്ത് തോർന്നപ്പോൾ ഞാൻ പറഞ്ഞു. “എന്റെ കുട്ടി എന്താണെന്ന് വെച്ചാൽ ചെയ്തോളൂ.എന്താഗ്രഹം ആണെങ്കിലും അച്ഛൻ സാധിച്ചു തരും” ചെയ്ത തെറ്റിനു പ്രായ്ശ്ചിത്തമാകും സ്വരത്തിലൊരു കുറ്റബോധം നിഴലിച്ചിരുന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞു അച്ഛൻ എന്നെ പഠിപ്പിക്കാനായി ബാംഗ്ലൂരിലേക്ക് അയച്ചു. “അപ്പോൾ ആരാധ്യ” കഥ പറഞ്ഞു തീർന്നതും ശിവദ് സാറിന്റെ അമ്മ ചോദിച്ചു.

“കുറച്ചു നാൾ കഴിഞ്ഞു കൂട്ടിക്കൊണ്ട് പോയവനു മതിയായതോടെ മടക്കി അയച്ചു.അവൾ തിരികെ വന്നപ്പോൾ അച്ഛൻ ഉപേക്ഷിച്ചില്ല.എന്റെ കൂടെ ബാംഗ്ലൂരിനു അയച്ചു.ആൾക്ക് കുറ്റബോധമാണ് അച്ഛനെ ഫെയ്സ് ചെയ്യാൻ മടി..അതിനാൽ നാട്ടിലേക്ക് കഴിവതും വരാറില്ല” “സാരമില്ല മോളേ..എല്ലാം ശരിയാകും” അമ്മ വാത്സല്യപൂർവ്വം എന്നെ തഴുകി. “വാ അമ്മയുടെ കൂടെ” അമ്മ എന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറി. ശിവദ് സാറും അച്ഛനും കൂടി സംസാരിച്ചു ഇരിക്കുവാരുന്നു. “ആദ്യത്തെ വിവാഹബന്ധം നിയമപരമായി വേർപെടുത്തിയോ” സാറിന്റെ അമ്മയുടെ ചോദ്യം ആദ്യമൊന്ന് ഞെട്ടിച്ചു.

‘ഇല്ല..കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ജിത്തിനു ബന്ധം ഒഴിയാൻ താല്പര്യം ഇല്ല ” അച്ഛൻ വേദനയോടെ പറഞ്ഞു. “സാരമില്ല.. അച്ഛാ നമുക്ക് അതിനു വഴിയുണ്ടാക്കാം” ശിവദ് സാറ് എന്തോ ആലോചിച്ചു മറുപടി നൽകി. “കണ്ണനെ എനിക്കും ഒരുപാട് ഇഷ്ടമായി.എന്റെ മരുമകളായി അല്ല മകളായി ഇങ്ങ് തന്നേക്കുവോ” അമ്മയുടെ ചോദ്യം പെട്ടെന്ന് ആയിരുന്നു. അവർ വന്നത് എന്തിനാണെന്ന് അറിയാമെങ്കിലും ഞാനൊന്ന് പകച്ചു പോയി.ഞാൻ ശിവദ് സാറിനെ നോക്കി.ആ മിഴികളിൽ രണ്ടു കുഞ്ഞു അരളിപ്പൂക്കൾ വിടരുന്നത് ഞാൻ കണ്ടു….. (തുടരും)

അവന്തിക: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-