ജനനി: ഭാഗം 42

ജനനി: ഭാഗം 42

എഴുത്തുകാരി: അനില സനൽ അനുരാധ

“ഇന്ന് ഹോസ്പിറ്റലിൽ നിന്നും വന്നല്ലേയുള്ളൂ… റസ്റ്റ്‌ എടുത്തോളൂ… എന്നോട് എങ്ങനെ പറയും എന്നോർത്ത് ടെൻഷൻ അടിച്ച് അധികം സ്‌ട്രെയിൻ എടുക്കണ്ട… പിന്നെ നീ പറഞ്ഞില്ലേലും എനിക്ക് അറിയാം ഞാൻ നിനക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്… എന്നാലും എല്ലാവരുടെയും മുൻപിൽ വെച്ച് സമ്മതം പറയുന്നത് കേൾക്കാൻ ഒരു കുഞ്ഞു മോഹം.. ടേക്ക് കെയർ ജാനി…” എന്നു പറഞ്ഞ് ജനനിയുടെ കവിളിൽ പതിയെ തട്ടിയ ശേഷം നീരവ് നടക്കാൻ ഒരുങ്ങി.. അവൾ അവന്റെ കയ്യിൽ പിടിച്ചു… അതിനു ശേഷം ഭദ്രമായി വർണ്ണക്കടലാസിൽ പൊതിഞ്ഞു സൂക്ഷിച്ച നിധി അവന്റെ കയ്യിൽ വെച്ചു കൊടുത്തു…

നീരവ് തന്റെ കയ്യിലേക്കും ജനനിയുടെ മുഖത്തേക്കും മാറി മാറി നോക്കി… പിന്നെ വർണ്ണക്കടലാസ് മെല്ലെ മാറ്റി… അവന്റെ മുഖത്തു തെളിയുന്ന ശോഭയാൽ ജനനിയുടെ കണ്ണുകൾ തിളങ്ങി… മുൻപ് ജനനിയോട് പറഞ്ഞ വാക്കുകൾ നീരവിന്റെ ഹൃദയം മന്ത്രിച്ചു… ജാനി… നീ എന്റെ ജീവനും ജീവിതവും പ്രണയവുമാണ്… എന്നെങ്കിലും നമ്മൾ ഒന്നാകുകയാണെങ്കിൽ അന്നു നിന്നെ ഞാൻ അണിയിക്കുക എന്റെ പേര് കുത്തിയ ഈ താലിയും മോതിരവുമായിരിക്കും… ഇതിനി നിനക്ക് സൂക്ഷിച്ചു വെക്കാം അല്ലെങ്കിൽ നശിപ്പിക്കാം. ഇതിനി എന്റെ കയ്യിൽ എത്തി ചേർന്നാൽ അതിനു ഒരു അർത്ഥമേയുള്ളു…

നീ എന്റെ പ്രണയം അംഗീകരിക്കുന്നു എന്ന്… അവൾ തന്റെ പ്രണയം അംഗീകരിച്ചിരിക്കുന്നു… അവന്റെ ഉള്ളം പീലി വിടർത്തി ആടുകയായിരുന്നു… അപ്പൂപ്പൻതാടിയെ പോലെ താൻ പാറി പറക്കുകയാണ്… അവളിലേക്ക്… നീരവ് മുട്ടു കുത്തി ജനനിയുടെ അരികിൽ ഇരുന്നു… കയ്യിൽ ഇരുന്ന മോതിരം അവളുടെ വിരലിൽ അണിയിച്ചു… “ജാനി…. ” സ്നേഹം തുളുമ്പുന്ന വിളി കേൾക്കെ അവൾ പുഞ്ചിരിച്ചു… അവൻ അവളുടെ വലതു കരം എടുത്ത് പതിയെ തലോടി… വാതിൽക്കൽ നിന്നും ഒരു ചുമ കേട്ടു… വിനോദ് ആകും എന്ന് ഉറപ്പുള്ളതിനാൽ നീരവ് അവിടെ തന്നെ ഇരുന്നു. ജാനി കൈ പിൻവലിക്കാൻ നോക്കിയെങ്കിലും അവൻ പിടി വിടാതെ കണ്ണു ചിമ്മി കാണിച്ചു… “കുഞ്ഞാ… സമയം ഒരുപാട് ആയി… ”

വാതിൽക്കൽ നിന്നും വിനോദിന്റെ ശബ്ദം കേട്ടു… “ആകട്ടെ… ” നീരവ് കുസൃതിയോടെ പറഞ്ഞു… “ജാനി… രാത്രി യാത്ര പറയുന്നില്ല…” വിനോദ് പറഞ്ഞതും അവൾ എഴുന്നേൽക്കാൻ നോക്കി… “ഇവിടെ കിടന്നോളൂ.. ” നീരവ് പറഞ്ഞു… “ഞാനും വരുന്നു…. ” “എന്നാൽ ഈ താലി കൂടെ കെട്ടിത്തരട്ടെ? ” പുരികം ഉയർത്തി നീരവ് തിരക്കിയപ്പോൾ ജനനിയുടെ മുഖം ചുവന്നു പോയി… “ഇപ്പോൾ ഇത്രയും വൈകിയില്ലേ കുഞ്ഞാ…” വിനോദിന്റെ ശബ്ദം വീണ്ടും കേട്ടതും ജനനി എഴുന്നേറ്റു… വാതിൽക്കലേക്ക് നോക്കിയപ്പോൾ വിനോദ് അവിടെ ഉണ്ടായിരുന്നില്ല… ജനനിയുടെ കൂടെ നടക്കുമ്പോൾ അവന്റെ കൈക്കുള്ളിൽ ഭദ്രമായി അവളുടെ വലതു കൈ ഉണ്ടായിരുന്നു…

എല്ലാവരുടെയും അരികിൽ എത്തിയപ്പോൾ ജാനി കൈ പിൻവലിച്ചു… സുമിത വന്ന് അവളുടെ മുടിയിഴയിൽ വാത്സല്യത്തോടെ തലോടി… “ഒരുപാട് വേദനിച്ചു എന്ന് അമ്മയ്ക്ക് അറിയാം… ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടായാലും എല്ലാം കലങ്ങി തെളിയുന്നുണ്ടല്ലോ… അത് മതി.. ” അമ്മ പറഞ്ഞു… “ഇനി നീനയുടെ കാര്യം ഓർത്തെ ആധിയുള്ളൂ… ആരോമലിന്റെ ശത്രുക്കൾ കൂടി കൊണ്ടിരിക്കാണ്… ആരോ കയ്യ് ഒടിച്ചു… ഇപ്പോൾ രണ്ടു കാലും… ” മോഹനകൃഷ്ണൻ നൊമ്പരത്തോടെ പറഞ്ഞു… വിനോദ് നീരവിനെയും ആര്യനെയും നോക്കി… അങ്കിൾ പറയുന്നത് കേട്ട് ദുഃഖം മുഖത്ത് വാരി വിതറി നിൽക്കുന്ന ഇരുവരുടെയും ഭാവങ്ങൾ കാൺകെ വിനോദ് ഒരു കള്ളച്ചിരിയോടെ മുഖം തിരിച്ചു..

“നമുക്ക് കാര്യങ്ങൾക്കെല്ലാം പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കണം വിഷ്ണു… ” എന്നു പറഞ്ഞ് മോഹനകൃഷ്ണൻ വിഷ്ണുവിന്റെ തോളിൽ തട്ടി ഇറങ്ങാൻ തയ്യാറായി… വിഷ്ണു പുഞ്ചിരിയോടെ തലയാട്ടി… “നമ്മുടെ കാര്യം കൂടിയാ അങ്കിൾ പറഞ്ഞത്… അതു മറക്കണ്ട… ” എന്നു വിഷ്ണുവിനോട് പറഞ്ഞ് വിന്ദുജ വിനോദിന്റെ വിരലിൽ തൂങ്ങി അവിടെ നിന്നും ഇറങ്ങി… ജനനിയെ നോക്കി തലയാട്ടി മൗനമായി യാത്ര ചോദിച്ച ശേഷം നീരവും ഇറങ്ങി… എല്ലാവരും പോയി കഴിഞ്ഞപ്പോൾ ആര്യനും വിഷ്ണുവും ജനനിയും മാത്രം അവിടെ അവശേഷിച്ചു… എല്ലാവരും അകത്തേക്ക് വന്നു… ആര്യനും വിഷ്ണുവും മുറിയിലേക്ക് പോകാതെ അകത്ത് ഇരുന്നപ്പോൾ വിഷ്ണുവിന്റെ അരികിലായി ജനനി വന്നിരുന്നു…

“അങ്ങനെ ഉടനെ തന്നെ ഏട്ടന്റെയും അനിയത്തിയുടെയും വക ഒരു സദ്യ പ്രതീക്ഷിക്കാം…” അവരുടെ എതിർവശത്ത് ഇരിക്കുന്ന ആര്യൻ പറഞ്ഞു… “ആ പെണ്ണ് വെളിവില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതാണ് … ” “അവൾ എല്ലാവരുടെയും മുൻപിൽ വെച്ച് അങ്ങനെ പറഞ്ഞെങ്കിൽ ഒരിക്കലും വെളിവില്ലാതെ ആയിരിക്കില്ല വിച്ചു…. എല്ലാവരും അവളുടെ സ്നേഹം അംഗീകരിച്ചു കൊടുക്കുന്നു എങ്കിൽ അതിനർത്ഥം അവൾ മുൻപേ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചിരിക്കുന്നു … അവൾ നിന്റെ കാര്യത്തിൽ അത്രയ്ക്കും സീരിയസ് ആണ്…” “പക്ഷേ… ഞാൻ അങ്ങനെയൊന്നും… ഇതുവരെ… ” “ഇതുവരെ അങ്ങനെയൊന്നും ആലോചിച്ചില്ല എന്നു കരുതി ഇനി ആലോചിക്കാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലല്ലോ…

പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിച്ച് അറിഞ്ഞവനാണ് നീ… ആ വേദന അവൾക്ക് കൊടുക്കണ്ട… പാവം കുട്ടി… ” ആര്യൻ അലിവോടെ പറഞ്ഞു… വിഷ്ണു നിശബ്ദനായി… ജനനി ആര്യനെ നോക്കി… “ആരെങ്കിലും പ്രണയിച്ചിരുന്നോ? ” ജനനി തിരക്കി… “എന്തേ? ” “അങ്ങനെ തോന്നി…” “ചില കാര്യങ്ങൾ എല്ലാം വെറും തോന്നൽ ആണ് ജാനി… പൂർണ്ണതയില്ലാത്ത തോന്നലുകൾ… ” ആര്യൻ അവിടെ നിന്നും എഴുന്നേറ്റു പോയപ്പോൾ അവൾ വിഷ്ണുവിന്റെ തോളിലേക്ക് ചാഞ്ഞു… മിഴികൾ കൂമ്പി… ജനനി കണ്ണുകൾ തുറക്കുമ്പോൾ ബെഡിൽ കിടക്കുകയായിരുന്നു…

നേരം വെളുത്തിരുന്നു… ഫ്രഷ്‌ ആയ ശേഷം അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ആര്യന്റെ വക പാചകം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു … “എഴുന്നേറ്റോ…” പപ്പടം കാച്ചുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ ആര്യൻ തിരക്കി… “ഹ്മ്മ്.. ഞാൻ ചെയ്തേനെ… ” “വേണ്ട… എല്ലാം കഴിഞ്ഞു… ” “ഏട്ടൻ? ” “റൂമിൽ ഉണ്ടാകും…” “ഹ്മ്മ്… ” “ഇന്നലെ എന്ത് ഉറക്കമായിരുന്നു… ആരെങ്കിലും എടുത്തു കൊണ്ടു പോയാൽ പോലും അറിയില്ലല്ലോ… ഓർമ്മയുണ്ടോ എന്തെങ്കിലും? ” അവൻ തിരിഞ്ഞു നോക്കി കൊണ്ടു തിരക്കി… ജാനി ആലോചനയോടെ അവനെ നോക്കി…

“ഇന്നലെ ഞാനാ എടുത്തു കൊണ്ടു പോയി മുറിയിൽ കിടത്തിയത്… നീ ഉറക്കത്തിൽ എന്നെ കുഞ്ഞേട്ടാ എന്നു വിളിച്ചു…” “അയ്യോ !” “ഇത്ര ഇഷ്ടമുണ്ടെങ്കിൽ എന്തിനാ പ്രകടിപ്പിക്കാതെ മറച്ചു പിടിച്ചത്… ” “ഇന്നലെ ദൈവം പകർന്നു തന്ന സന്തോഷത്തിനു വേണ്ടി… ആരിൽ നിന്നും ഒന്നും പിടിച്ചു വാങ്ങി സന്തോഷിക്കാൻ അറിയില്ല… ഇന്നലെ സാറിന്റെ അച്ഛനും അമ്മയും മനസ്സറിഞ്ഞു ഈ വിവാഹത്തിനു സമ്മതം നൽകാനുള്ള കാത്തിരിപ്പിൽ ആയിരുന്നു… ഇനി അവർക്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ എന്നെ ഓർത്ത് സർ സങ്കടപ്പെടാതെ ഇരിക്കാൻ ഒഴിഞ്ഞു മാറി നടക്കേണ്ടി വന്നു…”

“നിന്റെ ആഗ്രഹം പോലെ എല്ലാം നടന്നല്ലോ…. അതുമതി… ഇപ്പോൾ നിന്റെ മുഖത്ത് കാണുന്ന പുഞ്ചിരി അതു കെടാതെ കാത്തു സൂക്ഷിക്കാൻ നീരവ് ഉണ്ടാകും കൂടെ… എനിക്ക് വിശ്വാസമുണ്ട്… ” “എനിക്ക് എല്ലാവരും വേണം… ” “എല്ലാവരും ഉണ്ടാകും… നിന്നെ അകറ്റി നിർത്താൻ ആർക്കെങ്കിലും തോന്നുമോ? ” ജനനി വേദനയോടെ പുഞ്ചിരിച്ചു… “വീട്ടുകാരെ ഓർത്തല്ലേ ഇപ്പോൾ മുഖം വാടിയത്…. നിന്റെ ഏട്ടനെ വിളിച്ച് ആക്‌സിഡന്റ് ആയ കാര്യം അഞ്ജലി അറിയിച്ചിരുന്നു… എന്നിട്ടു ജയേഷ് ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല… വല്ലാത്ത ജന്മങ്ങൾ തന്നെ… ” “ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ എന്തു തെറ്റ് ചെയ്തു എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല…”

“എല്ലാവരുടെയും ശരികൾക്ക് അനുസരിച്ച് ആർക്കും ജീവിക്കാൻ പറ്റില്ല ജാനി … എല്ലാവരുടെയും ചിന്തകൾ വ്യത്യസ്തമല്ലേ… നിന്റെ മനസാക്ഷിയ്ക്കു ശരി എന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുക… സന്തോഷത്തോടെ ജീവിക്കുക…” ആദ്യം കണ്ടപ്പോൾ തന്നെ തള്ളിയിട്ടു നെറ്റി പൊട്ടിച്ച ആളാണ് ഇപ്പോൾ തന്റെ സന്തോഷത്തിനെക്കുറിച്ച് വാചാലനാകുന്നത്… അകന്നു പോകുന്ന ബന്ധങ്ങളുടെ കണ്ണികളിൽ നിന്നും വേർപ്പെട്ട് നിലത്തു വീണു പോകാതെ ഇരിക്കാൻ സ്നേഹത്തിന്റെ ചങ്ങലക്കണ്ണികളാൽ താൻ സുരക്ഷിതയാക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ അവളുടെ കണ്ണുകൾ നിറഞ്ഞു… സ്നേഹം…

തന്നെ സന്തോഷിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന ആയുധം… തന്റെ നനഞ്ഞ കണ്ണുകൾ ആര്യൻ കാണാതെ ഇരിക്കാൻ അവൾ വേഗം അവിടെ നിന്നും പിൻവാങ്ങി… ** ആര്യനും വിഷ്ണുവും ഓഫീസിൽ പോയപ്പോൾ വാതിൽ ലോക്ക് ചെയ്ത് ജാനി മുറിയിൽ വന്നു കിടന്നു… കാളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടപ്പോൾ അവൾ എഴുന്നേറ്റു… ഡോർ തുറക്കുന്നതിനു മുൻപ് അവൾ ജനൽ കർട്ടൻ സ്വല്പം മാറ്റി ആരാണ് വന്നിരിക്കുന്നത് എന്നു നോക്കി .. അവിടെ നിൽക്കുന്ന രണ്ടു പേരെയും അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 41

Share this story