നീ മാത്രം…❣️❣️ : ഭാഗം 18

Share with your friends

എഴുത്തുകാരി: കീർത്തി

എന്റെ കണ്ണുകൾ ആ ബോർഡിൽ തന്നെ തറഞ്ഞു നിന്നു. ഞാനാ പേര് വീണ്ടും വീണ്ടും വായിച്ചു നോക്കി. ” വിജയാനന്ദ് Managing Director ” മനുവേട്ടൻ എന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാനാ ബോർഡിൽ നിന്നും കണ്ണെടുത്തത്. ഏതോ അന്യഗ്രഹത്തിൽ എത്തിയത് പോലെ ഞാൻ ആ മുറി മൊത്തത്തിലൊന്ന് നോക്കി. പിന്നെ മുന്നിൽ നിൽക്കുന്ന മനുവേട്ടനെയും ശേഷം ആനന്ദേട്ടനെയും. “ഗാഥ ഇരിക്കൂ. ” ചുണ്ടിലെ ചിരി മായാതെ ശബ്ദത്തിൽ അല്പം ഗൗരവം കൂട്ടിച്ചേർത്ത് ആനന്ദേട്ടൻ പറഞ്ഞു.

അപ്പോഴും ഞാനതെ നിൽപ്പ് അവിടെ നിന്നു. അതുകണ്ട് ആനന്ദേട്ടൻ വീണ്ടും ഇരിക്കാൻ പറഞ്ഞപ്പോഴും ശില പോലെ നിന്ന എന്നെ മനുവേട്ടനാണ് നിർബന്ധിച്ച് ചെയറിൽ പിടിച്ചിരുത്തിയത്. ഞെട്ടലൊക്കെ മാറി ഒരുനിമിഷം ആ മുഖത്തേക്ക് നോക്കിയപ്പോൾ അന്ന് ബസ് സ്റ്റോപ്പിൽ വെച്ച് ആളറിയാതെ വിജയ് സാറിനെക്കുറിച്ച് ആനന്ദേട്ടനോട് വിളിച്ചു കൂവിയതൊക്കെയാണ് ഓർമ വന്നത്. കണ്ണുകൾ മുകളിലേക്ക് ഒരു വശത്തേക്ക് ആക്കികൊണ്ട് ഞാനാ ഡയലോഗുകൾ ഓർത്തെടുത്തു. എന്തൊക്കെയായിരുന്നു പറഞ്ഞത്….. കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ, കാലൻ, വൃത്തിക്കെട്ട സ്വഭാവം, ഉറക്കഗുളിക, എലിവിഷം…..

ദൈവമേ…… എന്തിനാ ഇനിയും വെച്ചോണ്ടിരിക്കുന്നേ ഇതിലും ഭേദം എന്നെയങ്ങട് വിളിച്ചൂടെ….. അയ്യോ….. വെണ്ണ ക്യാൻസൽ ചെയ്ത ദേഷ്യത്തിനാണോ കൃഷ്ണ നീയ്യ് ഈ ചതി കാണിച്ചത്. എന്നോടിത് വേണ്ടായിരുന്നു….. ഒരിക്കലും കാണാൻ ഇടവരുത്തരുത് ന്ന് പറഞ്ഞിട്ട് ഇതിപ്പോ ദിവസവും കാണാൻ പാകത്തിന് കൊണ്ടെത്തിച്ചല്ലോ…… എന്റെ അച്ഛനെ കാത്തോളണേ ഭഗവാനെ…… എന്തോ പിന്നെ ആ മുഖത്തേക്ക് നോക്കാൻ കഴിയാത്തത് കൊണ്ട് തല താഴ്ത്തിയിരുന്നു. “മനു… നീയ്യൊന്ന് പുറത്തേക്ക് നിൽക്ക്. എനിക്ക് ഗാഥയോട് മാത്രമായി അല്പം സംസാരിക്കാനുണ്ട്. ” ആനന്ദേട്ടൻ പറയുന്നത് കേട്ട് ഞാൻ പെട്ടന്ന് തലയുയർത്തി നോക്കി. പറയുന്നത് മനുവേട്ടനോടാണെങ്കിലും നോട്ടം എന്നിലായിരുന്നു. എന്താ എന്നോട് മാത്രം…. എനിക്കൊന്നും കേൾക്കണ്ട. ഞാനും പോവാ.

ഞാൻ ദയനീയമായി മനുവേട്ടനെ നോക്കി. എന്റെ മനസിലെ അതേ സംശയം മനുവേട്ടനും ഉണ്ടെന്ന് ആ മുഖഭാവത്തിൽ നിന്നും എനിക്ക് മനസിലായി. ആള് അത് ചോദിക്കുകയും ചെയ്തു. “അതൊക്കെ ണ്ട്. നീ ചെല്ല്. പെട്ടന്ന് വിട്ടേക്കാം. ” വേറെ നിവർത്തിയില്ലാതെ മനുവേട്ടൻ പോയി. അയ്യോ മനുവേട്ടാ പോകല്ലേ. ഞാനും വരുന്നു. എന്നെകൂടെ കൊണ്ടുപോ… പ്ലീസ്… ഇപ്പൊ കരയുമെന്ന അവസ്ഥയിൽ ഞാൻ മനുവേട്ടൻ പോകുന്നതും നോക്കിയിരുന്നു. “സാറിന് എന്താ പറയാനുള്ളത്? ” എവിടുന്നൊക്കെയോ കുറച്ചു ധൈര്യം കടമെടുത്ത് ഞാൻ ഇച്ചിരി ഗൗരവത്തിൽ തന്നെ ചോദിച്ചു. “പറയാനല്ല. ചോദിക്കാനാണ് ഉള്ളത്. അതിന് മുൻപ് ദാ ഇത് പിടി. നമ്മുടെ പതിവ്. രാവിലെ കണ്ടപ്പോൾ തരാൻ പറ്റിയില്ല. ”

“എനിക്ക് വേണ്ട. ” “ഗാഥയ്ക്ക് ചോക്ലേറ്റ് വേണ്ടന്നോ !!? ” കുസൃതി ചിരിയോടെ ആനന്ദേട്ടൻ കളിയായി ചോദിച്ചു. “എനിക്ക് വേണ്ടി സാർ ഇനി ചോക്ലേറ്റ് വാങ്ങിക്കണ്ട. ” ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ ഞാൻ പറഞ്ഞു. “സാറോ? എന്താടോ എന്നോട് ദേഷ്യമാണോ? ഞാൻ തനിക്കൊരു സർപ്രൈസ് ആയിക്കോട്ടെ ന്ന് കരുതിയല്ലേ…… ” “ഇതാണോ സർപ്രൈസ്. വളരെ നന്നായിട്ടുണ്ട്. എത്രയോ വട്ടം ഞാൻ ഗീതുന്റെ വിജയ് സാറിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അന്നൊന്നും ഒരു വാക്ക്…. വേണ്ട ജോലി കിട്ടി ഇവിടെയാണ് ന്ന് പറഞ്ഞപ്പോഴെങ്കിലും….. അതും പോട്ടെ. ഇന്ന് രാവിലെ കൂടി നമ്മള് കണ്ടതല്ലേ.

അപ്പോഴും ഏതോ ഒരു കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുന്ന പോലെ ഓൾ ദി ബെസ്റ്റും തന്ന് പോവല്ലേ ചെയ്തത്. അപ്പോഴെങ്കിലും പറയായിരുന്നില്ലേ.? എന്നെ പറ്റിക്കായിരുന്നു ലെ. ” “ഗാഥ… ഞാൻ പറഞ്ഞല്ലോ. ” “വേണ്ട. എനിക്ക് നിങ്ങളെ എനിക്കറിയില്ല. ആദ്യമായിട്ടാണ് കാണുന്നത്. ഇനി കാണാനും താല്പര്യമില്ല. അതുകൊണ്ട് ഞാൻ പോണു. എനിക്ക് നിങ്ങടെ കമ്പനിയിലെ ജോലി വേണ്ട. ” ഉള്ളിലെ സങ്കടം മറച്ചു പിടിച്ച് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, എല്ലാം അറിയുന്നതിനും മുൻപ് ആയിരുന്നെങ്കിൽ ഈ ദിവസം ഞാനൊത്തിരി സന്തോഷിക്കുമായിരുന്നു.

പക്ഷെ…. ഈ ദേഷ്യവും വെറുപ്പും ഇപ്പോൾ അനിവാര്യമാണ്. അത്രയും പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. “അങ്ങനെയങ്ങ് പോയാലോ. ഒന്ന് നിന്നേ. ” പെട്ടന്നാണ് ആനന്ദേട്ടൻ പിറകിൽ നിന്നു വിളിച്ചത്. ഇനിയെന്താണാവോ? ഞാൻ തിരിഞ്ഞു നോക്കിയതും ആനന്ദേട്ടൻ ചെയറിൽ നിന്നെഴുന്നേറ്റ് വന്നു. എന്റെ മുന്നിലായി പാന്റിന്റെ രണ്ടു പോക്കറ്റിലും കൈകളിട്ട് ഒരു കുടിലതയോടെ എന്റെ മുഖത്തേക്ക് നോക്കി നിന്നു. “ഗാഥാ….. തനിക്ക് ഇത്ര പെട്ടന്ന് ഓർമശക്തി നഷ്ടപ്പെട്ടോ? അതോ മനഃപൂർവം മറന്നതോ? ” ഞാൻ സംശയത്തോടെ എന്താണെന്ന അർത്ഥത്തിൽ ആനന്ദേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉടനെ ചെന്ന് ടേബിളിലെ ഫയലിൽ നിന്നും ഒരു പേപ്പർ എടുത്ത് കാണിച്ചു. “ഇത് കണ്ടോ.

കുറച്ചു മുന്നേ ഗാഥ സൈൻ ചെയ്ത പേപ്പറാണ്. ഇതെന്താണെന്ന് അറിയുവോ? ഗാഥ ബാലചന്ദ്രനും വി. എ അസോസിയേറ്റ്സും തമ്മിലുള്ള എഗ്രിമെന്റാണ് ഇത്. ഇന്നുമുതൽ രണ്ടു വർഷത്തേക്ക് ഗാഥയുടെ സേവനം വി. എ. അസോസിയേറ്റ്സിന് വേണ്ടി മാത്രമായിരിക്കുമെന്ന് താൻ സാക്ഷ്യപ്പെടുത്തിയ പേപ്പർ. കുറച്ചൂടെ മനസിലാകുന്ന പോലെ പറഞ്ഞാൽ ബോണ്ട്‌. ഈ പറഞ്ഞ കാലയളവിനുള്ളിൽ എന്തെങ്കിലും കാരണത്താൽ അത് ബ്രേക്ക്‌ ചെയ്താൽ രണ്ടു ലക്ഷം രൂപ കോമ്പൻസേഷൻ തരേണ്ടി വരും. അല്ലെങ്കിൽ….. ” “അല്ലെങ്കിൽ? ” “അല്ലെങ്കിൽ ചിലപ്പോൾ ആനന്ദേട്ടന്റെ ഈ ഗാഥക്കുട്ടി ജയിലിൽ കിടന്ന് ഇരുമ്പഴി എണ്ണണ്ടി വരും. ”

ആനന്ദേട്ടൻ പറഞ്ഞത് കേട്ട് ബോണ്ട്‌ ഉള്ള കമ്പനിയിൽ മാത്രമേ ജോലി ചെയ്യൂ ന്ന് പറഞ്ഞു നടന്നിരുന്നതോർത്ത് എനിക്ക് പശ്ചാത്താപം തോന്നി. “ഇത്രയും ദിവസം എന്നെ പറ്റിച്ചതും പോരാതെ ഇപ്പൊ ചതിക്കുകയും ചെയ്തു ലെ? ” “ആര് ചതിച്ചു? ഞാനോ? മുന്നിൽ കിട്ടിയ പേപ്പേഴ്സ് വായിച്ചു നോക്കുക പോലും ചെയ്യാതെ ചാടികേറി സൈൻ ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു. എന്നിട്ട് ഇപ്പൊ ഞാൻ ചതിച്ചു ത്രെ. താനാള് കൊള്ളാലോ? ” ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ല. രണ്ടു വർഷം കഴിയാതെ ഇവിടുന്ന് എങ്ങോട്ടും പോകാനും പറ്റില്ല. പിടിച്ചു നിന്നേ പറ്റൂ. പക്ഷെ ഇനി ആനന്ദേട്ടനോട് പഴയത് പോലുള്ള ചങ്ങാത്തത്തിന് നിൽക്കരുത്.

മനസ് കൈവിടാതെ സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണം. ഞാൻ തീരുമാനിച്ചു. ഒരു ബോസ്സും തൊഴിലാളിയും അതിൽ കവിഞ്ഞൊരു ബന്ധം വേണ്ട ഇനിയങ്ങോട്ട്. തിരിച്ചും അങ്ങനെയായിരിക്കണം. അതിന് എത്രത്തോളം അവോയ്ഡ് ചെയ്യാൻ പറ്റിമോ അത്രയും ആനന്ദേട്ടനെ അവോയ്ഡ് ചെയ്യണം. “അപ്പൊ എങ്ങനാ? നിൽക്കുന്നോ അതോ പോകുന്നോ? ” ഞാൻ ആലോചിച്ചു നിൽക്കുന്നത് കണ്ട് ആനന്ദേട്ടൻ കുസൃതിച്ചിരിയോടെ മുഖമല്പം താഴ്ത്തി എനിക്ക് നേരെ പിടിച്ച്കൊണ്ട് ചോദിച്ചപ്പോൾ ഞാനാദ്യം ചുണ്ട് കൂർപ്പിച്ച് ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു. അപ്പോൾ ആനന്ദേട്ടൻ ചോദ്യഭാവത്തിൽ പുരികമുയർത്തി കാണിച്ചു. “നിൽക്കാം. ” വേറെ വഴിയില്ലാതെ ഞാൻ സമ്മതിച്ചു.

“വെരി ഗുഡ്. അപ്പോൾ… വെൽക്കം ട്ടു ഔർ ഫാമിലി, വി. എ. അസോസിയേറ്റ്സിലേക്ക് സ്വാഗതം. ബെസ്റ്റ് ഓഫ് ലക്ക്. ” വീണ്ടും ആ ചോക്ലേറ്റ് എനിക്ക് നീട്ടികൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. “താങ്സ്. പക്ഷെ ഇതെനിക്ക് വേണ്ട. വേറെന്താ പറയാനുള്ളത്? ” താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ മുഖം തിരിച്ചു. തന്നത്താനങ്ങ് കഴിച്ചാൽ മതി. അല്ലെങ്കിൽ വർഷങ്ങളായി കാത്തിരിക്കുന്ന ആ കാമുകിയെ കണ്ടുപിടിച്ച് അവൾക്ക് കൊടുക്ക്. ഞാൻ മനസ്സിൽ പിറുപിറുത്തു. ഉടനെ ആനന്ദേട്ടൻ എന്നെനോക്കി “എന്താ പറഞ്ഞത് ” ന്നുള്ള അർത്ഥത്തിൽ മൂളുന്നത് കേട്ടു. ഞാനാ പിറുപിറുത്തത് എവിടെയൊക്കെയോ കേട്ടുവെന്ന് ആ മൂളലിൽ നിന്ന് മനസിലായി. ഞാൻ തല താഴ്ത്തി മിണ്ടാതെ നിന്നു. “അത് ഇപ്പൊ പറഞ്ഞാൽ തീരെ ശെരിയാവില്ല. തന്റെ ദേഷ്യമൊന്ന് കുറയട്ടെ.” “അപ്പൊ നീയിത് വാങ്ങിക്കില്ല. ”

ആനന്ദേട്ടൻ ഒന്ന് നിർത്തിയിട്ട് വീണ്ടും ചോദിച്ചു. “ഇല്ല. ” ബാക്കി കേൾക്കാനോ പറയാനോ നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു. “ഈ ചോക്ലേറ്റ് ഞാൻ നിനക്ക് വേണ്ടി വാങ്ങിച്ചതാണെങ്കിൽ ഇത് നിന്നെക്കൊണ്ട് കഴിപ്പിക്കാനും എനിക്കറിയാം.” ആനന്ദേട്ടൻ പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. ആനന്ദേട്ടന്റെ ആ വാക്കുകളിൽ ഭീഷണിയോ അധികാരമോ അങ്ങനെ എന്തൊക്കെയോ ഉള്ളത് പോലെ തോന്നി. അതിന് മറുപടിയായി തിരിഞ്ഞു നിന്ന് ഒരു കൂർപ്പിച്ച നോട്ടവും നൽകി ഞാനവിടുന്ന് പോന്നു. എന്നെയും കാത്ത് മനുവേട്ടൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്ന് എന്ത് കാര്യമാണ് സാർ പറഞ്ഞതെന്ന് ചോദിച്ചു.

മനുവേട്ടനോട് ഒന്നും പറയാൻ തോന്നിയില്ല. ഗീതുവിനെ എത്രയും പെട്ടന്ന് കാണണം ന്ന് മാത്രമായിരുന്നു ചിന്ത. മനുവേട്ടനോട് ചോദിച്ചപ്പോൾ ഗീതു ശില്പയോടൊപ്പം റിസപ്ഷനിലേക്ക് പോകുന്നത് കണ്ടു ന്ന് പറഞ്ഞു. ഞാനും മനുവേട്ടനും അവിടെ ചെല്ലുമ്പോൾ ഗീതു റിസപ്ഷനിലെ ചേച്ചിയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ശില്പ എന്തോ ഗഹനമായ ആലോചനയിലും. “എന്തായി എല്ലാം ശെരിയായില്ലേ? കാലൻ ചൂടിലൊന്നും അല്ലല്ലോ ഉണ്ടായിരുന്നത്? ” സംസാരിച്ചു കൊണ്ട് തിരിഞ്ഞതും എന്നെ കണ്ട ഗീതു അടുത്തേക്ക് വന്നു ചോദിച്ചു. ഒരു ആശ്വാസത്തിനെന്ന പോലെ ഞാനുടനെ അവളെ കെട്ടിപിടിച്ചു. “എന്താടി എന്താ ഉണ്ടായത്? സാർ വഴക്ക് പറഞ്ഞോ? ” എന്നെ പിടിച്ചു നേരെ നിർത്തി കൊണ്ട് അവൾ ചോദിച്ചു.

മനുവേട്ടനും ശില്പയും റിസപ്ഷനിലെ ആ ചേച്ചിയും ഇതുകണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു. “എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം. ” ഞാൻ പറഞ്ഞു. “ഇപ്പൊ ബ്രേക്ക്‌ അല്ലെ. നമുക്ക് കാന്റീൻലേക്ക് പോയാലോ? ” എന്റെ പ്രവർത്തിയും മുഖഭാവവും എല്ലാം കൂടിയായപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഗീതുവിന് മനസിലായെന്ന് തോന്നുന്നു. മനുവേട്ടനോടും ശില്പയോടുമായി പറഞ്ഞ ശേഷം അവള് എന്നെയും കൊണ്ട് കാന്റീൻലേക്ക് നടന്നു. ശില്പയും മനുവേട്ടനും കൂടെ വന്നു. ഞങ്ങൾ മൂന്നു പേരും അവിടെ ഒരു ടേബിളിന് ചുറ്റുമിരുന്നു. മനുവേട്ടൻ ചെന്ന് ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ടുവന്നു. കൈയിൽ കിട്ടിയതും ഒറ്റവലിക്ക് ഞാനാ കുപ്പി മൊത്തം കാലിയാക്കി.

എന്റെ കുടി കണ്ട് മൂന്നെണ്ണവും താടിക്ക് കൈയും കൊടുത്ത് എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അവസാനത്തുള്ളി വെള്ളവും വായിലേക്കാക്കിയ ശേഷം ഞാനാ കുപ്പി ടേബിളിൽ വെച്ചു. “ഇനിയെങ്കിലും ഒന്ന് പറ എന്താ ഉണ്ടായത്? ” മനുവേട്ടൻ ചോദിച്ചു. “ആനന്ദേട്ടനെ കണ്ടിട്ടില്ല ആനന്ദേട്ടനെ കണ്ടിട്ടില്ല ന്ന് പറഞ്ഞ് നിനക്കല്ലേ ഭയങ്കര സങ്കടം? ” ഞാൻ ഗീതുവിനോടായി ചോദിച്ചു. “എന്താ വിജയ് സാറിന്റെ അടുത്ത് ആനന്ദേട്ടനും ഉണ്ടോ? ” അവള് അത്ഭുതത്തോടെ ചോദിച്ചു. “ആനന്ദേട്ട..നും അല്ല. ആനന്ദേട്ടൻ. ആനന്ദേട്ടൻ മാത്രേ ഉള്ളൂ അവിടെ. ” “എന്ത്? ” ഞാൻ ഉണ്ടായതെല്ലാം അവരോട് പറഞ്ഞു. ശില്പയ്ക്കും മനുവേട്ടനും അറിയാത്ത ഭാഗങ്ങൾ ഗീതു അവർക്ക് പറഞ്ഞു കൊടുത്തു.

ആനന്ദേട്ടനോടുള്ള എന്റെ ഇഷ്ടം ഒഴികെ. എല്ലാം കേട്ടുകഴിഞ്ഞതും അവര് രണ്ടാളും എന്തോ അത്ഭുതം കണ്ടത് പോലെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. “എനിക്കിതൊന്നും വിശ്വാസിക്കാൻ പറ്റുന്നില്ല. വിജയ് ഇങ്ങനെയൊക്കെ…. ഒരാളോട് കൂട്ടായി ന്ന് പറഞ്ഞാൽ….. അതും കാണുമ്പോൾ കാണുമ്പോൾ ചോക്ലേറ്റ്……. ” മനുവേട്ടനായിരുന്നു. “സത്യമാണ് മനുവേട്ടാ. പിന്നെ…..ബോണ്ടുള്ള കമ്പനി മാത്രേ ജോലി ചെയ്യൂ ന്നും പറഞ്ഞ് എന്തായിരുന്നു ബഹളം. ഇപ്പൊ സന്തോഷമായല്ലോ ലെ? ” “ശവത്തിൽ കുത്താതെടി കൂതറെ. ” “കുത്തുമെടി കുത്തും ഈ ശവത്തിൽ ഞാൻ കുത്തും. അല്ലാ….ശിൽപേ നീ കുറെ നേരായിട്ട് പറഞ്ഞില്ലേ വിജയ് സാർ രാവിലെ നിന്നോട് എന്തോ പറഞ്ഞു ന്ന്.

എന്താ അത്? ” പെട്ടന്ന് എന്തോ ഓർത്തപോലെ ഗീതു ശില്പയോട് ചോദിച്ചു. “അതോ… രാത്രി ഉറങ്ങാൻ നേരം നാമം ജപിച്ചിട്ടു വേണം കിടക്കാൻ. അല്ലെങ്കിൽ വേണ്ടാത്ത പലതും സ്വപ്നം കാണും ന്ന്. ” ശില്പ കൂസലില്ലാതെ പറഞ്ഞു. “എന്താ അങ്ങനെ പറഞ്ഞത് ന്ന് ഇതുവരെയും മനസിലായില്ലല്ലോ? ” ഉടനെ ഇല്ലെന്ന അർത്ഥത്തിൽ ശില്പ തലയാട്ടി. അപ്പോൾ അതിന്റെ കാരണം എന്നോട് ചോദിക്കാൻ ഗീതു പറഞ്ഞപ്പോൾ ശില്പ എന്നെ സംശയത്തോടെയൊന്ന് ഉഴിഞ്ഞുനോക്കി. നിഷ്കളങ്കമായൊരു ചിരിയായിരുന്നു എന്റെ മറുപടി. ശില്പ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് എന്നെ തുറിച്ചുനോക്കി. ചോരയ്ക്ക് വേണ്ടി ദാഹിച്ചു വലയുന്ന യക്ഷിയെ പോലെ. ഞാൻ കൈകൾ കൂപ്പികൊണ്ട് അവളോട് അപേക്ഷിച്ചു.

“അറിഞ്ഞില്ല ശിൽപേ….. ഞാനൊന്നും അറിഞ്ഞില്ല….ഈ ഒന്നും ഈ ഒന്നും ഒന്ന് തന്നെയാണെന്ന് ഞാനറിഞ്ഞില്ല….. അയാളൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ….. ഒരു ക്ലൂവെങ്കിലും തന്നിരുന്നെങ്കിൽ……ഞാനൊന്നും പറയില്ലായിരുന്നു….എന്നെ കൊല്ലരുത്…..പ്ലീസ്…. പറ്റിപ്പോയി….” “എന്താ ഇവിടെ എല്ലാരും കൂടി? എലിവിഷം ഏതു കമ്പനിടെ വേണംന്നുള്ള ചർച്ചയാണോ? ” പെട്ടന്ന് എന്റെ തൊട്ടുപിറകിൽ നിന്നുള്ള ആ ചോദ്യം കേട്ട് യക്ഷി എന്നെ കൊല്ലാതെ വെറുതെ വിട്ടു. ഒപ്പം ഞങ്ങൾ എല്ലാവരും ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣️❣️ : ഭാഗം 17

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-