നീ മാത്രം…❣️❣️ : ഭാഗം 19

Share with your friends

എഴുത്തുകാരി: കീർത്തി

“എന്താ ഇവിടെ എല്ലാരും കൂടി? എലിവിഷം ഏതു കമ്പനിടെ വേണംന്നുള്ള ചർച്ചയാണോ? ” പെട്ടന്ന് എന്റെ തൊട്ടുപിറകിൽ നിന്നുള്ള ആ ചോദ്യം കേട്ട് യക്ഷി എന്നെ കൊല്ലാതെ വെറുതെ വിട്ടു. ഒപ്പം ഞങ്ങൾ എല്ലാവരും ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു. ആളാരാണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ എഴുന്നേറ്റു നിന്നതേയുള്ളൂ. എന്തോ തിരിഞ്ഞു നോക്കാൻ തോന്നിയില്ല. “എലിവിഷമോ? ഏയ്‌… ഞങ്ങളങ്ങനെ ചെയ്യുവോ സാർ? ” ഗീതുവായിരുന്നു. എന്നെ നോക്കികൊണ്ടാണ് അവളത് ചോദിച്ചത്. അവള് മാത്രമല്ല എല്ലാവരുടെയും കണ്ണുകൾ എന്നിൽ തന്നെയായിരുന്നു. എന്നെയിട്ട് വാരാൻ കിട്ടിയ അവസരം മുതലാക്കാൻ നോക്കാ. ദുഷ്ട. “നിങ്ങളെയല്ല.

ഞാൻ പൊതുവെ…. പറഞ്ഞതാ. ” ആനന്ദേട്ടനും താങ്ങാൻ മോശമല്ല ന്ന് മനസിലായി. ഹും. ഒരു ദുർബല നിമിഷത്തിൽ അങ്ങനെ പറഞ്ഞു ന്ന് വെച്ച് ഏതുനേരോം അതും പറഞ്ഞ് ഇങ്ങനെ കളിയാക്കണോ. ഈശ്വരാ ഏത് നേരത്താണോ എന്തോ? “ഞങ്ങൾക്കെന്തിനാ ഇപ്പൊ എലിവിഷം. നല്ല അസ്സൽ കെണി വെച്ചാൽ പോരെ. അല്ലെ ഗാഥേ? ” മ്മ്മ്…. അടുത്ത ആള്ടെ വക. മനുവേട്ടനായിരുന്നു അത്. ദുഷ്ടാ ഇനി അതൂടെ പറ. അയ്യാള് വിചാരിക്കും കെണി വെയ്ക്കാനും ഞാനാ പറഞ്ഞത് ന്ന്. പറഞ്ഞു കഴിഞ്ഞ് എന്നോടൊരു അഭിപ്രായം ചോദിക്കലും. പോരെ പൂരം. മിക്കവാറും എലിവിഷം ഞാൻ മനുവേട്ടനായിരിക്കും ആദ്യം കൊടുക്കുന്നത്. വെറുതെയൊന്ന് ഇടംകണ്ണിട്ട് നോക്കിയപ്പോൾ കണ്ടു ആനന്ദേട്ടന്റെ നോട്ടം എന്നിൽ തന്നെയാണെന്ന്. ഞാൻ വേഗം തലതാഴ്ത്തി നിന്നു.

“എന്താ ഇങ്ങനെ നിൽക്കുന്നേ ഇരിക്ക് എല്ലാരും.” ആനന്ദേട്ടൻ ഒഴിഞ്ഞു കിടന്നിരുന്ന ചെയറിൽ ഇരുന്നുകൊണ്ട് പറഞ്ഞു. ഒപ്പം ഞങ്ങളും ഇരുന്നു. ആദ്യമാദ്യം ആനന്ദേട്ടൻ കൂടെയിരിക്കുന്നതിന്റെ ഒരു പരവേശം ഗീതുവിനും ശില്പയ്ക്കും ഉണ്ടായിരുന്നു. പിന്നെ പിന്നെ അത് മാറി. അവരെല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ പക്ഷെ അതെല്ലാം കണ്ട് മിണ്ടാതെ ഇരുന്നതേയുള്ളൂ. അവരുമായി സംസാരിക്കുമ്പോഴും പലതവണ ആനന്ദേട്ടന്റെ കണ്ണുകൾ എന്നെതേടിയെത്തുന്നത് ഞാനറിഞ്ഞു. എന്നാലും അവയെ പാടെ അവഗണിച്ച് ഞാൻ തല താഴ്ത്തിയിരിക്കുകയാണ് ചെയ്തത്.

അപ്പോഴാണ് കാന്റീൻ നടത്തുന്ന ചേട്ടൻ അങ്ങോട്ട് വന്നത്. അദ്ദേഹത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. ഏകദേശം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ. സാധാരണ ഷർട്ടും മുണ്ടുമാണ് വേഷം. തോളിലൊരു തോർത്തുമുണ്ടും ഉണ്ട്. ഇടയ്ക്കിടെ അതിൽ കൈ തുടച്ചു കൊണ്ടിരിക്കുന്നു. പുതിയൊരു മുഖം കൂട്ടത്തിൽ കണ്ടപ്പോൾ അദ്ദേഹം അന്വേഷിച്ചു. മനുവേട്ടൻ അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തി കൊടുത്തു. തിരിച്ചും. മണികണ്ഠൻ എന്നാണ് ആളുടെ പേര്. എല്ലാവരും മണിയേട്ടൻ ന്ന് വിളിക്കും. വളരെ നല്ല സ്വഭാവം. എന്നോട് നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ ചോദിച്ചു. മണിച്ചേട്ടന് മകളും അമ്മയും മാത്രമാണ് ഉള്ളത് ഭാര്യ പ്രസവത്തോടെ മരിച്ചു പോയതാണത്രെ. പിന്നീടങ്ങോട്ട് മകളാണ് അദ്ദേഹത്തിന് എല്ലാം.

ഇപ്പോൾ പ്ലസ്ടു വിന് പഠിക്കുകയാണത്രെ. മോളെക്കുറിച്ച് പറയുമ്പോൾ മണിച്ചേട്ടന് ആയിരം നാവായിരുന്നു. മണിച്ചേട്ടനോട്‌ സംസാരിച്ചോണ്ടിരുന്നപ്പോൾ അടുത്തിരിക്കുന്നവരെ ഒരുനിമിഷം ഞാൻ മറന്നു. “കുഞ്ഞേ എന്തേലും കഴിക്കാൻ വേണോ? ” വിശേഷം പറച്ചിലെല്ലാം കഴിഞ്ഞപ്പോൾ മണിച്ചേട്ടൻ ആനന്ദേട്ടനോടായി ചോദിച്ചു. “എന്താ ഇപ്പൊ കഴിക്കാ? മ്മ്മ്……..” “ബോണ്ടയുണ്ടോ മണിയേട്ടാ? ” ആനന്ദേട്ടൻ ആലോചിച്ച് ഇരിക്കുന്ന നേരം കൊണ്ട് ഗീതു ചാടിക്കേറി ചോദിച്ചു. ചുറ്റും നോക്കിയപ്പോൾ അതുകേട്ട് എല്ലാവരും ചിരിയടക്കാൻ പാട് പെടുന്ന കാഴ്ചയാണ് കണ്ടത്. വായയാണോ വയറാണോ പൊത്തണ്ടത് ന്ന് അറിയാത്ത അവസ്ഥയിലാണ് മനുവേട്ടൻ. ഞാനവളെ നോക്കി കണ്ണുരുട്ടി.

“നീ എന്തിനാടി എന്നെനോക്കി കണ്ണുരുട്ടുന്നെ? ഞാൻ ബോണ്ട ന്നല്ലേ പറഞ്ഞത് അല്ലാണ്ട് ബോണ്ട്‌ ന്നല്ലല്ലോ? ” വഞ്ചകി….. വീട്ടിലോട്ട് വാടി നിനക്കുള്ള ബോണ്ട ഞാൻ തരുന്നുണ്ട്. “ബോണ്ടയോ? ” എല്ലാവരുടെയും ചിരി കണ്ട് മണിയേട്ടൻ സംശയത്തോടെ ചോദിച്ചു. “അതേന്നേ…ബോണ്ട. ഈ ബോൾ പോലെ ഉരുണ്ട് അതിന്റെ ഉള്ളിൽ മസാലയൊക്കെ ഇട്ടിട്ടുള്ള…. ബോണ്ടയില്ലേ ബോണ്ട. ആ ബോണ്ട തന്നെയല്ലേ ഗീതു ഉദ്ദേശിച്ചത്? ” മനുവേട്ടനാണ്. ആ വൃത്തിക്കെട്ട വാക്കിൽ പിടിച്ചു തൂങ്ങുന്നത്. ഇയ്യാളെന്തിനാ അതിന്റെ ലേലം വിളി നടത്തുന്നേ. മനുഷ്യനെ നാറ്റിക്കാൻ. “ശെരിയാ ഗീതാഞ്ജലി പറഞ്ഞത് ഇപ്പൊ കഴിക്കാൻ പറ്റിയ സാധനാ. ” ആനന്ദേട്ടൻ ഒരു കുസൃതി ചിരിയോടെ അവളെ പിന്താങ്ങി. തൊഴിലാളികളും കൊള്ളാം മൊയലാളിയും കൊള്ളാം. ഒരാളെ പരിഹസിക്കുന്ന കാര്യത്തിൽ എന്തൊരു ഒത്തൊരുമ.

“അയ്യോ.. കുഞ്ഞേ ഇവിടെ ബോണ്ട ഇല്ലല്ലോ. വേണേൽ നാളെ ഉണ്ടാക്കി വെയ്ക്കാം. ” പാവം മണിയേട്ടന് അറിയില്ലല്ലോ ഈ കാപാലികർ എന്നെ കളിയാക്കിയതാണെന്ന്. ഇരച്ചു വരുന്ന ദേഷ്യം കടിച്ചു പിടിച്ച് ‘മൗനം വിധ്വാന് ‘ ഭൂഷണം എന്നോർത്ത് മിണ്ടാതിരുന്നു. വെറുതെ വടി കൊടുത്ത് ഇനിയും അടി വാങ്ങാൻ നിക്കണ്ടല്ലോ. അവസാനം എല്ലാവർക്കും ഓരോ ചായ മാത്രം പറഞ്ഞു. അത് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആനന്ദേട്ടൻ കുറച്ചു ചോക്ലേറ്റ് എടുത്ത് ടേബിളിൽ വെച്ചത്. ചോദ്യം വരുന്നതിന് മുന്നേ ആള് പറഞ്ഞു ഇന്ന് അങ്ങേർക്ക് എന്തോ വിശേഷപ്പെട്ട ദിവസമാണെന്ന്. “അതെന്ത് വിശേഷം? ” മനുവേട്ടന് സംശയം. ഉടനെ ആനന്ദേട്ടൻ മനുവേട്ടനെ അടുത്തേക്ക് വിളിച്ച് ചെവിയിലെന്തോ പറഞ്ഞു.

അത് കേട്ടുകഴിഞ്ഞതും “എന്നിട്ടെന്താ കുഞ്ഞമ്മ അക്കാര്യം എന്നോട് പറയാഞ്ഞേ? ” ന്ന് താടിയിൽ തട്ടിക്കൊണ്ട് സ്വയം ചോദിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചോക്ലേറ്റ് എടുത്തു കഴിഞ്ഞപ്പോഴാണ് എനിക്ക് കിട്ടിയില്ലെന്ന് അവര് ശ്രദ്ധിച്ചത്. ഉടനെ തന്റെ ചോക്ലേറ്റ് ഷെയർ ചെയ്യാമെന്ന് ഗീതു പറഞ്ഞപ്പോൾ ആനന്ദേട്ടൻ തടഞ്ഞു. എന്നിട്ട് പോക്കറ്റിൽ നിന്നും നേരത്തെ ഞാൻ നിരസിച്ച ചോക്ലേറ്റ് എടുത്ത് എനിക്ക് നീട്ടി. വാശി കൊണ്ടോ തോറ്റുകൊടുക്കാനുള്ള മടി കൊണ്ടോ അത് വാങ്ങിക്കതെ നിന്നപ്പോൾ പെട്ടന്ന് മനുവേട്ടൻ ആനന്ദേട്ടന്റെ കൈയിൽ നിന്നും ചോക്ലേറ്റ് തട്ടിപ്പറിച്ചു.

കഴിക്കാണെങ്കിൽ കഴിച്ചോട്ടെ ന്നുള്ള ആശ്വാസത്തിൽ ഞാൻ നിന്നപ്പോൾ നീയത് കഴിക്കുമോടാ ന്നുള്ള രീതിയിൽ ആനന്ദേട്ടൻ മനുവേട്ടനെ നോക്കി ദഹിപ്പിക്കുകയായിരുന്നു. ആനന്ദേട്ടന്റെ മുന്നിൽ വെച്ചുതന്നെ മനുവേട്ടൻ അത് കഴിക്കുന്നത് കാണാൻ കാത്തിരുന്ന എനിക്ക് തീരെ പ്രതീക്ഷിക്കാത്തൊരു അനുഭവമാണ് അവിടെ നേരിട്ടത്. ആ ദുഷ്ടൻ ചോക്ലേറ്റ് കവർ പൊട്ടിച്ച് എന്റെ വായിൽ കൊണ്ടുവന്ന് കുത്തിക്കേറ്റുകയാണ് ചെയ്തത്. എന്നിട്ടൊരു ഡയലോഗും ” എന്റെ കുഞ്ഞമ്മേടെ സന്തോഷത്തിനല്ലേ അങ്ങട് കഴിക്കന്നേ ” ന്ന്. ആനന്ദേട്ടന്റെ മുഖത്തെ വിജയച്ചിരി കണ്ട് ചോക്ലേറ്റ് ഇറക്കാനും അത്രയും ഇഷ്ടമുള്ളത് കൊണ്ട് തുപ്പാനും കഴിയാതെ ഞാൻ സംശയിച്ചു നിന്നു. അവസാനം ഉമിനീരിൽ ലയിച്ച് അത് വയറ്റിലേക്കെത്തിയത് അറിഞ്ഞപ്പോൾ തല കുനിച്ച് കണ്ണുകൾ ഇറുക്കിയടച്ചു നിന്നു.

“ഇനി എല്ലാരും പോയി അവരവരുടെ ജോലി നോക്കിക്കേ. ” ഞാനാ ചോക്ലേറ്റ് കഴിച്ചുകഴിഞ്ഞു ന്ന് മനസ്സിലായതും ആള് തനി സ്വഭാവം പുറത്തെടുത്തു. ശില്പയും ഗീതുവും അത് കേട്ടവഴിക്ക് തന്നെ സ്ഥലം കാലിയാക്കി. ഞാൻ മനുവേട്ടന്റെ കൂടെ പോകുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ “ഇപ്പൊ എങ്ങനെയുണ്ട് ” ന്നുള്ള അർത്ഥത്തിൽ ആനന്ദേട്ടൻ ഷർട്ടിന്റെ കോളർ പൊക്കി കാണിക്കുന്നത് കണ്ടു . ഭാവഭേദങ്ങലൊന്നുമില്ലാതെ തന്നെ ഞാൻ മുഖം തിരിച്ച് മനുവേട്ടന്റെ പിറകെ നടന്നു. അന്നത്തെ ദിവസം മുഴുവൻ അവിടെ ഞാൻ ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണെന്നും എങ്ങനെയൊക്കെയാണെന്നും മനുവേട്ടൻ പറഞ്ഞു തന്നു.

പിന്നീടുള്ള ദിവസങ്ങളിൽ മനുവേട്ടൻ ചെയ്യുന്നതെല്ലാം ഓരോന്നോരോന്നായി കണ്ടു പഠിക്കുകയായിരുന്നു. ഇടയ്ക്ക് മനുവേട്ടൻ എന്നെക്കൊണ്ട് ചില വർക്കുകൾ ചെയ്യിക്കാൻ തുടങ്ങി. ഇതിനിടയിൽ അവിടെയുള്ള മറ്റു സ്റ്റാഫുകളുമായും നല്ല കൂട്ടായി. മിക്കവരുടെയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം ചോദിച്ചറിഞ്ഞു. മനുവേട്ടൻ ചിലപ്പോഴൊക്കെ എനിക്കൊരു നല്ല ഫ്രണ്ടും മേലുദ്യോഗസ്ഥനുമായി. ചിലപ്പോഴൊക്കെ ഒരു നല്ല ജ്യേഷ്ഠനും. ഗീതുവിന്റേയും ശില്പയുടെയും കൂടെ കൂടി എന്തേലുമൊക്കെ ഒപ്പിക്കുമ്പോൾ ചെവിക്ക് പിടിക്കുകയും, തെറ്റുകൾ കാണുമ്പോൾ ശാസിക്കുകയും, ചെയ്യുന്ന ഒരു ഏട്ടൻ. ഇതിനിടയിൽ പലവട്ടം ആനന്ദേട്ടൻ കോംപ്രമൈസിന് വന്നുവെങ്കിലും ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.

ആനന്ദേട്ടനോട് പഴയത് പോലെ മിണ്ടാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്റെ അവസ്ഥ അങ്ങനെയായി പോയി. അച്ഛന് കൊടുത്ത വാക്ക്. ആനന്ദേട്ടനെ കാണുമ്പോഴൊക്കെ ഓടിചെന്ന് പഴയത് പോലെ സംസാരിക്കാൻ തോന്നാറുണ്ട്. പക്ഷെ തൊട്ടടുത്ത നിമിഷം അച്ഛന്റെ മുഖം മനസ്സിൽ തെളിയുമ്പോൾ എല്ലാം വേണ്ടന്ന് വെയ്ക്കും. അല്ലെങ്കിൽ തന്നെ മനുവേട്ടൻ പറഞ്ഞിട്ടുള്ളത് ആനന്ദേട്ടന് ഒരു പ്രണയമുണ്ടെന്നല്ലേ. ആ പെൺകുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ന്നല്ലേ. പിന്നെന്തിനാ ഞാൻ പേടിക്കുന്നെ. ആനന്ദേട്ടൻ ഇപ്പോഴും ആ കുട്ടിക്ക് വേണ്ടി കാത്തിരിക്കകയാണ്. എന്റെ ഇഷ്ടം, അത് എനിക്ക് മാത്രമല്ലേ അറിയൂ. ഓർക്കുമ്പോൾ ഒത്തിരി വിഷമം തോന്നുന്നുണ്ട്.

ആനന്ദേട്ടന്റെ പ്രണയം മറ്റൊരാളാണെന്ന് അറിയുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ അനുഭവപ്പെടുന്നു. എന്നാലും വേണ്ടില്ല എല്ലാം ഭംഗിയായി നടക്കാൻ എത്രയും പെട്ടന്ന് ആ കുട്ടിയെ ആനന്ദേട്ടന് കണ്ടെത്താൻ കഴിയട്ടെ. അന്നത്തെ ആ കാന്റീൻ സംഭവത്തിന് ശേഷം എല്ലാ അലവലാതികളും കൂടി എനിക്കൊരു പേരിട്ടു. ബോണ്ട്‌ മോള് ന്ന്. ബോണ്ട്‌ എന്ന സംഭവത്തിനോട് എനിക്കുണ്ടായിരുന്ന സ്നേഹവും ആനന്ദേട്ടൻ ആ ബോണ്ടിൽ തന്നെ എനിക്കിട്ട് പണി തരികയും ചെയ്തത് കൊണ്ട് അവറ്റകൾ എന്നെ പിന്നെ അങ്ങനെ വിളിക്കാൻ തുടങ്ങി. ഭാഗ്യത്തിന് ഞങ്ങളെ കൂടാതെ വേറെയാരെങ്കിലും ഒപ്പമുള്ളപ്പോൾ അങ്ങനെ വിളിക്കാറില്ല.

അതുകൊണ്ട് ആ നാലെണ്ണത്തിനല്ലാതെ മൂന്നാമതൊരാൾക്ക് ആ പേരറിയില്ല. അത്രയും ആശ്വാസം. പിന്നീടങ്ങോട്ട് തിരക്കില്ലാത്തപ്പോഴൊക്കെ ആനന്ദേട്ടനും ഞങ്ങളോടൊപ്പം ചായ കുടിക്കാനും ലഞ്ച് കഴിക്കാനുമൊക്കെ വരുന്നത് പതിവായി. ആനന്ദേട്ടന്റെ സാനിധ്യത്തിൽ മാത്രം സൈലന്റ് ആവുന്ന ഞാൻ എല്ലാരുടെയും നിർബന്ധപ്രകാരം ആനന്ദേട്ടനോട് പതിയെ മിണ്ടി തുടങ്ങി. പക്ഷെ എപ്പോഴും സ്വയം തീർത്തൊരു ലക്ഷ്മണരേഖ ഞാൻ മനസ്സിൽ സൂക്ഷിച്ചു. ഒരിക്കലും പഴയ ഗാഥയിലേക്കും ആനന്ദേട്ടനിലേക്കും ഒരു മടങ്ങിപ്പോക്ക് ഉണ്ടാവാതിരിക്കാൻ. അങ്ങനെ വളരെ വിജയകരമായി വി. എ. അസോസിയേറ്റ്സിൽ ഞാൻ ഒരു മാസം തികച്ചിരിക്കുന്നു.

പറഞ്ഞതൊന്നും നടത്തി തന്നില്ല എങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിച്ചു. എന്റെ കള്ളക്കണ്ണന് ആദ്യശമ്പളത്തിൽ നിന്നും വെണ്ണ ഞാൻ നേദിച്ചു. ബാക്കി മുഴുവനും അതുപോലെ എടുത്തു വെച്ചു. അച്ഛനെ ഏൽപ്പിക്കാൻ. ചിലവ് ചോദിച്ചു പിന്നാലെ നടന്നവരോടൊക്കെ അടുത്തത് കിട്ടുമ്പോൾ തരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. വീക്കെൻഡ് ആയതുകൊണ്ട് വർക്ക്‌ എല്ലാം പെട്ടന്ന് തീർക്കുന്നതിനിടയിലാണ് മനുവേട്ടൻ ഒരു ഫയൽ എന്റെ കൈയിൽ തന്ന് അത് ആനന്ദേട്ടന്റെ ടേബിളിൽ കൊണ്ടുവെക്കാൻ പറഞ്ഞത്. അന്ന് ജോയിൻ ചെയ്യാൻ വന്നതിന് ശേഷം ഇതുവരെ ഒരിക്കൽ പോലും ആനന്ദേട്ടനെ തനിച്ച് ഫേസ് ചെയ്യണ്ട സാഹചര്യം ഉണ്ടായിട്ടില്ല. പരമാവധി ഒഴിവായി പോയിട്ടേ ഉള്ളൂ.

അല്ലെങ്കിൽ ഞങ്ങൾ തമ്മിലുള്ള ഇരിപ്പുവശം അറിയാവുന്നത് കൊണ്ട് മനുവേട്ടനും അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ലായിരുന്നു. പക്ഷെ ഇന്നിപ്പോ മനുവേട്ടനും ഭയങ്കര തിരക്കിലാണ്. അതുകൊണ്ട് മനുവേട്ടനോട് തന്നെ പോകാൻ പറയാനും വയ്യ. “മനുവേട്ടാ… ഞാൻ……ഞാൻ തന്നെ പോണോ? ” ഞാൻ മടിച്ചു മടിച്ച് ചോദിച്ചു. “ഈ ഫയൽ അവിടെ വെച്ചിട്ട് ഇങ്ങ് പോന്നാൽ മാത്രം മതി. എല്ലാം ഞാൻ വിജയോട് പറഞ്ഞിട്ടുണ്ട്. ” എന്നിട്ടും ഞാൻ പോകാൻ മടിച്ച് അവിടെ തന്നെ നിന്നു. “അവനെ തനിച്ച് ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടാണെങ്കിൽ ധൈര്യായിട്ട് ചെന്നോ അവനവിടെ ഇല്ല. R.K.ഇൻഡസ്ട്രിസുമായുള്ള മീറ്റിംഗിന് പോയിരിക്കാണ്. അതുകൊണ്ട് വേഗം കൊണ്ട്വെച്ചിട്ട് വായോ.

എന്നിട്ട് ഈ വർക്ക്‌ കംപ്ലീറ്റ് ചെയ്തിട്ട് വീട്ടിൽ പോകാൻ നോക്ക്. ” മനുവേട്ടനെ നോക്കി തലകുലുക്കി സമ്മതമറിയിച്ച് സന്തോഷം കൊണ്ട് തുള്ളിച്ചാടി ഞാൻ ആനന്ദേട്ടന്റെ ക്യാബിനിലേക്ക് ചെന്നു. ചെറിയൊരു പേടിയോടെയാണ് അകത്തേക്ക് കടന്നത്. ഒഴിഞ്ഞു കിടക്കുന്ന ആനന്ദേട്ടന്റെ ചെയർ കണ്ടപ്പോഴാണ് ആ കുഞ്ഞു പേടി ഇല്ലാതായത്. ഫയൽ ടേബിളിൽ വെക്കുമ്പോൾ എന്റെ കണ്ണുകൾ പെട്ടന്ന് ആ നെയിം ബോർഡിൽ ഉടക്കിനിന്നു. അത് കാണുമ്പോഴൊക്കെ ഒരു ഞെട്ടൽ അനുഭവപ്പെടുന്നതായി തോന്നി. എന്തുകൊണ്ടോ ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല ആനന്ദേട്ടൻ തന്നെയാണ് ഗീതുവിന്റെ വിജയ് സാറെന്ന്. ഞാനാ ബോർഡും കൈയിലെടുത്ത് അതിലേക്ക് തന്നെ നോക്കിനിന്നു.

എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല. പെട്ടന്ന് ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. രണ്ട് കൈയും പിണച്ചുകെട്ടി ചിരിച്ചു കൊണ്ട് ഡോറിൽ ചാരിനിൽക്കുകയായിരുന്നു ആനന്ദേട്ടൻ. മനുവേട്ടൻ പറഞ്ഞത് ഇങ്ങേരേതോ മീറ്റിംഗിന് പോയി ന്നല്ലേ. പിന്നെ ഇതിപ്പോ എങ്ങനെ?. വാതിൽക്കൽ തന്നെ നിൽക്കുന്നത് കൊണ്ട് ഇറങ്ങി പോകാനും കഴിയില്ല. ഇനിയിപ്പോൾ എന്ത് ചെയ്യും. ഞാനോർത്തു. “ഞാനീ… ഫയൽ ഇവിടെ വെക്കാൻ…… ” ചോദ്യം വരുന്നതിന് മുന്നേ ജാമ്യാപേക്ഷ നൽകി. “എന്നിട്ട് ഫയലല്ലല്ലോ കൈയിൽ? ” ആ നെയിം ബോർഡും കൈയിൽ പിടിച്ചാണ് നിൽക്കുന്നതെന്ന് അപ്പോഴാണ് ഓർമ വന്നത്.

ഉടനെ അതെടുത്ത് യഥാസ്ഥാനത്ത് വെച്ച ശേഷം പോകാനായി നിന്നപ്പോൾ ആനന്ദേട്ടൻ മുന്നിൽ കയറി തടസ്സം നിന്നു. അപ്രതീക്ഷിതമായ നീക്കത്തിൽ എന്താണെന്ന അർത്ഥത്തിൽ ഞാനാ മുഖത്തേക്ക് നോക്കി. “ഇപ്പൊ തന്നെ സൈൻ ചെയ്തു തരാം. കൈയ്യോടെ കൊണ്ടുപോയ്ക്കോ. ” ഗൗരവത്തിൽ പറയുന്നതോടൊപ്പം ആള് ടേബിളിനടുത്ത് എത്തി കഴിഞ്ഞിരുന്നു. സൈൻ ചെയ്ത ശേഷം ആനന്ദേട്ടൻ ഫയൽ എനിക്ക് നേരെ നീട്ടി. എത്രയും പെട്ടന്ന് അവിടുന്ന് പോരാൻ വേണ്ടി ഞാൻ ഫയൽ വാങ്ങിക്കാൻ നോക്കി. പക്ഷെ വലിച്ചത് മാത്രം മിച്ചം. എന്നേക്കാൾ ശക്തിയിൽ ആനന്ദേട്ടൻ ഫയലിൽ പിടി മുറുക്കിയിരുന്നു. എത്ര വലിച്ചിട്ടും ആനന്ദേട്ടൻ ഫയൽ തന്നില്ല.

എന്നെയിട്ട് കളിപ്പിക്കാണെന്ന് മനസിലായപ്പോൾ ഫയൽ വാങ്ങിക്കാതെ പോകാൻ നിന്നതും ആനന്ദേട്ടൻ എന്നെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി. “ഗാഥയോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു. ” ഫയൽ എന്റെ കൈയിൽ വെച്ചു തരുന്നതോടൊപ്പം ആനന്ദേട്ടൻ പറഞ്ഞു. എന്താണെന്ന. അർത്ഥത്തിൽ ആനന്ദേട്ടനെ നോക്കിയപ്പോൾ ഒരു ചോക്ലേറ്റ് എടുത്ത് ഫയലിന് മുകളിൽ വെച്ചു. ഇതിനാണോ ഇങ്ങേര് ഇത്രേം ബിൽഡപ്പ് ഇട്ടത്? “ശുഭകാര്യങ്ങൾ നടക്കുന്നതിന് മുൻപ് മധുരം കഴിക്കുന്നത് നല്ലതാണെന്ന എന്റെ അമ്മ പറയാറ്? ” ആനന്ദേട്ടൻ പറഞ്ഞപ്പോൾ ഞാനോർത്തു.

ഈ ഡയലോഗ് ഞാനെവിടെയോ……. ആാാ… എവിടേലുമാവട്ടെ. “എന്താണാവോ ആ ശുഭകാര്യം? ” ഞാൻ ചോദിച്ചു. പെട്ടന്ന് ആനന്ദേട്ടൻ കുറച്ചു കൂടി എന്നോട് ചേർന്നുനിന്നു. അപ്രതീക്ഷിതനീക്കത്തിൽ ഞെട്ടി പിറകോട്ടു നീങ്ങിയ എന്നെ ആനന്ദേട്ടൻ പെട്ടന്ന് ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തുനിർത്തി. കുതറിമാറാൻ ശ്രമിച്ചപ്പോഴെല്ലാം ആ കൈക്കരുത്തിൽ ഞാൻ തോറ്റുപോയ്ക്കൊണ്ടിരുന്നു. “ചന്ദ്രകാന്തം വീട്ടിൽ ബാലചന്ദ്രന്റെ മകളായ ഗാഥ ബാലചന്ദ്രൻ…. നിനക്ക് ഗാഥ വിജയാനന്ദ് ആകാൻ സമ്മതമാണോ? “….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣️❣️ : ഭാഗം 18

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-