തമസ്സ്‌ : ഭാഗം 4

തമസ്സ്‌ : ഭാഗം 4

എഴുത്തുകാരി: നീലിമ

രാവിലെ അടുക്കളപണികളുമായുള്ള മല്പിടിത്തത്തിൽ ആയിരുന്നു ജയശ്രീ. “”””എത്ര ചെയ്താലും ഈ ജോലികളൊന്നും തീരുകയേ ഇല്ല…..””” ദോശയ്ക്കുള്ള മാവ് കല്ലിലേയ്ക്ക് ഒഴിച് പരത്തുന്നതിനിടയിൽ ജയ ആരോടെന്നില്ലാതെ പറഞ്ഞു. “”””നേരം എത്ര ആയീന്ന് അറിയുമോ ജയേ…..? നീ കുഞ്ഞിയെ ഉണർത്തുന്നില്ലേ?””” പ്രഭാകരന്റെ ചോദ്യം കേട്ടു അവർ തിരിഞ്ഞു നോക്കി….. “””അയ്യോ… ഒത്തിരി നേരം ആയോ പ്രഭേട്ടാ? ഇവിടെ ഓരോന്ന് ചെയ്തോണ്ട് നിന്നാ നേരം പോണത് അറിയില്ല…..””” “”””ഏഴു മണി ആകാറായി ജയേ…. മോളെ നീയിന്ന് സ്കൂളിൽ വിടുന്നില്ലേ?”””” അടുക്കളയിലേയ്ക്ക് കടന്നുകൊണ്ട് പ്രഭാകരൻ ചോദിച്ചു…. “”””മ്മ്… വേണം…. വിടേണ്ട എന്നാ ആദ്യം കരുതിയത്……

പിന്നെ കരുതി പോകാതിരുന്നാൽ ഉച്ചയ്ക്ക് മോഹൻ ഉണ്ണാൻ വരാത്തത് എന്താണെന്ന് മോൾ അന്വേഷിക്കും. അപ്പൊ വീണ്ടും നുണ പറയേണ്ടി വരില്ലേ…?”””” “”””അപ്പോ മോഹൻ ഉച്ചയ്ക്ക് മുന്നേ വരില്ലേ?”””” “”””ഇല്ല കുറച്ച് മുന്നെ ലാൻഡ് ഫോണിൽ വിളിച്ചിരുന്നു. എത്താൻ വൈകിട്ട് ആവുന്ന പറഞ്ഞത്….”””” “”””എന്നാലും എവിടെയായിരിക്കും മോഹൻ പോയത്?”””” തെല്ലൊരു സംശയത്തോടെ പ്രഭാകരൻ അത് ചോദിക്കുമ്പോൾ ജയയുടെ മനസ്സിലും അതെ ചോദ്യമായിരുന്നു. “”””എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും പ്രഭേട്ടാ. തിരികെ വന്നിട്ട് പറയാം എന്നല്ലേ മോൻ പറഞ്ഞത്. അവനൊന്നും നമ്മളോട് ഒളിക്കാറില്ലല്ലോ ……..”””

“”””നീ പറഞ്ഞത് ശരിയാണ് ജയേ ….. സ്വന്തം അച്ഛനും അമ്മയും ആയിട്ട് തന്നെയാണ് അവൻ നമ്മളെ കാണുന്നത്…. അവന്റെ സ്നേഹം മനസ്സിലാവാത്തത് നമ്മുടെ മോൾക്ക് മാത്രമല്ലേ ….?”””” അവസാന വാചകം പറയുമ്പോൾ പ്രഭാകരന്റെ സ്വരത്തിൽ സങ്കടം നിറഞ്ഞു നിന്നിരുന്നു. ജയയ്ക്ക് പക്ഷേ അത് കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. “”””മോള്……….. വെറുത്തുപോയി ഞാൻ അവളെ….. നിങ്ങൾ നോക്കിക്കോ അവൾ അവനെ വേദനിപ്പിച്ചതിന് ഒക്കെ പകരം അവൾ അനുഭവിക്കും…..”””” ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് തന്നെ അവർ ദേഷ്യത്തിൽ ദോശ മറിച്ചിട്ടു. “”

“”എനിക്കും അവളോട് ദേഷ്യമുണ്ട് ജയേ….. പക്ഷേ ചിലപ്പോഴൊക്കെ നമ്മുടെ കുഞ്ഞിയെ കാണുമ്പോൾ…… കുഞ്ഞിടെ കളിയും ചിരിയും ഒക്കെ കാണുമ്പോൾ…… എനിക്ക് അവളെ ഓർമ്മ വരും…… അവളുടെ കളിയും ചിരിയും കുസൃതികളും വാശിയും പിണക്കവും ഒക്കെ…… ചിലതൊക്കെ ഓർക്കുമ്പോൾ നെഞ്ച് പിഞ്ചി കീറണത് പോലെ നോവുമെടി……..””””” പറഞ്ഞു നിർത്തുമ്പോൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു പ്രഭാകരൻ…… “”””എനിക്കുമുണ്ട് പ്രഭേട്ടാ ഈ പറഞ്ഞതുപോലെ വേദന…… കുഞ്ഞിടെ ചിരി കാണുമ്പോഴൊക്കെ അവളെ ഓർക്കും ഞാൻ….. ജാനയേ വാർത്ത് വെച്ചതുപോലെ….. അവൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാകുമ്പോൾ മനസ്സ് വിങ്ങിപ്പൊട്ടും …..

മക്കൾ എന്തൊക്കെ ചെയ്താലും അവരെ പൂർണമായും വെറുക്കാൻ നമുക്ക് പറ്റുവോ പ്രാഭേട്ടാ……? പക്ഷേ മോഹന്റെ മുഖം കാണുമ്പോൾ അതൊക്കെ മാറി അവളോട് ദേഷ്യം മാത്രമാകും. നിങ്ങൾക്കറിയുമോ ഇടയ്ക്കൊക്കെ അവൻ നമ്മുടെ പൂന്തോട്ടത്തിലെ ബെഞ്ചിൽ പോയിരിക്കുന്നത് കാണാം…… ചിലപ്പോഴൊക്കെ മണിക്കൂറുകളോളം അങ്ങനെ എന്തൊക്കെയോ ആലോചിച്ചിരിക്കും… അവസാനം കണ്ണുതുടച്ച് എഴുന്നേറ്റ് പോരും……. എനിക്കറിയാം നമ്മുടെ മോളെ ഓർത്തിരിക്കണതാണെന്ന് …… ഇപ്പോഴും അവൻ അവളെ മറന്നിട്ടില്ല….. ചങ്കിൽ തട്ടിയാ മോഹനവളേ സ്നേഹിച്ചത്….. എന്നിട്ടാണ് നമ്മുടെ മോള്……….”””” ദീർഘമായി ഒന്ന് നിശ്വസിച്ചു ജയ വീണ്ടും പറഞ്ഞു.

“”””നമ്മളോട് അവള് കാണിച്ചത് ഞാൻ സഹിക്കും. പക്ഷേ മോഹനോടും കുഞ്ഞിനോടും കാണിച്ചത് സഹിക്കാൻ പറ്റണില്ല പ്രാഭേട്ടാ …….. ക്ഷമിക്കാനും…..”””” നിർവികാരതയോടെ അവരുടെ മുഖത്തേക്ക് നോക്കി പ്രഭാകരൻ… പിന്നെ അവർ പറഞ്ഞതൊക്കെ ശരിയാണ് എന്ന രീതിയിൽ തലയാട്ടി…… “””””അയ്യോ… ഓരോന്ന് പറഞ്ഞു നിന്ന് നേരം പോയി… നിങ്ങൾ ഈ ചട്ടുകം ഒന്ന് പിടിച്ചേ…. ഞാൻ പോയി മോളെ ഉണർത്തട്ടെ….”””” കണ്ണുകൾ തുടച്ചു ചട്ടുകം പ്രഭാകരനെ ഏൽപ്പിച്ചു അവർ പുറത്തേക്കിറങ്ങി. അവർ പോകുന്നത് നോക്കി നിന്നിട്ട് അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു. പിന്നെ ദോശ മാവ് എടുത്ത് കല്ലിലെയ്ക്ക് ഒഴിച്ചു ദോശ ഉണ്ടാക്കാൻ തുടങ്ങി…… ✨✨

ജയ റൂമിൽ എത്തുമ്പോൾ കുഞ്ഞി ചരിഞ്ഞു കിടന്നു സുഖമായി ഉറങ്ങുകയായിരുന്നു. ഒരു കുഞ്ഞു തലയണ നെഞ്ചോട്‌ ചേർത്ത് മുറുകെ കെട്ടിപിടിച്ചിട്ടുണ്ട്….. കുഞ്ഞി ചുണ്ടിൽ ഒരു ഇളം പുഞ്ചിരിയുമായി ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ കുറച്ചു സമയം നോക്കി നിന്നുപോയി ജയ. എന്തുകൊണ്ടോ അവർക്ക് ജാനിയെ ഓർമ വന്നു. കുഞ്ഞിയെപ്പോലെ തന്നെയായിരുന്നു ജാനിയും….. തന്നെ കെട്ടിപിടിച്ചു കിടന്നേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ…… ഒറ്റയ്ക്ക് കിടക്കാൻ തുടങ്ങിയപ്പോൾ തനിക്ക് പകരം തലയണയായി. അവളുടെ അസാനിദ്ധ്യത്തിൽ പോലും ജാനിയുടെ ഒരുപാട് സ്വഭാവങ്ങൾ കുഞ്ഞിക്ക് ഉണ്ടെന്ന് അവരോർത്തു.

അവർ കുനിഞ്ഞു കുഞ്ഞിയുടെ കവിളിൽ ഒരുമ്മ കൊടുത്തു. പിന്നെ പതിയെ വിളിച്ചു….. “”””മോളെ…. കുഞ്ഞീ…..”””” കുഞ്ഞി ചെറുതായി അനങ്ങി… പിന്നെ ഒന്ന് ചിണുങ്ങി….. തലയണ കൂടുതൽ മുറുകെ കെട്ടിപിടിച്ചു. “””””അച്ചായി…. കുഞ്ഞിക്ക് ഒണരണ്ട….”””” അവൾ ചിണുങ്ങിക്കൊണ്ട് കണ്ണ് പൂട്ടി കിടന്നു. “”””എഴുന്നേല്ക്കു മോളെ. ഒത്തിരി നേരമായി സ്കൂളിൽ പോണ്ടേ നമുക്ക്……?”””” കേൾക്കുന്നത് അച്ഛന്റെ ശബ്ദം അല്ല എന്ന് മനസ്സിലായത് കൊണ്ടാവും കുഞ്ഞി രണ്ടുകൈകൊണ്ടും കണ്ണുകൾ തിരുമ്മി കണ്ണുകൾ ചിമ്മി തുറന്നു…. മുന്നിൽ നിൽക്കുന്നത് ജയ ആണെന്നറിഞ്ഞപ്പോൾ കണ്ണുകൾകൊണ്ട് ചുറ്റും പരതി…… പിന്നെ സംശയത്തോടെ ചോദിച്ചു…..

“”””അച്ചായി എന്തിയേ അമ്മൂമ്മ……?”””” തലയണയിലെ പിടിത്തം വിടാതെ ചോദ്യത്തോടെ കുഞ്ഞി ജയയെ നോക്കി. “”””അച്ഛായി ഇന്ന് നേരത്തെ ബേക്കറിയിലേക്ക് പോയി മോളെ…. മോൾ ഉറങ്ങായിരുന്നു. അതല്ലേ വിളിക്കാഞ്ഞത്….”””” ചിരിയോടെ പറയുമ്പോഴേക്കും കുഞ്ഞി ചുണ്ടു കൂർപ്പിച്ചു കഴിഞ്ഞിരുന്നു… “”””നുണയാ അമ്മൂമ്മ പറയണത്….. കുഞ്ഞിയെ ഉണർത്താതെ അച്ചായി പോകില്ല. അച്ചായി വരാതെ, ഉമ്മ തരാതെ കുഞ്ഞി എണീക്കില്ല…..”””””” പിണക്കത്തിൽ തലയണ ഒന്നുകൂടി മുറുകെ പിടിച്ചു കിടന്നു. ചുണ്ടു പിളർത്തി കരയാൻ തുടങ്ങിയിരുന്നു കുഞ്ഞി. ജയ ബെഡിലേയ്ക്കിരുന്നു… പിന്നെ കുഞ്ഞിയുടെ മുടിയിൽ സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ തഴുകി തുടങ്ങി.

നിന്റെ അമ്മയും നിന്നെപ്പോലെ വാശിക്കാരിയായിരുന്നു മോളേ……അവളുടെ കുറുമ്പും വാശിയും പലപ്പോഴും എന്നെ തോൽപ്പിച്ചിട്ടുണ്ട്. ഒടുവില് ജീവിതത്തിലും അവളെന്നെ പൂർണമായും തോൽപ്പിച്ചു കളഞ്ഞു……. ജാനകിയുടെ ഓർമകളിൽ ജയ വിതുമ്പാൻ തുടങ്ങിയിരുന്നു….. പതിവില്ലാതെ എന്താണ് ഞാൻ ഇന്നവളെ ഓർക്കുന്നത്..? ഉള്ളിന്റെ ഉള്ളിൽ കുഴി വെട്ടി മൂടിയതാണ് അവളോടുള്ള സ്നേഹം….അവളുടെ ഓർമ്മകൾ……. അതൊക്കെ വീണ്ടും വിഷക്കൂണ് പോലെ മുളച്ചു പൊന്താൻ തുടങ്ങുന്നു….. എന്താണിങ്ങനെ? രാവിലെ മുതൽ മനസ്സിൽ അവളുടെ ചിന്തകൾ മാത്രമാണ്……. “”””എന്താ ഇവിടെ? മോളു ഉണർന്നില്ലേ ജയേ….?”””” ജയ പ്രഭാകരൻ കാണാതെ കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി….

“””””ഇല്ല പ്രാഭേട്ടാ…. ദേ വാശി പിടിച്ചു കിടക്കുവാ. മോഹൻ വന്നാലേ എണീക്കുള്ളൂ എന്ന പറയണത്.”””” ജയ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. “”””ആഹാ…. അതെന്താ….? അച്ഛൻ ബേക്കറിയിൽ പോയതല്ലേ മോളെ….. മോളു വൈകിട്ട് സ്കൂളിന്ന് വരുമ്പഴേക്കും അച്ഛൻ ഇങ്ങ് എത്തുവല്ലോ….”””” പ്രഭാകരൻ പറയുന്നത് കേട്ടിട്ടും കുഞ്ഞി അനങ്ങാതെ പിണങ്ങി കിടന്നതേ ഉള്ളൂ. “”””എന്തെ അപ്പൂപ്പന്റെ പൂമ്പാറ്റക്കുട്ടി പിണക്കത്തിലാണോ?””” ചോദ്യത്തോടെ പ്രഭാകരൻ കട്ടിലിന്റെ കാൽക്കലേയ്ക്കിരുന്നു. “”””ആം…. പിണക്കവാ….കുഞ്ഞീനെ ഉണർത്തണത് അച്ചായി അല്ലെ? എന്നിട്ട് ഇന്ന് കുഞ്ഞീനെ വിളിക്കാതെ പോയില്ലേ? കുഞ്ഞിക്ക് ഉമ്മേം തന്നില്ലല്ലോ….. പിണക്കവാ ഞാൻ….. എല്ലാരോടും പിണക്കവാ …..

അച്ചായി ഉമ്മ തന്നാലേ കുഞ്ഞി എണീക്കുള്ളൂ..,….”””” അവൾ കുഞ്ഞിക്കൈകൾ കൊണ്ട് ഒന്നുകൂടി തലയണ പൊതിഞ്ഞു പിടിച്ചു…… “””””ആഹാ… അത്രേ ഉള്ളോ…? അപ്പൊ അച്ചായി ഉമ്മ തന്നാൽ എന്റെ പൂമ്പാറ്റക്കുട്ടി എണീക്കുവോ?””””” പ്രഭാകരൻ ചിരിയോടെ കുഞ്ഞു മൂക്കിൽ പിടിച്ചു കൊഞ്ചിച്ചു. “””””ആം….. എന്ന എണീക്കാം…..”””” തലയാട്ടിക്കൊണ്ട് കുഞ്ഞി പറയുമ്പോഴേയ്ക്കും പ്രഭാകരൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് മോഹന്റെ നമ്പർ ഡയൽ ചെയ്തു കഴിഞ്ഞിരുന്നു. ബെൽ അവസാനിക്കാറായപ്പോഴാണ് മോഹൻ കാൾ അറ്റൻഡ് ചെയ്തത്. “”””ഹലോ അച്ഛാ…..”””” അവന്റെ അച്ഛാ എന്നുള്ള വിളിയിൽത്തന്നെ ആകെ വിഷമം കളർന്നിരിക്കുന്നത് പോലെ തോന്നി പ്രഭാകരാണ്. അയാൾ ജയയെയും കുഞ്ഞിയെയും നോക്കി ഒന്ന് ചിരിച്ചിട്ട് ഫോണുമായി മുറിയ്ക്ക് പുറത്തേക്കിറങ്ങി.

“”””എന്താ മോനേ? എന്ത് പറ്റി? നിന്റെ ശബ്ദം ആകെ വല്ലാതിരിക്കുന്നല്ലോ?”””” “”””ഏയ് ഒന്നുമില്ല അച്ഛാ….. കുഞ്ഞി എവിടെ? ഉണർന്നോ അവള്? നേരത്തെ അമ്മയെ വിളിച്ചപ്പോൾ ഉണർന്നിട്ടില്ല എന്ന പറഞ്ഞത്……”””” ഉള്ളിലെ വിഷമം മറച്ചു പിടിച്ചു സാധാരണ പോലെ സംസാരിക്കാൻ ശ്രമിച്ചു മോഹൻ. “”””ഹാ…. അതല്ലേ ഇപ്പൊ വിളിച്ചത്. ഉണർന്നു കിടക്കുവാ…. അച്ഛന്റെ ഉമ്മ കിട്ടിയാലേ എഴുന്നേൽക്കൂ എന്നുള്ള വാശിയിലാ……”””” രണ്ട് കവിളിലും നെറ്റിയിലുമായി ഓരോ ഉമ്മ നൽകിയാലേ കുഞ്ഞി കിടക്കവീട്ടഴുന്നേൽക്കാൻ കൂട്ടാക്കാറുള്ളു എന്നയാൽ ഓർത്തു…… മോഹന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. ഉള്ളിലെ വിഷമങ്ങൾക്ക് താല്കിക മറയായി കുഞ്ഞിയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വരുന്നത് അവൻ അറിഞ്ഞു. “”

“””അച്ഛൻ ഫോൺ അവൾക്ക് കൊടുത്തേ….. ഞാൻ എഴുന്നേൽപ്പിക്കാം.”””” “”””ഇപ്പൊ കൊടുക്കാം……””””” പ്രഭാകരൻ വീണ്ടും റൂമിലേയ്ക്ക് കയറി. “””””ദേ മോളുടെ അച്ഛനാ… കയ്യോടെ ഉമ്മ വാങ്ങിക്കോ…….””””” കുഞ്ഞിയുടെ നേർക്ക് ഫോൺ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. കുഞ്ഞി തലയണയിലെ പിടി വിട്ട് ഫോൺ കയ്യിൽ വാങ്ങി. പിന്നെ അത് ചെവിയോട് ചേർത്ത് സന്തോഷത്തിൽ വിളിച്ചു …. “”””അച്ഛായീ……”””” കുഞ്ഞിയുടെ കൊഞ്ചലോടെയുള്ള വിളി മോഹന്റെ കത്തുന്ന ഹൃദയത്തിലേയ്ക്ക് വീണ മഞ്ഞു തുള്ളി ആയിരുന്നു. ഉള്ളിലെ ഉഷ്ണത്തിന് പെട്ടന്ന് ശമനം വന്നത് പോലെ മോഹന് തോന്നി. “”””അച്ഛായീടെ കുഞ്ഞാറ്റേ ……”””” മകളോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ ആ ഒരു വിളിയിൽ നിറഞ്ഞു തുളുമ്പി നിന്നു. “”””അച്ഛായീടെ മോളു എന്തിനാ വാശി കാണിക്കണേ….?

അപ്പൂപ്പനേം അമ്മൂമ്മേം വിഷമിപ്പിക്കാതെ കുഞ്ഞി…..”””” “”””അച്ചായി എന്തിനാ കുഞ്ഞീനെ വിളിക്കാതെ പോയെ? അച്ചായി ഉമ്മ തരാതെ കുഞ്ഞി എണീക്കൂല്ലല്ലോ……”””” പരിഭവത്തോടെ കൊഞ്ചി പറയുമ്പോൾ മോഹന്റെ ഉള്ളിലും ആ നിമിഷം കുഞ്ഞിയെ കാണാനുള്ള മോഹം തുടി കൊട്ടി. “”””അച്ഛായീടെ കുഞ്ഞി വാവയ്ക്ക് ചക്കര ഉമ്മ……”””” സ്പീക്കറിലേയ്ക്ക് ചുണ്ടുകൾ അടുപ്പിച്ചു അയാൾ പറഞ്ഞു. കുഞ്ഞിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. “”””ഇനീം വേണം……””””” കുഞ്ഞി വീണ്ടും കൊഞ്ചി. “””””അച്ഛായീടെ പൊന്നിന് എത്ര ഉമ്മ വേണം….?”””” “”””നെറയെ….””””” “””””ആഹാ….. എന്നാലെ എന്റെ പഞ്ചാരക്കുട്ടിയ്ക്ക് നൂറ് ഉമ്മ….. ഇപ്പൊ മതിയോ….?””””” “””””ആം……

അച്ചായിക്കും കെട്ടിപിടിച്ചൊരുമ്മ…..””””” പറഞ്ഞിട്ട് അരികിലെ തലയണ കെട്ടിപിടിച്ചു കുഞ്ഞി ഒരുമ്മ നൽകി. “”””എന്റെ മുത്ത്‌ എണീക്കൂട്ടോ…. എന്നിട്ട് ചുന്ദരി വാവയായി കുളിച്ചു ഒരുങ്ങു…… അപ്പൂപ്പനേം അമ്മൂമ്മേനേം ഒന്നും വിഷമിപ്പിക്കരുത്. നല്ല കുട്ടി ആയിട്ടിരിക്കണം. പാപ്പം ഒക്കെ കഴിക്കണം…. കേട്ടല്ലോ? ഇല്ലെങ്കിൽ അച്ചായി പിണങ്ങും. മിടുക്കി ആയി സ്കൂളിൽ പോണം. തിരികെ വരുമ്പളെ അച്ചായി അവിടെ ഉണ്ടാകും.”””” “””””കുഞ്ഞി ദേ എണീറ്റല്ലോ…..”””” കാട്ടിലിൽ എഴുന്നേറ്റു ചമ്രം പിണഞ്ഞിരുന്നു അവൾ. “”””പിന്നെ…. അച്ചായിയെ…. വരുമ്പോ പൂവ് മറക്കല്ലേ? ഇന്ന് കൂടുതല് വേണം. നാളെ ലേച്ചൂന്റെ ഹാപ്പി ബിർത്തഡേയാ… അവക്കുടെ കൊടുക്കണം.””””” സ്കൂളിൽ കുഞ്ഞിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ലെച്ചു എന്ന ലക്ഷ്മി.

സ്കൂൾ തുറന്നിട്ട് മൂന്ന് മാസമേ ആയുള്ളൂ എങ്കിലും ലെച്ചുവും കുഞ്ഞിയും ഏറെ അടുത്തു. കുഞ്ഞിക്ക് അമ്മ ഇല്ലാത്തത് പോലെ ലെച്ചുവിന് അച്ഛനും ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും ഇല്ലാത്ത വിഷമം കുഞ്ഞു മനസ്സുകൾ തമ്മിൽ പങ്കു വച്ചപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ പിരിയാനാകാത്ത കൂട്ടുകാരായിക്കഴിഞ്ഞിരുന്നു ഇരുവരും. “””””അത് മറക്കില്ലെടാ വാവേ…. അച്ചായി കൊണ്ട് വരാട്ടോ……””””” “”””മ്മ്…. ന്നാ അച്ചായി വച്ചോ….. കുഞ്ഞി ഇനി നല്ല കുട്ടിയാ…..””””” ഫോണിലൂടെ അവളുടെ കെലുകെലെ ഉള്ള ചിരി മോഹന്റെ കാത്തിലെത്തി. മനസ്സിന് വല്ലാത്ത കുളിർമ തോന്നി അവന്. കുഞ്ഞിയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലെ തീചൂട് ഏറെ കുറഞ്ഞതായി മോഹന് അനുഭവപ്പെട്ടു.

ജയയെപ്പോലെ മോഹനും തോന്നി കുഞ്ഞിയുടെ ചില ഇഷ്ടങ്ങൾക്കും പെരുമാറ്റത്തിനും ജാനിയുടേതുമായുള്ള സാമ്യം. ജാനി തന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയതിനടുത്ത ദിവസങ്ങളിൽ എന്നോ തുടങ്ങിവെച്ച ശീലമാണിത്….. എന്നും ബേക്കറിയിൽ നിന്നും തിരികെ വരുമ്പോൾ കുഞ്ഞിക്കായി കുറച്ചു പൂമൊട്ടുകൾ കയ്യിൽ കരുതണം. പിറ്റേന്ന് അത് ചൂടി വേണം അവൾക്ക് സ്കൂളിലേക്ക് പോകാൻ. ഈ പൂക്കൾക്ക് വേണ്ടി മാത്രമേ അവൾ പിണങ്ങിയിട്ടു ഉള്ളൂ….വാശി പടിച്ചിട്ടുള്ളൂ….. ഇതുപോലെ തന്നെയായിരുന്നു ജാനിയും. ബേക്കറിയിൽ നിന്നും രാത്രി വീട്ടിലേയ്ക്ക് എത്തുമ്പോൾ വിടരാൻ തുടങ്ങുന്ന ഒരു മുഴം കുടമുല്ലപ്പൂവും ഉണ്ടാകും തന്റെ കയ്യിൽ. അത് ഞാൻ തന്നെ അവളുടെ മുടിയിൽ ചൂടി കൊടുക്കണം എന്ന് അവൾക്ക് നിര്ബന്ധമായിരുന്നു. ”

നിന്റെ മുടിയിഴകൾക്കിടയിൽ ഇരിക്കുമ്പോഴാണ് ഈ പൂവിനു വാസന ഏറുന്നത് ” എന്ന് അവളോട് എത്രയോ വട്ടം പറഞ്ഞിരിക്കുന്നു…. അവൾ വേണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളതും മുല്ലപ്പൂക്കൾ മാത്രമായിരുന്നു. മുല്ലപ്പൂക്കൾ കിട്ടാതാകുമ്പോൾ മാത്രമാണ് അവൾ പരിഭവിച്ചിട്ടുള്ളത്…. പിണക്കം നടിച്ചിട്ടുള്ളത്….. ഒരു ചേർത്ത് നിർത്തലിൽ തീരുന്ന പിണക്കമേ ഉള്ളൂ എന്നറിയാമെങ്കിലും ആ കണ്ണുകളിലെ പരിഭവം കാണാനായി മാത്രം മറന്നു പോയി എന്ന് പലതവണ കളവു പറഞ്ഞിട്ടുണ്ട്. പിന്നീട് എന്റെ കയ്യിൽ പൂക്കൾ കാണുമ്പോൾ ആ കണ്ണുകൾ വിടരുന്നതും മുഖത്തെ ഓരോ അണുവിലും പ്രകാശം നിറയുന്നതും കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്.

പറ്റിച്ചതിന്റെ പരിഭവം തീർക്കാനായി ചേർത്ത് നിർത്തുമ്പോൾ നെറുകയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ എന്നെത്തന്നെ ഇമ വെട്ടാതെ നോക്കുന്ന ആ വെള്ളാരം കണ്ണുകളിലെ കൺപീലികൾക്ക് പോലും എന്നോട് അടങ്ങാത്ത പ്രണയം ആണെന്ന് തോന്നിയിട്ടുണ്ട്………. അന്നൊക്കെ അവളുടെ കണ്ണുകളിൽ ഞാൻ കണ്ട പ്രണയം……..അത് അഭിനയമാണെന്ന് ഒരിക്കലും വിശ്വസിക്കാനായിട്ടില്ല. 🌱🌱🌱🌱🌱🌱🌱🌱🌱🌱 “”””മോഹൻ….”””” വിളി കേട്ട് ഒരു ഞെട്ടലോടെ മോഹൻ തല ഉയർത്തി. മുന്നിൽ മദറിനെക്കണ്ടു അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. “”””നമുക്ക് ഇറങ്ങാം മോഹൻ…”””” “””””ഹോസ്പിറ്റലിലേയ്ക്കാണോ മദർ…?””” “”””ഏയ്… അല്ല. ഹോസ്പിറ്റലിലേയ്ക്ക് ജാനകിയുമായി പോകുന്നത് റിസ്ക് ആണെന്നാണ് ബിജോയും ഫാദർ ആന്റണിയും പറഞ്ഞത്.

ബിജോയുടെ സുഹൃത്തിനു ഇവിടെ അടുത്തൊരു ക്ലിനിക് ഉണ്ട്. 11 മണിക്ക് ശേഷമാണ് അവിടെ വർക്കിംഗ്‌ ടൈം. ഇപ്പൊ അവിടെ ആരും ഉണ്ടാകില്ല. ബിജോയും അദ്ദേഹത്തിന്റെ സുഹൃത്തും അവിടെ നമുക്ക് വേണ്ടി വെയിറ്റ് ചെയ്യും. നമുക്ക് പെട്ടന്ന് ഇറങ്ങാം മോഹൻ. ഉച്ചയ്ക്ക് മുൻപ് നിങ്ങൾക്ക് തിരികെ പോകണ്ടേ?”””” “”””പോകാം മദർ…..”””” അവൻ മദറിനോപ്പം റൂമിന് പുറത്തേക്കിറങ്ങി. ആൽവി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. “”””ആരാടാ വിളിച്ചത്? വീട്ടീന്നാണോ?”””‘ മോഹനെക്കണ്ടു ആൽവി ചോദിച്ചു. “”””മ്മ്…. അച്ഛനാണ്…. കുഞ്ഞി വാശിയിലാണെന്ന്…. ഒരുവിധം സമാധാനിപ്പിച്ചു ഞാൻ….. അവൾ സ്കൂളിൽ നിന്നു വരുന്നതിനു മുന്നേ എനിക്ക് തിരികെ എത്തണം.”””””

“”””നീ അങ്കിളിനോട് എന്തെങ്കിലും പറഞ്ഞോ?””””” “”””ഇല്ല…. പറയണോ എന്നാലോചിക്കുവാ ഞാൻ….”””” “”””മ്മ്… അത് നമുക്ക് ആലോചിക്കാം… ഇപ്പൊ നീ വാ…..”””” ആൽവിയോടൊപ്പം നടക്കാൻ തുടങ്ങിയ മോഹൻ ഒന്ന് തിരിഞ്ഞു നിന്നു. “”””മദർ… ജാനി…? അവൾ വരാൻ സമ്മതിച്ചോ?”””” “”””ഭയങ്കര വാശി ആയിരുന്നു. വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഒപ്പം വന്നാൽ അവൾ ആവശ്യപ്പെട്ടത് കൊടുക്കാം എന്ന് പറഞ്ഞു. അപ്പൊ സമ്മതിച്ചു. അതിന് വേണ്ടി അവളിപ്പോ എന്തും സമ്മതിക്കും. എവിടെയും ഒപ്പം വരും.”””” മദറിന്റെ വാക്കുകൾ കേട്ട് അല്പ സമയം മോഹൻ അങ്ങനെ നിന്നു. പിന്നെ ഒന്നും മിണ്ടാത്തെ ആൽവിയോടൊപ്പം പുറത്തേയ്ക്ക് നടന്നു……. തുടരും

തമസ്സ്‌ : ഭാഗം 3

Share this story