തമസ്സ്‌ : ഭാഗം 7

തമസ്സ്‌ : ഭാഗം 7

എഴുത്തുകാരി: നീലിമ

മോഹനടുത്തേയ്ക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ഒരു പിൻവിളി കേട്ട് ആൽവി തിരിഞ്ഞു നോക്കിയത്…. SI ശരത് നടന്നു വരുന്നത് കണ്ട് അവൻ ഒന്ന് നിന്നു . സ്റ്റേഷനിൽ നിന്നും അത്യാവശ്യമായി കാൾ വന്നിട്ട് പോയതായിരുന്നു ശരത്. “””എന്തിനാ സാർ സ്റ്റേഷനിൽ നിന്നും വിളിച്ചത്?””” “””വിളിച്ചത് വേറൊന്നിനുമല്ല…ജാനകിയുടെ ഒപ്പം പൊക്കിയവരൊക്കെ പുഷ്പം പോലെ ഇറങ്ങിപ്പോയെടോ…… SP നേരിട്ടാ വിളിച്ചത്…. എനിക്കറിയാമായിരുന്നു ഇങ്ങനെ തന്നെ സംഭവിക്കുമെന്ന്….. നാട് നന്നാക്കാൻ നമ്മളെപ്പോലെ ഒന്ന് രണ്ട് പേര് വിചാരിച്ചാലൊന്നും നടക്കില്ലെടോ….. പോലീസ് തൊപ്പിയ്ക്ക് പോലും ചില വമ്പന്മാരുടെ അടുക്കളയിലാ സ്ഥാനം…… പണത്തിനു മീതെ പരുന്തും പറക്കാത്ത കാലമാ…. മടുത്തെടോ ആൽവി ……. ഈ തൊപ്പി വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോരാനാ തോന്നുന്നത്…… ഒരുത്തന്റേ മുൻപിലും ഇങ്ങനെ പഞ്ച പുച്ഛം അടക്കി ഓച്ഛാനിച്ചു നിൽക്കണ്ടല്ലോ…..”””” SI നിരാശയോടെ പറയുന്നത് കേട്ട് ആൽവിയും ശരിയാണെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.

“”””രാഷ്ട്രീയത്തിലും പോലീസിലും ഒക്കെ ഉണ്ട് സാർ ഇത്തരം ചിലര്…… ആത്മാർത്ഥമായി നല്ല രീതിയിൽ ജോലി ചെയ്യുന്നവർക്ക് കൂടി ചീത്തപ്പേരുണ്ടാക്കാൻ….. ഇതിപ്പോ SP സാർ….? അദ്ദേഹത്തേക്കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയിരുന്നത്. “””” “”””ഞാനും……എനിക്ക് അറിയില്ല ആൽവിൻ അദ്ദേഹത്തിന് ഇനി മുകളിൽ നിന്നു വല്ല പ്രഷറും ഉണ്ടായതാണോ എന്ന്….. എന്തായാലും ഇതിന്റെ പേരിൽ എനിക്കിനി ട്രാസ്‌ൻഫർ കിട്ടാതിരുന്നാൽ കൊള്ളാം…. ആടിനെ പട്ടി ആക്കുന്ന കാലമാ….. ഇതുപോലെ മയക്കുമരുന്ന് കേസിൽ ഒരു പ്രമുഖന്റെ മകനെ പൊക്കിയത് കൊണ്ട ട്രിവാൻഡ്രത്തു നിന്ന് എന്നെ ഇങ്ങോട്ട് തട്ടിയത്. ഹാ… അതൊക്കെ പോട്ടെ…. നിങ്ങൾ നാട്ടിലേയ്ക്ക് തിരികെ പോകുന്നില്ലേ?”””” ആൽവിയുടെ മുഖത്തേയ്ക്ക് ചോദ്യ ഭാവത്തിൽ ശരത് നോക്കി…. “”””പോകണം സാർ…. മോഹനെ ഇനിയും ഇവിടെ നിർത്തിയാൽ ശരിയാകില്ല. ഡോക്ടർ ഇന്ന് സംസാരിച്ചത് കൂടി ഓർക്കുമ്പോ………

അവനെ എങ്ങനെയും തിരികെ കൊണ്ട് പോകണം.”””” “”””അതേ ആൽവിൻ…. അത് തന്നെയാണ് നല്ലത്. എന്നാലും……എനിക്ക് അത്ഭുതം തോന്നുവാടോ…. എങ്ങനെ ആണ് മോഹൻ അവരെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നോർത്തിട്ട്….?”””” ശരത്തിന്റെ കണ്ണുകളിൽ പോലും ഉണ്ടായിരുന്നു ഒരതിശയ ഭാവം. “”””അവൻ അങ്ങനെ ആണ് സാർ…. എല്ലാപേരെയും സ്നേഹിക്കാൻ മാത്രമേ അവന് കഴിയൂ……..സ്നേഹത്തിനു മുന്നിൽ മാത്രമേ അവൻ പക്ഷെ തോൽക്കാറുള്ളൂ….. ജീവിതത്തിൽ സഹിക്കേണ്ടി വരുന്ന വേദനകൾ ചിലരുടെ മനസ്സിനെ ശക്തമാക്കും…. മറ്റു ചിലരുടെതിനെ ഇനി ഒരു വേദനയും താങ്ങാൻ കഴിയാത്ത വിധം ആശക്തവും……. അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വത്യാസമില്ല….. ആരിൽനിന്നെങ്കിലും അവഗണന അനുഭവിക്കേണ്ടി വന്നവർക്ക് മറ്റുള്ളവരെ അവഗണിക്കാൻ ഒരിക്കലും കഴിയില്ല സാർ. അവന്റെ മനസ്സ് അങ്ങനെ ആണ്…. സരസമ്മയേക്കണ്ടല്ലേ അവൻ വളർന്നത്?”””” “”””സരസമ്മ…?”””” SI സംശയത്തോടെ നെറ്റി ചുളിച്ചു.

“”””മോഹന്റെ അമ്മയ….. സരസ്വതി അമ്മ…. ഞാനും സരസമ്മ എന്നാ വിളിച്ചിരുന്നത്. എനിക്കും അവര് അമ്മയായിരുന്നു സാർ…. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരമ്മ…..”””” ആ അമ്മയുടെ ഓർമകളിൽ ആൽവിയുടെ കണ്ണുകൾ ഈറനണിഞ്ഞു. “”””കുഞ്ഞു നാൾ മുതൽക്കെ സ്നേഹിക്കുകയും ചേർത്തു നിർത്തുകയും ചെയ്യേണ്ട അച്ഛനിൽ നിന്നും അവൻ സഹിച്ചത് അവഗണന മാത്രം ആണ്….. ശാരീരികവും മാനസികവുമായി അവനെയും അവന്റെ അമ്മ സരസ്വതി അമ്മയെയും ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് ആ മനുഷ്യൻ. ഒന്ന് വീണ് പോയാൽ താങ്ങേണ്ടവരെയാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്നു മദ്യം തന്ന ലഹരിയുടെ പുറത്ത് ആ മനുഷ്യൻ ചിന്ദിക്കാതെ പോയി. ഒടുവിൽ അയാൾ കൂട്ടുകൂടിയ മദ്യം തന്നെ അയാൾക്കുള്ള ശിക്ഷ കൊടുത്തു. കരൾ തകർന്ന് എഴുന്നേൽക്കാൻ വയ്യാതെ കിടന്നു പോയപ്പോ നോക്കാൻ അതുവരെ ഉപദ്രവിച്ചവരെ ഉണ്ടായുള്ളൂ…….

ഒത്തിരി ഉപദ്രവിച്ചിട്ടും ചാകാറാകുന്നത് വരെ ദിവസോം തല്ലിയിട്ടും സരസമ്മ അയാളെ സ്നേഹിക്കുന്നതെ മോഹൻ കണ്ടിട്ടുള്ളൂ…… എഴുന്നേൽക്കാൻ വയ്യാതെ കിടന്നപ്പോഴും സന്തോഷത്തോടെ അയാളെ പരിചരിച്ചു അമ്മ. ആ അമ്മ വളർത്തിയ മകന്, ആ അമ്മയുടെ സ്നേഹം കണ്ടും അനുഭവിച്ചും വളർന്ന മകന് എല്ലാരേം സ്നേഹിക്കാനെ കഴിയൂ സാർ…. സ്നേഹിക്കാൻ മാത്രമേ സരസമ്മ അവനെ പഠിപ്പിച്ചിട്ടുള്ളൂ…..”””” “”””എനിക്ക് ചിലതൊക്കെ അറിയണം ആൽവിൻ…… ജാനകിയും മോഹനും തമ്മിലുള്ളത് പ്രണയവിവാഹം ആയിരുന്നോ? അവർക്കിടയിൽ വിനോദ് എങ്ങനെ വന്നു? അന്ന് സ്റ്റേഷനിൽ വച്ച് കണ്ടപ്പോൾ മോഹന് വിനോദിനെ നേരത്തെ പരിചയമുള്ളത് പോലെ എനിക്ക് തോന്നിയിരുന്നു.”””” “”””ഒക്കെ പറയാം സാർ…. സാർ എന്നോട് നേരത്തെ ചോദിച്ചില്ലേ മോഹന് ഇപ്പോഴും ജാനിയെ സ്നേഹിക്കാൻ എങ്ങനെ കഴിയുന്നു എന്ന്…..

അതിന് ഞാൻ നൽകിയ മറുപടി ഒരിക്കലും പൂർണമല്ല സാർ. പരസ്പരം പ്രാണനായിക്കണ്ടു സ്നേഹിച്ചവരിൽ ഒരാൾ ഒരു സുപ്രഭാതത്തിൽ മറ്റേയാളെ ഉപേക്ഷിച്ചു പോയാൽ അയാളെ മറക്കാൻ ഒരുപക്ഷെ എനിക്ക് പോലും കഴിഞ്ഞു എന്ന് വരില്ല. അപ്പോൾ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഹൃദയമുള്ള മോഹന് അതെങ്ങനെ കഴിയും സാർ…..? കണ്ട നാൾ മുതൽ അവൻ സ്നേഹിക്കുകയായിരുന്നു അവളെ…….. ആത്‍മാവിൽ നിറച്ചു പ്രണയിക്കുകയായിരുന്നു……..”””” ആൽവിയുടെ ഓർമ്മകൾ ഏഴ് വർഷണങ്ങൾ പിറകിലേയ്ക്ക് സഞ്ചരിച്ചു……. സ്വപ്നതുല്യമായ മോഹന്റെയും ജാനകിയുടെയും ജീവിതത്തിലേയ്ക്ക്……. ആരെയും അസൂയപ്പെടുത്തുന്ന അവരുടെ പ്രണയ കാലത്തിലേയ്ക്ക്…… ❣❣❣❣❣❣❣❣❣❣❣❣❣ ഇനി 🌹മോഹന്റെയും ജാനിയുടെയും🌹 ജീവിതം…… അവരുടെ🌹പ്രണയം🌹…… ❣❣❣❣❣❣❣❣❣❣❣❣❣ കാലിൽ തണുത്ത കരസ്പർശം അറിഞ്ഞു സരസ്വതി കണ്ണുകൾ തുറന്നു.

അരണ്ട വെളിച്ചത്തിൽ കട്ടിലിന്റെ കാല്ക്കലായി മോഹൻ ഇരിക്കുന്നതവർ കണ്ടു. അവർ പതിയെ എഴുന്നേറ്റു. “”””കണ്ണാ……”””” വാത്സല്യത്തോടെ അവർ വിളിച്ചു….. മോഹൻ സരസ്വതിയുടെ കണ്ണനാണ്……. അവരുടെ മാത്രം കണ്ണൻ…… മുഖമുയർത്തി നോക്കിയ മോഹന്റെ മുഖത്തെ വിഷമം അരണ്ട പ്രകാശത്തിലും അവർക്ക് കാണാനായി….. “”””ഇന്നും കണ്ടു അല്ലെ ആ സ്വപ്നം?”””” അവൻ ഒന്നും മിണ്ടാതെ അവരുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു. “”””എന്താ കണ്ണാ? അച്ഛൻ മരിച്ചിട്ട് വർഷം ആറ് ആകുന്നില്ലേ? ഇപ്പോഴും പഴയതൊക്കെ ഓർത്തിരിക്കണത് എന്തിനാ മോനേ….?”””” മോഹൻ കണ്ണുകൾ ഉയർത്തി സരസ്വതിയേ നോക്കി…. “”””പറ്റണില്ല അമ്മേ….. 22 വർഷമായി എന്നെ അലട്ടുന്ന സ്വപ്നമാണത്…. ആ ദിവസം മറക്കാനൊക്കുന്നില്ല….. ക്രൂരത നിറഞ്ഞ അച്ഛന്റെ മുഖവും ചോര ഒലിക്കുന്ന അമ്മേടെ മുഖവും….. പിന്നെ ഭയന്നു വിറച്ചു കണ്ണീരുണങ്ങിയ പാടുമായി ഒരു പതിനൊന്നു വയസുകാരന്റെ മുഖവും ……

ആ സ്വപ്നം കാണുന്ന ദിവസം ഈ മുഖങ്ങളൊക്കെ എന്റെ ഉറക്കം കെടുത്തും….. അന്നാ പാൽക്കാരനെചൊല്ലി അച്ഛൻ അമ്മയേ തല്ലിച്ചതച്ച ദിവസം…. ഇപ്പോഴും എനിക്ക് ആ ദിവസത്തെ ഭയമാണമ്മേ…… ഇത്രയും വർഷങ്ങൾ ആയിട്ടും ആ ഓർമ്മകൾ പോലും എന്റെ ഉറക്കം കളയുന്നു……”””” “”””കണ്ണാ……”””” സരസ്വതി വീണ്ടും സൗമ്യമായി അവനെ വിളിച്ചു…. സ്നേഹത്തോടെ……വാത്സല്യത്തോടെ…… “”””മനസ്സിനെ വേദനിപ്പിക്കുന്ന ഓർമ്മകൾ വേണ്ട മോനേ…… അത്തരം ഓർമകൾ മനസ്സിൽ തന്നെ ചിത കൂട്ടി കത്തിച്ചു കളയണം….. അതിന്റെ ഗന്ധം പോലും പിന്നീട് നമ്മുടെ ഓർമകളെ സ്പർശിക്കരുത്…..”””” “””ശ്രമിക്കണുണ്ട് അമ്മേ… കഴിയാറില്ല എന്ന് മാത്രം……”””” കണ്ണിൽ ഊറി നിന്ന കണ്ണീരു പുറം കൈ കൊണ്ട് തുടച്ചു മാറ്റി മോഹൻ എഴുന്നേറ്റു. “”””അമ്മ കിടന്നോ….. ആ സ്വപ്നം കണ്ടപ്പോൾ നമ്മൾ അനുഭവിച്ചു തീർത്ത വേദനകളൊക്കെ മനസിലേയ്ക്കൊടിയെത്തി. എന്തോ അപ്പോ അമ്മേ കാണണം എന്ന് തോന്നി……””””

“”””റൂമിലേയ്ക്ക് പോണ്ടെടാ കണ്ണാ…. ഇവിടെ കിടക്കു…. എനിക്കറിയില്ലേ നിന്നെ? അവിടെ പോയാൽ ഉറങ്ങില്ല നീയ്…. ഓരോന്നൊക്കെ ഓർത്തു കിടക്കുകേ ഉള്ളൂ…..”””” മോഹന്റെ കയ്യിൽ പിടിച്ചു അവർ ബെഡിലേയ്ക്ക് തന്നെ ഇരുത്തി…… “”””ഇന്നെന്റെ കണ്ണൻ ഇവിടെ കിടക്കു…. അമ്മേടെ ഒപ്പം…..”””” അവരുടെ ക്ഷണം നിരസിച്ചില്ല മോഹൻ….. അവർക്കരികിലായി കിടന്നു കണ്ണുകൾ പൂട്ടുമ്പോൾ അവന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി തുടങ്ങിയിരുന്നു സരസ്വതി. അമ്മക്കിളിയുടെ ചിറകിനടിയിൽ സുരക്ഷിതനായ കുഞ്ഞിനെപ്പോലെ മോഹൻ അവരുടെ അരികിലേയ്ക്ക് ചേർന്ന് കിടന്നു. കണ്ണുകളടച്ചു അരികിൽ കിടക്കുന്ന മകനെ കണ്ടപ്പോൾ പഴയ പത്തു വയസുകാരനാണ് അരികിൽ കിടക്കുന്നത് എന്നവർക്ക് തോന്നി……. അതേ നിഷ്കളങ്കത…..

മദ്യത്തെ മാത്രം സ്നേഹിച്ച ഭർത്താവിന്റെ മർദനങ്ങൾ ഏറ്റു ശരീരം നുറുങ്ങുന്ന വേദനയുമായി കണ്ണീരോലിപ്പിച്ചു ഉറങ്ങാതെ കിടക്കുന്ന തന്റെ അടുത്തായി കരഞ്ഞ മുഖവുമായി വന്ന് കിടക്കുന്ന ഒരു പത്തു വയസുകാരൻ മോഹൻ ഉണ്ടായിരുന്നു…….. അന്നും തന്റെ വേദനകൾ അവന് അസ്സഹനീയമായിരുന്നു…… ഇന്നും അവൻ വിഷമിക്കുന്നത് തനിക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടാകുമ്പോൾ മാത്രമാണ്. അവർ കുനിഞ്ഞു അവന്റെ നെറുകയിൽ ചുണ്ട് ചേർത്തു….പിന്നെ കണ്ണുകലടച്ചു ഉറങ്ങാൻ കിടന്നു. ☘☘☘☘☘☘☘☘☘☘☘☘☘ ഊണും അടുക്കളയിലെ പണികളും ഒക്കെ കഴിഞ്ഞു ഉമ്മറത്ത് ഇരിക്കുകയാണ് സരസ്വതി. നേർത്ത തണുത്ത കാറ്റ് വീശുന്നുണ്ട്…… ആകാശം ആകെ ഒന്ന് വീക്ഷിച്ചിട്ട് അവർ അടുത്തിരുന്ന മോഹനോടായി പറഞ്ഞു. “”””ഇന്ന് മഴ പെയ്യുമെന്ന് തോന്നുന്നല്ലോ കണ്ണാ…… നീ ഉച്ചയ്ക്ക് ശേഷം ബേക്കറിയിലേയ്ക്ക് പോകുന്നില്ലല്ലോ അല്ലെ?””””

“””ഇല്ലമ്മേ … ഇന്ന് ഞായറാഴ്ച അല്ലെ? ഞാൻ പോണില്ല.””” “”””നന്നായി…… ഇല്ലെങ്കിൽ ഈ ഇടിയിലും മിന്നലിലും നീ തിരികെ എത്തണത് വരെ ആധി പിടിച്ച് ഇരിക്കേണ്ടി വന്നേനെ എനിക്ക്……. ഹാ….പിന്നെ മോനേ….”””” പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ സരസ്വതി മോഹനെ നോക്കി….. “”””ഇന്നലെ നമ്മുടെ കൃഷ്ണൻ കുട്ടി വന്നിരുന്നു.””” “””അയാള് പിന്നേം വന്നോ?””” ഇഷ്ടമില്ലാതെന്തോ കേട്ടത് പോലെയായിരുന്നു മോഹന്റെ ശബ്ദം….. “””പിന്നെ വരാതെ…?. വയസ്സ് എത്രയായെന്നു നിനക്ക് വല്ല വിചാരോം ഉണ്ടോ? വരുന്ന വൃശ്ചികത്തിൽ 33 തികയുവാ….. ഇനിയിപ്പോ നല്ല പെൺപിള്ളേരെയൊക്കെ കിട്ടാൻ വല്യ പാടാകും…..””” “””അമ്മ ഈ നല്ലത് എന്ന് ഉദ്ദേശിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്….? പണമോ? അതോ കാണാനുള്ള ഭംഗിയോ?””” സരസ്വതിയേ നോക്കി നെറ്റി ചുളിച്ചു അവൻ…. “””ഇത് രണ്ടും അല്ല മോനേ….. നല്ല സ്വഭാവവും പിന്നെ എന്റെ കുട്ടിയെ സ്നേഹിക്കാനുള്ള ഒരു മനസ്സും….”””

“””ഇത് രണ്ടിനും പ്രായം ഒരു പരിധി ആണെന്ന് എനിക്ക് തോന്നുന്നില്ല അമ്മേ…..””” “””ആയിരിക്കാം… പക്ഷെ എന്റെ പ്രായം ഒരു പ്രശ്നം ആണല്ലോ കണ്ണാ….. ഇപ്പൊത്തന്നെ ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല…. കണ്ണടയുന്നേനു മുന്നേ നിന്റെ കല്യാണം കാണണം എന്നുണ്ട്… ഇല്ലെങ്കിൽ എന്റെ കുട്ടി ഒറ്റയ്ക്കായിപ്പോകും എന്ന ചിന്ത കൊണ്ട് എന്റെ ആത്‍മവിനു പോലെ ശാന്തി കിട്ടില്ല….””” “””ദേ സരസമ്മേ…. ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഈ വക വർത്തമാനം എന്നോട് പറയരുതെന്ന്……സരസമ്മ ഇല്ലെങ്കിൽ ഈ കണ്ണനും, കണ്ണൻ ഇല്ലെങ്കിൽ സരസമ്മയ്ക്കും പറ്റില്ലാന്ന് ദൈവത്തിന് അറിയാം……. അതുകൊണ്ട് എന്റെ ഈ അമ്മേം അമ്മേടെ കണ്ണനേം ഒരുമിച്ചേ അങ്ങേര് മുകളിലേയ്ക്ക് വിളിക്കൂ…..”””” ചെറു ചിരിയോടെ മോഹൻ പറയുമ്പോൾ അവനെ തല്ലാനായി കൈ ഓങ്ങി സരസ്വതി. “””ദേ ചെക്കാ…. നല്ല ഒരെണ്ണം ഞാനങ്ങോട്ട് വച്ച് തരും കേട്ടോ….. നീയും ഞാനും ഒരേ പ്രായാ?

ചെറു പ്രായത്തിലു പറയണ വാർത്താനങ്ങളു കേട്ടില്ലേ? “””അതാണ്‌…. ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്റെ സരസമ്മേ ഈ 33 വയസൊന്നും ഒരു പ്രായം അല്ലാന്നു…. ഇപ്പൊ അമ്മ തന്നെ സമ്മതിച്ചില്ലേ…..?”””” ചിരിയോടെ അതും പറഞ്ഞു മോഹൻ അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. “””നിന്നോട് പറഞ്ഞു ജയിക്കാൻ എന്നെക്കൊണ്ടാവില്ല കണ്ണാ… ഞാൻ സുല്ലിട്ടു…..”””” തോൽവി ആമ്മതിച്ചത് പോലെ സരസ്വതി പറയുമ്പോൾ മായാത്ത ചിരിയോടെ മോഹൻ അവരുടെ കൈ എടുത്തു തന്റെ തലയിലേയ്ക്ക് വച്ചു. അവർ അവന്റെ മുടിയിൽ പതിയെ തഴുകാൻ തുടങ്ങി. ഇങ്ങനെ ഉമ്മുറത്തു ഇരിക്കുന്നതും…. അമ്മേടെ മടിയിലായി തല വയ്ച്ചു കിടക്കുന്നതും…. തലയിലൂടെ ഇങ്ങനെ വിരലോടിക്കുന്നതും ഏറെ ഇഷ്ടമാണ് മോഹന്…. “””അതേ… എന്റെ കള്ള കണ്ണാ…. ഇങ്ങോട്ടൊന്നു നോക്കിയേ…..””” തല ചരിച്ചു മോഹൻ സരസ്വതിയേ നോക്കി…. “””എന്റെ കണ്ണന്റെ മനസിനകത്തു ആരോ കയറിക്കൂടിയിട്ടുണ്ടല്ലോ…..? ഞാൻ അറിയാതെ ഈ മനസിനകത്തു ആരെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടല്ലോ?

ആരാ അത്…..?കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു… ഒറ്റയ്ക്കുള്ള ഇരിപ്പും ചിന്തയുമൊക്കെ…”””” സ്വതസിധമായ ചിരിയോടെ സരസ്വതി ചോദിക്കുമ്പോൾ മോഹന്റെ കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു. അവന്റെ മുഖത്തെ ഭാവങ്ങൾ ഒപ്പി എടുക്കുകയായിരുന്നു സരസ്വതി. “”””ആരാ ആള് പറഞ്ഞെ…..?””” സരസ്വതിയുടെ ചോദ്യം കേട്ട് മോഹൻ ചിരിയോടെ മുഖം തിരിച്ചു….. കണ്ണുകൾ ചെന്ന് തറച്ചത് വിരിയാൻ തുടങ്ങുന്ന ഒരു പനിനീർ പൂവിലാണ്…… പനിനീർ പൂവ് പോലെ സുന്ദരമായ ഒരു മുഖം അവന്റെ മനസ്സിലും തെളിഞ്ഞു വന്നു……അവന്റെ ചുണ്ടിലെ പുഞ്ചിരിയ്ക്കപ്പോൾ കൂടുതൽ മനോഹാരിത കൈവരുന്നുണ്ടായിരുന്നു…… തുടരും

തമസ്സ്‌ : ഭാഗം 6

Share this story