കള്ളനസ്രാണി : ഭാഗം 7

കള്ളനസ്രാണി : ഭാഗം 7

എഴുത്തുകാരി: അഭിരാമി

അവന്റെയാ വാക്കുകൾ ഒരു വെള്ളിടി പോലെ അവളുടെ ഹൃദയത്തേ തുളച്ചിറങ്ങി. ആ നനഞ്ഞ മിഴികൾ കരയാൻ പോലും മറന്നൊരു പിടച്ചിലോടവനെ നോക്കി. അവനിൽ പക്ഷെ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഭാവമായിരുന്നു. അവളുടെ മുഖത്തേക്ക് പോലുമൊന്ന് നോക്കാതെ അവളുടെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്ന് വിറയ്ക്കുന്ന കൈകൾ കൊണ്ടവളുടെ കഴുത്തിലെ മിന്നുമാലയിലേക്കവൻ പിടുത്തമിട്ടു. അവന്റെ പിടുത്തം മുറുകും തോറും ആ മാലയുടെ കൊളുത്തകന്ന് വരുന്നതൊരു മരവിപ്പോടവൾ നോക്കിയിരുന്നു. അവന്റെ കൈകളെയൊന്ന് തടയാൻ പോലും ശക്തിയില്ലാത്തത് പോലെ മിഴികൾ കൊണ്ട് അരുതേയെന്ന് യാചിക്കുന്നത് പോലെ അവളവനെ നോക്കി. പക്ഷെ അല്പം പോലും ചാഞ്ചല്യപ്പെടാതെ ക്രിസ്റ്റിയാ മിന്ന് കൈക്കുള്ളിലേക്കൊന്ന് കൂടി ഒതുക്കിപ്പിടിച്ചു. ” ഇച്….. ഇച്ചാ….. ഇച്ചായാ വേണ്ട….. ”

എങ്ങനെയൊക്കെയോ തളർന്ന കൈകളുയർത്തി അവന്റെ കൈയ്ക്ക് മുകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു. അപ്പോഴവളിൽ നിന്നുമൊഴുകിയിറങ്ങിയ നീർത്തുള്ളികൾ തന്റെ ചങ്കിനെ പൊള്ളിക്കുന്നത് ക്രിസ്റ്റിയറിയുന്നുണ്ടായിരുന്നു. എങ്കിൽ പോലും എടുത്ത തീരുമാനത്തിൽ നിന്നുമൊരൽപ്പം പോലും വ്യതിചലിക്കാനവനൊരുക്കമായിരുന്നില്ല. ” വേണ്ട ജെസ്സി ഇനിയും നീയീ വിഴുപ്പ് ചുമക്കണ്ട….. നീ തന്നെ പറഞ്ഞല്ലോ എനിക്കായ് ജീവിച്ചിരുന്ന ജെസ്സി മരിച്ചെന്ന്…. അങ്ങനെയൊരു ജഡമായി നിന്നെയിനിയെനിക്കിനി കാണാൻ കഴിയില്ല…. നമുക്ക് പിരിയാം ജെസ്സി…. അതാ നല്ലത്. ” പറഞ്ഞതും അവളുടെ മറുപടി പോലും കാക്കാതെ അവന്റെ നോട്ടം വീണ്ടുമാ മിന്നിലേക്ക് നീണ്ടു. ” തൊട്ടുപോകരുതെന്നല്ലേ പറഞ്ഞത്…..

എന്റെ സമ്മതമില്ലാതെന്റെ കഴുത്തിൽ നിന്നിത് പൊട്ടിച്ചെടുക്കാൻ ഇത് കെട്ടിത്തന്ന നിങ്ങളെന്നല്ല കർത്താവ് തമ്പുരാൻ മണ്ണിലേക്കിറങ്ങി വന്നാലും സമ്മതിക്കില്ല ഞാൻ….. ” അവനെ പിന്നിലേക്ക് തള്ളി ഒരലർച്ച പോലെ പറഞ്ഞുകൊണ്ട് വാവിട്ട് നിലവിളിക്കുകയായിരുന്നു ജെസ്സി. ഒപ്പം തന്നെ എല്ലാത്തിൽ നിന്നും രക്ഷിക്കാനെന്ന പോലെ ആ ഒരുതരി പൊന്നിനെ മാറോടമർത്തി പിടിച്ചിരുന്നു അവൾ. അവൾ തള്ളിയതിന്റെ ആയത്തിൽ പിന്നിലേക്ക് മലച്ചുപോയ ക്രിസ്റ്റി കൈ കുത്തി എണീറ്റിരുന്ന് അവളെത്തന്നെ നോക്കുകയായിരുന്നു അപ്പോൾ. സത്യത്തിൽ അവനാ പെണ്ണിനെ മനസ്സിലാവുന്നുണ്ടായിരുന്നില്ല അപ്പോൾ. അവളുടെ ഉള്ളെത്രമാത്രം ഉലഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു അപ്പോഴത്തെ അവളുടെ ഭാവം. ഇനിയവളോട് ഒന്നും പറയാനില്ലാത്തത് പോലെ അവൻ പതിയെ എണീറ്റ് റൂമിന്റെ വാതിൽ ചാരി പുറത്തേക്ക് പോയി. ”

എന്താ ചേട്ടായി മുഖമൊക്കെ വല്ലാതെ…. ചേട്ടത്തിയുമായി വഴക്കിട്ടോ ??? ” താഴേക്കുള്ള സ്റ്റെപ്പ് ഇറങ്ങുമ്പോൾ എതിരെ വന്ന മെൽവിനവന്റെ മുഖം കണ്ട് ചോദിച്ചു. ക്രിസ്റ്റി പക്ഷേ മറുപടിയൊന്നും പറയാതെ നിഷേധാർഥത്തിൽ തലയൊന്ന് ചലിപ്പിച്ചുകൊണ്ട് അവനെ കടന്ന് താഴേക്ക് പോയി. മെൽവിൻ അവൻ പോയ പിന്നാലെ നോക്കി അല്പനേരം നിന്നിട്ട് ഒരു മൂളിപ്പാട്ടുമായി മുകളിലേക്ക് നടന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ആ രാത്രി എങ്ങനെയൊക്കെയോ വെളുപ്പിച്ച് രാവിലെ ക്രിസ്റ്റി നേരെ പോയത് സിബിയുടെ അരികിലേക്കായിരുന്നു. ” എന്താടാ ഇന്നും അച്ചിയുമായി തെറ്റിയോ ??? ” അവൻ കയറി ചെല്ലുമ്പോൾ മുറ്റത്ത് നിന്ന് ബൈക്ക് കഴുകിക്കോണ്ടിരുന്ന സിബിയൊരു ചിരിയോടെ ചോദിച്ചു. ക്രിസ്റ്റി പക്ഷേ ഒന്നും മിണ്ടാതെ ആ കൊച്ചുവീടിന്റെ തിണ്ണയിലേക്ക് ചെന്നിരുന്നു.

അത് കണ്ടതും സിബിക്ക് മനസ്സിലായി കാര്യം നിസാരമല്ലെന്ന്. അവൻ വേഗത്തിൽ കയ്യിലിരുന്ന നനഞ്ഞ തുണി ബക്കറ്റിലെ വെള്ളത്തിലേക്ക് തന്നെ ഇട്ടിട്ട് കൈകൾ മുണ്ടിൽ തുടച്ചുകൊണ്ട് ക്രിസ്റ്റിക്കരികിലേക്ക് ചെന്നിരുന്നു. ” എന്താടാ എന്തുപറ്റി ??? ഇന്നെന്താ പുതിയ പ്രശ്നം ??? ” അവന്റെ അരികിലേക്കിരുന്ന് തോളിൽ തൊട്ടുകൊണ്ട് സിബി ചോദിച്ചു. ” ഏയ് ഒന്നൂല്ലെടാ….. ഇത്…. ഇത് ശരിയാവില്ല എത്ര നാൾ ഇങ്ങനെ പോകും. ഇങ്ങനെ പരസ്പരം ശത്രുക്കളായി ഒരു മുറിയിൽ കഴിയുന്നതിലും ഭേദം പിരിയുന്നതല്ലേ…. ” ” എടാ നീയെന്തൊക്കെയാ ഈ പറയുന്നത് ???? കെട്ട് കഴിഞ്ഞ് മൂന്നുമാസം പോലുമാകും മുന്നേ പിരിയാനോ….. നിനക്കെന്നാ ഭ്രാന്ത് പിടിച്ചോ ???? ” ” ഇത് ഭ്രാന്തല്ലടാ അവൾക്കെന്നോടുള്ള വെറുപ്പിന്റെ കാരണം ഇന്നലെ ഞാനറിഞ്ഞു…… ” ” ആഹാ രണ്ടും കൂടെ എന്നാ ഒരു കുശുകുശുപ്പ്……

ഈ ചായ കുടിച്ചിട്ടാവാം ബാക്കി…. ” ക്രിസ്റ്റി പറഞ്ഞുതുടങ്ങുമ്പോഴേക്കും രണ്ട് ഗ്ലാസ്‌ ചായയുമായി അങ്ങോട്ട്‌ വന്ന സിബിയുടെ ഭാര്യ അലേഖ ചിരിച്ചുകൊണ്ട് ചോദിച്ചു. അത് കേട്ടവളെ നോക്കിയൊരു ജീവനില്ലാത്ത ചിരിയോടെ ക്രിസ്റ്റിയവളിൽ നിന്നും ചായ വാങ്ങി ചുണ്ടോട് ചേർത്തു. ” അല്ല രാവിലെ തന്നെ എന്നതാ രണ്ടും കൂടി പ്ലാനിങ് ?? എന്നാ ചേട്ടായി??? ” ക്രിസ്റ്റിയോടായി അവൾ വീണ്ടും ചോദിച്ചു. ” ഓഹ് ഒന്നുല്ലെന്റെ പൊന്ന് ലേഖേ നീ പോയി വല്ലോം കഴിക്കാനെടുത്തുവെക്ക് ഞങ്ങളിപ്പോ വരാം…. ” അവനെന്തെങ്കിലും മറുപടി പറയും മുന്നേ സിബി കേറിപ്പറഞ്ഞു. പിന്നീടൊന്നും ചോദിക്കാൻ നിൽക്കാതെ ഒന്നിരുത്തി മൂളിയിട്ട് ലേഖ അകത്തേക്ക് കയറിപ്പോയി. ” ആഹ് ഇനി പറ എന്താ കാര്യം ??? ” അകത്തേക്കൊന്ന് പാളി നോക്കിയിട്ട് സിബി ചോദിച്ചു.

” അവൾ….. എല്ലാരേം പോലെ അവളും വിചാരിച്ചിരിക്കുന്നത് ഞാനും രേഖേച്ചിയുമായി…. ” ബാക്കി പറയാതെ അവൻ കുനിഞ്ഞിരുന്ന് തള്ള വിരലും ചൂണ്ടുവിരലും ചേർത്ത് ഇരുകണ്ണുകളുമമർത്തി തുടച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്താ പറയേണ്ടതെന്ന് സിബിക്കുമറിയില്ലായിരുന്നു. തുടർന്ന് തലേദിവസം രാത്രി നടന്ന കാര്യങ്ങളൊക്കെയും വിശദമായവനോട് പറഞ്ഞ് കഴിഞ്ഞപ്പോൾ ഉള്ളിലിരുന്ന് വിങ്ങിക്കോണ്ടിരുന്ന വലിയൊരു ഭാരമിറങ്ങിപ്പോയത് പോലെ തോന്നി ക്രിസ്റ്റിക്ക്. ” എടാ അത് അവളുടെ വെറും തെറ്റിദ്ധാരണയല്ലേ….. അതൊന്ന് തുറന്നുസംസാരിച്ചാൽ തീരാവുന്നതല്ലേയുള്ളൂ…. ” ” അല്ലെടാ ഇത് വെറുമൊരു തെറ്റിദ്ധാരണയല്ല അവളിൽ ഊട്ടിയുറപ്പിക്കപെട്ട വിശ്വാസമാണ്. എന്നോടൊരിക്കലുണ്ടായിരുന്ന സ്നേഹത്തിലും മുകളിൽ അവളിലത് വളർന്നുകഴിഞ്ഞു…. ” പറയുമ്പോൾ ക്രിസ്റ്റിയിൽ വല്ലാത്തൊരു നിർവികാരത തളം കെട്ടിയിരുന്നു.

” എടാ പക്ഷേ ഇപ്പൊ അതൊക്കെ അവൾ തിരുത്തിയിട്ടുണ്ടാവും. അതിന്റെ തെളിവല്ലേ നീ മിന്ന് പൊട്ടിക്കാൻ ചെന്നപ്പോൾ അവളത് തടഞ്ഞത് ???? ” ” അത്…. അതെനിക്കറിയില്ലെടാ….. പക്ഷേ ഇത്രയും ദിവസം കൊണ്ട് ഒന്നെനിക്ക് മനസ്സിലായി അവൾക്കിനിയെന്നെ സ്നേഹിക്കാൻ കഴിയില്ല…… ” എല്ലാം സ്വയം തീരുമാനിച്ചുറച്ചത് പോലെ പറയുന്ന അവനെ സമാധാനിപ്പിക്കാനുള്ള വാക്കുകളൊന്നും തന്നെ സിബിയുടെ കയ്യിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവൻ വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ആ ദിവസമെങ്ങനെയൊക്കെയോ. കഴിഞ്ഞുപോയി. വൈകുന്നേരത്തോടടുത്തിട്ടും ക്രിസ്റ്റി വീട്ടിലേക്ക് തിരികെ വന്നിരുന്നില്ല. ആനിയോടൊപ്പം കൂടി ജോലികളൊക്കെ ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ജെസ്സിയുടെ മിഴികൾ ഇടയ്ക്കിടെ പൂമുഖത്തേക്ക് നീണ്ടുകൊണ്ടിരുന്നു.

തലേദിവസത്തേ കണ്ണീര് സൃഷ്ടിച്ച എടുപ്പ് അവളുടെ മുഖത്ത് നിന്നും മാറിയിട്ടില്ലാത്തതിനാൽ ആനി പലതുമവളോട് ചോദിച്ചുവെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് അവളൊഴിഞ്ഞുമാറിക്കൊണ്ടിരുന്നു.. വൈകുന്നേരത്തോടെ ആനി അടുത്ത വീട്ടിലേക്കും സാമൂവൽ ചിട്ടിക്കമ്പനിയിലേക്കും പോയ സമയത്തായിരുന്നു പുറത്തെവിടെയോ പോയിരുന്ന മെൽവിൻ തിരികെ വന്നത്. അവൻ വരുമ്പോൾ ഹാളിലിരുന്ന് ടീവി കണ്ടുകൊണ്ടിരിക്കുകയായായിരുന്നു ജെസ്സി. ടീവി കാണുകയായിരുന്നുവെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ ക്രിസ്റ്റിയുടെ ബുള്ളറ്റിന്റെ ശബ്ദം കേൾക്കുന്നോ എന്നതിലായിരുന്നു. ” ആഹാ ചേട്ടത്തിയിവിടിരുപ്പുണ്ടായിരുന്നോ…. ഇവിടെ വേറാരുമില്ലേ ചേട്ടത്തി ??? ” അവളിലേക്കും വീട്ടിനുള്ളിളുമായി കണ്ണോടിച്ചുകൊണ്ടാണ് അവനത് ചോദിച്ചത്. ” ഇല്ല… ആഹ് നീയിരിക്ക് ഞാൻ ആഹാരമെടുത്ത് തരാം….. ”

ടീവി ഓഫ് ചെയ്തെണീറ്റുകൊണ്ട് ജെസ്സി പറഞ്ഞു. ” ഓഹ് വേണ്ട ചേട്ടത്തി…. ഞാൻ പുറത്തൂന്ന് കഴിച്ചു. ” ” മ്മ്ഹ്ഹ്….. ” പിന്നീടൊന്നും പറയാതെ വെറുതെയൊന്ന് മൂളിയിട്ട് ജെസ്സി മുകളിലേക്ക് കയറിപ്പോയി. പക്ഷേ മെൽവിനപ്പോഴുമതേ നില നിന്നവളുടെ പിന്നഴക് നോക്കിക്കാണുകയായിരുന്നു. അല്പം മദ്യപിക്കുക കൂടി ചെയ്തിരുന്നതിനാൽ അവന്റെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന അവളോടുണ്ടായിരുന്ന മോഹം സടകുടഞ്ഞെണീക്കാൻ അധികസമയമൊന്നും വേണ്ടി വന്നില്ല. പിന്നീടൊന്നുമാലോചിക്കാൻ നിൽക്കാതെ അവൻ വേഗത്തിൽ മുകളിലേക്ക് ചെന്നു. മെൽവിൻ മുകളിലെത്തുമ്പോൾ ക്രിസ്റ്റിയുടെ റൂമിന്റെ വാതിൽ ചാരിക്കിടന്നിരുന്നു. ഒരുനിമിഷമൊന്ന് ചിന്തിച്ചുനിന്നിട്ട് വിറയാർന്ന കൈകൾ നീട്ടി അവൻ വാതിൽ പതിയെ തള്ളിത്തുറന്നു. ജെസ്സിയപ്പോൾ ബെഡിന്റെ തലയ്ക്കൽ കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ക്രിസ്റ്റിയാകുമെന്ന് കരുതി ആവേശത്തോടെയായിരുന്നു അവൾ മുഖമുയർത്തി അങ്ങോട്ട് നോക്കിയത്. പക്ഷേ വാതിൽക്കൽ നിൽക്കുകയായിരുന്ന മെൽവിനെ കണ്ടതും ആ മുഖം വാടി. ” എന്താ മെൽവിൻ ??? എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ ഞാനങ്ങോട്ട് വരുമായിരുന്നല്ലോ…. ” ബെഡിൽ നിന്നും ചാടിയെണീറ്റ് അല്പം അസ്വസ്ഥതയോടെ തന്നെ അവൾ ചോദിച്ചു. ” അതുപിന്നെ…. ചേട്ടത്തി ഞാൻ…… എനിക്കൊരു കാര്യം…… ” അവൻ പറയാൻ തുടങ്ങിയപ്പോഴേക്കും ജെസ്സി മുഖം ചുളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് കടക്കാനൊരുങ്ങി. പക്ഷേ അവൾ പുറത്തിറങ്ങും മുൻപ് മെൽവിന്റെ കൈകളവളുടെ ഇടുപ്പിൽ ചുറ്റിയിരുന്നു. ” മെൽവിൻ !!!!!!!!! ” ഒരലർച്ച പോലെ വിളിച്ചുകൊണ്ട് അവളവന്റെ കൈകളെ തട്ടി മാറ്റി അവനെ ദഹിപ്പിക്കും പോലെ നോക്കി.

” ജെസ്സി പ്ലീസ്…. തന്നേ ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ മോഹിച്ചിരുന്നതാ ഇങ്ങനെയൊരു നിമിഷം….. ഇവിടെ….. ഇവിടിപ്പോ ആരുമില്ല…..ആരുമൊന്നുമറിയാനും പോകുന്നില്ല…. ” വീണ്ടുമവളെ കടന്നുപിടിച്ചുകൊണ്ട് വല്ലാത്തൊരാവേശത്തിലെങ്കിലും പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു. ” മെൽവിൻ !!!!!!!! ഞാൻ നിന്റെ ചേട്ടന്റെ ഭാര്യയാണ്….. ” അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞതും മെൽവിൻ പൊട്ടിച്ചിരിച്ചു. ” നീയത് വിട് ജെസ്സി…. നിങ്ങളുടെ ഭാര്യേം ഭർത്താവും കളിയൊക്കെ അങ്കിളിന്റേം ആന്റീടേം മുന്നിൽ മതി. എന്നോട് വേണ്ട. ഈ മുറിക്കുള്ളിലെ നിങ്ങടെ ജീവിതം പോലും എനിക്ക് നന്നായിട്ടറിയാം….. കെട്ട് കഴിഞ്ഞിത്ര നാളായിട്ടും നിന്നെയവനൊന്ന് തൊട്ടിട്ടുപോലുമില്ലെന്നും എനിക്കുറപ്പാണ്. പോകാൻ പറ ജെസ്സിയവനോട്‌…. നിനക്ക്….. നിനക്ക് ഞാനുണ്ട്…..

മജ്ജയും മാംസവുമുള്ള വെറുമൊരു പെണ്ണാണ് നീ….. ആ നിന്നിലെ മോഹങ്ങൾ പോലുമറിയാത്ത അവനെപ്പോലൊരു ഭർത്താവിനെ നിനക്കെന്തിനാ….. പക്ഷേ….. പക്ഷേ ജെസ്സി ഞാനൊരിക്കലുമങ്ങനെയല്ല കണ്ട നാൾ മുതൽ നിന്നോടൊരുതരം ഭ്രാന്താണെനിക്ക്…… ഇനിയെനിക്ക് കാത്തിരിക്കാൻ വയ്യ ജെസ്സി…. ഇന്നെന്റെയാ ഭ്രാന്ത് നിന്നിൽ പെയ്തൊഴിക്കണമെനിക്ക്…. ” അവനത് പറഞ്ഞതും ജെസ്സിയുടെ വലതുകരമവന്റെ കവിളിൽ പതിഞ്ഞിരുന്നു. എന്നിട്ടവനെ ശക്തിയിൽ തള്ളിമാറ്റി അവൾ താഴേക്ക് ഓടി. അവളോടി താഴെയെത്തുമ്പോൾ പുറത്തുനിന്നും വന്നുകയറിയ ക്രിസ്റ്റിയേയാണ് കണ്ടത്. അവനെ കണ്ടതും നിയന്ത്രണം നഷ്ടപ്പെട്ടുപോയ ജെസ്സിയോടിച്ചെന്നവന്റെ നെഞ്ചിലേക്ക് വീണു…..തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കള്ളനസ്രാണി : ഭാഗം 6

Share this story