തമസ്സ്‌ : ഭാഗം 8

തമസ്സ്‌ : ഭാഗം 8

എഴുത്തുകാരി: നീലിമ

“””എന്റെ കണ്ണന്റെ മനസിനകത്തു ആരോ കയറിക്കൂടിയിട്ടുണ്ടല്ലോ…..? ഞാൻ അറിയാതെ ഈ മനസിനകത്തു ആരെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടല്ലോ? ആരാ അത്…..? സ്വതസിധമായ ചിരിയോടെ സരസ്വതി ചോദിക്കുമ്പോൾ മോഹന്റെ കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു. അവന്റെ മുഖത്തെ ഭവങ്ങൾ ഒപ്പി എടുക്കുകയായിരുന്നു സരസ്വതി. “”””ആരാ ആള് പറഞ്ഞെ…..? സരസ്വതി യുടെ ചോദ്യം കേട്ട് മോഹൻ ചിരിയോടെ മുഖം തിരിച്ചു….. കണ്ണുകൾ ചെന്ന് തറച്ചത് വിരിയാൻ തുടങ്ങുന്ന ഒരു പനിനീർ പൂവിലാണ്…… പനിനീർ പൂവ് പോലെ സുന്ദരമായ ഒരു മുഖം അവന്റെ മനസ്സിലും തെളിഞ്ഞു വന്നു……അവന്റെ ചുണ്ടിലെ പുഞ്ചിരിയ്ക്കപ്പോൾ കൂടുതൽ മനോഹാരിത കൈവരുന്നുണ്ടായിരുന്നു…..,….. “”””പറ കണ്ണാ….”””” അവന്റെ മുഖം തന്റെ നേർക്കു തിരിച്ചു വച്ചു സരസ്വതി. മോഹന്റെ കണ്ണുകൾ അപ്പോൾ കുസൃതിയോടെ ചിരിച്ചിരുന്നു. ആ മുഖം മായാതെ കണ്ണുകളിൽ തങ്ങി നിന്നിരുന്നു…..എന്നിട്ടും പറഞ്ഞത് ഇങ്ങനെയാണ്….. “””ഏയ്…. അങ്ങനെ ആരും ഇല്ലമ്മേ…….

എന്റെ മനസ്സിൽ…… അങ്ങനെ….. ആരാ……?””” സ്വരത്തിലെ പരിഭ്രമം സരസ്വതി തിരിച്ചറിഞ്ഞു. “””എന്നോട് നുണ പറയണോ കണ്ണാ? നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണുന്നതാണോ? നിന്റെ മുഖത്തെ ഓരോ ഭാവങ്ങളും എനിക്ക് പരിചിതമാണ് കണ്ണാ….നീ നുണ പറഞ്ഞാൽ അത് നിന്റെ കണ്ണിൽ കാണാം എനിക്ക് .”””” ചെറു ചിരിയോടെ മോഹന്റെ കണ്ണുകളിലേയ്ക്ക് നോക്കി സരസ്വതി. മോഹന്റെ കുഞ്ഞു കള്ളത്തരങ്ങളൊക്കെ അവർ പലപ്പോഴും വായിച്ചെടുത്തിട്ടുള്ളത് അവന്റെ കണ്ണുകളിലൂടെ ആയിരുന്നു…… “”””ശരിയാ… അമ്മയോട് ഞാൻ ഒന്നും ഒളിക്കാറില്ല….. ഇത്…. ഇതങ്ങനെ പ്രണയമെന്നൊന്നും പറയാൻ ഒക്കില്ല അമ്മേ…. അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ല……. അതാ ഞാൻ അമ്മയോട് ഒന്നും പറയാത്തത്……”””” കണ്ണുകളിൽ നോക്കി ആ അമ്മയോട് നുണ പറയാൻ മോഹനും കഴിയുമായിരുന്നില്ല.

ഉള്ളിൽ ഒളിപ്പിച്ചു വച്ച കുഞ്ഞു മോഹം അവർക്കു മുന്നിൽ തുറന്ന് വച്ചു മോഹൻ… “””നീ ആള് ആരാന്നു പറയ്‌…. ബാക്കിയൊക്കെ പിന്നെ അല്ലെ?”””” “”””ആരാണെന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാനൊന്നും അറിയില്ല അമ്മേ…. പേരും അറിയില്ല. നമ്മുടെ വിഷ്ണുന്റെ അമ്പലത്തിൽ വരാറുണ്ട് ആ കുട്ടി……””” ഒന്ന് നിർത്തി അവൻ വീണ്ടും നോട്ടം മുറ്റത്തേയ്ക്ക് മാറ്റി…. “””പിന്നെ ആ കുട്ടിയ്ക്ക് എന്നെ ഇഷ്ടമാകുമൊ എന്നൊന്നും അറിയുകേം ഇല്ല….. അതാ ഞാൻ മനസ്സിൽ തോന്നിയ കുഞ്ഞു ഇഷ്ടം അവിടെ തന്നെ കുഴിച്ചു മൂടാം എന്ന് കരുതിയത്.”””” “”””അതെന്താ കണ്ണാ നീ അങ്ങനെ പറഞ്ഞത്? നിന്നെ ഇഷ്ടാവാണ്ടിരിക്കാൻ മാത്രം എന്താ?”””” തെല്ലൊരു സംശയത്തോടെ സരസ്വതി ചോദിച്ചു. “”””അത് പിന്നെ….. ആ കുട്ടിയെ കാണാൻ നല്ല ഭംഗിയാ അമ്മേ… നല്ല വെളുത്ത നിറവും നിറയെ മുടിയുമൊക്കെയായി…… എന്നെ…. എന്നെ അവൾക്ക് ഇഷ്ടാവുമെന്ന് തോന്നുന്നില്ല….””

“” അവന്റ സ്വരത്തിൽ ഒരല്പം വിഷാദം കലർന്നിരുന്നുവോ? സരസ്വതി അത് വേഗം തിരിച്ചറിഞ്ഞു. “”””അതിന് എന്റെ കണ്ണന് എന്താ ഒരു കുറവ്? ഒരല്പം നിറം കുറവായോണ്ടാണോ നീയീ പറയണത്…? കറുപ്പിന് ഏഴഴകാ… കേട്ടിട്ടില്ലേ നീയ്? പിന്നെ പുറമെ കാണുന്ന സൗന്ദര്യമല്ല നോക്കേണ്ടത്….. അങ്ങനെ നോക്കുന്നവരുടെ ജീവിതമാണ് പലപ്പോഴും പകുതി വഴിയിൽ നിന്ന് പോകുന്നത്…. ഈ പുറം മോടിയിലും സൗന്ദര്യത്തിലുമുള്ള ആകർഷണമൊക്കെ ഒന്നിച്ചു ജീവിച്ചു കുറച്ചു നാൾ കഴിയുമ്പോ തീരില്ലേ….? പിന്നെയുള്ള ജീവിതം മുഴുവൻ മുറിഞ്ഞു പോയ കയറു കൂട്ടിയിണക്കുന്നത് പോലെ ഒരു കൂട്ടിക്കെട്ടൽ ആയിപ്പോകും. അങ്ങനെ കൂട്ടി യോജിപ്പിക്കുന്നിടമൊക്കെ മുഴച്ചുമിരിക്കും…..”””” മോഹന്റെ മുടിയിഴകളെ വീണ്ടും അവർ അരുമയോടെ തഴുകി. “”

“”എല്ലാ സൗന്ദര്യത്തെക്കാളും മികച്ച ഒന്ന് നിനക്കുണ്ട്…. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനസ്സ്….. അതിന്റെ സൗന്ദര്യം തിരിച്ചറിയുന്ന ഒരു പെണ്ണ് വരും എന്റെ കുട്ടീടെ ജീവിതത്തിലേയ്ക്ക്….. പണമോ സൗന്ദര്യമോ ഒന്നും വേണ്ട….നിന്നെ സ്നേഹിക്കാനുള്ള ഒരു മനസ്സ് മാത്രം മതി അവൾക്ക്…..”””” സരസ്വതി പറഞ്ഞു നിർത്തി. “”””അതൊക്കെ പോട്ടെ…. ആ കുട്ടിയെക്കുറിച്ച് പറ….. അതിനെക്കുറിച് ഒന്നും അറിയാത്ത സ്ഥിതിയ്ക്ക് ആരാന്നു ഇപ്പൊ എങ്ങനെയാ ഒന്നറിയുക?””””” ആലോചനയോടെ സരസ്വതി കണ്ണന്റെ മുടിയിഴക്കിടയിലൂടെ വിരൽ ഓടിച്ചു കൊണ്ടിരുന്നു. “”””ഒന്ന് രണ്ട് തവണ ആ കുട്ടീടെ കൂടെ നമ്മുടെ ജയ ആന്റിയും ഉണ്ടായിരുന്നു അമ്മേ…..””‘”” “”””ആര് നമ്മുടെ തെക്കേതിലെ ജയശ്രീയോ?”””” സംശയത്തോടെ സരസ്വതി ചോദിക്കുമ്പോൾ അതേ എന്ന് മോഹൻ തല ചലിപ്പിച്ചു. സരസ്വതിയുടെ ചുണ്ടിലെ ചിരി മാഞ്ഞു….. “”

“അങ്ങനെ എങ്കിൽ ആ കുട്ടി ചിലപ്പോൾ ജാനകി ആകും….. പക്ഷെ….,,,,,”””” “””എന്താ അമ്മേ…..? അമ്മയ്ക്കറിയുമോ ആ കുട്ടിയെ?”””” പ്രതീക്ഷയോടെ കണ്ണുകളുയർത്തി നോക്കി മോഹൻ…… “”””ജാനകി ജയയുടെ മോളാ… ഞാൻ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്… നല്ല കുട്ടിയ…. പക്ഷെ…… ഡിഗ്രിയ്ക്കോ മറ്റോ പഠിക്കുവാ അവള്….20 ഒ 21 ഒ വയസേ ഉണ്ടാവുള്ളൂ എന്ന് തോന്നുന്നു …. എങ്കിൽ പത്തു പതിമൂന്നു വയസ്സിന്റെ വത്യാസം ഉണ്ടാവില്ലേ നിങ്ങള് തമ്മിൽ….? അവർക്ക് താല്പര്യം ഉണ്ടാകുമോ ആവോ?”””” മോഹന്റെ മുഖത്ത് നിരാശ പടർന്നു…… അത് മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു. “”””എന്നാൽപ്പിന്നെ അവരോട് ചോദിക്കണ്ട അമ്മേ…. വിട്ടേക്ക്…. എനിക്ക് ആ കുട്ടിയോട് അങ്ങനെ ഭയങ്കര ഇഷ്ടം ഒന്നും ഇല്ല. കണ്ടപ്പോൾ ചെറിയ ഒരിഷ്ടം തോന്നി….. അത്രേ ഉള്ളൂ…… എന്റെ സരസമ്മ ഇനി അതും ഓർത്തു ഇരിക്കേണ്ട…..”””” അപ്പോഴേയ്ക്കും ചെറുതായി ചാറ്റൽ മഴ തുടങ്ങിയിരുന്നു. ”

“””ദേ മഴ തുടങ്ങി….. സരസമ്മ പോയി ചായ എടുത്തിട്ട് വന്നേ…….. ഈ മഴ നോക്കിയിരുന്നു എന്റെ സരസമ്മയോട് വാർത്തമാനോം പറഞ്ഞു ചായേം പഴം പോരീം കഴിക്കാൻ നല്ല രസമാ…. വേഗം കൊണ്ട് വാ അമ്മേ…..”””” സരസ്വതിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് മോഹൻ പറഞ്ഞപ്പോൾ അവർ അവന്റെ തലയിൽ ഒന്ന് തഴുകി പതിയെ എഴുന്നേറ്റു ആലോചനയോടെ അടുക്കളയിലേയ്ക്ക് നടന്നു. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 മോഹൻ ബേക്കറിയിലേയ്ക്ക് പോയിക്കഴിഞ്ഞു സരസ്വതി ഫോൺ എടുത്ത് കൃഷ്ണൻ കുട്ടിയെ വിളിച്ചു. “”””കൃഷ്ണാ ….. ഒന്നിത്രടം വരാമോ? എനിക്കൊരു കൂട്ടം പറയാനുണ്ട്….”””” “”””എന്താ ചേച്ചി…..?”””” “”””നേരിട്ട് പറയാം. ഫോണിൽ കൂടി പറഞ്ഞാൽ ശെരിയാകില്ല…..”””” “”””മോഹൻ കുഞ്ഞിന്റെ വിവാഹക്കാര്യം ആണോ?””””” “”””മ്മ്…..”””” അവർ മറുപടി ഒരു മൂളലിൽ ഒതുക്കി. “”””ഒന്ന് രണ്ട് നല്ല ആലോചനകൾ കിട്ടീട്ടുണ്ട്…..

ഞാൻ ഇന്ന് അങ്ങോട്ട് വരാനിരിക്കുവാരുന്നു. കുഞ്ഞ് ബേക്കറീലോട്ട് പോയിക്കഴിഞ്ഞു വരാന്നു കരുതി. ഒരുച്ചയോടെ ഞാൻ അങ്ങ് എത്താം ചേച്ചി…..”””” “”””എന്നാൽ അങ്ങനെ ആകട്ടെ……”””” കാൾ അവസാനിപ്പിക്കുമ്പോഴും സരസ്വതിയുടെ ചിന്തകളിൽ ജാനകി തന്നെ ആയിരുന്നു. മോഹൻ ആദ്യമായി പറഞ്ഞ ഒരിഷ്ടം….. ഇത് വരെ വിവാഹത്തേക്കുറിച്ച് പറയുമ്പോൾ പുറം തിരിഞ്ഞു നിന്നവനാണ്….. അവന്റെ മനസിലേയ്ക്കാണ് അവൾ കയറിക്കൂടിയത്….. പക്ഷെ……… നല്ല കുട്ടിയാണ് ജാനകി. സുന്ദരി….. മോഹൻ പറഞ്ഞത് പോലെ അവൾക്ക് മോഹനെ ഇഷ്ടമായില്ലെങ്കിലോ? പിന്നെ ഇരുവരുടെയും പ്രായം….? പ്രഭാകരനും ജയയ്ക്കും തന്നെ നന്നായിട്ട് അറിയാം. മോഹനെയും…… ഒന്ന് ശ്രമിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നി സരസ്വതിക്ക് ….. മനസ്സിൽ ആലോചിച്ചുറപ്പിച്ചു അവർ അടുക്കളയിലേയ്ക്ക് നടന്നു….. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 “”””എന്താണ് സരസമ്മോ….?

വാതിലൊക്കെ തുറന്നിട്ട് ഇവിടെ വന്ന് നിൽക്കാണോ ? കള്ളൻ കയറിയാൽ പോലും അറിയില്ലല്ലോ….?”””” തിരിഞ്ഞു നോക്കുമ്പോൾ മനോഹരമായ ചിരിയോടെ പിറകിൽ നിൽക്കുന്ന പെൺകുട്ടിയേക്കണ്ടു സരസ്വതിയും ഒന്ന് ചിരിച്ചു. “””””ഇവിടെ എന്റെ മായക്കൊച്ചല്ലാതെ വേറെ ഏതു കള്ളൻ വരാനാ?”””” അരികിൽ നിൽക്കുന്നവളെ ചിരിയോടെ ചേർത്തു പിടിച്ചു അവർ…. “”””അല്ല എവിടെ നമ്മുടെ കള്ള കാ‍ന്താരി…? സ്വയം പ്രഖ്യാപിത വീരപ്പൻ?””””” മായയുടെ പുറകിലേയ്ക്ക് ഒന്ന് തല എത്തിച്ചു നോക്കി സരസ്വതി. “”””വന്നിട്ടുണ്ട്….. ആൽവിച്ചായന്റെ കയ്യിലാ….. ഇവിടെ എത്തിയപ്പോ തൊടിയിൽ ഒരു പൂച്ചക്കുട്ടി നിൽക്കുന്നത് കണ്ടു. അപ്പനേം വലിച്ചോണ്ട് അതിന്റെ പിറകെ പോയേക്കുവാ…..”””” “”””ആഹാ…. ആൽവിയും ഉണ്ടോ…? എന്ന വാ… നമുക്കും അങ്ങോട്ട് പോകാം…..കുറച്ചീസായി അവനെ ഒന്ന് കണ്ടിട്ട്….. നീ വരുമ്പോഴും അവൻ വരാറില്ലല്ലോ……?.””

“” പരിഭവം പോലെ പറഞ്ഞു കൊണ്ട് മായയുടെ കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു അവർ. പുറത്തു എത്തുമ്പോൾ കണ്ടത് ഒരു കയ്യിൽ പൂച്ചക്കുഞ്ഞിനേയും മറു കൈയ്യിൽ ജോക്കുട്ടൻ എന്ന് വിളിക്കുന്ന ജോയലിനെയും പിടിച്ചു നടന്നു വരുന്ന ആൾവിയെയാണ്…… ജോക്കുട്ടൻ….. വെളുത്തുരുണ്ട കുറുമ്പ് നിറഞ്ഞ മുഖവും കുസൃതി നിറഞ്ഞ കണ്ണുകളുമായി അഞ്ച് വയസുകാരനായ സുന്ദരക്കുട്ടൻ….. പൂച്ചക്കുട്ടിയെ കയ്യിൽ കിട്ടാനായി അവൻ വാശി പിടിക്കുന്നുണ്ട്….. “”””എന്റെ പൊന്നു ജോക്കുട്ടാ…. ഞാൻ ഇതിനെ എങ്ങാനും നിന്റെ കയ്യിൽ തന്നാൽ നീ ഇതിനെ സ്നേഹിച്ചു സ്നേഹിച്ചു പിതുക്കി കൊല്ലും…. നീ സ്നേഹം പ്രകടിപ്പിക്കുന്നതെ ഉപദ്രവിച്ചിട്ടാണെന്ന് എനിക്കാ നന്നായിട്ട് അറിയുന്നത്….ദിവസോം നിന്റെന്നു നുള്ളും പിച്ചും ഒക്കെ വാങ്ങിക്കൂട്ടുന്നത് ഞാനല്ലേ?”””” ജോക്കുട്ടനെ പിന്തിരിപ്പിക്കാനായി ആൽവി എന്തൊക്കെയോ പറയുന്നുണ്ട്. “”

“”നിക്ക് താ അപ്പാ…. ഞാൻ അതിനെ ഒന്നും ചെയ്യൂല്ല… ഒന്ന് തോട്ടാ മതി നിക്ക്….”””” ജോക്കുട്ടൻ കെഞ്ചി പറയുന്ന കേട്ട് ആൽവി ആകാശത്തേയ്ക്ക് നോക്കി…. “”””കർത്താവേ…. ഇതാ ഈ ജീവനും കൂടി ഉടനെ അങ്ങയുടെ അരികിലേയ്ക്ക് എത്താൻ പോവുകയാണ്… സ്വീകരിച്ചോണെ ….”””” പിന്നെ ജോക്കുട്ടന്റെ നേർക്കു പൂച്ചക്കുട്ടിയെ നീട്ടി പറഞ്ഞു… “”””കൊല്ലരുത്…..അപേക്ഷയാണ്……”””” ജോകുട്ടനേം പൂച്ചയെയും മാറി മാറി നോക്കിക്കൊണ്ട് ആൽവി പറയുന്നത് കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് സരസ്വതി അങ്ങോട്ടേക്ക് വന്നു ….. “”””ആഹാ… വീരപ്പനിന്നു പൂച്ച പിടിത്തം ആണോ?”””” ചോദ്യത്തോടെ അവർ ജോക്കുട്ടനെ വാരിയെടുത്തു കവിളിൽ ചുണ്ടുകൾ ചേർത്തു. “”””ഇന്നെന്താ ആനക്കൊമ്പോന്നും വേണ്ടേ? കാട്ടിൽ പോണില്ലേ?”””” അവർ അവന്റെ മൂക്കിൽ മൂക്ക് ഉരസിക്കൊണ്ട് ചോദിച്ചു …. “””””മഹും…. നിക്ക് ജലദോഷം….

അതോണ്ട് പോണില്ല….”””” സങ്കടത്തിൽ അവൻ പൂച്ചക്കുട്ടിയെ ഒന്നൂടെ മുറുകെ പിടിച്ചു …. ആസ്വസ്ഥതയോടെ പൂച്ചക്കുട്ടി ഞെളിപിരി കൊണ്ട് കരഞ്ഞു. “”””വീരപ്പനെ ഭയങ്കര ധൈര്യ ശാലിയാ…. ചെറിയ ജലദോഷമൊന്നും പുള്ളിക്കാരൻ പ്രശ്നമല്ലല്ലോ…..”””” “”””അതല്ല, ആനയ്ക്കും ജലദോഷം വരൂല്ലേ അതോണ്ടാ…..ആനയ്ക്ക് ജലദോഷം വന്നാൽ വലിയ പാടല്ലേ? എന്തോരം വലിയ മൂക്കാ ആനയ്ക്ക്?”””” അതിശയഭാവത്തിൽ തീർത്തും നിഷ്കളങ്കമായി അവൻ പറയുന്നത് കേട്ട് സരസ്വതി ചിരിച്ചു. “”””ആഹാ… ആനയോട് ഇത്രയും സ്നേഹമുള്ള വീരപ്പനോ?”””” അവരും അതിശയഭാവം നടിച്ചു……. “”””എന്റെ അമ്മേ… ഈ സാധനത്തിനു വായ്ക്ക് ചുറ്റും നാവാണ്… പറഞ്ഞു ജയിക്കാൻ ഒക്കില്ല….. എന്റെ പൊന്നു കുഞ്ഞേ അതിനെ പിതുക്കി കൊല്ലല്ലേ… വിട്ടേ അതിനെ….”””” മായ ജോക്കുട്ടന്റെ കയ്യിലെ പൂച്ചക്കുട്ടിയെ വിടുവിച്ചു ….. തറയിൽ വച്ച ഉടനെ അത് ജീവനും കൊണ്ട് പാഞ്ഞു.

അതിന്റെ ഓട്ടം കണ്ട്‌ എല്ലാരും ചിരിച്ചു…… “”””അകത്തേയ്ക്ക് വാ മക്കളെ….”””” ജോക്കുട്ടനെയും ഒക്കത്തു വച് സരസ്വതി തിരിഞ്ഞു നടന്നു. “”””ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ ആൽവി…..എന്തെ…..? സരസമ്മേ മറന്നോ നീയ്?”””” അകത്തേയ്ക്ക് നടക്കുന്നതിനിടയിൽ സരസ്വതി ചോദിച്ചു. “””അതല്ലെന്റെ സരസമ്മേ….. ഇപ്പൊ നമ്മുടെ ഫീൽഡിൽ ഒന്ന് പച്ച പിടിച്ച് വരണുണ്ട് ഞാൻ….. ഒന്ന് പിറകിലേയ്ക്ക് മാറിയാൽ തള്ളിക്കേറാൻ ആയിരങ്ങൾ ഉണ്ടാവും. അതാണ്‌ ഞാൻ കൂടുതൽ സജീവമാകാമെന്നു കരുതിയത്… ഇടയ്ക്കിടെ പാർട്ടി മീറ്റിംഗ് ഒക്കെ ഉണ്ടാകും…..”””” ആൽവി പറയുന്നത് കേട്ട് സരസ്വതി ഒന്ന് തിരിഞ്ഞു നിന്നു. “”””സൂക്ഷിക്കണം മോനേ….. കാപട്യവും കൊള്ളരുതായ്മയും അക്രമവും ഒക്കെ നിറഞ്ഞു നിൽക്കുവാ രാഷ്ട്രീയത്തിൽ….. പേടിയാ അമ്മയ്ക്ക്…..പിന്നെ നിനക്ക് ആ മേഖല ഇഷ്ടമായോണ്ടാ ഞാൻ ഒന്നും പറയാത്തത്.”””””

“”””അവിടെ ഒത്തിരി നല്ല ആൾക്കാരും ഉണ്ടമ്മേ….. നമ്മൾ ഒന്നിനും പോകാതിരുന്നാൽ ആരും നമ്മുടേം പിറകെ വരില്ല.ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ നാട് നന്നാക്കാൻ ഒന്നും പറ്റില്ല എന്നറിയാം . എന്നാലും എന്തെങ്കിലും ഒക്കെ ചെയ്യണം എന്നൊരു മോഹം…..”””” ആൽവി സോഫയിലേയ്ക്കിരുന്നു…. മേശമേൽ കിടന്ന ന്യൂസ്‌ പേപ്പർ കയ്യിലെടുത്തു. “”””മോഹൻ ഉച്ചയ്ക്ക് വരില്ലേ അമ്മേ? അവനെ ഒന്ന് കാണണമായിരുന്നു. ബക്കറി ഇപ്പൊ നല്ല ലാഭത്തിൽ അല്ലെ പോകുന്നത്? പുതിയ ഒരു ബ്രാഞ്ച് കൂടി തുടങ്ങാം എന്ന ആലോചനയിലാ മോഹൻ…. നമ്മുടെ നായരങ്കിളിനു പേട്ടയില് കുറച്ചു സ്ഥലം ഉണ്ട്… രണ്ട് കട മുറിയും…. റോഡ് സൈഡിലാ…. ഞാൻ കണ്ടിട്ടുണ്ട്. അവനേം കൂട്ടി ഒന്ന് പോകണം. അവന് ഇഷ്ടമായാൽ അതങ്ങ് ഉറപ്പിക്കാം…..””” “””കണ്ണൻ എന്നോടും പറഞ്ഞിരുന്നു …..

നല്ല സ്ഥലമാണെങ്കിൽ നമുക്ക് നോക്കാം….. പിന്നെ വേറൊരു കാര്യം ഞാൻ ചോദിച്ചോട്ടെ മോനേ?”””” കയ്യിലിരുന്ന ജോക്കുട്ടനെ താഴെ നിർത്തി ആൽവിയ്‌ക്കരികിലായി ചെന്നിരുന്നു സരസ്വതി. “”””കണ്ണന് ആരോടെങ്കിലും എന്തെങ്കിലും ഇഷ്ടമുള്ളതായി മോനോട് പറഞ്ഞിട്ടുണ്ടോ?”””” ചോദ്യം മനസിലാകാത്തത് പോലെ ആൽവി നെറ്റി ചുളിച്ചൊന്നു നോക്കി…. “””ഇന്നലെ ഞാൻ വിവാഹക്കാര്യം സംസാരിച്ചപ്പോൾ കണ്ണൻ ഒരു കുട്ടീടെ കാര്യം പറഞ്ഞു… മോനോട് അവൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?”””” ആൽവിയുടെ മുഖത്ത് അത്ഭുത ഭാവം ആയിരുന്നു. വിശ്വസിക്കാനാകാത്തത് പോലെ അവൻ കണ്ണൊന്നു ഇറുകെ പൂട്ടി തുറന്നു. “”””മോഹനൊ? അവൻ എന്നോടൊന്നും പറഞ്ഞിട്ടില്ലലോ അമ്മേ……””” “””ആരാ അമ്മേ കുട്ടി?””” മായയും ആകാംക്ഷയോടെ ചോദിച്ചു. “””അവൻ പറഞ്ഞത് വച്ച് നോക്കുമ്പോ ജയയുടെ മകൾ ജാനകി ആണെന്ന തോന്നുന്നത്.

പക്ഷെ…. ആ കുട്ടിയ്ക്ക് പ്രായം തീരെ കുറവാ … അവർക്ക് ഇഷ്ടാകുമോന്നു അറിയില്ല. മോൻ കണ്ണനോട് ഒന്ന് സംസാരിക്കണം. കണ്ടപ്പോ ഒരിഷ്ടം തോന്നി. അത്രേ ഉള്ളൂ എന്ന എന്നോട് അവൻ പറഞ്ഞത്….. അതിൽ കവിഞ്ഞ ഒരിഷ്ടം ആ കുട്ടിയോട് അവന് തോന്നീട്ടുണ്ടെങ്കില്….? വയ്യ മോനേ ഇനിയും അവന്റെ മനസ്സ് നോവുന്നത് കാണാൻ…… ഒത്തിരി വിഷമിച്ചിട്ടുണ്ടെന്റെ കുട്ടി….. ഇപ്പോഴാ മനസ്സ് നിറഞ്ഞൊന്നു ചിരിച്ചു കാണണത്. മനസ്സിൽ ഓരോന്നു മോഹിച്ചിട്ട് അത് കിട്ടാതാകുമ്പോഴുള്ള അതിന്റെ നോവ് കാണാൻ എനിക്ക് വയ്യ …. അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അത് മനസീന്ന് കളയാൻ പറയണം… നിങ്ങൾ കൂട്ടുകാരല്ലേ? അപ്പൊ മോൻ സംസാരിക്കുന്നതാ നല്ലത്…..”””” മകനെ ഓർത്തുള്ള ആധി നിറഞ്ഞു നിന്നിരുന്നു ആ അമ്മയുടെ വാക്കുകളിൽ…… “”””അവൻ അങ്ങനെ പറഞ്ഞു എങ്കിൽ അത് സത്യമാകും സരസമ്മേ….അമ്മയോട് അവൻ നുണ പറയുമെന്ന് എനിക്ക് തോന്നുന്നില്ല….””””

“””അതേ അതേ…. ഏട്ടൻ എന്തായാലും അമ്മയോട് നുണ പറയില്ല…”””” മായയും ആൽവിയോട് യോജിച്ചു. “”””അമ്മ വിഷമിക്കണ്ട. എന്തായാലും ഞാൻ അവനോട് സംസാരിക്കാം… ഒപ്പം പ്രഭൻ അങ്കിളിനോടും ….”””” സരസ്വതി ആൾവിയെ നോക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. “”””അമ്മ ഇങ്ങനെ നോക്കണ്ട… എനിക്കറിയാം പ്രഭൻ അങ്കിളിനെ.. ഞങ്ങൾ നല്ല കൂട്ടാ…..”””” ആൽവിയുടെ വാക്കുകൾ സരസ്വതിയുടെ ഉള്ളിൽ നേരിയൊരു പ്രതീക്ഷയുടെ നാളം തെളിയിച്ചു…… അവർ പോലും അറിയാതെ അവരുടെ മുഖത്ത് സന്തോഷം വന്ന് നിറഞ്ഞു. “”””എന്നാൽ കൃഷ്ണനോട് വരണ്ട എന്ന് പറയാം അല്ലെ?”””” “”””അമ്മ വരണ്ട എന്ന് പറഞ്ഞോളൂ…. ഞാൻ സംസാരിച്ചോളാം അങ്കിളിനോട്…..”””” “”””മ്മ്… മ്മ്ഹും…. മ്മ്മ്മ്മ്ഹും…..”””” എന്തോ അപശബ്ദം കേട്ടാണ് മൂവരും തിരിഞ്ഞു നോക്കിയത്.

മുന്നിലെ കാഴ്ച കണ്ടു മൂന്ന് പേരും ഉറക്കെ ചിരിച്ചു പോയി….. ജോക്കുട്ടൻ അടുക്കളയിൽ നിന്നും ഇറങ്ങി വരുവാണ്…. വായിൽ ഒരു ഉഴുന്നുവട കടിച്ചു പിടിച്ചിട്ടുണ്ട്…. രണ്ട് കയ്യിലും രണ്ടെണ്ണം വീതം…… എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…. പക്ഷെ വികൃതമായ ഒരു ശബ്ദം മാത്രം പുറത്തേയ്ക്ക് വരുന്നുള്ളൂ….ആളിന് വായിലുള്ളതും കൈയിലുള്ളതും കളയാൻ വയ്യ….. സരസ്വതി ചിരി അടക്കി അവനരികിലേയ്ക്ക് ചെന്നു…..വായിലെ ഉഴുന്നുവട അവർ കയ്യിലേയ്ക്ക് വാങ്ങി. ആൽവിയും മായയും അപ്പോഴും നിർത്താതെ ചിരിക്കുകയാണ്…. “”””എന്തിനാ നിങ്ങളൊക്കെ ചിരിക്കുന്നത്? എന്റെ കൊച്ചിനെ കളിയാക്കിയാലുണ്ടല്ലോ നല്ല അടി വാങ്ങും രണ്ടും….”””” കപട ദേഷ്യത്തിൽ സരസ്വതി ആൽവിയെയും മായയെയും നോക്കി… ചിരിക്കാതിരിക്കാൻ അവരപ്പോഴും പാട് പെടുന്നുണ്ടായിരുന്നു. ”

“””അപ്പനോടും മായമ്മയോടും ഞാൻ കൂട്ടില്ല …… മിണ്ടൂല്ല……. നോക്കിക്കോ….”””” ജോക്കുട്ടനും കെറുവിച്ചു. “”””എന്നാപ്പിന്നെ നീയിന്നിവിടെ നിന്നോ… നിന്റെ അമ്മൂമ്മേടെ കൂടെ….”””” ആൽവി അങ്ങനെ പറഞ്ഞപ്പോ ജോക്കുട്ടൻ സരസ്വതിയുടെ കയ്യിൽ നിന്നു താഴേയ്ക്ക് ഊർന്നിറങ്ങി. “”””നാനും വരണു…. അപ്പൻ എനിക്കിന്ന് ഐസ് ക്രീം വാങ്ങിത്തരാണ് പറഞ്ഞില്ലേ? ഞാനും വരും…..”””” അവൻ ഓടി ആൽവിയുടെ അരികിലെത്തുമ്പോൾ മൂവരും വീണ്ടും ചിരിച്ചു. കുഞ്ഞുങ്ങളോളം നിഷ്കളങ്കർ വേറെ ആരുണ്ട് ? കാപട്യം അറിയാത്ത പ്രായം………നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ പിണക്കത്തിന് എത്ര ആയുസുണ്ടാകാൻ? സരസ്വതി ചിരിയോടെ ഓർത്തു. ✨✨✨✨

ഫ്രീ പീരിയഡ് ആയത് കൊണ്ട് ലൈബ്രറിയിലേയ്ക്ക് സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്നു ജാനകി. “””””എടി നമ്മുടെ കോളേജ് ഹീറോ അഭിനവിന് നിന്നോട് എന്തോ ഒരിതുണ്ട്….”””” ജാൻവി പറഞ്ഞത് കേട്ട് ജാനകി അവളെ ദേഷ്യത്തിലൊന്നു നോക്കി. “”””എന്ത്?”””” ആ ചോദ്യത്തിലും ഉണ്ടായിരുന്നു ഒരല്പം ദേഷ്യം… “”””അവൻ ഇടയ്ക്ക് നിന്നെ നോക്കുന്നതും നിന്നോട് സംസാരിക്കാൻ വരുന്നതുമൊക്കെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്…….”””” “””””അങ്ങനെ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിലേ അത് വേഗം കറക്ട് ചെയ്തോളാൻ പറ അവനോട്.”””” നീരസത്തോടെ തന്നെ പറഞ്ഞു ജാനകി. “””ഹാ… അവന് എന്താടി ഒരു കുഴപ്പം? നല്ല ഭംഗിയല്ലെ അവനെ കാണാൻ….?

പിന്നെ മികച്ച ഒരു സ്പോർട്സ് മാനും….. എത്ര പിള്ളേരാണെന്നോ അവന്റെ പിറകെ നടക്കുന്നത്….?””” അടുത്ത് തന്നെ ഉണ്ടായിരുന്ന നൂറയും വിട്ടില്ല. “””എടി എല്ലാ പെൺകുട്ടികളെയും പോലെ എനിക്കും ഉണ്ട് ചില ഇഷ്ടങ്ങൾ….. മരണം വരെ ഒപ്പം കൂടേണ്ട ആളിനെക്കുറിച്ച് എനിക്ക് വ്യകതമായ ചില സങ്കല്പങ്ങൾ ഉണ്ട്….”””” “”””ആഹാ… അങ്ങനെയോ എന്നാൽ കേൾക്കട്ടെ….”””” പറഞ്ഞു കൊണ്ട് അവൾക്കരികിലേയ്ക്ക് നീങ്ങി നിന്നു വിനോദ്… ഒപ്പം ജാൻവിയും നൂറയും…….. തുടരും

തമസ്സ്‌ : ഭാഗം 7

Share this story