ഭാഗ്യ ജാതകം: ഭാഗം 2

ഭാഗ്യ ജാതകം: ഭാഗം 2

എഴുത്തുകാരി: ശിവ എസ് നായർ

ഇരുളിന്റെ മറവ് പറ്റി തന്റെ ബാഗ് മാറോടടുക്കിപ്പിടിച്ചു കൊണ്ട് പല്ലവി അമ്മയ്ക്ക് പിന്നാലെ നടന്നു. നിഴലുകളുടെ മറ പറ്റി ഒരാൾ അവരെ പിന്തുടരുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല. ഒരു മാർജാരനെ പോലെ അയാൾ പമ്മി പതുങ്ങി പാദ പതന ശബ്ദം പോലും കേൾപ്പിക്കാതെ പല്ലവിയെയും അമ്മയെയും വിടാതെ പിന്തുടർന്നു. തങ്ങളെ ആരോ പിന്തുടരുന്നത് പോലെ തോന്നിയ സുഭദ്ര തമ്പുരാട്ടി ഇടയ്ക്കിടെ പിന്നിലേക്ക് ഭയപ്പാടോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവർ തിരിയുന്ന വേളയിൽ അയാൾ ഏതെങ്കിലും മരത്തിന്റെ പിന്നിൽ കയറി ഒളിക്കും. ചെന്നിയിൽ നിന്നും ഒലിച്ചിറങ്ങിയ വിയർപ്പു കണങ്ങൾ നേര്യത്തിന്റെ തുമ്പാലെ ഒപ്പിയെടുത്തു കൊണ്ട് തമ്പുരാട്ടി അതിവേഗം മുൻപോട്ടു നടന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പല്ലവിയും അവരെ പിന്നാലെ വേഗത്തിൽ നടന്നു. അര നാഴികയ്ക്കുളിൽ തന്നെ അവർ ഇരുവരും ബസ്സ്റ്റോപ്പിൽ എത്തിച്ചേർന്നു. അപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. “അമ്മേ ഞാനെങ്ങനെയാ ഒറ്റയ്ക്ക് അത്രയും ദൂരം…??” വാക്കുകൾ മുഴുമിക്കാൻ കഴിയാതെ പല്ലവി അമ്മയെ നോക്കി. “അത്രയും ദൂരം നിന്നെ തനിച്ചു വിടുന്നതിൽ അമ്മയ്ക്കും ഭയമുണ്ട് മോളെ… പക്ഷേ ഇതല്ലാതെ എനിക്ക് മുന്നിൽ വേറെ വഴിയില്ല…

നീയൊന്നും കൊണ്ടും പേടിക്കണ്ട… ഒരു ആപത്തും കൂടാതെ നീയവിടെ എത്തിച്ചേരും. ഭഗവതിയുടെ കടാക്ഷം എന്റെ മോൾക്ക് എപ്പോഴും ഉണ്ടാകും.” “തറവാട്ടിൽ എല്ലാരും അറിയുമ്പോൾ വലിയ പ്രശ്നമാകില്ലേ?? ഞാൻ തറവാട്ടിൽ ഇല്ലെന്നറിയുമ്പോൾ അച്ഛൻ അടങ്ങിയിരിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?? “ഇവിടുത്തെ കാര്യമാലോചിച്ചു നീ ടെൻഷനാവണ്ട. പിന്നെ ഞാൻ കെട്ടിത്തരുന്ന ഈ ഏലസ്സ് നിന്റെ കയ്യിൽ എപ്പോഴും ഉണ്ടാകണം. ” സുഭദ്ര തന്റെ എളിയിൽ നിന്നും ഒരു തുകൽ സഞ്ചി പുറത്തെടുത്തു കൊണ്ട് അവളോട്‌ പറഞ്ഞു. “ഏലസ്സോ…” ആകാംക്ഷയോടെ പല്ലവി അമ്മയെതന്നെ നോക്കി നിന്നു. സുഭദ്ര തമ്പുരാട്ടി തുകൽ സഞ്ചിയിൽ നിന്നും വാമദേവൻ തിരുമേനി പൂജിച്ചു കൊടുത്ത ഒരു സ്വർണ്ണ ഏലസ്സ് പുറത്തെടുത്തു. അവളോട്‌ മിണ്ടരുതെന്ന് ആഖ്യം കാട്ടികൊണ്ട് സുഭദ്ര ആ ഏലസ്സ് പല്ലവിയുടെ വലതു കയ്യിൽ കെട്ടികൊടുത്തു. “ഭഗവതിയുടെ നടക്കൽ വച്ചു നിനക്കായി പ്രത്യേകം പൂജിച്ചെടുത്തതാണ് ഈ ഏലസ്സ്. ആപത്തിൽ നിന്നും നിന്നെ ദേവി കാത്തോളും. നീ അങ്ങ് എത്തിച്ചേരും വരെ അമ്മയ്ക്ക് സമാധാനത്തോടെ ഇവിടെ കഴിയണ്ടേ… ”

അത് പറയുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. “ഇപ്പൊ എനിക്ക് കുറച്ചു ധൈര്യം വന്നത് പോലെ തോന്നുന്നുണ്ട് അമ്മേ…” അവൾ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ദൂരെ നിന്നും ഹെഡ്‌ലൈറ്റിന്റെ പ്രകാശം അവർ നിന്നിടത്തേക്ക് വരുന്നത് ഇരുവരും കണ്ടത്. “ബസ് വരുന്നുണ്ട്…” അതും പറഞ്ഞുകൊണ്ട് സുഭദ്ര റോഡിലേക്ക് ഇറങ്ങി നിന്ന് വണ്ടിക്ക് കൈകാണിച്ചു. ബസ് അവരുടെ അടുത്തായി വന്നു നിന്നു. പല്ലവിയെ സ്റ്റാൻഡിലേക്ക് വണ്ടി കയറ്റി വിട്ട ശേഷം സുഭദ്ര തമ്പുരാട്ടി തിരികെ തറവാട്ടിലേക്ക് ധൃതിയിൽ നടന്നു. അവരെ പിന്തുടർന്നു വന്ന അപരിചിതൻ ഒരു മരത്തിന്റെ മറവിൽ നിന്നും അതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്നു. സുഭദ്ര അവിടെ നിന്നും പോയതും വേഗം തന്നെ അയാൾ വഴിയിലേക്കിറങ്ങി റോഡിന്റെ സൈഡിൽ വച്ചിരുന്ന തന്റെ ബൈക്കെടുത്തു ബസ്സിനെ പിന്തുടർന്നു പോയി. സ്റ്റാൻഡിൽ എത്തിയ പല്ലവി എറണാകുളം ബസ് കണ്ടു പിടിച്ചു അതിൽ കയറി ഇരുന്നു. ബസ്സിനെ പിന്തുടർന്ന് വന്ന അപരിചിതനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

വണ്ടി എടുക്കാൻ ഇനിയും സമയമുണ്ട്. വിൻഡോയിലൂടെ പുറത്തേക്ക് ദൃഷ്ടി പതിപ്പിച്ചു ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു പല്ലവി. അപ്പോഴാണ് അവളുടെ അടുത്ത്‌ ഒരു സ്ത്രീ വന്നിരുന്നത്. അവരെ നോക്കി അവൾ പുഞ്ചിരിച്ചു. അവരും അവളെ നോക്കിയൊന്ന് ചിരിച്ചു. ആ സ്ത്രീയുടെ നോട്ടം അവളിൽ മാത്രമായിരുന്നു. അവൾ ഒറ്റയ്ക്കാണെന്നും പേടിച്ചു വിറച്ചാണ് അടുത്തിരിക്കുന്നതെന്നും അവളുടെ മുഖഭാവത്തിൽ നിന്നും അവർ ഊഹിച്ചു. “മോൾക്ക് എവിടെയാ പോകേണ്ടത്??” “എറണാകുളത്താ ചേച്ചി??” “അവിടെ ആരെ കാണാനാ..?” “അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലേക്കാ..” “മോളെ പേരെന്താ..?” “പല്ലവി..” “ചേച്ചിയുടെ പേര്??” “സ്റ്റെല്ല…” പിന്നീട് അവളോട്‌ അവരൊന്നും ചോദിച്ചില്ല… കാരണം അപ്പോഴേക്കും പല്ലവി കുഴഞ്ഞു അവരുടെ തോളിലേക്ക് വീണിരുന്നു. സ്റ്റെല്ല തന്റെ ബാഗിൽ നിന്നും ഒരു ചെറിയ സ്പ്രേ എടുത്തു അവളുടെ മുഖത്തേക്ക് അടിച്ചതായിരുന്നു പല്ലവി ബോധം കെടാൻ കാരണം. സ്റ്റെല്ല ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവളെ അവരുടെ തോളിലേക്ക് ചരിച്ചു കിടത്തി. വലിയൊരു ആപത്തിലാണ് താൻ ചെന്ന് പെട്ടിരിക്കുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല.

അപ്പോഴേക്കും സ്റ്റാൻഡിൽ നിന്നും ബസ് എടുത്തിരുന്നു. പല്ലവിക്കുള്ള ടിക്കറ്റും സ്റ്റെല്ല തന്നെ എടുത്തു. അവർക്കും പോകേണ്ടിയിരുന്നത് എറണാകുളത്തേക്ക് ആയിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ധൃതിയിൽ ഓടിവന്നു ബസ്സിലേക്ക് കയറിയത്, അവരുടെ സീറ്റിനു പിന്നിലായിട്ടാണ് അവൻ ചെന്നിരുന്നത്. സ്റ്റെല്ല അത് ശ്രദ്ധിച്ചിരുന്നില്ല. ഇരുളിനെ കീറിമുറിച്ചു കൊണ്ട് ആനവണ്ടി കുതിച്ചു പാഞ്ഞു. കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക ഭാവത്തോടെ പല്ലവി അപ്പോഴും മയക്കത്തിലായിരുന്നു. ബസ്സിൽ അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. സ്റ്റെല്ലയുടെ നോട്ടം പല്ലവിയുടെ കൈയിൽ കിടക്കുന്ന ഏലസ്സിലായി. ഏതോ വലിയ വീട്ടിലെ പെണ്ണാണ് അവളെന്ന് അവർ ഊഹിച്ചു. ഒന്ന് രണ്ടു തവണ ആ ഏലസ്സ് അഴിച്ചെടുക്കാൻ സ്റ്റെല്ല ഒരു ശ്രമം നടത്തി. പക്ഷേ സുഭദ്ര തമ്പുരാട്ടി പെട്ടന്ന് അഴിഞ്ഞു പോകാത്ത വിധം നന്നായി ഇറുക്കിയാണ് അത് കെട്ടിയിരുന്നുത്. അതുകൊണ്ട് തല്ക്കാലത്തേക്ക് സ്റ്റെല്ല ആ ശ്രമം വേണ്ടെന്നു വച്ചു.

പിന്നീട് സൗകര്യം പോലെ അവളുടെ ദേഹത്തെ ആഭരണങ്ങൾ അടിച്ചു മാറ്റാമെന്ന് കരുതി സ്റ്റെല്ല ബാഗിൽ നിന്നും ഫോൺ എടുത്തു ആരെയോ വിളിച്ചു. റിംഗ് അടിച്ചു തീരാറായപ്പോൾ മറു തലയ്ക്കൽ ആരോ ഫോൺ അറ്റൻഡ് ചെയ്തു.. ഉറക്കച്ചടവോടെ ഒരു പുരുഷസ്വരം കേട്ടു. “ഹലോ…” “വേലു ഇതു ഞാനാ സ്റ്റെല്ല….” “അമ്മാ സൊള്ളുമ്മാ…” വേലുചാമി ഭയം കലർന്നൊരു ബഹുമാനത്തോടെ പറഞ്ഞു. “രാവിലെ നീ ഒരു വാനുമായിട്ട് വേണം സ്റ്റാൻഡിലേക്ക് വരാൻ. ബസ്സിൽ വച്ച് ഒരു കിളുന്ത് പെണ്ണിനെ കൈവാക്കിന് കിട്ടിയിട്ടുണ്ട്. എന്നെകൊണ്ട് ഒറ്റയ്ക്ക് അവിടെ എത്തിക്കാൻ പറ്റില്ല… അതോണ്ട് ബസ് എത്തുമ്പോൾ നീ വണ്ടിയുമായി അവിടെ ഉണ്ടാവണം..” “ശരിയമ്മാ…” വേലു ഭവ്യതയോടെ പറഞ്ഞു. സ്റ്റെല്ല ഫോൺ കട്ട്‌ ചെയ്തു ബാഗിലേക്ക് ഇട്ടു. പിന്നെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. സ്റ്റെല്ലയുടെ ഫോൺ സംഭാഷണങ്ങൾ എല്ലാം അവരുടെ തൊട്ട് പിന്നിൽ ഇരുന്നിരുന്ന സിദ്ധാർഥ് കേൾക്കുന്നുണ്ടായിരുന്നു. ബസ്സിൽ കയറിയപ്പോൾ മുതൽ സ്റ്റെല്ലയുടെ പെരുമാറ്റത്തിൽ അവനൊരു പന്തികേട് തോന്നിയിരുന്നു.

പല്ലവി അപകടത്തിൽ ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും അവനു മനസിലായി. സിദ്ധു തലയെത്തിച്ചു പല്ലവിയെ നോക്കി. ഒന്നുമറിയാതെ അവൾ അപ്പോഴും മയക്കത്തിലായിരുന്നു. അവരെ ശ്രദ്ധിച്ചു കൊണ്ട് ഒരു പോള കണ്ണടയ്ക്കാതെ സിദ്ധാർഥ് സമയം തള്ളി നീക്കി. ജനാലയിൽ കൂടി വീശിയടിച്ച തണുത്ത ഇളം കാറ്റ് അവനെ പതിയെ ഉറക്കത്തിലേക്ക് ആനയിച്ചു. അവന്റെ കൺപോളകൾ സാവധാനം കൂമ്പിയടഞ്ഞു. എത്രയൊക്കെ ഉറങ്ങാതിരിക്കാൻ ശ്രമിച്ചിട്ടും സിദ്ധു അറിയാതെ മയങ്ങിപ്പോയി. യാത്രാവേളകളിൽ ഒറ്റപെട്ടു പോകുന്ന പെൺകുട്ടികളെ വലയിലാക്കി ബോംബെയിൽ നിന്നും വരുന്ന മാർവാടികൾക്ക് വിൽക്കുന്ന കൂട്ടത്തിൽ പെട്ടതായിരുന്നു സ്റ്റെല്ല. ഒന്ന് രണ്ടു തവണ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും സ്റ്റെല്ല അവരിൽ നിന്നും സമർത്ഥമായി രക്ഷപെട്ടിരുന്നു. കാക്കനാട് ഒരു ബ്യൂട്ടിപാർലർ നടത്തുകയാണ് സ്റ്റെല്ല. പെൺകുട്ടികളെ മാർവാടിക്ക് കൊണ്ട് പോയി വിൽക്കാൻ സഹായിക്കുന്നത് അവരുടെ സഹായിയായ വേലുചാമിയാണ്. ***************

രാവിലെ ഏഴു മണിയോട് അടുത്താണ് ബസ് വൈറ്റിലയിൽ എത്തിച്ചേർന്നത്. സ്റ്റാൻഡിൽ അധികം തിരക്കൊന്നുമില്ലായിരുന്നു. മയക്കം വിട്ട് ഉണർന്നെങ്കിലും പല്ലവി അപ്പോഴും അർദ്ധബോധാവസ്ഥയിലായിരുന്നു. രാത്രിയിൽ എപ്പോഴോ സ്റ്റെല്ല അവളുടെ ശരീരത്തിൽ മയക്കു മരുന്ന് കുത്തിവച്ചിരുന്നു. അതുകൊണ്ട് തന്നെ പല്ലവിക്ക് ബോധം തെളിഞ്ഞുവെങ്കിലും ഓർമ്മ ശരിക്കും കിട്ടുന്നുണ്ടായിരുന്നില്ല. അവളെയും താങ്ങിപ്പിടിച്ചു കൊണ്ട് സ്റ്റെല്ല ബസ്സിൽ നിന്നിറങ്ങി. ഇതൊന്നുമറിയാതെ സിദ്ധു ഉറക്കത്തിലുമായിരുന്നു. കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് സിദ്ധു ഞെട്ടിയുണരുന്നത്. അവൻ ചാടിയെഴുന്നേറ്റു ചുറ്റും നോക്കി. ബസ്സിനുള്ളിൽ അവനും കണ്ടക്ടറും അല്ലാതെ മാറ്റാരുമുണ്ടായിരുന്നില്ല. തന്റെ മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് കണ്ടതും സിദ്ധാർഥിന് അപകടം മണത്തു. “ബസ് നിർത്തിയിട്ടു കുറേ നേരമായോ..??” ഉറങ്ങിപോകാൻ തോന്നിയ നിമിഷത്തെ സ്വയം ശപിച്ചു കൊണ്ടവൻ കണ്ടക്ടറോട് ചോദിച്ചു. “ഇല്ല, അഞ്ചു മിനിറ്റ് ആയതേയുള്ളു…” കണ്ടക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അവനൊരൽപ്പം ആശ്വാസം തോന്നി.

തന്റെ ഷോൾഡർ ബാഗും എടുത്തുകൊണ്ട് അവൻ ബസ്സിൽ നിന്നും ചാടിയിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു. അവിടെയെങ്ങും അവരെ കാണാതായപ്പോൾ സിദ്ധുവിന്റെ നെഞ്ച് അതിദ്രുതം മിടിക്കാൻ തുടങ്ങി. അവന്റെ മനസ്സിൽ പല്ലവിയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു വന്നു. ഏത് വിധേനയും അവരെ കണ്ടുപിടിച്ചു അവളെ സ്റ്റെല്ലയുടെ പിടിയിൽ നിന്നും രക്ഷിച്ചെടുക്കണമെന്ന് അവൻ മനസിലുറപ്പിച്ചു. ആലോചിച്ചു നിൽക്കാൻ സമയമില്ലാത്തതിനാൽ സിദ്ധു സ്റ്റാൻഡിനു പുറത്തേക്ക് വേഗത്തിൽ ഓടി. വൈകുന്ന ഓരോ നിമിഷവും അവർ തന്റെ കൈയിൽ നിന്നും വഴുതി പോകുമെന്ന് അവനു തോന്നി. സ്റ്റാൻഡിനു പുറത്തെത്തിയപ്പോഴാണ് സിദ്ധുവിന്റെ ശ്വാസം നേരെ വീണത്. മൊബൈലെടുത്തു ആരെയോ വിളിച്ചു കൊണ്ട് റോഡരികിൽ നിൽക്കുന്ന സ്റ്റെല്ലയെയാണ് അവൻ അവിടെ കണ്ടത്. പല്ലവി അവർ തന്റെ തോളോട് ചേർത്ത് കിടത്തിയിട്ടുണ്ട്. സ്റ്റെല്ല തന്റെ സഹായിയെ കാത്ത് നിൽക്കുകയാണെന്ന് അവനു മനസിലായി. സിദ്ധു നേരെ അവർക്കരികിലേക്ക് നടന്നടുത്തു.

അതേസമയം ഓപ്പോസിറ്റ് റോഡിൽ കൂടി ഒരു ഓമ്നി വരുന്നതും അവൻ കണ്ടു. ആ വാൻ അവരുടെ അടുത്തെത്തും മുൻപേ തന്നെ സിദ്ധു സ്റ്റെല്ലയ്‌ക്കരികിൽ എത്തിയിരുന്നു. പെട്ടന്ന് അടുത്തൊരു ചെറുപ്പക്കാരനെ കണ്ടതും സ്റ്റെല്ല ഒന്ന് ഭയന്നു. അവന്റെ മുഖം ശ്രദ്ധിച്ചതും അവരിൽ ഒരു ഞെട്ടൽ ഉളവായി. പല്ലവിയെയും കൊണ്ട് സീറ്റിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവർക്ക് പിന്നിലായി ഇരിക്കുന്ന സിദ്ധുവിനെ സ്റ്റെല്ല ശ്രദ്ധിച്ചിരുന്നു. അവന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ രംഗം പന്തിയല്ലെന്ന് അവർക്ക് മനസിലായി. തടിതപ്പുന്നതാണ് ബുദ്ധിയെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു. “നിങ്ങളുടെ ഉദ്ദേശമെന്താണെന്നൊക്കെ എനിക്ക് മനസിലായി. രാത്രി ബസ്സിൽ വച്ചു നിങ്ങൾ ഫോണിലൂടെ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഈ പെൺകൊച്ചിനെയും കൊണ്ട് എങ്ങോട്ടാ..??” മുഷ്ടി ചുരുട്ടി മീശ പിരിച്ചു കൊണ്ട് സിദ്ധു അവരുടെ മുന്നിലേക്ക് കയറി നിന്നു. പെട്ടെന്നാണ് സ്റ്റെല്ല പല്ലവിയെ അവന്റെ ദേഹത്തേക്ക് തള്ളിയിട്ട് അവരുടെ അടുത്തേക്ക് വന്ന ഓമ്നിയിലേക്ക് ഓടികയറിയത്.

കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് ഓമ്നി അവിടെ നിന്നും പോയി. അവന്റെ ദേഹത്തും നിന്നും ഊർന്നു താഴേക്ക് വീഴാൻ പോയ പല്ലവിയെ അവൻ തന്റെ കൈകളിൽ താങ്ങി. സ്റ്റെല്ല അങ്ങനെ പ്രതികരിക്കുമെന്ന് അവനൊട്ടും കരുതിയിരുന്നില്ല. സിദ്ധു വേഗം ഫോൺ എടുത്തു ആരെയോ വിളിച്ച ശേഷം ഒരു ടാക്സിക്ക് കൈ കാണിച്ചു. പിന്നെ പല്ലവിയെ തന്റെ കൈകളിൽ കോരിയെടുത്തു പിൻസീറ്റിലേക്ക് കിടത്തിയ ശേഷം അവനും കയറി. അവൻ പറഞ്ഞ സ്ഥലത്തേക്ക് ടാക്സി ഡ്രൈവർ വണ്ടി വിട്ടു. സിദ്ധുവിന്റെ മടിയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുകയായിരുന്നു പല്ലവി.. വെളുത്ത ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവൻ കൈനീട്ടി പതിയെ അവളുടെ ഷാൾ എടുത്തു. അതേസമയം ടാക്സിഡ്രൈവർ മുൻപിലത്തെ മിററിൽ കൂടി സിദ്ധുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.. തുടരും.

ഭാഗ്യ ജാതകം: ഭാഗം 1

Share this story