കള്ളനസ്രാണി : ഭാഗം 8

കള്ളനസ്രാണി : ഭാഗം 8

എഴുത്തുകാരി: അഭിരാമി

അവനത് പറഞ്ഞതും ജെസ്സിയുടെ വലതുകരമവന്റെ കവിളിൽ പതിഞ്ഞിരുന്നു. എന്നിട്ടവനെ ശക്തിയിൽ തള്ളിമാറ്റി അവൾ താഴേക്ക് ഓടി. അവളോടി താഴെയെത്തുമ്പോൾ പുറത്തുനിന്നും വന്നുകയറിയ ക്രിസ്റ്റിയേയാണ് കണ്ടത്. അവനെ കണ്ടതും നിയന്ത്രണം നഷ്ടപ്പെട്ടുപോയ ജെസ്സിയോടിച്ചെന്നവന്റെ നെഞ്ചിലേക്ക് വീണു. കാര്യമൊന്നും മനസ്സിലാവാതെ അവളെയൊന്ന് ചേർത്തുപിടിക്കുക പോലും ചെയ്യാതെ ക്രിസ്റ്റി അമ്പരന്ന് നിൽക്കുമ്പോഴായിരുന്നു ജെസ്സിയുടെ പിന്നാലെ വന്ന മെൽവിനങ്ങോട്ട് വന്നത്. ” എങ്ങോട്ടാഡീ …….. മോളെ നീയോടുന്നത് ??? ” ചോദിച്ചുകൊണ്ട് സ്റ്റെപ്പിറങ്ങിവന്ന മെൽവിൻ പൂമുഖത്തേക്ക് നോക്കിയതും അവന്റെ നട്ടെല്ലിലൂടൊരു പെരുപ്പ് കടന്നുപോയി.

അവനെയൊന്ന് നോക്കിയിട്ട് ക്രിസ്റ്റി പതിയെ നെഞ്ചോട് അടുക്കിപ്പിടിച്ചു. അവനെല്ലാം മനസ്സിലായെന്ന് അവന്റെയാ നോട്ടത്തിൽ നിന്നുതന്നെ മെൽവിന് മനസ്സിലായി. പക്ഷേ തോറ്റുകൊടുക്കാനവന്റെ മനസ്സ് തയാറായിരുന്നില്ല. നിമിഷനേരം കൊണ്ട് ഒരു കഥ മെനഞ്ഞെടുത്തുകൊണ്ട് അവനവരുടെ അരികിലേക്ക് ഇറങ്ങിചെന്നു. ” കൊള്ളാം അഭിനയം നന്നായിട്ടുണ്ട്….. ആരുമില്ലാത്ത സമയം നോക്കി ഭർത്താവിന്റനിയനെ മുറിയിൽ വിളിച്ചുകയറ്റിയിട്ട് ഭർത്താവ് വന്നപ്പോഴേക്കും നല്ലപിള്ള ചമയുന്നോ ??? ” അവൻ പറഞ്ഞതും ജെസിയിൽ ചുറ്റപ്പെട്ടിരുന്ന ക്രിസ്റ്റിയുടെ കൈകളയഞ്ഞു. ആ കൈകളുടെ മുറുക്കമയഞ്ഞതും ജെസിയാ നെഞ്ചിൽ നിന്നും മുഖമുയർത്തി അവനെ നോക്കി അങ്ങനെയല്ലെന്ന അർഥത്തിൽ തലയനക്കി. അത്രമേൽ തളർന്നുപോയ ആ പെണ്ണിനപ്പോൾ അവനെതിരെയൊന്ന് നാവ് ചലിപ്പിക്കാൻ പോലുമാവതുണ്ടായിരുന്നില്ല. ”

ചേട്ടായി ഇവളെ വിശ്വസിക്കരുത്…. ഒരുനിമിഷം ഞാനുമൊന്ന് പതറിപ്പോയെന്നുള്ളത് നേരാ… ഞാനുമൊരാണല്ലേ ചേട്ടായി….. ” സംഗതിയേറ്റെന്ന് തോന്നിയപ്പോൾ വീണ്ടും പറഞ്ഞുതുടങ്ങിയ മെൽവിനുള്ള മറുപടിയവൻ നൽകിയത് തന്റെ വലതുകാലുകൊണ്ടായിരുന്നു. അവന്റെയാ ചവിട്ടിൽ തെറിച്ചുപോയ മെൽവിൻ ഹാളിന്റെ ഓരത്തേക്ക് ചെന്നുവീണു. ജെസിയേ വിട്ട് ക്രിസ്റ്റിയും അങ്ങോട്ട്‌ നടന്നടുത്തു. ” നീയെന്താ പറഞ്ഞത് ആരുമില്ലാത്ത നേരം നോക്കി ഇവള് നിന്നെ വിളിച്ചുമുറിയിൽ കേറ്റിയെന്നോ ??? അതും അറിവില്ലാത്ത പ്രായം മുതൽ അവളെമാത്രം മനസ്സിൽ പേറിയ നിന്റിച്ചായനോടാണോ നീയവളുടെ സ്വഭാവദൂഷ്യം വിളമ്പുന്നത് ??? ” അവനെ പിടിച്ചെണീപ്പിച്ച് ഭിത്തിയിൽ ചാരി നിർത്തിയവന്റെ ഇരുകവിളിലും മാറിമാറി അടിക്കുന്നതിനിടയിൽ ക്രിസ്റ്റി ചോദിച്ചു.

അത് കേട്ട് മെൽവിനും ജെസ്സിയും ഒരുപോലെ ഞെട്ടി. കാരണം അവന്റെയുള്ളിൽ അവളുണ്ടായിരുന്നുവെന്നത് ഇരുവർക്കുമൊരു പുതിയ അറിവായിരുന്നു. അതുകൂടിയായപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ ജെസ്സി തളർന്ന് നിലത്തേക്കിരുന്നു. അപ്പോഴേക്കും ക്രിസ്റ്റിയുടെ കൈകൾ പതിയാത്ത ഒരിടം പോലുമില്ലെന്ന അവസ്ഥയിലായി കഴിഞ്ഞിരുന്നു മെൽവിന്റെ ദേഹം. ” പന്ന ……. മോനെ….. സ്വന്തം കൂടപ്പിറപ്പായത് കൊണ്ടാ ഇതുവരെ ഈ വീട്ടിലെല്ലാ സ്വാതന്ത്ര്യവും നിനക്കുണ്ടായിരുന്നത്. എന്നുകരുതി നീയെന്താടാ വിചാരിച്ചത് എന്റെ പെണ്ണിനെ വരെ നിനക്ക് തൊടാമെന്നോ ??? തൊടുന്നത് പോയിട്ട് ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെയൊന്ന് നോക്കാനെങ്കിലും നീ മുതിർന്നാൽ സ്വന്തവും ബന്ധവുമൊക്കെ ക്രിസ്റ്റിയങ്ങ് മറക്കും. അരിഞ്ഞുതള്ളും …….. മോനെ….

കൂടപ്പിറപ്പ് ചത്തൊടുങ്ങുമ്പോ അവന്റെ പെണ്ണിനെ കിടക്കയിലാശ്വസിപ്പിക്കുന്ന താരമൊക്കെ വർഷങ്ങൾക്ക് മുൻപേ ഈ തറവാട്ടിലുണ്ട്……പക്ഷേ ഇവളുടെ നേരെ വേണ്ട ആ പാരമ്പര്യം…. ക്രിസ്റ്റിയിന്ന് ജീവനോടുണ്ട്. അതൊക്കെ എന്നേയങ്ങ് പള്ളിപ്പറമ്പിലോട്ടെടുത്തിട്ട് മതി. അതുവരെ ക്രിസ്റ്റിയുടെ പെണ്ണിന് കൂട്ടുകിടക്കാൻ നീയെന്നല്ല നിന്റെ തന്ത വിചാരിച്ചാൽ നടക്കില്ല. ” ” ചേട്ടായി വേണ്ട പ്ലീസ്….. ഇനിയെന്നേ തല്ലരുത്…. ” കലിപൂണ്ടുനിൽക്കുന്ന അവന്റെ കാൽചുവട്ടിലേക്കൂർന്നിരുന്ന് ആ കാലുകളിൽ കെട്ടിപിടിച്ചുകൊണ്ട് മെൽവിൻ യാചിച്ചു. ” ഇനിയൊരു നിമിഷം കൂടി നിന്നെയീ വീട്ടിൽ കാണരുത്….. പൊക്കോണം ഇനി മേലിൽ നിന്റെ നിഴല് പോലും ഈ മതിൽക്കെട്ടിനുള്ളിൽ വീഴരുത്. ” കാലുകൊണ്ട് തന്നെ അവനെ തട്ടിമാറ്റി പറഞ്ഞുകൊണ്ട് ക്രിസ്റ്റി കരഞ്ഞലങ്കോലപ്പെട്ടു നിന്നിരുന്ന ജെസ്സിയുടെ നേർക്ക് തിരിഞ്ഞു. അവന്റെ ശ്രദ്ധ തന്നിലേക്കായെന്ന് കണ്ടതും ഒരുനിമിഷം പോലും കളയാതെ ജെസ്സിയോടിയവന്റെ മാറിലേക്ക് ചേർന്നവനെ ഇറുക്കെ പുണർന്നു.

” ഇച്ചായാ…… ” വിങ്ങിപ്പൊട്ടുന്നതിനിടയിലും ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു. പതിയെ ക്രിസ്റ്റിയുടെ കൈകളുമവളെ ചേർത്തുപിടിച്ചു. അവന്റെ വലതുകരം ആശ്വസിപ്പിക്കും പോലെ അവളുടെ മുടിയിഴകളെ തഴുകി. ചോരയൊഴുകുന്ന മുഖത്തോടെ ആ രംഗമൊരു നിമിഷം നോക്കി നിന്നിട്ട് മെൽവിൻ പതിയെ ഇറങ്ങി തന്റെ വണ്ടിക്കരികിലേക്ക് നടന്നു. കുറച്ചുകഴിഞ്ഞപ്പോൾ ആ ഗേറ്റ് കടന്നുപോയി. ” അവൻ പോയി….. അവനെ കാണിക്കാനുള്ള ഈ അഭിനയമിനി മതിയാക്കാം…. ” അവളിൽ ചുറ്റിയിരുന്ന കൈകളയച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ടതും ജെസ്സി ഞെട്ടി മുഖമുയർത്തി. അമ്പരന്ന് തന്നിലേക്ക് നോക്കി നിൽക്കുന്ന അവളെ അഭിമുഖീകരിക്കാൻ കഴിയാത്തത് പോലെ എങ്ങോട്ടൊക്കെയോ നോക്കിക്കൊണ്ട് തന്റെ ഷർട്ടിൽ മുറുകിയിരുന്ന അവളുടെ കൈകളെ അടർത്തി മാറ്റിയവൻ. പിന്നെ വേഗത്തിൽ മുകളിലെ മുറിയിലേക്ക് കയറിപ്പോയി.

അപ്പോഴും വല്ലാത്തൊരു മരവിപ്പായിരുന്നു ജെസിയിൽ ബാക്കിയായത്. “”””” അവനെ കാണിക്കാനുള്ള അഭിനയം മതി…. “”””” അവന്റെയാ വാക്കുകൾ അവളിൽ മുള്ളുകൾ പോലെ തറഞ്ഞുകയറി. ” അഭിനയമോ ….. ” അവൾ സ്വയം ചോദിച്ചുപോയി. ” ഇച്ചായനെയും കുറ്റപ്പെടുത്താൻ കഴിയില്ല അത്രക്ക് അകറ്റി നിർത്തിയിട്ടില്ലേ…… അത്രക്ക് വേദനിപ്പിച്ചിട്ടില്ലേ….. പിന്നെ പെട്ടന്നൊരു ദിവസം സ്നേഹം പൊട്ടി മുളച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആർക്കും പ്രയാസം തോന്നും. ഈ വേദന ഞാൻ സ്വയം വരുത്തി വരുത്തി വച്ചതല്ലേ അതിനിച്ചായനെ എന്തിന് കുറ്റം പറയണം…. എല്ലാം….. എല്ലാം ഞാൻ തന്നെ…. ” എല്ലാം സ്വയമേറ്റെടുത്തുകൊണ്ട് സമാധാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അവൾക്കതിന് സാധിക്കുന്നുണ്ടായിരുന്നില്ല. അവന്റെയൊരു ചെറിയ അവഗണന പോലും തന്നെ അത്രമേൽ തളർത്തിക്കളയുമെന്ന് തിരിച്ചറിയുകയായിരുന്നു അവളപ്പോൾ.

കുറേ സമയം കഴിഞ്ഞ് കരച്ചിലൊക്കെ ഒന്നടങ്ങിയപ്പോൾ ജെസ്സി മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡിൽ കണ്ണുകൾക്ക് മുകളിൽ കൈ വച്ചുകൊണ്ട് കിടക്കുന്നുണ്ടായിരുന്നു ക്രിസ്റ്റി. അല്പനേരമവനെത്തന്നെ നോക്കി നിന്നിട്ട് ജെസ്സി അകത്തേക്ക് കയറി. അവളവിടെയുണ്ടെന്ന് മനസ്സിലായെങ്കിലും അതൊന്നും തന്നേ ബാധിക്കുന്നേയില്ലെന്ന രീതിയായിരുന്നു ക്രിസ്റ്റിക്ക്. അവന്റെയാ പെരുമാറ്റം അവളെ വീണ്ടും വീണ്ടും മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 വീണ്ടും രണ്ട് ദിവസം കൂടി കടന്നുപോയി. ജെസ്സിയിൽ നിന്നും ആനിയും സാമുവലും മെൽവിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ക്രിസ്റ്റി മാത്രം അവനിലേക്ക് മാത്രമൊതുങ്ങി മമാറുന്നത് ജെസ്സിയറിഞ്ഞു.

മുൻപ് അവന്റെയവഗണന വല്ലാത്തൊരാശ്വാസമായിരുന്നുവെങ്കിൽ ഇന്നത് തന്നെ ശ്വാസം മുട്ടിക്കുകയാണെന്ന് ജെസ്സി വേദനയോടെ തിരിച്ചറിഞ്ഞു. അവളങ്ങോട്ട് കയറി അവനോടിടപഴകാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ക്രിസ്റ്റിയവളിൽ നിന്നും തീർത്തും ഒഴിഞ്ഞുമാറിപ്പോവുകയായിരുന്നു അപ്പോഴൊക്കെ. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ” ഞാൻ…. ഞാനെന്റെ വീട്ടിൽ പോവാ….” ദിവസങ്ങൾക്ക് കഴിയും തോറും ക്രിസ്റ്റിയിലെ അവഗണയേറി വന്നപ്പോഴായിരുന്നു ഒരുദിവസം രാവിലെ അവനെങ്ങോട്ടൊ പോകാനിറങ്ങുമ്പോൾ ജെസ്സിയത് പറഞ്ഞത്. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകിക്കൊണ്ട് നിൽക്കുകയായിരുന്ന ക്രിസ്റ്റിയൊന്നും മിണ്ടിയില്ലെങ്കിലും അവന്റെ കൈകളൊരു നിമിഷം നിശ്ചലമായി നിന്നു. ജെസ്സിയതൊന്നും ശ്രദ്ധിക്കാതെ കബോർഡിൽ നിന്നുമൊരു ബാഗെടുത്ത് അതിലേക്കവളുടെ ഡ്രസ്സൊക്കെ അടുക്കി വച്ചു.

എല്ലാം കണ്ടെങ്കിലും അവളെയൊന്ന് തടയുക പോലും ചെയ്യാൻ കഴിയാതെ എല്ലാം കണ്ടൊരു ശില പോലെ നിൽക്കുകയായിരുന്നു ക്രിസ്റ്റി. ” തെറ്റിദ്ധരിച്ചു എന്നത് ശരിയാണ്…. പക്ഷേ അത്….. അതിലെനിക്കിപ്പോഴുമൊരു തെറ്റ് തോന്നുന്നില്ല. കാരണം ഹൃദയം പറിച്ചുസ്നേഹിച്ചയാൾ മറ്റൊരാൾക്ക്‌ സ്വന്തമാണെന്ന് തോന്നിയപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല. ആ വേദനയേ മറയ്ക്കാൻ വെറുപ്പ് നടിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളു….. പക്ഷേ പരസ്പരമെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. എന്റെ കയ്യിൽ നിന്നും വീണുടഞ്ഞെന്ന് ഞാൻ കരുതിയ ജീവിതം തിരികെകിട്ടിയെന്ന് ഞാൻ വല്ലാതെ മോഹിച്ചു….. പക്ഷേ….. ഇനി കൂടുതലൊന്നും പറയുന്നില്ല ഞാൻ പൊക്കോളാം. ഞാനുള്ളത് കൊണ്ട് ഇവിടുന്നാഹാരം കഴിക്കാതെയും നേരത്തിന് വീട്ടിൽ വരാതെയുമൊന്നുമിരിക്കണ്ട ഇനി…. പോവാ…..

ഈ മിന്ന് ഞാൻ തിരിച്ചുതരുന്നില്ല. എങ്കിലുമൊരു ബാധ്യതയാവില്ല. ഒരു മ്യുച്ചൽ ഡിവോഴ്സിന് ഞാനൊരുക്കമാണ്. ” പറഞ്ഞിട്ട് നിറഞ്ഞുവന്ന മിഴികൾ സാരിയിലൊപ്പി ബാഗുമെടുത്തുകൊണ്ട് അവൾ വേഗത്തിൽ പുറത്തേക്ക് പോയി. അവളുടെയാ വാക്കുകളിൽ തന്നെ കുരുങ്ങിക്കിടക്കുകയായിരുന്നു ക്രിസ്റ്റിയപ്പോഴും. ശരിയല്ലേ ശരിയല്ലേ ഒരിക്കലെങ്കിലും അവളുടെ ഭാഗത്ത്‌ നിന്നുമൊന്ന് ചിന്തിച്ചിരുന്നോ താൻ ??? സ്വയം ചോദിച്ചുകൊണ്ട് അവൻ ബെഡിലേക്ക് ഇരുന്നു. ഈ സമയം പുറത്തേക്ക് പോയ ജെസ്സി സ്റ്റെയർ കേസിന് മുകളിൽ എത്തിയപ്പോഴാണ് കണ്ണുകളിലാകെ ഇരുട്ട് പരക്കുന്നത് പോലെ തോന്നിയത്. ഭൂമി തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നിയ അവളുടെ കയ്യിൽ നിന്നും ബാഗ് നിലത്തേക്ക് വീണു. ആ ശബ്ദം കേട്ടാണ് താഴെ ഹാളിൽ ഇരിക്കുകയായിരുന്ന സാമൂവലും ആനിയുമങ്ങോട്ട് നോക്കിയത്. അപ്പോഴേക്കും ശരീരത്തിന്റെ ബലം പൂർണമായും നഷ്ടമായ ജെസ്സിയൊന്നുലഞ്ഞ് മുന്നോട്ടാഞ്ഞ് വീണു. ” മോളേ……. ”

ആനിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് മുറിയിൽ നിന്നും കാറ്റിന്റെ വേഗത്തിൽ ക്രിസ്റ്റി പുറത്തേക്ക് വന്നത്. അവൻ വരുമ്പോൾ താഴെ വീണ് ബോധം പോയിക്കിടക്കുന്ന ജെസ്സിയേയാണ് കണ്ടത്. അവളുടെ മുടിയിഴകൾ കൊഴുത്ത രക്തത്തിൽ കുതിർന്നിരുന്നു. ” ജെസ്സി….. ” വിളിച്ചുകൊണ്ട് എങ്ങനെയാ താഴെയെത്തിയതെന്ന് അവന് പോലുമറിയില്ലായിരുന്നു. വന്നവരവിൽ അവളുടെ അരികിലേക്ക് മുട്ടുകുത്തിയിരുന്നുകൊണ്ട് അവനവളെ വാരിയെടുത്ത് മാറിൽ ചേർത്തു. ” ജെസ്സി…. മോളെ…. കണ്ണ് തുറക്കെടി…. നീ…. നീയും കൂടെന്നെ വിട്ട് പോകല്ലേഡീ…. ” അവളെ നെഞ്ചോട് ചേർത്ത് കവിളിൽ തട്ടി വിളിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ” മാതാവേ എന്റെ കുഞ്ഞ്….. മോനെ ചോര നിക്കുന്നില്ലല്ലോ വേഗം ആശുപത്രിലോട്ട് കൊണ്ടുപോകാം…. ” കണ്ണീരോടെ ആനി പറഞ്ഞതും ക്രിസ്റ്റിയവളേയും കോരിയെടുത്തുകൊണ്ട് പുറത്തേക്ക് പാഞ്ഞിരുന്നു. 💥💥💥💥

” ഈ കുട്ടി ആഹാരം കഴിച്ചിട്ട് രണ്ട് ദിവസത്തിൽ മേലായി പിന്നെങ്ങനെ മയങ്ങി വീഴാതിരിക്കും ??? ” ഹോസ്പിറ്റലിലെത്തി അവളെ പരിശോധിച്ച് തലയിലെ മുറിവും ഡ്രസ്സ്‌ ചെയ്തിട്ട് പുറത്തേക്ക് വന്ന ഡോക്ടർ പറഞ്ഞത് കേട്ട് ക്രിസ്റ്റിയുൾപ്പെടെ എല്ലാവരും അന്തം വിട്ട് നിൽക്കുകയായിരുന്നു. ” എന്താ എന്തെങ്കിലും ഫാമിലി ഇഷ്യു ഉണ്ടോ ??? ” ” ഏ… ഏയ്‌ അങ്ങനെ….അങ്ങനൊന്നുമില്ല ഡോക്ടർ….. ഇനി ഞാൻ ശ്രദ്ധിച്ചോളാം….” ഡോക്ടറുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ക്രിസ്റ്റിയുടെ സ്വരമൊന്ന് ഇടറിയിരുന്നു. ” മ്മ്ഹ്ഹ്….. ഡ്രിപ്പ് കൊടുത്തിട്ടുണ്ട് അത് കഴിയുമ്പോൾ എന്തെങ്കിലും കഴിക്കാൻ കൊടുക്കണം… ” അദ്ദേഹം പറഞ്ഞത് കേട്ട് ക്രിസ്റ്റി വീണ്ടും തല കുലുക്കി. കയ്യിലൊരു നൊമ്പരം തോന്നിയപ്പോഴാണ് ജെസ്സി കണ്ണുകൾ വലിച്ചുതുറന്നത്. തലക്കപ്പോഴും വല്ലാത്തൊരു ഭാരമായിരുന്നെങ്കിലും അവൾ കണ്ണുമിഴിച്ച് ആ മുറിയാകെ നോക്കി. ” ഇനി ആഹാരം കൊടുക്ക്….

എന്നിട്ട് മരുന്ന് കൊണ്ടുവരാം….. ” അവളുടെ കയ്യിലെ നീഡിലൂരി ക്രിസ്റ്റിയോടായി പറഞ്ഞിട്ട് സിസ്റ്റർ പുറത്തേക്ക് പോയി. അപ്പോൾ മാത്രമാണ് താൻ ഹോസ്പിറ്റലിലാണെന്നും അരികിൽ ക്രിസ്റ്റിയുണ്ടെന്നും അവളറിഞ്ഞത്. അവനെ കണ്ടതും അവളാമുഖത്തേക്ക് തന്നെ നോക്കിക്കിടന്നു. ക്രിസ്റ്റി പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ ടേബളിൽ നിന്നും എന്തൊക്കെയോ എടുക്കുകയായിരുന്നു. ” പട്ടിണി സമരം കഴിഞ്ഞെങ്കിൽ ഈ കഞ്ഞിയൊന്ന് കുടിച്ചാൽ ഉപകാരമായിരുന്നു. ” പ്ളേറ്റിൽ കഞ്ഞി കൊണ്ടുവന്ന് ബെഡിനരികിലെ സ്റ്റൂളിലേക്ക് വച്ചുകൊണ്ട് അവൻ പറഞ്ഞതും ജെസ്സി മുഖം മാറ്റിക്കളഞ്ഞു. ക്രിസ്റ്റി പതിയെ വന്ന് അവളെ പിടിച്ചെണീപ്പിച്ച് തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. എന്നിട്ട് സ്പൂണിൽ കഞ്ഞി കോരി അവളുടെ വായ്ക്ക് നേരെ കൊണ്ടുവന്നു.

ജെസ്സി പക്ഷേ വായ തുറക്കാതെ പതിയെ കഴുത്ത് തിരിച്ചവനെ നോക്കി. ആ കണ്ണുകളിൽ ഉറവ പൊട്ടിയിരുന്നു അപ്പോൾ. ” ഇരുന്നുമോങ്ങാതെ കഞ്ഞി കുടിയെടി ഒന്നരകാലന്റെ മോളേ…. ” ഒരു കുസൃതിച്ചിരിയോടെ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞതും അവളുടെ കൈ മുട്ട് അവന്റെ അടിവയറിലമർന്നിരുന്നു. ” പോടാ കള്ളനസ്രാണി…. ” കണ്ണീരിന്നിടയിലും പുഞ്ചിരിച്ചുകൊണ്ട് അവൾ വിളിച്ചു. ” ഹോ രണ്ടു ദിവസം പട്ടിണി കിടന്നാലെന്നാ ഇടിക്കൊക്കെ നല്ല പവറാ…. ” കഞ്ഞി കോരിക്കൊടുത്തുകൊണ്ട് അവൻ പറഞ്ഞത് കേട്ട് അവളും തെളിമയോടെ പുഞ്ചിരിച്ചു. ഇത് കണ്ടുകൊണ്ടാണ് ആനി അകത്തേക്ക് വന്നത്. അവിടുത്തെ ആ രംഗം കണ്ടതും മനസ്സ് നിറഞ്ഞ ചിരിയോടെ അവരുടെ ലോകത്തേക്ക് എത്തി നോക്കാൻ നിൽക്കാതെ അവർ പതിയെ പുറത്തേക്ക് തന്നെയിറങ്ങി. വൈകുന്നേരത്തോടെ ജെസ്സിയേ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ആഹാരവും മരുന്നുമൊക്കെ കഴിച്ചപ്പോൾ അവളുഷാറായെങ്കിലും ക്രിസ്റ്റിയവളുടെ ചുറ്റും തന്നെയുണ്ടായിരുന്നു.

ദിവസങ്ങൾ വീണ്ടുമോടി മറയുന്നതിനിടയിൽ പരസ്പരം മൂടിവച്ചിരുന്ന സ്നേഹമൊക്കെയും തന്റെ പാതിയിലേക്ക് മത്സരിച്ചു പകർന്നു നൽകിക്കോണ്ടിരിക്കുകയായിരുന്നു കൊണ്ടിരിക്കുകയായിരുന്നു അവരിരുവരും. ഇതിനിടയിലെപ്പോഴോ അവർക്കിടയിലുണ്ടായിരുന്ന എല്ലാ തടസ്സങ്ങളെയും ഭേദിച്ചുകൊണ്ട് ജെസ്സി എല്ലാ അർഥത്തിലും ക്രിസ്റ്റിയുടേത് മാത്രമായിക്കഴിഞ്ഞിരുന്നു. അവരിലെ ആ മാറ്റം അവരിലും സന്തോഷിപ്പിച്ചത് ആനിയേയും സാമുവലിനെയുമായിരുന്നു. ” ഇച്ചായാ…… ” ” മ്മ്ഹ്ഹ്….. ” ഇണചേർന്ന് തളർന്ന നാഗങ്ങളെപ്പോലെ വിയർത്തുകുളിച്ച അവന്റെ നെഞ്ചിൽ തല ചെയ്ച് കിടക്കുമ്പോൾ ആ നെഞ്ചിൽ പതിയെ ചുംബിച്ചുകൊണ്ട് ജെസ്സി വിളിച്ചപ്പോൾ അവളിൽ വീണ്ടുമെന്തോ തിരിഞ്ഞുകൊണ്ടിരുന്ന ക്രിസ്റ്റി പതിയെ മൂളി. ”

എന്നാത്തിനാ ഇച്ചായാ പപ്പയോടും മമ്മിയോടുമീ ദേഷ്യം ??? ” പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ടതും അവളിലെ ഉയർച്ച താഴ്ചകളിലൂടൊഴുകിയിരുന്ന ക്രിസ്റ്റിയുടെ കൈകൾ നിശ്ചലമായി. ” അയാളെന്റെ പപ്പായല്ല……” ഒരുനിമിഷത്തേ മൗനത്തിന് ശേഷമായിരുന്നു എടുത്തടിച്ചത് പോലെ ക്രിസ്റ്റിയിൽ നിന്നും മറുപടി വന്നത്….തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കള്ളനസ്രാണി : ഭാഗം 7

Share this story