മധുരനൊമ്പരക്കാറ്റ്: ഭാഗം 5

മധുരനൊമ്പരക്കാറ്റ്: ഭാഗം 5

എഴുത്തുകാരി: പത്മപ്രിയ

ഡീ…. വീണ്ടും ഒളിച്ചോടാൻ പ്ലാൻ ചെയ്യുവാണോ?? ആരുടെയോ ഈ ചോദ്യമാണ് ഭൂതകാല ഓർമ്മകളിൽ നിന്നു വീണ്ടും തിരികെ കൊണ്ടുവന്നത്…. കണ്ണുകൾ തുടച്ച് ഞെട്ടി തിരിഞ്ഞു നോക്കിയതും കണ്ടു എളിക്കു കൈകുത്തി കൂർപ്പിച്ചു നോക്കി വാതിലിനടുത്തായി നിൽക്കുന്ന രമ്യയെ…. അവളുടെ ചോദ്യം വകവെയ്ക്കാതെ അവൾ ഇത്രയും കാലം കൂടി തന്നോട് സംസാരിച്ചു എന്ന സന്തോഷത്തിൽ പടവുകൾ ഓടി കേറി അവളെ വട്ടം കെട്ടിപിടിച്ചു…. പുറത്തിനിട്ട് അടിച്ചും, പിച്ചിയും, മാന്തിയും അവൾ പരമാവധി പ്രതിഷേധം അറിയിച്ചുകൊണ്ടിരുന്നെങ്കിലും പതുക്കെ പതുകെ എതിർപ്പ് കുറയുന്നതും ഒരു പൊട്ടികരച്ചിലോടെ തിരിച്ചു വട്ടം കെട്ടിപിടിക്കുന്നതും കണ്ണുകളിൽ നീർമുത്തുകളോടെ, ചുണ്ടിൽ ചിരിയോടെ മീനു അറിയുന്നുണ്ടായിരുന്നു…..

രണ്ടു പേരും മതിവരുവോളം കരഞ്ഞു തീർത്തു…. ഒന്ന് ശാന്തമായതും കുളത്തിലിറങ്ങി മുഖം കഴുകി പടവിലേക്ക് ഇരുന്നു…. ദേഷ്യം ആയിരുന്നില്ല പെണ്ണെ നിന്നോട്… പരിഭവം ആയിരുന്നു.. പറയാതെ പോയതിൽ പിണക്കമായിരുന്നു…. കൂടെ നടന്നിട്ടും ഒന്നും എന്നോട് നീ പറഞ്ഞില്ലല്ലോ…. പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും രമ്യയുടെ ശബ്ദം ഇടറിയിരുന്നു…. മനപ്പൂർവം അല്ല ടാ… നീയും എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മ ആയി കണ്ടു പിന്തിരിപ്പിക്കാൻ ശ്രമിക്കുവോ എന്ന് പേടിചാ ഞാൻ…. പറഞ്ഞത് പകുതിയിൽ നിർത്തി അവളെ നോക്കി… എന്നെക്കുറിച്ചു നീ അങ്ങനാ ലെ കരുതിയിരിക്കണേ….. അതൊക്കെ പോട്ടെ നീ പറ… ഇവിടുത്തെ വിശേഷം… കുട്ടികുറുമ്പിയെ പറ്റി… സോറി ടി നിന്റെ കല്യാണത്തിനും ഞാൻ വന്നില്ലല്ലോ…. ഉവ്വ.. എന്നെകൊണ്ട് വെറുതെ പറയിപ്പിക്കല്ലേ പെണ്ണെ…. വിവരം നിന്നെ ഒന്ന് അറിയിക്കാൻ ഞങ്ങളെല്ലാരും പെട്ട പാട്….

നിനക്കൊന്നു വിളിക്കുവേലും ചെയ്‌യായിരുന്നില്ലേ ടി….. എന്തോരം വിഷമിച്ചുന്നറിയോ ഞങ്ങൾ….. അറിയാം…. എല്ലാം നിക്ക് അറിയാം… എല്ലാരേം വിഷമിപ്പിച്ചല്ലേ അന്നിവിടുന്ന് പടിയിറങ്ങിയേ…. അന്നത് എനിക്ക് വളരെ അത്യാവശ്യം ആയിരുന്നു ടി…. എന്റെ അന്നത്തെ അവസ്ഥ… വീണ്ടും പറഞ്ഞത് മുഴുവനാക്കാൻ സാധിക്കാതെ തൊണ്ടകുഴിയിൽ വന്നു തട്ടി നിന്നു ഗദ്ഗദം….നിറഞ്ഞു വന്ന കണ്ണുകൾ അവളിൽ നിന്നും മറച്ചു കുളത്തിലെ ആമ്പലുകളിൽ ദൃഷ്ടി പതിപ്പിച്ചു.. അവളുടെ മനസ്സറിഞ്ഞവണ്ണം രമ്യ അവളുടെ കൈകൾ മുറുക്കെ പിടിച്ചു…. മ്മ് അത്‌ ഒക്കെ വിട്… ഇനി അതിനെ പറ്റി എനിക്കൊന്നും അറിയണ്ട… നമുക്കത് സംസാരിക്കേണ്ട…. മ്മ്ഹ്ഹ് ശെരി….വിട്…. കുട്ടികുറുമ്പി ആമി മോള്… ഇപ്പോൾ 4 വയസ്സാകുന്നു… പുള്ളിക്കാരൻ ദോഹയിലാ…. ഞാനും മോളും പുള്ളികാരന്റെ വീട്ടിലാണ് ഇപ്പോൾ നീ വരുന്നത് പ്രമാണിച്ചു ഇവിടേക്ക് വന്നിട്ട് ഒരാഴ്ചയായി….

നീ പറ… എവിടെയായിരുന്നു ടി ഇത്രയും കാലം…. ചെറിയച്ഛൻ പോയ ശേഷം എങ്കിലും നീ തിരിച്ചുവരുമെന്ന് ഞങ്ങളെല്ലാം വിചാരിച്ചു…. പക്ഷെ അപ്പോഴും നീ… എല്ലാം മറക്കാൻ സമയം വേണമെന്ന് തോന്നി… ഇവിടുന്ന് പോയെങ്കിലും എന്നെ പഴയ ഞാൻ ആക്കാൻ എനിക്ക് സമയം വേണ്ടിവന്നു…. അന്ന് ഞാൻ അത്‌ ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ ഇരുമ്പ് ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നേനെ രമ്യേ… അത്രമേൽ…. അത്രമേൽ എന്നെ അത്‌….. കണ്ണുകൾ വീണ്ടും പഴയ ഓർമയാൽ നീർകെട്ടി കാഴ്ചയെ മറച്ചു തുടങ്ങി…. ഇനി ഓർത്ത് കരയില്ല ദുഖിക്കില്ല എന്നു നിനച്ച ഓർമ്മകൾ വീണ്ടും വാശിയോട് തന്നെ തോൽപിക്കാനായി കടന്നു വരുമ്പോൾ തോൽക്കാൻ നിന്നുകൊടുക്കുവാൻ തയ്യാറാകാതെ അതേ വാശിയോട് കണ്ണുകൾ തുടച്ചു നീക്കി….. അന്ന് ഇവിടുന്ന് നേരെ ബാംഗ്ലൂർക്ക് ആണ് പോയത് ….

നിനക്കറിയോ രമ്യേ എനിക്ക് ബാംഗ്ലൂരോ കൽക്കട്ടയിലോ അങ്ങനെ വല്യ സുഹൃത്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല…. ഉണ്ടായിരുന്ന ചുരുക്കും ചില വിരലിൽ എണ്ണാവുന്നവർ മാത്രം അതും അന്യ നാട്ടുകാർ… നമ്മുടെ നാടും, സംസ്കാരവും, ഇവിടുത്തെ മനുഷ്യരും ഒക്കെയായി ഞാൻ ഇടപഴകിയിട്ടും ഉണ്ടായിരുന്നില്ല പണ്ട് ഇവിടെ വരും വരെ…. ഇവിടെ വന്നതിനു ശേഷമാണു കുടുംബം എന്താണെന്നും കുടുംബബന്ധങ്ങൾ എന്താണെന്നുമെല്ലാം എനിക്ക് മനസിലായത്….ഇന്നോളം അച്ഛന്റെ സ്നേഹം മാത്രം അനുഭവിച്ചു വളർന്ന എനിക്ക് നിങ്ങളുടെ സ്നേഹലാളനകൾ എല്ലാം പുതുമയുള്ള ഒരനുഭവം ആയിരുന്നു…. ഞാൻ വർഷങ്ങൾക്കിപ്പുറം ഇങ്ങനെ സ്നേഹിക്കപ്പെടുന്നത് ഇതാദ്യമായായിരുന്നു….. കുഞ്ഞിലേ തൊട്ട് അച്ഛൻ ഹോസ്പിറ്റലിൽ പോകുമ്പോൾ ഫ്ലാറ്റിൽ പലപ്പോഴും ഒറ്റക്കിരുന്നിട്ടുണ്ട്…. അപ്പോഴൊന്നും ഭയാനകം ആയി തോന്നാത്ത ഒരുതരം ഒറ്റപ്പെടൽ ഇവിടുന്ന് തിരിച്ചു ചെന്ന അന്ന് തൊട്ട് വിടാതെ വേട്ടയാടാൻ തുടങ്ങി…..

ഒറ്റപ്പെടൽ…. ഭീകരമായൊരു അവസ്ഥ തന്നെയാണ്….. ഒരിക്കൽ…. ഒരിക്കൽ അത്‌ തങ്ങാൻ വയ്യാതെ തൊണ്ടപൊട്ടി ആർത്തു വിളിച്ചു കരഞ്ഞു…. അതോടെ അച്ഛന് എന്നെ തനിച്ചിരുത്താൻ പേടിയായി…. ഹോസ്പിറ്റലിൽ നിന്ന് മാറി നിൽക്കാൻ പറ്റാത്ത അവസരങ്ങളിൽ എന്നെയും കൂടെ കൂട്ടാൻ തുടങ്ങി…. പക്ഷെ പിന്നീട് ഞാൻ തന്നെ തീരുമാനമെടുത്തു…. മാറണം.. പഴയ മീനു ആയി തിരികെ വരണം…. എന്റെ അച്ഛനുവേണ്ടി എങ്കിലും… എനിക്ക് ഈ ലോകത്ത് ആകെയുള്ള… എന്റേതെന്നു അവകാശപെടാൻ ഉള്ള ഏക സ്വത്ത്‌…. അതിനാൽ അച്ഛനോട് പറഞ്ഞു PG-ക്ക് അഡ്മിഷൻ ശെരിയാക്കി….. അധികം വൈകാതെ അവിടുന്ന് ഡൽഹിക്ക്‌….ഒരു മാറ്റം വളരെ അനിവാര്യമായി തോന്നി… ആ രണ്ട് വർഷം കൊണ്ട് വല്യ മാറ്റം ഒന്നും സംഭവിച്ചില്ലെങ്കിലും സഹനശക്തി ഉണ്ടാക്കിയെടുത്തു…

നോവിക്കുന്ന ഓർമകൾക്ക് തടയിട്ട് സ്വയം ആശ്വസിപ്പിച്ചു…. അച്ഛന് വേണ്ടി… അച്ഛന് വേണ്ടി മാത്രം… അല്ലെങ്കിൽ അച്ഛന്റെ മുന്നിലെങ്കിലും പിടിച്ചുനിൽക്കാൻ…. ഞാൻ ഡൽഹിയിൽ ഉള്ളപ്പോഴാണ് മുത്തശ്ശിക്ക് സുഖം ഇല്ലെന്ന് അച്ഛൻ പറയുന്നത്… എന്നോട് അന്ന് കൂടെവരാൻ ഒരുപാട് ആവശ്യപ്പെട്ടതാണ്…. പക്ഷെ…. പക്ഷെ പറ്റണില്ലായിരുന്നു…. സംഭരിച്ചു വെച്ച ധൈര്യം മുഴുവൻ ചോർന്നു പോവോന്നു പേടിയായി…. വീണ്ടും തോറ്റുപോവോന്നു തോന്നി… അല്ലെങ്കിലും പിന്നീട് ഒരിക്കലും അച്ഛന്റെയടുത് നാടിനെയും വീടിനെയും പറ്റി സംസാരത്തിനു നിന്നിട്ടില്ല ഞാൻ… പറയാൻ വന്നാലും മനഃപൂർവം കേൾക്കാതെ ഇരിക്കാൻ ശ്രമിക്കും…. വീണ്ടും…. പഴയതൊന്നും ഓർക്കാതിരിക്കാൻ… വീണ്ടുമൊരു തകർച്ചയിലേക്ക് വീണുപോവാതിരിക്കാൻ…… ശബ്ദം ഇടറിപ്പോയിരുന്നു രമ്യയോട് അത്രേം പറഞ്ഞവസാനിപ്പിച്ചപ്പോൾ…

ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ കൈകൾ തലയിൽ തലോടിപോയികൊണ്ടിരുന്നു…. മ്മ്… സാരമില്ല…. നിന്നെ കുറ്റം പറഞ്ഞതല്ല ടി…. സങ്കടം കൊണ്ട് പറഞ്ഞു പോയതാ…. എന്റെ കല്യാണത്തിനെങ്കിലും നീ വരുമെന്ന് അവസാനം വരെയും പ്രതീക്ഷിച്ചു… മുത്തശ്ശിയുടെ മരണം അറിഞ്ഞപ്പോഴും… വരണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുനെങ്കിലും… പൂർണമായും ആ തീരുമാനത്തോട് ഒത്തുപോകാൻ മനസ്സ് അനുവദിച്ചില്ല…. എന്റെ അവസ്ഥ മനസിലാക്കിയപ്പോൾ അച്ഛനും കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല…. അച്ഛൻ…. വല്ലാത്തൊരു ശക്തി തന്നെയാണ്….. അച്ഛൻ കൂടെയുണ്ടായിരുന്നപ്പോൾ വല്ലാത്തൊരു ധൈര്യം ഉണ്ടായിരുന്നു…. പക്ഷെ…. അച്ഛനും എന്നെ തനിച്ചാക്കി ഇത്രവേഗം മടങ്ങുമെന്ന് അറിഞ്ഞിരുന്നില്ല ഞാൻ….

വർഷങ്ങൾക്കിപ്പുറം ഇവിടേക്ക് ഇങ്ങനൊരു തിരിച്ചു വരവുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഞാൻ…. എല്ലാരേയും ഒരുപാട് വിഷമിപ്പിച്ചു എന്നറിയാം…. എന്നോട് ക്ഷമിക്കുമോ ടി? രണ്ടു കയ്യും ചെവിയിൽ പിടിച്ചു മുഖം ചുളുക്കി അപേക്ഷപോൽ മീനു രമ്യയെ നോക്കി ചോദിച്ചു…. അതിനുത്തരമായി മനോഹരമായൊരു പുഞ്ചിരി ചൊടികളിൽ വിരിയിച്ചു രമ്യ അവളെ ചേർത്തു പിടിച്ചു പടവിൽ ഇരുന്നു…. 6 വർഷത്തെ കഥകളും വിശേഷങ്ങളും പങ്കുവെച്ച്…. വർഷങ്ങൾക്കിപ്പുറം പഴയ കൂട്ടുകാരുടെ ഒത്തുചേരൽ…. 🍂 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു തീർത്തു തെളിഞ്ഞ മനസോടെ ഇരുവരും അമ്പലപ്പാട്ട് ചെന്ന് കേറി… പഴയ മീനുട്ടിയും രമ്യയുമായി…. കണ്ടുനിന്ന പല ജോഡി കണ്ണുകളിലും സന്തോഷത്തിന്റെ നീർതിളക്കം കണ്ടിരുന്നു….

വർഷങ്ങൾക്കിപ്പുറം പഴയ കളിചിരികൾ അമ്പലപ്പാട്ടെ ചുവരിനുള്ളിൽ പ്രതിധ്വനിച്ചു… കുഞ്ഞിപ്പെണ്ണുമായി കൂട്ടാവാനും അധികനേരം വേണ്ടിവന്നില്ല… അവളുടെ കൊഞ്ചി കൊഞ്ചിയുള്ള “ചെമ്മേ… ചെമ്മേ” എന്ന വിളിയിൽ മറ്റെല്ലാം മറന്ന് അവളുടെ ഒപ്പം കുറുമ്പ് കാട്ടി ആ പഴയ മീനുവായി മാറുകയായിരുന്നു…. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 വൈകിട്ട് തൃക്കാർത്തികയോട് അനുബന്ധിച്ചു അമ്പലത്തിൽ പോണം എന്ന് വല്യമ്മ പറഞ്ഞതനുസരിച്ചു രമ്യക്കും കുഞ്ഞിപ്പെണ്ണിനുമൊപ്പം ഒരുങ്ങി ഇറങ്ങി… വല്യമ്മയുടെ ആഗ്രഹപ്രകാരം പച്ച കരയുള്ള സെറ്റും മുണ്ടും ഉടുത്ത് മുടി മെടഞ്ഞിട്ടു,കാതിൽ രമ്യ തന്ന കുഞ്ഞി കമ്മലും കയ്യിൽ വല്യമ്മ തന്ന ഒരു ചെറിയ വളയും അണിഞ്ഞു കണ്ണെഴുതി പൊട്ടുംതൊട്ടു…. ഒരുങ്ങി വന്ന എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ നനുത്ത മുത്തം നൽകുന്ന വല്യമ്മയെ കുഞ്ഞി കണ്ണുകൾ ഉരുട്ടി പേടിപ്പിച്ചു

“ഇതെന്തെ ചെമ്മയാ” എന്ന് അധികാരത്തോടെ പറഞ്ഞു കുഞ്ഞിപ്പെണ്ണ്…. നിറഞ്ഞ സന്തോഷത്തോടെ അവളെ വാരിയെടുത്തതും അവളുടെ വകയും കിട്ടി കവിളിൽ ഒരു സ്നേഹചുംബനം…. അവളുടെ “ചേമ്മ ” ക്ക് കുഞ്ഞിപ്പെണ്ണിന്റെ വക സ്നേഹം നിറഞ്ഞ ആദ്യത്തെ ചുംബനം….. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അമ്പലത്തിൽ കുഞ്ഞിപ്പെണ്ണിനൊപ്പം വലം വെച്ച് വരുമ്പോൾ ആണ് ആ കാഴ്ച കണ്ടത്… നടയിൽ കണ്ണുകൾ അടച്ചു തൊഴുതു നിൽക്കുന്നയാളെ കണ്ടതും കാലുകൾ നിശ്ചലമായി…. ശ്വാസം വിലങ്ങുന്നപോലെ തോന്നി…. എന്നും ഉള്ളം പൊള്ളിക്കുന്ന ഓർമ്മകളിൽ മിന്നിമായുന്ന മുഖം…. “വേണി….” പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു…. കണ്ണുകൾ അവളുടെ ചുവന്നുകിടക്കുന്ന സീമന്ദരേഖയിൽ നിന്നും താഴേക്ക് സഞ്ചരിച്ചു നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ആലിലത്താലിയിലേക്കും ഒടുവിൽ ചെറുതായി വീർത്തുനിൽക്കുന്ന വയറിലേക്കും ചെന്നെത്തിയപ്പോഴേക്കും നീർമുത്തുകൾ ഉരുണ്ടു കൂടിത്തുടങ്ങിയിരുന്നു ….

അവളുടെ അടുത്തായി തൊഴുതു നിൽക്കുന്നു വസുന്ധരാമ്മ… പ്രായത്തിന്റെതായ മാറ്റങ്ങൾ ഇരുവരിലും കാണാനുണ്ട്… അപ്പോഴേക്കും കയ്യിൽ പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് “മണിക്കുട്ടി…” എന്നും വിളിച്ചുകൊണ്ടു അവർ നിൽക്കുന്നിടത്തേക്ക് കൈ വിടുവിച്ചു ഓടിയിരുന്നു…. അവളുടെ സഞ്ചാരപാത പിന്തുടർന്ന എന്റെ കണ്ണുകൾ എത്തിയത് ഏകദേശം ആമിയുടെ അതേ പ്രായം വരുന്ന ഒരു പെൺകുട്ടിയെ കയ്യിൽ എടുത്തു വേണിയുടെ അടുത്തേക്ക് നടന്നു വരുന്നയാളിലാണ്…. “സിദ്ധുവേട്ടൻ…..” ഹൃദയം വീണ്ടും ക്രമം തെറ്റി മിടിച്ചു തുടങ്ങിയിരുന്നു…. കണ്ണുകൾ കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്തപോൽ ആ മുഖം ആകെ ഓടി നടന്നു….. ആൾ ആകെ മാറിയിരിക്കുന്നു…. പ്രായം എറിയിരിക്കുന്നു…. മുഖവും ശരീരവും അന്നുള്ളതിനേക്കാൾ വണ്ണം വെച്ചിട്ടുണ്ട്….

കണ്ണുകളിൽ പതിവ് തിളക്കം കാണാനില്ല….പക്ഷെ മുഖത്ത് കുറച്ച് കൂടി ഗൗരവവും പക്വതയും വന്നിരിക്കുന്നു…. പഴയ മാഷിൽ നിന്നും തികച്ചും വ്യത്യസ്തം…. ഇത്രയും നാൾ സംഭരിച്ചു വെച്ച ധൈര്യം ഞൊടിയിടയിൽ ചോർന്നുപോകുന്നതായി തോന്നിപോയി…. ശരീരത്തിന് തളർച്ച ബാധിക്കുന്നപോലെ തോന്നി…. ഒരാശ്രയത്തിനായി രമ്യയെ ചുറ്റും തേടി…. വേണിയുടെ അടുക്കൽ ചിരിയോടെ നിന്നു സംസാരിക്കുന്ന സിദ്ധുവിനെ കാൺകെ വിങ്ങി വരുന്നു നെഞ്ചകം വീണ്ടും…. തേങ്ങൽ തൊണ്ടക്കുഴിയിൽ കുരുങ്ങി നിൽക്കുന്നു…. അമ്പലത്തിലെ ആൾക്കൂട്ടത്തിൽ കൂട്ടം തെറ്റിയ കുട്ടിയെ പോലെ.. ഒറ്റക്കായ പോലെ തോന്നി അവൾക്…. ഇനിയൊരിക്കലും ഒരു കൂടിക്കാഴ്ച ഉണ്ടാവില്ല എന്ന് നിശ്ചയിച്ചിരുന്നതാണ്….

ഇനിയും അവർക്കിടയിൽ താൻ ഒരിക്കലും കടന്നു ചെല്ലില്ല എന്ന് തീരുമാനിച്ചിരുന്നതാണ്…. അറിയാതെ ചെയ്തു പോയ തെറ്റിനു മനസുകൊണ്ട് ആയിരം വട്ടം മാപ്പ് പറഞ്ഞിട്ടുണ്ട് വേണിയോടും മാഷിനോടും… മാഷ്….. വെറുക്കനായില്ല….. ഒരിക്കൽ പോലും വെറുത്തിട്ടില്ല…. എല്ലാ പ്രാർത്ഥനയിലും മൗനമായി നല്ലത് മാത്രം നേർന്നിരുന്നു…. ഇനിയൊരിക്കലും ഒരു കരിനിഴലായി അവരുടെ ജീവിതത്തിൽ പതിക്കില്ല എന്ന് ഉറപ്പിച്ചിരുന്നു….. വെറും പ്രണയം ആയിരുന്നില്ല…. ആരാധന ആയിരുന്നു…. എല്ലാരുടേം പ്രിയപെട്ടവനോട്…. ബഹുമാനം ആയിരുന്നു….. വെറും പ്രണയം എന്ന ഒറ്റവാക്കിൽ തളച്ചിടാൻ ഉള്ള വികാരം ആയിരുന്നില്ല തനിക്കവനോട്….. പ്രാണൻ ആയിരുന്നു….. അവർ കാണാതെ പതിയെ പിൻതിരിഞ്ഞു നടക്കാൻ ഒരുങ്ങവേ ആമിയുടെ “ചെമ്മേ…”

എന്ന് ഉച്ചത്തിൽ വിളി വന്നിരുന്നു…. ആ ഒരു വിളിയിൽ വേണിയുടേം സിദ്ധുവിന്റേം കണ്ണുകൾ ഒരേപോലെ അവളിൽ പതിഞ്ഞിരുന്നു….. വേണിയുടെ മുഖം തന്നെ കണ്ട സന്തോഷത്തിൽ വിടർന്നുവെങ്കിൽ സിദ്ധുവിന്റെ മുഖത്ത് അവളെ കണ്ട ആശ്ചര്യമായിരുന്നു…. അവരോട് മുഖം തിരിക്കാൻ ആവാതെ ഒരു പുഞ്ചിരി വിടർത്താൻ ശ്രമിച്ചുകൊണ്ട് വർധിച്ച ഹൃദയമിടിപ്പോടെ അവർക്കടുത്തേക്ക് ചുവടുകൾ വെച്ചു…. മീനാക്ഷി…. എന്താ കണ്ടിട്ടും കാണാത്തപോലെ പോകാൻ തുനിഞ്ഞേ?? വേണിയുടെ ചെറു ചിരിയോടുള്ള ചോദ്യത്തിന് വിളറിയ ഒരു ചിരി സമ്മാനിച്ചു.. അപ്പോഴും അബദ്ധവശാൽ പോലും നോട്ടം മാഷിലേക് നീളാതെ ശ്രദ്ധിച്ചു…. വന്നുവെന്നറിഞ്ഞു…. കാണാൻ ഇരിക്കുവായിരുന്നു ഞങ്ങൾ അല്ലെ സിദ്ധുവേട്ടാ…. അവിടെ നിൽകുന്തോറും നെഞ്ചിൽ പഞ്ചാരിമേളം നടക്കുന്നുണ്ടായിരുന്നു മീനുവിന്… എങ്ങനെയെങ്കിലും അവിടെനിന്നും ഓടിയോളിക്കാൻ തോന്നി….

ആരുടേയും മുഖത്ത് നോക്കാൻ ത്രാണി ഇല്ലാതെ തലകുനിച്ചു നിന്നു…. അവളുടെ ആ നിൽപ് അവിടെ നിന്ന ഒരാളിൽ അത്യധികം വേദന നിറച്ചു.. അവളുടെ മനസിലൂടെ കടന്നു പോകുന്ന ചിന്തകൾ എന്താകുമെന്ന് ഊഹിക്കാമായിരുന്നു അയാൾക്ക്… തലകുനിച്ചു തന്റെ മുന്നിൽ നിൽക്കുന്നവളെ അലിവോടെ നോക്കി വേണി… പഴയ വായാടി പെണ്ണിൽ നിന്നും ഒരുപാട് മാറിപോയിരിക്കുന്നു…. അന്ന് തന്റെ മുന്നിലിരുന്ന് എങ്ങി കരഞ്ഞവളിൽ നിന്നും ഇന്ന് കണ്മുന്നിൽ ഉണ്ടായിട്ടും വേദന കടിച്ചമർത്തി പുറമെ ചിരിക്കാൻ പാടുപെടുന്ന പെണ്ണിലേക്ക് എത്തിയിരിക്കുന്നു അവൾ…. പതിയെ താടി തുമ്പിൽ പിടിച്ചു തലയുയർത്തി… അവളുടെ നിറഞ്ഞ കണ്ണുകൾ തന്നോട് നടത്തുന്ന ക്ഷമാപണം കണ്ടിരുന്നു വേണി …. ഞൊടിയിടയിൽ ഇരുകൈകളും കവർന്നു വിറയലാർന്ന സ്വരത്തോടെ മാപ്പ് പറഞ്ഞു…. അന്ന് തന്റെ അവസ്ഥക്ക് കാരണക്കാരി ആയതിന്, മനഃപൂർവം അല്ലെങ്കിൽ കൂടി ജീവൻ അപായപെടുത്താൻ കാരണമായതിന്….

ഒടുവിൽ മറ്റൊരാൾ വെച്ച് നീട്ടിയ ജീവിതം ഭിക്ഷ യാചിച്ചതിന്…. ഓരോന്നിനും എണ്ണിയെണ്ണി മാപ്പ് പറഞ്ഞു അവൾ…. ഇപ്പോഴെനിക്ക് സമാധാനമായി ചേച്ചി… ഞാൻ കാരണം ചേച്ചിയുടെ ജീവിതം തകരാതെ ഇരിക്കാൻ ആണ് അന്നിവിടുന്ന് ഓടിയോളിച്ചത്…. വീണ്ടുമൊരു കണ്ടുമുട്ടൽ ഉണ്ടാകുമെന്ന് നിനച്ചതല്ല പക്ഷെ എന്നെങ്കിലും കാണുകയാണെങ്കിൽ വന്നു ക്ഷമ ചോദിക്കുമെന്ന് തീരുമാനിച്ചിരുന്നു…. പ്രായത്തിന്റെ പക്വതയില്ലായ്മയിൽ അറിയാതെ ചെയ്തുപോയതാണ്…. ഇനിയൊരിക്കലും…. ഞാൻ…. കരയില്ലെന്ന് മനസ്സിൽ ആയിരമാവർത്തി പറഞ്ഞിട്ടും പിടിച്ചുനിൽക്കാനായില്ല….അവർ ഇരുവരെയും നോക്കി കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ വേണിയുടെ കൈ വിടുവിച്ചു ആമിമോളെയും എടുത്തു പിന്തിരിഞ്ഞു നടക്കാൻ തുടങ്ങവെ പരിചയമില്ലാത്തൊരു പുരുഷ ശബ്ദം…. “മീനാക്ഷി…..” വിളികേട്ട് തിരിഞ്ഞു നോക്കിയതും കണ്ട കാഴ്ച വിശ്വസിക്കാനായില്ല….

മണിക്കുട്ടിയെ കയ്യിലെടുത്തു ചെറു ചിരിയാലേ വേണിയുടെ അടുത്തേക്ക് വന്നു മറുകയ്യാൽ അവളെ ചേർത്തു പിടിച്ചു നില്കുന്നൊരു ചെറുപ്പക്കാരൻ…. കണ്ടു മറന്നൊരു മുഖം…. എവിടെയെന്നു ഓർമയില്ല…. ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവർ മൂവരെയും മാറി മാറി നോക്കി…. അപ്പോഴേക്കും രമ്യയും എത്തിയിരുന്നു… വേണിയുടേം ആ ചെറുപ്പക്കാരിന്റെയും മുഖത്ത് നിറഞ്ഞ ചിരിയായിരുന്നെങ്കിൽ മാഷിന്റെ മുഖത്തെ ഭാവമെന്തെന്നു മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല…. അവളിലേക്കു നീളുന്ന ആ കണ്ണുകളിൽ അപേക്ഷയോ കെഞ്ചലോ അങ്ങനെ എന്തൊക്കെയോ ഭാവങ്ങൾ ആയിരുന്നു…. മീനാക്ഷിക്ക് എന്നെ ഓർമ്മയുണ്ടോ? എന്നെ അറിയാൻ വഴിയില്ല എന്റെ പേര് വിനയ്… പക്ഷെ നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട് ഒരിക്കൽ….

സംശയത്തോടെ അയാളിൽ തന്നെ മിഴിനാട്ടി അയാളുടെ വാക്കുകൾക്ക് കാതോർത്തു മീനു…. അന്ന് വേണിക്ക് സുഖം ഇല്ലാതെ വന്ന ദിവസം…. ഹോസ്പിറ്റലിൽ സിദ്ധുവിനൊപ്പം… ശെരിയാണ്…. ഇപ്പോൾ ഓർക്കുന്നു… അന്ന് മാഷിനൊപ്പം കേറിവന്ന കൂട്ടുകാരൻ…. അന്നത്തെ സംഭവങ്ങൾക്കിടയിൽ നിന്നും അവളാ മുഖം ഓർത്തെടുത്തു…. പക്ഷെ…. ഇയാൾ….. ചേർന്നു നിൽക്കുന്ന ഇരുവരെയും സംശയത്തോടെ അതിലുപരി അതിശയത്തോടെ നോക്കുന്ന മീനുവിനോട് അയാൾ പറഞ്ഞു…. സംശയിക്കണ്ട…. ഇതിന്റെ അവകാശി ഞാൻ തന്നെയാണ്…. കയ്യിൽ ഇരിക്കുന്ന മണിക്കുട്ടിയെയും വേണിയെയും ചേർത്ത് പിടിച്ചയാൾ പറഞ്ഞു…. വിശ്വാസം വരാതെ ഇരുവരെയും ഒപ്പം രമ്യയേം നോക്കി…. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായപോലെ രമ്യയും തലയാട്ടി പറഞ്ഞത് ശെരിവെച്ചു…. ഞാനും സിദ്ധുവും വേണിയും ഒരേ സ്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത്….

സിദ്ധുവിനെ എനിക്ക് ചെറുപ്പം മുതൽ അറിയാം…. അന്ന്… വേണിക്ക് ബോധം വന്നപ്പോഴാണ് ശെരിക്കും സംഭവിച്ചതെന്താണെന്നു ഞങ്ങൾ അറിഞ്ഞത്…. എല്ലാം കേട്ട് കഴിഞ്ഞതും സിദ്ധു ആകെ തകർന്നു പോയി… അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ ഒക്കെ സംഭവിച്ചു പോയതാണ്…. സത്യാവസ്ഥ അറിഞ്ഞയുടൻ നിന്നെ തേടി അമ്പലപ്പാട്ട് എത്തിയ ഞങ്ങൾ അറിഞ്ഞത് നിങ്ങൾ രാത്രിയോട് രാത്രി അവിടം വിട്ടു എന്നതാണ്…. തന്റെ എടുത്തു ചാടിയുള്ള പ്രവർത്തിയിൽ ഒറ്റ രാത്രിയിൽ ഒരു കുടുംബത്തെ മുഴുവൻ സങ്കടത്തിലാക്കി എന്ന വിചാരം സിദ്ധുവിനെ തളർത്തി….നിങ്ങളെ വിളിക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷെ നടന്നില്ല…. ഇതിനെല്ലാത്തിനും ഒരു വിധത്തിൽ കാരണക്കാരൻ ഞാൻ തന്നെയാ…. വേണിയെ സിദ്ധുവിന് ആലോചിച്ചതല്ലേ ഇതിന്റെ തുടക്കം….

അങ്ങനെ ഇവന് ഇവളെ ആലോചിച്ചതുകൊണ്ടോ, ഇവളുടെ കല്യാണം ഇതുവരെ നടക്കാതിരുന്നത്കൊണ്ടോ ഒന്നും സിദ്ധു ഇവളെ കെട്ടില്ല… കാരണം…. വേണി എന്റെ പെണ്ണാ….. ഞങ്ങൾ തമ്മിൽ 2 വർഷമായി ഇഷ്ടത്തിലായിരുന്നു….സിദ്ധുവിനും അതറിയാം… എനിക്ക് ആ സമയം സെക്രട്ടേറിയട്ടിൽ ഒരു ജോലി ശെരിയാക്കുന്ന തിരക്കിൽ ആയിരുന്നു…. ജോലി കിട്യാലുടൻ വേണിയുടെ വീട്ടിൽ പോയി സംസാരിക്കാൻ ഇരുന്നതാണ്… പക്ഷെ അതിനിടയ്ക്കാണ് ഇതൊന്നും അറിയാതെ വീട്ടുകാർ ഇങ്ങനൊരു നീക്കം നടത്തിയത്…. അന്ന് കുളപടവിൽ വെച്ച് സിദ്ധു എനിക്ക് ജോലി ശെരിയായതിനെ പറ്റി സംസാരിക്കാനാണ് വന്നത്…. ഞാൻ അന്ന് വൈകിട്ട് തിരുവനന്തപുരത്തു നിന്നു വന്നു പിറ്റേദിവസം ഇവളുടെ വീട്ടിൽ ചെന്ന് സംസാരിക്കാം എന്ന തീരുമാനം അറിയിക്കാൻ….

പക്ഷെ അതിനുള്ളിൽ… ഒരുപാട് വൈകിയെന്നറിയാം… എന്നാലും ഞങ്ങൾ കാരണം ആണ് അന്നത്രയും സംഭവിച്ചത്…. ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് അറിയാം മീനു…. നിന്നോട് അന്ന് തന്നെ എല്ലാം തുറന്നു പറയാനിരുന്നതാണ്…. പക്ഷെ ഇങ്ങനെ ഒകെ സംഭവിക്കുമെന്ന് അറിഞ്ഞില്ല മോളെ…. നിന്നെ ഞാൻ എന്റെ കുഞ്ഞനുജത്തിയെ പോലെയാ കണ്ടിരിക്കുന്നെ… മീനുവിന്റെ കൈപിടിച്ച് വേണി ക്ഷമാപണം പോലെ പറഞ്ഞു നിർത്തി… എല്ലാം കേട്ട് കണ്ണുനിറച്ചു നിൽക്കാനെ അവൾക്കായുള്ളു…. എന്ത് ഉത്തരമാണ് താൻ നൽകേണ്ടത്…. കുറ്റപ്പെടുത്താൻ ആവുമോ ആരെയെങ്കിലും ? സാഹചര്യം…. താനും എടുത്തു ചാടിയില്ലേ…. ഒറ്റ ദിവസം കൊണ്ട് എത്ര പേരുടെ ജീവിതമാണ് മാറിമറിഞ്ഞത്…. എല്ലാരും എത്ര വേദനിച്ചുകാണും…. അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി… പിന്നെ…. സിദ്ധുവിന്റെ മനസ്സിൽ അന്നും ഇന്നും ഒരാൾക്ക് മാത്രമേ സ്ഥാനമുള്ളു…. അത്‌ നീ മാത്രമാണ് മീനാക്ഷി…….. തുടരും…

മധുരനൊമ്പരക്കാറ്റ്: ഭാഗം 4

Share this story