നീ മാത്രം…❣️❣️ : ഭാഗം 25

നീ മാത്രം…❣️❣️ : ഭാഗം 25

എഴുത്തുകാരി: കീർത്തി

രാവിലെ എഴുന്നേറ്റത് മുതൽ ഒരു പ്രത്യേക സന്തോഷം എന്നിൽ നിറഞ്ഞതായി എനിക്ക് തന്നെ തോന്നി. പഴയ പ്രസരിപ്പോടെ ഞാൻ എല്ലാം ചെയ്യുന്നതും ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്നതും ഗീതു വായും പൊളിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു. പെണ്ണ് വിചാരിച്ചുകാണും എനിക്ക് വട്ടായി ന്ന്. എല്ലാം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഗീതു എന്നെ പിടിച്ച് സോഫയിൽ കൊണ്ടിരുത്തി. എന്നിട്ട് എന്നെ അടിമുടി നോക്കികൊണ്ട് കൈയും കാലും പിന്നെ തലയിലുമൊക്കെ തൊട്ടുനോക്കുന്നുണ്ടായിരുന്നു. “ഗാഥേ… നിനക്ക്……. കുഴപ്പ…….മൊന്നും ഇല്ല..ല്ലോ…ലെ….? ” സംശയിച്ചു സംശയിച്ചാണ് അവള് ചോദിച്ചത്. എനിക്കൊരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് ആ മണ്ടയ്ക്കിട്ട് രണ്ടു കൊട്ട് കൊടുത്തപ്പോഴാണ് അവൾക്ക് സമാധാനമായത്.

ഓഫീസിലേക്കുള്ള യാത്രയിൽ വണ്ടിയിലിരുന്ന് പണ്ടത്തെ പോലെ ഞങ്ങൾ കലപില ചിലച്ചോണ്ടിരുന്നു. വഴിയിൽ കണ്ട പലതും ഞങ്ങളുടെ സംസാരവിഷയങ്ങളായി. ആ നല്ല യാത്രയ്ക്ക് ഒടുവിൽ ഓഫിസിലെത്തി. ഗീതു വണ്ടി പാർക്ക് ചെയ്ത് ഹെൽമെറ്റ്‌ ഊരിവെയ്ക്കുന്നതുമെല്ലാം നോക്കി അവളെയും കാത്ത് ഞാൻ നിന്നു. എന്നെപോലെ തന്നെ ഒരുപാട് ദിവസങ്ങൾക്ക് ശേഷം അവളുടെ മുഖത്തും വല്ലാത്ത സന്തോഷം കളിയാടിയിരുന്നു. ഈ സന്തോഷങ്ങളിൽ നിന്നെല്ലാം ഇത്രയും ദിവസം വിട്ടുനിന്നതിൽ എനിക്ക് കുറ്റബോധം തോന്നി. ടീച്ചറമ്മ പറഞ്ഞത് തന്നെയാണ് ശെരി. ഇനി എന്നും ഞാനാ പഴയ ഗാഥയായിരിക്കും. ഇനിയെന്റെ ദിവസങ്ങളിൽ ആനന്ദേട്ടനില്ല. വിജയ് സാർ… വിജയ് സാർ മാത്രം….. ഞാൻ മനസ്സിൽ കുറിച്ചു. “എന്താലോചിച്ചു നിക്കാ? വാ. ” ഗീതു അകത്തേക്ക് പോകാൻ വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് മുക്തയായത്.

“എടി ഗീതു… എനിക്കെന്താ ടി ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? ” ഞാൻ ചോദിച്ചു. “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസി. ” അവളും അതേ രീതിയിൽ മറുപടി പറയുന്നത് കേട്ടപ്പോൾ ഞാൻ ചിരിച്ചു. ദിവസങ്ങൾക്ക് ശേഷം മനസ് നിറഞ്ഞ്…. “ഇനിയും ഇവിടെ ഇങ്ങനെ ചിരിച്ചോണ്ട് നിന്നാലേയ്…. ഇതേപോലെ മുഖത്തോട് മുഖം നോക്കി ചിരിച്ചോണ്ട് എന്നും വീട്ടിലിരിക്കാം. എത്ര നന്നായി ന്ന് പറഞ്ഞാലും ആ കാലൻ ജോലിടെ കാര്യത്തിൽ സ്ട്രിക്ടാണ് മോളെ. ” ചിരിച്ചു ചിരിച്ച് അവസാനം കരച്ചിലാവണ്ട ന്ന് കരുതി ഞങ്ങൾ വേഗം ഡ്യൂട്ടിയ്ക്ക് കയറി. ഗീതുവിനെ പറഞ്ഞുവിട്ട് ഞാൻ എന്റെ സീറ്റിലേക്ക് നടന്നു. അവിടെ എത്തുന്നതിന് മുന്നേ കണ്ടു ലാപ്ടോപിന് മുന്നിൽ കണ്ണും തുറിച്ച് ഇരിക്കുന്ന മനുവേട്ടനെ. ഇടയ്ക്ക് തല ചൊറിയുകയും, മുഖം തുടക്കുകയും, എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ട്. എന്താണാവോ സംഭവം? “ഗുഡ് മോർണിംഗ് മനുവേട്ടാ. ”

ഞാൻ പറഞ്ഞതും മാനുവേട്ടൻ തലയുയർത്തി എന്നെയൊന്ന് നോക്കി. എന്നിട്ട് അമർത്തിയൊന്നു മൂളിയതിന് ശേഷം വീണ്ടും ലാപ്പിലേക്ക് മുഖം പൂഴ്ത്തി. അങ്ങനെ വിടാൻ പറ്റില്ലല്ലോ. ഞാൻ അടുത്ത് ചെന്നിരുന്ന് ഒന്നുകൂടി വിഷ് ചെയ്തു. അപ്പോഴും ആ ചങ്കരൻ തെങ്ങുമ്മേൽ തന്നെ. “മനുവേട്ടാ… ഗുഡ് മോർണിംഗ്.. ന്ന്. ” “എന്റെ പൊന്നു മോളെ മോർണിംഗ് ഒക്കെ തന്നെ പക്ഷെ അത് ഗുഡല്ല ബാഡ് ആണെന്ന് മാത്രം. ” വിഷമത്തോടെയുള്ള മനുവേട്ടന്റെ വാക്കുകൾ കേട്ട് ആ മോർണിംഗ് ബാഡായതിനുള്ള കാരണം ഞാൻ ആരാഞ്ഞു. “അറിയണം ലെ. നിനക്ക് കാരണം അറിയണം ലെ. എന്നാ കേട്ടോ….നിന്റെ മറ്റവനുണ്ടല്ലോ ആ വൃത്തിക്കെട്ടവൻ വിജയ് ന്നും ആനന്ദ് ന്നൊക്കെ വിളിക്കുന്ന വിജയാനന്ദ്…… ” “ദേ മനുവേട്ടാ… വേണ്ടാതീനം പറയരുത്. ഇത്രയും നാളും ഏട്ടാ ന്ന് വിളിച്ച നാവുകൊണ്ട് വേറെ പലതും വിളിപ്പിക്കരുത്. ഹാ….. ” “ഓഹ്….ഇനി നിന്റെ വായിലിരിക്കുന്നത് കൂടിയെ കേൾക്കാൻ ബാക്കിയുള്ളൂ.

കുറയ്‌ക്കണ്ട നീയും പറഞ്ഞോ. എല്ലാം കേൾക്കാൻ വേണ്ടി പിന്നെയും പിന്നെയും എന്റെ ജീവിതം ബാക്കിയാണല്ലോ ഭഗവാനെ…. ” ദയനീയമായുള്ള ആ രോദനം കേട്ടപ്പോൾ എന്തോ എനിക്കും വിഷമമായി. “സാരല്ല്യ. പോട്ടെ ഞാനില്ലേ ഏട്ടന്. ഇനി പറയ് എന്താ കാര്യംന്ന്. ” “ആ തെണ്ടി ഇന്നലെ തോളിൽ കൈയുമിട്ട് എന്റെ കൂടെ ശില്പടെ എൻഗേജ്മെന്റ്ന് വന്നില്ലേ? ” “ഉം… ” “ഫങ്ക്ഷനെല്ലാം കഴിഞ്ഞ് ഞാൻ അവന്റെ കൂടെ വീട്ടിലേക്ക് പോയി. ഇന്ന് ഇപ്പൊ അവിടുന്ന് ഒരുമിച്ചാണ് വന്നത്. ” “അതിന്? ” “അതിന് ഒന്നുല്ല. വന്നുകേറി ഒരു അഞ്ചുമിനിറ്റ് ആയികാണില്ല എന്നെ വിളിച്ച് പറയാ അടുത്ത ആഴ്ച കോയമ്പത്തൂർ വെച്ച് R.K. ഇൻഡസ്ട്രിസുമായി മീറ്റിംഗ് ണ്ട് ന്ന്. അന്നത്തെ മീറ്റിംഗിൽ നമ്മുടെ പ്രൊജക്റ്റ്‌ന് അപ്രൂവൽ കിട്ടിയില്ലേ. അതിന്റെ ഫൈനൽ പ്രസന്റേഷനുണ്ട് ന്ന്. അവരുടെ എല്ലാ ഡയറക്ടർസും വരുന്നുണ്ടത്രെ. ”

“അത് സന്തോഷമുള്ള കാര്യമല്ലേ? അവരുമായി ചേർന്ന് ഒരു പ്രൊജക്റ്റ്‌ ചെയ്യാ ന്ന് പറഞ്ഞാൽ…. ” “അത് സന്തോഷം തന്നെ. പക്ഷെ അതിനുള്ള പ്രസന്റേഷൻ ഞാൻ ഉണ്ടാക്കണം പോലും. അതും രണ്ടു ദിവസത്തിനുള്ളിൽ. അവനിത് ഇന്നലെ പറയായിരുന്നില്ലേ ന്നാണ് ഞാൻ ചോദിക്കുന്നത്. ” “ഇത്ര നിസാരകാര്യത്തിനാണോ ഇങ്ങനെ. ഛെ… മോശം മോശം… ഒന്നുമില്ലെങ്കിലും നാളെ മാനുവേട്ടന് അതോർത്ത് അഭിമാനിക്കാലോ. ആ പ്രൊജക്റ്റ്ന്റെ പ്രസന്റേഷൻ ഞാനാ ഉണ്ടാക്കിയത് ന്നും പറഞ്ഞ്. അല്ല… ഇനിയിപ്പോ ഇത് ഇന്നലെ പറഞ്ഞിരുന്നെങ്കിൽ എന്താ ? ” “ഇത് എന്റെ തലയ്ക്ക് വരും ന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് സോപ്പിട്ട് ഈ പ്രസന്റേഷൻ അവനെക്കൊണ്ട് തന്നെ ഞാൻ ചെയ്യിക്കില്ലായിരുന്നോ? ” ഓഹ്… അപ്പൊ അതാണ് കാര്യം. കാലൻ പണി കൊടുത്തത് ഇഷ്ടപ്പെട്ടിട്ടില്ല. എന്നത്തേയും പോലെ എല്ലാരോടും വാചകമടിച്ച് ഓഫീസിൽ കറങ്ങിനടക്കാൻ പറ്റില്ലല്ലോ.

അതിന്റെ ദേഷ്യമാണ് ഈ കാണുന്നതല്ലേ. പണിയെടുക്കാനുള്ള മടി. “അപ്പൊ വെറുതെയിരുന്ന് സാലറി വാങ്ങിക്കാനാണോ? ” ഞാൻ ചോദിച്ചു. “അയ്യേ… അങ്ങനെയൊന്നും ഇല്ല. എന്നാലും…. എന്തോ…. ഒരു… ഒരു….. ” “ആ ‘ഒരു’ നെയാണ് പച്ചമലയാളത്തിൽ മടി ന്ന് പറയണത്. മ്മ്മ്…. വർത്താനം പറഞ്ഞിരിക്കാതെ വേഗം ഉണ്ടാക്കി കൊടുക്കാൻ നോക്ക് മടിയൻ മനുവേട്ടാ. ” പറഞ്ഞുകൊണ്ട് ഞാനെന്റെ സീറ്റിൽ ചെന്നിരുന്ന് എന്റെ ജോലികൾ ഓരോന്നായി നോക്കി. ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്നെയൊന്ന് നോക്കി കരഞ്ഞു കാണിച്ചിട്ട് മനുവേട്ടനും ജോലി തുടർന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരോ എന്നെത്തന്നെ നോക്കിയിരിക്കുന്നത് പോലൊരു തോന്നൽ. ഉടനെ ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലി ഒന്ന് നിർത്തി ചുറ്റും കണ്ണോടിച്ചു. അപ്പോഴാണ് എന്നെത്തന്നെ നോക്കി താടിയ്ക്ക് കൈയും കൊടുത്തിരിക്കുന്ന മനുവേട്ടനെ കണ്ടത്.

ഞാൻ പുരികം ചുളിച്ച് സംശയഭാവത്തിൽ മനുവേട്ടനെ നോക്കിയപ്പോൾ ആള് വായിലെ പല്ല് മുഴുവനും പുറത്തുകാട്ടി ഇളിച്ചുകാണിച്ചു. ആ ഇളിയത്ര പന്തിയല്ലല്ലോ? എന്തോ കൊനഷ്ട് ബുദ്ധി ആ തലയിൽ ഉദിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്രേം വൃത്തിക്കെട്ട ചിരി ചിരിക്കില്ല. ഞാനോർത്തു. കുറച്ചു നേരം കൂടി ഇതേ ചിരി ഇങ്ങനെ ചിരിച്ചാൽ ചിലപ്പോൾ മനുവേട്ടന്റെ ചിറി കീറിപോകുമെന്ന് തോന്നിയത് കൊണ്ട് എന്താണെന്ന് പുരികം പൊക്കി ചോദിച്ചു. ഉടനെ മാനുവേട്ടൻ ഇരുന്നിരുന്ന ചെയറും താങ്ങിപിടിച്ച് എന്റെ അടുത്ത് വന്നിരുന്നു. “ഗാഥേ… മോളെ….. മോള് കാലത്ത് ഭക്ഷണം കഴിച്ചില്ലേ? മുഖത്തൊരു വാട്ടം പോലെ. ” “മോനെ മനീഷേ…അധികം പതപ്പിക്കല്ലേ… ” “വേണ്ട ലെ. എന്നാ ഞാനൊരു കാര്യം ചോദിക്കട്ടെ? ” “മ്മ്മ്… ചോദിക്ക്. ” “നീ എന്റെ ആരാ? ” “ഏഹ്…. എന്ത്? ” “ഇവിടെ ഓഫീസിലേയ് എന്റെ ആരാ ന്ന്? ” “അസിസ്റ്റന്റ്. ” “ആണല്ലോ?

അപ്പൊ എനിക്കൊരു പ്രശ്നം വന്നാൽ ഹെല്പ് ചെയ്യണ്ടത് അസിസ്റ്റന്റ്ന്റെ കടമയല്ലേ? ” അത് കേട്ടപ്പോൾ മനസിലായി വണ്ടി എങ്ങോട്ടാണ് പോകുന്നത് ന്ന്. ഞാൻ മനുവേട്ടനെ അടിമുടി സൂക്ഷിച്ചു നോക്കി. ആള് ഇപ്പോഴും ആ ചോദ്യത്തിലെ ‘അല്ലെ ‘ ന്നുള്ള സ്ഥലത്ത് ഉത്തരവും കാത്ത് നിൽപ്പാണ്. “അതുകൊണ്ട് ഈ പ്രസന്റേഷൻ ഞാനുണ്ടാക്കി തരണമായിരിക്കും ലേ? ” ഞാൻ ചോദിച്ചു. “അയ്യോ…. എത്ര പെട്ടന്നാ മനസിലായത്. ഗാഥക്കുട്ടി ആള് ഞാൻ വിചാരിച്ച പോലല്ല. ഭയങ്കര ബുദ്ധി. ” “ഇതിനിപ്പോ വലിയ ബുദ്ധിടെ ആവശ്യമൊന്നുമില്ല. ഈ മാനുവേട്ടൻകാള വാല് പോകുന്നത് എങ്ങോട്ടാണെന്ന് ഈ മുഖം കണ്ടാൽ തന്നെ ആർക്കും മനസ്സിലാവും. ” “ആണല്ലേ? വെറുതെയല്ല എവിടെയും ഒന്നും ഏൽക്കാത്തത്. ” മാനുവേട്ടൻ താടിയിൽ തടവിക്കൊണ്ട് സ്വയം പിറുപിറുത്തു.

പിന്നെ എന്റെ നേർക്ക് തിരിഞ്ഞ് ചെയ്തു കൊടുക്കാൻ പറഞ്ഞ് കുറേ കെഞ്ചി. കുറേയൊക്കെ പറ്റില്ലെന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും മനുവേട്ടന്റെ സങ്കടം കണ്ടപ്പോൾ ചെയ്തുകൊടുക്കാമെന്ന് ഏറ്റു. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണംന്നല്ലേ പറയുക. അതുകൊണ്ട് ഞാനും ഒരു ഡിമാൻഡ് മുന്പോട്ട് വെച്ചു. ശില്പയുടെ എൻഗേജ്മെന്റ്ന് ഉണ്ടായത് പോലുള്ള ഒത്തുക്കളികൾ ഇനിയുണ്ടാവില്ല ന്ന് മനുവേട്ടനെ കൊണ്ട് സത്യം ചെയ്യിച്ചു. കൂടാതെ എന്തിനും ഏതിനും എന്റെ കൂടെയേ നിൽക്കൂവെന്നും. അങ്ങനെ മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവിൽ പ്രസന്റേഷന് വേണ്ട സ്ലൈഡുകളും മറ്റും ഞാൻ തയ്യാറാക്കി കൊടുത്തു. പറഞ്ഞ സമയത്ത് അത് വിജയ് സാറിനെ ഏൽപ്പിക്കാനെന്നും പറഞ്ഞ് കാവടി തുള്ളി പോയ മാനുവേട്ടൻ തിരിച്ചു വന്നത് കാറ്റ് പോയ ബലൂൺ പോലെയാണ്. “എന്ത് പറ്റി മനുവേട്ടാ. പോയ പോലല്ലല്ലോ വരവ്? അതില് എന്തേലും പ്രോബ്ലം? ”

“നിന്നെ വിജയ് വിളിക്കുന്നുണ്ട്. ” ഭാവഭേദങ്ങളൊന്നും കൂടാതെ മാനുവേട്ടൻ പറയുന്നത് കേട്ട് ഞാനൊന്ന് സംശയിച്ചുനിന്നു. കഴിഞ്ഞ രണ്ടു ദിവസമായി ആനന്ദേട്ടനെ കാണേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ടാണോ എന്തോ ഇപ്പോൾ വിളിക്കുന്നുണ്ടെന്ന് മാനുവേട്ടൻ വന്നുപറഞ്ഞപ്പോൾ ഒരു ടെൻഷൻ പോലെ. അപ്പോൾ “വായോ” ന്നും പറഞ്ഞ് മനുവേട്ടൻ തന്നെ എന്നെ ആനന്ദേട്ടന്റെ ക്യാബിനിലേക്ക് കൂട്ടികൊണ്ടുപോയി. ക്യാബിനിലേക്ക് കയറിചെല്ലുമ്പോഴേ മനസിലായി ആള് അല്പം ദേഷ്യത്തിലാണെന്ന്. കാരണം ഇന്നുവരെ ഞാൻ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി ആ മുഖം ദേഷ്യത്താൽ ചുവന്നുതുടുത്തിരുന്നു. എന്നിലേക്ക് നീണ്ട ആ മിഴികളിലും ഒരു പുതിയ ഭാവം.

ചുണ്ടിൽ പതിവ് കുസൃതിചിരി പോയിട്ട് ചിരിയുടെ ഒരു ലാഞ്ചന പോലും കാണാനില്ല. അതുകൂടിയായപ്പോൾ എന്റെ ടെൻഷൻ അധികരിച്ചു. വരുന്ന പള്ളിപെരുന്നാളിന് ബാന്റ്സെറ്റിന് പകരം എന്റെ ഹൃദയം ഉപയോഗിക്കാമെന്ന് വരെ എനിക്ക് തോന്നി. അത്രയ്ക്കും നന്നായിട്ടല്ലേ സാധനം കെടന്ന് മിടിക്കുന്നത്. അടുത്ത് എത്തിയതും ആനന്ദേട്ടൻ ഞങ്ങൾക്ക് ഇരിക്കാനായി മുന്നിലെ രണ്ടു ചെയറിലേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചു. പക്ഷെ ആനന്ദേട്ടന്റെ അപ്പോഴത്തെ മുഖഭാവം കണ്ട് ഞാൻ അങ്ങനെ തന്നെ നിന്നു. മാനുവേട്ടൻ ഇരിക്കുന്നുണ്ടോ ന്നറിയാൻ ഇടംകണ്ണിട്ട് നോക്കിയപ്പോൾ ആള് വിജയ് സാറിന്റെ മുഖത്തു പോലും നോക്കാതെ വേറെ എങ്ങോട്ടോ നോക്കിനിൽക്കുകയായിരുന്നു.

മാനുവേട്ടൻ ഇരിക്കുന്നുണ്ടെങ്കിൽ എനിക്കും ഇരിക്കാമായിരുന്നു. ഇതിപ്പോ…… “നിന്ന് കാല് കഴക്കണ്ട രണ്ടാളും ഇരിക്ക്. ” ആ പറച്ചിലിൽ എവിടെയോ എന്തോ കുത്തില്ലേ? അതോ എനിക്ക് തോന്നിയതാണോ? ഞാനത് ആലോചിച്ചു നിൽക്കുന്ന നേരംകൊണ്ട് മാനുവേട്ടൻ ഒരു ചെയറിൽ ചാടികേറി ഇരുന്നുകഴിഞ്ഞിരുന്നു. പക്ഷെ ആനന്ദേട്ടനെ നോക്കാതെ ടേബിളിലെ എന്തിന്റെയോ സൂക്ഷ്മനിരീക്ഷണത്തിലാണെന്ന് മാത്രം. ഞാൻ പിന്നെ എന്ത് പുണ്യത്തിനാണ് ഇങ്ങനെ നിൽക്കുന്നേ. ഞാനും ഇരുന്നു. ആനന്ദേട്ടൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഞങ്ങളെ തന്നെ മാറിമാറി നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഭാഗത്തു നിന്നും പ്രത്യേകിച്ച് പ്രതികരണമൊന്നും ഇല്ലെന്ന് കണ്ടത്കൊണ്ടാവും മുന്നിലിരുന്ന ലാപ്ടോപ് ഞങ്ങൾക്ക് നേരെ തിരിച്ചു വെച്ചു. “ഇത് ആരാ ഉണ്ടാക്കിയത്?

” R.K. ഇൻഡസ്ട്രിസിനുള്ള പ്രൊജക്റ്റ്‌ പ്രസന്റേഷനുള്ള സ്ലൈഡുകളും മറ്റും കാണിച്ചു കൊണ്ട് ഗൗരവം ഒട്ടും കുറയ്ക്കാതെ ആനന്ദേട്ടൻ ചോദിച്ചപ്പോൾ ഞാനാദ്യം നോക്കിയത് മനുവേട്ടനെയായിരുന്നു. ആൾക്ക് പക്ഷെ ഒരു മാറ്റവുമില്ല. അതേ ഇരുത്തം തന്നെ. “ഞാ…..ഞാനാണ്. ” അവസാനം ഞാൻ തന്നെ പറഞ്ഞു. ടേബിളിൽ കൈകൾ വെച്ച് മുന്നിലേക്ക് ആഞ്ഞ് ഇരുന്നിരുന്ന ആനന്ദേട്ടൻ ഉടനെ ചെയറിൽ ചാരികിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടാൻ തുടങ്ങി. “അപ്പോൾ….. ms. ഗാഥ ബാലചന്ദ്രൻ…… അടുത്ത ആഴ്ച എന്റെ കൂടെ കോയമ്പത്തൂർക്ക് വരാൻ റെഡിയായിക്കോളൂ. ” കൈയിലുള്ള പെൻ വിരലുകൾക്കിടയിൽ വെച്ച് കറക്കിക്കൊണ്ട് എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ ആനന്ദേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഇരുന്നിടത്ത് നിന്നും ചാടിയെണീറ്റു. “ഞാൻ വരില്ല സാർ.

അത് മനുവേട്ടനല്ലേ… ” “മനുവിനോടാണ് ഞാനത് ചെയ്യാൻ പറഞ്ഞത്. പക്ഷെ ചെയ്തത് ഗാഥയല്ലേ? ഇതിൽ പല ഭാഗത്തും മനുവിന് ചെറിയ തപ്പൽ വരുന്നുണ്ട്. ഇനിയിപ്പോ ഇത് ആദ്യം മുതൽ പഠിച്ചുണ്ടാക്കാനുള്ള സമയം തീരെയില്ല. ഒരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല. ഇത് അത്രയും പ്രധാനപ്പെട്ട പ്രൊജക്റ്റാണ്. അതുകൊണ്ടാണ് പറഞ്ഞത് ഉണ്ടാക്കിയ ആള് തന്നെ മീറ്റിംഗിന് വന്നാൽ മതി ന്ന്. മനുവിനും അക്കാര്യം സമ്മതമാണ്. ” “മാനുവേട്ടൻ തന്നെ പോയാൽ മതി. ആ മിസ്റ്റേക്ക് വരുന്ന ഭാഗങ്ങൾ ഞാൻ ശെരിയാക്കി കൊടുക്കാം. മാനുവേട്ടൻ പ്രെസെന്റ് ചെയ്തോളും. എനിക്ക് കോൺഫിഡൻസ് ഉണ്ട്. ” ആ പ്രസന്റേഷൻ തലയിൽ നിന്ന് ഒഴിയുന്നതിനേക്കാളേറെ ആനന്ദേട്ടന്റെ കൂടെ കോയമ്പത്തൂർക്ക് പോകണമല്ലോ ന്നതായിരുന്നു എന്നെ അസ്വസ്ഥയാക്കിയത്. “മനു എന്ത് പറയുന്നു. നമുക്ക് മുന്നിൽ അധികം സമയമില്ല. രണ്ടു ദിവസത്തിനുള്ളിൽ ശെരിയാക്കാൻ പറ്റുമോ? ”

“സോറി വിജയ്. സത്യം പറയാലോ നീയ്യീ പ്രസന്റേഷൻ എന്നോട് ചെയ്യാൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് തീരെ ഇന്റെരെസ്റ്റ്‌ ഇല്ലാതെയാണ് ചെയ്യാനിരുന്നത്. പിന്നെ ഗാഥയെ ഏൽപ്പിക്കായിരുന്നു. അങ്ങനെയുള്ളപ്പോൾ ഞാനിനി ഇത്….. ഗാഥാ… പ്ലീസ്… താൻ തന്നെ പോകുന്നതാണ് നല്ലത്. ” “മനുവേട്ടാ…… ” പഞ്ചാബിഹൗസിലെ നമ്മുടെ സ്വന്തം രമണേട്ടന്റെ ശൈലിയിൽ മനുവേട്ടനെ നോക്കി ഞാൻ ഇരുത്തിയൊന്നു വിളിച്ചു. “എന്താന്ന് വെച്ചാൽ രണ്ടാളും കൂടി തീരുമാനിക്ക്.” ആനന്ദേട്ടൻ പറഞ്ഞു. “റിപ്ലൈ എനിക്ക് ഉടനെ കിട്ടണം. നിങ്ങൾക്കതിന് പറ്റിയില്ലെങ്കിൽ ഞാനൊരു ഡിസിഷൻ പറയും അതങ്ങ് അനുസരിക്കേണ്ടിയും വരും. ”

ഡോറിനടുത്ത് എത്തിയപ്പോൾ പിറകിൽ നിന്നു വീണ്ടും വിളിച്ചു പറയുന്നത് കേട്ട് ഞങ്ങൾ ഒരുപോലെ തിരിഞ്ഞു നോക്കി. അതിലെ ആ അവസാന വാക്കുകൾ പറയുമ്പോൾ ആനന്ദേട്ടന്റെ നോട്ടം എന്റെ മുഖത്ത് മാത്രമായിരുന്നു. അപ്പോൾ…. അപ്പോൾ മാത്രം അതുവരെ മറഞ്ഞുനിന്നിരുന്ന ആ കുസൃതിചിരി ആ ചുണ്ടിൽ വിരിഞ്ഞത് ഞാനും കണ്ടു. അത് ഞാനേ കണ്ടുള്ളൂ. ഞാൻ മാത്രേ കണ്ടുള്ളൂ… ഇത് മിക്കവാറും എനിക്കുള്ള കൊലച്ചിരിയായിരിക്കും. എനിക്കറിയാം….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 24

Share this story