അഞ്ജലി: ഭാഗം 21

അഞ്ജലി: ഭാഗം 21

എഴുത്തുകാരി: പാർവ്വതി പിള്ള

അനക്കം ഇല്ലാതെ നിലത്തു വീണു കിടക്കുന്ന അനന്തനെ അഞ്ജലി അമ്പരപ്പോടെ നോക്കി നിന്നു… ഒന്നുരണ്ടു നിമിഷം വേണ്ടി വന്നു അവൾക്ക് സ്വബോധത്തിലേക്ക് തിരിച്ചുവരാൻ… അവളൊരു പിടച്ചിലോടെ അനന്തന് അരികിലേക്ക് പാഞ്ഞു… അവന്റെ തല പൊക്കി തന്റെ മടിയിലേക്ക് വെച്ചു… അവനെ ഉറക്കെ ഉറക്കെ വിളിച്ചു… അനന്തേട്ടാ ഒന്ന് കണ്ണുതുറക്ക് … ഞാനാ.. അനന്തേട്ടന്റെ അഞ്ജലി…. എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ… അഞ്ജലിയുടെ നിലവിളികേട്ട് ഉറങ്ങുകയായിരുന്ന ഉണ്ണിക്കുട്ടൻ കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു… കട്ടിലിൽനിന്നും ഉരുണ്ടു പിരണ്ട് അവൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.. മ്മേ… അവളുടെ പുറം കഴുത്തിലൂടെ തോളിലേക്ക് ചാഞ്ഞു… അഞ്ജലി ഒരു നിമിഷം ധൈര്യം സംഭരിച്ചു കൊണ്ട് ദേവമ്മയുടെ മുഖത്തേക്ക് നോക്കി….

ദേവമ്മേ വേഗമൊന്ന് താഴേക്ക് ചെല്ലുമോ.. ആരെയെങ്കിലും ഒന്ന് വിളിച്ചു കൊണ്ട് വാ… അനന്തേട്ടനെ വേഗം ഹോസ്പിറ്റലിൽ ആക്കണം… ദേവമ്മ വേഗം തന്നെ താഴെക്ക് ഓടി… റിസപ്ഷനിൽ നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല… അവർ വെപ്രാളത്തോടെ പുറത്തിറങ്ങി അവിടം ആകമാനം നോക്കി… ഈശ്വരാ ഒറ്റ മനുഷ്യരെയും കാണുന്നില്ലല്ലോ… ഇനിയിപ്പോ എന്ത് ചെയ്യും… താഴേക്ക് പോയ ദേവമ്മയെ ഏറെ നേരമായിട്ടും മുകളിലേക്ക് കാണാത്തതിനാൽ അഞ്ജലി വേഗം അനന്തനെ തന്റെ മടിയിൽ നിന്നും നിലത്തേക്ക് കിടത്തി…വേഗം റൂമിലേക്ക് കയറി ഫോണെടുത്ത് ഡ്രൈവറുടെ നമ്പറിൽ വിളിച്ചു… എത്രയും പെട്ടെന്ന് വണ്ടി ഇറക്കണം… വേഗമൊന്ന് റൂമിലേക്ക് കയറി വാ… മോളെ താഴെ എങ്ങും ആരെയും കാണാനില്ല… സാരമില്ല ദേവമ്മേ…

ഞാൻ ഡ്രൈവർ ചേട്ടനെ വിളിച്ചിട്ടുണ്ട്… ദേവമ്മയോട് അത്രയും പറഞ്ഞപ്പോഴേക്കും ഡ്രൈവർ ഓടിയെത്തി… നിലത്തു കിടക്കുന്ന അനന്തനെ കണ്ട് അയാൾ അമ്പരപ്പോടെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി…. ചേട്ടാ നോക്കി നിൽക്കാൻ ഉള്ള സമയമില്ല… അനന്തേട്ടനെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം…വേഗമൊന്ന് പിടിക്കാമോ… ഡ്രൈവറും അഞ്ജലിയും കൂടി ഒരു വിധത്തിൽ അനന്തനെ താങ്ങിയെടുത്ത് താഴേക്ക് ഇറങ്ങി… ദേവമ്മ ഉണ്ണിക്കുട്ടനെയും പിടിച്ചുകൊണ്ട് വാതിലും പൂട്ടി അഞ്ജലിയുടെ പിന്നാലെ ചെന്നു… അനന്തനെ വേഗം കാറിലേക്ക് കയറ്റി കിടത്തി കൊണ്ട് വണ്ടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു…. ദിയ രാവിലെതന്നെ കുളിച്ച് റെഡിയായി റാമിനെ വിളിക്കാനായി റൂം തുറന്ന് വെളിയിലേക്കിറങ്ങി… റാമിന്റെ റൂമിന് ഫ്രണ്ടിൽ ചെന്നപ്പോൾ പകുതി തുറന്നു കിടക്കുന്ന ഡോർ കണ്ട് അവൾ പുഞ്ചിരിയോടെ നിന്നു…

ഇത്ര വേഗം എഴുന്നേറ്റോ.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഡോർ തുറന്ന് അകത്തേക്ക് നോക്കിയ അവൾ റാമിനെ അവിടെ കാണാത്തതിനാൽ ബാത്റൂമിലെ ഡോറിന് ചെന്ന് തട്ടി… ഡോർ തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ ആരുമില്ല…അവൾ തിരികെ വെളിയിലേക്കിറങ്ങി…ഈ റാം ഇത്ര വെളുപ്പിനെ എവിടേക്ക് പോയി… അവൾ വീണ്ടും വെളിയിലേക്കിറങ്ങി അവിടെയെല്ലാം നോക്കി… റൂമിൽ നോക്കിയപ്പോൾ അവന്റെ ഫോണും വാലറ്റും ടേബിളിൽ ഇരിപ്പുണ്ട്…. ആഹാ ഫോൺ എടുക്കാതെ ആണോ റാം പോയത്…. തിരികെ റൂമിലേക്ക് വന്ന് അച്ഛനോട് ആയി പറഞ്ഞു… അച്ഛാ റാമിനെ റൂമിൽ എങ്ങും കാണുന്നില്ല… റാം എവിടെ പോകാനാ മോളെ…അവിടെ എവിടെയെങ്കിലും കാണും…ഇല്ല അച്ഛാ… അവിടെയെങ്ങും ഇല്ല ഇനി വെളിയിലോട്ടോ മറ്റോ പോയത് ആകുമോ….

മോൾ റാമിനെ ഒന്ന് വിളിച്ചു നോക്കൂ…. ഫോണും വാലറ്റും റൂമിൽ ഇരിപ്പുണ്ട്…. അത് എടുക്കാതെയാ റാം പോയിരിക്കുന്നത്… എന്തായാലും മോൾ റെഡി ആകാൻ നോക്ക്…റാം എത്തിക്കോളും… ദിയക്ക് മനസ്സിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു…എങ്കിലും അവൾ അത് പുറമേ കാണിക്കാതെ റെഡിയാകാൻ ആയി റൂമിലേക്ക് കയറി… ആറു മണി കഴിഞ്ഞിട്ടും റാമിനെ കാണാതെ ആയപ്പോൾ ദിയയുടെ അച്ഛന്റെ മനസ്സിൽ പല ചിന്തകളും ഉടലെടുത്തു… റാം ഇതെവിടെ പോയിരിക്കുന്നു…ഇന്ന് വിവാഹം ആണെന്ന് അറിയില്ലേ… അല്ലെങ്കിൽ തന്നെയും പലതവണ റാമിന്റെ മുഖഭാവത്തിൽ നിന്നും ദിയയോടുള്ള അടുപ്പ കുറവ് വ്യക്തമായിരുന്നു…പലപ്പോഴും അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതുപോലെ… ഇഷ്ടമില്ലാത്ത വിവാഹം അടിച്ചേൽപ്പിക്കുന്നതിനോട് തനിക്കും യോജിപ്പുണ്ടായിരുന്നില്ല…

പക്ഷേ…ഒക്കെ ദിയയുടെ നിർബന്ധമാണ്… അവൾക്ക് ഒരുപാട് ഇഷ്ടമാണ് റാമിനെ… ഇന്നുവരെ ആരോടും ഇത്രയും അറ്റാച്ച് മെന്റ് അവൾക്ക് ഉണ്ടായിട്ടില്ല…അതാണ് ഊരും പേരും ഒന്നും അറിയില്ലെങ്കിലും തന്റെ സഹോദരിയുടെ മകൻ എന്ന വ്യാജേന റാമിനെ കൂടെക്കൂട്ടിയത്… എന്നും മകളുടെ സന്തോഷം മാത്രമാണ് താൻ ആഗ്രഹിച്ചത്… നീതിക്ക് നിരക്കുന്നതല്ല ഈ ചെയ്യുന്നതൊന്നും… എന്നെങ്കിലുമൊരിക്കൽ റാം പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണെങ്കിൽ എന്താകും ദിയയോടുള്ള സമീപനം എന്ന് ഊഹിക്കാവുന്നതേയുള്ളൂ… ഒരു പ്രാർത്ഥന മാത്രമേയുള്ളൂ… റാമിന് വേണ്ടി മറ്റൊരു അവകാശി ഉണ്ടാകരുതെന്ന്… അച്ഛാ….. ദിയയുടെ വിളിയാണ് അദ്ദേഹത്തെ ചിന്തയിൽ നിന്നും ഉണർത്തിയത്… റാം ഇതെവിടെ പോയി കിടക്കുകയാണ്…

ഇതുവരെ എത്തിയില്ലല്ലോ… ടെൻഷൻ ആവാതെ ഇരിക്കു മോളെ… അച്ഛൻ ഒന്ന് താഴെ പോയി തിരക്കട്ടെ… റിസപ്ഷനിൽ ആരെങ്കിലും കാണുമല്ലോ.. ഐ സി യുവിനു മുൻപിൽ ഒരുപോള കണ്ണടയ്ക്കാതെ കസേരയിൽ ഇരിക്കുകയായിരുന്നു അഞ്ജലി… ഉണ്ണിക്കുട്ടൻ അവളുടെ കയ്യിൽ ഇരുന്നു നല്ല ഉറക്കത്തിൽ ആണ്… ദേവമ്മയും നല്ല ഉറക്കത്തിൽ ആണ്… അവളുടെ മനസ്സു മുഴുവൻ അകത്തു കിടക്കുന്ന അനന്തനിൽ ആണ്… നഷ്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടിയിരിക്കുകയാണ്…എന്റെ അനന്തേട്ടൻ… അവൾ താലിയിൽ മുറുകെ പിടിച്ചു… ഐ സി യു വിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അഞ്ജലി മുഖമുയർത്തി നോക്കിയത്…. സിസ്റ്റർ ആണ്… ആൾക്ക് ബോധം വീണിട്ടുണ്ട്… ഒരാൾക്ക് കയറി കാണാം കേട്ടോ…അഞ്ജലി ഉണ്ണിക്കുട്ടനെയും കൊണ്ട് പിടഞ്ഞെഴുന്നേറ്റു…

ഉണ്ണിക്കുട്ടനെ ഉണർത്താതെ ദേവമ്മയെ വിളിച്ചു ഉണർത്തി ആ കൈകളിലേക്ക് വച്ചുകൊടുത്തു… പിന്നെ മെല്ലെ അകത്തേക്ക് കയറി…. ശരീരത്തിൽ നിറയെ ട്യൂബുകളും ഘടിപ്പിച്ച് ഓക്സിജൻ മാസ്ക്കും വെച്ച് കിടക്കുന്ന അനന്തനെ കണ്ടപ്പോൾ അവളുടെ നെഞ്ചിൽ ഒരു നീറ്റൽ പടർന്നു… അവൾ മെല്ലെ അവന് അരികിലേക്ക് നടന്നു… നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ മാടിയൊതുക്കി വെച്ചു… തന്റെ അടുത്തു ആരുടെയോ സാമിപ്യം അറിഞ്ഞ അവൻ കണ്ണുകൾ മെല്ലെ തുറന്നു നോക്കി… ദിയ അല്ല… പെട്ടന്നാണ് അവന്റെ ഓർമയിലേക്ക് തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി കടന്നു വന്നത്… അവൻ ഒരു ഞെട്ടലോടെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി…

പിന്നെ മറുകൈകൊണ്ട് ഓക്സിജൻ മാസ്ക് മെല്ലെ താഴ്ത്തി വെച്ചു… കുറെ നേരം കണ്ണിമയ്ക്കാതെ അവളെ നോക്കി കിടന്നു…. പിന്നെ അവളോട് ആയി പറഞ്ഞു… എനിക്ക് ഒന്നും ഓർമ്മയില്ല… ദിയയും അച്ഛനും പറഞ്ഞതു മാത്രമേ എനിക്ക് അറിയൂ… ഇങ്ങനെ ഒരു ഭാര്യയും കുഞ്ഞും ഉള്ളതൊന്നും എനിക്കറിയില്ല… ഇന്ന് എന്റെ വിവാഹമായിരുന്നു…..ദിയയുമായി… സത്യമാണോ നിങ്ങളൊക്കെ പറയുന്നത്…. എന്റെ പേര് റാം എന്നല്ലേ… ദിയയും അച്ഛനും പറ്റിച്ചത് പോലെ പറ്റിക്കുകയൊന്നും അല്ലല്ലോ അല്ലേ… പലപ്പോഴും എനിക്ക് എന്തോ എവിടെയൊക്കെയോ തെറ്റ് പറ്റുന്ന പോലെ തോന്നിയിരുന്നു… പക്ഷേ ഒന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല… എന്തൊക്കെയോ ഓർമ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു… നിറകണ്ണുകളോടെ തന്റെ മുൻപിൽ നിൽക്കുന്ന അഞ്ജലിയുടെ മുഖത്തേക്ക് അവൻ നോക്കി…

തന്റെ ഭാര്യ എന്ന് അവകാശപ്പെടുന്നവൾ…. ഓർമ്മയുടെ ഒരു കണിക പോലും വരുന്നില്ലല്ലോ ഈശ്വരാ…. എന്തൊരു പരീക്ഷണമാണിത്…. അപ്പോഴാണ് സിസ്റ്റർ അവർക്കരികിലേക്ക് വന്നത്… കുറച്ചുകഴിയുമ്പോൾ ആളെ റൂമിലേക്ക് മാറ്റാം കേട്ടോ… ഇപ്പോൾ വെളിയിലേക്ക് ഇറങ്ങി നിൽക്കണം… ഡോക്ടർ വരാൻ സമയമായി…. എട്ടു മണിയോട് കൂടിയാണ് ഡോക്ടർ റൗണ്ട്സിന് എത്തിയത്… അപ്പോൾ തന്നെ അനന്തനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു… ബെഡിൽ കടക്കുകയായിരുന്ന അനന്തന് അരികിലേക്ക് വന്നു ദേവമ്മ നിറകണ്ണുകളോടെ നിന്നു… അനന്തൻ കുഞ്ഞേ ഒക്കെ ശരിയാവും… വിഷമിക്കേണ്ട കേട്ടോ… അപ്പോഴാണ് അഞ്ജലി ഉണ്ണികുട്ടനെയും കൂട്ടി അകത്തേക്ക് കയറിയത്… ഉണ്ണിക്കുട്ടൻറെ കുഞ്ഞികണ്ണുകൾ അവന്റെ അച്ഛനു നേരെ നീണ്ടു…

പിന്നെ ആ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു… തന്നെ നോക്കി കിടക്കുന്ന അച്ഛനെ നോക്കി നാണത്തോടെ അവൻ തല മെല്ലെ അഞ്ജലിയുടെ തോളിലേക്ക് ചായ്ച്ചു.. അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ട അനന്തന്റെ ചുണ്ടിൽ അവൻ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു…. ദേവമ്മ ഉണ്ണിക്കുട്ടനോടായി ചോദിച്ചു.. മോന് അറിയുമോ ഇതാരാണെന്ന്… അച്ഛ…. അവൻ നാണത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും മുഖം അഞ്ജലിയുടെ തോളിലേക്ക് അമർത്തി… അനന്തന്റെ കണ്ണുകൾ നിറഞ്ഞു… നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതിരിക്കാനായി അവൻ രണ്ടു കണ്ണുകളും ഇറുക്കിയടച്ചു…. ഉണ്ണിക്കുട്ടൻറെ അച്ചാ എന്ന വിളി അവന്റെ കാതിൽ മുഴങ്ങി കേട്ടു… ഈശ്വരാ…തനിക്ക് വേണ്ടി കാത്തിരിക്കുന്ന ഈ രണ്ടു ജന്മങ്ങൾ ഉണ്ടെന്ന് അറിയാതെ ഒരു മഹാപാപം ചെയ്തു പോയേനെയല്ലോ താൻ…

എന്തിനാണ് ദിയയും അച്ഛനും തന്നോട് കള്ളം പറഞ്ഞത്… അവൻ ഓരോന്ന് ആലോചിച്ചുകൊണ്ട് മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി… തനിക്ക് ഒന്നും ഓർമ്മയില്ല….പക്ഷേ സത്യങ്ങൾ അറിയാവുന്നവർ ഉണ്ടായിരുന്നു തന്റെ കൂടെ… അത്‌ അറിയേണ്ടവരിൽ നിന്നു തന്നെ അറിയണം…. അവൻ തല ചരിച്ച് അഞ്ജലിയുടെയും ഉണ്ണിക്കുട്ടൻറെയും മുഖത്തേക്ക് നോക്കി… വീണ്ടും വീണ്ടും ആ രണ്ടു മുഖങ്ങളും ഓർത്തെടുക്കാൻ ആയി ഒരു ശ്രമം നടത്തി… ഒരു പുകപോലെ എന്തോ ഓർമ്മയിലേക്ക് വന്നപ്പോൾ അതിലും ശക്തിയായി വർദ്ധിച്ചുവന്ന തലയുടെ പെരുപ്പ് കാരണം അവൻ ശക്തിയായി തല ഇരു സൈഡിലേക്കും വെട്ടിച്ചു… അഞ്ജലി ആകുലതയോടെ അനന്തന് അരികിലേക്ക് ഓടി വന്നു…

അനന്തേട്ടാ.. എന്താ…എന്ത് പറ്റി…അവൾ അവന്റെ തലയിൽ തലോടി… പെട്ടെന്നുള്ള അഞ്ജലിയുടെ ആ പ്രവർത്തിയിൽ അനന്തന് എന്തോ ഒരു വല്ലായ്മ തോന്നി…അവൻ പെട്ടെന്ന് മുഖം തിരിച്ചു… അഞ്ജലിയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു തുളുമ്പി… അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി… പിന്നെ ദേവമ്മയെ നോക്കി ഒരു വാടിയ പുഞ്ചിരിയോടെ വെളിയിലേക്കിറങ്ങി…….തുടരും…..

അഞ്ജലി: ഭാഗം 19

Share this story