ആത്മിക : ഭാഗം 12

ആത്മിക : ഭാഗം 12

എഴുത്തുകാരി: ശിവ നന്ദ

പാർക്കിലെ തണൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുവായിരുന്നു അവർ മൂന്നും.ടീനയുടെ തുറന്ന് സംസാരത്തിൽ അമ്മുവിന് അവളോട് വല്ലാത്ത അടുപ്പം തോന്നി.ആൽബിയുടെ ഫോണിലുള്ള അവരുടെ ഫോട്ടോസ് കാണിച്ച് കൊണ്ട് അവരുടെ ബന്ധത്തെ കുറിച്ചൊക്കെ ടീന അവൾക്ക് പറഞ്ഞ് കൊടുത്തുകൊണ്ടിരുന്നു. “ഇതാണ് കളരിയ്ക്കൽ ജോൺ ഡേവിഡ്.ഇവന്റെ അപ്പൻ..ഇതാണ് എന്റെ പപ്പാ..കുര്യാക്കോസ്.രണ്ട് പേരും ചങ്കും കരളും ആയിരുന്നു.അവരുടെ ആ ബന്ധം ഇപ്പോൾ ഞങ്ങളിലൂടെ തുടരുന്നു. ഞാനും ഇവനും തമ്മിൽ ഒരുവയസ്സിന്റെ വ്യത്യാസം ഉണ്ട്.മമ്മിക്ക് മുലപ്പാൽ കുറവായിരുന്നത് കൊണ്ട് അമ്മച്ചിയാണ് എനിക്ക് പാല് തന്നിരുന്നത്.അതുകൊണ്ട് തന്നെ പാലിന് വേണ്ടി ഞാനും ഇവനും തമ്മിൽ അടി ആയിരുന്നെന്നാ എല്ലാവരും പറയുന്നത്”

“പാലുകുടിച്ച് പാലുകുടിച്ച് നീ എന്റെ അമ്മച്ചിയെ അങ്ങ് സ്വന്തമാക്കിയില്ലേടി..” ആൽബിയുടെ പരാതി കേട്ട് അമ്മു അവനെ ഒന്ന് നോക്കി.ഇന്നലെ രാത്രിയിൽ താൻ കണ്ട ആ ഗൗരവക്കാരൻ അല്ല..പകരം കുസൃതി നിറഞ്ഞ മുഖമായിരുന്നു അവന് ഇപ്പോൾ. “ഇങ്ങനെ ഒക്കെ പറയുമെങ്കിലും ഞങ്ങള്ക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ പറ്റില്ലായിരുന്നടോ.അതുകൊണ്ടാ ഇവനെ സ്കൂളിൽ ചേർത്തപ്പോൾ കൂടെ പോകണമെന്ന് പറഞ്ഞ് ഞാൻ വാശി പിടിച്ചത്.അങ്ങനെ ഞങ്ങളെ ഒരുമിച്ച് സ്കൂളിൽ ആക്കി.പ്ലസ് വൺ ആയപ്പോൾ കിച്ചുവും ഞങ്ങളുടെ കൂടെ ചേർന്നു.” “ചേച്ചി ഇപ്പോൾ എന്ത് ചെയ്യുവാ?” അമ്മുവിന്റെ ചോദ്യത്തിന് ടീന തലചരിച്ച് ആൽബിയെ ഒന്ന് നോക്കി.ഇത് തന്നെ ബാധിക്കുന്ന ചോദ്യമല്ലെന്ന ഭാവത്തിൽ അവൻ മറ്റെങ്ങോ നോക്കിയിരുന്നു. “അതിനെ കുറിച്ചൊന്നും പറയാതിരിക്കുന്നതാ ഭേദം.

വല്യ വല്യ സ്വപ്നങ്ങളൊക്കെ ആയിരുന്നു എനിക്ക്..ഫോട്ടോഗ്രഫി, ഫാഷൻ ഡിസൈനിങ്..പക്ഷെ അപ്പൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കളരിയ്ക്കൽ ഗ്രൂപ്സ്‌ നശിച്ച് പോകാതിരിക്കാൻ ഞാൻ എന്റെ ട്രാക്ക് ഒന്ന് മാറ്റിപിടിച്ചു.” ടീന പറഞ്ഞതൊന്നും മനസിലാകാതെ അവളെ തന്നെ നോക്കിയിരിക്കുവാണ് അമ്മു.ടീന അവളുടെ തോളിലൂടെ കൈയിട്ട് ബാക്കി പറഞ്ഞ് കൊടുത്തു. “അപ്പൻ മരിച്ചിട്ട് ഇപ്പോൾ എട്ട് വർഷം ആയി.അന്ന് ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുവായിരുന്നത് കൊണ്ട് ബിസിനസ്‌ എല്ലാം അമ്മച്ചി അങ്ങ് ഏറ്റെടുത്തു.സത്യം പറഞ്ഞാൽ നമുക്കൊക്കെ റോൾ മോഡൽ ആക്കാൻ പറ്റിയ ആളാണ് അമ്മച്ചി.എന്റെ പപ്പയും മമ്മിയും ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടായിരുന്നെങ്കിലും അമ്മച്ചിയുടെ ഒറ്റയൊരാളുടെ കഴിവിലാണ് കമ്പനി ഇത്രയും വളർന്നത്.

ഡിഗ്രി കഴിഞ്ഞ് എന്റെ ഇഷ്ടപ്രകാരം ഫാഷൻ ഡിസൈനിങ് പഠിക്കാനായി ബാംഗ്ലൂർ പോകാനിരുന്നതാ ഞാൻ.പക്ഷെ ഇവൻ ഒരുത്തന്റെ നിർബന്ധത്തിന് ഞാനും ഇവന്റെ കൂടെ MBAയ്ക്ക് പോയി.അതെനിക്കിട്ടുള്ള പണി ആണെന്ന് കോഴ്സ് കഴിഞ്ഞപ്പോഴാ എനിക്ക് മനസിലായത്” “എന്ത് പണി??” “ഇവന് അറിയാരുന്നു പഠിത്തം കഴിഞ്ഞാൽ അമ്മച്ചി ബിസിനസ്‌ എല്ലാം ഇവനെ ഏല്പിക്കുമെന്ന്.അതുകൊണ്ട് തന്ത്രപരമായി എന്നെകൊണ്ട് എംബിഎ എടുപ്പിച്ചിട്ട് ഒരു സുപ്രഭാതത്തിൽ ഒരു ഫയൽ എന്നെ ഏൽപ്പിച്ചിട്ട് പറഞ്ഞു: “ഞാനൊരു ആൺകൊച്ച് അല്ലേടി.ഇപ്പോഴേ ഉത്തരവാദിത്വം ഏറ്റെടുത്താൽ എന്റെ ലൈഫ് എൻജോയ് ചെയ്യാൻ പറ്റില്ലല്ലോ.അതുകൊണ്ട് തത്കാലം ഓഫീസിലെ കാര്യങ്ങൾ ഒക്കെ നീ നോക്ക്.”

ഇവന്റെ വാക്ക് വിശ്വസിച്ച് ഞാൻ വാങ്ങിയ ആ ഫയൽ കഴിഞ്ഞ 4 വർഷമായിട്ട് എന്റെ ഷെൽഫിൽ ഇരിപ്പുണ്ട്.ഇനിയും കുറേ വർഷം കൂടി അതവിടെ തന്നെ ഇരിക്കുമെന്ന് എനിക്ക് ഉറപ്പാ” ദീർഘമായി നിശ്വസിച്ച് കൊണ്ട് ടീന അത്രയും പറഞ്ഞ് നിർത്തിയതും അമ്മു ആൽബിയെ ഒന്ന് നോക്കി.അവൻ അവിടെ കിടന്നു ഒരു ഇല എടുത്ത് തിരിച്ചും മറിച്ചും നോക്കികൊണ്ട് ഇരിപ്പുണ്ട്..ചുണ്ടിൽ ആ കള്ളചിരിയും ഒളിപ്പിച്ച്. “ആഹ് പിന്നെ ഇവൻ എനിക്കൊരു സഹായം ചെയ്ത് തന്നു.ഇവനെ എങ്ങനെയും ഓഫീസിൽ എത്തിക്കാൻ വേണ്ടി ഞാൻ പറഞ്ഞു എനിക്ക് ഒറ്റക്ക് എല്ലാം കൂടി നോക്കാൻ പറ്റില്ലെന്ന്.അതിന് ഇവൻ ആ ജെറിയെയും എന്നെപോലെ ബലിയാടാക്കി.

ലൈഫ് എൻജോയ് ചെയ്യണമെന്ന് പറഞ്ഞ ഇവൻ തന്നെയാ ഇരുപത്തിരണ്ടാമത്തെ വയസിൽ ആ ഇത്തിരിപ്പോന്ന ചെക്കനെ എടുത്താൽ പൊങ്ങാത്ത പണി ഏല്പിച്ചത്..” “ജെറി???” അമ്മുവിന്റെ സംശയത്തോടെ ഉള്ള ചോദ്യത്തിന് ടീന ഫോണെടുത്ത് ഒരു ഫോട്ടോ കാണിച്ച് കൊടുത്തു.കുറ്റിത്താടിയും മീശയും കണ്ണിൽ കുസൃതിയും ഒളിപ്പിച്ച് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ജെറിയുടെ ഫോട്ടോ കണ്ട് അമ്മു ആൽബിയെ നോക്കി.എവിടൊക്കെയോ ആൽബിയുടെ ചെറിയ ഛായ ഉണ്ട്.പക്ഷെ ആൽബിയുടെ മുഖത്ത് ഉള്ള ഗൗരവം ജെറിയുടെ മുഖത്ത് ഇല്ല.. “ഇതാണ് ജെറി.ഞങ്ങളുടെ കുഞ്ഞനിയൻ” “എന്റെ അനിയൻ..” അത്രയും നേരം നിശബ്ദനായിരുന്ന ആൽബി ജെറിയുടെ കാര്യം വന്നപ്പോൾ സംസാരിക്കാൻ തുടങ്ങിയത് അമ്മു ശ്രദ്ധിച്ചു.

“താൻ പേടിക്കണ്ട..ജെറിയുടെ കാര്യത്തിൽ ഇവൻ കുറച്ചധികം പോസ്സസീവ് ആണ്.ഇവന്റെ ഇളയപ്പന്റെ മോനാ..അങ്കിളും ആന്റിയും കാനഡയിൽ സെറ്റിൽഡ് ആണ്.ജെറിയുടെ അഞ്ചാം ക്ലാസ്സിലെയോ മറ്റോ വെക്കേഷന് നാട്ടിൽ വന്നതാ.അന്ന് ആൽബിയും ആയിട്ട് കൂട്ടായി..പിന്നെ ചെക്കൻ തിരിച്ച് കാനഡയിലേക്ക് പോയിട്ടില്ല.ഇവന്റെ വീട്ടിൽ തന്നെ കൂടി..ഞങ്ങൾക്ക് ആകെയുള്ള ഞങ്ങളുടെ കുഞ്ഞനിയനായി..ഇപ്പോൾ കളരിയ്ക്കൽ ഗ്രൂപ്പ്‌സിന്റെ ഓൾ ഇൻ ഓൾ..” “അപ്പോൾ അനിയത്തി ആയിട്ട് ആരുമില്ലേ??” നിഷ്കളങ്കമായിരുന്നു അമ്മുവിന്റെ ആ ചോദ്യം.എന്നാൽ അത് കേട്ടതും ടീനയുടെ മുഖം വാടിയത് അവൾ ശ്രദ്ധിച്ചു.എന്തെങ്കിലും തെറ്റ് പറഞ്ഞോന്നുള്ള പേടിയിൽ അവൾ ആൽബിയെ നോക്കിയപ്പോൾ കുറച്ച് മുൻപ് വരെ അവന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ആ ചിരി ഇപ്പോൾ ഇല്ല.

ഒരുതരം നിസ്സംഗ ഭാവം..അവന്റെ കണ്ണിൽ നീർപൊടിഞ്ഞത് പോലെ അമ്മുവിന് തോന്നി. “നിങ്ങൾ ഇരിക്ക്..ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം” ഒരു രക്ഷപെടൽ എന്നോണം അവൻ പോയതും അമ്മുവിന് വല്ലാത്ത കുറ്റബോധം തോന്നി.. “ഞങ്ങൾക്കൊരു അനിയത്തികുട്ടി ഉണ്ടായിരുന്നടോ..ചിക്കു..” “കിച്ചേട്ടന്റെ???” “മ്മ്മ്…” “അയ്യോ സോറി ചേച്ചി..എനിക്കറിയില്ലായിരുന്നു കിച്ചേട്ടന്റെ അനിയത്തിയും നിങ്ങളും തമ്മിൽ…” “ഞങ്ങൾ ഒരു കുടുംബം പോലെ കഴിഞ്ഞതാ ആത്മിക.കിച്ചുവിനെക്കാൾ അവൾക്ക് അടുപ്പം ആൽബിയോട് ആയിരുന്നു.ക്രിസ്മസ് വെക്കേഷൻ ആയാൽ അവൾ ഞങ്ങളുടെ വീട്ടിൽ കാണും.പകൽ മുഴുവൻ ആൽബിയെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചും രാത്രിയിൽ എന്നെ കെട്ടിപിടിച്ച് ഉറങ്ങിയും ഞങ്ങളുടെ ജീവന്റെ ഭാഗമായവൾ….”

ഒന്നും പറയാനില്ലാതെ അമ്മു ഇരുന്നു.അവളുടെ മനസ്സിൽ അപ്പോൾ ചിക്കുവിന്റെ മുഖം തെളിഞ്ഞ് വന്നു.സ്നേഹിക്കാൻ ചുറ്റിനും ഒരുപാട് പേരുണ്ടായിട്ടും അതൊന്നും അധികനാൾ അനുഭവിക്കാൻ യോഗമില്ലാതെ പോയ ഒരു പെൺകുട്ടി..ഇന്നും അവളുടെ ഓർമകളിൽ നീറുന്ന ഏട്ടന്മാരും ചേച്ചിയും… തിരികെ വീട്ടിലേക്ക് വരുമ്പോഴേക്കും അമ്മു അവരിൽ ഒരാളായി മാറിയിരുന്നു..ടീന അങ്ങനെ മാറ്റിയെടുത്തു…അപ്പോഴും ആൽബിയോട് അവൾ അധികം സംസാരിച്ചില്ല..അവനും അതിന് ശ്രമിച്ചില്ല. “കിച്ചു വന്നെന്ന് തോന്നുന്നു..” ആൽബി പറഞ്ഞതും അമ്മു വെപ്രാളത്തോടെ കാറിൽ നിന്നിറങ്ങി. “പതിയെ പോടോ..” “അത് ചേച്ചി….കിച്ചേട്ടന്റെ കൂടെ ദേവു..” “മ്മ്മ് ചെല്ല് ചെല്ല്..” അവളുടെ സന്തോഷത്തോടെയുള്ള പോക്ക് കണ്ട് ആൽബിയും ടീനയും അകത്തേക്ക് കയറി.അവിടെ കത്രീനാമ്മയോട് സംസാരിച്ചിരിക്കുന്ന കിച്ചനെയും ദേവുവിനെയും കണ്ടതും അമ്മു ഒന്ന് നിന്നു.

അവളെ കണ്ടതോടെ ദേവു സോഫയിൽ നിന്നെഴുന്നേറ്റ് മാറി. “ദേവൂ….” “വിളിക്കരുത് നീ എന്നെ..” “അങ്ങനെ പറയല്ലേ ദേവു.” “പിന്നെ എങ്ങനെ പറയണം ഞാൻ..ഏഹ്..എല്ലാം ഉള്ളിൽ ഒതുക്കിയല്ലേ നീ എന്റെ കൂടെ നടന്നത്..ഞാൻ നിനക്ക് ആരുമല്ലാരുന്നോ അമ്മു??” “അങ്ങനെ അല്ല ദേവു..ഹർഷേട്ടനെ നീ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയാവുന്ന ഞാൻ…” “ആ നിനക്ക്..ഞാൻ നിന്നേ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയില്ലേ..നിന്റെ വാക്കുകളെ തള്ളിക്കളയാൻ എനിക്ക് പറ്റുമോടി..ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും ഓർമവെച്ച കാലം മുതൽ ഒരു മനസ്സായി ജീവിച്ചതല്ലേ നമ്മൾ..എന്നിട്ടും നീയെന്നെ മനസിലാക്കിയില്ലല്ലോ…” “സോറി ദേവു..എന്റെ തെറ്റാ..സോറി..” “മതി ഇനി കരയണ്ട..കഴിഞ്ഞതൊക്കെ കഴിഞ്ഞു..ആ നരകത്തിൽ നിന്ന് എന്റെ മോള് രക്ഷപെട്ടല്ലോ”

“ഹർഷേട്ടൻ???” “ഇന്നലെ രാത്രിയിൽ വീട്ടിൽ വന്നു.ഞാൻ ഒന്നും അറിഞ്ഞില്ലെന്ന് കരുതി കുറേ സംസാരിച്ചു..ഒടുവിൽ വെറുപ്പാണെന്ന് എന്റെ വായിൽ നിന്ന് കേട്ടപ്പോൾ പോയി..പിന്നെ കണ്ടില്ല..” ദേഷ്യത്തോടെ പറയുമ്പോഴും ദേവുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.അപ്പോഴാണ് കുറച്ചപ്പുറം മാറി നിന്ന് തന്നെ നോക്കുന്ന ദിയയെ അമ്മു കണ്ടത്. “ദിയേച്ചി…..” അമ്മുവിന്റെ വിളിയിൽ നിറഞ്ഞ് വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അടുത്തേക്ക് വന്നു.താൻ അടിച്ച അമ്മുവിന്റെ കവിളിൽ മൃദുവായി തടവി.. “മോള് ചേച്ചിയോട് ക്ഷമിക്കണം..അന്തമായ പ്രണയം കാരണം അയാളിലെ മൃഗത്തെ ഞാൻ അറിയാതെ പോയി.” “ചേച്ചി…” “എല്ലാ തവണയും എന്റെ പ്രണയത്തെ മുതലെടുത്ത് അയാൾ എന്റെ അടുത്ത് വരുമ്പോഴും നീ ആണ് എന്റെ രക്ഷക്ക് എത്തിയിരുന്നത്..നീ ഇല്ലായിരുന്നെങ്കിൽ….

ഇപ്പോൾ ജീവനോടെ നിൽക്കാൻ തന്നെ കാരണം നീയാണ്..അല്ലെങ്കിൽ വിലപെട്ടതൊക്കെ നഷ്ടപെട്ടതോർത്ത് ഒരുമുഴം കയറിൽ അവസാനിച്ചേനെ ഞാൻ.” “ഇത് തന്നെയാണ് നിങ്ങളുടെ ഒക്കെ കുഴപ്പം” ദിയ പറഞ്ഞ് അവസാനിപ്പിച്ചതും ആൽബിയുടെ ശബ്ദം അവിടെ മുഴങ്ങി. “ഒരു പെണ്ണെന്നാൽ വെറും ശരീരം മാത്രമല്ല.പ്രണയത്തിന്റെ പേരിൽ അവൻ നിന്നെ ഭോഗിച്ചാലും റേപ്പ് ചെയ്താലും ഇല്ലാതാകുന്നത് ഒരുതുള്ളി രക്തമാണ്.അത് നിന്നിലെ പെണ്ണിനെ..നിന്നിലെ സ്വപ്നങ്ങളെ..ഇല്ലാതാക്കാൻ സമ്മതിക്കരുത്.തോറ്റുകൊടുക്കാതെ വാശിയോടെ ജീവിച്ച് കാണിക്കണം..” “എല്ലാവരും ഇച്ചായനെ പോലെ ചിന്തിക്കുന്നവർ അല്ല.സമ്മതത്തോടെ ആണെങ്കിലും അല്ലെങ്കിലും ആ ഒരുതുള്ളി രക്തത്തിലാണ് പെണ്ണിന്റെ ഭാവി എന്ന് ചിന്തിക്കുന്ന ഒരു സമൂഹം നമുക്കുണ്ട്.”

“ആ സമൂഹത്തിൽ തന്നെയുള്ളവർ അല്ലേ ഞാനും കിച്ചുവും ഒക്കെ..ഞങ്ങളെ പോലെ നട്ടെല്ലിന് ഉറപ്പുള്ളവർ ഉണ്ട് നിങ്ങളെ പോലുള്ളവർക്ക് സപ്പോർട്ടിന്.അല്ലേ ആത്മിക??? ” ആ ചോദ്യം തന്നോട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാതെ നിന്നതിനാൽ ആൽബിയുടെ പെട്ടെന്നുള്ള വിളിയിൽ അമ്മു ഒന്ന് ഞെട്ടി.ആ ഞെട്ടൽ അവിടെ ഒരു കൂട്ടച്ചിരിക്ക് വഴിതെളിച്ചു.അപ്പോഴാണ് ആൽബിക്ക് ഒരു മെസ്സേജ് വന്നത്. “അമ്മച്ചി ജെറി എത്തി..ഞാൻ അവനെ പിക്ക് ചെയ്തിട്ട് വരാം” ജെറി എത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.ആൽബി പോയതും ദിയ ദേവുവിനെ ഒന്ന് തോണ്ടി. “ആരാ ജെറി??” “ആൽബിച്ചായന്റെ അനിയനാ..” “ഇച്ചായനെ പോലെ ആണോ??” “എന്താ ചേച്ചി??” “അല്ല നമ്മുടെ അമ്മു..” “ദിയ പേടിക്കണ്ട..

ഞങ്ങളെക്കാൾ വിശ്വസിക്കാം ജെറിയെ.എല്ലാവരുമായിട്ട് പെട്ടെന്ന് കൂട്ടാകും അവൻ.അവൻ വന്ന് കഴിഞ്ഞാൽ അമ്മു ഇങ്ങനെ സൈലന്റ് ആയിട്ട് നിൽക്കാൻ ഒന്നും സമ്മതിക്കില്ല” “ഞങ്ങൾക്കും അത് തന്നെയാണ് കിച്ചേട്ടാ വേണ്ടത്..ഇവളെ ആ പഴയ അമ്മു ആക്കി മാറ്റണം” സംസാരിക്കുന്നതിന് ഇടയ്ക്കാണ് കിച്ചന് ഒരു കാൾ വന്നത്.മറുതലയ്ക്കൽ ഹർഷൻ ആണെന്ന് മനസ്സിലായതും അവൻ എല്ലാവരിൽ നിന്നും മാറി നിന്നും.ഫോൺ വെച്ചിട്ട് വരുന്നവനെ ദേവു സംശയത്തോടെ നോക്കി. “ആരാ കിച്ചേട്ടാ വിളിച്ചത്?? എന്താ മുഖം വല്ലതിരിക്കുന്ന” “ഏയ് ഒന്നുമില്ല..ഓഫീസിൽ നിന്ന് വിളിച്ചതാ..ഞാൻ ഇപ്പോൾ വരാം” “പെട്ടെന്ന് വരണേ..ഞങ്ങൾക്ക് വീട്ടിൽ എത്തണം” “മ്മ്മ്…” കാറിന്റെ കീയും എടുത്ത് ഇറങ്ങിയ കിച്ചന്റെ പിറകെ ടീനയും ചെന്നു. “എന്തെങ്കിലും പ്രശ്നം ഉണ്ടോ കിച്ചു??”

“ടീന നീ അവരോട് ഒന്നും പറയണ്ട..ഞാൻ ഹർഷനെ ഒന്ന് കണ്ടിട്ട് വരാം..അവന് എന്നോട് സംസാരിക്കണമെന്ന്” “നീ ഒറ്റക്ക് പോകണ്ട..ആൽബി വരട്ടെ” “കുഴപ്പം ഒന്നുമില്ലടി..അവൻ എന്നെ ഒന്നും ചെയ്യില്ല..അവന്റെ ഭാഗം ന്യായീകരിക്കാൻ വിളിച്ചത് ആകും..ആ പൊട്ടന് അറിയില്ലല്ലോ അവന്റെ ചരിത്രം കണ്ടുപിടിച്ചത് തന്നെ ഞാനാണെന്ന്” ചിരിയോടെ അതും പറഞ്ഞ് പോകുന്നവനെ ടീന നോക്കി നിന്നു. “അമ്മുസേ..നീ ഹാപ്പി അല്ലേ?? ” “ആണ് ദേവൂട്ടി…ഒറ്റ രാത്രിയിലെ പരിചയം മാത്രമേ ഈ കുടുംബവും ആയിട്ട് എനിക്കുള്ളൂ.പക്ഷെ എന്നോട് ഇവർ കാണിക്കുന്ന ഈ അടുപ്പം…അമ്മച്ചിയുടെ മോളെ എന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും” “നമുക്ക് ഇച്ചായനെ കൊണ്ട് ഇവളെ കെട്ടിച്ചാലോ ദേവു..

അതാകുമ്പോൾ ഇവൾക്ക് ജീവിതാവസാനം വരെ സന്തോഷത്തോടെ ഇവിടെ കഴിയാലോ” ദിയ പറഞ്ഞത് കേട്ട് അമ്മു ദയനീയമായി അവളെ ഒന്ന് നോക്കി.ദിയ പല്ല് മുഴുവൻ കാട്ടി വെളുക്കെ ഒന്ന് ചിരിച്ചു. “അതൊന്നും നടക്കില്ല ചേച്ചി..കളരിയ്ക്കൽ ഗ്രൂപ്പ്‌സിന്റെ അധിപൻ ആണ് ഇച്ചായൻ…കോടീശ്വരന്മാർ അവരുടെ മക്കളെ ഇച്ചായനെ കൊണ്ട് കെട്ടിക്കാൻ ക്യു നിൽകും..അതുകൊണ്ട് എന്റെ അമ്മുസിനെ പോലത്തെ പാവം കൊച്ചിനെ ഒന്നും ഇച്ചായൻ സ്വപനത്തിൽ പോലും ആഗ്രഹിക്കില്ല” “അങ്ങനെ പറഞ്ഞ് കൊടുക്ക് ദേവു..ആ ടീന ചേച്ചിയെ പോലുള്ള ബോൾഡ് പെൺകുട്ടികളെ ഒക്കെയേ പുള്ളിക്ക് ഇഷ്ടപെടു..പിന്നെ ഞാൻ ഇങ്ങനെ ഉള്ള ജീവിതം ഒന്നും ആഗ്രഹിക്കുന്നതും ഇല്ല” “പക്ഷെ അമ്മു..നീ ആഗ്രഹിക്കുന്ന ജീവിതം ഇനി നിനക്ക് സ്വപ്നം കാണാലോ.”

ദേവു എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകാതെ അമ്മു അവളെ നോക്കി. “നീ ആഗ്രഹിച്ചത് എന്താ..പഠിക്കണമെന്ന്..നിന്റെ സ്വപ്നം എന്തായിരുന്നു..IAS” “അതിന്??” “എന്റെ വീട്ടിൽ നിൽക്കുന്നിടത്തോളം കാലം നിനക്ക് ആ സ്വപ്നം നേടിയെടുക്കാൻ കഴിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ അങ്ങനെ അല്ല..” “വേണ്ട ദേവു..ഇപ്പോൾ തന്നെ എനിക്ക് വേണ്ടി ഇവരൊക്കെ ഒരുപാട് ബുദ്ധിമുട്ടി..ഇനി പഠിക്കണമെന്നൊക്കെ പറഞ്ഞാൽ അത് അതിമോഹം അല്ലേ” “എന്നും ഈ വീട്ടിൽ നിൽക്കാമെന്ന് നിനക്ക് തോന്നുന്നുണ്ടോ അമ്മു??” “ഇല്ല..ഒരു ജോലി ശെരിയാക്കണം” “നല്ലൊരു ജോലിക്കുള്ള ക്വാളിഫിക്കേഷൻ നിനക്ക് ഉണ്ടോ?? ഇല്ലല്ലോ..അതുകൊണ്ട് നീ എതിർപ്പ് ഒന്നും പറയണ്ട..കിച്ചേട്ടനോട് ഞാൻ സംസാരിച്ചോളാം..അറ്റ്ലീസ്റ്റ് ഒരു ഡിഗ്രി എങ്കിലും നിനക്ക് വേണം” ദേവുവിന്റെ വാക്കുകൾ അമ്മുവിൽ വീണ്ടും പ്രതീക്ഷയുടെ നിറദീപം തെളിയിച്ചു.

പ്ലസ്ടു ടോപ് മാർക്കോടെ പാസ്സ് ആയത് കൊണ്ട് തനിക് സ്കോളർഷിപ്പോടെ തുടർന്ന് പഠിക്കാൻ പറ്റും..ആരെയും ബുദ്ധിമുട്ടിക്കാതെ തനിക്ക് ജീവിക്കണം. ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് പുറത്ത് ആൽബിയുടെ വണ്ടിയുടെ സൗണ്ട് കേട്ടത്.അപ്പോൾ തന്നെ ആരുടെയോ ഉച്ചത്തിലുള്ള സംസാരവും ബഹളവും ഒക്കെ കേട്ടു. “ജെറി വന്നു” അതും പറഞ്ഞ് അകത്ത് നിന്നും ഇറങ്ങി വരുന്ന അമ്മച്ചിയുടെ പിറകെ അമ്മുവും ദേവുവും ദിയയും പുറത്തേക്ക് ഇറങ്ങി..ബാഗ് ടീനയുടെ കൈയിലേക്ക് കൊടുത്ത് ആൽബിയുടെ തോളിൽ കൈയിട്ട് കയറി വരുന്നവനെ അവർ കണ്ടു..കത്രീനാമ്മയെ ചേർത്ത് പിടിച്ച് ഉമ്മ വെക്കുമ്പോഴാണ് അവൻ പിറകിൽ നിൽക്കുന്ന മൂന്ന് പേരെയും ശ്രദ്ധിച്ചത്..ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് വന്ന് അവൻ അമ്മുവിന് നേരെ കൈ നീട്ടി.. “ഹായ്..ഞാൻ ജെറി..ജെറിൻ ഫ്രാൻസിസ് കളരിയ്ക്കൽ..”….. (തുടരും )

ആത്മിക: : ഭാഗം 11

Share this story