അവന്തിക: ഭാഗം 13

അവന്തിക: ഭാഗം 13

എഴുത്തുകാരി: വാസുകി വസു

അവർ പോയിട്ട് ഇന്നേക്ക് മൂന്ന് പകലും രണ്ടു രാത്രിയും കഴിഞ്ഞിരിക്കണൂ..ഒരിക്കലെങ്കിലും ഇത്രടം ഒന്ന് വിളിച്ചൂടാരുന്നില്ലേ. കണ്ണിലെണ്ണെ ഒഴിച്ച് കാതുകൾക്ക് കൂർപ്പിച്ച് ഒരാളിവിടെ നോമ്പ് നോറ്റിരിക്കണില്ലേ.. ആലോചിക്കും തോറും എന്നിൽ സങ്കടമേറി വന്നു..പ്രാർത്ഥനയും നോമ്പുമായി ഇത്രയും ദിവസം കാത്തിരിക്കണോളല്ലേ..എന്നിട്ടും സാറെന്തേ എന്നെ മറന്നു. ഓരോന്നും ഓർത്ത് ഞാൻ പിന്നെയും ഏങ്ങലടിച്ചു കരഞ്ഞു.. അത്രയേറെ നോവുള്ളിലുണ്ട്. കൂടപ്പിറപ്പ് ഒരുത്തി അവൾക്കെങ്കിലും വിളിച്ചൂടാർന്നല്ലോ..അതെങ്ങനെ സാറിനെ അടുത്ത് കിട്ടിയപ്പോൾ അവൾക്ക് ഇളക്കം കയറിക്കാണും..നേരിട്ടു ഞാൻ കണ്ടതല്ലേ.. പിന്നെയും പിന്നെയും എനിക്ക് ആരാധ്യയോടും സാറിനോടും ദേഷ്യമേറി വരും..പിന്നെയും ഞാൻ തിരുത്തും..

“സാറ് ന്റെയാ ന്റെ മാത്രം ന്റെ സ്വന്തം.ഞാനാർക്കും വിട്ടു കൊടുക്കൂല്ലാ” അലമുറയിട്ട് കരഞ്ഞു… കണ്ണിൽ നിന്ന് ജലധാരകൾ വർഷിച്ചു.. “ന്താ ന്റെ കുട്ടിക്ക് പറ്റീത്” എന്ന് ചോദിച്ചാണ് അച്ഛൻ മുറിയിലേക്ക് കയറി വന്നത്..പതം പറഞ്ഞു കരയുന്ന ഞാൻ അച്ഛനൊരു സങ്കടമായി.. “വിളിച്ചിരുന്നുവോ അച്ഛാ” മിഴിനീരിലും ഞാൻ പ്രതീക്ഷ പുലർത്തി. “ഇല്യാ കുട്ടിയേ..വിളിച്ചിട്ടു കൂടി അങ്ങട് കിട്ടണില്യാ..ന്റെ കുട്ടികൾക്കൊരു ആപത്തും സംഭവിക്കാണ്ടിരുന്നാൽ മതി” അച്ഛൻ നെഞ്ചിലേക്ക് കൈകൾ ചേർക്കണത് കണ്ടു… “ന്റെ കുട്ടി വന്ന് വല്ലതും കഴിക്ക്..എത്രീസായി പട്ടിണി കിടക്കണൂ..വാ കണ്ണാ” “നിക്ക് വിശപ്പില്ല അച്ഛാ…സാറും ചേച്ചിയും വരട്ടെ” എന്നെ കുറച്ചു സമയം കൂടി നോക്കി നിന്നിട്ട് അച്ഛൻ മുറിവിട്ടിറങ്ങി.. ആ കണ്ണുകൾ നിറഞ്ഞത് എന്നെ അലട്ടി.എന്നിട്ടും മുറിവിട്ടിറങ്ങാൻ ഞാൻ തയ്യാറായില്ല.

പിന്നെയും തലയണ ചേർത്ത് പിടിച്ചു കിടന്നു.കണ്ണുനീരൊഴുകിയതത്രയും തലയണയിൽ വീണു കുതിർന്നു.. രാത്രിയിലൊരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല..ഇണ ചേരുന്ന രണ്ടു നാഗങ്ങളാണ് മിഴികളിൽ തെളിഞ്ഞ് വരാ..ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചിരിക്കണൂ..അങ്ങനെ കരുതി..അങ്ങനെയെ എനിക്ക് കരുതാൻ കഴിയൂ..അല്ലെങ്കിൽ ഇത്രയും ദിവസം താമസികൂല്ലല്ലോ. ചിന്തകൾ മനസ്സിനെ പിന്നെയും പ്രാന്ത് പിടിപ്പിച്ച് തുടങ്ങിയതോടെ മുറിയിൽ നിന്ന് ഇറങ്ങി..ഉമ്മറപ്പടിയിൽ ചാരു കസേരയിൽ കണ്ണുകളടച്ചു കിടക്കുക്ന്ന അച്ഛനു അരികിലായിരുന്നു..അച്ഛൻ എന്റെ മുടിയിഴകളിൽ പതുക്കെ തലോടി. “അച്ഛന്റെ കണ്ണൻ സങ്കടപ്പെടണ്ടാ ട്ടൊ..അവർക്ക് ഒരാപത്തും വരാതെ ഭഗവതി കാത്തോളും” അച്ഛന്റെ വാക്കുകളിൽ എനിക്ക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല.. എരിയുന്ന മനസ്സിന്റെ നീറ്റൽ എനിക്കല്ലേ അറിയൂ..

ആ നെഞ്ചിലേക്ക് തല ചായിച്ചു ഞാൻ പൊട്ടിക്കരഞ്ഞു.. സങ്കടങ്ങൾ പിന്നെയും തേങ്ങലായി ഒഴുകി..എന്ത് പറഞ്ഞു എന്നെ ആശ്വസിപ്പിക്കണമെന്ന് മാത്രം അച്ഛന് അറിയില്ലായിരുന്നു.. രാത്രി പിന്നെയും വളർന്ന് തുടങ്ങി.. അച്ഛനു കഞ്ഞി കൊടുത്തു. മരുന്നും കഴിപ്പിച്ചിട്ട് ഞാൻ മുറിയിലേക്ക് കയറി. അടഞ്ഞു കിടന്ന ജനൽ വാതിൽ തുറന്നിട്ടതും വെളിയിൽ നിന്ന് തണുത്ത കാറ്റ് മുഖത്തേക്ക് ഇരച്ചു കയറി.. കാർമേഘങ്ങളിൽ മൂടപ്പെട്ടു നിലാവ് ഉദിക്കാൻ മടിച്ചു നിന്നു.. കുറെ സമയം അങ്ങനെ നിന്നു.. സമയത്തിന്റെ ദൈർഘ്യം ഏറിയതും വന്നു കിടന്നു..കണ്ണുകൾ അടയ്ക്കാൻ കഴിയുന്നില്ല..ശരീരത്തിന്റെ എരിച്ചിലും മനസ്സിന്റെ നീറ്റലും വീണ്ടും മിഴികളിൽ പടർന്നു കയറി.. ഇടയ്ക്ക് എപ്പോഴോ മിഴികളൊന്ന് അടഞ്ഞ് പോയി..അച്ഛന്റെ ശബ്ദം കേട്ടാണു ഉണർന്നത്..നെഞ്ചിലൊരു കൊള്ളിമീൻ പാഞ്ഞു കയറി..

എഴുന്നേറ്റൊരു ഓട്ടം. വെച്ചു കൊടുത്തു. ഉമ്മറപ്പടിയിൽ അച്ഛനും ചേച്ചിയും നിൽക്കുന്നു.. ഞാനാദ്യം തറഞ്ഞു നിന്നു.. പതിയെ കാലുകൾക്ക് വേഗതയേറി.. “സാറ് എവിടെ.. എന്റെ ശിവദ് സാറ് എവിടെ?” മനസ്സ് അലമുറയിട്ട് കരഞ്ഞു… നാലുപാടും പ്രിയപ്പെട്ടവനെ നോക്കി കാണാൻ കഴിഞ്ഞില്ല.. “ചേച്ചി സാറ് എവിടെ?” ആധിയോടെ ചോദിച്ചു പോയി.ചേച്ചിയെന്നെ തുറിച്ചു നോക്കി.. “സാറ് ഇപ്പോൾ പോയതേയുള്ളൂ കണ്ണാ” എന്നെ കാണാതെ സാറ് മടങ്ങിയെന്നോ….വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്ക് പിന്നെയും പ്രാന്ത് പിടിക്കാൻ തുടങ്ങി.. ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. “നല്ല യാത്ര ക്ഷീണം ഉണ്ട്..കുളിച്ചിട്ടൊന്ന് കിടക്കട്ടെ” “വാവ വല്ലതും കഴിച്ചോടാ” അച്ഛന്റെ ആവലാതി നിറഞ്ഞ സ്വരം… “ഞാനും സാറും കൂടി വെളിയിൽ നിന്ന് കഴിച്ചു” “എങ്കിൽ വാവ പോയി കുളിച്ചു കിടന്നോളൂ..

വിശേഷങ്ങൾ രാവിലെ പങ്കുവെയ്ക്കാം” “ശരി അച്ഛാ” ചേച്ചി ബാഗുമായി അവളുടെ മുറിയിലേക്ക് പോയി..അച്ഛൻ അച്ഛന്റെ റൂമിലും.. ഞാൻ മാത്രം തനിച്ചായി അവിടെ.. എന്റെ കണ്ണുനീർ ചാലിട്ടൊഴുകി നിലത്തേക്ക് ചിതറി തെറിച്ചു വീണു.. അപ്പോഴും ഞാനൊരു സ്തംഭനാവസ്ഥയിൽ ആയിരുന്നു… ഇത്രീസം കാത്തിരുന്നതാ കൊതിയോടെ ഒരുനോക്ക് കാണാൻ‌‌.എന്നിട്ട് കാണാതെ മടങ്ങിയിരിക്കണൂ…തകർന്നിരുന്ന എന്നെ വീണ്ടും തകർച്ചയുടെ ആഴങ്ങളിലേക്ക് ആ വാക്കുകൾ തള്ളിവിട്ടു.. കതക് എങ്ങനെയോ അടച്ചു..ഞാൻ മുറിയിലേക്ക് നടന്നു…ശരീരം മാത്രമേ ഇവിടെയുള്ളൂ..മനസ്സ് ഗതിയില്ലാതെ അലയുകയാണ്.. ചേച്ചി അവളുടെ റൂമിലാണു കിടന്നത്..ഞാൻ എന്റെ മുറിയിലും… “ഒന്നു കാണാൻ നിൽക്കാതെ മടങ്ങിയല്ലേ ..നെഞ്ച് നീറ്റിയ വേദനയോടെ എത്രീസം കാത്തിരുന്നു ഒന്ന് കാണാൻ..

ഞാൻ അധികപ്പറ്റായില്ലേ” തലയിണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു… പുലരിയിൽ എപ്പോഴോ മിഴികളടച്ചു… “കണ്ണാ..” രാവിലെ ചേച്ചി വിളിക്കുന്നത് കേട്ടാണു മിഴികൾ വലിച്ചു തുറന്നത്..ഇമകളിൽ വല്ലാത്തൊരു പുളിപ്പറിഞ്ഞു..തല പൊട്ടിപ്പിളർക്കുന്ന വേദന.രണ്ടീസമായി കരഞ്ഞതിന്റെ ആണ്.. എങ്കിലും എഴുന്നേറ്റു.. ചേച്ചി കുളിയൊക്കെ കഴിഞ്ഞു ക്ഷേത്രത്തിൽ പോയി വന്നിരിക്കണൂ..നെറ്റിയിൽ ചന്ദനവരയുണ്ട്.. “എഴുന്നേറ്റു കുളിച്ചിട്ട് വാ കണ്ണാ…ഇന്നു മുതൽ ഞാനും കൂടെയുണ്ട് കോളേജിലേക്ക്” നടുങ്ങിപ്പിടഞ്ഞ് ചേച്ചിയെ നോക്കി…അവളാകെ ഉത്സാഹവതിയാണ്.. ഞാൻ എഴുന്നേറ്റു കണ്ണാടിക്ക് മുമ്പിൽ ചെന്നു നിന്നു…എന്റെ പ്രതിബിംബത്തെ നോക്കി…

മുടി വാരി വിതറി കിടക്കുന്നു.. കണ്ണുകളിൽ സിന്ദൂരച്ചുവപ്പ് അപ്പോഴുമുണ്ട്..കൺപോളകൾ തടിച്ചു വീർത്തിരിക്കുന്നു..അത് ഞാനല്ലെന്ന് എനിക്ക് തോന്നിപ്പോയി.. “കണ്ണാ കുളിച്ചിട്ട് വാടാ” പറഞ്ഞിട്ട് ചേച്ചി മുറിവിട്ടിറങ്ങി പോയി..ഞാൻ ചലിച്ചതേയില്ല..രണ്ടീസം കഴിഞ്ഞു കോളേജിൽ പോയിട്ട്..ഇനി ഞാൻ അങ്ങടേക്കില്ല..സ്വയം തീരുമാനിച്ചു.. ഞാൻ പിന്നെയും മാറിക്കിടന്നു…തല പൊട്ടി പിളർത്തുന്ന തലവേദന.. കണ്ണുകളടച്ചു കിടന്നു.. “കണ്ണാ നീ വരണില്ലേ” ചേച്ചി വീണ്ടും മുറിയിൽ വന്നു…ഞാൻ കണ്ണുകൾ തുറന്നില്ല.. “ഇല്ല ചേച്ചി പൊയ്ക്കോളൂ…നിക്ക് നല്ല തല വേദന ണ്ട്” ചേച്ചി എവിടെ നിന്നോ ബാം എടുത്ത് എന്റെ നെറ്റിയിൽ പുരട്ടി…തടയാൻ മനസ്സ് ആഗ്രഹിച്ചു.. കഴിഞ്ഞില്ല..എനിക്ക് എന്റെ അമ്മയുടെ സാമീപ്യമാണു അനുഭവപ്പെട്ടത്.. “കണ്ണൻ കിടന്ന് മയങ്ങൂ ട്ടൊ..വേഗം മാറും” ചേച്ചി അരുമയോടെ നെറ്റിയിൽ തലോടി..എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞ് തൂവി.

“എന്തിനാടാ കരയണത്” “തലവേദന സഹിക്കാൻ പറ്റണില്ലാ” “സാരല്യാ പെട്ടെന്ന് മാറും” ചേച്ചിക്ക് അറിയില്ലല്ലോ ശരീരത്തെക്കാൾ വേദന മനസ്സിനാണെന്ന്.. “എന്താ ചേച്ചി ഇത്രയും ദിവസം താമസിച്ചത്” വെറുതെ ചോദിച്ചതാണ് ..ചേച്ചി നടുങ്ങുന്നത് ഞാൻ കണ്ടു.. “അത് പിന്നെ കണ്ണാ കോളേജിൽ രണ്ടീസത്തെ താമസം ഉണ്ടായിരുന്നു” വിറയലോടെ ചേച്ചി പറഞ്ഞൊപ്പിക്കുന്നത് ഞാനറിഞ്ഞു.. എന്റെ മനസ്സ് വീണ്ടും ഇടിഞ്ഞു.. “നിങ്ങൾ എവിടെയാ തങ്ങിയത്” “ഹോട്ടലിൽ റൂമെടുത്തു…ഒരു റൂമാണു കിട്ടിയത്” എന്റെ ശരീരം നടുങ്ങിപ്പിടഞ്ഞു…ചിതയിൽ വെച്ച ജീവനുള്ള ശരീരം കത്തിയമരുന്ന വേദന ഞാൻ അറിഞ്ഞു..കണ്ണുകൾ നിറഞ്ഞൊഴുകി.. ഹൃദയം ആർത്തലച്ചു കരഞ്ഞു.. ഇരുളിൽ ഇണ ചേരുന്ന രണ്ടു നാഗങ്ങൾ മനസ്സിൽ വീണ്ടും തെളിഞ്ഞു..ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു…

ചേച്ചി ധൃതിയിൽ മുറിവിട്ടിറങ്ങി… ഒരു കാര്യം വ്യക്തമായി.. ഭയന്നതെന്തോ അതു നടന്നിരിക്കുന്നു…അതാണ് സാറും എന്നെ കാണാതെ പെട്ടന്ന് പൊയ്ക്കളഞ്ഞത്… പാതി ചത്തവൾ പൂർണ്ണമായും മരിച്ചു.. പ്രിയപ്പെട്ടവർ തന്നെ ജീവനോടെ ചിതയിലെരിച്ചു.. ഹൃദയം നീറ്റിയ വേദനയിൽ അലമുറയിട്ട് നിലവിളിച്ചു…ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി… രണ്ടു മൂന്നു ദിവസത്തേക്ക് മുറിവിട്ടിറങ്ങിയത് അത്യാവശ്യത്തിനു മാത്രമായിരുന്നു…ഇത്രയും ദിവസം ഒരിക്കൽ പോലും സാറൊന്ന് കാണാൻ പോലും വന്നില്ല.. “കണ്ണാ എന്തൊരു കിടപ്പാ…എഴുന്നേറ്റു വാ ന്റെ കുട്ടിയേ” അച്ഛന്റെ വാക്കുകളിലെ വേദന ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു…അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു.. എന്റെ സങ്കടങ്ങൾ പാതിയും പെയ്തൊഴുകി..

അപ്പോഴും ആ വൃദ്ധഹൃദയം മകളെ ഓർത്തു തേങ്ങി…മകളുടെ സങ്കടത്തിന്റെ കാരണം അറിയാതെ.. ചോദിച്ചിട്ടും ഞാൻ പറഞ്ഞില്ല.. “ഞാനിനി പഠിക്കാൺ പോണില്ല അച്ഛാ..നിക്ക് കഴിയൂല്ലാ” ഇനി ഒരിക്കൽ കൂടി സാറിനെ ഫേസ് ചെയ്യാൻ വയ്യ..സാറ് ഇപ്പോൾ എന്റെ അല്ല… “നീയെന്താ മോളേ പറയണത്…മറ്റെന്തും അച്ഛൻ സമ്മതിക്കും..ഇത് പറ്റില്യാ..ഇവിടെ അടച്ചിരുന്നാൽ ന്റെ കുട്ടി പഴയത് പോലെയാകും..ഞാൻ സമ്മതിക്കില്യാ” “അച്ഛാ…ഞാൻ” എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഞാൻ നിലവിളിച്ചു…. “ഒന്നും പറയണ്ടാ…അച്ഛനു വേണ്ടി എങ്കിലും മോൾ പഠിക്കണം” എത്രയൊക്കെ പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല..ഇവിടെ ഇരുന്നാൽ ഞാൻ വീണ്ടും ഇരുട്ട് മുറിയിൽ കഴിയേണ്ടി വരുമെന്ന് അച്ഛൻ ഭയപ്പെടുന്നു…എനിക്ക് കൂടുതൽ എതിർക്കാൻ അറിയില്ല.അച്ഛന്റെ കണ്ണനു അനുസരിച്ചാണ് ശീലം…

അടുത്ത ദിവസം മുതൽ ഞാൻ കോളേജിലേക്ക് പോയി..ചേച്ചിയുടെ കൂടെ ആയിരുന്നു… അവൾ കൂടുതൽ ഉത്സാഹവതി ആയിരുന്നു.. പഴയതിൽ നിന്നും ഒരുപാട് മാറി.. “നിനക്ക് എന്താടി പറ്റിയത്” ക്ലാസിൽ വെച്ച് വേദനയോടെ തിരക്കി.. “എന്ത് പറ്റാൻ” അഭിനയിക്കാൻ ശ്രമിച്ചു.. കഴിഞ്ഞില്ല.. “നിനക്ക് കളളം പറയാനും അഭിനയിക്കാനും അറിയില്ല അവന്തി” ശരിയാണവൾ പറഞ്ഞത്..ഞാൻ കളളം പറഞ്ഞാൽ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകും…പിന്നീട് അവളൊന്നും ചോദിച്ചില്ല.. ശിവദ് സാറിന്റെ ക്ലാസിൽ ഇരിക്കുമ്പോഴാണു കൂടുതൽ നീറിയത്…പ്രാണനായിരുന്നു..ഇടിച്ചു കയറി ഹൃദയത്തിൽ ഇടം നേടിയ ആളാണ്… ഇടക്കിടെ സാറിന്റെ കണ്ണുകൾ എന്നെ തേടി വന്നുവെങ്കിലും ഞാൻ മുഖം കുനിച്ചു ഇരുന്നു..ക്ലാസ് കഴിയും വരെ.. ഉച്ച കഴിഞ്ഞു ക്ലാസിനു വെളിയിലേക്ക് ഇറങ്ങി…

സാറിനോട് ചേർന്ന് നിന്നു ആരാധ്യ സംസാരിക്കുന്നു.. നെഞ്ചിനുള്ളിലെ നീറ്റൽ ഞാൻ എന്നിൽ തന്നെ അടക്കി… “എല്ലാം മറക്കണം…സാറിനെയും..ജിത്തേട്ടനെ പോലെ സാറും അടഞ്ഞ അദ്ധ്യായമാണ്‌.. എന്നെക്കാൾ കൂടുതൽ സാറിനു ചേരുക ആരാധ്യയാണു” ഞാൻ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. വൈകുന്നേരം ക്ലാസ് കഴിഞ്ഞു ഇറങ്ങി… ആരാധന നേരത്തെ വീട്ടിലെ ആവശ്യം പറഞ്ഞു പോയിരുന്നു… ഞാൻ തനിച്ചിറങ്ങി..ചേച്ചിയുടെ ക്ലാസ് നേരത്തെ കഴിഞ്ഞതാൽ അവളും പോയി… ഗേറ്റിനു അരികിലെത്തിയതും ഞാൻ പൊള്ളിപ്പിടഞ്ഞു നിന്നുപോയി..എന്നെ പ്രതീക്ഷിച്ചത് പോലെ സാറ് നിൽക്കുന്നു.. ആദ്യത്തെ പകപ്പ് മാറിയതും ഞാൻ സാറിനെ മറികടക്കാൻ ശ്രമിച്ചു.. കഴിഞ്ഞില്ല..സാറ് എനിക്ക് മുന്നിലൊരു തടസ്സമായി നിന്നു… “എനിക്ക് സംസാരിക്കണം”

“എനിക്ക് താല്പര്യം ഇല്ല” വെറുപ്പ് നിറച്ച് ഞാൻ പറയാൻ ശ്രമിച്ചു.. “എനിക്ക് താല്പര്യം ഉണ്ട്.. എത്ര ദിവസമായി തനിക്കായി കാലത്തെ അരയാൽ ചുവട്ടിൽ കാത്തിരുന്നു.. എന്നിട്ടും താൻ വന്നില്ലല്ലൊ” സാറിന്റെ നോവുകൾ എന്നിലേക്കിറങ്ങി…പെട്ടന്നത് മായിച്ചു കളഞ്ഞു… “ഇതുപോലെ എത്രീസം ഞാൻ കാത്തിരുന്നൂന്ന് അറിയോ…ഒരുവാക്കിനായി…ഒരുനോട്ടത്തിനായി” നീറ്റൽ മുഴുവനായും പുറത്തേക്ക് ഒഴുകിയതും ഞാൻ കരഞ്ഞു പോയി.. “സാറിനു എന്നെക്കാൾ ചേരുക ചേച്ചിയാ…അവൾക്കൊരു ജീവിതം കൊടുക്കണം.. എന്റെ അപേക്ഷ ആണ്.. ബാംഗ്ലൂർ യാത്രയിൽ ഒന്നായവരല്ലേ നിങ്ങൾ” പറയരുതെന്ന് കരുതിയെങ്കിലും പറഞ്ഞു പോയി…ഞാൻ തീരെ പ്രതീക്ഷിക്കാത്തതാണു സംഭവിച്ചത്..

എന്റെ കവിളിൽ സാറിന്റെ കൈ മുദ്ര ആദ്യമായി പതിഞ്ഞു…എനിക്ക് ശരിക്കും നൊന്തു.. “എന്താ ഞാൻ പറഞ്ഞതാണൊ തെറ്റ്…കാണിക്കണതൊന്നും തെറ്റല്ലാന്നുണ്ടോ ?” ഞാൻ സാറിനു നേരെ ചീറി.. “ഇനിയും തരും നിനക്ക്..അനാവശ്യം പറഞ്ഞാൽ…” സാറ് ദേഷ്യപ്പെട്ടു.. “ഞാൻ പറയും…ഇനിയും പറയും…” ഞാൻ അലറിക്കരഞ്ഞു… ചിലരൊക്കെ ഞങ്ങളെ തുറിച്ചു നോക്കി നടന്നു. “എന്നെ സ്നേഹിച്ചിട്ട് ചേച്ചിക്കൊപ്പം കഴിഞ്ഞ ആളല്ലേ നിങ്ങൾ” എനിക്കാകെ പ്രാന്ത് പിടിച്ചു… സകലതും അവിടെ പറഞ്ഞു തീർത്തു… “നീ ഇത്രക്ക് തരം താണു പോയൂല്ലോടീ..” സാറ് പിന്നെയും എന്നെ തല്ലി.. “നിങ്ങൾ തല്ലി കൊന്നാലും ഞാൻ പറയും” എന്റെ പ്രാണനെ നഷ്ടമായ വേദനയിൽ എനിക്ക് ശരിക്കും പ്രാന്തായി.. “കഷ്ടം നീയിത്ര അധപതിച്ചു പോയല്ലോ..

ഒരുസ്ത്രീയും പുരുഷനും കൂടി ഒരുമിച്ച് ഒരു റൂമിൽ തങ്ങിയാൽ അതിനു അർത്ഥം ഇതാണൊ…ഛെ…” വെറുപ്പോടെ സാറ് മുഖം തിരിച്ചു… “ഒരു അബദ്ധം പറ്റിയെന്നു കരുതി ഏതെങ്കിലും ഒരാണു തൊട്ടാൽ കൂടെ കിടക്കണവളല്ല ആരാധ്യ..എനിക്ക് ബഹുമാനമേയുള്ളൂ അവളോട്..അവളുടെ നിലപാടിനോട്..ഇതൊക്കെ ആരാധ്യ അറിഞ്ഞാൽ നിനക്ക് അറിയാലൊ നിന്നെ കൊത്തി അരിയും…അതിനു മടിയുളളവളല്ല നിന്റെ ചേച്ചി” അത്രയും പറഞ്ഞു ബൈക്ക് സ്റ്റാാർട്ട് ചെയ്തു സാറ് പോയിട്ടും ഞാൻ തറഞ്ഞങ്ങനെ നിന്നുപോയി.. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ… ഒരുനിമിഷം ഇരുവരെയും തെറ്റിദ്ധരിച്ചതോർത്ത്…ഞാൻ നീറി നീറി മരിച്ചു…

വീട്ടിൽ എത്തിയത് തന്നെ എങ്ങനെ എന്ന് അറിഞ്ഞില്ല…ഓടിച്ചെന്ന് ചേച്ചിയുടെ കാൽപ്പാദങ്ങളിൽ വീണു.. പൊട്ടിയൊഴുകി.. “മാപ്പ്…മാപ്പ്…എന്നോട് ക്ഷമിക്കണം ചേച്ചി..ഞാനൊന്നും അറിയാതെ തെറ്റിദ്ധരിച്ചു പോയി.അറിവില്ലായ്മയായി കരുതണം ചേച്ചി.. സജ്ജ്ലമായ എന്റെ മിഴികൾ ചേച്ചിയുടെ കാൽപ്പാദങ്ങളെ നനച്ചൊഴുകി തുടരും… നായകനെ മാറ്റീട്ടുണ്ട്🤗🤗🤗 അപ്പോൾ ദാ മക്കളെ സ്റ്റോറിയിലെ ഏറ്റവും വലിയ ട്വിസ്റ്റ്…. രണ്ടോ മൂന്നോ പാർട്ടിൽ കഥ അവസാനിക്കും… ഈ പ്രാവശ്യം സ്റ്റിക്കർ ഇടാതെ വായിച്ചു നീണ്ട കമന്റ് വേണം..നിർബന്ധാ…ബല്യ പാർട്ടാ…….. (തുടരും)

അവന്തിക: ഭാഗം 12

Share this story