കള്ളനസ്രാണി : ഭാഗം 9 – അവസാനിച്ചു….

കള്ളനസ്രാണി : ഭാഗം 9 – അവസാനിച്ചു….

എഴുത്തുകാരി: അഭിരാമി

” ദേ ഇച്ചായാ ദേഷ്യമുണ്ടെന്ന് കരുതി ദൈവം പൊറുക്കാത്ത വർത്താനം പറയരുത് കേട്ടോ. ” അവൻ ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതാകുമെന്ന് കരുതി ആ നെഞ്ചിൽ പതിയെ ഇടിച്ചുകൊണ്ട് ജെസ്സി പറഞ്ഞു. ” ഡീ….. ” ” എന്നാടാ കള്ളനസ്രാണി….. ” ” എന്റെ കണ്ണിലേക്ക് നോക്കിക്കേ നീ….. ഈ കണ്ണുകൾ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ ഞാൻ ദേഷ്യതിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന് ??? ചോദിച്ചുകൊണ്ട് അവളുടെ മിഴികളിലേക്കവനുറ്റുനോക്കി. ഒരു ചിരിയോടെ തന്നെ ആ മിഴികളിലേക്ക് നോക്കിയ ജെസ്സിയുടെ മുഖമൊരു നിമിഷം കൊണ്ട് വാടി. അവന്റെ കണ്ണുകളത്ര ചുവന്നുകലങ്ങിയിരുന്നു. ” ഇച്ചായാ…. ” ” സത്യമാടി പെണ്ണേ…. ഇവിടെയുള്ളത് എന്റെ പപ്പയല്ല. എനിക്ക് ഏഴോഎട്ടോ വയസുള്ളപ്പോൾ ഒരാക്‌സിഡന്റിൽ മരിച്ചതാ എന്റെ പപ്പ സേവ്യർ ജോൺ. ”

” അപ്പൊ…. അപ്പൊ സാമുവൽ പപ്പ…..??? ” ഒന്നും മനസ്സിലാവാതെ അവൾ ചോദിച്ചു. ” അയാളെന്റെ വല്യപ്പച്ചനാ…. പപ്പേടെ ചേട്ടൻ. പപ്പാ മരിച്ച് ഒരുകൊല്ലം കഴിഞ്ഞപ്പോഴേക്കും മമ്മി അയാളെ കെട്ടി. പപ്പാ മരിച്ചശേഷം പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട് മമ്മിയും അയാളും തമ്മിൽ ബന്ധമുണ്ടെന്ന് പലരും പറയുന്നത്. പക്ഷേ അന്നതിന്റെയൊന്നുമാഴമെനിക്കറിയില്ലായിരുന്നു. പക്ഷേ….. വളരെ പതിയെ എല്ലാമെനിക്ക് മനസ്സിലായി. അപ്പോഴേക്കും മമ്മി അയാളുടെ ഭാര്യയായിക്കഴിഞ്ഞിരുന്നു. ആ ദിവസത്തിന് ശേഷം ഇന്നുവരെ ഞാനവരെ മമ്മീന്ന് വിളിച്ചിട്ടില്ല…. ” പറഞ്ഞുകഴിയുമ്പോഴേക്കും പത്തൊൻപത് വർഷങ്ങൾക്ക് മുൻപുള്ള ആ കൊച്ചുകുട്ടിയിലേക്ക് പോയിരുന്നു അവൻ. ആ ഓർമ്മകൾ ഉള്ളിലേക്കിരച്ചെത്തിയതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആ കാഴ്ച ജെസ്സിയുടെ ഉള്ള് പൊള്ളിക്കുന്നതായിരുന്നു. ” എന്താ ഇച്ചായാ ഇങ്ങനെ കൊച്ചുപിള്ളേരെപ്പോലെ ???? ” അവൾ ചോദിച്ചതും അവളെ കെട്ടിപ്പിടിച്ച് നഗ്നമായ ആ മാറിലേക്ക് മുഖം പൂഴ്ത്തിയിരുന്നു ക്രിസ്റ്റി. പെട്ടന്നുള്ള ആ പ്രവർത്തിയിൽ ശരീരമാകെ വൈദ്യുതി പടരുന്നത് പോലെ തോന്നിയെങ്കിലും അവളവനെ ചേർത്ത് പിടിച്ച് ആ നെറുകയിൽ ചുണ്ടമർത്തി. അവന്റെ കണ്ണുനീർ തന്റെ നഗ്നതയിലേക്കൊഴുകിയിറങ്ങി തന്റെ ദേഹത്തേയാകെ പൊള്ളിക്കുന്നതവളറിയുന്നുണ്ടായിരുന്നു. കുറേ സമയമങ്ങനെ തന്നെ കിടന്നിട്ടൊടുവിൽ ക്രിസ്റ്റി തന്നെ അവളിൽ നിന്നും വിട്ടകന്നു. അവൾക്ക് മുഖം കൊടുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ അവൻ വേഗമെണീറ്റ് മുണ്ടൊന്ന് മുറുക്കിയുടുത്ത് തറയിൽ കിടന്നിരുന്ന ഷർട്ടുമെടുത്തിട്ട് ബാൽക്കണി ഡോർ തുറന്ന് പുറത്തേക്ക് പോയി.

പക്ഷേ ഇനിയൊരിക്കലും ഒരിടത്തും അവനെയൊറ്റയ്ക്കാക്കാൻ അവൾക്കുമാവില്ലായിരുന്നു. അവളും പെട്ടന്ന് എണീറ്റ് തറയിലും ബെഡിലുമൊക്കെയായി ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങളെടുത്ത് ധരിച്ചുകൊണ്ട് അവൻ പോയിടത്തേക്ക് തന്നെ പോയി. ജെസ്സി ചെല്ലുമ്പോൾ ബാൽക്കണിയിലെ സോപാനത്തിണ്ണയിൽ കാലുകൾ നീട്ടി പിന്നിലെ തൂണിലേക്ക് ചാരി മിഴികളടച്ചിരിക്കുകയായിരുന്നു ക്രിസ്റ്റി. അവന്റെയാ ഇരുപ്പ് കണ്ടിട്ട് അവളുടെ ഉള്ള് പിടഞ്ഞു. പിന്നെ ഒന്നുമാലോചിക്കാതെ നേരെ ചെന്നവന്റെ മടിയിലേക്ക് കയറിയിരുന്നുകൊണ്ടവന്റെ കഴുത്തിൽ കയ്യിട്ട് ചുറ്റിപ്പിടിച്ചുകൊണ്ടാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിരുന്നവൾ. ക്രിസ്റ്റി കണ്ണ് തുറക്കുകയോ അവളെ നോക്കുകയോ ചെയ്തില്ല എങ്കിൽ പോലും ഒരു കൈകൊണ്ടവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

സമയമൊരുപാട് കടന്നുപോയി. ” ഇച്ചായാ…. ” ——————— ” ഇച്ചായോ….. ” ” എന്താടി….. ” ” എന്തിനാ എന്റിച്ചായനിങ്ങനെ വിഷമിച്ചിരിക്കുന്നേ ??? എന്തൊക്കെ വന്നാലും ഇച്ചായന് ഞാനില്ലേ…… ” അവന്റെ താടിയിൽ തഴുകിക്കൊണ്ടവൾ ചോദിച്ചതും അവനൊന്നുകൂടവളെ മുറുകെ പുണർന്നു. ” എടിയേ….. ” ” എന്തോ….. ” അവൻ വിളിച്ച അതേ ഈണത്തിൽ തന്നെ അവളും വിളി കേട്ടു. ” ഞാൻ…. ഞാനീ മടിയിലൊന്ന് കിടന്നോട്ടെ ???? ” ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നുകൊണ്ട് അവൻ ചോദിച്ചു. അപ്പോഴത്തെ അവന്റെ മുഖം കണ്ടപ്പോൾ വല്ലാത്ത വാത്സല്യമായിരുന്നു അവൾക്ക് തോന്നിയത്. അവൾ സമ്മതഭാവത്തിലൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്റെ മടിയിൽ നിന്നുമെണീറ്റു. എന്നിട്ട് സോപാനത്തിണ്ണയിലേക്ക് ഇരുന്ന് മിഴികൾ കൊണ്ടവനെ ക്ഷണിച്ചു.

വല്ലാത്ത സന്തോഷത്തോടെ അവനാ മടിയിലേക്ക് കിടന്നു. ജെസ്സിയുടെ വിരലുകൾ അരുമയായവന്റെ മുടിയിഴകളിലൂടൊഴുകി നടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ മലർന്നുകിടന്നുകൊണ്ട് നിറമിഴികളോടെ ക്രിസ്റ്റിയവളെ നോക്കി. ” എന്തുപറ്റി ആരെയും വകവെക്കാത്ത എന്റെ തെമ്മാടിയിന്നാകെപ്പാടെ സെന്റി മൂഡിലാണല്ലോ…. ” നെറ്റിയിലേക്ക് വീണുകിടന്ന അവന്റെ മുടിയിഴകളെ പിന്നിലേക്കൊതുക്കി വച്ചുകൊണ്ട് ജെസ്സി ചോദിച്ചു. ” ഒന്നുപോടീ…. ” ” എന്നാ പറ്റി ഇച്ചായാ….. ഞാൻ ചോദിച്ചത് വിഷമമായോ ??? ” ഒഴിഞ്ഞുമാറാനായി ചരിഞ്ഞുകിടന്നവളുടെ വയറിലേക്ക് മുഖം പൂഴ്ത്തിയവന്റെ മുഖം ബലമായി പിടിച്ചുതനിക്ക് നേരെ തിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ” ഏയ് അതൊന്നുമല്ലെടി…. നിനക്കറിയോ പപ്പാ മരിച്ചദിവസമാണെന്ന് തോന്നുന്നു ഞാനവസാനമായി മമ്മിടെ മടിയിലൊന്ന് കിടന്നത്….. പിന്നെ…..

പിന്നൊരിക്കൽ പോലും ആ ഭാഗ്യമെനിക്കുണ്ടായിട്ടില്ല. കഴിയാഞ്ഞിട്ടല്ല മനഃപൂർവം വേണ്ടെന്ന് വച്ചതാ….അത്ര വെറുപ്പായിരുന്നു എന്റെ പെറ്റമ്മയോട്…… ” ” മതി ഇച്ചായാ….. ” അത്രയും പറഞ്ഞതും അവന്റെ വായ മൂടി ആ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ജെസ്സി പറഞ്ഞു. ” എന്താടി പെമ്പ്രന്നോളേ എന്നേ കളിയാക്കിയിട്ട് ഇപ്പൊ നീയായോ സെന്റി. ???? ” ചിരിച്ചുകൊണ്ടവൻ ചോദിക്കുന്നത് കേട്ട് ജെസ്സി വെറുതെയൊന്ന് പുഞ്ചിരിച്ചു. “”ഹാ അതെന്നാഡീ ആ ചിരിക്കൊട്ടും വോൾട്ടേജ് പോരല്ലോ…. ” പറഞ്ഞതും അവനവളെ ചുറ്റിപ്പിടിച്ചുകൊണ്ട് വയറിൽ അമർത്തിക്കടിച്ചു. പെട്ടന്ന് എല്ലാം മറന്ന് ജെസ്സി പൊട്ടിച്ചിരിച്ചു.

അവളുടെയാ ചിരി മതിയായിരുന്നു ഉള്ളം മെതിച്ചുകൊണ്ടിരുന്ന സകല നൊമ്പരങ്ങളിൽ നിന്നും ക്രിസ്റ്റിയേ മോചിപ്പിക്കാൻ. പക്ഷേ അവനായി മാത്രം പുഞ്ചിരി പൊഴിക്കുമ്പോഴും ഈ കഥയുടെ ബാക്കി അറിയേണ്ടവരിൽ നിന്നുതന്നെ അറിയണമെന്ന ശക്തമായ തീരുമാനം ജെസ്സിയിൽ ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 പിറ്റേദിവസം കാലത്ത് ക്രിസ്റ്റിയോടൊപ്പം ജെസ്സി താഴേക്ക് വരുമ്പോൾ പൂമുഖത്തിരുന്നെന്തോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആനിയും സാമുവലും. അവരെയവിടെ കണ്ടതും ക്രിസ്റ്റി പെട്ടന്ന് ജെസ്സിയുടെ അരയിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തു. തനിക്ക് മാത്രം സ്വന്തമായവളെന്ന് പറയാതെ പറയും പോലെ. ജെസ്സിയുടെ മുഖമാകെ ജാള്യതയായിരുന്നുവെങ്കിലും അതൊന്നുമവനെ ബാധിക്കുന്നേയുണ്ടായിരുന്നില്ല.

അവൻ വാശി തീർക്കുകയായിരുന്നുവെങ്കിലും സാമുവലും ആനിയും നിറഞ്ഞ മനസോടെയായിരുന്നു അതൊക്കെ കണ്ടിരുന്നത്. ” മമ്മീ….. എനിക്ക് നിങ്ങളോട് രണ്ടാളോടും കുറച്ചു സംസാരിക്കാനുണ്ട്…. ” ക്രിസ്റ്റി പോയിക്കഴിഞ്ഞപ്പോൾ അവരിരുവരുടേയും അരികിലേക്ക് വന്നുനിന്നുകൊണ്ട് ജെസ്സി പറഞ്ഞു. ” എന്താ മോളേ മോൾക്കെന്തും ഞങ്ങളോട് പറയാമല്ലോ…. ” കയ്യിലിരുന്ന പത്രം മടക്കിവച്ച് നേർത്തൊരു പുഞ്ചിരിയോടെ സാമുവൽ പറഞ്ഞു. ” അത് പപ്പാ….. ഇച്ചായനും നിങ്ങളും തമ്മിലുള്ള പ്രശ്നമെന്താണെന്ന് എനിക്കറിയണം….. ” അവൾ പറഞ്ഞത് കേട്ട് ആനി വിഷമത്തോടെ മുഖം കുനിച്ചു. സാമുവലിന്റെ മുഖവും വാടിയിരുന്നു. ” അവൻ മോളോട് പറഞ്ഞില്ലേ…. ”

” പറഞ്ഞു പക്ഷേ അതിച്ചായന്റെ മാത്രം ഭാഗമല്ലേ. നിങ്ങൾക്ക് പറയാനുള്ളതും കേൾക്കണമെന്ന് എനിക്ക് തോന്നി. ” സാമുവലിന്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു. ” പറയാം മോളേ….. മോളുമതറിയണം. ” സാമുവൽ പറഞ്ഞത് കേട്ട് ജെസ്സി അയാളുടെ വാക്കുകൾക്കായി കാതോർത്തു. 💥💥💥💥💥💥💥💥💥💥💥💥💥💥💥 ” എന്റനിയൻ സേവ്യറിന്റെ പെണ്ണായിട്ടായിരുന്നു പ്ലാന്തോട്ടത്തിൽ തറവാട്ടിലേക്ക് ആനി വന്നത്. അമ്മച്ചിയും ഞങ്ങൾ രണ്ടാൺമക്കളും എന്റെ സിസിലിയും ഞങ്ങടെ പൊന്നുമോൾ അന്നയുമായിരുന്നു ഈ വീട്ടിൽ താമസം. ആ സ്വർഗത്തിലേക്കാണ് ആനിയും വന്നുകയറിയത്. സാധാരണ മരുമക്കളെ പോലെ ഒരു തരത്തിലുള്ള വാശിയും വൈരാഗ്യവുമൊന്നും ആനിയും സിസിലിയും തമ്മിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സന്തോഷം മാത്രമായിരുന്നു എന്നും ഞങ്ങൾക്കിടയിൽ.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സേവിച്ചനും ആനിക്കും ക്രിസ്റ്റിയുണ്ടായത്. ക്രിസ്റ്റിക്ക് ഒരു വയസായതിന് ശേഷമായിരുന്നു സ്വർഗമായിരുന്ന എന്റെ കുടുംബമെനിക്ക് നഷ്ടമായത്. അന്നമോളുടെ ആറാം പിറന്നാളിന് ഞാനും സിസിലിയും അമ്മച്ചിയും കൂടി മോളേം കൊണ്ട് പള്ളിയിൽ പോയിട്ടുവരുമ്പോഴായിരുന്നു ഒരാക്‌സിഡന്റിന്റെ രൂപത്തിൽ എന്റെ സിസിലിയേയും മോളേയും കർത്താവങ്ങ് വിളിച്ചത്. ആ അപകടത്തിൽ നട്ടെല്ല് തകർന്ന അമ്മച്ചി ഒരേ കിടപ്പായി. പിന്നെയും ആറ്കൊല്ലങ്ങൾക്ക് ശേഷമായിരുന്നു അറ്റാക്ക് വന്ന് സേവിച്ചനുമങ്ങ് പോയത്. അതോടെ ഈ വലിയ വീട്ടിൽ തളർന്നുകിടക്കുന്ന അമ്മച്ചിയും ഞാനും ആനിയും ക്രിസ്റ്റിയും മാത്രമായി. പക്ഷേ സേവിച്ചൻ മരിച്ച് ആറ് മാസം തികയും മുന്നേ തന്നെ നമ്മുടെ നാട്ടുകാരുടെ സദാചാരബോധമുണർന്നു.

ഒറ്റത്തടിയായ ചേട്ടനും ആൺതുണയില്ലാത്ത അനിയന്റെ പെണ്ണും ഒരേ കൂരയ്ക്ക് കീഴിൽ കഴിയുന്നത് അവര് സഹിക്കുമോ. ഞാനോ ഇവളോ സ്വപ്നത്തിൽ പോലും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളവർ പറഞ്ഞുണ്ടാക്കി. ഒടുവിൽ ക്രിസ്റ്റി എന്റെ മകനാണ് അതറിഞ്ഞ നൊമ്പരത്തിൽ ചങ്കുപൊട്ടിയാ എന്റനിയൻ പോയതെന്ന് വരെ ആളുകൾ പറഞ്ഞുണ്ടാക്കി. ഏഴുവയസുള്ള ക്രിസ്റ്റിയുടെ മനസ്സിൽ വരെ ചിലർ തീ കോരിയിട്ടു. മനസ്സ് കൊണ്ട് പോലുമൊരു തെറ്റും ചെയ്തിട്ടില്ലാത്തത് കൊണ്ട് ഞങ്ങളെല്ലാത്തിനെയുമതിജീവിച്ചെങ്കിലും ആറ് കൊല്ലമായി തളർന്നുകിടപ്പായിരുന്ന പാവമമ്മച്ചിക്ക് ഇതൊന്നും സഹിക്കാൻ കഴിയുമായിരുന്നില്ല. ഒടുവിൽ അമ്മച്ചി തന്നെയാ പറഞ്ഞത് ഞാൻ ആനിയേ കെട്ടണമെന്ന്. ആലോചിച്ചപ്പോൾ എനിക്കും തോന്നി അതാണ് ശരിയെന്ന്.

കുറച്ചുകഷ്ടപ്പെട്ടിട്ടാണെങ്കിലും ഒടുവിൽ ആനിയും സമ്മതിച്ചു. അങ്ങനെയാണ് ആനിയെന്റെ ഭാര്യയായത്. അതോടെ നാട്ടുകാരുടെ വായടക്കാൻ പറ്റിയെങ്കിലും ക്രിസ്റ്റിയേ എന്നന്നേക്കുമായി ഞങ്ങൾക്ക് നഷ്ടമാകുകയാണെന്ന് അന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. വിവാഹം കൂടിയായപ്പോൾ കേട്ട് പഴകിയ നിറം പിടിപ്പിച്ച കഥകൾ അവനിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. അതോടെ അവൻ ഞങ്ങളിൽ നിന്നും തീർത്തുമകന്നു. വല്യപ്പച്ചനുമായുള്ള അമ്മയുടെ ദുർനടപ്പ് കാരണമാ അപ്പൻ ചങ്ക് പൊട്ടി മരിച്ചതെന്ന് തന്നെ അവനും വിശ്വസിച്ചു. പിന്നീടവന്റെ ജീവിതം തന്നെ ഞങ്ങളെ തോൽപ്പിക്കാനെന്ന പോലെയായിരുന്നു. കള്ളും കഞ്ചാവും അനാവശ്യകൂട്ടുകെട്ടുകളുമൊക്കെ അവന്റെ ജീവിതത്തിന്റെ ഭാഗമായി. ” സാമുവൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ ആനി കരഞ്ഞുപോയിരുന്നു.

പത്തൊൻപത് വർഷമായി മകന് ശത്രുവായി മാറിയ ഒരമ്മയുടെ ഉള്ള് പൊള്ളിച്ച കണ്ണുനീർ. ആ നിമിഷം അവർക്കായൊരു മറുപടി ജെസ്സിയിലുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവളൊന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 വൈകുന്നേരം ക്രിസ്റ്റി വരുമ്പോൾ ജെസ്സി മുറിയിലുണ്ടായിരുന്നില്ല. അവൻ നേരെ ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ പ്രതീക്ഷിച്ചത് പോലെ അവളവിടെയുണ്ടായിരുന്നു. ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് കൊയ്ത്തുകഴിഞ്ഞ വിശാലമായ വയലിലേക്ക് നോക്കി എന്തോ ഓർത്തുകൊണ്ട് നിൽക്കുന്ന അവളെ കണ്ട് അവനൊരു ചിരിയോടെ ചെന്നവളെ ഇറുകെ പുണർന്നു. ജെസ്സി പക്ഷേ ഒന്നും മിണ്ടാതെ തിരിഞ്ഞുനിന്നവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവനെ കെട്ടിപിടിച്ചു.

ഒരു ചിരിയോടെ ക്രിസ്റ്റിയുമവളെ പുണർന്നു. ” എന്താണ് എന്റെ വായാടിപ്പെണ്ണിനൊരു വാട്ടം പോലെ ??? ” അവളുടെ കവിളിൽ പതിയെ ചുംബിച്ചുകൊണ്ട് ക്രിസ്റ്റി ചോദിക്കുമ്പോൾ ആ പെണ്ണൊന്നുകൂടി അവനിലേക്കൊതുങ്ങി. ” എന്തുവാടി പെണ്ണേ…. കുറേ നേരമായല്ലോ….. ” അവളങ്ങനെ തന്നെ നിൽക്കുകയാണെന്ന് കണ്ടതും ക്രിസ്റ്റി വീണ്ടും ചോദിച്ചു. ” ഞാനിന്ന് പപ്പയോടും മമ്മിയോടും സംസാരിച്ചു. ” ” എന്നിട്ട് കഥകളൊക്കെയറിഞ്ഞോ ??? ” അവരെപ്പറ്റി പറഞ്ഞതും ഒട്ടും താല്പര്യമില്ലാത്തത് പോലെ അവളിലെ പിടി വിട്ടുകൊണ്ട് അവൻ ചോദിച്ചു. ” അരിഞ്ഞു….. ഇച്ചായനറിഞ്ഞതിലും മനസ്സിലാക്കിയതിലുമൊക്കെ അപ്പുറം…. ” ഭാവവ്യത്യാസമേതുമില്ലാതെ അവൾ പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ മുഖം ചുളിഞ്ഞു. അവൻ വീണ്ടുമവൾക്ക് നേരെ തിരിഞ്ഞു.

ആ നോട്ടത്തിലെ ചോദ്യം മനസ്സിലാക്കിയത് പോലെ സാമുവലിൽ നിന്നും ആനിയിൽ നിന്നും അറിഞ്ഞതൊക്കെ അവനോടവതരിപ്പിക്കുമ്പോൾ ഇടയ്ക്ക് പലയിടത്തും അവളുടെ സ്വരമിടറിയിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ക്രിസ്റ്റിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എന്ത്‌ ചെയ്യണമെന്നറിയാതെ ഒരുനിമിഷമവൻ തളർച്ചയോടെ സോപാനത്തിണ്ണയലേക്കിരുന്നു. സത്യമറിയാതെ പത്തൊൻപത് വർഷം കൊണ്ട് ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ തനിക്ക് നേരെ നിന്ന് വിരൽ ചൂണ്ടുന്നത് പോലവന് തോന്നി. തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയ അവൻ മുഖം കൈവെള്ളയിൽ പൂഴ്ത്തിയിരുന്നു. ” ഇച്ചായാ…… ” അല്പസമയത്തിന് ശേഷവും അവനനങ്ങുന്നില്ലെന്ന് കണ്ട് പതിയെ അവന്റെ തോളിൽ തൊട്ടുകൊണ്ട് ജെസ്സി വിളിച്ചു. പെട്ടന്നവൻ മുഖമുയർത്തി അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് വയറ്റിലേക്ക് മുഖമമർത്തി.

കുറേ സമയത്തിന് ശേഷമവന്റെ കണ്ണീരിന്റെ ചൂട് വയറിലറിഞ്ഞപ്പോഴാണ് അവൻ കരയുകയാണെന്ന് ജെസ്സിയറിഞ്ഞത്. ” ഇച്ചായാ….. ” വിളിച്ചുകൊണ്ടവളവന്റെ മുഖം പിടിച്ചുയർത്തുമ്പോൾ ആ മുഖമാകെ കണ്ണീരാൽ നനഞ്ഞിരുന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ” മ….മമ്മീ….. ” അടുക്കളയിൽ നിന്നുകൊണ്ടെന്തോ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന ആനിയൊരു നിമിഷമൊന്ന് നിശ്ചലമായിപ്പോയി ആ വിളി കേട്ടതും. ഇനി തനിക്ക് തോന്നിയതാണോ എന്ന സംശയവുമപ്പോഴവർക്ക് തോന്നാത്തിരുന്നില്ല. എങ്കിലും വല്ലാത്തൊരാവേശത്തോടെ അവർ തിരിയുമ്പോൾ തൊട്ടുപിന്നിൽ നിറ കണ്ണുകളുമായി ക്രിസ്റ്റി നിന്നിരുന്നു. ” എ….എന്താ….. നീ വിളിച്ചത്???? ” കേട്ടത് വിശ്വാസം വരാത്തത് പോലെ അവനെ നോക്കി ഇടറിയ സ്വരത്തിൽ ആനി ചോദിച്ചു.

” മമ്മീ…… ” അവരുടെ ചോദ്യം കേട്ടൊരുവിളിയോടവനവരെ ചുറ്റിപ്പിടിച്ചുകൊണ്ട് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. അവന്റെ കണ്ണുനീരവന്റെ തോളിനെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങി. ആ കണ്ണീരിന്റെ ചൂടാ അമ്മയേ പൊള്ളിച്ചു. ” മോനെ…. കരയല്ലേടാ…. മമ്മിക്ക്….. മമ്മിക്കെന്റെ മോനോടൊരു വിഷമവുമില്ല. നീയെന്തൊക്കെ ചെയ്താലും നീയെന്റെ കുഞ്ഞല്ലേ…. ” പൊട്ടിക്കരഞ്ഞുകൊണ്ട് ആനിയവനെ ചേർത്തുപിടിച്ച് ആ നെറുകയിൽ ചുംബിച്ചു. പത്തൊൻപത് വർഷങ്ങൾക്ക് ശേഷമുള്ള ഒരമ്മയുടെ ചുംബനം. ഇത് കണ്ടുകൊണ്ടായിരുന്നു സാമുവൽ അങ്ങോട്ട്‌ വന്നത്. അവിടെ കണ്ട കാഴ്ചയിൽ അയാളുടെ കണ്ണുകളും നിറഞ്ഞു. അത് നോക്കി നിന്നിരുന്ന ജെസ്സിയുടെ മുടിയിലൂടയാൾ വാത്സല്യത്തോടെ തലോടി. അവളും കണ്ണീരിനിടയിലും പുഞ്ചിരിക്കുകയായിരുന്നു അപ്പോൾ.

” ഇച്ചായാ……. ” അതിനിടയിൽ വാതിൽക്കൽ നിന്നിരുന്ന സാമുവലിനെ കണ്ടതും ആനി വിളിച്ചു. എന്നിട്ടവനെ ചേർത്തുപിടിച്ചുകൊണ്ട് തന്നെ അയാളുടെ അരികിലേക്ക് വന്നു. ” ഇച്ചായാ…. നോക്കിയേ….. എന്റെ….. എന്റെ മോൻ ….. അവൻ…. അവനെന്നെ മമ്മീന്ന് ….. മമ്മീന്ന് വിളിച്ചിച്ചായാ…. അവൻ…. അവനെന്നേ….മോളെ…. നീ …… നീയീ വീടിന്റെ പുണ്യമാ…. പുണ്യമാ മോളെ…. ” ഓടിയവരുടെ അരികിലെത്തി സാമുവലിനോടും ജെസ്സിയോടുമായി വിക്കിവിക്കിപ്പറയുമ്പോൾ ആനിയുടെ കണ്ണുകൾ ഭ്രാന്തമായൊഴുകിയിരുന്നു. ആ കണ്ണുനീരിനിടയിലും അവർ പുഞ്ചിരിക്കുകയായിരുന്നു. എന്നോ നഷ്ടമായ മകനെ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയ ഒരമ്മയുടെ ആനന്ദമായിരുന്നു അപ്പോഴവരുടെ മിഴികളിൽ. അവരോടൊന്നും മിണ്ടാതെ സാമുവലും നിറഞ്ഞുപുഞ്ചിരിക്കുക മാത്രം ചെയ്തു.

” പപ്പാ…. ” തല്ക്കാലം അവരുടെ ലോകത്ത് അവർ മാത്രം മതിയെന്ന് കരുതിയാവാം അയാൾ തിരികെ നടക്കാനൊരുങ്ങുമ്പോഴായിരുന്നു വിളിച്ചുകൊണ്ട് ക്രിസ്റ്റി അയാളെ കെട്ടിപ്പിടിച്ചത്. ആ നിമിഷം അയാളിലൂടൊരു മിന്നൽ കടന്നുപോയി. ആ മിഴികളുമീറനണിഞ്ഞു. ” പപ്പാ….. മാ…. മാപ്പ്…. ” അവനിൽ നിന്നുമുതിർന്ന ആ വാക്കുകൾ ആ മാതാപിതാക്കളുടെ മിഴികൾ വീണ്ടും ഈറനണിയിച്ചു. അവന്റെ മുന്നിൽ പൊട്ടിക്കരഞ്ഞുപോയാലോ എന്ന് കരുതി ഒന്ന് മൂളാൻ പോലും ഭയന്നിരുന്ന സാമുവലവനെ ചേർത്തുപിടിച്ച് വിറയാർന്ന കൈകൾ കൊണ്ട് പതിയെ അവന്റെ മുതുകിൽ തലോടുക മാത്രം ചെയ്തു. 💥💥💥💥💥💥💥💥💥💥💥💥💥💥💥 ” ഹും ഒരു മമ്മിയും മോനും വന്നേക്കുന്നു…..എനിക്കൊന്നും കിടക്കണ്ട ഞാൻ പോവാ….. ” ” ആഹ്ഹ് പോടീ വായാടി മറിയേ…..”

” ഇച്ചായാ ഞാനവസാനമായി ചോദിക്കുവോ എണീക്കുന്നുണ്ടോ…. ” മുകളിലേക്ക് പോകാൻ പോയിട്ട് വീണ്ടും തിരിഞ്ഞുനിന്ന് ചിണുങ്ങിക്കൊണ്ട് അവൾ വീണ്ടും ചോദിച്ചു. ഈ തർക്കം കേട്ടുകൊണ്ടാണ് സാമുവൽ താഴേക്ക് വന്നത്. അയാൾ വരുമ്പോൾ ഹാളിലെ സോഫയിലിരിക്കുന്ന ആനിയേയും അവരുടെ മടിയിൽ കിടക്കുന്ന ക്രിസ്റ്റിയേയും അവരിരുവരെയും നോക്കി ഹാളിന്റെ നടുവിൽ നിൽക്കുന്ന ജെസ്സിയേയുമാണ് കണ്ടത്. ” എന്താ ഇവിടൊരു വഴക്ക് ???. എന്താ മോളേ….എന്തുപറ്റി??? ” ” ഇതുകണ്ടോ പപ്പേ ഈ ഇച്ചായൻ കുറേ നേരമായി മമ്മീടെ മടിയിൽ കിടക്കുവാ എന്നെ കിടത്തുന്നില്ല…. ” സാമുവലിന്റെ ചോദ്യത്തിന് മറുപടിയൊരു ചിണുങ്ങലോടെ പറയുന്നവളെക്കണ്ട് അവരെല്ലാം ഒരുപോലെ ചിരിച്ചു. ” പോട്ടെ മോളേ….. അവരമ്മേടേം മോന്റേം ഇടയ്ക്ക് നമ്മളെന്തിനാ ഇടിച്ചുകയറുന്നെ മോളിങ്ങ് വാ….മോളേ പപ്പ മടിയിൽ കിടത്താം. ”

വാത്സല്യത്തോടവളുടെ നെറുകയിൽ തലോടിക്കൊണ്ട് സാമുവൽ പറഞ്ഞു. ജെസ്സിയൊരു വിജയസ്മിതത്തോടെ അയാളുടെ മടിയിലേക്ക് ചാഞ്ഞു. അയാൾ വാത്സല്യത്തോടവളുടെ മുടിയിലൂടെ തലോടി. ജെസ്സിയാ കിടപ്പ് കിടന്നുകൊണ്ട് ക്രിസ്റ്റിയേ നോക്കി കൊഞ്ഞനം കാണിക്കുകയായിരുന്നു അപ്പോൾ. അവനാണെങ്കിൽ അവളുടെ കാട്ടായങ്ങൾ കണ്ടുകൊണ്ട് ആനിയുടെ മടിയിൽ കിടന്നുകൊണ്ട് അവളെ നോക്കി ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുകയായിരുന്നു. പക്ഷേ ആ നിമിഷം ഒരിക്കലും തങ്ങളുടെ ജീവിതത്തിൽ വരില്ലെന്ന് കരുതിയ വസന്തം വിരുന്നെത്തിയ സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയായിരുന്നു ആനിയും സാമുവലും.

അവസാനിച്ചു…. ( കള്ളനസ്രാണിയുടെ ഒപ്പമുള്ള നമ്മുടെ യാത്രയിവിടെ അവസാനിക്കുകയാണ്. ഇനി അവർ ജീവിക്കട്ടെ വീണ്ടും വസന്തം വിരുന്നെത്തിയ അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുമനുഭവിച്ച് തന്നെ. അപൂർണമായിരിക്കാം പക്ഷേ ഇതിനപ്പുറം പൂർണത ഈ കഥയ്ക്ക് നൽകുവാൻ എനിക്ക് കഴിയില്ല. രണ്ടൊ മൂന്നോ പാർട്ടിൽ അവസാനിപ്പിക്കാനുറച്ചിരുന്ന ഈ കുഞ്ഞിക്കഥ ഒൻപത് പാർട്ട് വരെ എത്തിയെങ്കിൽ അത് നിങ്ങളോരോരുത്തരുടെയും സ്നേഹം കൊണ്ട് മാത്രമാണ്. എല്ലാവരോടും ഒരുപാട് നന്ദി. സ്നേഹപൂർവ്വം അഭിരാമി 💞💞💞 ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കള്ളനസ്രാണി : ഭാഗം 8

Share this story