മധുരനൊമ്പരക്കാറ്റ്: ഭാഗം 6 – അവസാനിച്ചു

Share with your friends

എഴുത്തുകാരി: പത്മപ്രിയ

പിന്നെ… സിദ്ധുവിന്റെ മനസ്സിൽ അന്നും ഇന്നും ഒരാൾക്കെ സ്ഥാനമുള്ളു…. അത്‌ നീ മാത്രമാണ് മീനാക്ഷി…. ചുട്ടുപഴുത്ത മരുഭൂമിയിൽ പെയ്ത മഴ പോലെ വേണിയുടെ വാക്കുക്കൾ മനസ്സിനെ കുളിരണിയിച്ചു… കേൾക്കാൻ ഒരുപാട് കൊതിച്ച കാര്യം… ഒരുപാട് ആശിച്ച, ഒരിക്കൽ കാത്തിരുന്ന ഒന്ന് …. അന്നും ഇന്നും അവൻ നിന്നെയോർത്തു ഒരുപാട് വേദനിച്ചു…. പണ്ട് സ്കൂളിൽ വരുമ്പോൾ തന്നെ സ്ഥിരം പറയാനുണ്ടാകും അവന്റെ പുറകെ എത്ര അവഗണിച്ചാലും ആട്ടി ഒതുക്കിയാലും വീണ്ടും വീണ്ടും പുറകെ വരുന്നൊരു പൊട്ടിപെണ്ണിനെ പറ്റി…. എന്നും അവൻ പോകാറുള്ള വഴിയിലും കാണാറുള്ള സ്ഥലത്തും വെയിലും മഴയും പോലും വകവയ്ക്കാതെ അവന്റെയൊരു നോട്ടത്തിനോ ചിരിക്കോ വേണ്ടി കാത്തുനിൽക്കുന്നവളെ….. കൊച്ച് കുട്ടിയാണെന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചും,

പരിഷ്കാരി കുട്ടിയെ ഇഷ്ടമല്ല പകരം നാട്ടിൻപുറത്തുകാരിയെ മതിയെന്നും അങ്ങനെ ആയിരം കാരണം നിരത്തിയാൽ പോലും പിൻവാങ്ങാതെ അവനെ സ്നേഹം കൊണ്ട് തോല്പിക്കുന്ന ഒരു ഇരുപത്തിരണ്ടുകാരിയെ പറ്റി…. ഒടുവിൽ പറ്റാവുന്നത്ര അവഗണിച്ചും ഒഴിവാക്കിയും നോക്കിയെങ്കിലും വീണ്ടും അവൾ തന്നെ അവന്റെയുള്ളിൽ നിറഞ്ഞു നിന്നു….വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു…. അവളെ നോക്കാതെ കടന്നു പോയാലും ചൊടികളിൽ അവളെയോർത്തു പുഞ്ചിരി വിരിഞ്ഞു തുടങ്ങിയിരുന്നു… അവൾ നോക്കാത്തപ്പോൾ അവളുടെ ഭാവങ്ങൾ അവനും ഒപ്പിയെടുക്കാൻ തുടങ്ങിയിരുന്നു…. ആൾക്കൂട്ടത്തിൽ അവനെ തേടുന്ന ഉണ്ടക്കണ്ണുകളെ മറഞ്ഞിരുന്നു കണ്ടാസ്വദിക്കാൻ തുടങ്ങിയിരുന്നു..

സിദ്ധാർഥ് എന്ന 29 -കാരനായ സ്കൂൾ മാഷിലെ 18-കാരനെ.. അവനിലെ കാമുകനെ…അവന്റെ ഉള്ളിലെ പ്രണയത്തെ ആദ്യമായി പുറത്ത് കൊണ്ടുവന്ന അവന്റെ മാത്രം മീനു ആയിരുന്നു…. വേണിയുടെ ഓരോ വാക്കും വിശ്വസിക്കാനാവാതെ തരിച്ചു നിന്നു മീനു…. ഇന്നേവരെ പരിചിതമല്ലാത്ത മാഷിന്റെ മറ്റൊരു മുഖമാണ് മുന്നിൽ വരച്ചുകാട്ടിയിരിക്കുന്നത്…. മാഷ് തന്നെ സ്നേഹിച്ചിരുനെന്നോ..! ഇല്ല… ഒരിക്കൽ പോലും മാഷിന്റെ ഒരു നോട്ടത്തിൽ പോലും അത്‌ തോന്നിയിട്ടില്ല….. തനിക്കു തെറ്റുപറ്റിയോ?? മാഷിനെ പൂർണമായും മനസിലാക്കാതെ പോയോ..? മീനു നിന്റെം അവന്റെയും ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാർ ഞങ്ങളും കൂടെയാ…. അതുകൊണ്ട് അത്‌ ശെരിയാക്കാൻ ഞങ്ങൾക്ക് ഒരവസരം തന്നെ മതിയാകൂ നീ…. അവന്റെ 6 വർഷത്തെ കാത്തിരിപ്പ് അവസാനിക്കാൻ സമയമായി….

നിന്റെ കണ്ണീരിനും കാത്തിരിപ്പിനും അർത്ഥം ഉണ്ടാവണം … നീ അവന് പറയാനുള്ളത് ഒന്ന് കേൾക്കണം… എല്ലാം കേട്ട് ശ്വാസം പോലും എടുക്കാതെ തറഞ്ഞു നിൽക്കുന്ന മീനുവിനോടായി അപേക്ഷസ്വരത്തിൽ വേണി പറഞ്ഞു…. നിറകണ്ണാലെ എല്ലാരേയും തലയുയർത്തി നോക്കിയതും എല്ലാരുടെയും മുഖത്ത് അതേ ഭാവം ആയിരുന്നു…. നോട്ടം മാഷിൽ എത്തി നിന്നതും എന്റെ ഉത്തരം പ്രതീക്ഷിച്ചു എന്നിൽ തന്നെ മിഴികൾ ഉറപ്പിച്ചു നിൽക്കുന്നത് കണ്ടു…. ഞാൻ…. അതൊക്കെ പണ്ടേ ഉപേക്ഷിച്ച എന്റെ പൊട്ടബുദ്ധിക്ക് തോന്നിയൊരു പാഴ്‌മോഹം ആണ് ചേച്ചി… പണ്ടത്തെ മീനു ഇന്നില്ല…. പണ്ടത്തെ മോഹങ്ങളും…. പൊങ്ങിവരുന്ന എങ്ങൽ ചീളുകൾക്കിടയിലൂടെ അത്രയും പറഞ്ഞൊപ്പിച്ചു ആരെയും നോക്കാതെ നേരെ കുളപ്പടവിലേക്ക് ഓടി… അവൾ ഓടി പോകുന്ന കാഴ്ച കണ്ണുനീരാൽ മറഞ്ഞു ചങ്കു പിടഞ്ഞു നിന്നു അവർക്കിടയിൽ ഒരുവൻ… 🍂🍂🍂🍂

കുളപടവിൽ ഏറ്റോം താഴത്തെ പടികളിൽ ഒന്നിലായി ഇരുന്നു കിതപടക്കാൻ പാടുപെട്ടു മീനു…. കേട്ടതൊന്നും വിശ്വസിക്കാനായില്ല…. ഒരേസമയം സങ്കടവും സന്തോഷവും തോന്നി.. കണ്ണടച്ച് ആ രൂപം മുഴുവനായി മനസിലേക്ക് ആവാഹിച്ചു… വല്ലാത്തൊരുതരം കുളിർമ്മ ഉടലാകെ വന്നു പൊതിയുന്നതായി തോന്നി….. ഒരുകാലത്ത് കേൾക്കാൻ ഒരുപാടാശിച്ച കാര്യങ്ങൾ ആണ് ഇന്ന് വേണി പറഞ്ഞറിഞ്ഞത്…. പഴയ കാര്യങ്ങൾ തിരശീല പോൽ കണ്മുന്നിൽ തെളിഞ്ഞു വന്നു പക്ഷെ അതിലൊന്നും തന്നെ മാഷിന്റെ പ്രണയത്തോടെയുള്ള വാക്കോ നോക്കോ ഒന്നും തന്നെ കണ്ടെത്താനായില്ല… ആലോചിക്കുന്തോറും ഹൃദയം വല്ലാതെ മിടിക്കുവാൻ തുടങ്ങി…. പ്രിയപ്പെട്ടതെന്തോ അടുത്തുള്ളപോൽ അത്‌ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടിരുന്നു…. “മീനു….” പിന്നിലായി പ്രിയപെട്ടവന്റെ സ്വരം….

അവന്റെ ഉള്ളിലെ പ്രണയത്തിന്റെ സ്വരം…. അരികിലേക്കടുക്കുന്ന അവന്റെ സാമിപ്യം…. പണ്ട് അവൻ കടന്നു പോകുന്ന വഴിയിലെല്ലാം അനുഭവപ്പെടുന്ന അതേ ചന്ദനത്തിന്റെ ഗന്ധം…. തന്റെ പ്രാണനായൊരുവന്റെ ഗന്ധം…. അവൻ അടുത്തേക്ക് വരുന്നതറിഞ്ഞു ക്രമതീതമായി മിടിക്കുന്ന ഹൃദയത്തെ വരുതിയിൽ വരുത്താൻ ശ്രമിച്ചുകൊണ്ട് കണ്ണുകൾ തുടച്ചു എണിറ്റു.. അവന് മുഖം കൊടുക്കാതെ പടവുകൾ കയറി പോകാനാഞ്ഞതും കൈയിൽ പിടി വീണു…. മീനു…. വിട്…. എന്റെ കയ്യിന്നു വിട് മാഷേ…. മീനു പ്ലീസ് ഞാൻ പറയുന്നതൊരുനിമിഷം കേൾക്ക് മോളെ… യാചനയായിരുന്നു അവന്റെ സ്വരത്തിൽ കലർന്നത്… കണ്ണുകൾ കലങ്ങിയിരുന്നു.. ഇത്രയും നാൾ പ്രാണനെപ്പോലെ സ്നേഹിച്ചൊരുവളെ വേദനിപ്പിച്ചതിന്…. അന്ന് അവൾ അനുഭവിച്ച വേദനയുടെ ആഴം ഈ 6 വർഷം അവനെ പഠിപ്പിച്ചിരുന്നു…. എന്ത് പറയാനാ മാഷേ?? എന്താ ഈ പൊട്ടി പെണ്ണിനോട് പറയാൻ ഉള്ളത്??

എന്തിനായിരുന്നു മാഷേ…?? പറ… ചങ്കു പറിച്ചു സ്നേഹിച്ചതല്ലേ…. ഒത്തിരി…. ഒത്തിരി…. ഇഷ്ടമായിരുന്നില്ലേ….. പുറകെ വന്നത് അതുകൊണ്ടല്ലേ…. ശല്യം ചെയ്തത് അതുകൊണ്ടല്ലേ….. ആശിച്ചതല്ലേ ഉള്ളു മാഷേ….. കാത്തിരുന്നതല്ലേ ഉള്ളു….. ഇന്നോളം ഒരു പരിഭവവും പറയാതെ കണ്ടിട്ടും കാണാതെ പോകുമ്പോൾ ഒരിക്കൽ ഈ ഉള്ളു നിറയെ ഞാൻ ഉണ്ടാകുമെന്ന് സ്വയം ആശ്വസിച്ചു നിന്നതല്ലേ ഉള്ളു….. എന്നിട്ടും… എന്നിട്ടും… എന്നെ ഒരിക്കൽ പോലും മനസിലാക്കിയില്ലലോ മാഷേ….. അന്ന്… അന്ന് എല്ലാരുടേം മുന്നിൽ വെച്ചു പറഞ്ഞതല്ലേ ഞാൻ അല്ല എന്ന്….. ഞാൻ അറിയാതെ…… മീനു മനഃപൂർവം ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഇന്നുവരെ…. ഇനി ചെയ്യുകയും ഇല്ല… ആകെ ചെയ്തത് തെറ്റ് അന്ന് വേണിയേച്ചിയോട് കെഞ്ചിയതാ…. അത്….വിട്ടുകളയാൻ പറ്റാത്തോണ്ട…

അത്രയ്ക്ക്…. അത്രക്ക് ഇഷ്ടം….. ചങ്കുപൊട്ടി മുന്നിൽ നിന്നു എങ്ങി എങ്ങി പറയുന്നവളെ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ വലിച്ച് നെഞ്ചിലേക്കിട്ടു ശ്വാസം മുട്ടുന്നത്രെ വരിഞ്ഞു മുറുക്കി…. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു….. അവൾ പറഞ്ഞ കാര്യങ്ങളത്രയും ശരം കണക്കെ നെഞ്ചിൽ തുളച്ചു കയറി വേദനിപ്പിച്ചുകൊണ്ടിരുന്നു…. ഇത്രയും നാൾ താൻ നൽകിയ വേദനയിൽ ദിനരാത്രങ്ങൾ തള്ളി നീക്കിയവളെ… തന്റെ ഓർമയിൽ നീറിയവളെ…. താൻ കരുതിയതിനേക്കാൾ തീവ്രമായി തന്നെ സ്നേഹിച്ച ആ ഇരുപത്തിരണ്ടുകാരിയെ…. അവൻ നെഞ്ചോടു ചേർത്തു പൊതിഞ്ഞു പിടിച്ചു തലയിൽ തഴുകി…. അപ്പോഴും അവളിൽ നിന്നും ചെറിയ തോതിൽ എങ്ങലടികൾ ഉയർന്നിരുന്നു….. അവൾ ഒന്ന് ശാന്തയായെന്നു തോന്നിയതും പതിയെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി പടിയിലേക്കിരുന്നു ചേർത്തു പിടിച്ചു….

മുഖത്തേക്ക് വീണുകിടന്നിരുന്നു മുടി മാടിയൊതുക്കി പതിയെ ഒരു വിരലാൽ താടി തുമ്പിൽ പിടിച്ചുയർത്തി…. കവിളിനോട് ചേർത്തു വെച്ചു കൈകൾ… കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല… ചുണ്ടുകൾ വിറപൂണ്ടു… അവളുടെ കണ്ണുകളിൽ തന്നെ കണ്ണുകൾ കൊരുത്തു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു…. മീനു….. ഒരു ചെറിയ ക്ഷമാപണത്താൽ മറക്കാവുന്ന തെറ്റല്ല ഞാൻ ചെയ്തതെന്ന് എനിക്ക് അറിയാം… നിനക്ക് നൽകിയ മുറിവിന്റെ ആഴവും ചെറുതല്ല….പക്ഷെ നീ വേദനിച്ചതിന്റെ അത്രയും ഇല്ലെങ്കിൽ കൂടി അതിന്റെ തീവ്രത മനസിലാകാവുന്നത്ര എനിക്ക് വേദനിച്ചു നീ പോയതിനു ശേഷം…. നിനക്ക് ഓർമ്മയുണ്ടോ, അന്ന് ആ ദിവസം നീ എന്നോട് ചോദിച്ചൊരു ചോദ്യം ഇല്ലേ…. എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലേ മാഷെന്ന്…?

നിന്റെയാ ചോദ്യം കൊണ്ടതെന്റെ ചങ്കില പെണ്ണെ….. അന്ന് നേരം പുലരുവോളം ആ ചോദ്യം ഞാൻ എന്നോട് തന്നെ ആവർത്തിച്ചു ചോദിച്ചു നോക്കി…. ഒടുവിൽ…. ഒടുവിൽ അതിനുത്തരമായി നീ…. നീ മാത്രമായിരുന്നു പെണ്ണെ നിറഞ്ഞു നിന്നത്….. നിന്നെ കൈവെക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടേ ഇരുന്നു ആ രാത്രി ഇരുട്ടി വെളുക്കുവോളം….. പിറ്റേന്ന് തന്നെ ശേഖരേട്ടനെയും നിന്നെയും വന്നു കണ്ടു നടന്നതിനു ക്ഷമ ചോദിക്കണം എന്ന തീരുമാനത്തോടെ ഇരുന്നു…. പിന്നീട് വേണിക്ക് ബോധം തെളിഞ്ഞപ്പോൾ കേട്ട കാര്യങ്ങൾ എന്നെ പാടെ തകർത്തു കളഞ്ഞു…. അന്ന് അവളോട് നീ പറഞ്ഞ കാര്യങ്ങൾ കേട്ട് ഇല്ലാണ്ടായിപോയി ഞാൻ…. നിന്നെ എത്രത്തോളം ഞാൻ വേദനിപ്പിച്ചെന്നും അവഗണിച്ചെന്നും ഓർത്ത് സ്വയം വെറുപ്പായി….

അന്ന് നിന്നെ എന്തുവന്നാലും കണ്ടു കാര്യങ്ങൾ തുറന്ന് പറയും എന്ന തീരുമാനത്തോടെയാണ് അമ്പലപ്പാട്ടേക്ക് വന്നു കേറിയത്… പക്ഷെ അവിടെയും എന്നെ നീ തോൽപിച്ചു കളഞ്ഞല്ലോ…. എന്നെ അത്രെയേറെ സ്നേഹിച്ചിരുനെങ്കിൽ പിന്നെന്തിനാ മാഷേ എന്നെ അവഗണിച്ചേ? ഒഴിവാക്കിയേ?? തമാശയ്ക്കാണെന്നു തോന്നിയോ ഞാൻ പുറകെ വന്നത്? വാക്കുകൾ ഇടർച്ചയിലും കൂട്ടിപെറുക്കി അവൾ ചോദിച്ചു…. നിനക്ക് ഈ സിദ്ധാർഥനെ പറ്റി എന്തറിയാം മീനു? പേരുകേട്ട ദേവർമഠത്തിലെ ഏക ആൺ തരി, ഒരു സ്കൂൾ മാഷ്… അതിനപ്പുറം ഒന്നും അറിയില്ല… 18-ആം വയസ്സിൽ അച്ഛന്റെ പിടിപ്പുകേട് കൊണ്ട് സർവ്വതും കളഞ്ഞു കുളിച്ചു ഒടുക്കം കടം കേറി ഒരു മുഴം കയറിൽ അഭയം തേടി അച്ഛൻ പോയപ്പോൾ പ്രായമായ അമ്മയെ കൂടി എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്നറിയാതെ നിന്ന സിദ്ധാർഥ് നാരായണൻ എന്ന പയ്യനെ അറിയാമോ??

തറവാട് വരെ പണയത്തിലാണെന്ന കാര്യം വൈകി അറിഞ്ഞു ഒടുവിൽ ഒരു രാത്രി തെരുവിലേക്കിറങ്ങേണ്ടി വന്ന അമ്മയേം എന്നെയും കുറിച്ച് അറിയാമോ? മൂന്ന് നേരം ആഹാരം എന്നത് രണ്ടും പിന്നീട് ഒന്നും ആക്കി ചുരുക്കി വയർ മുറുക്കി പണിയെടുത്തു കഴിഞ്ഞ അമ്മയെയും മകനെയും അറിയാമോ നിനക്ക്? നീ അറിയാത്ത സിദ്ധാർഥന്റെ…ജീവിതം എന്താണെന്നു പഠിച്ച പഠിപ്പിച്ച പാഠം ആണ് ഇത്…. അതിൽ നിന്നും ഇന്നത്തെ അവസ്ഥയിൽ എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പരിശ്രമിച്ചിട്ടുണ്ട്…. അതിനിടയിൽ പഠിപ്പ് ഒക്കെ ആരുടെയൊക്കെയോ സഹായം ആയിരുന്നു…. ആഗ്രഹം ഉണ്ടായിരുനെങ്കിലും ആശിക്കാനെ വകയുണ്ടായിരുന്നുള്ളു…. അപ്പോഴും ചേർത്തു പിടിച്ചു താങ്ങായി കൂടെ നിന്നത് എന്റെ അമ്മയും പിന്നെ അമ്പലപ്പാട്ടെ അമ്മയും ആയിരുന്നു.

നിന്റെ മുത്തശ്ശി… രുഗ്മിണിയമ്മ….. ഒരുവിധം ജീവിതം കെട്ടിപ്പെടുത്തു വന്നപ്പോൾ ഒരുപാട് വർഷങ്ങളായി…. സിവിൽ സർവീസ് ഒരാഗ്രഹമായി നോവായി ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അന്ന് വിശപ്പിന്റെ വിളിയായിരുന്നു ഉച്ചത്തിൽ കേട്ടത്… അതിനാൽ സ്കൂളിൽ ചേർന്നു പഠിപ്പിക്കാൻ….. നീ ഓർക്കുന്നോ അന്നാദ്യം ഇതേ കുളക്കടവിൽ വെച്ച് അത്രയേറെ നിഷ്കളങ്കമായി എന്നോട് പറഞ്ഞില്ലേ …. എനിക്ക് മാഷിനെ ഒരുപാട് ഇഷ്ടമാ എന്നെയും അതേപോലെ ഇഷ്ടപ്പെടുമോ എന്ന്…. അന്ന് നിന്നെ മനസിലായിരുന്നു എനിക്ക്… പക്ഷെ അപ്പോഴും നിന്റെ പ്രായത്തിന്റെ ചാപല്യമായി അതിനെ കണക്കാക്കാനെ എനിക്കായുള്ളു… പക്ഷെ ഓരോ ദിവസം കഴിയുന്തോറും നീ എന്നെ വീണ്ടും അത്ഭുതപെടുത്തികൊണ്ടിരുന്നു….. പിന്നീട് നിന്റെ തീവ്രമായ പ്രണയം ആരാധന എല്ലാം എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു….

അത്‌ വേറൊന്നും കൊണ്ടായിരുന്നില്ല…. എപ്പോളൊക്കെയോ എന്റെ ഉള്ളിൽ നിന്നോടൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു…. പക്ഷെ അന്ന് അമ്പലപ്പാട്ടെ കുട്ടിയെ മോഹിക്കാനുള്ള അർഹത ദേവർമഠത്തിലെ ചെക്കനുണ്ടോ എന്ന് മനസിൽ തോന്നിയ ഒറ്റ ചോദ്യമാണ് എന്നെ തകർത്തത്…. നമ്മൾ രണ്ടു തട്ടിലുള്ള ആളുകൾ ആയതിനാൽ…. അവിടെ പ്രായം, കുടുംബം, ജോലി എല്ലാത്തിനും പലവിധ ചോദ്യങ്ങൾ ഉന്നയിക്കപ്പെടും എന്നുള്ളതുകൊണ്ടാണ്…. എല്ലാത്തിനുമുപരി നീ പട്ടണത്തിൽ ജനിച്ചു വളർന്ന കുട്ടി… ഇപ്പോൾ നിനക്കിത് അടക്കാൻ പറ്റാത്ത മോഹമായോ, വാശിയായോ ഒക്കെ തോന്നാം…. അമ്പലപ്പറമ്പിൽ ബലൂണിന് വേണ്ടി വാശി പിടിക്കുന്ന കുട്ടിയെ പോലെ…..

അതിനോടുള്ള ഭ്രമം മാറുന്ന കാലത്ത് ഒരു ഭാരമായി, ഒരു തെറ്റായി തോന്നാം…. അത്‌ നിന്റെ പ്രായത്തിന്റെതായ ഭ്രമം മാത്രമായി ചുരുങ്ങാം…. അന്ന് നിന്റെ ജീവിതം എന്നാൽ നശിച്ചു എന്ന തോന്നൽ ഉണ്ടാവാതെ ഇരിക്കാനുമാണ് ഞാൻ നിന്നെ അവഗണിച്ചതും ആട്ടിയൊതുക്കിയതും…… ഇതൊന്നും പോരാതെ അമ്പലപ്പാട്ടെ രാജകുമാരിയെ വെറുതെ എന്റെ ഇഷ്ടത്തിന്റെ പേരിൽ ഒരു താലിയിൽ കോർത്തിണക്കി എന്റെ പ്രാരാബ്ധ ജീവിത്തിത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണ്ട എന്ന് തോന്നി പോയി…. ഇതൊക്കെ കൊണ്ട് മനഃപൂർവം നിന്നിൽ നിന്നും അകന്ന് നിന്നതാണ്…. പിന്നെന്തേ ഇതുവരെയും മറ്റൊരു കല്യാണം കഴിച്ചില്ല?? അത്രയും നേരം എല്ലാം കേട്ടിരുന്നവൾ സ്വതവേ വിരിഞ്ഞ ഉണ്ടക്കണ്ണുകൾ ഒന്നൂടെ മിഴിച്ച് വെച്ച് ചോദിച്ചു…. അവളുടെ ചോദ്യത്തിന് കുസൃതിചിരിയോടെ അവൻ പറഞ്ഞു…

അതോ…. അത്‌ പണ്ടെപ്പോളോ ഉള്ളിൽ കയറികൂടിയ ഒരു കുറുമ്പി പെണ്ണുണ്ട്…. എന്നെ മാത്രം സ്നേഹിച്ചു ജീവിക്കുന്ന കഥയില്ലാപെണ്ണ്….. അവൾക്കുവേണ്ടി കാത്തിരിക്കുവാണ്…. ഞാൻ വന്നില്ലായിരുന്നെങ്കിലോ? മറ്റൊരു ജീവിതവുമായി മുന്നോട്ടു പോയിരുന്നെങ്കിലോ…?? പഴയ കുറുമ്പ് നിറഞ്ഞ ഇരുപത്തിരണ്ടുകാരിയുടെ കുറുമ്പ് നിറഞ്ഞ സ്വരം…. കണ്ണുകളിൽ പ്രണയം നിറച്ചു ചൊടികളിൽ കുസൃതിച്ചിരി വിരിയിച്ച പഴയ മീനുവായിരുന്നു അപ്പോഴാ ചോദ്യം ചോദിച്ചത്….. ഇതിനുള്ള ഉത്തരം ഞാൻ തരും… ഇന്നല്ല… നാളെ…. ദേവർമഠത്തിലേക്ക് വലതുകാൽ വെച്ച് ഈ സിദ്ധാർഥന്റെ പാതിയായി, എന്റെ പ്രാണനിൽ അലിഞ്ഞു ചേരാൻ നീ വരുമ്പോൾ…. മീശയൊന്നു പിരിച്ചു വെച്ച് മേൽച്ചുണ്ട് ചെറുതായി കടിച്ചുപിടിച്ചു ഒറ്റക്കണ്ണിറുക്കി കുറുമ്പോടെയുള്ള അവന്റെ ഉത്തരം അവളെ അതിശയിപ്പിച്ചു….

ഇന്നുവരെ കാണാത്ത പ്രണയം അലതല്ലുന്ന മിഴികളിൽ നോക്കവേ നാണത്താൽ പൂത്തുലഞ്ഞു പെണ്ണും…. അതേ… വയസ്സ് പത്തുമുപ്പത്തഞ്ചായെ…. ഇനിയെങ്കിലും നമുക്കൊന്ന് ശെരിക്കും പ്രേമിക്കണ്ടേ….കെട്ടണ്ടേ? അത്‌ കേട്ടതും അറിയാതെ കവിൾതടം ചെമ്പരുത്തിച്ചോപ്പ് അണിഞ്ഞിരുന്നു… പെണ്ണിന്റെ മുഖം ഇരുകൈകളാലും കോരിയെടുത്തു അരുമയായി നെറ്റിൽ ചുംബിച്ചു….35-ആം വയസ്സിലെ ആദ്യ പ്രണയ ചുംബനം….. അവന്റെ അധരങ്ങളുടെ തണുപ്പ് നെറ്റിയിൽ ഏറ്റതും കണ്ണുകൾ താനേ കൂമ്പിയടഞ്ഞു…. നെറ്റിമേൽ നെറ്റി മുട്ടിച്ചു ഇരുന്നു ഇരുവരും…. മൗനമായി പ്രണയം പങ്കുവെച്ച്, പരിഭവങ്ങൾ പറഞ്ഞു തീർത്ത്… പാതിവഴിയിൽ ഉപേക്ഷിച്ച ഒന്നിച്ചൊരു ജീവിതം എന്ന സ്വപ്നം വീണ്ടും ഒന്നിച്ചിരുന്നു നെയ്തു കൂട്ടി…. 🍂🍂🍂🍂🍂

ഒന്നിച്ച് കൈകോർത്തു പിടിച്ചു അമ്പലക്കുളത്തിൽ നിന്നും തിരികെ വരുന്നവരെ കാൺകെ ഒപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ വിടർന്നു…. മനസ്സ് നിറഞ്ഞു…. ചൊടികളിൽ മനോഹരമായ പുഞ്ചിരി വിടർന്നു…. മീനുവിനെ ഇരുവശത്തുനിന്നും പൊതിഞ്ഞു പിടിച്ചു വേണിയും രമ്യയും സന്തോഷം പ്രകടിപ്പിച്ചു… 6 വർഷത്തെ കാത്തിരിപ്പ് പര്യവസാനിച്ച സന്തോഷത്തിൽ വിനീതും സിദ്ധുവും പരസ്പരം കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു…. 🍂🍂🍂🍂🍂🍂

ഇരുവീട്ടുകാരുടെയും പൂർണ സമ്മതത്തോടെയും ആശിർവാദത്തോടെയും അടുത്ത ദിവസം തന്നെ നെല്ലിക്കുളങ്ങര ഭഗവതിയുടെ നടയിൽ വെച്ച് സിദ്ധു മീനുവിനെ താലിചാർത്തി, അവന്റെ പ്രണയത്തിന്റെ അടയാളമായി സീമന്ദരേഖ ചുവപ്പിച്ചു….. അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു വീണു…. അവളുടെ ഏറ്റോം സന്തോഷകരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവളുടെ അച്ഛൻ കൂടെയില്ലല്ലോ എന്നുള്ളത് വേദനയോടെ ഓർത്തു… ഇന്ന് ഉണ്ടായിരുനെങ്കിൽ അദ്ദേഹം ആയിരുന്നേനെ ഏറ്റോം അധികം സന്തോഷിക്കുക…. അവളുടെ അച്ഛന്റെയും അമ്മയുടേം സ്ഥാനത്തു നിന്ന് വല്യച്ഛനും വല്യമ്മയും എല്ലാ ചടങ്ങുകളും നടത്തി അവളെ സിദ്ധാർഥന് നൽകി….

അവന്റെ കയ്യും പിടിച്ചു അന്ന് തന്നെ ദേവർമഠത്തിലേക്ക് വലതുകാൽ വെച്ച് കേറി…. സിദ്ധാർഥന്റെ ഭാര്യയായി, അവന്റെ പ്രാണന്റെ പാതിയായി.. വസുന്ധരാമ്മയ്ക്ക് മരുമകളായി….മകളായി…. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 രാത്രിയിൽ സിദ്ധുവിന്റെ മുറിയിൽ ലളിതമായൊരു സെറ്റുമുണ്ടും ഉടുത്ത് കയ്യിൽ പാൽ ഗ്ലാസുമായി മുറിയിലേക്ക് വരുന്നവളെ ഇമചിമ്മാതെ നോക്കി നിന്നു സിദ്ധു… ചുവന്നു കിടക്കുന്ന സീമന്ദരേഖയും നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന തന്റെ പ്രണയസാഫല്യമായ ആലിലതാലിയും വല്യ വട്ട പൊട്ടും അവളുടെ മാറ്റു കൂട്ടി…. ഒരിക്കൽ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞ ഒരു കള്ളം മനസ്സിൽ തെളിഞ്ഞതും അറിയാതെ ചൊടികൾ വിടർന്നു… തന്റെ ചിരി കണ്ട് കാര്യം തിരക്കി വന്നവളെ പിടിച്ചു അടുത്തിരുത്തി…

നിനക്ക് ഇന്നലെ ചോദിച്ച ചോദ്യത്തിനുത്തരം വേണ്ടേ മീനു? മ്മ്… വേണം… ഞാൻ വരാതിരുന്നെങ്കിലോ?? മറ്റൊരു ജീവിതവുമായി മുന്നോട്ട് പോയിരുന്നെങ്കിലോ…. അതിന് ഒറ്റയൂത്തരമേ ഉള്ളു…. ശേഖരേട്ടൻ….. അച്ഛൻ…. അച്ഛനോ..? അവന്റെ ഉത്തരത്തിന് അമ്പരന്ന് മീനു തിരക്കി… ശബ്ദം ചിലമ്പിച്ചിരുന്നു…. മ്മ്.. അതേ… അന്ന് അമ്പലപ്പാട്ടെ മുത്തശ്ശിയുടെ മരണത്തിനു നിന്റെ അച്ഛൻ വന്നിരുന്നില്ലേ… അന്ന് നീ ഡൽഹിയിലും…. അന്ന് തിരിച്ചു പോകുന്നതിന് മുൻപ് അദ്ദേഹം എന്നെ കാണാൻ വന്നു… സത്യത്തിൽ ഞാൻ വന്നു കാണാൻ ഇരിക്കുമ്പോളാണ് അപ്രതീക്ഷിതമായി അദ്ദേഹം എന്നെ കാണാൻ സ്കൂളിലേക്ക് വരുന്നത്…. അന്ന് സംഭവിച്ചതെല്ലാം ഞാൻ അദ്ദേഹത്തോടെ പറഞ്ഞു മാപ്പ് ചോദിച്ചു… ഒപ്പം നിന്നെ എനിക്ക് ഇഷ്ടമാണെന്നും….

അന്ന് എന്നോട് പറഞ്ഞു ഇതേപോലെ ഒരാൾ കഴിഞ്ഞ അഞ്ചു വർഷമായി നടന്ന സംഭവങ്ങളുടെ കുറ്റബോധത്തോടെ, അവളുടെ പ്രിയപെട്ടവൻ നൽകിയ മുറിവിൽ നീറി നീറി കഴിയുന്നുണ്ടെന്ന്… സത്യം പറഞ്ഞാൽ ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചു പോയി…. കാരണം കളഞ്ഞുപോയെന്നു കരുതിയതെന്തോ തിരിച്ചു കിട്ടിയ ഫീൽ ആയിരുന്നു അന്ന്…. നീ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് പൂർണമായും മനസിലാക്കിത്തന്ന ദിവസം…. എന്റെയുള്ളിൽ നീ എത്രത്തോളം തെളിമയിൽ നിൽപ്പുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ ദിവസം…. അന്ന് ഞാൻ ഉറങ്ങിയിട്ടില്ല അറിയുമോ….. അന്നദ്ദേഹം എന്നോട് പറഞ്ഞു തന്റെ ജീവനായ പോന്നമനയെ പറ്റി…

അവൾ ഇന്നുവരെയും അച്ഛനെ വേദനിപ്പിക്കാതിരിക്കാൻ സ്വയം കെട്ടിയാടിയ വേഷത്തെ പറ്റി…. രാത്രികളിൽ നനഞ്ഞ തലയിണയും, വീർത്ത കണ്ണുകളും കള്ളം പറയില്ലല്ലോ എന്ന്…. ഇന്നുവരെയും ഒന്നും വേണമെന്ന് വാശിപിടിച്ചിട്ടില്ലാത്ത മകളെ പറ്റി…. അവളുടെ ഇന്നോളം ഉള്ള ജീവിതത്തിൽ ആകെ വേണമെന്ന് പറഞ്ഞു ആശിച്ച, കാത്തിരുന്ന ഒന്നാണ് സിദ്ധാർഥൻ എന്ന്…. എല്ലാം കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…അല്ലെങ്കിലും ഇന്നോളം ഒന്നും പറയാതെ എല്ലാം മനസിലാക്കിയ ഒരാളെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു…. അച്ഛൻ…. മീനു…. അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു പതിയെ ആർദ്രമായി വിളിച്ചു….. എന്നെ ഇത്രമാത്രം സ്നേഹിക്കാൻ എന്താ കാരണം പെണ്ണെ?? ഈ ഒരു ചോദ്യത്തിനുത്തരം നീ തന്നെ ഒരിക്കൽ പറയുമെന്ന് ശേഖരേട്ടൻ എന്നോട് പറഞ്ഞിരുന്നു….

ഇന്നെനിക് അതറിയണം…. എന്റെ അച്ഛനോളം ഈ ഭൂമിയിൽ ആരും എന്നെ സ്നേഹിച്ചിട്ടില്ല മാഷേ… എന്റെ അച്ഛന്റെ കൈക്കുളിൽ നിൽകുമ്പോൾ ഞാൻ അനുഭവിച്ച അതേ സുരക്ഷിതത്വവും കരുതലും ഒരു നിമിഷത്തേക്കെങ്കിലും ഞാൻ അനുഭവിച്ചത്… എനിക്ക് ബോധ്യമായത് അന്ന് കുളപ്പടവിൽ ആദ്യമായി മാഷിനെ കണ്ട ദിവസമാണ്… അന്ന് കാലിടറി കുളത്തിൽ വീഴാൻ പോയ സമയം വലിച്ചെന്നെ നെഞ്ചോടു ചേർത്തു പിടിച്ചില്ലേ…. അന്ന്…. വല്ലാത്തൊരു തരം സമാധാനവും സന്തോഷവും സുരക്ഷയും ഒക്കെ തോന്നിപോയി… ആ കരുതൽ എനിക്ക് ജീവിതാവസാനം വരെയും വേണമെന്ന് തോന്നിപോയി…. ഇന്നുവരെ ആരോടും മീനുവിന് തോന്നാത്ത ഒന്ന്…. അത്‌ എന്റെ പ്രായത്തിന്റെ ചാപല്യമാക്കി തള്ളിക്കളയാൻ എനിക്കായില്ല.. എന്റെ അച്ഛനോളം എന്നെ സ്നേഹിക്കുന്ന ഒരാളായി എനിക്ക് തോന്നിയോണ്ട….

അവളുടെ ആ മറുപടി സിദ്ധുവിന്റെ കണ്ണുകളെ ഈറനാക്കി….അവളെ വലിച്ചടുപ്പിച്ചു കൊതിതീരുവോളം ചുംബിച്ചു നെഞ്ചോടു ചേർത്തു…. ഇനിയൊരിക്കലും വിട്ടുകളയില്ല എന്നപോൽ…. ഒരിക്കൽ നഷ്ടപ്പെട്ടു എന്നോർത്ത മാണിക്യത്തെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഇരുവരും ഇനിയുള്ളകാലം കൊച്ച് കൊച്ച് പരിഭവങ്ങളും, പിണക്കങ്ങളും ഒത്തിരി ഒത്തിരി പ്രണയവുമായി ഒരുപാട് കാലം ജീവിക്കട്ടെ…. കൊച്ച് നൊമ്പരത്തിനു ശേഷം ഉള്ള വല്യ മധുരം പങ്കുവെച്ച് …. സിദ്ധുവും അവന്റെ മാത്രം മീനുവും…. ❤ അവസാനിച്ചു….

മധുരനൊമ്പരക്കാറ്റ്: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-