നീ മാത്രം…❣️❣️ : ഭാഗം 26

നീ മാത്രം…❣️❣️ : ഭാഗം 26

എഴുത്തുകാരി: കീർത്തി

“മാനുവേട്ടൻ എന്തൊക്കെ പറഞ്ഞാലും ശെരി സാറിന്റെ കൂടെ ഞാൻ പോവില്ല. ” ഡോർ തള്ളിത്തുറന്ന് അകത്തു കയറിയതും സീറ്റിൽ ഇരിക്കുന്നതോടൊപ്പം ഞാൻ പറഞ്ഞു. “ഗാഥാ… പ്ലീസ്… നല്ല കുട്ടിയല്ലേ. അവനെ നീ നോക്കണ്ട. നമ്മുടെ കമ്പനിക്ക് വേണ്ടി…. ” “ഈ ചിന്ത മനുവേട്ടനും ഉണ്ടാവാലോ? കമ്പനിക്ക് വേണ്ടി ഏട്ടന് പോയാലെന്താ? ” “ഞാൻ പോയാൽ ചിലപ്പോൾ ഈ പ്രൊജക്റ്റ്‌ തന്നെ നമ്മുടെ കൈയിൽ ന്ന് പോവും. നീയും കേട്ടതല്ലേ ഞാൻ നേരത്തെ പറഞ്ഞത്? ” മാനുവേട്ടൻ പിന്നെയും കുറെ എന്തൊക്കെയോ പറഞ്ഞ് എന്റെ മസ്തിഷ്കം കഴുകി വൃത്തിയാക്കി, പോവില്ലെന്നുള്ള എന്റെ തീരുമാനത്തെ പാടെ മായ്ച്ചുകളഞ്ഞു. അവസാനം ആനന്ദേട്ടന്റെ അച്ഛന്റെ പ്രയത്നത്തെക്കുറിച്ചും സ്വന്തം അച്ഛന്റെ ജീവനായിരുന്ന ഈ സ്ഥാപനം ഇങ്ങനെ നിലനിർത്താൻ ആനന്ദേട്ടൻ സഹിച്ച കഷ്ടപ്പാടും മാനുവേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ കാരണം ഈ കമ്പനിക്ക് ഒരു ദോഷം വരരുതെന്ന് ഞാനാഗ്രഹിച്ചു.

പോകാമെന്ന് ഞാൻ സമ്മതിച്ചു. “സാറിന്റെ കൂടെ ഞാൻ പോകാം. പക്ഷെ എന്നോട് ഒഫീഷ്യൽ കാര്യങ്ങളല്ലാതെ അനാവശ്യമായുള്ള ഒന്നും ചോദിക്കില്ലന്നും പറയില്ലന്നുമൊക്കെ ഉറപ്പ് തരണം. പറ്റുവോ.? ” “അത് ഞാനേറ്റു. ” എന്നെനോക്കി കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം മാനുവേട്ടൻ പറഞ്ഞു. വൈകാതെ തീരുമാനം സാറിനെ അറിയിക്കുകയും ചെയ്തു. അപ്പോഴും എന്റെ കണ്ടിഷൻ പറയാതെ നിൽക്കുന്ന മനുവേട്ടനെ ആനന്ദേട്ടൻ കാണാതെ ഞാൻ പിറകിലൂടെ തോണ്ടി വിളിച്ചു. “മനുവേട്ടാ… പറ പറ… ” സ്വകാര്യമായി ഞാൻ പറഞ്ഞപ്പോഴും ആള് കണ്ണിറുക്കി കാണിക്കുന്നതല്ലാതെ കാര്യത്തിലേക്ക് കടക്കുന്നില്ലായിരുന്നു. ദേഷ്യം വന്ന ഞാൻ കൈയിൽ ഒരു നുള്ളങ്ങ് വെച്ചുകൊടുത്തു.

അല്ല പിന്നെ… “ആഹ്…. ” “എന്താടാ? ” മനുവേട്ടന്റെ നിലവിളി കേട്ടുള്ള ആനന്ദേട്ടന്റെ ചോദ്യവും എന്റെ നിർബന്ധവും കൂടിയായപ്പോൾ മാനുവേട്ടൻ കാര്യം പറഞ്ഞു. മാനുവേട്ടൻ പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ ആ കണ്ണുകൾ എന്നിലായിരുന്നു. എന്നാൽ അവയെ നേരിടാനുള്ള ശക്തിയില്ലാതെ ഞാൻ തല താഴ്ത്തിയും ഇരുന്നു. “വിജയ്…. ” യാതൊരു മറുപടിയും കാണാത്തതുകൊണ്ട് മാനുവേട്ടൻ വിളിക്കുന്നത് കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. അപ്പോഴും കുസൃതി നിറഞ്ഞ ആ കണ്ണുകൾ ഇമചിമ്മുക പോലും ചെയ്യാതെ എന്നിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു. കുറച്ചു നേരംകൂടി ആനന്ദേട്ടൻ അതേ ഇരുപ്പ് അങ്ങനെ ഇരുന്നു. പിന്നെ ഒരു നെടുവീർപ്പിട്ട ശേഷം പറഞ്ഞു തുടങ്ങി. “ശെരി. ഞാനും വാക്ക് തരുന്നു. മീറ്റിംഗ് കഴിഞ്ഞു വരുന്നത് വരെ ഗാഥയ്ക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല. ഉറപ്പ്. ”

ആനന്ദേട്ടൻ പറഞ്ഞു കഴിഞ്ഞപ്പോൾ “പോരെ ” ന്നുള്ള അർത്ഥത്തിൽ മാനുവേട്ടൻ എന്നെനോക്കി തലയാട്ടിചോദിച്ചപ്പോൾ ഞാനും ഉവ്വെന്ന് അതേപോലെ മറുപടി കൊടുത്തു. അങ്ങനെ ആ കാര്യത്തിൽ ഒരു നീക്ക്പോക്ക് ഉണ്ടാക്കിയ ശേഷം ഞങ്ങൾ പിരിഞ്ഞു. ദിനരാത്രങ്ങൾ മാറിമാറി വന്നുപൊയ്ക്കൊണ്ടിരുന്നതിന്റെ ഫലമായി ആ ദിവസവും പടിവാതിൽക്കൽ എത്തി. ഇന്ന് കഴിഞ്ഞ് പിറ്റേന്ന് ആണ് മീറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ നേരത്തെ തന്നെ പോകാണമെന്നാണ് ആനന്ദേട്ടൻ പറഞ്ഞിരിക്കുന്നത്. പ്രസന്റേഷന് വേണ്ടതെല്ലാം റെഡിയാക്കി വെച്ച് ഓഫീസിലെ മറ്റുള്ള വർക്ക്‌കൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആനന്ദേട്ടൻ അങ്ങോട്ട്‌ കയറി വന്നത്. “ഗാഥാ… നമ്മുടെ നാളത്തെ യാത്രയിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ” “എന്താ സാർ. മീറ്റിംഗ് ക്യാൻസൽ ചെയ്തോ? ”

“കരിനാക്ക് വളയ്ക്കാതെടൊ. ഇതെന്റെ ഡ്രീംപ്രൊജക്റ്റ്‌ ആണ്. ” തലയ്ക്ക് കൈ കൊടുത്തു കൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല ന്നല്ലേ കേട്ടിട്ടുള്ളത് അതുകൊണ്ട് ഞാനൊന്ന് ഇളിച്ചു കാണിച്ചുകൊണ്ട് ഒരു സോറിയും പറഞ്ഞ് കാരണം ചോദിച്ചു. “നാളെ രാവിലെന്നുള്ളത് ഇന്ന് ഈവെനിംഗ് ആക്കുന്നു. ” ആനന്ദേട്ടൻ പറഞ്ഞു. “ഇന്ന് വൈകീട്ടോ? മീറ്റിംഗ് നാളെയല്ലേ? ഇന്ന് പോയാൽ…. രാത്രി…..പിന്നെ നാളെ രാവിലെ…… മീറ്റിംഗിന് പോവുമ്പോൾ……. ” പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ആകെയൊരു വെപ്രാളം. “ഏയ്‌… ഗാഥാ കൂൾ.. ഞാനൊന്ന് പറഞ്ഞോട്ടെ… നമ്മൾ ഇന്ന് ഈവെനിംഗ് ഇവിടുന്ന് തിരിക്കും. നേരെ ഒറ്റപ്പാലം. അവിടുന്ന് കോയമ്പത്തൂർക്ക് എളുപ്പമാണ്. ഇവിടെന്ന് ധൃതി പിടിച്ച് പോവണ്ട ആവശ്യവും വരില്ല. ”

“ഒറ്റ…പ്പാലത്ത്…. ന്ന് പ…റ…യു…മ്പോ…ൾ….? ” ഞാൻ വിക്കിവിക്കി ചോദിച്ചു. “എന്റെ തറവാട്ടിൽ. രാത്രിയോട് കൂടി വീട്ടിലെത്തും. പിന്നെ യാത്രാക്ഷീണമൊക്കെ മാറ്റി റസ്റ്റ്‌ എടുത്ത് പിറ്റേന്ന് രാവിലെ കോയമ്പത്തൂർ. മീറ്റിംഗ് കഴിഞ്ഞ് വന്നു അതേപോലെ വൈകീട്ട് തിരിച്ച് ഇങ്ങോട്ടും. എന്താ? ” ഒരുനിമിഷം ആനന്ദേട്ടൻ പറഞ്ഞ പ്ലാനിംഗ് ഞാനൊന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്കി. ആനന്ദേട്ടന്റെ തറവാട്ടിൽ…ഞാൻ… ഒരു ദിവസം !!! ഇതിലൂടെ ഇനി വേറെ വല്ല പ്ലാനിങ്ങും ഉണ്ടായിരിക്കുമോ? ഏയ്‌… വാക്ക് തന്നതല്ലേ ബുദ്ധിമുട്ട് ഉണ്ടാക്കില്ല ന്ന്. വീട്ടിൽ വേറെ ആള്ക്കാര് ഉള്ളത്കൊണ്ട് അത് ഉറപ്പാണ്. പക്ഷെ അവിടെ ഉള്ളോര് എങ്ങനെയാവും. അവരുടെ കമ്പനിയിലെ സ്റ്റാഫ് അവരുടെ വീട്ടിൽ… എന്താവുമോ എന്തോ? “എന്താ? ” ഞാൻ വായും പൊളിച്ച് ആലോചിച്ചു നിൽക്കുന്നത് കണ്ട ആനന്ദേട്ടൻ വീണ്ടും ചോദിച്ചു. പെട്ടന്ന് എന്തോ ബോധത്തിൽ ഞാനും അത് തന്നെ തിരിച്ചു ചോദിച്ചു.

“അപ്പൊ പോവല്ലേ ഇന്ന്? ” “ഏഹ്… ആ പൊയ്ക്കോളൂ. ” “എടോ താനും ഉണ്ട് ന്റെ കൂടെ. ” “അത്…. അത്…. ഞാനൊന്ന് ആലോചിക്കട്ടെ. ” “ആലോചിക്കാനൊന്നും നേരമില്ല. നമ്മള് പോകുന്നു. താനിന്ന് ഉച്ചയ്ക്ക് ലീവെടുത്ത് വേണ്ട ഡ്രെസ്സും മറ്റു സാധനങ്ങളും പായ്ക്ക് ചെയ്തു വെക്ക്. വൈകുന്നേരം ഞാൻ തന്റെ വീട്ടിൽ വന്ന് തന്നെ കൂട്ടിക്കോളാം. ” ആനന്ദേട്ടൻ വെൽ പ്ലാൻഡ് ആണല്ലോ ഭഗവാനെ… ഓരോന്നോരോന്ന് പറയുന്നത് കേട്ട് അന്തംവിട്ട ഞാൻ കീ കൊടുത്ത പാവയെ പോലെ തലയാട്ടി സമ്മതിച്ചു. ആനന്ദേട്ടൻ അവിടുന്ന് പോയികഴിഞ്ഞിട്ടാണ് ഞാനിപ്പോൾ എന്താ ചെയ്തത് ന്നുള്ള ബോധം എനിക്കുണ്ടായത്. പിന്നെ ആകെയൊരു വെപ്രാളവും പരവേശവും ഒന്നിലും മനസ് ഉറയ്ക്കുന്നില്ലായിരുന്നു. മനുവേട്ടനോടും ഗീതുവിനോടും കാര്യം പറഞ്ഞ് അവളെയും കൂട്ടി ഉച്ചയ്ക്ക് മുന്നേ തന്നെ ഓഫീസിൽ നിന്നും പോന്നു.

വീട്ടിൽ എത്തിയിട്ടും എന്തൊക്കെയാണ് എടുത്തു വെയ്ക്കണ്ടത് ന്ന് പോലും അറിയുന്നില്ലായിരുന്നു. എന്റെ മാനസികാവസ്ഥ മനസിലാക്കി ഗീതുവാണ് എല്ലാം എടുത്തു വെച്ചുതന്നത്. ഒരു ദിവസത്തേക്ക് വേണ്ട ഡ്രെസ്സും സാധനങ്ങളും അവള് ഒരു കുഞ്ഞു ബാഗിലാക്കി തന്നു. മീറ്റിംഗിന് വേണ്ടതെല്ലാം ആനന്ദേട്ടന്റെ കൈയിൽ ഏൽപ്പിച്ചിരുന്നതുകൊണ്ട് ആ ടെൻഷൻ ഇല്ല. പറഞ്ഞ സമയത്തു തന്നെ ആള് കാറുമായി എത്തി. ഹോ… എന്തൊരു കൃത്യനിഷ്ഠ. ചെറുതാണെങ്കിലും എന്റെ കൈയിലുണ്ടായിരുന്ന ആ ബാഗ് ആനന്ദേട്ടൻ വേഗം വാങ്ങിച്ച് ഡിക്കിയിൽ കൊണ്ടുവെച്ചു. ഗീതുവിനോട് യാത്ര പറഞ്ഞ ശേഷം മുന്നിൽ കയറണോ അതോ പിറകിൽ കയറണോ ന്ന് ശങ്കിച്ച് നിന്നപ്പോൾ കണ്ടു കോ-ഡ്രൈവിംഗ് സീറ്റിന്റെ ഡോറും തുറന്നുപിടിച്ച് എന്നെയും നോക്കി നിൽക്കുന്ന ആനന്ദേട്ടനെ.

അതു കണ്ട് ദയനീയമായി ഞാൻ ഗീതുവിനെ നോക്കിയപ്പോൾ, എന്റെ ടെൻഷൻ മനസിലാക്കി എന്റെ കൈയിൽ മുറുകെ പിടിച്ചു. ഒപ്പം “ധൈര്യമായി പോയിട്ട് വാ ” എന്ന് പറയുന്ന പോലെ രണ്ടു കണ്ണും അടച്ചുകാണിച്ചു. ഒരിക്കൽ കൂടി അവളോട് യാത്ര പറഞ്ഞ് ഞാൻ ചെന്ന് കാറിൽ കയറിയിരുന്നു. വണ്ടി അനങ്ങിതുടങ്ങിയപ്പോഴാണ് ആനന്ദേട്ടൻ കാറിൽ കയറിയതും വണ്ടി സ്റ്റാർട്ട് ആക്കിയതും ഞാനറിഞ്ഞത്. അതുവരെ ഞാൻ ഗീതുവിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. യാത്രയിലുടനീളം ഞാൻ മൗനമായി പുറത്തെ കാഴ്ചകളും നോക്കിയിരിക്കുകയാണ് ചെയ്തത്. ഇടയ്ക്ക് കഴിക്കാനോ കുടിക്കാനോ എന്തേലും വേണോ ന്ന് ചോദിച്ചതല്ലാതെ, എന്തുകൊണ്ടോ ആനന്ദേട്ടനും ഒരു സംഭാഷണത്തിന് മുതിർന്നില്ല. ഒരുതരത്തിൽ അതെനിക്ക് ആശ്വാസമായിരുന്നു. മനുവേട്ടന്റെ മുന്നിൽ വെച്ച് വാക്ക് തന്നതല്ലേ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ന്ന്.

ചിലപ്പോൾ അതാവുമെന്ന് ഞാനൂഹിച്ചു. അതുകൊണ്ട് തന്നെ കാഴ്ചകൾ കണ്ടു മടുത്തപ്പോൾ ഫോണിലെ പാട്ടും കേട്ട് ഞാനൊന്ന് മയങ്ങി. വാഹനങ്ങളുടെ തുടരെയുള്ള ഹോൺ ശബ്ദങ്ങൾ കേട്ടാണ് ഞാൻ ഉണർന്നത്. ചുറ്റും നോക്കിയപ്പോൾ മനസിലായി ട്രാഫിക്കിൽ പെട്ടിരിക്കുകയാണെന്ന്. പോരാത്തതിന് എന്റെ നോട്ടം കണ്ട് ആനന്ദേട്ടൻ പറയുകയും ചെയ്തു. മയക്കം വിട്ട് കണ്ണ് തെളിഞ്ഞപ്പോഴാണ് ഞാനാ പരിസരം ശെരിക്കും ശ്രദ്ധിച്ചത്. ചുറ്റും ഇരുട്ട് വ്യാപിച്ചിരിക്കുന്നു. എങ്ങും വഴിവിളക്കുകൾ തെളിഞ്ഞിരിക്കുന്നു. വഴിയോരത്തെ തട്ടുകടകളിൽ തകൃതിയായി കച്ചവടം നടക്കുന്നു. നല്ല തിരക്ക്. വാഹനങ്ങളും കൂടെ കാൽനടയാത്രക്കാരും റോഡിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. വൈകാതെ പതിയെ വണ്ടികൾ നീങ്ങി തുടങ്ങി.

ഞങ്ങളുടെ കാറിന്റെ മുന്നിൽ കിടന്നിരുന്ന ആ വലിയ ലോറി മുന്നോട്ട് നീങ്ങിയപ്പോൾ കണ്ടു, അനേകം വഴിവിളക്കുകളെ വെല്ലുവിളിച്ചു കൊണ്ട് അവയെക്കാളൊക്കെ ഉയരത്തിൽ നാടൊട്ടുക്കും പ്രകാശം പരത്തുന്ന ആ ഒറ്റയാനെ. അറ്റമില്ലാതെ പരന്നുകിടക്കുന്ന ആ നിശാനഭസ്സിൽ, മണ്ണിലേക്ക് നോക്കി ഇടയ്ക്കിടെ കണ്ണുച്ചിമ്മുന്ന കുറേ താരകങ്ങൾക്കിടയിൽ അവനങ്ങനെ തലയെടുപ്പോടുകൂടി നിൽക്കുന്നു. ആ പൂർണ്ണചന്ദ്രനെ നോക്കിയിരുന്ന എന്റെ ചുണ്ടിൽ ഞാൻ പോലുമറിയാതൊരു പുഞ്ചിരി വിരിഞ്ഞു. 🎶 ഞാൻ തേടിയ ചന്ദ്രോദയമീ മുഖം….. കാറിന്റെ ഫ്രണ്ടിലെ ചില്ലിലൂടെ മാനത്തേക്ക് കണ്ണുംനട്ട് ചന്ദ്രേട്ടനെ വായിനോക്കി ഇരുന്ന ഞാൻ ആ പാടുന്നത് കേട്ട് തലചെരിച്ചു അടുത്തിരിക്കുന്ന ആളെയൊന്നു നോക്കി.

ഞാൻ നോക്കുന്നത് കണ്ട ആനന്ദേട്ടൻ ഒരു മടിയുമില്ലാതെ അങ്ങേരുടെ വായിലെ മൊത്തം പല്ലും എനിക്ക് കാണിച്ചുതന്നപ്പോൾ ഞാനൊന്ന് കൂർപ്പിച്ചു നോക്കി. “നല്ല ഭംഗിയുണ്ടല്ലേ കാണാൻ? ” മാനത്തേക്ക് നോക്കികൊണ്ട് ആനന്ദേട്ടൻ ചോദിച്ചു. “ബ്ലോക്കിൽ പെട്ടത് നന്നായി. ഇല്ലെങ്കിൽ കാണായിരുന്നു ഡ്രീം പ്രൊജക്റ്റ്‌ വെറും ഡ്രീം മാത്രാവണത്. ” ആനന്ദേട്ടൻ ചോദിച്ചപ്പോൾ താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞ് ഞാൻ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. “പ്ഫ…!!! ” ആട്ടിനൊപ്പം കാറും പെട്ടന്ന് ബ്രെക്കിട്ടു നിന്നപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി. ആനന്ദേട്ടനാണോ ഇപ്പൊ ആട്ടിയത്? വിശ്വാസം വരാതെ ഞാൻ ആനന്ദേട്ടനെ തന്നെ നോക്കി ഇരുന്നുപോയി. “നിന്നോട് ഞാൻ ഓഫീസിൽ വെച്ച് പറഞ്ഞിട്ടുണ്ട് ഇജ്ജാതി വർത്താനം പറയരുത് ന്ന്. ” വിശ്വാസായി വിശ്വാസായി.

ആട്ടിയത് ആനന്ദേട്ടൻ തന്നെ. ഒരുനിമിഷം ഞാനെന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ ഓർത്തുപോയി. ന്നാലും ന്റെ മുത്തശ്ശി…. എന്റെ എല്ലാ പ്രതീക്ഷയും തെറ്റീലോ… ഇത്രയും നാളും എനിക്കൊരു അഹങ്കാരം ണ്ടാർന്നു. ഈ ലോകത്ത് എന്റെ മുത്തശ്ശിയെക്കാളും നന്നായിട്ട് ആട്ടാൻ വേറാർക്കും പറ്റില്ല ന്ന്. ആ വിശ്വാസമാണ് ഇന്ന് ഇല്ലാതെയായത്. ഇക്കണക്കിന് ആനന്ദേട്ടന് എന്നേക്കാൾ ചേർച്ച മുത്തശ്ശിയായിരിക്കും. ഒരു ദിവസം രണ്ടിനേം ഒരുമിച്ച് ഇരുത്തി ഒരു ആട്ട്മത്സരം വെക്കണം. ആരാ ജയിക്കാന്ന് കാണാലോ. “ഇനി ഇങ്ങനെ പറയുവോ? പറയുവോ ന്ന്? ” എന്റെ മുഖത്തിന് നേരെ മുഖമടുപ്പിച്ചുകൊണ്ട് ആനന്ദേട്ടൻ ദേഷ്യത്തിൽ ചോദിച്ചു.

പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ പേടിച്ച് വേഗം ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “ഗുഡ് ഗേൾ. അപ്പൊ നമുക്ക് പോവാം. ” പതിയെ എന്റെ കവിളിൽ തട്ടിക്കൊണ്ട് ആനന്ദേട്ടൻ ചിരിയോടെ ചോദിച്ചു. “ഓഹ്… ആയിക്കോട്ടെ. ” എത്ര പെട്ടന്നാണ് ദേഷ്യം പോയി ആ മുഖത്ത് പുഞ്ചിരി വന്നത്. ഇയ്യാള് ഇനി വല്ല സൈക്കോയും ആണോ ഭഗവാനെ… ഒന്ന് കരുതിയിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് ന്ന് ഞാൻ മനസ്സിൽ വിചാരിച്ചു….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 25

Share this story