നുപൂരം: ഭാഗം 18

നുപൂരം: ഭാഗം 18

എഴുത്തുകാരി: ശിവ നന്ദ

ഇന്ന് ഹരിയുടെ വീട്ടുകാർ ഇങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു.നിശ്ചയ കാര്യം സംസാരിക്കാൻ ആകും.എന്തായാലും അവര് ആദ്യമായിട്ട് വരുന്നതല്ലേ അതുകൊണ്ട് രാവിലെ തന്നെ അടുക്കളയിൽ കാര്യമായ ജോലിയിൽ ആണ് അമ്മ.അച്ഛൻ പിന്നേ രാവിലെ മുതൽ ഒരു ഫോണും കൊണ്ടിരിക്കുവാ.കൊച്ചച്ഛനെയോ അമ്മാവനെയോ അങ്ങനെ ആരെയൊക്കെയോ വിളിക്കുന്നുണ്ട്.ഇനി ഞാൻ അറിയാതെ നിശ്ചയ തീയതി എങ്ങാനും എടുത്തോ?? ഏയ്‌…അങ്ങനെ വരാൻ വഴിയില്ല..എല്ലാത്തിനും ഇപ്പോൾ ഞാൻ ആണല്ലോ ഓടിനടക്കുന്നത്… “ശ്രീയേട്ടാ..അവർ എപ്പോ എത്തും?” “10 മണി ആകുമെന്ന പറഞ്ഞത്..എന്താ മോളേ?” “അല്ല..ഞാൻ ചുരിദാർ ഇടണോ അതോ സാരീ ഉടുക്കണോ?” “എന്തോന്നാടി….ഒരുങ്ങി കെട്ടി നിൽക്കാൻ ഇതെന്താ പെണ്ണുകാണലോ…”

“അതേലോ…എന്തെ തോന്നുന്നില്ലേ” “ഇല്ല..തീരെ തോന്നുന്നില്ല..നീയും അവനും പരസ്പരം ഇഷ്ടപ്പെട്ടു..എന്റെ സാനിധ്യത്തിൽ അത് തുറന്ന് പറയുകയും ചെയ്തു..വീട്ടിൽ സംസാരിച്ചു…ഉറപ്പിച്ചു..പിന്നേ ഇനി എന്ത് പെണ്ണുകാണൽ?” “എല്ലാം ശരി തന്നെ.പക്ഷെ ഹരിയേട്ടന്റെ വീട്ടുകാരെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ..” “കണ്ടിട്ടില്ലെന്നല്ലേ ഉള്ളു..ഇന്ന് രാവിലെയും കൂടി അവന്റെ അമ്മയോട് സംസാരിച്ചതല്ലെടി നീ..” “അമ്മ മാത്രം അല്ലല്ലോ ഇന്ന് വരുന്നത്..2, 3അമ്മായിമാർ ഓക്കെ ഉണ്ടെന്ന അച്ചു പറഞ്ഞത്” “ആണോ..എങ്കിൽ നല്ലോണം ഒരുങ്ങി നിന്നോ…ഇനി പെണ്ണിന് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് ആരും പോകണ്ട” “പോടാ മരപ്പട്ടി…നിനക്കും വരുമല്ലോ ഒരു കല്യാണം..അന്ന് ഞാൻ ശരിയാക്കി തരാം” എനിക്ക് 4 വയസ്സുള്ളപ്പോൾ ആണ് അമ്മ ശ്രീകുട്ടിയെ പ്രസവിക്കുന്നത്.

അന്ന് ഞാൻ ചെറിയമ്മയുടെ വീട്ടില.എനിക്ക് കളിക്കാൻ ഒരു വാവയെ കൊണ്ട് വരാമെന്ന് പറഞ്ഞ അച്ഛൻ അന്ന് രാവിലെ എന്നെ കണ്ടിട്ട് പോയത്.വൈകിട്ട് എല്ലാവരുടെയും കൂടെ ആശുപത്രിയിൽ ചെന്നപ്പോൾ കണ്ടു എനിക്ക് മാത്രം അവകാശപ്പെട്ട എന്റെ കുഞ്ഞാവയെ.എടുക്കാൻ കുറേ വാശി പിടിച്ചു.ഒടുവിൽ എല്ലാരും കൂടി എന്റെ മടിയിൽ വെച്ച് തന്നു.തിരികെ വീട്ടിലേക്ക് പോകാതെ വാശി പിടിച്ച്‌ അവിടെ തന്നെ നിന്നത് എന്റെ വാവയെ വേറെ ആരും എടുക്കാതിരിക്കാനാ.ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയപ്പോൾ മുതൽ എനിക്ക് മനസിലായി ഇനി ഞാൻ അല്ല ഇവളാണ് ഈ വീട്ടിലെ താരമെന്ന്‌.പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നം ആയിരുന്നില്ല.എന്നെ ബാധിച്ചത് എന്റെ അച്ഛന്റെ മാറ്റം ആണ്..ശ്രീക്കുട്ടി ജനിച്ചതിൽ പിന്നേ അച്ഛൻ എന്നോട് കാണിച്ച അകലം..

അത് ശ്രീകുട്ടിയോട് ഞാൻ കാണിക്കാൻ തുടങ്ങി..അവളോട് ദേഷ്യം ഉണ്ടായിട്ടല്ല..അവൾക്കും അച്ഛനോടായിരുന്നു പ്രിയം..വളരുംതോറും ഞാൻ അമ്മയോട് കൂടുതൽ അടുത്തപ്പോൾ അവൾ അച്ഛന്റെ ചെല്ലക്കുട്ടിയായി വളർന്നു.പിന്നേ അവളുടെ സ്ഥാനത് അച്ചു ഉള്ളത് കൊണ്ട് ഒരു പെങ്ങളുടെ സ്നേഹവും എനിക്ക് കിട്ടി.എന്നാൽ ഒരു പെൺകുട്ടി വളരുന്നത് അനുസരിച് ഏതൊരു അച്ഛനെ പോലെ തന്നെ എന്റെ അച്ഛനും കർക്കശ നിലപാട് എടുക്കാൻ തുടങ്ങി.അങ്ങനെ നടക്കരുത്…ഇങ്ങനെ നടക്കരുത്..അവിടെ പോകരുത്…അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ അവൾക് വരമ്പുകൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഇടപെടേണ്ടി വന്നു.അതോടെ ഏട്ടൻ എന്ന ഒരു വിളിയിൽ അകലം കാണിച്ച്‌ നിന്നവൾ എന്റെ തലയിൽ കയറി ശിങ്കാരിമേളം നടത്താൻ തുടങ്ങി..

അന്ന് തൊട്ട് അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ ആണ്.അച്ഛൻ എപ്പോഴും പറയും ‘അവൾ വഴിതെറ്റി പോയാൽ അതിന് ഉത്തരവാദി ഞാൻ ആയിരിക്കുമെന്ന്’…അച്ഛന് അറിയില്ലലോ മകളുടെ സ്വാതന്ത്ര്യം അടിച്ചമർത്തുമ്പോൾ ആണ് അവർ തന്നിഷ്ടത്തോടെ ജീവിക്കാൻ കൊതിക്കുന്നതെന്ന്.ഇന്നിപ്പോൾ അവളുടെ വിവാഹക്കാര്യം എല്ലാരേയും വിളിച്ചു പറയുന്ന അച്ഛന്റെ മുന്നിൽ തല ഉയർത്തി തന്നെ എനിക്ക് നിൽക്കാം…എന്റെ കുഞ്ഞാവ ദേ സാരീ വേണോ അതോ ചുരിദാർ മതിയോ എന്ന് കൺഫ്യൂഷനിൽ തന്നെ നിൽക്കുന്നുണ്ട്..എന്തായാലും അവൾ കണ്ടുപിടിച്ചത് ഹരിയെ ആയത് കൊണ്ട് ടെന്ഷൻ ഇല്ല..ചക്കിക്കൊത്ത ചങ്കരൻ തന്നെയാണ് അവൻ. “ശ്രീയേട്ടാ..fixed.ചുരിദാർ മതിയെന്ന് പറഞ്ഞു” “ആര്??” “ഹരിയേട്ടൻ..അല്ലാതെ ആരാ” “മ്മ്…എങ്കിൽ ഇനി മോള് പോയി ഒരുങ്ങാൻ നോക്ക്” “ശരി ശരി..”

“അല്ല ശ്രീക്കുട്ടി ഈ പിള്ളേർ ഓക്കെ എന്താ ഇവിടെ?” “പിള്ളേരോ..അവരൊക്കെ എന്റെ ഫ്രണ്ട്‌സ് അല്ലേ?” “അത് തന്നെ ചോദിച്ചത്” “പുറത്തു നിന്നുള്ളവർ അല്ലല്ലോ ശ്രീയേട്ടാ…എന്റെ മാത്രം ഫ്രണ്ട്‌സ് അല്ല അച്ചുവിന്റെയും കൂടിയ” “മ്മ്…നിനക്ക് ഓക്കെ നാട്ടിൽ ഉള്ള കൂട്ടുകാരെ ഉള്ളോ..ഇതിനാണോ നിന്നെ ഞാൻ ഡൽഹി വരെ വിട്ട് പഠിപ്പിച്ചത്” “ടാ മോനെ…അച്ചുവും കൂടി വന്നിട്ട് നമുക്ക് ഇതിലൊരു തീരുമാനം എടുത്താൽ പോരേ??” “അതിന് അച്ചു അവരുടെ കൂടെയല്ലേ വരൂ..” “മ്മ്മ്….എന്തായാലും എന്റെ പുന്നാര ഏട്ടനിട്ട് ഒരു യമണ്ടൻ പണി വരുന്നുണ്ട്” “അതെന്ത് പണി” “കാത്തിരുന്നു കാണാം മോനെ…” സംസാരിച്ചു കൊണ്ട് നിന്നപ്പോൾ തന്നെ മുറ്റത് കാർ വന്നു നിന്നു..ഹരിയുടെ വീട്ടിൽ നിന്നാണെന്ന് മനസ്സിലായതും ശ്രീക്കുട്ടി ഒറ്റ ഓട്ടമായിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ ഹരിയെ കണ്ടു ഞാൻ ഒന്ന് ഞെട്ടി..പക്കാ ഫോർമൽ ലുക്കിൽ ആണ് ചെക്കൻ..ഇപ്പൊ കണ്ടാൽ ഒരു സാധാ നാട്ടിൻപുറത്തുകാരൻ.തൊട്ടുപുറകേ തന്നെ ഹരിയുടെ അച്ഛനും അമ്മയും അച്ചുവും ഇറങ്ങി.അതിന് പിറകെ വന്ന കാറിൽ നിന്നും വിശ്വൻ അങ്കിളും ലക്ഷ്മി അമ്മയും പിന്നേ വേറെ ഏതോ 2 ആന്റിമാരും…എല്ലാവരെയും സ്വീകരിച്ച് അകതിരുത്തി.ആന്റിമാർ വന്നപ്പോൾ മുതൽ വീടും ചുറ്റുപാടും നോക്കുവാ..ഹരി ആണെങ്കിൽ തനിക് പറ്റാത്ത പണിക്ക് ആരോ നിര്ബന്ധിച്ചിരുത്തിയത് പോലെ..’എങ്ങനെയാ അടുത്ത കാര്യങ്ങൾ? ‘ എന്ന ഹരിയുടെ അച്ഛന്റെ ചോദ്യത്തോടെ ചർച്ചക്ക് തുടക്കം ആയി.പിന്നേ അവിടെ കൊണ്ടുപിടിച്ച ചർച്ച ആയിരുന്നു.നിശ്ചയ തീയതി ഇന്ന് വൈകുന്നേരം തന്നെ കിട്ടുമെന്ന്.

അപ്പോഴാണ് വന്ന ആന്റിമാർക് ശ്രീകുട്ടിയെ കാണണമെന്ന് പറയുന്നത്.അവളെ വിളിക്കാൻ ആയി അച്ചു പോയ ഗ്യാപ്പിൽ ആണ് ആദിയെ കുറിച് ഹരി ചോദിക്കുന്നത്: “ശ്രീക്കുട്ടി എന്റെ മാത്രം പെങ്ങൾ അല്ല..ഇന്നിവിടെ നിങ്ങൾ എല്ലാം വരുമെന്ന് അവൻ അറിഞ്ഞുകാണുമല്ലോ.അപ്പോൾ താല്പര്യം ഉണ്ടെങ്കിൽ വരും” “എന്നാലും ശ്രീ…” ഹരി പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ അച്ചു ശ്രീകുട്ടിയും ആയി എത്തി.രണ്ട് ആന്റിമാരും കൂടി എന്റെ കൊച്ചിനെ കൊത്തിപ്പറിക്കുമോ എന്ന് ഞാൻ ഒന്ന് സംശയിച്ചു…അമ്മാതിരി നോട്ടം ആണ് രണ്ടിന്റെയും “അല്ല..വസുന്ധരെ..ഈ ഉണക്ക ചുള്ളി പോലത്തെ പെണ്ണിന് വേണ്ടിയാണോ നമ്മുടെ ഹരികുട്ടൻ ഇത്രയും നാളും കെട്ടാതെ ഇരുന്നത്? ” “അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്..കുറച്ച് തൊലി വെളുപ്പ് ഉണ്ടെന്നേ ഉള്ളു.

കൊച്ച്‌ ഒട്ടും മോഡേൺ അല്ലല്ലോ” സത്യം പറഞ്ഞാൽ രണ്ടിനെയും കൊല്ലാൻ ഉള്ള ദേഷ്യം തോന്നി…ഇതിന്റെ പേരിൽ എന്റെ കൊച്ചിന്റെ കണ്ണ് എങ്ങാനും നിറഞ്ഞാൽ കിളവികളുടെ അടിയന്തരം ഞാൻ തന്നെ നടത്തും. “ഹാ…ഇനി ഇപ്പൊ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല..അല്ല കൊച്ചേ..നീ പുറത്തൊക്കെ പഠിച്ചതല്ലേ..ഇനി അവിടെ പോയി സ്വഭാവത്തെ കുറിച്ചൊക്കെ അന്വേഷിക്കാണോ? ” “ചെറിയമ്മേ…നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത് ഇവളുടെ സ്വഭാവ സെര്ടിഫിക്കറ്റിൽ ഒപ്പിടാൻ അല്ല.ഇപ്പോൾ ഇരുന്ന് പറഞ്ഞത് പോലത്തെ വർത്തമാനം ഞങ്ങളുടെ കല്യാണ സമയത്ത് നാട്ടുകാരുടെ മുന്നിൽ ഇരുന്ന് പറയാതിരിക്കാൻ വേണ്ടിയാ…അഥവാ അങ്ങനെ പറഞ്ഞാൽ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ അന്ന് മൈക്കിൽ കൂടി ഞാനും വിളിച്ച് കൂവും” “ഹരി.. ”

“ഞാനൊന്ന് പറഞ്ഞോട്ടെ…ദേ ഈ നിൽക്കുന്ന ശ്രീക്കുട്ടി ഉണ്ടല്ലോ…അവളെ ഞാൻ അങ്ങോട്ട് ഇഷ്ടപെട്ടതാ.കുടുംബത്തിൽ പിറന്ന പെണ്ണായത് കൊണ്ട് അവളുടെ ഇഷ്ടം അവൾ ഏട്ടനെ അറിയിച്ചു.ചെറിയമ്മ കുറച്ച് മുൻപ് പറഞ്ഞല്ലോ ഇവൾക്ക് വേണ്ടിയാണോ ഞാൻ കെട്ടാതെ ഇരുന്നതെന്ന്…അതെ..കാരണം ഇതുപോലൊരു കാന്താരിയെ ആണ് ഞാൻ തേടി നടന്നത്.ചുള്ളി കമ്പുപോലെ ഇരിക്കുന്നെങ്കിലും ഇവൾ എനിക്ക് ചേർന്ന ചട്ടമ്പി തന്നെയാണ്..ഇവൾക്ക് അറിയാം ആരോട് എങ്ങനെ പെരുമാറണമെന്ന്.ഇവൾക്ക് മാത്രം അല്ല..ഇവളുടെ കുടുംബത്തിനും..അത് കൊണ്ട് മാത്രം ആണ് ഇത്രയും കേട്ടിട്ടും ശ്രീ മിണ്ടാതെ നിന്നത്.ഇനി ഒരു കാര്യം കൂടി…ഇവൾ ഡൽഹിയിൽ പോയത് പഠിക്കാൻ വേണ്ടിയാ..

അല്ലാതെ ചെറിയമ്മയുടെ മകളെ പോലെ ഹൈദരാബാദിൽ എത്ര pub ഉണ്ടെന്നോ അവിടെ എത്ര ചെറുപ്പക്കാർ വരുന്നുണ്ടോന്ന് നോക്കാൻ അല്ല…” “ഹരി എന്റെ മോളേ കുറിച് അനാവശ്യം പറയരുത്” “അനാവശ്യമോ…ഞാൻ നേരിട്ട് കണ്ട കാര്യം ആണ്..അത് അറിഞ്ഞത് കൊണ്ട് അല്ലേ നിങ്ങൾ അവളുടെ കല്യാണം എടിപിടീന്ന് നടത്തിയത്..എന്നിട്ട് എന്തായി..ഡിവോഴ്‌സും വാങ്ങി വീട്ടിൽ ഇരിപ്പുണ്ട്…എന്നിട്ടും നല്ല പെൺകുട്ടികളെ കണ്ടാൽ ഇപ്പോഴും നിങ്ങൾക് പുച്ഛം…അല്ലേ…” “വസുന്ധരേ…ഇതിനു വേണ്ടിയാണോ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്…നീ സൂക്ഷിച്ചോ..കെട്ടുന്നതിന് മുൻപേ ഇവൻ അവളുടെ കീശയിൽ ആയി കഴിഞ്ഞു..ഞങ്ങൾ ഇറങ്ങുവാ…നിങ്ങൾ എന്തായാലും എല്ലാം തീരുമാനിച്ചല്ലോ..” ചാടി തുള്ളി രണ്ട് അമ്മായിമാരും പോയി.ഒരു മഴ പെയത് തോർന്ന പ്രതീതി.

പക്ഷെ നമ്മുടെ അച്ഛനാര് ആകെ ചിന്തയടിച്ച് ഇരിക്കുവാ…ഇങ്ങേരിനി ഈ ബന്ധം വേണ്ടെന്ന് എങ്ങാനും പറയുമോ??? “അച്ഛൻ എന്നോട് ക്ഷമിക്കണം.നിങ്ങളുടെ ഓക്കെ മുന്നിൽ വെച്ച് മുതിർന്നവരോട് അങ്ങനെ പെരുമാറിയത് തെറ്റാണെന്ന് അറിയാം.പക്ഷെ ഞാൻ ഒന്നും പ്രതികരിക്കാതെ ഇരുന്നാൽ അവർ ഇതുപോലെ പറഞ്ഞു കൊണ്ടിരിക്കും.” “അതെ ശ്രീക്കുട്ടിയുടെ അച്ഛാ..മോൻ പറഞ്ഞത് ഓക്കെ തന്നെയാ ഞങ്ങൾക്കും അവരോട് പറയാൻ ഉള്ളത്.പക്ഷെ ഇവിടെ അത് പറയേണ്ടത് ഹരി തന്നെയാണ്..അവന്റെ കൂടെ ആണ് ശ്രീക്കുട്ടി ജീവിക്കേണ്ടത്…” എല്ലാം കേട്ടിട്ടും അച്ഛൻ ഒന്നും മിണ്ടാതിരുന്നത് ഞങ്ങളെ തെല്ലൊന്ന് പേടിപ്പിച്ചു.അപ്പോഴാണ് അമ്മ രംഗം കയ്യിൽ എടുക്കുന്നത്: “അതൊന്നും സാരമില്ലെന്നേ…എല്ലാ കുടുംബത്തിലും കാണും ഇതുപോലെ വ്യത്യസ്ത സ്വഭാവം ഉള്ളവർ..

അവരുടെ ഇടയിലേക്ക് സ്വന്തം മകൾ കയറി ചെല്ലുന്നത് ഓർത്തുള്ള പേടിയാ ഏട്ടന്.പക്ഷെ എനിക്ക് വിശ്വാസം ഉണ്ട്.എന്റെ മകൾ ആ വീട്ടിൽ സുരക്ഷിത ആയിരിക്കുമെന്ന്” എന്തോ…അമ്മയുടെ ആ വാക്കുകൾ എല്ലാവരിലും സമാധാനം നിറച്ചു…അച്ഛനിൽ പോലും..പിന്നേ കളിയും സംസാരവും ഓക്കെ ആയി..മുന്നിലത്തെ സെറ്റിയിൽ അച്ചന്മാർ മൂന്നും നാട്ടുവിശേഷങ്ങൾ പറഞ്ഞും…ഡൈനിങ്ങ് റൂമിൽ അമ്മമാർ മക്കളെ പൊക്കിയും താഴ്ത്തിയും ഓരോന്ന് പറഞ്ഞും ഇരുന്ന്..ശ്രീകുട്ടിയും ഹരിയും കിട്ടിയ ചാൻസ് മിസ്സ്‌ ചെയ്യാതെ ഒരു സൈഡിൽ നിന്ന് സൊള്ളലും…അതിനെ കളിയാക്കി കൊണ്ട് അച്ചുവും പിന്നേ അവളുടെ ഫ്രണ്ട്സും….ഇപ്പോഴാണ് ആദിയെ ഞാൻ മിസ്സ്‌ ചെയ്യുന്നത്…എന്നാലും അവൻ ഒന്ന് വന്നില്ലല്ലോ…

ഞാൻ എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ്…അപ്പോഴാണ് എന്റെ കല്യാണ കാര്യം ആരുടെയോ വായിൽ നിന്നും വീണത്…ഒരു നിമിഷം എല്ലാരുടെയും നോട്ടം എന്നിൽ ആയി…ചോദ്യം മറ്റാരുടെയും വക അല്ല…ഹരിയുടെ അമ്മ തന്നെ.. “ശ്രീമോൻറെ കാര്യം കൂടി തീരുമാനിച്ചിരുന്നെങ്കിൽ രണ്ടും ഒരുമിച്ച് നടത്താമായിരുന്നു” “അതിന് പെട്ടെന്ന് ഒരു പെൺകുട്ടിക്ക് എവിടെ പോകും? ” ലക്ഷ്മിയമ്മ ആണ് “അത് ലക്ഷ്മി…കുറച്ചായി നിന്നോട് ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിട്ട്..ഇതിപ്പോ വേണ്ടപ്പെട്ടവർ എല്ലാം ഇവിടെ തന്നെ ഉള്ള സ്ഥിതിക്..” “അതിനെന്തിനാ രാഗിണി ഒരു മുഖവുര..നീ ചോദിക്ക്” “വേറെയൊന്നും അല്ല..അച്ചുവിനെ എനിക്ക് തന്നൂടെ…

എന്റെ ശ്രീയുടെ പെണ്ണായിട്ട്” ഒരുമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്നത് പോലെ തോന്നി…ഹരിയുടെയും ശ്രീക്കുട്ടിയുടെയും അച്ചുവിന്റെയും ഒന്നും അവസ്ഥ മറിച്ചല്ല…അപ്പോഴാണ് നിറഞ്ഞു തുളുമ്പാറായി നിൽക്കുന്ന രണ്ട് മിഴികൾ ഞാൻ ശ്രദ്ധിക്കുന്നത്..ഞാൻ കണ്ടെന്നു മനസ്സിലാക്കിയതും മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട് അവൾ അകത്തേക്ക് ഓടി മറഞ്ഞു..ഈ സന്ദര്ഭത്തിലേക്കാണ് ആദി കയറി വരുന്നത്..അപ്പോഴും എന്റെ നോട്ടം അവൾ പോയ ആ വഴിയേ ആയിരുന്നു……. (തുടരും )

നുപൂരം: ഭാഗം 17

Share this story