അഞ്ജലി: ഭാഗം 22

അഞ്ജലി: ഭാഗം 22

എഴുത്തുകാരി: പാർവ്വതി പിള്ള

ഉണ്ണിക്കുട്ടനെയും അടക്കിപ്പിടിച്ചു പുറത്തേക്കിറങ്ങിയ അഞ്ജലി ചുമരോട് ചേർന്ന് നിന്ന് പൊട്ടിക്കരഞ്ഞു… എന്നാണ് അനന്തേട്ടാ എന്നെ ഓർമ്മ വരുന്നത്… ഈ വേദനയിൽ നിന്നും എന്നാണ് എനിക്ക് ഒരു മോചനം… സഹിക്കാൻ പറ്റുന്നില്ലല്ലോ എനിക്ക്.. എന്നും സങ്കടം മാത്രമാണല്ലോ എനിക്ക് വിധിച്ചിട്ടുള്ളത്… അവൾ വർദ്ധിച്ചുവന്ന സങ്കടത്തോടെ വിങ്ങി വിങ്ങി കരഞ്ഞു… അമ്മയുടെ കരച്ചിൽ കണ്ട് ഉണ്ണിക്കുട്ടനും ഉറക്കെ നിലവിളിച്ചു… അവൾ പെട്ടെന്ന് കരച്ചിലടക്കി കൊണ്ട് അവനെ നെഞ്ചോട് ചേർത്തു പിടിച്ചു… പിന്നെ അവനെ തോളിലിട്ടു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു…. അവന്റെ പുറത്ത് തട്ടി ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു…. കണ്ണുകളടച്ച് കിടക്കുകയായിരുന്ന അനന്തനെ അരികിലേക്ക് ദേവമ്മ ചെന്നു… അനന്തൻ കുഞ്ഞേ… ദേവമ്മയുടെ വിളി കേട്ട് അവൻ കണ്ണു തുറന്നു നോക്കി… വിഷമിപ്പിക്കരുത് അഞ്ജലി മോളെ…

ഒരു പാവം ആണ് അത്… മോൻ ഒരുപാട് സ്നേഹിച്ചത് അല്ലേ അതിനെ…ഇങ്ങനെ മുഖം തിരിക്കരുത് അതിനുനേരെ… സഹിക്കാൻ പറ്റില്ല ആ കുട്ടിക്ക്… അനന്തൻ ദേവമ്മയുടെ മുഖത്തേക്ക് നോക്കി… ഞാൻ… എനിക്ക് ഒന്നും ഓർമ്മ കിട്ടുന്നില്ല…ഞാൻ… ഞാൻ എന്താ ചെയ്യേണ്ടത്… മോൻ ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വാ.. അവിടെ വന്നാൽ മനസ്സിലാവും… മോനും അഞ്ജലി മോളും തമ്മിലുള്ള സ്നേഹത്തിന്റെ ഓരോ നിമിഷങ്ങളും ആ വീടിന്റെ ഓരോ ചുവരുകളിലും പകർത്തി വെച്ചിട്ടുണ്ട്… അതു കണ്ടാൽ എങ്കിലും മോന് മനസ്സിലാകുമല്ലോ…. മോളെ ഇനിയും വിഷമിപ്പിക്കരുത്…ദേവമ്മയുടെ അപേക്ഷയാണ്…നെഞ്ചു പൊട്ടി മരിച്ചുപോകും ആ കുഞ്ഞ്… അവർ കണ്ണുകൾ അമർത്തി തുടച്ചു… അപ്പോഴാണ് അഞ്ജലി ഉണ്ണിക്കുട്ടനെയും തോളിലിട്ടു കൊണ്ട് അകത്തേക്ക് വന്നത്… ദേവമ്മേ .. ഞാൻ കാന്റീനിൽ പോയി കഞ്ഞി വാങ്ങിച്ചു കൊണ്ടുവരാം…ഇവനെ ഒന്ന് നോക്കിക്കോണേ…

അവളെ ഉണ്ണിക്കുട്ടനെ ദേവമ്മയുടെ കൈകളിലേക്ക് കൊടുത്തു… അനന്തൻ അഞ്ജലിയുടെ മുഖത്തേക്ക് പാളി നോക്കി…ഒരു നോട്ടം പോലും തന്റെ നേരെ വരുന്നില്ല എന്നത് അവന് സങ്കടം ഉളവാക്കി… അഞ്ജലി പേഴ്സും എടുത്തുകൊണ്ട് വാതിൽ ചാരി വെളിയിലേക്കിറങ്ങി… അനന്തൻറെ കണ്ണുകൾ അവൾ പോയ വഴി നീങ്ങി… അവന് അവളോട് തെല്ലു പരിഭവം തോന്നി… ഇവൾക്ക് എന്നെ ഒന്ന് നോക്കിയാൽ എന്താ… അഞ്ജലിയുടെ നേരെ പോയ കണ്ണുകൾ പിൻവലിച്ചു കൊണ്ട് തിരിഞ്ഞ അവൻ കാണുന്നത് തന്നെ നോക്കി ദേവമ്മയുടെ കയ്യിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടനെ ആണ്…. അനന്തൻ തന്നെ നോക്കുന്നു എന്ന് മനസ്സിലായ ഉണ്ണിക്കുട്ടൻ ദേവമ്മയുടെ തോളിലേക്ക് തല ചായ്ച്ച് വെച്ചു അവർ ഉണ്ണിക്കുട്ടനെ വാത്സല്യത്തോടെ തലോടി..ഉണ്ണിക്കുട്ടാ അച്ഛന്റെ അടുത്തേക്ക് പോകുന്നില്ലേ… അവൻ വീണ്ടും നാണത്തോടെ അനന്തനെ നോക്കി… അനന്തൻ മെല്ലെ കൈകൾ കുത്തി കിടക്കയിൽ നിന്നും നിവർന്ന് ചാരിയിരുന്നു… പിന്നെ കൈകൾ നീട്ടി ഉണ്ണിക്കുട്ടനെ തന്റെ അരികിലേക്ക് വിളിച്ചു…

ആദ്യമൊന്ന് അറച്ചെങ്കിലും അവൻ തെല്ലു നാണത്തോടെ അനന്തന് അരികിലേക്ക് ചെന്നു…. മുഖമുയർത്താതെ കടക്കണ്ണിട്ട് തന്നെ നോക്കുന്ന ഉണ്ണിക്കുട്ടനെ അനന്തൻ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു…. പിന്നെ അവനെ ചിരിപ്പിക്കാൻ വേണ്ടി അവന്റെ വയറിൽ ഇക്കിളി കൂട്ടി… ആദ്യമൊക്കെ ചിരി കടിച്ചു പിടിച്ചിരുന്നു എങ്കിലും മെല്ലെ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി… ഒടുവിൽ ചിരിച്ച് ചിരിച്ച് അവന്റെ സ്ഥാനം അനന്തന്റെ മടിയിലേക്ക് ആയി… തിരികെ അനന്തനെ ഇക്കിളി കൂട്ടിയും അവന്റെ കവിളിൽ ഉമ്മ കൊടുത്തും ഉണ്ണിക്കുട്ടൻ അനന്തനോട് ചേർന്ന് ഇരുന്നു…. കാന്റീനിൽ ൽ നിന്നും കഞ്ഞിയും വാങ്ങി വന്ന അഞ്ജലി അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ നിന്നു… സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

ഒരിക്കലും കാണാൻ പറ്റും എന്ന് കരുതിയത് അല്ല ഇങ്ങനെ ഒരു നിമിഷം… ഉണ്ണിക്കുടനോട് തമാശ പറഞ്ഞ് ചിരിച്ചു കൊണ്ട് മുഖം ഉയർത്തിയ അനന്തൻ കാണുന്നത് നിറഞ്ഞൊഴുകുന്ന മിഴികളോടെ തങ്ങളെ നോക്കി നിൽക്കുന്ന അഞ്ജലിയെ ആണ്…. അവന്റെ മുഖത്ത് മെല്ലെ ഒരു ചിരി വിടർന്നു… ആ ചിരി മെല്ലെ അഞ്ജലി യിലേക്കും പടർന്നു… എങ്കിലും വേഗം ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് അവൾ തിരിഞ്ഞുനിന്നു … ഹും… എന്നോട് മാത്രം മിണ്ടാനെ ഉള്ളൂ പ്രയാസം…. എന്നെ മാത്രം ഓർമയും ഇല്ല… ദുഷ്ടൻ…. അവൾ ഓരോന്ന് പിറുപിറുത്തുകൊണ്ട് വാങ്ങിക്കൊണ്ടുവന്ന കഞ്ഞി ഒരു പാത്രത്തിലേക്ക് പകർന്നു വെച്ചു…അതിനുശേഷം അനന്തൻറെ കയ്യിൽനിന്നും ഉണ്ണിക്കുട്ടനെ വാങ്ങി മാറ്റി ഇരുത്തി… പിന്നെ കഞ്ഞി എടുത്ത് അനന്തൻറെ കയ്യിലേക്ക് വെച്ച് കൊടുത്തു..

ടാബ്ലെറ്റ് കഴിക്കാൻ ഉള്ളതാണ്… അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു… അവൻ അഞ്ജലിയുടെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് സ്പൂണിൽ കഞ്ഞി കോരി വായിലേക്ക് ഒഴിച്ചു…അപ്പോഴാണ് ഉണ്ണിക്കുട്ടൻ നിരങ്ങി നിരങ്ങി അവന്റെ അരികിലേക്ക് ഇരുന്നത്… അച്ചേ നിക്കും…അവൻ വാ തുറന്ന് വെച്ചുകൊണ്ട് അനന്തനെ നോക്കി… അനന്തൻ അമ്പരപ്പോടെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി…പിന്നെ നിറകണ്ണുകളോടെ ഉണ്ണിക്കുട്ടന്റെ വായിലേക്ക് സ്പൂണിൽ കഞ്ഞി കോരി കൊടുത്തു… ഓരോ സ്പൂൺ കഞ്ഞിയും ഉണ്ണിക്കുട്ടന്റെ കുഞ്ഞു വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ അനന്തന്റെ വയറും മനസ്സും ഒരുപോലെ നിറയുകയായിരുന്നു… അവന് ദിയയോടും അവളുടെ അച്ഛനോടും എന്തെന്നില്ലാത്ത ദേഷ്യം തോന്നി അപ്പോൾ…

എന്തൊക്കെയാണ് തനിക്ക് അവർ നിഷേധിച്ചത്… തന്റെ മകന്റെ ഓരോ വളർച്ചയും താൻ കൂടി കാണേണ്ടതായിരുന്നു… തന്റെ അരികിൽ കിടന്ന് ആയിരുന്നില്ലേ അവൻ വളരേണ്ടത്… തന്റെ ഭാര്യയ്ക്ക് സ്നേഹം കൊടുക്കേണ്ട സമയത്ത് അവൾ അനുഭവിച്ചത് കഠിനമായ ദുഃഖം മാത്രമാണ്…. അവന് ഓരോന്നൊക്കെ ഓർക്കേ വീണ്ടും തല പൊട്ടിപ്പിളരുന്നതു പോലെ തോന്നി…. അവൻ പെട്ടെന്ന് കഞ്ഞി താഴെവച്ച് ഇരു കൈകൊണ്ടും തലയിൽ അമർത്തിപ്പിടിച്ചു…. അഞ്ജലി വേഗം അനന്തനരികിലേക്ക് ഓടിയെത്തി… എന്താ അനന്തേട്ടാ എന്തുപറ്റി… അവൾ ആധിയോടെ ചോദിച്ചു…. അവൻ മുഖമുയർത്തി അവളെ നോക്കി…. കലങ്ങി ഇരിക്കുന്ന അവന്റെ കണ്ണുകൾ കണ്ടു അഞ്ജലിക്ക് എന്തെന്നില്ലാത്ത വേദന തോന്നി… പെട്ടെന്ന് അനന്തന്റെ തോളിൽ വെച്ചകൈ അവൾ പിൻവലിച്ചു… പിന്നെ അവന് അരികിൽ നിന്നും മെല്ലെ മാറിനിന്നു… അനന്തന് ആകെ ദേഷ്യം തോന്നി…

ഇവൾക്ക് എന്നെ ഒന്ന് ആശ്വസിപ്പിച്ചാൽ എന്താ… അവൻ കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി… അവനെ നോക്കാതെ വെളിയിലേക്ക് കണ്ണും നട്ടിരിക്കുന്ന അഞ്ജലിയെ നോക്കി അവൻ പറഞ്ഞു… അതെ എനിക്ക് ആ ഫോൺ ഒന്ന് തരുമോ… ഞാനിവിടെയുണ്ടെന്ന് ദിയയെ ഒന്ന് വിളിച്ചു പറയാനാണ്… എന്നെ കാണാതെ അവൾ വിഷമിക്കുന്നുണ്ടാവും…. അത് പറഞ്ഞപ്പോൾ ഇരുളുന്ന അഞ്ജലിയുടെ മുഖം കണ്ടു അവൻ പൊട്ടി വന്ന ചിരി ചുണ്ടുകളിൽ ഒളിപ്പിച്ചു… നിനക്ക് ഭയങ്കര ജാഡ ആണല്ലേ തീർത്തു തരാമെടി നിന്റെ ജാഡ… അഞ്ജലി ദേഷ്യത്തോടെ ടേബിളിൽ ഇരിക്കുന്ന ഫോൺ എടുത്ത് അനന്തന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു… ഹും…ഒരു ദിയ… വിഷമിക്കും പോലും… ബാക്കിയുള്ളവന്റെ വിഷമം ആർക്കും അറിയേണ്ടല്ലോ…. അവൾ ചവിട്ടി തുള്ളി വെളിയിലേക്കിറങ്ങി….

അവളുടെ പോക്കു കണ്ട് അനന്തൻ പൊട്ടിച്ചിരിച്ചു…. വളരെ നാളുകൾക്ക് ശേഷം അനന്തൻറെ പൊട്ടിച്ചിരി കണ്ട് ദേവമ്മ അത്ഭുതത്തോടെ അവനെ നോക്കി…. അവൻ ദേവമ്മയെ നോക്കി കണ്ണു രണ്ടും അടച്ച് കാണിച്ചു….പെണ്ണിന് കുശുമ്പ് ഒട്ടും ഇല്ല അല്ലേ ദേവമ്മേ …. അവർ ചിരിയോടെ ഉണ്ണിക്കുട്ടനെയും എടുത്ത് റൂമിന് വെളിയിലേക്ക് ഇറങ്ങി….. അനന്തൻ ദിയയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തുവച്ചു…. മറുവശത്തു നിന്നും ദിയയുടെ ശബ്ദം ഉയർന്നപ്പോൾ അവൻ ഒരു നിമിഷം നിശബ്ദനായി… ഉയർന്നുപൊങ്ങിയ ദേഷ്യം പല്ലു കടിച്ചു കൊണ്ട് കടിച്ചമർത്തി…. ഹലോ ദിയാ…ഞാനാ റാം……..തുടരും…..

അഞ്ജലി: ഭാഗം 21

Share this story