നീ മാത്രം…❣️❣️ : ഭാഗം 27

നീ മാത്രം…❣️❣️ : ഭാഗം 27

എഴുത്തുകാരി: കീർത്തി

എത്ര പെട്ടന്നാണ് ദേഷ്യം പോയി ആ മുഖത്ത് പുഞ്ചിരി വന്നത്. ഇയ്യാള് ഇനി വല്ല സൈക്കോയും ആണോ ഭഗവാനെ… ഒന്ന് കരുതിയിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് ന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ആനന്ദേട്ടന്റെ ആട്ട് കേട്ടിട്ടാണോ എന്തോ ബ്ലോക്ക്‌ മാറി വാഹനങ്ങളെല്ലാം ശെരിക്കും ഓടിതുടങ്ങി. ദേശീയപാതയിൽ നിന്ന് ഉള്ളിലേക്ക് കടന്ന് രണ്ടു വളവ് കഴിഞ്ഞതും ഒരു വലിയ ഗേറ്റിന് മുന്നിൽ ആനന്ദേട്ടൻ കാർ നിർത്തി. എന്നിട്ട് നീട്ടിയൊരു ഹോൺ അടിച്ചു. ഉടനെതന്ന ആ വലിയ ഗേറ്റ് ഇരുവശത്തേക്കുമായി മലക്കെ തുറക്കപ്പെട്ടു. അപ്പോൾ മുന്നിൽ അനാവരണം ചെയ്ത ആ ബാഹുബലിക്കോട്ട ഞാൻ അത്ഭുതത്തോടെയാണ് നോക്കികണ്ടത്. അത്യാധുനിക രീതിയിൽ പണിക്കഴിപ്പിച്ച നീണ്ടുനിവർന്നു കിടക്കുന്ന ഒരു ഇരുനില ബംഗ്ലാവ്. ചുറ്റും ഘടിപ്പിച്ചിരിക്കുന്ന LED ബൾബുകളുടെ ശോഭയിൽ ആ ഭവനം കൂടുതൽ സുന്ദരിയായത് പോലെ തോന്നി.

“ഇറങ്ങ്. ” വീടിന് മുന്നിൽ തന്നെ കാർ കൊണ്ടുനിർത്തിയ ശേഷം എന്നോടായി പറഞ്ഞുകൊണ്ട് ആനന്ദേട്ടനും ഡോർ തുറന്ന് പുറത്തിറങ്ങി. കാറിൽ നിന്ന് ഇറങ്ങിയതും കണ്ടു ഉമ്മറത്ത് കസേരയിൽ ഇരുന്നിരുന്ന, ഏകദേശം അൻപതിന് മുകളിൽ പ്രായം വരുന്ന മുണ്ടും നേര്യതും ധരിച്ച ഒരു അമ്മ പുഞ്ചിരിയോടെ അടുത്തേക്ക് വരുന്നത്. ആ അമ്മയെ കണ്ടപ്പോൾ ‘പൊന്നുംകുടത്തിന് എന്തിനാ പൊട്ട് ‘ ന്നുള്ള പഴഞ്ചോല്ലാണ് ആദ്യം മനസിലേക്കോടി വന്നത്. കാതിൽ പൂപോലൊരു സ്റ്റഡ്, രണ്ടുകൈയിലും സിംപിളായി ഓരോ വളകൾ, കഴുത്തിൽ നെഞ്ചുവരെയെത്തുന്ന രണ്ടിഴയുള്ള ഒരു മാല, നെറ്റിയിൽ കുഞ്ഞു ഭസ്മക്കുറിയും മാത്രമായിരുന്നു ആ അമ്മയുടെ ചമയങ്ങൾ. എന്നാലും ആ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. “വായിനോക്കി നിക്കാതെ കേറിവാടി. ” കാറിൽ നിന്നിറങ്ങിയ പാടെ ആ അമ്മയെ തന്നെ നോക്കി നിന്ന എന്റെ അടുത്ത് വന്ന് ആനന്ദേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“എത്ര നേരായി കാത്തിരിക്കുന്നു. എന്താ മോനെ വൈകിയേ? ” അടുത്തെത്തിയതും ആനന്ദേട്ടന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ അമ്മ ചോദിച്ചു. “ട്രാഫിക്കിൽ പെട്ടുപോയി അതാ വൈകിയത്. ” അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. “ആഹ്… പരിചയപ്പെടുത്തിയില്ലല്ലോ… അമ്മേ ഞാൻ പറഞ്ഞിരുന്നില്ലേ മീറ്റിംഗിന് എന്റെ കൂടെ ഒരാളൂടെ ഉണ്ടാവും ന്ന്. ഇതാണ് ആള്. ഗാഥ ബാലചന്ദ്രൻ. ഗാഥാ… ഇതാണ് എന്റെ അമ്മക്കിളി അരുന്ധതി. ” എന്റെ നേരെ തിരിഞ്ഞ് ആനന്ദേട്ടൻ ആ അമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു. എന്നെ പരിചയപ്പെടുത്തിയപ്പോൾ പേരിലെ ബാലചന്ദ്രൻ അല്പം കടുപ്പിച്ചാണ് പറഞ്ഞത്. ആ കടുപ്പത്തിന്റെ കാരണം മനസ്സിലാവാൻ ഒരുപാട് ആലോചിച്ചു തലപുണ്ണാക്കണ്ടി വന്നില്ല. അതും പറഞ്ഞ് എന്നെനോക്കി ചിരിച്ചുനിൽക്കുന്ന ആനന്ദേട്ടനെ ഞാൻ ആനന്ദേട്ടനെ കൂർപ്പിച്ചൊന്ന് നോക്കി.

“അതെന്താടാ ഗാഥ ബാലചന്ദ്രൻ. ഗാഥ ന്ന് മാത്രം പറഞ്ഞാൽ പോരെ? ” “അതൊക്കെയുണ്ട് അമ്മേ. അമ്മയ്ക്ക് ഞാനത് സൗകര്യം പോലെ പറഞ്ഞുതരാം കേട്ടോ. അല്ലാ… ഇവിടെയുള്ളോരൊക്കെ എവിടെ? എല്ലാരും ഉറങ്ങിയോ? ആരെയും കാണുന്നില്ലല്ലോ? ” “ആരും ഉറങ്ങിയിട്ടില്ല. ഞങ്ങള് ഇവിടൊക്കെ തന്നെ ഉണ്ടേ… ” അകത്തു നിന്ന് ആരോ വിളിച്ചു പറയുന്നതോടൊപ്പം കുറേ പേര് പുറത്തേക്ക് ഇറങ്ങിവന്നു. ആ കൂട്ടത്തിൽ ഒക്കത്തിരിക്കുന്ന കൊച്ചുകുഞ്ഞു മുതൽ വയസായ ഒരു മുത്തശ്ശി വരെ ഉണ്ടായിരുന്നു. എല്ലാം കൂടി ഏതാണ്ടൊരു കല്യാണത്തിനുള്ള ആള്ക്കാര്. ദൈവമേ.. ഇവരുടെ വീട്ടിൽ ഒരു വിശേഷം ഉണ്ടായാൽ പുറത്തൂന്ന് ആളെ വിളിക്കണം ന്നില്ലല്ലോ. അല്ലാണ്ട് തന്നെ ഉണ്ട് ഒരു വണ്ടിക്കുള്ളവർ. വെറുതെയല്ല ഇത്രേം വലിയ ബാഹുബലിക്കോട്ട പണിത് ഇട്ടിരിക്കുന്നത്. ഞാൻ ഓർത്തു.

രംഗപ്രവേശനം ചെയ്തവരെല്ലാം ഓടിവന്ന് ആനന്ദേട്ടനെ പൊതിഞ്ഞു. ഒരുമാതിരി ചക്കരയിൽ ഈച്ച പൊതിഞ്ഞ പോലെ. നാളെ മീറ്റിംഗിന് ഞാൻ തനിച്ച് പോകേണ്ടി വരുവോ എന്തോ? ആനന്ദേട്ടൻ വർഷങ്ങൾക്ക് ശേഷം വിദേശത്തുന്ന് ലീവിന് വന്നത് പോലുണ്ടായിരുന്നു അവരുടെ പ്രവർത്തികൾ. കെട്ടിപിടിത്തവും നുള്ളിപ്പറിക്കലും ചുംബനമത്സരവുമൊക്കെ ഹോ…. എല്ലാം കണ്ട് ഞാനാകെ വിജ്രംഭിച്ചു പോയി. ആവശ്യത്തിന് ചക്കര കിട്ടിക്കഴിഞ്ഞപ്പോഴാണ് എല്ലാ ഈച്ചകളും ഇതെല്ലാം കണ്ട് കിളി പോയി നിൽക്കുന്ന എന്നെ ശ്രദ്ധിച്ചത്. ആനന്ദേട്ടൻ അവർക്കും എന്നെ പരിചയപ്പെടുത്തി കൊടുത്തു. തിരിച്ച് ഓരോരുത്തരെയായി എനിക്കും. അമ്മാവന്മാരും അമ്മായിമാരും അവരുടെ മക്കളും പിന്നെയും ആരെയൊക്കെയോ പറഞ്ഞു തന്നു. മൂന്ന് ആങ്ങളമാർക്ക് ആകെകൂടിയുള്ള പെങ്ങളാണ് ആനന്ദേട്ടന്റെ അമ്മ. എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.

അത്രതന്നെ. എന്നാൽ ആനന്ദേട്ടന്റെ കസിൻസ് എന്ന് പറയുന്ന ഗ്യാങ് ഏതോ അന്യഗ്രഹജീവിയെ കണ്ടതുപോലെ എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു. “എന്നാലും കുട്ടി എന്ത് ധൈര്യത്തിലാ ഇവന്റെ കൂടെ ഒറ്റയ്ക്ക് പോന്നത്? ” അവരുടെ നോട്ടത്തിന്റെ കൂടെ പെട്ടന്ന് കൂട്ടത്തിൽ ഒരു അമ്മാവൻ ഇങ്ങനെയും ചോദിച്ചപ്പോൾ ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. പക്ഷെ എല്ലാവരും അത് കേട്ട് ചിരിക്കുകയാണ് ഉണ്ടായത്. ആനന്ദേട്ടനെ നോക്കിയപ്പോൾ ആള് എന്നെനോക്കി കണ്ണിറുക്കി കാണിച്ചു. പിന്നെ ആ അമ്മാവൻ തന്നെ പറഞ്ഞു. അവരുദ്ദേശിച്ചത് ‘കാലൻ ബോസ്സിന്റെ’ കൂടെ വന്നതിനെ പറ്റിയാണെന്ന്. ഒരുപാട് നാളുകൾക്ക് ശേഷം ആനന്ദേട്ടൻ ഇപ്പോഴാണത്രെ വീട്ടിൽ വന്നു തുടങ്ങിയതും മാനുവേട്ടൻ പറഞ്ഞു ത് പോലെ എല്ലാവർക്കും അവരാഗ്രഹിച്ച അവരുടെ വിജയ് യെ തിരിച്ചു കിട്ടിയതും.

കുറച്ചു മുന്നേയുള്ള കാലൻ സ്വഭാവത്തിൽ ഒരു വിവാഹകാര്യം പറഞ്ഞതിനല്ലേ വീട്ടിലേക്കുള്ള വരവ് നിർത്തിയത്. കൂടാതെ ആ കസിൻസ് ഗ്യാങ്ങനോടും വല്ലാണ്ട് മിണ്ടാട്ടമൊന്നും ഉണ്ടായിരുന്നില്ലത്രെ. ഓഹ്… അതാണ് അവരൊക്കെ എന്നെ ഇങ്ങനെ നോക്കുന്നത് ലെ? ഞാനോർത്തു. “വന്ന കാലിൽ നിൽക്കാതെ കുട്ടി അകത്തേക്ക് വരൂ.” മുത്തശ്ശിയായിരുന്നു. അവരുടെ കമ്പനിയിലെ വെറുമൊരു സ്റ്റാഫായിട്ടല്ല അവരെല്ലാം എന്നെ സ്വീകരിച്ചത്. ഓരോരുത്തരും യാത്രയെ പറ്റിയും വീട്ടിലാരൊക്കെയുണ്ടെന്നും അങ്ങനെ എല്ലാം അന്വേഷിച്ചറിയാൻ മത്സരിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ എല്ലാവരുമായും കൂട്ടായി. “സംസാരിച്ചു നിന്ന് ഞാനതങ്ങ് മറന്നു. മോള് വാ. ” ആനന്ദേട്ടന്റെ അമ്മ എന്നെയും ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.

പെട്ടന്നാണ് മുറ്റത്ത് ഒരു കാർ കൂടി വന്നുനിന്നത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ആനന്ദേട്ടനുമായി നല്ല മുഖസാദൃശ്യമുള്ള എക്സിക്യൂട്ടീവ് ലുക്കിലുള്ള ഒരു ഏട്ടൻ ഇറങ്ങിവന്നു. ഒപ്പം അപ്പുറത്തെ ഡോർ തുറന്ന് ഒരു ചുള്ളൻ ഫ്രീക്കനും. അവിടെയിവിടെയായി കീറിയ ജീൻസ് പാന്റും, ഫ്ലുരെസ്സെന്റ് പെയിന്റ് അടിച്ചത് പോലുള്ള ഷർട്ടും, ചീകിയൊതുക്കാതെ മുകളിലേക്ക് പൊക്കി വെച്ചിരിക്കുന്ന മുടിയും അതിൽ നിറച്ചു കളറും. ഇതൊന്നും പോരാതെ കൈയിൽ ഒരു മൂന്നാല് ബാൻഡും കാതിലൊരു തൊങ്ങലും. ആകെമൊത്തത്തിലൊരു വിശേഷപ്പെട്ട കോലം. ആനന്ദേട്ടനെ കണ്ടതും ആ ഫ്രീക്കൻ നിന്ന് പരുങ്ങുന്നത് കണ്ടു. മറ്റേ ചേട്ടൻ ഓടിവന്ന് ആനന്ദേട്ടനെ കെട്ടിപിടിച്ചു. “നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ കോലത്തിൽ എന്റെ മുന്നിൽ കണ്ടുപോകരുത് ന്ന്.

നിന്നെ ഇന്ന് ശെരിയാക്കി തരാടാ…. ” ചുറ്റും എന്തോ തിരഞ്ഞുകൊണ്ട് ആനന്ദേട്ടൻ ആ ഫ്രീക്കനോട്‌ പറഞ്ഞപ്പോൾ എല്ലാവരും നല്ല ചിരിയായിരുന്നു. പാവം ഫ്രീക്കൻ ആ സമയം ഓടാനുള്ള വഴി അന്വേഷിക്കുന്ന തിരക്കിലും. ഫ്രീക്കനെ പിടിക്കാനായി അവന്റെ പിറകെ ആ കാറിന് ചുറ്റും ആനന്ദേട്ടൻ ഓടുന്നതും ശേഷം ചെവിക്ക് പിടിച്ച് വീട്ടിലേക്ക് കയറിവരുന്നതും അത്യധികം കൗതുകത്തോടെയാണ് ഞാൻ നോക്കിനിന്നത്. “ആഹ്… അയ്യോ.. ഏട്ടാ വിട്….. അപ്പച്ചി… ഏട്ടനോട് ചെവിയിൽ ന്ന് പിടി വിടാൻ പറ. പ്ലീസ്… എന്റെ കമ്മല്… ” ഒരു ഫ്രീക്കന്റെ രോദനം. “നിന്റെയൊരു കമ്മല്. ഇപ്പൊ തന്നെ ഈ കാണുന്ന തോരണങ്ങൾ മുഴുവനും അഴിച്ചു വെച്ചേക്കണം. ഒരു മനുഷ്യകോലത്തിലൊക്കെ നടക്കടാ വല്ല പെമ്പിള്ളാരും ഒന്ന് നോക്കിക്കോട്ടെ. ”

“അയ്യേ… ഏട്ടന് അറിയാഞ്ഞിട്ടാ ഇപ്പഴും എല്ലാവരും എന്നെ തന്നെയാ നോക്കുന്നെ.” എന്തോ വല്ല്യ കാര്യം പോലെ ഫ്രീക്കൻ പറഞ്ഞു. “അത് വേറൊന്നും അല്ല. ഇവനൊക്കെ എവിടുന്ന് വരുന്നെടാ ന്ന് നോക്കിയതാണ്. ” അവന്റെ കൂടെ വന്ന ചേട്ടൻ പറഞ്ഞു. “അപ്പച്ചി… കേട്ടോ പറയുന്നത്? അല്ല…ഇത്…. ” ആനന്ദേട്ടന്റെ അമ്മയുടെ അടുത്ത് പരാതി പറയാൻ ചിണുങ്ങി വന്നപ്പോഴാണ് അവൻ എന്നെ ശ്രദ്ധിച്ചത്. അമ്മ എന്നെ അവന് പറഞ്ഞു കൊടുത്തു. ആ ഫ്രീക്കനെ എനിക്കും. ഓടിവന്ന് എന്റെ വലതുകൈ പിടിച്ച് രണ്ടു കുലുക്കലായിരുന്നു. അമ്മയുടെ രണ്ടാമത്തെ ആങ്ങളയുടെ മകനാണത്രെ. ഇരട്ടകളാണ്. ഋഷഭും ഋതികയും. പതിവിൽ നിന്ന് വ്യത്യാസമായി ഒരു ആണും ഒരു പെണ്ണും. പിന്നെ ഇവർക്കുള്ളത് ഒരു ചേച്ചിയാണ്. ഋഷിയുടെ കൂടെ ഉണ്ടായിരുന്ന ചേട്ടനെയും അമ്മ പറഞ്ഞു തന്നു.

ഡോ. അരവിന്ദ്. മൂത്ത ജ്യേഷ്ഠന്റെ മകൻ. വെറും ഒരു മാസത്തെ വ്യത്യാസം കൊണ്ട് ആനന്ദേട്ടൻ ഡോക്ടർടെ ഏട്ടനായി. ഡോക്ടർ അനിയനും. അവരുടെ തന്നെ ഹോസ്പിറ്റലിൽ MD യാണത്രെ പുള്ളി. എല്ലാവരുടെയും ‘ഹൃദയം ‘ കീഴടക്കലാണ് പണി. ആവശ്യമില്ലാതെ അനുസരണക്കേട് കാണിക്കുന്ന ഹൃദയങ്ങളെ അനുസരണ പഠിപ്പിക്കുന്ന കാർഡിയോളജിസ്റ്. അമ്മ പറഞ്ഞു തന്നപ്പോൾ ഞാൻ ഡോക്ടറെ നോക്കി പുഞ്ചിരിച്ചു. തിരിച്ചും ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. ആനന്ദേട്ടനെ പോലെതന്നെ ഡോക്ടറും അല്പം ഗൗരവക്കാരനാണെന്ന് തോന്നുന്നു. “മോള് ഗസ്റ്റ്‌ റൂമിൽ കിടന്നോള്ളൂ ട്ടോ. ഋതുനേം വിളിച്ചോളൂ.അവള് മോൾക്ക് കൂട്ടിന്…. ” ഭക്ഷണം കഴിച്ചു കഴിഞ്ഞതും ആനന്ദേട്ടന്റെ അമ്മ പറഞ്ഞു.

“ഗസ്റ്റ്‌ റൂമിലോ? ചേച്ചി ശേഖരേട്ടൻ ഇന്ന് കൂടി വിളിച്ചു പറഞ്ഞതേയുള്ളൂ. നാളെ അവര് വരുമ്പൊ തങ്ങാൻ അവിടെ ഒന്ന് വൃത്തിയാക്കി ഇട്ടേക്കണം അതാർക്കും കൊടുക്കരുത് ന്ന്. ” അമ്മായിയാണ് അത് പറഞ്ഞത്. “എന്നാ കുട്ട്യോൾടെ ആരുടേങ്കിലും കൂടെ…. ” “ആരുടെ കൂടെ? ഇന്നിപ്പോ എല്ലാവരും ഉള്ളത്കൊണ്ട് മറ്റെല്ലാ റൂമിലും ആളുണ്ടല്ലോ.” എന്ന് വെച്ചാൽ… ഈ അണ്ഡകടാഹം പോലുള്ള വീട്ടിൽ എനിക്ക് തല ചായ്ക്കാൻ ഒരു തുള്ളി സ്ഥലമില്ലാ ന്ന് ചുരുക്കം. കഷ്ടം. എന്റെ നോട്ടം വേഗം ചെന്നത് ആനന്ദേട്ടനിലായിരുന്നു. Mr. വിജയാനന്ദ്….. രാത്രി ഉറങ്ങാൻ പറ്റിയില്ലെങ്കിൽ ചിലപ്പോൾ ഞാൻ ഞാനല്ലാതാവും. വേണേൽ ഭക്ഷണം കഴിക്കാതെ ഒന്നോ രണ്ടോ ദിവസം ഞാൻ പിടിച്ചു നിൽക്കാം പക്ഷെ ഉറക്കം… അതിൽ ഒരു കോംപ്രമൈസും ഇല്ല ഹേ. ഞാൻ മനസ്സിൽ പറഞ്ഞു. “അവര് നാളെയല്ലേ വരൂ. ഇന്നൊരു രാത്രി ഗാഥ അവിടെ കിടന്നോട്ടെ. ” ആനന്ദേട്ടൻ പറഞ്ഞു.

“വിജയ് നിനക്ക് ആ പൊങ്ങച്ചം ശേഖരന്റെ സ്വഭാവം അറിയാലോ. മുത്തശ്ശന്റെ ഒരേയൊരു പെങ്ങളുടെ മോനായിപോയി….. ” അമ്മ ഓര്മിപ്പിച്ചു. “എന്നാ പിന്നെ ഗാഥ എന്റെ റൂമിൽ കിടക്കട്ടെ. ” പെട്ടന്ന് അതിന് ആനന്ദേട്ടൻ പറഞ്ഞ സൊല്യൂഷൻ കേട്ട് ഞാനടക്കം എല്ലാവരും വാ പൊളിച്ചു പോയി. ഫ്രീക്കന്റെ മുഖത്തു രണ്ടു ബുൾസൈയുടെ കുറവ് ഉണ്ടായിരുന്നതിന് ഇത് കേട്ടതോടെ പരിഹാരമായി. ആ രണ്ടു ഉണ്ടക്കണ്ണുകൾ ഇപ്പൊ പുറത്തു ചാടുമെന്ന അവസ്ഥയായി. “വിജയ്… നീ…. ” അമ്മ പകുതിക്ക് വെച്ച് നിർത്തി. “എന്റെ റൂമിൽ എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. എന്റെ കൂടെന്നല്ലല്ലോ? താൻ എന്റെ റൂമിൽ കിടന്നോ ഞാൻ ഋഷിടെ റൂമിൽ കിടന്നോളാം. ” അപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത്. എന്നാൽ അത് കേട്ട് മറ്റൊരാളുടെ നിശ്വാസം തന്നെ നിലച്ചു. വേറാരുമല്ല ഫ്രീക്കൻ തന്നെ.

“എന്റെ കൂടെയാ? അതൊന്നും ശെരിയാവില്ല. ഏട്ടന് ന്നാൽ അരവിന്ദേട്ടന്റെ കൂടെ കിടന്നോ. എന്തിനാ എന്റെ….. ” “അതൊക്കെ ശെരിയാവും. എനിക്ക് നിന്റെ കൂടെ കിടന്നാൽ മതി. നിന്നോടേയ്… എനിക്ക് കുറേ……. ചോദിക്കാനുണ്ട്. ” ഫ്രീക്കനെ കെട്ടിപിടിച്ചു റൂമിലേക്ക് ഉന്തിക്കൊണ്ട് ആനന്ദേട്ടൻ പറഞ്ഞു. അവൻ മാക്സിമം ബലം പിടിച്ച് പോകാതിരിക്കാനും നോക്കുന്നുണ്ട്. “ചോദ്യവും ഉത്തരവുമൊക്കെ പകൽ പോരെ. ഏട്ടന് നാളെ മീറ്റിംഗ് ഉള്ളതല്ലേ. രാത്രി ഉറങ്ങിയില്ലെങ്കിലേയ്… മീറ്റിംഗ് ഹാളിലിരുന്ന് ഉറക്കം തൂങ്ങുള്ളൂ…. ” ഒരു പ്രത്യേക ഈണത്തിൽ ഫ്രീക്കൻ പറയുന്നത് കേട്ട് എല്ലാരും വാ പൊത്തി ചിരിക്കാൻ തുടങ്ങി. “ആണോടാ ചക്കരെ? ഏട്ടന്റെ ഉറക്കത്തിനെയും മീറ്റിംഗിനെയുംക്കുറിച്ച് ഏട്ടന്റെ ഋഷിക്കുട്ടന് എന്തൊരു ഉൽക്കണ്ഠയാ…. ഈ സ്നേഹം ഞാനെങ്ങനെ കണ്ടില്ലെന്ന് നടിക്കും. ഇന്നിനി എന്തായാലും ഞാൻ നിന്നെ വിട്ട് എങ്ങും പോവില്ല.

അപ്പൊ എല്ലാർക്കും ഗുഡ് നൈറ്റ്‌. വാ ഋഷി. വാ ന്നേയ്… ” ആനന്ദേട്ടൻ ഫ്രീക്കനെ പിടിച്ചു വലിച്ചു കൊണ്ടുപോയി. അറക്കാൻ കൊണ്ടുപോകുന്ന പോത്തിനെ പോലെ ദയനീയമായി എല്ലാരേയും നോക്കികൊണ്ട് ഫ്രീക്കൻപോത്ത് കൂടെയും. പിന്നെ എല്ലാവരോടും പറഞ്ഞ് ഞാനും ഉറങ്ങാൻ ചെന്നു. അമ്മ തനിച്ചു കിടക്കേണ്ട ന്ന് പറഞ്ഞ് നിർബന്ധിച്ച് ഋതുവിനെ എന്റെ കൂടെ വിട്ടു. ഞാൻ ഋതുവിന്റെ കൂടെ ആനന്ദേട്ടന്റെ റൂമിലേക്ക് ചെന്നു. ഋഷിയെ പോലെയല്ല. ഋതു ഒരു ഒതുങ്ങിയ പ്രകൃതമാണ്. പക്ഷെ സംസാരം ! എനിക്ക് പറ്റിയ കമ്പനിയാ. ഒരു അറ്റത്ത് ന്ന് തുടങ്ങിയാൽ മറ്റേ അറ്റത്ത് കൊണ്ടുപോയെ നിർത്തൂ. റൂമിലേക്കുള്ള യാത്രയിൽ ഞാൻ എന്തോ ഒന്ന് ചോദിച്ചതിന്, ചോദ്യത്തിനുള്ള ഉത്തരവും അഡിഷണളായി ആ കുടുംബത്തിന്റെ ചരിത്രവും കണക്കും ഭൂമിശാസ്ത്രവും ഫിസിക്സും കെമിസ്ട്രിയും എന്നുവേണ്ട സകല കാര്യങ്ങളും പറഞ്ഞു. ആള് ബി. എഡ്‌ കഴിഞ്ഞു നിൽക്കുവാണ്.

ഫ്രീക്കൻ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ ആണത്രേ. നടന്നു നടന്ന് അവസാനം ഞങ്ങൾ ആനന്ദേട്ടന്റെ റൂമിലെത്തി. മുകളിലെ നിലയിൽ അങ്ങറ്റത്തെ റൂമായിരുന്നു ആനന്ദേട്ടന്റെത്. ഏതാണ്ട് ആ റൂമിൽ കക്കാൻ കയറുന്നത് പോലെ വളരെ പതുക്കെയാണ് അവളാ ഡോർ തുറന്നതും അകത്തു കടന്നതുമെല്ലാം. അറിയാത്തതുകൊണ്ട് ഞാനും അവള് ചെയ്തത് പോലെ തന്നെ പമ്മിപ്പമ്മിയാണ് അകത്തു കയറിയത്. കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞു ആരും ഈ റൂമിലേക്ക് അങ്ങനെ കയറുന്നത് ആനന്ദേട്ടന് ഇഷ്ടമല്ലത്രെ. വീട്ടിലേക്ക് വരാതിരുന്ന സമയത്ത് റൂം പൂട്ടിയിട്ട് കീ അമ്മയെ ഏല്പിച്ചിട്ടാണത്രെ പോയത്. അതും വൃത്തിയാക്കിയിടാൻ വേണ്ടി. അത്യാവശ്യം വലിപ്പമുള്ള ഒരു മുറിയായിരുന്നു അത്. എല്ലാം വളരെ വൃത്തിയായി അടക്കിയൊതുക്കി വെച്ചിട്ടുണ്ട്. റൂം മുഴുവനും ഒരു വെള്ളമയം. ഷെൽഫുകളുടെ ഫ്രെയിം വെള്ള, അവിടെ ഇട്ടിരിക്കുന്ന ചെയർ, കർട്ടനുകൾ, ബെഡിലെ വിരിപ്പ്, ബ്ലാങ്കറ്റ് അങ്ങനെ എങ്ങും വെള്ള മാത്രം.

ആ റൂമിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ബെഡ് ആയിരുന്നു. ഒന്നാമത്തെ കാരണം ഉറക്കം വന്നു തൂങ്ങി നിൽക്കുകയാണ്. മറ്റൊന്ന് സാധാരണ കാണുന്ന ചതുരാകൃതിയിലുള്ള ബെഡിന് പകരം അവിടെ ഉണ്ടായിരുന്നത് റൗണ്ട് ഷേപ്പിലുള്ള ബെഡ് ആയിരുന്നു. ബെഡിന് അടുത്തുള്ള ടേബിളിൽ ആനന്ദേട്ടന്റെ ഒരു കിടിലൻ ഫോട്ടോയും. ഋതു ഏതോ സ്വപ്നലോകത്ത് എത്തിയത് പോലെയായിരുന്നു. എക്സിബിഷന് വന്നത് പോലെ അവിടെ ആകമാനം നോക്കികാണുകയായിരുന്നു. എല്ലാം കണ്ടു തൃപ്തിയടഞ്ഞപ്പോൾ ബെഡിൽ വന്നു കിടന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. മ്മക്ക് പിന്നെ കിടന്നത് മാത്രമേ ഓര്മയുള്ളൂ. ഉറങ്ങിപ്പോയി….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 26

Share this story