നിനക്കായ് : ഭാഗം 91

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

“ഒത്തിരി സങ്കടം തോന്നുന്നുണ്ട്….ഒരുപാട് സ്നേഹിച്ച് പോയതല്ലേ ഞാൻ…പക്ഷേ ദേ ഇന്ന്….ഈ രാത്രി വെളുക്കുന്നത് തൊട്ട് അന്ന എല്ലാം മറക്കാൻ തുടങ്ങുവാ….പറ്റില്ലെന്ന് അറിയാം…നെഞ്ച് കീറി മുറിഞ്ഞ് അതിൽ നിന്ന് ചോര പൊടിയും എന്നും അറിയാം…. എന്നാലും മറന്നേ പറ്റൂ….അല്ലെങ്കിൽ ഇനിയും ഇച്ചായനെ ഞാൻ വിഷമിപ്പിക്കും….എന്റെ ഇച്ചയെ വിഷമിപ്പിക്കും… അത് പാടില്ല…എന്നെ ചൊല്ലി ആരും സങ്കടപ്പെടരുത്….. മറക്കുവാ ഞാൻ….” അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീരിനെ തുടച്ച് മാറ്റാതെ അവൾ മനസ്സിൽ ഉറപ്പിച്ച് കഴിഞ്ഞിരുന്നു… ഒന്നോ രണ്ടോ ആശ്വാസ വാക്കുകൾക്കൊന്നും അവളുടെ സങ്കടങ്ങളെ മാറ്റാൻ കഴിയില്ലെന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു..

അതിനാൽ അന്നയുടെ ഏങ്ങലടികൾ നിലക്കുന്നത് വരെ സാം അവളുടെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു…. മനസ്സ് ഒന്ന് ശാന്തമായതും അന്ന അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി… കരഞ്ഞ് കലങ്ങിയ കണ്ണുകളും മുഖവും കാണെ സാമിന്റെ നെഞ്ചിൽ കൊളുത്തി വലിച്ചു… ആ സമയം കൊണ്ട് അവളാകെ കോലം കെട്ട് പോയത് പോലെ…. “എന്നാ കോലമാ കുഞ്ഞൂസേ ഇത്…മുഖമൊന്ന് നോക്കിക്കേ….കരഞ്ഞ് ആകെ നാശമാക്കിയിട്ടുണ്ട്…” കവിളിലെ മിഴിനീരിൽ പറ്റിചേർന്ന് കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ച് കണ്ണുനീരിനെ തുടച്ച് മാറ്റിക്കൊണ്ട് സങ്കടത്തോടെ അവൻ പറഞ്ഞു… ചെറിയൊരു പുഞ്ചിരി അവനായി നൽകിക്കൊണ്ട് കൈപത്തിയാൽ മുഖം അമർത്തി തുടച്ചു… “ഇനി ഈ കണ്ണ് നിറയുന്നത് ഞാൻ കാണരുത്….കേട്ടല്ലോ…

ഇച്ചേടെ പുലിക്കുട്ടി അല്ലേ നീ….എപ്പഴും സ്ട്രോങ് ആയി നിൽക്കണം…” അവന് മറുപടിയെന്നോണം സാമിനെ നോക്കി കണ്ണുകൾ രണ്ടും ചിമ്മി… “പോയി മുഖം കഴുകിയിട്ട് വാ…കാണാൻ എന്തോ പോലെ ഉണ്ട്….അയ്യേ…” അവളെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞതും അന്നയുടെ മുഖം കൂർത്തു… “അപ്പോ എന്നെ കാണാൻ കൊള്ളില്ലെന്ന് അല്ലേ….?” ചുണ്ട് പുറത്തേക്ക് ഉന്തി കൊച്ച് കുഞ്ഞുങ്ങളെ പോലെ ഉള്ള അവളുടെ ചോദ്യം കേട്ട് സാമിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… “മ്ചും….ഒട്ടും കൊള്ളില്ല…” കുസൃതിയോടെ അവൻ പറഞ്ഞത് കേട്ടതും അന്നയുടെ മുഖം വീർത്തു… “പോ…ഞാൻ കൂട്ടില്ല…” സാമിനോട് പിണങ്ങി പോവാൻ തിരിഞ്ഞ അന്നയ്ക്ക് മുന്നിൽ അവൻ തടസ്സമായി നിന്നു… “ശ്ശെടാ…അപ്പഴേക്ക് എന്റെ കുഞ്ഞൂസ് പിണങ്ങിയോ…

ഞാൻ തമാശ പറഞ്ഞതല്ലേ…എന്റെ കുഞ്ഞൻ സുന്ദരി അല്ലേ…. ഇച്ചേടെ മാലാഖ കൊച്ച് അല്ല്യോ നീ…..” അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുണ്ടമർത്തിയതും അന്നയും ചിരിച്ചു….മനസ്സ് നിറഞ്ഞൊരു പുഞ്ചിരി… അത് കണ്ട ശേഷമാണ് സാമിന് ആശ്വാസം തോന്നിയത്… “മ്മ്…പോയി ഫ്രഷ് ആയിട്ട് ഉറങ്ങാൻ നോക്ക്….കേട്ടോ….” “മ്ഹും….എനിക്ക് ഇന്ന് ഇച്ചേടെ അടുത്ത് കിടന്ന് ഉറങ്ങണം…ഒറ്റക്ക് കിടന്നാ ഉറക്ക് വരില്ല….” അന്നയുടെ ആവശ്യം കേട്ടതും സാം ചിരിയോടെ അവളുടെ തലയിൽ കൊട്ടിക്കൊണ്ട് സമ്മതമെന്ന പോലെ ചിരിച്ചു… അന്ന വേഗം വാഷ് റൂമിലേക്ക് കയറി….നേരെ വാഷ് ബേസിന്റെ അടുത്തേക്കിണ് ചെന്നത്….ടാപ്പ് തുറന്ന് വെള്ളം കൈ കുമ്പിളിൽ നിറച്ച് കൊണ്ട് മുഖത്തേക്ക് മതിയാവോളം തളിച്ചു….

ഇരു കൈകളും കുത്തി നിർത്തിക്കൊണ്ട് മുന്നിലെ കണ്ണാടിയിലേക്ക് മുഖം ഉയർത്തി നോക്കി… എന്തിനെന്നറിയാതെ നിറയാൻ തുടങ്ങുന്ന കണ്ണുനീരിനെ കാണും തോറും അവൾക്ക് ദേഷ്യം തോന്നി… വീണ്ടും വീണ്ടും മുഖത്തേക്ക് വെള്ളമൊഴിച്ച് ടവൽ കൊണ്ട് മുഖം അമർത്തി തുടച്ചു…. ഒരു ദീർഘശ്വാസത്തോടെ വാഷ് റൂം തുറന്ന് പുറത്തേക്കിറങ്ങി…. സാം ബെഡിലെ ഹെഡ് റെസ്റ്റിൽ ചാരി എന്തോ ആലോചിച്ച് ഇരിപ്പുണ്ടായിരുന്നു… കൈയിലിരുന്ന ടവൽ അലസമായി എറിഞ്ഞ് അന്ന വേഗം ബെഡിലേക്ക് കയറി സാമിന്റെ മടിയിലേക്ക് തലവെച്ച് കിടന്നു… മനസ്സ് മറ്റെങ്ങോ ആയിരുന്ന സാം ഞെട്ടി നോക്കിയപ്പോഴാണ് തന്റെ മടിയിൽ കിടക്കുന്ന അന്നയെ കണ്ടത്… “എനിക്ക് ഒരു പാട്ട് പാടി താ ഇച്ചേ….” സാമിന്റെ ഒരു കൈ എടുത്ത് തലയിലേക്ക് വെച്ച് കൊണ്ട് അവൾ ആവശ്യപ്പെട്ടു… ഒരു ചെറു പുഞ്ചിയോടെ അവൻ പതിയെ മൂളാനായി തുടങ്ങി…

🎶കണ്‍‌മണി പെണ്‍‌മണിയേ കാര്‍ത്തിക പൊന്‍‌കണിയേ (2) താരോ തളിരോ ആരാരോ കന്നിക്കനിയേ കണ്ണിന്‍ കുളിരേ മുത്തേ നിന്നെ താരാട്ടാം മലരേ മധുരത്തേനൂട്ടാം…. കണ്‍‌മണി പെണ്‍‌മണിയേ കാര്‍ത്തിക പൊന്‍‌കണിയേ താരോ തളിരോ ആരാരോ… രാരീരം രാരോ രാരീരം രാരോ രാരീരം രാരോ രാരീരം രാരോ….🎶 പാടുന്നതിനൊപ്പം സാം അവളുടെ തലയിൽ താളത്തിൽ തട്ടുന്നുണ്ടായിരുന്നു…. അവന്റെ വാത്സല്യത്തിന്റെ ചൂടേറ്റ് സങ്കടങ്ങളെല്ലാം മറന്ന് കൊണ്ട് അന്ന സുഖമായി ഉറങ്ങാൻ തുടങ്ങി…. അവൾ നന്നായി ഉറക്കം പിടിച്ചെന്ന് അറിഞ്ഞതും ഉറക്കം തടസ്സപ്പെടുത്താതെ പതിയെ തല എടുത്ത് തലയണയിലേക്ക് വെച്ചു… കഴുത്തറ്റം പുതപ്പിച്ച് കൊടുത്ത് മുടിയിൽ തലോടി സാം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി…. *******

‘നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രതികരിക്കുന്നില്ല.. ദയവായി അൽപ സമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക…’ “ശ്ശെടാ….ഈ ഇച്ചായൻ ഇത് എവിടെ പോയി കിടക്കുവാ….” ഫോൺ ചെവിയിൽ നിന്നും എടുത്ത് കൊണ്ട് ശ്രീ പിറുപിറുത്തു…. ഇന്ന് വിളിക്കേണ്ട സമയമായിട്ടും സാമിന്റെ കോൾ കാണാഞ്ഞിട്ട് അവനെ വിളിച്ച് നോക്കുകയാണ് അവൾ…. രണ്ട് മൂന്ന് തവണ വിളിച്ചിട്ടും എടുക്കുന്നത് കാണാഞ്ഞ് റൂമിലൂടെ തലങ്ങും വിലങ്ങും നടക്കുകയാണ് അവൾ… സാമിന്റെ കാറും ജീപ്പും വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയിക്കാണില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു…. ജനൽ വഴി നോക്കുമ്പോൾ ബാൽക്കണിയിൽ ലൈറ്റും കാണുന്നില്ല… അന്നയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫും….ശ്രീക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…. “ഇനി ഇങ്ങോട്ട് വരട്ടേ….ദുർഗക്കൊച്ചേ എന്നും വിളിച്ച്…ഹും…”

ബെഡിൽ ഇരുന്ന് കൊണ്ട് പരിഭവത്തോടെ ഓരോന്ന് പറയുന്നുണ്ടായിരുന്നു അവൾ…. ഇടക്കിടെ ഫോണിലേക്ക് നോക്കാനും മറന്നിരുന്നില്ല…. നിമിഷങ്ങൾക്കുള്ളിൽ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും അവൾ വേഗത്തിൽ ഫോൺ എടുത്തു… സാം ആണെന്ന് കണ്ടതും നേരത്തെ ഉണ്ടായിരുന്ന കുഞ്ഞ് പരിഭവത്തെ പാടെ മറന്ന് കൊണ്ട് ആൻസർ ചെയ്തു… “ഇച്ചായാ….എവിടെ ആയിരുന്നു….എത്ര നേരമായി ഞാൻ വിളിക്കുന്നു….” ഫോൺ എടുത്തതും ശ്രീ ഓരോന്ന് ചോദിക്കാൻ തുടങ്ങി…. എന്നാൽ മറുതലക്കൽ നിശബ്ദമാണെന്ന് കണ്ടതും ശ്രീ നെറ്റി ചുളിച്ചു…. ഫോൺ അറ്റന്റ് ചെയ്താൽ ഉടനെയുള്ള അവന്റെ കുസൃതി നിറഞ്ഞ ദുർഗക്കൊച്ചേ എന്നുള്ള വിളി കേൾക്കാഞ്ഞതും ഒരു കുഞ്ഞ് വേദന തന്നെ വന്ന് പൊതിഞ്ഞത് പോലെ ശ്രീക്ക് തോന്നി…. “സാമിച്ചാ….”

അത്രയും നാളിനിടക്ക് അവന്റെ നിശ്വാസം പോലും അവൾ മനഃപാഠമാക്കിയിരുന്നു…. എന്തോ സങ്കടം അവനെ അലട്ടുന്നുണ്ടെന്ന് ശ്രീക്ക് തോന്നി… “മ്മ്….” ഒരു മൂളൽ മാത്രമായിരുന്നു അവന്റെ മറുപടി… “ഇങ്ങ് വന്നേ….ഞാൻ ബാൽക്കണിയിലുണ്ടാകും….” തിരിച്ചൊന്നും പറയാതെ സാം ഫോൺ കട്ട് ചെയ്തിരുന്നു… ശ്രീ ഒന്ന് നിശ്വസിച്ച് ബെഡിൽ നിന്ന് ഇറങ്ങി ഡോർ തുറന്ന് ബാൽക്കണിയിലേക്ക് ചെന്നു… അൽപ നേരം കഴിഞ്ഞതും സാമും അവിടേക്ക് എത്തിയിരുന്നു… “ഇച്ചായാ…” സാമിന്റെ അടുത്തേക്ക് ചെന്ന ശ്രീയെ നിമിഷ നേരം കൊണ്ട് ഇറുകെ പുണർന്നിരുന്നു… കാര്യമായ എന്തോ ഒന്ന് അവന്റെ മനസ്സിലുണ്ടെന്ന് ആ പിടുത്തത്തിൽ തന്നെ അവൾക്ക് മനസ്സിലായി…

അത്രയും ശക്തിയിൽ ആയിരുന്നു അവൻ അവളെ പുണർന്നത്…. അവനൊന്ന് ഓക്കെ ആവുന്നത് വരെ ചോദ്യങ്ങളാൽ സാമിനെ ബുദ്ധിമുട്ടിക്കാതെ പതിയെ ഇരു കൈകളാലും പുണർന്ന് പുറത്ത് തട്ടി കൊടുത്തു… ക്രമം തെറ്റി മിടിച്ച അവന്റെ ഹൃദയ മിടിപ്പ് പതിയെ സാധാരണ ഗതിയിലേക്ക് വരാൻ തുടങ്ങി… ശ്രീയിൽ നിന്നും വിട്ട് മാറിയ സാമിന്റെ കൈകളിൽ പിടിച്ച് ബാൽക്കണിയിലെ സ്വിങ് ചെയറിലേക്ക് ഇരുത്തി…. അവന്റെ മടിയിലേക്കായി കയറി ഇരുന്ന് ഇരു കൈകളും സാമിന്റെ കഴുത്തിലൂടെ ഇട്ടു… “എന്താ ഇച്ചായാ….ഈ മനസ്സ് ഇത്രക്കും ഡിസ്റ്റർബ് ആയതിന്റെ കാരണം എന്താ…?” ആർദ്രമായി ചോദിച്ചതും സാം അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം ഉറ്റ് നോക്കി…

പതിയെ ആ കഴുത്തിടുക്കിലേക്ക് മുഖം ചായ്ച് വെച്ചു…. മെല്ലെ ഓരോന്നോരോന്നായി അവളോട് പങ്ക് വെക്കാൻ തുടങ്ങി….. അലക്സും ആയി പിണങ്ങി അടിയുണ്ടാക്കിയതും പിന്നെ നന്നായതും എല്ലാം പറയുന്ന സമയം ശ്രീ അവന്റെ മുടിയിലൂടെ വിരലോടിക്കുന്നുണ്ടായിരുന്നു…. “ഞാൻ എന്നതാ ടീ ചെയ്യണ്ടേ…എനിക്ക്…എനിക്ക് ഒന്നും അറിയാൻമേല…” ഇടറുന്ന അവന്റെ സ്വരത്തിൽ നിന്നും സാമിന്റെ അപ്പോഴത്തെ മാനസികാവസ്ഥ അവൾക്ക് മനസ്സിലാകുമായിരുന്നു…. “എന്റെ കുഞ്ഞൻ…ജനിച്ച അന്ന് മുതൽ ദേ ഈ സമയം വരെ അവൾ ആഗ്രഹിച്ച് എല്ലാം നേടിക്കൊടുത്തിട്ടുണ്ട്….എന്നാ അവൾ ഏറെ ആഗ്രഹിച്ച ഒന്ന്…അത് അലക്സിനെ മാത്രമാ… പക്ഷേ….

അവിടെ എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ആയി പോയല്ലോ….നിസ്സഹാനായി നിൽക്കേണ്ടി വന്നു എനിക്ക്… അന്നും….ഇന്നും…. എന്നെ സങ്കടപ്പെടുത്താതിരിക്കാൻ അവൾ എല്ലാം അടക്കി വെക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ദുർഗാ….” സാമിന്റെ കണ്ണുകൾ നിറഞ്ഞാ വരുന്നുണ്ടായിരുന്നു… “ഇച്ചായാ….സങ്കടപ്പെടല്ലേ….പ്ലീസ്…..എന്തെങ്കിലും വഴി ഉണ്ടാക്കാം നമുക്ക്….ഞാനല്ലേ പറയുന്നത്….” സാമിന്റെ മുഖം കൈയിൽ എടുത്ത് കൊണ്ട് ശ്രീ അവനെ നോക്കി…. “എങ്ങനെ കൊച്ചേ….എന്താ ഞാൻ ചെയ്യേണ്ടത്….എന്റെ നിർബന്ധം സഹിക്കാതെ അലക്സ് അവളെ കെട്ടാൻ സമ്മതിക്കുമായിരിക്കും…..എന്നാ അവളെ അവൻ സ്നേഹിച്ചില്ലെങ്കിൽ…പിന്നെയും അവളുടെ സങ്കടം കാണേണ്ടി വരില്ലേ നമ്മൾ…..

ഒരിത്തിരി അനിഷ്ടം എങ്കിലും എന്റെ കുഞ്ഞനോട് അവൻ കാണിച്ചാ സഹിക്കില്ല ഞാൻ… അവളുടെ ജീവിതം വെച്ച് ഒരു റിസ്ക് എടുക്കാൻ പുറ്റുകേല ദുർഗാ എനിക്ക്….” സാമിന്റെ മനസ്സിലെ ഭയം അവൾക്ക് അറിയാൻ കഴിഞ്ഞു…. “ഞാൻ….ഞാൻ സ്വാർത്ഥനാണോ ദുർഗാ….?” സാമിന്റെ സ്വരം അത്രക്കും നേർത്തിരുന്നു… “ഇച്ചായൻ ഇത് എന്തൊക്കെയാ പറയുന്നേ….?” അവന്റെ ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കിയിരുന്നു…. “എന്തോ….അങ്ങനെ തോന്നുവാ എനിക്ക്….നമ്മുടെ കാര്യം മാത്രം നോക്കുന്നതിനിടക്ക് അന്നമ്മയെ മറന്ന് കളഞ്ഞതല്ലേ ഞാൻ….” കുറ്റബോധമോ സങ്കടമോ മറ്റെന്തൊക്കെയോ അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു… “ആര് പറഞ്ഞു ഇതൊക്കെ….

അന്നക്കുട്ടിക്ക് കിട്ടിയ പുണ്യം അല്ലേ എന്റെ ഇച്ചായൻ…ആരും കൊതിക്കും ഇത് പോലെ ഒരു ഏട്ടനെ കിട്ടാൻ…. പിന്നെ അന്നേടെ കാര്യം….അവൾ ആദ്യമേ ഇച്ചായനെ കൊണ്ട് ഒന്നിലും ഇടപെടരുതെന്ന് ഉറപ്പ് വാങ്ങിച്ചതല്ലേ… അത് കൊണ്ടല്ലേ ഇച്ചായൻ ഇത് വരെ അവരുടെ ഇടയിലേക്ക് ചെല്ലാഞ്ഞത്…പിന്നെ എന്തിനാ ആവശ്യമില്ലാത്ത ഓരോന്ന് ചിന്തിക്കുന്നേ… ഈ പറഞ്ഞത് വല്ലോം അന്ന കേൾക്കണം….ബാക്കി വെച്ചേക്കില്ല നിങ്ങളെ…” അവന്റെ താടിയിലൂടെ വിരൽ കടത്തി പിടിച്ച് വലിച്ചതും വേദന കാരണം അവൻ എരിവ് വലിച്ചു…. “അച്ചോടാ….വേദനിച്ചോ….ചോറി ഇച്ചായാ….” സാമിന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് അവനെ ഇളിച്ച് കാട്ടി താടിത്തുമ്പിൽ മൃദുവായി ചുംബിച്ചു….

അവന്റെ മുഖത്ത് ചെറു ചിരി തെളിഞ്ഞു….ഓരോ കുറുമ്പുകൾ കാണിച്ചും പറഞ്ഞും സാമിന്റെ മൂഡ് പതിയെ മാറ്റിയെടുത്തിരുന്നു…. “ഏയ് ദുർഗക്കൊച്ചേ…..” തന്റെ കഴുത്തിടുക്കിൽ മുഖം അമർത്തി വെച്ച് ഇരിക്കുന്ന ശ്രീയുടെ വിരലുകൾ കോർത്ത് പിടിച്ച് കൊണ്ട് സാം വിളിച്ചു… മുഖം ഉയർത്തി നോക്കാതെ ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി… “ഉറക്കം വരുന്നോ എന്റെ കൊച്ചിന്….?” “ചെറുതായിട്ട്….” പറഞ്ഞ് തീർന്നതും സാം ഒന്ന് മൂളി അവളെയും കോരിയെടുത്ത് സ്വിങ് ചെയറിൽ നിന്ന് എഴുന്നേറ്റിരുന്നു… കണ്ണ് മിഴിച്ച് നോക്കുന്ന ശ്രീയെയും കൊണ്ട് നേരെ അവളുടെ റൂമിലേക്ക് കയറി…. സൂക്ഷിച്ച് ബെഡിലേക്ക് കിടത്തിക്കൊണ്ട് അവൾക്കരികിലായി അവനും കയറി കിടന്നു…

“ഇച്ചായൻ….ഇച്ചായനെന്താ ഇവിടെ കിടക്കുന്നത്…..?” സാമിന്റെ ചെയ്തികൾ കണ്ട് ശ്രീ സംശയത്തോടെ അവനെ നോക്കി… “ഞാൻ ഇന്ന് എന്റെ കൊച്ചിന്റെ കൂടെയാ കിടക്കുന്നത്….” ശ്രീയെ വലിച്ച് നെഞ്ചിലേക്കിട്ട് കൊണ്ടാണ് സാം പറഞ്ഞത്….. “മ്മ്….?” വാ തുറന്നുള്ള അവളുടെ കിടപ്പ് കണ്ട് ഒരു പുരികം ഉയർത്തിയതും ശ്രീയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു… അവനെ ഇറുകെ പുണർന്ന് കഴുത്തിടുക്കിലേക്ക് മുഖം അമർത്തി കണ്ണുകൾ അടച്ചു… “നീ ഇത് എന്നതാ കൊച്ചേ നേരെ അങ്ങോട്ട് പോവുന്നേ…?” കഴുത്തിലേക്ക് വെച്ചത് കണ്ട സാം സംശയം ചോദിച്ചതും അവളൊന്ന് ചിരിച്ചു… “അതോ….എന്റെ ഇച്ചായന്റെ വിയർപ്പും പെർഫ്യൂമും ഒക്കെ കൂടെ ചേർന്ന ഗന്ധം ഇല്ലേ…

ദേ ഇവിടെ മുഖം അമർത്തി കിടന്ന് ആ ഗന്ധം ആവോളം ആസ്വദിക്കാൻ…. നിന്റെ ഈ ഗന്ധത്തോളം പ്രിയപ്പെട്ടതായി മറ്റൊന്നും എനിക്കില്ല ഇച്ചായാ….വല്ലാതെ അടിമപ്പെട്ട് പോയി ഞാൻ….” നാസികയാൽ അവൾക്കേറ്റവും പ്രിയപ്പെട്ട അവന്റെ ഗന്ധം ആവാഹിച്ച് കൊണ്ടാണ് ശ്രീ അവനുള്ള മറുപടി കൊടുത്തത്… “അത് പോലെ തന്നെയാ നിന്നിലെ ഈ ഇലഞ്ഞി പൂ മണവും കൊച്ചേ….എന്നെ മത്ത് പിടിപ്പിക്കുന്ന ഒരുതരം സുഗന്ധം ആണ് നിനക്ക്….വീണ്ടും വീണ്ടും ആസ്വദിക്കാൻ തോന്നുന്ന ലഹരി….” ശ്രീയുടെ മൂക്കുത്തിയിൽ ചുണ്ടുകൾ പതിപ്പിച്ച് കൊണ്ട് പ്രണയത്തോടെ അവൻ പറഞ്ഞു…. അവളുടെ തുടുത്ത കവിളിണകളിലേക്ക് രക്തം ഇരച്ച് കയറി….

“ഇങ്ങനെ നാണിക്കല്ലേ എന്റെ പെണ്ണേ…ഞാൻ വല്ലതും ചെയ്ത് പോവും…” ചൂണ്ടുവിരലാൽ കവിളിൽ കുത്തിക്കൊണ്ട് കള്ളച്ചിരിയോടെ അവൻ പറഞ്ഞു… “ശരിക്കും….?????” കണ്ണുകൾ വിടർത്തിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് സാമിന്റെ വാ തുറന്ന് പോയി… “പോടീ…..” ശ്രീയെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചതും അവളുടെ പൊട്ടിച്ചിരി ഉയർന്നു… പതിയെ അത് സാമിലേക്കും പടർന്നു….ഇരു കൈകളാലും അവളെ പൊതിഞ്ഞ് പിടിച്ച് കണ്ണുകളടച്ചു… ഏറെ നേരത്തിന് ശേഷം ശ്രീ ശാന്തമായി ഉറങ്ങുന്ന സാമിനെ മുഖമുയർത്തി ഒന്ന് നോക്കി…. എന്തായാലും അലക്സിനെ കണ്ട് സംസാരിക്കണം എന്ന് അവൾ അതിനോടകം തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു….

ഇടക്കെപ്പോഴോ ഞെട്ടി ഉണർന്ന ശ്രീ തന്നെ ഇറുകെ പുണർന്ന് സുഖനിദ്രയിലായിരുന്ന സാമിനെ കണ്ടു…. റൂമിലെ നേർത്ത വെളിച്ചത്തിൽ അവനെ മതിവരുവോളം നോക്കി കിടന്നു… ഉറക്കിനിടയിലും നേർത്തൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ തങ്ങി കിടക്കുന്നുണ്ടായിരുന്നു…. മെല്ലെ കൈ ഉയർത്തി അവന്റെ കട്ടി മീശയിലും താടിയിലും വിരലോടിച്ചു…. കൺപോളകളെ മറച്ച അവന്റ നീളൻ മുടിയിഴകളെ ഒതുക്കി വെച്ച് എത്ര നേരം സാമിനെ കണ്ണിമചിമ്മാതെ നോക്കിയെന്ന് അവൾക്ക് അറിയില്ല… പെട്ടെന്ന് എന്തോ ഓർമ വന്നത് പോലെ കൈ എത്തിച്ച് ടേബിളിലിരുന്ന ഫോൺ എടുത്ത് സമയം നോക്കി…

പുലർച്ചെ അഞ്ച് മണി ആയിരുന്നു….ഇനിയും അവനെ നോക്കി കിടന്നാൽ ശരിയാവില്ലെന്ന് കണ്ട് ശ്രീ പതിയെ അവന്റെ കൈകൾക്കിടയിലൂടെ നൂണ്ട് പുറത്തേക്ക് ഇറങ്ങി… “ഇച്ചായാ….ഇച്ചായാ….എഴുന്നേറ്റെ….” രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും ചിണുങ്ങിക്കൊണ്ട് തലയണയിലേക്ക് മുഖം അമർത്തി കമിഴ്ന്ന് കിടക്കുന്ന സാമിനെ കണ്ട് ശ്രീ തലയിൽ കൈ വെച്ച് പോയി… അവസാന ശ്രമം എന്നോണം അവൾ ബെഡിലേക്ക് കയറി അവന്റെ പുറത്തായി ഇരുന്നു… “ഡോ ഇച്ചായാ….എഴുന്നേൽക്ക്…..ഈശ്വരാ….ഇങ്ങേരെ ഞാൻ….സാമിച്ചാ….സാമിച്ചാ….” അവന്റെ ബനിയനിൽ പിടിച്ച് വലിച്ച് കൊണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയാണ് അവൾ…. നെടുംപുറത്ത് ഒരൊറ്റ കുത്ത് വെച്ച് കൊടുത്തതും സാം വേദന എടുത്ത് കണ്ണുകൾ വലിച്ച് തുറന്നു….

ദേഹം നൊന്തതും അവൻ ആരാണെന്നോ എന്താണെന്നോ ഒന്നും നോക്കാതെ ശ്രീയെ വലിച്ച് ഇപ്പുറത്തേക്കിട്ട് അവളുടെ മേലെ ആയി വന്നു…. “ഈശ്വരാ…” ചെക്കന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ കണ്ണുകൾ ഇറുകെ അടച്ച് പേടിച്ച് കിടക്കുകയാണ് ശ്രീ…. അവളുടെ മുഖം കണ്ടപ്പോഴാണ് അവന് താൻ എവിടെയാണെന്ന് ഓർമ വന്നത്… പേടിച്ചരണ്ട മുഖവുമായി കണ്ണുകൾ ഇറുക്കെ അടച്ച് തനിക്കടിയിലായി കിടക്കുന്ന ശ്രീയെ അവൻ ഇമ ചിമ്മാതെ നോക്കി… അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായൊന്ന് കടിച്ചതും എരിവ് വലിച്ച് കൊണ്ട് കണ്ണുകൾ തുറന്നു…. കുസൃതി നിറഞ്ഞ സാമിന്റെ മുഖം കാണെ അവളുടെ കവിളുകൾ വീർത്തു… “പോടാ…മനുഷ്യനെ പേടിപ്പിച്ചു….ദുഷ്ടൻ….” ദേഷ്യത്തോടെ അവനെ തള്ളിമാറ്റി ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു…

“എന്നെ വായി നോക്കി നിൽക്കാതെ വേഗം പോവാൻ നോക്ക് ഇച്ചായാ…നേരം വെളുക്കാറായി….” മടിയോടെ മുഖം ചുളിച്ച് എഴുന്നേറ്റ അവൻ ശ്രീയെ പിന്നിലൂടെ വന്ന് ചുറ്റി പിടിച്ച് തോളിൽ താടി കുത്തി നിന്നു… “പോവണോ ടീ…നിന്നെയും കെട്ടി പിടിച്ച് കിടന്ന് മതിയായില്ല….” “അയ്യ…മര്യാദക്ക് പോവാൻ നോക്ക്….ആരെങ്കിലും കണ്ടാ പിന്നെ പൂർത്തിയായി….” താടിയിൽ പിടിച്ച് വലിച്ച് കൊണ്ടുള്ള ശ്രീയുടെ മറുപടി കേട്ട് ചിരിയോടെ അവൻ ആ കവിളിൽ അമർത്തി ഉമ്മ വെച്ചു.. അവളെ വിട്ട് മാറി ബാൽക്കണിയിലേക്ക് നടന്നു…. പുലർകാലത്തെ നനുത്ത കാറ്റ് ആസ്വദിച്ച് കൈകൾ നന്നൃയി സ്ട്രച്ച് ചെയ്ത് പിന്നിൽ ഡോറ് ചാരി നിൽക്കുന്ന ശ്രീയെ നോക്കി കണ്ണിറുക്കി സൺഷൈഡിലേക്ക് ചാടി താഴേക്ക് ഇറങ്ങാൻ തുടങ്ങി…. ***

സാം ആയിരുന്നു ശ്രീയെയും അന്നയെയും കോളേജിൽ ഡ്രോപ്പ് ചെയ്തത്… പോവുന്ന വഴിക്ക് ഓരോന്ന് പറഞ്ഞ് സാമിനോട് അടി കൂടുന്ന അന്നയെ ശ്രീ ഉറ്റ് നോക്കി…. ഉള്ളിൽ നിറയെ സങ്കടം ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നിറ പുഞ്ചിരിയോടെ നടക്കുന്ന അവളോട് ശ്രീക്ക് വല്ലാത്ത സ്നേഹം തോന്നി… കോളേജിന് മുന്നിലായി തന്നെ അവരെയും കാത്ത് സ്വാതി നിൽപ്പുണ്ടായിരുന്നു… അവളോട് കുശലാന്വേഷണം ചോദിച്ച ശേഷമാണ് സാം തിരിച്ച് പോയത്… ക്ലാസിലേക്ക് പോവുന്ന വഴി പല തവണ ശ്രീക്ക് അന്നയോട് ചോദിക്കണം എന്ന് തോന്നി എങ്കിലും ആദ്യം അലക്സിനോട് സംസാരിച്ച ശേഷം മതി എന്ന് കരുതി അവൾ ഒന്നും മിണ്ടിയില്ല…

വരാന്തയിലൂടെ നടക്കുന്ന സമയത്ത് എതിർ വശത്ത് നിന്നും വരുന്ന അമൃതയെയും കൂട്ടരെയും അവരാരും ശ്രദ്ധിച്ചിരുന്നില്ല… എന്തൊക്കെയോ പറഞ്ഞ് ചിരിയോടെ അവർ അമൃതയെ കടന്ന് പോയതും അവൾ തല ചെരിച്ച് മൂവരെയും നോക്കി നിന്നു…. കൂട്ടത്തിലെ ഒരുത്തി അമൃതയെ തട്ടി വിളിച്ചതും ഒരു തവണ കൂടി അവരെ ഒന്ന് നോക്കി അവൾ തിരിഞ്ഞ് നടന്നു…. ****** ഒരു ഞായറാഴ്ച ദിവസം….പുലിക്കാട്ടിലെ വീടിന് മുന്നിലേക്ക് ബ്ലാക്ക് കളർ ബെൻസ് വന്ന് നിന്നു…. കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് സൂസനും കോ ഡ്രൈവർ സീറ്റിൽ നിന്ന് വർഗീസും ഇറങ്ങി… “ടാ ചെറുക്കാ…നീ ഇറങ്ങുന്നില്ലേ….”

സൂസൻ ഡോർ അടക്കുന്നതിന് മുൻപ് അൽപം കുനിഞ്ഞ് ഡ്രൈവിങ് സീറ്റിലുള്ള ചെറുപ്പക്കാരനോട് ചോദിച്ചു… മറുപടിയായി അവനെന്തോ പറഞ്ഞതും അവരൊന്ന് അമർതൂതി മൂളി ഡോർ വലിച്ചടച്ചു… “അമ്മച്ചീ….ദേ അവരെത്തി…” കാറിന്റെ ശബ്ദം കേട്ട് വന്ന മാത്യു അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞ് കൊണ്ട് നിറഞ്ഞ ചിരിയോടെ അവരെ സ്വീകരിക്കാനായി ചെന്നു… “അല്ല ക്രിസ്റ്റി…?” “അവന് ഒരു കോൾ വന്നിട്ട് സംസാരിക്കുകയാ അച്ചായാ…ഇപ്പോ വരും…” മാത്യൂ ചോദിച്ചത് കേട്ട് സൂസൻ പുഞ്ചിരിയോടെ മറുപടി കൊടുത്തു… അപ്പോഴേക്കും സാമും അവന് പിന്നാലെ അമ്മച്ചിയും റീനയും എത്തിയിരുന്നു… സ്നേഹത്തോടെ അവരെ അകത്തേക്ക് വിളിച്ചു… “അല്ല ഔസേപ്പേ….ക്രിസ്റ്റി എവിടെ…?” “അവൻ….ആ ദേ…വന്നല്ലോ…” അമ്മച്ചിക്ക് മറുപടി കൊടുത്ത് കൊണ്ട് ഡോറിന് നേരെ ചൂണ്ടി…

കട്ടി മീശയും ഒതുക്കി വെട്ടിയ മുടിയും ഒക്കെ ആയി സുമുഖനായ ചെറുപ്പക്കാരൻ ഹാളിലേക്ക് കടന്ന് വന്നു… താടിയിലുള്ള കുഞ്ഞ് ചുഴി അവന്റെ ഭംഗി കൂട്ടി…. ബ്ലാക്ക് ടീ ഷർട്ടിൽ അവന്റെ മസിൽസ് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു… “ആൽവിൻ ക്രിസ്റ്റി….” നിറഞ്ഞ ചിരിയോടെ സാമിന് കൈ കൊടുത്ത് അവനെ പുണർന്നു… “അമ്മച്ചിക്ക് എന്നെ ഓർമ ഉണ്ടോ….?” അമ്മച്ചിയുടെ അടുത്ത് ചെന്ന് അവരുടെ കൈകളിൽ പിടിച്ച് കൊണ്ടാണ് അവൻ ചോദിച്ചത്… “പോടാ ചെറുക്കാ…എനിക്ക് ഓർമക്കൊന്നും ഒരു കുഴപ്പവും ഇല്ല…” ആൽവിയുടെ കൈയിൽ അടിച്ച് കൊണ്ട് പറഞ്ഞ അമ്മച്ചിയെ നോക്കി അവൻ ചിരിച്ചു.. കുറേ നേരം സംസാരിച്ചിരുന്ന ശേഷമാണ് അന്നയെ വിളിക്കാനായി പറഞ്ഞത്…

സാം മുകളിലേക്ക് ചെന്നതും റൂമിലെ ബെഡിലായി ശ്രീയും അന്നയും ഇരിപ്പുണ്ടായിരുന്നു… “കുഞ്ഞാ…” സാമിന്റെ വിളി കേട്ട് അന്ന വേഗം ബെഡിൽ നിന്ന് എഴുന്നേറ്റു… “താഴേക്ക് വാ…” “ഇങ്ങനെ ഉണ്ട് ചെക്കൻ….ഗ്ലാമറാണോ…?” കുസൃതിയോടുള്ള അന്നയുടെ ചോദ്യം കേട്ട് സാം ചെറുതായൊന്ന് ചിരിച്ച് അവളുടെ തലയിൽ കൊട്ടി… “അങ്ങോട്ടല്ലേ പോവുന്നത്…നേരിട്ട് കണ്ടോ…” അന്നയുടെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് സാം താഴേക്ക് പോയി…. “വാ…” ശ്രീ അവളെയും കൂട്ടി താഴേക്ക് ചെന്നു….മനസ്സ് അസ്വസ്ഥമാണെങ്കിലും അത് പുറത്ത് കാണിക്കാതെ മുഖത്ത് പുഞ്ചിരി എടുത്തണിഞ്ഞ് സ്റ്റെയർ ഇറങ്ങി… റെഡ് കളർ ഫുൾ സ്കെർട്ടും വൈറ്റ് ടോപ്പും ആയിരുന്നു അവളുടെ വേഷം…

മുടി വെറുതേ ചീകെ അഴിച്ചിട്ടിട്ടുണ്ട്….ഒരു പൗഡർ പോലും മുഖത്ത് ഇട്ടിട്ടില്ലെങ്കിലും അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു…. ഹാളിലേക്ക് ചെന്ന് എല്ലാവരെയും നോക്കി ചിരിച്ച കൂട്ടത്തിൽ ആൽവിക്കും നനുത്ത പുഞ്ചിരി നൽകി… “ഇത്….??” അന്നക്ക് അടുത്തായി നിൽക്കുന്ന ശ്രീയെ കണ്ട് സൂസൻ സംശയത്തോടെ നോക്കി… “അത് ദച്ചുമോൾ….ശ്രീ ദുർഗ…ഞങ്ങളുടെ സാമിന്റെ പെണ്ണാണ്…” അമ്മച്ചി മറുപടി കൊടുത്തും ഔസേപ്പിന്റെ മുഖം മാറി….എങ്കിലും അത് പുറത്ത് കാണിക്കാതെ അവളെ നോക്കി ചിരിച്ചു… “മക്കൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം അല്ലേ…” ശ്രീയുടെ കൈയിലുള്ള അന്നയുടെ പിടുത്തം മുറുകി…. കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് മാത്യൂവിനെ നോക്കിയതും അയാൾ പോവാനായി സമ്മതം കൊടുത്തു….അന്ന അവളുടെ മുറിയിലേക്ക് ആൽവിയെയും കൂട്ടി പോയി…

“ഇച്ചായൻ എന്താ ആലോചിക്കുന്നത്….?” ആരും ഇല്ലാത്ത സമയത്ത് എന്തോ ചിന്തിച്ചിരുന്ന ഔസേപ്പിന്റെ അടുത്തേക്ക് ചെന്നതായിരുന്നു സൂസൻ… “എടിയേ….ഒരു അന്യമതക്കാരിയെ കെട്ടിക്കൊണ്ട് വന്ന കുടുംബത്തീന്ന് കല്യാണം ആലോചിച്ചാ….” അയാളുടെ മുഖത്തെ ഇഷ്ടക്കേട് കണ്ട് സൂസന്റെ മുഖം ഇരുണ്ടു… “ആലോചിച്ചാ…എന്താ കുഴപ്പം….ഒരു പ്രശ്നവും ഇല്ല…” അയാളുടെ സംസാരം ഇഷ്ടപ്പെടാത്തത് പോലെ അവർ മുഖം തിരിച്ചു…. “എടിയേ ഞാനൊന്ന്….” അയാളെ പറയാൻ സമ്മതിക്കാതെ സൂസൻ വീണ്ടും സംസാരിച്ച് തുടങ്ങി… “വേണ്ട ഇച്ചായാ….കഴിഞ്ഞ രണ്ട് രണ്ടര കൊല്ലമായി ഞാൻ നീറി കഴിയുന്നു…എന്റെ മോന്റെ സങ്കടവും കണ്ട്…. ഇനി എനിക്ക് പറ്റില്ല….അന്നമോളെ എനിക്ക് വേണം….

ആൽവിക്ക് അവളെ സ്നേഹിക്കാൻ പറ്റും…എനിക്ക് ഉറപ്പുണ്ട്…” സൂസന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് മറുത്തൊന്നും പറയാതെ അയാൾ ഒന്ന് മൂളി… പിന്നെ എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് അവരെ നോക്കി പുഞ്ചിരിച്ചു… “എന്നതാ രണ്ടാളും കൂടെ ഒരു സംസാരം…?” അപ്പോഴേക്കും മാത്യു അങ്ങോട്ട് വന്നിരുന്നു… “ഏയ്…സൂസന് അന്നമോളെ ഒരുപാട് ഇഷ്ടമായെന്ന് പറയുവായിരുന്നു…” ഔസേപ്പിനെയും മാത്യൂവിനെയും നോക്കി ചിരിച്ച് അവർ പതിയെ അവിടെ നിന്നും പിൻവാങ്ങി…

അലക്സിന്റെ ബുള്ളറ്റ് പുലിക്കാട്ടിലേക്ക് കയറി….പോർച്ചിൽ സ്റ്റാൻഡ് ചെയ്തിട്ട് മുടി ഒന്ന് ഒതുക്കി അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി…. മുറ്റത്ത് നിർത്തിയിട്ട കാർ കണ്ടപ്പോൾ അവർ വന്നിട്ടുണ്ടാവുമെന്ന് അവൻ ഊഹിച്ചു…. ശ്വാസം ഒന്ന് ആഞ്ഞ് വലിച്ച് മുഖത്തണിഞ്ഞ പുഞ്ചിരിയോടെ അവൻ അകത്തേക്ക് കയറി ചെന്നു…. ഹാളിൽ തന്നെ ഔസേപ്പും മാത്യൂവും കൂടെ സാമും ഇരിപ്പുണ്ടായിരുന്നു… “ആ….നീ ഇപ്പഴാണോ ടാ വരുന്നത്…” അലക്സിനെ കണ്ട് മാത്യൂ കപട ദേഷ്യത്തോടെ ചോദിച്ചു…

“സോറി പപ്പ…എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ടായിരുന്നു…അതാ വരാൻ വൈകിയത്….” അയാളെ നോക്കി ക്ഷമാപണം നടത്തി അവൻ സാമിന്റെ അടുത്തേക്ക് ചെന്ന് ഇരുന്നു… സ്റ്റെയറിന്റെ എതിരെ ആയിട്ടായിരുന്നു അവൻ ഇരുന്നത്… വെറുതേ ഒന്ന് തല ഉയർത്തിയതും ആൽവിന്റെ കൂടെ സംസാരിച്ച് കൊണ്ട് ചിരിയോടെ ഇറങ്ങി വരുന്ന അന്നയെ കണ്ട് അവന്റെ മിഴികൾ തറഞ്ഞ് നിന്നു………തുടരും

നിനക്കായ് : ഭാഗം 43

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-