തമസ്സ്‌ : ഭാഗം 12

തമസ്സ്‌ : ഭാഗം 12

എഴുത്തുകാരി: നീലിമ

“ശരിയാണ്…. ഒരു സ്വപ്നലോകത്തായിരുന്നു ഞാൻ…. അവിടെ നിന്നും യാധാർഥ്യത്തിലേയ്ക്കെത്താൻ കുറച്ചു സയമെടുത്തു……പുറമെ കാണുന്ന സൗന്ദര്യമാണ് പ്രധാനം എന്ന് കരുതിയിരുന്നു….. എന്നാൽ മുഖത്തിനല്ല മനസിനാണ് സൗന്ദര്യം വേണ്ടത് എന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളാണ്…. നിങ്ങളുടെ പെരുമാറ്റത്തിലൂടെ……. ഞാൻ അവഗണിച്ചിട്ടും എനിക്ക് നിങ്ങൾ നൽകിയ സ്നേഹത്തിലൂടെ……ഇപ്പൊ ഞാൻ പ്രണയിക്കുന്നുണ്ട്…. ഈ മുഖത്തിനെയല്ല…. സ്നേഹിക്കാൻ മാത്രം അറിയുന്ന ഈ മനസിനെ…….. എന്റെ അച്ഛനും അമ്മയും എനിക്കായി കണ്ടെത്തിയ ആൾ ഏറ്റവും മികച്ചതാണെന്ന് ഞാനിപ്പോ മനസിലാക്കുന്നു….നിങ്ങളെക്കാൾ എനിക്ക് അനുയോജ്യനായ മറ്റൊരാൾ ഉണ്ടാവില്ല ജയേട്ടാ…… മാപ്പ്…. ഇതുവരെ നിങ്ങളുടെ മനസ്സ് വേദനിനിപ്പിച്ചതിനു……

“””” അത്രയും പറയുമ്പോഴേയ്ക്കും കരഞ്ഞു പോയിരുന്നു ജാനകി……. നെഞ്ചോട്‌ ചേർന്ന് നിന്നു കണ്ണീരൊഴുക്കുന്നവളെ വലതു കൈ ഉയർത്തി പൊതിഞ്ഞു പിടിച്ചു …. ഈ ജന്മം മുഴുവൻ കാവലായി ഉണ്ടാകുമെന്ന് പറയാതെ പറഞ്ഞു കൊണ്ട് അവളുടെ സീമന്തരേഖയിലേയ്ക്ക് ചുണ്ടുകൾ ചേർത്തു…… ❣❣❣❣❣❣❣❣ “””””അവിടെ മുതൽ ഏവരെയും അസൂയപ്പെടുത്തുന്ന വിധം സ്നേഹിച്ചു തുടങ്ങുകയായിരുന്നു അവർ….. ജാനകി ഇല്ലാതെ മോഹനോ മോഹൻ ഇല്ലാതെ ജാനകിക്കോ കഴിയുമായിരുന്നില്ല. രണ്ട് മനുഷ്യർക്ക് ഇത്രയേറെ സ്നേഹിക്കാനാകുമോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് ഞാൻ……””””” പഴയ ഓർമകളുടെ തിരശീലയ്ക്കുള്ളിൽ തന്നെയായിരുന്നു അപ്പോഴും ആൽവിയുടെ മനസ്സ്. “”””ഞാനും മായയും തമ്മിൽ ഇടയ്ക്കൊക്കെ പിണങ്ങാറുണ്ട്… ഓരോ തവണ പിണങ്ങുമ്പോഴും ഞാൻ അവളോട് ചോദിക്കും…..

ജാനകി മോഹനെ സ്നേഹിക്കുന്നത് പോലെ നിനക്ക് എന്നെ സ്നേഹിച്ചൂടെ എന്ന്…. അതിന് അവള് പറയാറുള്ള മറുപടി രസമാണ്…. മോഹനെപ്പോലെ ഞാൻ അവളെ സ്നേഹിച്ചാൽ ജാനിയെപ്പോലെ അവൾ എന്നെയും സ്നേഹിക്കാമെന്നു…..”””” അത് പറയുമ്പോൾ ആൽവിയുടെ ചുണ്ടിൽ ഒരു നേർത്ത ചിരി ഉണ്ടായിരുന്നു…. M ആൽവിയുടെ വാക്കുകൾ ഒരു കഥ പോലെ കേട്ടിരിക്കുകയായിരുന്നു ശരത്…… “””””രണ്ട് വ്യക്തികൾ ആകുമ്പോ രണ്ട് അഭിപ്രായം ഉണ്ടാകും… അപ്പൊ അഭിപ്രായവ്യത്യാസവും ഉണ്ടാകും…. ഒപ്പം ചെറിയ സൗന്ദര്യപ്പിണക്കങ്ങളും…. പക്ഷെ അവർക്കിടയിൽ അതൊന്നും ഉണ്ടാകാറില്ല എന്നത് എനിക്ക് ശെരിക്കും അത്ഭുതമായിരുന്നു…… ഞാനും മായയും തമ്മിലുള്ള കുഞ്ഞു കുഞ്ഞു പിണക്കങ്ങളെക്കുറിച്ച് ഞാൻ മോഹനോട് പറയും…..

അവന് പറയാൻ പക്ഷെ ഒന്നും ഉണ്ടാകാറില്ല……… ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു എങ്ങനെയാടാ നിങ്ങൾക്ക് ഒരു തവണ പോലും പിണങ്ങാതെ ഇരിക്കാൻ പറ്റണത് എന്ന്…. “ഹൃദങ്ങൾ ഒന്നായപ്പോ മസ്‌തിഷ്കങ്ങൾ കൂടി ഒന്നായിപ്പോയെടാ…… ഇപ്പൊ ആഗ്രഹങ്ങളും ചിന്തകളും സ്വപ്നങ്ങളുമൊക്കെ ഒരുപോലെ ആണ് …..” എന്നാ അവൻ മറുപടി പറഞ്ഞത്…… “പ്രണയം തലയ്ക്കു പിടിച്ചപ്പോ സംസാരത്തിൽ പോലും സാഹിത്യം ആണല്ലോടാ “എന്ന് ചോദിച്ചു ഞാൻ അന്ന് അവനെ കുറെ കളിയാക്കി. എങ്കിലും അവൻ പറന്നതായിരുന്നു സത്യം…. അത്രയും ആഴത്തിലായിരുന്നു അവരുടെ സ്നേഹം….. “”””” അത് പറയുമ്പോ ആൽവി പോലും അറിയാതെ അവന്റെ കണ്ണിൽ നനവ് പടർന്നിരുന്നു…. “”””ജ്യോൽസ്യൻ പറഞ്ഞത് പോലെ ജാനകി ജീവിതത്തിലേയ്ക്ക് വന്ന ശേഷം മോഹന് ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ…

രണ്ടാമത് തുടങ്ങിയ ബേക്കേറിയും നല്ല ലാഭത്തിൽ പോകാൻ തുടങ്ങിയപ്പോ ഒരു പ്രൊവിഷണൽ സ്ട്രോർ കൂടി തുടങ്ങി അവൻ. അതും നല്ല രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സാമ്പത്തികമായി വളരെ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് അവരെത്തി . കുഞ്ഞി കൂടി അവരുടെ ജീവിതത്തിലേയ്ക്ക് വിരുന്നെത്തിയപ്പോൾ സന്തോഷം ആകാശം മുട്ടെ ഉയരത്തിലായി. പ്രസവത്തിനു പോലും സ്വന്തം വീട്ടിലേയ്ക്ക് പോകാൻ ജാനകി കൂട്ടാക്കിയില്ല. ഒടുവിൽ പ്രഭൻ അങ്കിളും ജയ ആന്റിയും ഇടയ്ക്കൊക്കെ മോഹന്റെ വീട്ടിൽ വന്നു നിൽക്കാൻ തുടങ്ങി. ജാനകിയുടെ ഡെലിവറി സമയത്ത് മോഹൻ അനുഭവിച്ച ടെൻഷൻ…..! ശെരിക്കും ഡെലിവറി അവനാണോ എന്ന് ചോദിച്ചു ഞാൻ പല തവണ കളിയാക്കുക കൂടി ചെയ്തു. കുഞ്ഞിക്ക് രണ്ട് വയസുള്ളപ്പോഴാണ് സരസമ്മ മരിക്കുന്നത്.

അന്ന് ഹൃദയം പൊട്ടി കരഞ്ഞവനെ ആശ്വസിപ്പിക്കാൻ ജാനകിക്കെ കഴിയുമായിരുന്നുളൂ. അന്നവളിലെ സ്ത്രീയ്ക്ക് ഒരമ്മയുടെ ഭാവമായിരുന്നു…….. ഉള്ള് കൊണ്ട് കരയുമ്പോഴും അത് പുറമെ കാണിക്കാതെ വാത്സല്യത്തോടെ മോഹനെ ചേർത്ത് പിടിച്ചു കണ്ണീരൊപ്പുന്നവളെ കണ്ട് ഞങ്ങളും കരഞ്ഞു. ഇടയ്ക്ക് എപ്പോഴോ ജാനകിയെ അന്വേഷിച്ചു ചെന്നപ്പോൾ ഒറ്റയ്ക്കിരുന്നു കരയണതാ കണ്ടത്.” എന്ത് പറ്റി മോളെ” ന്നു ചോദിച്ചു മായ അടുത്തേയ്ക്ക് ചെന്നപ്പോ “സഹിക്കാൻ പറ്റണില്ല മായേച്ചി “ന്ന് പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞു കളഞ്ഞു പെണ്ണ്……അവള് കരഞ്ഞാൽ മോഹൻ തകർന്നു പോകുമെന്ന് അറിയാവുന്നോണ്ട് അത്രയും നേരം നോവൊക്കെ ഉള്ളിൽ കൊണ്ട് നടക്കുവാരുന്നു അവള്……

ജയ ആന്റിയോടുള്ളതിനേക്കാൾ സ്നേഹം അവൾക്ക് സരസമ്മയോടാണെന്ന് മായ ഇടയ്ക്കിടെ പറയുമായിരുന്നു. അത്രയധികം സ്നേഹിച്ചവര് പോകുമ്പോ ഉള്ള് പൊള്ളാതിരിക്കുവോ? എന്നിട്ടും മോഹൻ തളർന്നു പോകാതിരിക്കാൻ…. അവന് ആശ്വാസം പകരാൻ ഒക്കെ ഉള്ളിലൊതുക്കി നടക്കുകയായിരുന്നു അവളത് വരെ……”””” ഒക്കെ നേരിൽ കാണുന്നത് പോലെ ഉണ്ടായിരുന്നു ആൾവിയ്ക്ക്….. പെങ്ങളുടെ വേദന നേരിൽ കണ്ട ഒരാങ്ങളയുടെ സങ്കടം ആയിരുന്നു അവനപ്പോൾ……. അത് വരെ ജാനകിയെ കുറ്റം പറഞ്ഞവന്റെ വാക്കുകളിൽ അപ്പോൾ നിറഞ്ഞ നിന്നത് ഒരു പെങ്ങളോടുള്ള വാത്സല്യമാണെന്ന് തിരിച്ചറിയുകയായിരുന്നു ശരത്…… “”””മോഹന് കിട്ടിയ നിധിയാണവളെന്നു മായ അന്നെന്നോടൊരു നൂറ് വട്ടം പറഞ്ഞു….. അത് ശരിയായിരുന്നു സാർ…. മോഹൻ സ്നേഹിച്ച അതേ അളവിൽ തിരികെ സ്നേഹിക്കാൻ ഒരുപക്ഷെ അവൾക്കേ കഴിയുമായിരുന്നുള്ളൂ……..

“” ആൽവി പറഞ്ഞു നിർത്തുമ്പോൾ ആകെ ആശയക്കുഴപ്പത്തിലായിരുന്നു ശരത്. “””””ഇത്രയേറെ സ്നേഹിച്ചിട്ടും പിന്നെ എന്തിനാ അവൾ വിനോദിനൊപ്പം…..???””””” സ്വയം ചോദിക്കുന്നത് പോലെയായിരുന്നു ശരത് അത് ചോദിച്ചത്….. “”””അതിനുള്ള ഉത്തരം ഞങ്ങളുടെ പക്കലും ഇല്ല സാർ……. ഒരായിരം വട്ടം ചോദിച്ചു മടുത്ത ചോദ്യമാണത്……. എന്റെ പെങ്ങളായിരുന്നു അവൾ… ഞാൻ ദേഷ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ഒന്നും പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് പോലും കഴിഞ്ഞിട്ടില്ല…. അപ്പൊ മോഹന്റെ അവസ്ഥ പറയണോ? “”””” ശരത്തിന്റെ മുഖത്ത് പോലും നോക്കാതെ മുഖം കുനിച്ചു നിന്നു ആൽവി….. “”””ഈ വിനോദ്…..? അയാളെ മോഹന് നേരത്തെ അറിയുമോ? ജാനകിയ്ക്ക് അയാളെ എങ്ങനെ ആണ് പരിചയം?””””” ഒരു പോലീസുകാരന്റെ ഉള്ളിലെ സംശയങ്ങൾ ഉണർന്നു തുടങ്ങിയിരുന്നു..

“” അന്ന് ഞാൻ ഇതൊന്നും വിശദമായി ചോദിക്കാത്തിരുന്നതിനു കാരണമുണ്ട്. പ്രായപൂർത്തിയായ ഒരു പെണ്ണ് അവളുടെ ഇഷ്ടപ്രകാരം ഒരുവനൊപ്പം പോകുമ്പോൾ മറ്റു ചോദ്യങ്ങൾക്ക് അവിടെ പ്രസക്തി ഇല്ലല്ലോ…. ഇപ്പൊ സ്ഥിതി വ്യത്യസ്തമാണ്……”””” ആൽവി മുഖമുയർത്തി നോക്കി… ഉള്ളിലെ വിഷമങ്ങൾ അടക്കാൻ എന്ന പോലെ ദീർഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ പറഞ്ഞു തുടങ്ങി…… “””””അവൻ ജാനിയുടെ കോളേജ് മേറ്റ്‌ ആയിരുന്നു. അടുത്ത സുഹൃത്ത്….. അതിൽക്കവിഞ്ഞു ഒരിഷ്ട്ടം അപ്പൊ അവര് തമ്മിൽ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. മോഹനുമായുള്ള വിവാഹശേഷം അവർ തമ്മിൽ കണ്ടിട്ടില്ല. സരസമ്മയുടെ മരണശേഷം പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണെന്ന് തോന്നുന്നു അവർ വീണ്ടും കാണുന്നത്…. ജാനകിയും മായയും കൂടി എന്തോ പർച്ചെസിങ്ങിനൊ മറ്റോ പോയപ്പോൾ ഏതോ മാളിൽ വച്ച്…… അന്ന് അവര് പരിചയം പുതുക്കി സംസാരിച്ചു.

പിരിയുമ്പോൾ വെറുതെ ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടി ജാനി അവനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു എന്നാ അന്ന് മായ പറഞ്ഞത്…. അവൻ പിന്നീട് വീട് തപ്പി കണ്ടു പിടിച്ചു അവിടെക്ക് ചെന്നു. മോഹനുമായി പരിചയപ്പെട്ടു. ഇടയ്ക്കിടെ അവിടെക്ക് ചെന്നു മോഹനുമായി നല്ലൊരു സുഹൃദം സ്ഥാപിച്ചെടുത്തു. അവൻ ബാംഗ്ലൂർ സെറ്റിൽഡ് ആണെന്നും ഇവിടെ എന്തോ ബിസിനെസ് ആവശ്യത്തിന് വന്നതാണെന്നും ഒക്കെയാണ് അന്നവൻ പറഞ്ഞത്. അവന്റെ അച്ഛന്റെ സുഹൃത്തിനൊപ്പമായിരുന്നു താമസം . അവന്റെ അച്ഛന്റെ സുഹൃത്ത്‌ ഷിഹാബ് ആണെന്ന് ഞാൻ പിന്നീടാണ് അറിയുന്നത്…… അപ്പൊത്തന്നെ ഞാനത് മോഹനോട് പറയുകയും ചെയ്തു. മോഹൻ അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഷിഹാബും മോഹനുമായുള്ള ശത്രുതയെക്കുറിച്ച് തനിക്ക് അറിയില്ല എന്നാണ് വിനോദ് പറഞ്ഞത്.

അവന്റെ പെരുമാറ്റവും തികച്ചും മാന്യമായിരുന്നു.”””” പഴയതൊക്കെ ഓർമ്മകൾക്കിടയിൽ നിന്നും ചികഞ്ഞെടുക്കുകയായിരുന്നു ആൽവി. “”””ജാനകി മിസ്സിംഗ്‌ ആണെന്ന് അറിയുന്നതിന്റെ അന്നല്ലേ മോഹന് അപകടം പറ്റിയത്….? “”””” ആലോചനയോടെ ശരത് ആൾവിയെ നോക്കി….. “””” അതേ… പക്ഷെ അത് വെറും അപകടം ആയിരുന്നില്ലല്ലോ…..? “””” “””” മ്മ്… അതറിയാം… അന്ന് ഞാൻ അതൊന്നും വിശദമായി ചോദിച്ചില്ല…. ഇപ്പൊ അതൊക്കെ ഒന്നുകൂടി പറയാമോ തനിക്ക്? “””” “”””പറയാം സാർ….. ബേക്കറിയിലെയും സ്റ്റോറിലേയ്ക്കുമുള്ള സാധനങ്ങൾ സൂക്ഷിക്കാനായി മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേയ്ക്ക് മാറി ഒരു ചെറിയ വീട് വാങ്ങിയിരുന്നു മോഹൻ…… വാങ്ങുമ്പോൾ വീടായിരുന്നു… പിന്നീട് അതിനെ ഒരു ഗോഡൗൺ പോലെ മാറ്റിയെടുത്തു അവൻ….. ബേക്കറിയിലേയ്ക്കും സ്റ്റോറിലേയ്ക്കും തീർന്നു പോയ സാധനങ്ങൾ വാങ്ങുമ്പോൾ അവിടെ കൂടി നോക്കിയതിനു ശേഷമാണ് ലിസ്റ്റ് ഉണ്ടാക്കാറ്.

അന്ന് വൈകിട്ട് ഞാൻ അവനെ കാണാൻ ബേക്കറിയിലേയ്ക്ക് ചെന്നതായിരുന്നു. അവനപ്പോൾ ഗോഡൗണിലേയ്ക്ക് പോകാൻ ഇറങ്ങുവായിരുന്നു.. ഒപ്പം കുഞ്ഞിയുമുണ്ട്…. ജാനകിയ്ക്ക് ചെറിയ തലവേദന എന്ന് പറഞ്ഞത് കൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോയി തിരികെ വരുമ്പോ അവൻ കുഞ്ഞിയെയും ഒപ്പം കൂട്ടിയിരുന്നു.””””” ❣❣❣❣❣❣❣❣❣❣ “”””ആഹാ… നീ വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങിയോ? ഇന്ന് നേരത്തെ ആണല്ലോ?”””” “”””നാളെ കുറച്ചു സാധനങ്ങൾ എടുക്കണം….. ഗോഡൗണിൽ പോയി ഒന്ന് നോക്കട്ടെ എന്തൊക്കെയാ വേണ്ടത് എന്ന്…..”””” “””എന്നാൽ നീ കുഞ്ഞിയെ ഇങ്ങ് തന്നേക്ക്‌……എനിക്ക് നമ്മുടെ മാത്യുവിന്റെ വീട്ടിൽ അത്യാവശ്യമായിട്ടൊന്നു പോകണം. പോകുന്ന വഴി ഞാൻ ഇവളെ വീട്ടിൽ ആക്കിയേക്കാം…. ഇവളേം കൊണ്ട് അവിടെക്ക് പോകണ്ട… സന്ധ്യ ആയില്ലെ ?”””” ആൽവി പറഞ്ഞപ്പോൾ അതാണ്‌ നല്ലത് എന്ന് മോഹനും തോന്നി… “”””ഹാ…. എന്നാൽ അങ്ങനെ ചെയ്യ്….

ഞാൻ പോയി നോക്കീട്ട് വരാം…..””” കയ്യിലിരുന്ന കുഞ്ഞിയെ ആൽവിയ്ക്ക് നേരെ നീട്ടി. പക്ഷെ കുഞ്ഞി പോകാൻ തയാറായില്ല. “”””ആവിച്ച പോ… ആവിച്ച പോ….”””” എന്ന് പറഞ്ഞു അവൾ ആൽവിയെ തള്ളി മാറ്റി…. നിർബന്ധപൂർവം എടുക്കാൻ നോക്കിയപ്പോൾ കുഞ്ഞിക്കൈകൾ മോഹന്റെ കഴുത്തിൽ ചുട്ടിപിടിച്ചു ഉറക്കെ കരഞ്ഞു……. “”””സാരില്ലേടാ… നീ പൊക്കോ… ഞാൻ മോളേം കൂട്ടി പോയിട്ട് വരാം….. കാറിൽ തന്നല്ലോ… കുറച്ചു ദൂരമല്ലേ ഉള്ളൂ……”””” “”””എന്നാപ്പിന്നെ അങ്ങനെ ആകട്ടെ ടാ …. എനിക്ക് കുറച്ചു തിരക്കായിപ്പോയി. ഇല്ലെങ്കിൽ ഞാനും വന്നേനെ…..””””” “””””നീ പൊയ്ക്കോ… ഞാൻ നിന്നെ രാത്രി വിളിക്കാം…..”””” ആൽവി പോയിക്കഴിഞ്ഞപ്പോൾ കുഞ്ഞിയെയും കൂട്ടി മോഹൻ ഗോഡൗണിലേയ്ക്ക് പോയി….. അവടെ ഉള്ള സാധനങ്ങളൊക്കെ നോക്കി ലിസ്റ്റ് തയാറാക്കി പുറത്തിറങ്ങുമ്പോഴാണ് വാതിൽ തുറന്ന് ഒരാൾ ഉള്ളിലേയ്ക്ക് വന്നത്. കറുത്ത് തടിച്ച ഒരു മനുഷ്യൻ……!!! “”

“”ആരാ നിങ്ങള്….?”””” സംശയത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു മോഹൻ. അയാളിൽ നിന്നും മറുപടി കിട്ടാതായപ്പോൾ എന്തോ പന്തികേട് തോന്നി അവന് …. അവൻ കുഞ്ഞിയെ കൂടുതൽ ചേർത്തു പിടിച്ചു ….. “”””താൻ മാറ് … എനിക്ക് പോകണം…..”””” അങ്ങനെ പറഞ്ഞിട്ടും അയാൾ അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ഇടത് കൈ കൊണ്ട് കുഞ്ഞിയെ ചേർത്തി പിടിച്ചു വലത് കൈ കൊണ്ട് അയാളെ ശക്തിയായി തള്ളി….. വേച്ച് വീഴാൻ തുടങ്ങിയ അയാളെ മറികടന്നു പുറത്തേയ്ക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഡോർ തള്ളിതുറന്നു നാലഞ്ച് പേര് ഉള്ളിലേയ്ക്ക് വന്നത്…..ശക്തരായ ആറ് പേർക്ക് മുന്നിൽ തനിക്ക് ഒന്നും ചെയ്യാനാകില്ല എന്ന് മനസിലാക്കി ഉറക്കെ കരയുന്ന കുഞ്ഞിയെയും നെഞ്ചോട്‌ ചേർത്തു നിസഹായനായി നിന്നു മോഹൻ….. ❣❣❣

മാത്യുവുമായി ഇലക്ഷന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് മോഹന്റെ കാൾ വന്നത്….. അറ്റൻഡ് ചെയ്തു ഉടനെ കേട്ടു തീരെ കുഴഞ്ഞ ശബ്ദത്തിലുള്ള മോഹന്റെ സംസാരം… ഒപ്പം കുഞ്ഞിയുടെ ഉറക്കെയുള്ള കരച്ചിലും….. “”””ആൽവി…. ഞാൻ …. ഇവിടെ……. ഗോഡൗണിൽ……”””” അത്രയും പറയുമ്പോഴേയ്ക്കും മുറിഞ്ഞു പോയിരുന്നു അവന്റെ ശബ്ദം….. മാത്യുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു ആൽവി….. ഗോഡൗണിനുള്ളിലേയ്ക്ക് കയറുമ്പോ ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു…. ഉള്ളിലേയ്ക്ക് കയറുമ്പോഴേ കണ്ടു ചുമരിൽ ചേർന്ന് നിലത്തിരിക്കുന്ന മോഹനെ…. നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ട്…. ഇടത് കൈ കൊണ്ട് മുറിവ് പൊത്തി പിടിച്ചിരിക്കുന്നു….. എന്നിട്ടും വിരലുകൾക്കിടയിലൂടെ ചോര താഴേയ്ക്ക് ഒലിച്ചിറങ്ങുന്നുണ്ട്…..

വലത് കൈ കൊണ്ട് അപ്പോഴും കുഞ്ഞിയെ നെഞ്ചോട്‌ ചേർത്തു അമർത്തി പിടിച്ചിരിക്കുന്നു…… വേദന കൊണ്ട് മുഖം ചുളിക്കുമ്പോഴും “അച്ചായി അച്ചായി “ന്ന് ഉറക്കെ കരയുന്ന കുഞ്ഞിയോട് “അച്ചായിക്ക് ഒന്നൂല്ലടാ…. ” എന്ന് പറഞ്ഞു അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…… “”””എന്താടാ….? എന്ത് പറ്റി….?””””” ഉറക്കെ ചോദിച്ചു കൊണ്ട് മോഹനരികിലേയ്ക്ക് ഓടി ചെന്നു ആൽവി. “”””അയ്യോ… ഒത്തിരി ബ്ലസ് പോയല്ലോ… വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം…..”””” പറഞ്ഞു കൊണ്ട് കുഞ്ഞിയെ വാരിയെടുത്തു….. മറു കൈ കൊണ്ട് മോഹനെ താങ്ങിപിടിച്ചു കാറിനരികിലേയ്ക്ക് നടന്നു….. ❣❣❣❣❣❣❣❣❣❣❣ “”””കുറച്ചു ബ്ലഡ്‌ പോയിട്ടുണ്ട്… നാല് സ്റ്റിച് ഉണ്ട്…. പേടിക്കാനൊന്നുമില്ല. ഇന്നെന്തായാലും ഇവിടെ ഇരിക്കട്ടെ… നാളെ ഡിസ്ചാർജ് പറയാം…”””” ഡോക്ടറിന്റെ വാക്കുകൾ ആൽവിയ്ക്ക് ആശ്വാസം ആയിരുന്നു.

കുഞ്ഞി അപ്പോഴേയ്ക്കും കരഞ്ഞു തളർന്നു അവന്റ നെഞ്ചോട് ചേർന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു…… “””എനിക്കൊന്നു കാണാമോ ഡോക്ടർ?”””” “”””പിന്നെന്താ കയറി കണ്ടോളൂ….”””” കുഞ്ഞിയെയും തോളിൽ കിടത്തി ആൽവി ഉള്ളിലേയ്ക്ക് കയറി….. കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു മോഹൻ….അവന്റെ നോട്ടം ആദ്യ എത്തിയത് കുഞ്ഞിയിലാണ്… “”””എടാ…. എന്റെ മോള്…..”””” “”””അവൾക്ക് ഒന്നൂല്ല…. ദേ ഉറക്കമാ… കണ്ടില്ലേ? ചോരയൊക്കെ കണ്ടപ്പോ പേടിച്ചു പോയി പാവം…..”””” ആൽവി ഉറങ്ങുന്ന കുഞ്ഞിന്റെ മുടിയിൽ മൃദുവായി തഴുകി. “”””നീ പറ…..എന്താടാ ഉണ്ടായത്…? നീ വീണോ? അതോ ആരെങ്കിലും നിന്നെ ഉപദ്രവിച്ചോ?”””” ചോദ്യത്തോടെ ആൽവി അവന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി….. “”””ആരാന്നൊന്നും അറിയില്ലെടാ…. അവന്മാര് അഞ്ചാറു പേരുണ്ടായിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങാൻ തുടങ്ങുമ്പോ ഡോർ തള്ളി തുറന്ന് വന്നു…

ഒന്നും പറയാതെ എന്റെ ചുറ്റും വളഞ്ഞു നിന്നു. എന്റെ ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ല. ഞാൻ അവിടുന്ന് രക്ഷപെടാൻ നോക്കുമ്പോ എന്നെ പിടിച്ചു വച്ചു. ഒന്ന് രണ്ട് തല്ലൊക്കെ ഞാൻ അവന്മാർക്ക് കൊടുത്തു…. പക്ഷെ… എന്നെക്കൊണ്ട് പറ്റണ്ടേ ടാ …. മോളും ഉണ്ടായിരുന്നില്ലേ അതാണ് ഞാൻ ആകെ പതറിപ്പോയത്. അല്ലെങ്കിലും ഒറ്റയ്ക്ക് ആറെണ്ണത്തിനെ അടിച്ചിടാൻ ഇത് സിനിമ ഒന്നും അല്ലല്ലോ….. ഞാൻ സൂപ്പർ ഹീറോയും അല്ല…..”””” “”””അവന്മാർ ഒന്നും സംസാരിച്ചില്ലേ?”””” ആൽവി സംശയത്തോടെ മോഹനെ നോക്കിയിരുന്നു. “”””അങ്ങനെ അധികം സംസാരിച്ചു കണ്ടില്ല . ഇടയ്ക്ക് ആരോ വിളിക്കുന്നത് കണ്ടു. കുറച്ചു സമയം അവർ സംസാരിച്ചു. കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു… അതൊരു വീഡിയോ കാൾ ആയിരുന്നു എന്ന് തോന്നുന്നു. വിളിച്ച ആളിനെ ഞാൻ കാണരുത് എന്ന് ഉദ്ദേശിച്ചത് കൊണ്ടാകാം കുറച്ചു മാറി നിന്നാണ് അയാളപ്പോൾ സംസാരിച്ചത്…..

ഓഡിയോ മ്യൂട്ട് ആയിരുന്നിരിക്കണം… സംസാരം ഒന്നും പുറത്ത് കേട്ടില്ല….. അപ്പോഴേയ്ക്കും കുഞ്ഞി ഭയങ്കരമായിട്ട് കരഞ്ഞു തുടങ്ങിയിരുന്നു…. അതിനിടയിലാണ് ഒരുത്തൻ എന്റെ തലയ്ക്കടിച്ചത്….. പിന്നീട് അവന്മാര് അധികസമയം നിന്നില്ല…. ആറ് പേരുണ്ടായിരുന്നില്ലെടാ അവര്… പിന്നെ എന്റെ കയ്യിൽ കുഞ്ഞിയും… എനിക്ക് ഒന്നും ചെയ്യാൻ പട്ടീല്ലേടാ…..”””” അവരാരാണെന്ന് പോലും അറിയാൻ കഴിയാത്തതിലുള്ള നിരാശ ഉണ്ടായിരുന്നു മോഹന്റെ സ്വരത്തിൽ….. “””അത് അവന്റെ ആൾക്കാരു തന്നെ ആകുമെടാ…. ആ ഷിഹാബിന്റെ….. അവനെ ഇനി വെറുത വിടരുത്…..”””” ദേഷ്യത്തിൽ ആൽവി പല്ല് കടിച്ചു. “”””മ്മ്….. പോലീസിൽ ഒരു കംപ്ലയിന്റ് കൊടുക്കണം….. ഒരിക്കൽ കൊടുത്തതാ …. ഇത്തവണ കുറച്ചു കൂടി സ്ട്രോങ്ങ്‌ ആയിരിക്കുമല്ലോ…. ഇനി അവൻ ഒന്നിനും വരരുത്…..”””” മോഹനും ആൽവിയോട് യോജിച്ചു. “”””നീ മോളെ വീട്ടിൽ കൊണ്ട് വിട് ആൽവി….

പാവം വല്ലാതെ പേടിച്ചു എന്റെ കുഞ്ഞി ….”””” ആൽവിയുടെ തോളിൽ ഉറങ്ങുന്ന കുഞ്ഞിനെ അരുമയോടെ തഴുകി മോഹൻ….. “””പിന്നെ ജാനിയോട് പറയണ്ട…. എന്തെങ്കിലും നുണ പറഞ്ഞോ… അറിഞ്ഞാൽ സഹിക്കില്ല അവള്…..”””” “”””ഹാ ട…. ഞാൻ നഴ്സിനോട് പറഞ്ഞിട്ട് പോകാം… മോളേം ജാനിയേം മായേടെ അടുത്ത് ആക്കീട്ട് വരാം ….. പോകുന്ന വഴി എന്തെങ്കിലും നുണ ആലോചിക്കണം…..”””” ആൽവി എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു. കുഞ്ഞിടെ വസ്ത്രത്തിലും ചോര പുരണ്ടിരുന്നു. അത് കൊണ്ട് പോകുന്ന വഴിയിൽ തന്നെ അവൻ കുഞ്ഞിയെ മായയെ ഏൽപ്പിച്ചു…. മോഹന്റെ വീട്ടിൽ എത്തുമ്പോൾ ലൈറ്റ് ഉണ്ടായിരുന്നില്ല…. ആകെ ഭയപ്പെടുത്തുന്ന ഒരിരുൾ നിറഞ്ഞു നിന്നിരുന്നു…… “”””ലൈറ്റ് ഒന്നും ഇടാതെ ഈ പെണ്ണ് ഇതെവിടെയ പോയിരിക്കുന്നത്? ജാനീ……”””” ഉറക്കെ വിളിച്ചു കൊണ്ട് അവൻ സിറൗട്ടിലേയ്ക്ക് കയറി….

ഡോർ തുറന്ന് കിടന്നിരുന്നു…. ഹാളിലേയ്ക്ക് കയറിയപ്പോൾ അവിടെയും ആകെ ഇരുൾ മാത്രം…… ആൾവിയ്ക്ക് നേരിയ ഭയം തോന്നിത്തുടങ്ങി….. “”””ജാനീ….”””” ഇത്തവണ അവന്റെ സ്വരത്തിൽ വിറയൽ ബാധിച്ചിരുന്നു….. ലൈറ്റ് ഇട്ട ശേഷം ഓരോ മുറിയിലും അവൻ കയറി ഇറങ്ങി….. ഒരിടത്തും ജാനകിയെ കാണാതായപ്പോൾ വല്ലാത്തൊരു ഭയവും പരിഭ്രാന്തിയും അവനെ ഗ്രസിക്കാൻ തുടങ്ങി….. ഷിഹാബ് ജാനകിയെ അപായപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന തോന്നലാണ് അവന്റെ മനസിലേയ്ക്ക് ആദ്യം ഓടി എത്തിയത്…. എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു സമയം അവിടെത്തന്നെ ഇരുന്നു ആൽവി….. മോഹൻ ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു ഇനി അവിടെയ്ക്കെങ്ങാനും അവൾ പോയിക്കാണുമോ? പക്ഷെ അവളത് എങ്ങനെ അറിയാൻ? എന്തായാലും ഒന്ന് പോയി നോക്കാം…… മനസ്സിൽ ഓരോന്ന് ചിന്തിച്ചു ആൽവി അവിടെ നിന്നും ഇറങ്ങി…… തുടരും

തമസ്സ്‌ : ഭാഗം 11

Share this story