തമസ്സ്‌ : ഭാഗം 15

തമസ്സ്‌ : ഭാഗം 15

എഴുത്തുകാരി: നീലിമ

“ജാനകി അവളുടെ ഇഷ്ടപ്രകാരം വിനോദിനൊപ്പം പോയതാണെങ്കിൽ, ജാനകി പഴയ അവസ്ഥയിലേയ്ക്ക് എത്തിയാലും അവളുടെ മനസ്സിൽ മോഹന് സ്ഥാനം ഉണ്ടാകില്ല….. അത് മോഹനെ കൂടുതൽ വേദനിപ്പിക്കും…. ഒപ്പം വിനോദ്……അവൻ ഇപ്പൊ എവിടെ ആണെന്നും നമുക്ക് അറിയില്ല. ആരെങ്കിലും അവനെ അപായപ്പെടുത്തിയതാണോ…? ജാനാകിയെ അവനിൽ നിന്നും ആരെങ്കിലും തട്ടി എടുത്തതാണോ? അതോ അവളുടെ ഈ അവസ്ഥക്ക് കാരണം അവൻ തന്നെയാണോ ? ഒന്നും നമുക്ക് അറിയില്ല. നാളെ ജാനാകിയെ തിരക്കി അവൻ വന്നു കൂടായ്കയുമില്ല…. അത് കൊണ്ട് മോഹൻ ഇപ്പൊ ഒന്നും അറിയണ്ട….. ഞാൻ പറയുന്നത് ആൽവിന് മനസിലാകുന്നുണ്ടോ?””””” ആൽവിയുടെ തോളിലേയ്ക്ക് കൈ എടുത്തു വച്ച് ശരത് ചോദിക്കുമ്പോൾ കണ്ണുകളടച്ചു ദീർഘമായി ഒന്ന് നിശ്വസിച്ചു മനസിലായി എന്ന അർത്ഥത്തിൽ ആൽവി തല ചലിപ്പിച്ചു. “”

“””നിങ്ങൾ ഇന്ന് തന്നെ നാട്ടിലേയ്ക്ക് മടങ്ങിക്കോളൂ…. ഇനിയും ഇവിടെ നിൽക്കുന്നത് മോഹന് കൂടുതൽ മാനസിക വിഷമം ഉണ്ടാക്കാനേ ഉപകരിക്കൂ…..””””” “”””ഇല്ല സാർ… ഇനിയും അവനെ ഇവിടെ നിർത്തുന്നില്ല…. കൂട്ടിക്കൊണ്ട് പോകുവാണ്‌ നാട്ടിലേയ്ക്ക്……. അത് തന്നെയാണ് നല്ലത്….””””” ശരത്തിന്റെ അഭിപ്രായം ശെരിവച്ചുകൊണ്ട് ആൽവി പറഞ്ഞു. “”””””താൻ പേടിക്കേണ്ട…. ജാനകി ഇവിടെ സുരക്ഷിതയായിരിക്കും…… പിന്നെ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം. ജാനകിയുടെ ഓർമ്മകൾ നഷ്ടമായത് എങ്ങനെ എന്ന് നമുക്കറിയില്ല. ഡ്രഗ്ന്റെ അമിത ഉപയോഗമാണോ അതോ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ? നമുക്ക് അറിയില്ലല്ലോ എന്താണ് ഉണ്ടായതെന്നു……ഓർമ്മകൾ തിരികെ കിട്ടാൻ ചിലപ്പോൾ മോഹന്റെ സഹായം ആവശ്യമായി വന്നേക്കും……”””””

“””””സാർ വിളിച്ചാൽ മതി. ഞാൻ മോഹനെയും കൂട്ടി വന്നോളാം…..””””” കൂടുതൽ ഒന്നും പ്രയാതെ ആൽവിൻ എഴുന്നേറ്റു ഹോസ്പ്പിറ്റലിലേയ്ക്ക് നടന്നു. ചിന്താഭാരത്താൽ തളർന്ന മുഖവും കുനിഞ്ഞ ശിരസുമായി….. അവൻ പോകുന്നത് നോക്കി ഇരുന്ന ശേഷം ശരത്തും പാർക്കിൽ നിന്നും ഇറങ്ങി നടന്നു. ☘☘☘☘☘☘☘☘☘☘☘☘ മഠത്തിലേയ്ക്ക് ചെല്ലുമ്പോൾ ആദ്യം കണ്ടത് സിസ്റ്റർ മേരിയെ ആണ്…. “””””മേരി അമ്മേ… മദർ എവിടെ?””””” ചോദ്യത്തോടെ ശരത് ഉള്ളിലേയ്ക്ക് കയറി. മഠത്തിലെ മുതിർന്ന സിസ്റ്റർമാരെല്ലാം ശരത്തിനു അമ്മമാരാണ്…. പേരിനൊപ്പം അമ്മ എന്ന് കൂടി ചേർത്ത് വിളിക്കുമവൻ…… അവർക്കൊക്കെ അവന്റെ ആ വിളി ഇഷ്ടവുമാണ്….. “”””ഇത്രയും നേരം നിന്നെ കാത്ത് ഇരുന്നതാ. ഇപ്പൊ പ്രാർത്ഥനാ മുറിയിലേയ്ക്ക് കയറിയിട്ടുണ്ട്.””””

വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചവർ എഴുന്നേറ്റു. “””””എങ്ങനെ ഉണ്ട് മോനേ ജാനകിയ്ക്ക്…..?””””” “””””ഒന്നും പറയാൻ കഴിയില്ല മേരി അമ്മേ…… രക്ഷപ്പെടുമോ എന്ന് കൂടി അറിയില്ല.”””” മേരി സിസ്റ്ററിന്റെ മുഖത്ത് നിരാശ പടരുന്നത് കണ്ടു. “”””മദർ പ്രാർത്ഥന കഴിഞ്ഞു വരാൻ കുറച്ചു സമയമെടുക്കില്ലേ? ഞാൻ അമ്മമാരെ കണ്ടിട്ട് വരാം…..””””” മഠത്തിനടുത്തുള്ള ഓർഫനേജിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് തനിയെ ശാന്തമാകുന്നതറിയുന്നുണ്ടായിരുന്നു അവൻ…. ജനിച്ച ഉടനെ പെറ്റമ്മ ഉപേക്ഷിച്ചതാണ് ഈ മഠത്തിന്റെ ഗേറ്റിനു മുന്നിൽ….. ഒരമ്മയെ നഷ്ടമായപ്പോൾ ഇവിടെ നിന്നും ഒരുപാട് അമ്മമാരെക്കിട്ടി…… ഇവിടെ വരുമ്പോഴാണ് ഉള്ളിലെ സംഘർഷത്തിന് അയവുണ്ടാകുന്നത്. ഹൃദയം കീറിമുറിഞ്ഞു ചോര പൊടിഞ്ഞപ്പോഴും ആശ്വാസം നൽകിയത് ഇവരുടെ സ്നേഹമായിരുന്നു…… അവിടെ എത്തി അമ്മമാര് ചുറ്റിനും കൂടിയപ്പോൾ ജാനകിയെയും വിനോദിനെയും മോഹനെയുമൊക്കെ പൂർണമായും മറവിക്കു കൈമാറിക്കഴിഞ്ഞിരുന്നു അവൻ……. 🌱🌱🌱

അവിടെ നിന്നും തിരികെ വരുമ്പോഴും മദർ പ്രാർത്ഥനമുറിയിൽ തന്നെ ആയിരുന്നു. പുറത്തേക്കിറങ്ങി പൂന്തോട്ടത്തിലെ മന്താരത്തിനരികിലേയ്ക്ക് നടന്നു….. നിറയെ വെള്ളപ്പൂക്കളുമായി സുന്ദരിയായി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു മന്താരം…. കൈ എത്തിച്ചു താഴെ കൊമ്പിലുള്ള ഒരു പൂവ് കൈക്കുള്ളിലാക്കി….. കുറച്ചു മുന്നെ പെയ്ത ചാറ്റൽ മഴയുടെ തുള്ളികൾ ആ പൂവിന്റെ സൗന്ദര്യം കൂട്ടിയത് പോലെ തോന്നി ….. ആ പൂവൊന്നു വാസനിച്ചു മന്താരത്തിന്റെ ചുവട്ടിലേയ്ക്കിരുന്നു…. തടിയിലേയ്ക്ക് തല ചേർത്ത് വച്ചു….. ജാനിയും മോഹനും വിനോദുമൊക്കെ വീണ്ടും ചിന്തകളിലെത്തി……. ഇടയിലെപ്പോഴോ ചിന്തകൾക്ക് സ്ഥാനമാറ്റം സംഭവിച്ചു. ❣❣❣❣❣❣❣❣❣❣❣

“ശരത്തേട്ടാ ……””””” നീട്ടി കൊഞ്ചലോടെയുള്ള വിളി….. “”””””കാവൂ….”””””” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…. ഞെട്ടി കണ്ണുകൾ തുറന്നു ….. കണ്ണുകൾ ധൃതിയിൽ ചുറ്റും പ്രിയമുള്ളതെന്തോ തിരഞ്ഞു…… പ്രതീക്ഷിച്ചത് കണ്ടെത്താനാകാത്ത നിരാശ നിമിഷ നേരം കൊണ്ട് കണ്ണുകളിൽ നിറഞ്ഞു. നീയിനി ഇല്ല അല്ലെ പെണ്ണെ….? മറന്നു പോകുന്നു പെണ്ണെ നീയിനി ഒരിക്കലും അരികിൽ വരില്ല എന്ന സത്യം……. എന്തോ ജാനകിയെ കാണുമ്പോൾ എനിക്ക് നിന്നെ ഓർമ വരുന്നു കാവു….. അവളും നിന്നെപ്പോലെ ആരുടെയോ ചതിയിൽ പെട്ടതാണോ എന്നൊരു തോന്നൽ….. നിന്നെ രക്ഷിക്കാൻ എനിക്കായില്ല…. അവളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിലോ എന്ന് കരുതി…. പതിയെ കണ്ണുകൾ അടച്ചു ശരത്…… തിളങ്ങുന്ന കണ്ണുകളും നേർത്ത ചിരിയുമുള്ള ഒരു പെൺകുട്ടിയുടെ മുഖം…..! കണ്ണുകൾ ഇറുക്ക് പൂട്ടി അവൻ…… ❣❣❣

മാന്താരത്തിന്റെ ചുവട്ടിൽ ശരത്തിന്റെ മടിയിലായി കിടന്നു കൊണ്ട് കണ്ണുകളിൽ നിറയെ കുറുമ്പ് നിറച്ചവൾ അവനെ നോക്കി….. “””””വലിയ പോലീസ് ആകുമ്പോ ഈ പാവം കാവൂനെ മറക്കുമോ ശരത്തേട്ടാ നീ? “”””” കൊഞ്ചലോടെ ആണ് ചോദ്യം…. “””””നിന്നെ ഞാൻ മറക്കയുമോടി കാ‍ന്താരി ….? പിന്നെ എനിക്ക് ജീവിക്കണ്ടേ?””””” വാക്കുകളിൽ അവനും കുറുമ്പ് നിറച്ചു. “””””അയ്യടാ… അപ്പൊ പേടിച്ചിട്ടാ….??എന്നോടുള്ള സ്നേഹം കോണ്ടല്ല….. ദേ എന്നെ മറന്നാലുണ്ടല്ലോ….? പോലീസ് ആണെന്നൊന്നും ഞാൻ നോക്കൂല്ല. നല്ല കടി അങ്ങ് വച്ച് തരും……””””” കള്ള പിണക്കം നടിച്ചു മുഖം വീർപ്പിച്ചു പെണ്ണ് . “””””നീ എന്നെ കടിക്കുമോടി….?””””” ചോദ്യത്തോടൊപ്പം പെണ്ണിന്റെ ചെവി ചെറുതായി തിരിച്ചു…. “”

“””ആഹ്…… വിട് ശരത്തേട്ടാ…… … എനിക്ക് നോവുന്നു….””””” അവൾ മുഖം ചുളിച്ചപ്പോൾ അവനും നൊന്തു…. ചിരിയോടെ പിടി വിട്ടപ്പോൾ രണ്ട് കൈകളും അവന്റെ കഴുത്തിനു ചുറ്റി മുഖം വലിച്ചടുപ്പിച്ചു കവിളിൽ അമർത്തി കടിച്ചു അവൾ …. പിന്നെ എഴുന്നേറ്റു കുപ്പിവള കിലുങ്ങും പോലെ ചിരിച്ചു കൊണ്ട് ഓടി…….. “””””ഞാൻ പറഞ്ഞില്ലേ കടിക്കുമെന്ന്….. എന്നെ മറന്നാൽ ബാക്കി അപ്പൊ……””””” വീണ്ടും തിരിഞ്ഞോടുമ്പോൾ അവളെക്കാൾ അധികം അവളുടെ കയിലെ കുപ്പിവളകൾ പൊട്ടിചിരിക്കുന്നുണ്ടായിരുന്നു…….. ❣❣❣❣

കാവേരി……എന്റെ മാത്രം കാവു….. കയ്യിൽ നിറയെ കുപ്പിവളകളണിഞ്ഞു…..കണ്ണിൽ നിറയെ കുറുമ്പ് നിറച്ചു….. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി പൂക്കളോടും കിളികളോട് പൂമ്പാറ്റകളോടും കളിചിരിയോടെ തമാശകൾ പറഞ്ഞു പാറി നടന്ന ഒരു പാവം പൊട്ടി പെണ്ണ്……. ഒരനാഥ! ഞാൻ പോലും അറിയാതെ എന്നോ എന്റെ മനസിന്റെയും ചിന്തകളുടെയും അവകാശിയായി മാറിയവൾ…..!!! എങ്ങനെയാണ് പെണ്ണെ നീ അവരുടെ കയ്യിൽ അകപ്പെട്ടത്? നിന്നെ തേടിപിടിച്ചു ബാംഗ്ലൂർ എത്തുമ്പോ അറിഞ്ഞിരുന്നില്ല മണിക്കൂറുകൾക്ക് വിലയിടുന്ന വെറുമൊരു ശരീരം മാത്രമായി എന്റെ കാവു മാറിയിരുന്നുവെന്നു…… അവിടെ നിന്നും രക്ഷിച്ചോണ്ട് പോരുമ്പോഴും നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞു മരണം വരെ എന്റേത് മാത്രമായി ചേർത്ത് പിടിക്കാനാണ് ഞാൻ കൊതിച്ചത്. അവിടെയും നീ എന്നെ തോൽപ്പിച്ചു കളഞ്ഞു …….

ബലമായി പിടിച്ചിരുന്ന എന്റെ കൈകൾ വിടുവിച്ചു ഡോർ തുറന്ന് റോഡിലേയ്ക്ക് എടുത്ത് ചാടിയത് മരിക്കാൻ തന്നെ ആയിരുന്നില്ലേ? എന്നെ നിനക്ക് ഓർക്കാമായിരുന്നു……. നിന്റെ ഏത് അവസ്ഥയിലും ഞാൻ ഒപ്പം ഉണ്ടാകുമെന്ന് നിനക്ക് അറിയുമായിരുന്നില്ലേ പെണ്ണെ? എന്നിട്ടും നീ എന്തിനാണ് എന്നെ ഒറ്റയ്ക്കാക്കി പോയത്……? ചോരയിൽ കുളിച്ചു എന്റെ മടിയിൽ കിടന്നു അവസാനമായി നീ എന്നോട് പറഞ്ഞു വാക്കുകൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. “””””” പോവാ ശരത്തേട്ടാ …… എന്റെ ഏട്ടന് ….. ഇനി ഞാൻ വേണ്ട…. ഞാൻ ചേരില്ല…..എന്നെ ഇനി…..കൊള്ളില്ല…. അടുത്തൊരു ജന്മം ഉണ്ടെങ്കിൽ….. അവിടെ ഞാൻ,….. കാത്തിരിക്കും….. എന്റെ ശരത്തേട്ടന്റെ കാവുവായി മാത്രം ജീവിക്കാൻ….””””””” അപ്പോഴും നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയമായിരുന്നു…..

നിന്റെ ശരീരത്തെ അല്ല മനസിനെ അല്ലെ ഞാൻ സ്നേഹിച്ചത്? ശെരിക്കും നീയല്ലേ എന്നെ തോൽപിച്ചു കളഞ്ഞത് …? നിന്നെ ആ അവസ്ഥയിൽ എത്തിച്ചവർക്കെതിരെയുള്ള തെളിവുകൾക്കായുള്ള ഓട്ടമായിരുന്നു പിന്നീട്….. രുഗ്മിണി!!! പകുതി മലയാളം …. പകുതി തമിൾ …… പെൺകുട്ടികളെ വിലപേശി വിൽക്കുന്ന വൃത്തികെട്ട ജന്മം!!!!എല്ലാതെളിവുകളും നിരത്തിയതാണ് അവർക്കെതിരെ…. എന്നിട്ടും നിസാരമായി അവർ രക്ഷപെട്ടു…… വെറുമൊരു S l യായ എനിക്ക് അവർക്കെതിരെ ഒന്നും ചെയ്യാനാകില്ല എന്ന് അന്ന് ഞാൻ മനസിലാക്കിയതാണ്……എന്റെ മുന്നിലൂടെ ചായം പുരട്ടിയ ചുണ്ടുകൾ പിളർത്തി വന്യമായി ചിരിച്ചു കൊണ്ട് കടന്നു പോയത് ഇന്നും ഞാൻ ഓർക്കുന്നു …..അവർക്കും മുകളിൽ ആരോ ഉണ്ടെന്ന്‌ അന്നേ എനിക്ക് തോന്നിയിരുന്നു…..

പക്ഷെ……… തുടച്ചു മാറ്റാനാകാതെ ഒരു തുള്ളി കണ്ണീർ അവന്റെ മിഴികളിൽ ഊറി നിന്നു…… വിനോദും അത്തരം ഒരു ശൃംഖലയിലെ കണ്ണിയാണെന്ന് ഞാൻ വിശ്വസിക്കുന്നു….. രുഗ്മിണിയെപ്പോലെ ആരോ ഒരാൾ ജാനകിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്….. വേട്ടമൃഗങ്ങളെ ആകർഷിക്കാനുള്ള വെറുമൊരു ഇര ആയിരുന്നിരിക്കും അവർക്ക് ജാനകി…. അവളെ ഈ അവസ്ഥയിൽ എത്തിച്ചവരെ കണ്ടെത്തണം…… പക്ഷെ ഒരായിരം പഴുതുകളുള്ള നിയമത്തിനു മുന്നിലേയ്ക്ക് ഇട്ടു കൊടുക്കില്ല ഞാൻ അവരെ….. ഇനിയും ഒരു കാവുവിനോ ജാനകിയ്ക്കോ അവര് ജന്മം നൽകേണ്ട…..!!! കാര്മേഘം മൂടിയ ആകാശത്തിലേയ്ക്കവൻ ഒരിക്കൽക്കൂടി കണ്ണുകളയച്ചു….. ഉണ്ടാവില്ലേ പെണ്ണെ നീ എന്റെ കൂടെ…..? അവന്റെ ചോദ്യത്തിനുത്തരമെന്ന പോലെ എന്നും ഇളം കാറ്റായും മഴയായും കൂടെ ഉണ്ടാകും എന്ന് ആരോ മന്ത്രിക്കുന്നത് പോലെ ഒരിളം കാറ്റ് അവനെ തഴുകി കടന്നു പോയി……മഴത്തുള്ളികൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു….. ❣❣❣❣❣

“””””ശരത്തെ….. ഇവിടെ വന്നിരിക്കുവാണോ നീ?””””” മദർ അവനരികിലേയ്ക്ക് നടന്നു വന്നു. ശരത് വേഗം എഴുന്നേറ്റു. ഒരു പുഞ്ചിരി വരുത്തിയെങ്കിലും നനവ് പറ്റിയ കണ്ണുകൾ അവരിൽ നിന്നും ഒളിപ്പിക്കാൻ അവനായില്ല…. “””””എന്താ മോനേ കാവൂനെ ഓർത്തോ നീ?”””” ചോദ്യത്തോടെ വലത് കൈ അവന്റെ തോളിലേയ്ക്ക് വയ്ക്കുമ്പോഴേയ്ക്കും അവൻ തനിക്ക് ഏറ്റവും പ്രിയങ്കരിയായ അമ്മയുടെ തോളിലേയ്ക്ക് തല ചായ്ച്ചു വച്ച് കഴിഞ്ഞിരുന്നു…… അവരുടെ ചുണ്ടിൽ വേദനയിൽ കുതിർന്ന ഒരു ചിരിച്ചു വിരിഞ്ഞു. “”””ശരത്തെ… സാരില്ല മോനേ…..”””” അവനെ ആശ്വസിപ്പിക്കാനെന്നോണം അവരവന്റെ പുറത്തു മൃദുവായി തട്ടി…. “”””എനിക്ക് മനസിലാകും നിന്റെ മനസ്സ്…. പക്ഷെ തളർന്നിരിക്കേണ്ട സമയമല്ലിത്….. മനസ്സും ചിന്തകളും കൂടുതൽ ഊർജം നേടണം.

രുഗ്മിണിയെപ്പോലെ മറ്റൊരാൾ വിനോദിന് പിന്നിലും മറഞ്ഞിരിപ്പുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം…… അതാരായാലും പഴുതുക്കൾ എല്ലാം അടച്ചു വേണം പൂട്ടാൻ…. രക്ഷപെടാൻ ഒരവസരം ഉണ്ടാകരുത്…..”””” വല്ലാത്തൊരു ദൃഡത ഉണ്ടായിരുന്നു മദറിന്റെ ശബ്ദത്തിന്….. ഉള്ളിലെ ഭാരം ഇറക്കി വയ്ക്കാനെന്ന പോലെ അല്പസമയം കൂടി അവരുടെ തോളിലേയ്ക്ക് തല ചായ്ച്ചു വച്ച് നിന്നു അവൻ …..പിന്നെ പതിയെ നിവർന്നു നിന്നു. “””””എത്ര മറക്കാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ അവളെ ഓർത്തു പോകും മദർ…. പക്ഷെ ഇപ്പൊ എന്റെ കാവൂനെ ഓർത്തപ്പോ മറ്റൊരു മുഖം കൂടി എന്റെ മനസിലേയ്ക്ക് വന്നു… ജാനകിയുടെ…! കാവുന്റെ കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ എനിക്കായില്ല… പക്ഷെ ഇത്തവണ ഞാൻ തോൽക്കില്ല മദർ…..

മദർ പറഞ്ഞത് പോലെ ഒരു പഴുതും അവശേഷിപ്പിക്കാതെ കുടുക്കണം…. ഇതിന് പിറകിലുള്ളവർ ആരായാലും…… ഒന്നോർത്തിട്ടെ ഉള്ളൂ എനിക്ക് ഭയം….എന്റെ തൊപ്പിക്കു മുകളിലേയ്ക്ക് വിരൽ ചൂണ്ടി ആക്ഞാപിക്കാൻ ഒരുപാട് കൈകൾ ഉണ്ടാകും….. ആ കൈകൾ തടയാൻ എന്റെ SI കുപ്പായത്തിന് ശക്തി ഇല്ലാതെ പോയാൽ……””””” ഒരു നിമിഷം അവൻ നിശബ്ദനായി…. “””””നിന്റെ ഒപ്പം ഞാൻ ഉണ്ടാകും ശരത്….. ജാനകിയ്ക്ക് നീതി നേടിക്കൊടുക്കാൻ ഏതറ്റം വരെയും നമ്മൾ പോകും……ഇത്തവണ പരാജയപ്പെടില്ല നമ്മൾ…..””””” വാക്കുകളിലൂടെ അവർ അവന് ധൈര്യം പകർന്നു…… “””””പക്ഷെ അത് വരെ അവൾക്ക് ആയുസുണ്ടാകുമോ എന്നാണ്…….””””” തെല്ലൊരു വിഷമത്തോടെ മദർ ഒന്ന് നിർത്തി. “””””ഞാനും ഭയക്കുന്നുണ്ട് മദർ…. പക്ഷെ എന്ത് കൊണ്ടോ സർവേശ്വരനിൽ വിശ്വസിക്കാനാണ് എനിക്കിപ്പോൾ തോന്നുന്നത്……”””

“” അതേ എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു കണ്ണുകൾ അടച്ച് ഒരു നിമിഷം മദർ പ്രാർത്ഥനയിൽ മുഴുകി…. “””””അല്ല എന്താണ് നിന്റെ പ്ലാൻ? എങ്ങനെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്?””””” “””””വ്യക്തമായ ഐഡിയ ഒന്നുമില്ല … എന്തെങ്കിലും ഒരു തുമ്പ് കിട്ടണമെങ്കിൽ ഒന്നുകിൽ ജാനകിയ്ക്ക് ഓർമ്മകൾ തിരികെ ലഭിക്കണം… അല്ലെങ്കിൽ വിനോദിനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടണം…. ഒരു രണ്ട് മൂന്ന് മാസത്തെ ട്രീറ്റ്മെന്റ് എങ്കിലും ഇല്ലാതെ ജാനകിയുടെ കണ്ടിഷനിൽ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. പിന്നെ വിനോദ്…. അന്ന് ജാനകിയെ അവനൊപ്പം വിടുന്നതിനു മുൻപ് അവന്റെ അഡ്രസും ഫോൺ നമ്പറുമൊക്കെ എഴുതി വാങ്ങിയിരുന്നു…. ആ ഡീറ്റെയിൽസ് സ്റ്റേഷനിൽ ഉണ്ടാകും… പക്ഷെ ആ നമ്പർ ഇപ്പോൾ നിലവിലുണ്ടാകാനിടയില്ല .

എന്റെ ഊഹം ശെരിയാണെങ്കിൽ ആ അഡ്രസ്സും കളവായിരിക്കും….. ഇനി അവനെ കണ്ടെത്താനുള്ള ഒരേ ഒരു വഴി ഷിഹാബ് ആണ്….. ഇത് ഒരു കേസ് ആയിട്ട് രജിസ്റ്റർ ചെയ്യാത്ത സ്ഥിതിയ്ക്ക് നമുക്ക് ഷിഹാബിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ഒന്നും കഴിയില്ല. അല്ലെങ്കിലും അവനെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചു വേണം. വിനോദുമായി അവനിപ്പോഴും കോൺടാക്ട് ഉണ്ടെങ്കിൽ നമ്മൾ അവനോട് സംസാരിക്കുന്നതൊക്കെ വിനോദും അറിയും. പ്രത്യേകിച്ചും ജാനകി അവന്റെ അടുക്കൽ നിന്നും മിസ്സിംഗ്‌ ആയ ഈ സാഹചര്യത്തിൽ വീനോദിനെക്കുറിച്ച് നമ്മൾ തിരക്കുന്നു എന്നവനറിഞ്ഞാൽ സ്വഭാവികമായും ജാനകി നമ്മളുടെ ഒപ്പം ഉണ്ടെന്ന് അവൻ ഊഹിക്കും…. അത് പാടില്ല….. ഓരോ ചുവടും വളരെ സൂഷിക്കണം. ആൽവിയിൽ നിന്നും ഷിഹാബിനെക്കുറിച്ച് കുറച്ചൊക്കെ അറിഞ്ഞു. അറിഞ്ഞിടത്തോളം അവനൊരു ഫ്രോഡ് ആണ്.””

“”” മദറിന് പിറകെ മഠത്തിലേയ്ക്ക് നടക്കവേ ആലോചനയോടെ ശരത് പറഞ്ഞു നിർത്തി. “””””ആൽവിനോട് നീ ഇതൊക്കെ സംസാരിച്ചോ?”””” “”””മ്മ്….”””” മദർ ഒന്ന് തിരിഞ്ഞു നിന്നു. “””””വേണ്ടായിരുന്നു…….ഒരു പോലീസുകാരൻ ആരെയും വിശ്വസിക്കരുത്… ചിലപ്പോഴോക്കെ സ്വന്തം മനസ്സിനെപ്പോലും…….””””” “””””വിശ്വാസം കൊണ്ട് പറഞ്ഞതല്ല മദർ….. ജാനകി തെറ്റുകാരി അല്ലെന്നും വിനോദ് ആണ് എല്ലാത്തിനും കാരണം എന്നും ഞാൻ അവനോട് പറഞ്ഞത് അവനെ ഒന്നളക്കാൻ വേണ്ടി തന്നെയാണ് …… പക്ഷെ അവന്റെ കണ്ണുകളിലും മുഖത്തും പ്രവർത്തിയിലുമൊക്കെ ഞാൻ കണ്ടത് ആത്‍മാർത്ഥ സുഹൃത്തിന്റെയും കൂടപ്പിറപ്പിന്റെയുമൊക്കെ നൊമ്പരമാണ്…… അവനെ വിശ്വസിക്കാം എന്ന് തോന്നുന്നു മദർ….. ഞാൻ ഉറപ്പിച്ചിട്ടൊന്നുമില്ല. നാട്ടിലേയ്ക്ക് പോകുമ്പോ അവനെക്കുറിച്ച് കൂടി ഒന്ന് തിരക്കണം.”””” “””””നാട്ടിലേയ്ക്ക് പോകുന്നുണ്ടോ നീ?”””””

“””””മ്മ്…..പഴയ സ്റ്റേഷൻ വരെ ഒന്ന് പോകട്ടെ….. അവിടെ നിന്ന് വിനോദിന്റെ അഡ്രസ് എടുക്കണം. ഷിഹാബിനെക്കുറിച്ച് ഡീറ്റൈൽ ആയി അന്വേഷിക്കണം……””””” അപ്പോഴേയ്ക്കും അവർ നടന്ന് മഠത്തിനടുത്തു എത്തിക്കഴിഞ്ഞിരുന്നു….. ഉള്ളിലേയ്ക്ക് കയറുമ്പോൾ ഇരുവരും നിശബ്ദരായിരുന്നു…… പക്ഷെ ശരത്തിന്റെ മനസ്സിനെ മറ്റൊരു ചിന്ത മധിക്കാൻ തുടങ്ങിയിരുന്നു…… രുഗ്മിണി തങ്കച്ചി…!!!!! എന്ത് കൊണ്ടോ ഞാൻ നടന്നടുക്കുന്നത് നിങ്ങളിലേയ്ക്കാണെന്നൊരു തോന്നൽ….. അങ്ങനെ ആണെങ്കിൽ ഒരു നീതിയ്ക്കും നിയമത്തിനും ഞാൻ നിങ്ങളെ വിട്ട് കൊടുക്കില്ല…. വിചാരണയും ശിക്ഷയുമൊക്കെ നടപ്പിലാക്കുന്നത് ഞാൻ തന്നെ ആയിരിക്കും…..കഴുമരത്തിൽ കുറച്ചു ഒരു ശിക്ഷയും നിങ്ങൾക്ക് ഞാൻ വിധിക്കില്ല. മനസ്സിൽ ഉണർന്ന പകയെ അടക്കി നിർത്തി മുഖത്തൊരു പുഞ്ചിരി വരച്ചു ചേർത്ത് അവൻ ഉള്ളിലേയ്ക്ക് നടന്നു. 🍁🍁🍁

കാറിന്റെ ഹെഡ് റെസ്റ്റിലേയ്ക്ക് തല ചേർത്ത് വച്ച് പുറത്തേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു മോഹൻ….അവിടെ നിന്നിറങ്ങുന്നതിനു മുന്നേ ഒരിക്കൽക്കൂടി അവളെ കാണണം എന്ന മോഹം ഉണ്ടായിരുന്നു മനസ്സിൽ….. ശാസിച്ചു നിർത്തിയതാണ് മനസിനെ….. ഹൃദയത്തെ ഇനിയും നോവിക്കാൻ വയ്യാത്തത് കൊണ്ട്…… മറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് കുത്തി നോവിക്കുന്ന ഈ ഓർമ്മകൾ……. അല്ലെങ്കിലും വേദനകൾ ഓർക്കാനാണല്ലോ മനസിന്‌ എന്നും പ്രിയം …. സന്തോഷങ്ങൾ മനസ്സ് പെട്ടന്ന് മറവിയ്ക്ക് വിട്ട് നൽകും….. “”””മോഹൻ…..””””” ആൽവിയുടെ ശബ്ദം കേട്ട് തല ചരിച്ചു നോക്കി…. “””””നീ ഇപ്പോഴും അവളെ ഓർക്കുവാണോടാ…? എടാ…. അത്…..”””” “””””വേണ്ട ആൽവി….. നീ പറയാൻ ഉദ്ദേശിക്കുന്നത് എനിക്ക് ഊഹിക്കാം…. എന്റെ ജീവിതത്തിൽ ജാനകി എന്ന അദ്ധ്യായം മൂന്ന് വർഷങ്ങൾക്ക് മുൻപ് അടഞ്ഞു പോയതാണ്….

കീറിയെറിഞ്ഞ താളുകൾ ചിലപ്പോൾ ചേർത്ത് വയ്ക്കാനാകുമായിരിക്കും…. കത്തിയെരിഞ്ഞ പുസ്തകത്തെ പുനർജനിപ്പിക്കാനാകില്ലല്ലോ? പക്ഷെ അണയാതൊരു കനൽ ഇപ്പോഴും അവശേഷിക്കുന്നത് പോലെ….”””””” “””””എന്തൊക്കെയാടാ നീയീ പറയുന്നത്?””””” “””””ഏയ്… ഒന്നൂല്ലേടാ….. ഞാൻ… വെറുതെ…. നീ പേടിക്കണ്ട…. അവളെ ഒരിക്കൽക്കൂടി താലി കേട്ടാനൊന്നും പോകുന്നില്ല ഞാൻ…. പക്ഷെ അവളെ അങ്ങനെ കണ്ടപ്പോ എന്തോ മനസ്സ് പിടിവിട്ട് പോയെടാ…. കുറച്ചൊന്നുമല്ലല്ലോ ഒരുമിച്ചു സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയത്…..”””””” മോഹൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. “”””പക്ഷെ അവളെ പൂർണമായും കൈവിട്ടു കളയാനും തോന്നുന്നില്ല….. ഒന്നും അല്ലേലും അവൾ കുഞ്ഞീടെ അമ്മ അല്ലേടാ…. കുറെ നാൾ ഞാൻ മനസ്സിൽ കൊണ്ട് നടന്നതല്ലേ? ഇപ്പോഴും ഒഴിഞ്ഞു പോകാത്ത ബാധ പോലെ എന്റെ മനസ്സിൽ പിടിച്ചു മുറുക്കിയിരിക്കുവാണ്‌. എന്റെ ജീവിതത്തിലേയ്ക്ക് വന്നില്ലെങ്കിലും അവൾ സുരക്ഷിതയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ….. അതൊരു തെറ്റാണോടാ?”””””

“””””അവളിപ്പോ സുരക്ഷിതയാണല്ലോടാ…. നീയിപ്പോ കുഞ്ഞിയെക്കുറിച്ചാലോചിക്ക്…. അവളുടെ ഭാവിയെക്കുറിച്ച് ചിന്ദിക്ക്….””””” “””””മ്മ്….നീ പറഞ്ഞത് ശെരിയാ… കുഞ്ഞിയെക്കുറിച്ചാണ് ഞാനിപ്പോ ചിന്ദിക്കേണ്ടത്… അവളുടെ നല്ല ഭാവിയെക്കുറിച്ച്.”””””” മോഹന്റെ കണ്ണുകൾ വീണ്ടും പുറം കാഴ്ചകളിലേയ്ക്ക് ഊളിയിട്ടു….. ജാനകി…. എന്ത് കൊണ്ടോ നിന്നെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുന്നില്ല. വിനോദ് എവിടെ ഉണ്ടെന്ന് കണ്ടെത്തണം…. നിങ്ങൾ ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ അവനെ നിന്റെ മുന്നിൽ എത്തിക്കാം ഞാൻ… ഇനി അവനാണ് നിന്റെ ഈ അവസ്ഥക്ക് കാരണമെങ്കിൽ അവനുള്ള ശിക്ഷ…. അത് ഞാൻ കൊടുക്കും….. മോഹന്റെ മുഖത്തപ്പോൾ പുതിയൊരു ഭവമായിരുന്നു….. 🍁🍁🍁

“””””കുഞ്ഞി എവിടെ അമ്മേ? “”””” എന്ന ചോദ്യവുമായാണ് മോഹൻ വീടിനുള്ളിലേയ്ക്ക് കയറിയത്. “””””ഒന്നും പറയണ്ട മോനേ… ആകെ പിണക്കത്തിലാ ആള്….. സ്കൂളിൽ നിന്നും വന്നപ്പോഴും നിന്നെ കാണാത്തത് കൊണ്ട് യൂണിഫോം പോലും മാറാതെ അകത്തു പോയി കതകടച്ചിരിക്കുവാ…..”””” മോഹന്റെ കാറിന്റെ ശബ്ദം കേട്ട് ഹാളിലേയ്ക്ക് വന്ന പ്രഭാകരനാണ് മറുപടി പറഞ്ഞത്. “””””മുകളിലാണോ?””””” “””””അല്ല, എന്റെ റൂമിലാ….””””” ജയ തന്റെ മുറിയിലേയ്ക്ക് കണ്ണ് കാണിച്ചു പതിയെ പറഞ്ഞു. “””””ഞാൻ എന്തായാലും ഒന്ന് ഫ്രഷ് ആയി വരാം…. അവളുടെ പിണക്കം മാറ്റുന്നതെന്തങ്ങനെയാണ് എനിക്കറിയാം…..”””””” മുകളിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നതിനിടയിലാണവനത് പറഞ്ഞത്. കൂടുതൽ സമയം താഴെ നിൽക്കാതിരിക്കുന്നതാണ് നല്ലതെന്നവന് തോന്നി….

അച്ഛനും അമ്മയും എവിടെ പോയതാണെന്ന് ചോദിച്ചാൽ പറയാനായി ഒരു നുണ ഇതുവരെ തിരഞ്ഞു കണ്ടെത്തിയിട്ടില്ല. ഇവിടെ എത്തുന്നത് വരെ ചിന്തകളിൽ അവൾ മാത്രമായിരുന്നു. ഓർക്കേണ്ട എന്ന് വിചാരിക്കുന്നത് കൊണ്ടാണ് ഓർമ്മകൾ അവളെക്കുറിച്ച് മാത്രമായി മാറുന്നത്….. മനസ്സും ശരീരവും ഒരുപോലെ തളർച്ച ബാധിച്ചിരിക്കുന്നു. ഒന്ന് ഫ്രഷ് ആകാം…. ശരീരത്തിനെങ്കിലും ഒരുണർവ് കിട്ടും…… പ്രഭാകരനോടും ജയയോടും എന്ത് നുണ പറയണം എന്ന ചിന്തയോടെയാണ് അവൻ വാഷിംഗ്‌ റൂമിലേയ്കൾ കയറിയത്. 🍀🍀🍀🍀🍀🍀🍀🍀🍀🍀 ജയയുടെ റൂമിൽ എത്തുമ്പോൾ കുഞ്ഞി ബെഡിൽ കണ്ണുകലടച്ചു കിടക്കുകയായിരുന്നു. ഉറക്കം നടിച്ചു കിടക്കുന്നതാണെന്ന് മോഹന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. കണ്ണുകലടച്ചു കിടക്കുമ്പോഴും മുഖത്തൊരു കള്ള പരിഭവം കണ്ടു അവൻ….. ഉള്ളിലെ സംഘർഷത്തിന് അയവു വരുന്നതറിഞ്ഞു….. അവൻ പോലും അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു……. തുടരും

തമസ്സ്‌ : ഭാഗം 14

Share this story