അഞ്ജലി: ഭാഗം 29

അഞ്ജലി: ഭാഗം 29

എഴുത്തുകാരി: പാർവ്വതി പിള്ള

ദിയയ്ക്ക് കണ്ണുകളിൽ ഇരുൾ വന്നു മൂടുന്ന പോലെ തോന്നി….തന്റെ നിയന്ത്രണത്തിൽ നിന്നും ശരീരത്തിന്റെ ചലനം നഷ്ടപ്പെടുന്നത് അവളറിഞ്ഞു…. ബോധരഹിതയായി നിലംപതിക്കുന്നതിനു മുൻപ് അവൾ കണ്ടു.. ഉണ്ണിക്കുട്ടനെ ഇരുകൈകളിലും വാരിയെടുത്ത് നനഞ്ഞുകുതിർന്ന ശരീരത്തോടെ തന്റെ അരികിലേക്ക് നടന്നുവരുന്ന ആ മുഖം…. വിവേക്…. അവളുടെ നാവിൽ നിന്നും ഉതിർന്ന വാക്കുകൾ പുറത്തേക്ക് വരുന്നതിനു മുൻപ് അവൾ താഴേക്ക് നിലംപതിച്ചു…

എന്തൊക്കെയോ അവ്യക്തമായ മൂളലുകൾ… ആരൊക്കെയോ സംസാരിക്കുന്നതു പോലെ…ഒന്നും വ്യക്തമാകുന്നില്ല… ദിയ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു…കഴിയുന്നില്ല…കൺപോളകൾക്ക് വല്ലാത്ത ഭാരം…. ദിയ…. മനോഹര ശബ്ദത്തിലുള്ള ആരുടെയോ വിളി കേട്ട് അവൾ ആയാസപ്പെട്ട് വീണ്ടും കണ്ണുകൾ വലിച്ചു തുറന്നു…. താൻ ഇത് എവിടെയാണ്…അവൾ ചുറ്റും നോക്കി….അപ്പോഴാണ് തൊട്ടടുത്തു നിൽക്കുന്ന ഡോക്ടറിനെയും സിസ്റ്ററിനെയും അവൾ കണ്ടത്… കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർമ്മയിലേക്ക് വന്നപ്പോൾ അവൾ പിടഞ്ഞു എഴുന്നേൽക്കാൻ നോക്കി… സിസ്റ്റർ അവളെ പിടിച്ചു കിടത്തി…അവൾ അവരുടെ മുഖത്തേക്ക് നോക്കി…പിന്നെ മെല്ലെ മുഖം കുനിച്ചു…

പതിയെവിതുമ്പി തുടങ്ങിയ അവളുടെ കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വന്നപ്പോൾ ഡോക്ടർ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു… എന്തിനാ ദിയ കരയുന്നത്….തനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല… ഡോക്ടർ… ഉണ്ണിക്കുട്ടൻ…അവനെങ്ങനെയുണ്ട്… ഉണ്ണിക്കുട്ടനെ ഡിസ്ചാർജ് ആക്കിയിട്ട് രണ്ടു ദിവസം കഴിഞ്ഞു…താൻ ഒരാഴ്ച കൊണ്ട് ഇവിടെ ആയിരുന്നു.. ദിയ അമ്പരപ്പോടെ ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി…ഡോക്ടർ ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.. താൻ കണ്ണ് തുറക്കുന്നതും കാത്തു തന്റെ അച്ഛൻ വെളിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി…അച്ഛൻ എന്ന് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…. അകത്തേക്ക് വിളിക്കട്ടെ തന്റെ അച്ഛനെ…

അവളുടെ കണ്ണുകൾ വെളിയിലേക്ക് നീണ്ടു… ദിയ.. താൻ ലൈറ്റ് ആയിട്ടുള്ള ആഹാരങ്ങൾ ഒക്കെ കഴിച്ചു തുടങ്ങണം കേട്ടോ …ഇന്ന് എന്തായാലും റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം… രണ്ടുദിവസം കൂടി കിടന്നിട്ട് ഡിസ്ചാർജ് എഴുതാം.. ഡോക്ടർ അവളുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് വെളിയിലേക്കിറങ്ങി….അവൾ കണ്ണുകൾ മെല്ലെ അടച്ചു…. കണ്മുൻപിൽ വിവേകിന്റെ രൂപം തെളിഞ്ഞു വന്നതും അവളുടെ നെഞ്ചിൽ എന്തിനോ വേണ്ടി ഒരു വിങ്ങൽ വന്നു നിറഞ്ഞു … ആ ഓർമ്മയിൽ നിന്നും മുക്തിനേടാൻ എന്നവണ്ണം അവൾ കണ്ണുകൾ ഇറുകെ അടച്ചു…ഒരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങുന്ന ചുടുകണ്ണുനീർ അവളുടെ കഴുത്തിടുക്കുകളെ നനച്ചു കൊണ്ടേയിരുന്നു….

നെറുകയിൽ ആരോ തലോടുന്നത് പോലെ തോന്നിയതിനാലാണ് കണ്ണുകൾ വലിച്ചു തുറന്നത്… മുൻപിൽ നിറകണ്ണുകളോടെ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അവൾ തന്റെ സങ്കടം മറച്ചു പിടിച്ചുകൊണ്ട് മനോഹരമായി പുഞ്ചിരിച്ചു…. എന്തിനാ അച്ചാ സങ്കടപ്പെടുന്നത് എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല ഞാൻ ഓക്കേ ആണ്…. എന്റെ മോൾക്ക് എന്താ ഇത്ര വലിയ ടെൻഷൻ ഉണ്ടായത്… ഒരുപാട് സങ്കടപ്പെടുമ്പോൾ ആണല്ലോ ഇങ്ങനെയൊക്കെ വരുന്നത്… അവൾ അച്ഛന്റെ കൈപിടിച്ച് തന്റെ കവിളിലേക്ക് ചേർത്തു വച്ചു… അച്ഛാ എന്നോട് ക്ഷമിക്കണം… ഞാൻ അച്ഛനോട് കളവ് പറഞ്ഞിട്ടാണ് ഇങ്ങോട്ടേക്ക് വന്നത്…. എങ്ങനെയും റാമിനെ സ്വന്തമാക്കണം എന്നൊരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ….

അതിനുവേണ്ടിയാണ് ഉണ്ണിക്കുട്ടനും ആയി അടുത്തതും…. പക്ഷേ എപ്പോഴോ അവനെ ഞാൻ സ്നേഹിച്ചു പോയി….. പെട്ടെന്ന് അവനെ കാണാതായപ്പോൾ ഭയന്നുപോയി അച്ഛാ ഞാൻ….. അവൾ വിങ്ങിപ്പൊട്ടി…. അയാൾ മകളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു… പോട്ടെ മോളെ..വിഷമിക്കേണ്ട…ഒന്നും സംഭവിച്ചില്ലല്ലോ…. അവൾ കണ്ണുനീർ തുടച്ചുകൊണ്ട് കുറെനേരം എന്തോ ആലോചനയോടെ കിടന്നു….. അച്ഛാ ഡിസ്ചാർജ് ആയി കഴിഞ്ഞാൽ നമുക്ക് ഇവിടെ നിൽക്കേണ്ട എത്രയും പെട്ടെന്ന് തന്നെ മടങ്ങിപ്പോകണം…. അതൊക്കെ നമുക്ക് പോകാം ഇപ്പോൾ എന്റെ മോള് ശാന്തമായി കിടന്നു വിശ്രമിക്ക് …. അച്ഛൻ പുറത്തേക്ക് ഇരിക്കാം….

ഈ സമയം വീടിന്റെ ഉമ്മറത്തിരുന്ന് വാസു ചേട്ടനോടും ചേച്ചിയോടും നടന്നതൊക്കെ വിവരിക്കുകയായിരുന്നു ആതി…. കുറേ തീ തിന്നു എങ്കിലും ഉണ്ണിക്കുട്ടന് ആപത്ത് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് എല്ലാവർക്കും ആശ്വാസം ആയിരുന്നു…. ദിയ കൂടി ഒന്ന് റിക്കവർ ആയെങ്കിൽ സമാധാനം ആയേനെ…. അഞ്ജലി ഉണ്ണികുട്ടനെ ചേർത്തുപിടിച്ചുകൊണ്ട് ഓർത്തു…. അനന്തേട്ടൻ ദിയയുടെ അച്ഛന്റെ ഒപ്പം ഹോസ്പിറ്റലിൽ തന്നെ ആണ്…. എല്ലാത്തിനും ഓടി നടക്കുന്നത് അനന്തേട്ടൻ ആണ്…. പാവം നന്നായി പേടിച്ചു കാണും…. എന്തായാലും വിവേക് കറക്റ്റ് സമയത്ത് അവിടെ എത്തിയത് നന്നായി….ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു…. ഓർക്കാൻ കൂടി കഴിയുന്നില്ല….

വാസു ചേട്ടന്റെ പെങ്ങളുടെ മകനാണ് വിവേക്… വിവേകിന്റെ അച്ഛനും അമ്മയും മരിച്ചു പോയതാണ്…. സാമ്പത്തികമായി ഒരുപാട് ബാധ്യതകൾ വന്നപ്പോൾ ഓരോ മുഴം കയറിൽ അവസാനിപ്പിച്ചു എല്ലാം…. അന്ന് വിവേക് ബാംഗ്ലൂരിൽ എം ബി എയ്ക്ക് പഠിക്കുകയാണ്…. പിന്നീട് എല്ലാ വെക്കേഷനും ഇവിടെക്കാണ് വിവേക് വരാറുള്ളത്…. വാസുചേട്ടനും ചേച്ചിക്കും മകനെപ്പോലെയാണ് വിവേക്…. ഒരു വർഷം മുമ്പ് കാനഡയ്ക്ക് പോയ വിവേക് നാട്ടിൽ എത്തിയിട്ട് കുറച്ച് ആയതേ ഉള്ളൂ…. നാട്ടിൽ എത്തുമ്പോൾ പതിവാണ് മൂന്നുനേരവും പുഴയിൽ പോയി മുങ്ങി കുളിക്കുക എന്നുള്ളത്… അന്നും അതിനായി ഇറങ്ങിയതാണത്രേ…. അപ്പോഴാണ് പുഴയിൽ മുങ്ങിത്താഴുന്ന ഉണ്ണിക്കുട്ടനെ കണ്ടത്… വിവേകിന് അപ്പോൾ അവിടെ എത്താൻ തോന്നിയത് ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ്…. ഇല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ… അഞ്ജലി ദീർഘനിശ്വാസത്തോടെ ഓർത്തു …

ദിയയെ ഡിസ്ചാർജ് ആക്കിയതിന് ശേഷം സാധനങ്ങൾ എല്ലാം കാറിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു അനന്തൻ…. ഇന്ന് തന്നെ അവർ ബാംഗ്ലൂർക്ക് മടങ്ങി പോവുകയാണെന്ന് അറിയിച്ചപ്പോൾ ആദ്യം ഒരു അമ്പരപ്പാണ് അവന് ഉണ്ടായത്…. കുറച്ചു ദിവസം നിൽക്കാൻ വന്ന ആളാണ് ഇപ്പോൾ പെട്ടെന്ന് പോകണം എന്ന് പറയുന്നത്…. ഇനി ഉണ്ണിക്കുട്ടന് ഇങ്ങനെ സംഭവിച്ചത് കൊണ്ടാകുമോ…. ആരും ഒന്നും പറഞ്ഞില്ലല്ലോ ഇവളെ… അവൻ ആലോചനയോടെ ദിയയുടെ മുഖത്തേക്ക് നോക്കി…. എന്താണ് പറ്റിയത്… പഴയ ആ ചുറുചുറുക്ക് ഒക്കെ നഷ്ടപ്പെട്ട പോലെ…. ഒരാഴ്ച കൊണ്ട് ഒരുപാട് ക്ഷീണിച്ചിരിക്കുന്നു…. റാം…. ദിയയുടെ അച്ഛന്റെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി… ഞങ്ങൾ ഇറങ്ങട്ടെ… പിന്നീട് എപ്പോഴെങ്കിലും കാണാം….

അനന്തൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ് തന്നെ ദിയ പറഞ്ഞു… അച്ഛാ എനിക്ക് ഉണ്ണിക്കുട്ടനെ ഒന്ന് കാണണമായിരുന്നു…. നമുക്ക് ജസ്റ്റ് അവിടെ ഒന്ന് കയറിയിട്ട് പോകാം…. അയാൾ മകളുടെ തലയിൽ വാൽസല്യത്തോടെ തലോടി… മോളുടെ ഇഷ്ടം പോലെ ആകട്ടെ നമുക്ക് പോകാം…. അഞ്ജലിയുടെ വീട്ടിലേക്കു അവർ ചെല്ലുമ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു…. കാറിൽ നിന്ന ഇറങ്ങുന്ന അനന്തനെ കണ്ടു അഞ്ജലിയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടൻ പിടഞ്ഞു കൊണ്ട് നിലത്തിറങ്ങി…. അനന്തൻറെ ഒക്കത്തേക്ക് കയറിയിരുന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുകെ പിടിച്ചു പിന്നെ മുഖം അവന്റെ കഴുത്ത് ഇടുക്കിലേക്ക് പൂഴ്ത്തി വെച്ചു…. ദിയ അവനരികിലേക്ക് ചെന്ന് കൈ നീട്ടി…

ഒരു ചിരിയോടെ അവൻ അവളുടെ കൈകളിലേക്ക് ചാടി… അവൾ അവന്റെ കവിളിലമർത്തിചുംബിച്ചു…. എല്ലാവരും അകത്തേക്ക് കയറി ഇരിക്കു… ഞാൻ ചായ എടുക്കാം… ഇപ്പോൾ ഒന്നും എടുക്കണ്ട മോളെ ഞങ്ങൾ ഇറങ്ങുകയാണ്… ദിയ മോൾക്ക് ഉണ്ണിക്കുട്ടനെ കാണണം എന്ന് പറഞ്ഞതുകൊണ്ട് ഒന്ന് കയറിയിട്ട് പോകാം എന്ന് കരുതി….ഇനിയും നിന്നാൽ ഒരുപാട് ലേറ്റ് ആകും… അയ്യോ അങ്കിൾ ഇവിടെ വരെ വന്നിട്ട് ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെ പോയാൽ എങ്ങനെയാ…അത് ശരിയാവില്ല…. ഞാൻ പെട്ടെന്ന് എടുക്കാം…. അഞ്ജലി വേഗം അകത്തേക്ക് കയറി പിന്നാലെ അനന്തനും ദിയയുടെ അച്ഛനും….. ദിയ ഉണ്ണിക്കുട്ടനെയും പിടിച്ചുകൊണ്ട് വെളിയിൽ തന്നെ നിന്നു…

അവന്റെ ശരീരം ആകമാനം നോക്കി… ഭാഗ്യം ഒന്നും പറ്റിയിട്ടില്ല ല്ലോ.. അവൾ വാൽസല്യത്തോടെ അവനെ തലോടി…. അപ്പോഴാണ് ഗേറ്റ് കടന്ന് വിവേക് അകത്തേക്ക് വന്നത്….ഉണ്ണിക്കുട്ടനെയും എടുത്തുകൊണ്ട് മുറ്റത്തു നിൽക്കുന്ന ദിയയെ കണ്ട് അവൻ തറഞ്ഞു നിന്നു…. പിന്നെ മെല്ലെ അവൾക്കരികിലേക്ക് നടന്നു… ദിയ… അവൻ ഇടർച്ചയോടെ വിളിച്ചു… അവന് മുഖം കൊടുക്കാതെ അവൾ ദൂരേക്ക് ദൃഷ്ടി പായിച്ചു… സുഖമാണോ തനിക്ക്…. മ്മ്മ്മ്…. എന്നോട് ദേഷ്യം ഉണ്ടോ തനിക്ക്…. ഇല്ല… പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി… അന്ന് ഞാൻ കരുതിയില്ല തനിക്ക് … അവൻ പറഞ്ഞു മുഴുവൻ ആകും മുമ്പ് അവൾ പെട്ടന്ന് പറഞ്ഞു…. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ വിവേക് ….

ഇനി അതിനെക്കുറിച്ച് ഒന്നും പറയണ്ട…. എന്നെപ്പോലെ ഒരു പെണ്ണിന് ഇതൊക്കെ നിസ്സാരം അല്ലേ…. അവൾ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു… ദിയ പ്ലീസ്…. ക്ഷമിക്കണം താൻ… അന്നത്തെ അറിവില്ലായ്മ ആയിരുന്നു അതൊക്കെ… ഇന്ന് ഒരുപാട് ദുഃഖിക്കുന്നുണ്ട് ഞാൻ…. തിരുത്താൻ ഒരു അവസരം കൂടി തരണം എനിക്ക്…. അവൾ ഒരു പുഞ്ചിരിയോടെ അവനെ നേരെ തിരിഞ്ഞു… എന്നെക്കുറിച്ച് വിവേകിന് എന്തറിയാം…ഞാൻ ഇവിടെ എങ്ങനെ എത്തപ്പെട്ടു എന്ന് അറിയാമോ…. അറിയാം….ആതി പറഞ്ഞു എന്നോട് എല്ലാം… വിവേക് പറഞ്ഞത് സത്യമായി അല്ലേ…എന്നെ പോലെ ഒരു പെണ്ണിന് എന്തു വൃത്തികെട്ട പണിയും ചെയ്യാൻ ആവും അല്ലേ… അതുകൊണ്ടല്ലേ ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞിട്ടും റാമിന് പിന്നാലെ ഞാൻ ഇവിടെ വരെ എത്തിയത്….

ദിയാ… വേണ്ട വിവേക്… ഇനി ഒരു അവഗണന കൂടെ താങ്ങാനുള്ള കരുത്ത് എന്റെ മനസ്സിനില്ല… അതുകൊണ്ട് ആശ തരരുത്… ഞാൻ ഇങ്ങനെയൊക്കെ അങ്ങ് പൊയ്ക്കോളാം…. ആഹാ നിങ്ങൾ രണ്ടാളും ഇവിടെ തന്നെ നിൽക്കുകയാണോ… വന്നു ചായ കുടിക്ക്… അഞ്ജലി ദിയയുടെ കയ്യിൽ നിന്നും ഉണ്ണിക്കുട്ടനെ വാങ്ങിക്കൊണ്ട് അവരോടായി പറഞ്ഞു…. അല്പ സമയം കൂടി അവിടെ ചിലവഴിച്ച ശേഷം ദിയയും അച്ഛനും യാത്രപറഞ്ഞ് കാറിലേക്ക് കയറി…. ഒരു നോട്ടം കൊണ്ടുപോലും തന്നെ ഗൗനിക്കാതെ പോവുന്ന ദിയയെ നോക്കി വിവേക് നിർനിമേഷനായി നിന്നു……..തുടരും…..

അഞ്ജലി: ഭാഗം 28

Share this story