നീ മാത്രം…❣️❣️ : ഭാഗം 36- അവസാനിച്ചു

നീ മാത്രം…❣️❣️ : ഭാഗം 36- അവസാനിച്ചു

എഴുത്തുകാരി: കീർത്തി

ഇങ്ങോട്ട് എന്തേലും പറഞ്ഞു തുടങ്ങും മുന്നേ തിരിഞ്ഞു നോക്കാതെ തന്നെ ഞാനങ്ങ് പറഞ്ഞവസാനിപ്പിച്ചു. “പറഞ്ഞു കഴിഞ്ഞോ? ” അത്രമാത്രമേ എന്നോട് ചോദിച്ചുള്ളൂ. അതും വളരെ ശാന്തമായി. അപ്പോഴും മറുപടിയായി തിരിഞ്ഞു നോക്കാതെ ഞാൻ തലയാട്ടിയതേയുള്ളൂ. “എങ്കിൽ… ഇനി എനിക്ക്…. ” “എന്താണ് നിങ്ങൾക്ക് പറയാനുള്ളതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. എല്ലാത്തിനും മാപ്പ്…. എനിക്കിനി ഒന്നും സംസാരിക്കാനില്ല. കേൾക്കാനും. പ്ലീസ്… ” പറഞ്ഞു തീർന്നതും കരഞ്ഞുകൊണ്ട് ആ ജനലഴിയിൽ തലചായ്ച്ചുകിടന്നു. പെട്ടന്ന് പിറകിൽ നിന്നും ഞാൻ കേട്ടു അത്രമേൽ പ്രിയപ്പെട്ട പാട്ടും ശബ്ദവും.

🎶🎶 കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമധാരയൂർന്നുലഞ്ഞ കൗതുകങ്ങളിൽ കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ പ്രേമധാരയൂർന്നുലഞ്ഞ കൗതുകങ്ങളിൽ 🎶🎶 കാതുകളെ വിശ്വാസിക്കാനായില്ല. ഞാൻ എന്റെ പിറകിൽ നിൽക്കുന്ന ആളെ തിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരുവേള എന്റെ കണ്ണുകളും എന്നെ പറ്റിക്കുകയാണോ ന്ന് ഞാൻ സംശയിച്ചു. വരന്റെ വേഷത്തിൽ മുന്നിൽ നിൽക്കുന്ന ആനന്ദേട്ടൻ, തൊട്ടടുത്ത് പുഞ്ചിരിയോടെ അരവിന്ദേട്ടനും. ഒരേസമയം സന്തോഷവും സങ്കടവും ദേഷ്യവുമൊക്കെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഇത്തവണ പക്ഷെ സന്തോഷം കൊണ്ടാണെന്നുമാത്രം. എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് കുസൃതിച്ചിരിയോടെ പാടിക്കൊണ്ടിരിക്കുന്ന ആളുടെ അടുത്തേക്ക് ഞാൻ പതിയെ നടന്നു.

🎶🎶 അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ അലിയും പരിമൃദുവായ് പതഗതിയിൽ അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ കസവണികൾ വിടരുകയായ് നീലരാവിൽ ഇന്നു നിന്റെ താരഹാരമിളകി 🎶🎶 പാടി നിർത്തുമ്പോൾ ആളുടെ ഒരു കൈയകലത്തിൽ ഞാനെത്തിയിരുന്നു. പതിവ് പോലെ കൈകൾ മാറിൽ പിണച്ചുകെട്ടി കുസൃതിചിരിയോടെ എന്നെനോക്കി നിൽക്കുകയായിരുന്നു ആനന്ദേട്ടൻ. എനിക്ക് പക്ഷെ ചിരിയൊന്നും വന്നില്ല. ഇവർക്ക് ചിരി ഇത്രയും നേരം ഞാനനുഭവിച്ച ടെൻഷൻ… “സോറി ഗാഥാ… ചെറിയൊരു സർപ്രൈസ്. അത്രയേ വിചാരിച്ചുള്ളൂ. നിങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഒരു രസത്തിന് ….. ” അരവിന്ദേട്ടൻ മുൻ‌കൂർ ജാമ്യമെടുത്തു. ഹും… രസല്ല. സാമ്പാർ. കുടിപ്പിക്കാം ഞാൻ രണ്ടിനേം.

അപ്പൊ ഇതായിരുന്നു ലെ പ്രസാദ്. അരവിന്ദേട്ടനാണ് ആ സാങ്കല്പിക കഥാപാത്രത്തിന് ശബ്ദം നൽകിയ ഡബ്ബിങ് ആര്ടിസ്റ്റ് ലെ. പക്ഷെ അപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ ഒരു മഹാൻ ഇളിച്ചോണ്ട് നിൽക്കായിരുന്നു. ഞാനും കണ്ണെടുക്കാതെ ആനന്ദേട്ടനെ തന്നെ നോക്കിനിന്നു. വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിയേ? ഇന്ന് മോർണിംഗ് ഓസ്ട്രേലിയയിലേക്ക് പോകും ന്ന് പറഞ്ഞ ആളാണ് പന പോലെ അങ്ങനെ മുന്നിൽ നിൽക്കുന്നത്. ലോകത്ത് വല്ല പറ്റിക്കൽ മത്സരവും ഉണ്ടെങ്കിൽ ആനന്ദേട്ടനെ കൊണ്ടുപോണം. ഫസ്റ്റ് ഉറപ്പാണ്. ഞാനോർത്തു. മൗനവൃതം അവസാനിപ്പിച്ച് ആള് വായ തുറന്ന് എന്തോ പറയാൻ ഒരുങ്ങിയതും ആ താടിയൊക്കെ ട്രിം ചെയ്തു ഭംഗിയാക്കിയ ആ സുന്ദരമായ കവിളത്തു തന്നെ ഞാനൊരു സമ്മാനം കൊടുത്തു. തൊട്ടടുത്ത് അരവിന്ദേട്ടൻ നിൽക്കുന്നതൊന്നും ആ നേരത്ത് നോക്കിയില്ല.

ഉള്ളിലെ സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റത്തിൽ അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്. “ഇപ്പൊ മനസ്സിലായോ ടാ ഞാൻ എന്തുകൊണ്ടാ താടി കളയണ്ട ന്ന് പറഞ്ഞതെന്ന്. ” അരവിന്ദേട്ടൻ ആനന്ദേട്ടനോട് സ്വകാര്യം പോലെ ചോദിക്കുന്നത് കേട്ടു. “വീണ്ടും എന്നെ പറ്റിച്ചു ലെ? ” ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ ആ നീക്കത്തിൽ ഒരു വശത്തേക്ക് തിരിഞ്ഞ മുഖം നേരെ പിടിച്ച് എന്നെ നോക്കിയതും ചോദിച്ചുക്കൊണ്ട് ഞാനാ നെഞ്ചിലേക്ക് ചാഞ്ഞ് ആനന്ദേട്ടനെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു. വൈകാതെ ഇരുകൈകളാൽ ആനന്ദേട്ടനും എന്നെയും ചേർത്തണച്ചു. “സോറി. വേദനിച്ചോ? ” കുറച്ചു കഴിഞ്ഞപ്പോൾ ആ നെഞ്ചിൽ നിന്നും മുഖമുയർത്തി അടിച്ച കവിളിൽ പതിയെ തലോടിക്കൊണ്ട് ഞാൻ ചോദിച്ചപ്പോൾ ആനന്ദേട്ടൻ എന്റെ മുഖം ആ കൈകളിൽ കോരിയെടുത്തു.

അപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം കണ്ട് ഞാൻ നേരത്തെ അരവിന്ദേട്ടനെ കണ്ട ഭാഗത്തേക്കൊന്ന് ഇടംകണ്ണിട്ട് നോക്കി. ആന കിടന്നിടത്ത് പൂട പോലുമില്ലെന്ന് പറഞ്ഞത് പോലെ അരവിന്ദേട്ടൻ നിന്ന സ്ഥലം ശൂന്യമായിരുന്നു. പോരാത്തതിന് വാതിലും ചാരികാണുന്നുണ്ട്. സംഗതി വഷളാവുന്നത് മനസിലാക്കി ആള് നേരത്തെ സ്ഥലം വിട്ടുന്ന് തോന്നണു. “വേദന മാറാൻ അന്ന് എന്റെ പിറന്നാളിന് തന്നത് പോലൊന്ന് തന്നാൽ മതി. ” കുസൃതിചിരിയോടെ ആനന്ദേട്ടൻ പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു. “അന്ന് തന്നില്ലേ? അടിച്ച് പൂക്കുറ്റിയായിട്ട്… ദാ ഇവിടെ… ” ആനന്ദേട്ടൻ കവിളിൽ തലോടി അല്പം നാണത്തിൽ പറയുന്നത് കേട്ട് ഞാൻ വാ പൊളിച്ചുപോയി. ഈശ്വരാ അതും ഉണ്ടായോ അതിലിടയ്ക്ക്… ദൈവമേ ബോധമില്ലാത്ത ആ സമയത്ത് ഞാൻ അങ്ങനെ ചെയ്തോ? അയ്യേ…

ന്നിട്ടാണോ ഇയ്യാള് ഇത്രയും ദിവസം…. ഹോ… എന്തായിരുന്നു അഭിനയം… ചമ്മൽ മറയ്ക്കാൻ വേഗം ഗൗരവം നടിച്ച് ഞാനാ കൈകളിൽ നിന്ന് കുതറിമാറാൻ നോക്കി. പക്ഷെ നോ പ്രയോജൻ. ആള് ഉടുമ്പു പിടിച്ചത് പോലെ അരയിലൂടെ ചുറ്റിപിടിച്ചിരിക്കുവാണ്. “എനിക്കോ ബോധമില്ല. ആനന്ദേട്ടന്… ആനന്ദേട്ടന് ഒന്ന് ഒച്ച വെയ്ക്കായിരുന്നില്ലേ? ” “എന്ത് കാര്യത്തിന്? ബോധമില്ലാണ്ട് ആണെങ്കിലും എന്റെ കാമുകി എനിക്ക് ആദ്യായിട്ട് തരുന്ന കിസ്സല്ലേ ഞാനെന്തിനാ അത് ഒച്ച വെച്ച് വെറുതെ ഇല്ലാണ്ടാക്കുന്നെ? ” “ഛെ… വൃത്തിക്കെട്ടവൻ. ” “വൃത്തിക്കേട് കാണിച്ചത് അവള് ന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്കും. നീ ആള് കൊള്ളാലോ ടി !!! ” “സത്യം പറഞ്ഞോ അന്ന് പിന്നെ എന്തൊക്കെയാ ഉണ്ടായത്? ” ആനന്ദേട്ടനെ വിരട്ടിക്കൊണ്ട് ഞാൻ ചോദിച്ചു. “കാലിലെ മുറിവ് ഡ്രെസ് ചെയ്തശേഷം ഞാൻ നിന്നെ എടുത്ത് റൂമിൽ കൊണ്ട് കിടത്തി……. ” ആനന്ദേട്ടൻ ആ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ചു. 💠💠💠💠

ഗാഥയെ ബെഡിൽ കിടത്തിയ ശേഷം ആനന്ദ് കുറച്ചു നേരം അവളുടെ മുഖത്തേക്കും കാലിലേക്കും മാറിമാറി നോക്കി. ഗാഥയുടെ ആ അവസ്ഥ കണ്ട് അവന് വല്ലാത്ത സങ്കടം തോന്നി. പതിയെ അവളുടെ നെറ്റിയിൽ തലോടിയ ശേഷം പോകാനായി പിന്തിരിഞ്ഞു നടന്ന അവന്റെ കൈത്തണ്ടയിൽ പെട്ടന്ന് ഗാഥ പിടിത്തമിട്ടു. തിരിഞ്ഞു നോക്കിയ ആനന്ദ് കണ്ടത് അടഞ്ഞുപോകുന്ന കണ്ണുകളെ തുറന്നുപിടിക്കാൻ ഭഗീരഥപ്രയത്നം നടത്തുന്ന ഗാഥയെയാണ്. ഉടനെ അവൻ അവളുടെ അടുത്ത് ബെഡിലിരുന്നു. “ഉറങ്ങിക്കോ. ” വീണ്ടുമാ നെറ്റിത്തടത്തിൽ തഴുകിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി. എന്നിട്ട് അവന്റെ കൈയിൽ പിടിച്ച് അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. വീണുപോകാതിരിക്കാനായി അവൻ ബെഡിന്റെഹെഡ് ബോർഡിൽ ഒരു തലയിണ വെച്ച് അവളെ അതിലേക്ക് ചാരിയിരുത്തി. “അതേയ്….

ഒരു കാര്യം അറിയോ? ഈ ആളും ഈ ആളും ഒന്നാ… പിന്നെ ഈ നണ്ടാളും… ദാ ഈ ഒന്നാളും ഒന്നാ…അപ്പൊ മൊത്തം… ഒന്ന്….. രണ്ട്…… മൂന്ന്… നാല്….. ” കൈയിലെ വിരലുകൾ എണ്ണികാണിച്ചു കൊണ്ട് അവള് ആടിയാടി പറഞ്ഞുക്കൊണ്ടിരുന്നു. “ഗാഥാ… ” “ന്നെ പി…ന്നേം പ..റ്റി…ച്ചു… പറ്..യാ…ർന്നി.ല്ലേ….. ഓഹ്… സ്ർപ്രസ്…ലെ… മ്മ്മ്മ്……… ന്നാലും…. ന്റെ ചോക്ലേറ്റ്….. തട്ടിക്കളഞ്ഞില്ലേ ദുഷ്ടൻ…. ങീ…. ങീ…. ങീ…. ” കുഴയുന്ന നാവും വെച്ച് എന്തൊക്കെയോ പറഞ്ഞു ഒടുക്കം കരച്ചിലായി. “ഗാഥാ… സോറി… ഇങ്ങനെ കരയല്ലേ…” “നിക്ക് ഇപ്പൊ ന്റെ ചോക്ലേറ്റ് കിട്ടണം….ങീ… ങീ….. അച്ഛാ….. ന്റെ ചോക്ലേറ്റ് തട്ടിക്കളഞ്ഞു…….. ” “കരയല്ലേ. ചോക്ലേറ്റ് ഞാൻ വാങ്ങിച്ചു തരാം. ഈ കരച്ചിൽ ഒന്ന് നിർത്ത്. ” അവളുടെ കരച്ചിൽ ഒന്ന് നിർത്താൻ വേണ്ടി ആനന്ദ് അവളെ സമാധാനിപ്പിച്ചു.

അത് കേട്ടപ്പോൾ അവളുടെ മുഖം പെട്ടന്ന് വിടർന്നു. കരച്ചിലും പിഴിച്ചിലും അവസാനിപ്പിച്ച് ചിരിച്ചു. “ശെരിക്കും വാങ്ങി തരുവോ? ” “മ്മ്മ്… ശെരിക്കും വാങ്ങി തരാം. ” “പിങ്കി പ്രോമിസ്? ” വലതുകൈയിലെ കുഞ്ഞുവിരൽ നീട്ടി പിടിച്ച് കൊച്ചുകുട്ടികളെ പോലെ അവൾ ചോദിച്ചപ്പോൾ ആദ്യം പിടി കിട്ടിയില്ലെങ്കിലും പിന്നീട് കാര്യം മനസിലായ ആനന്ദ് അവളുടെ വിരലിൽ തന്റെ ചെറിയ കൈവിരലാൽ കോർത്തു പിടിച്ച് പ്രോമിസ് ചെയ്തു കൊടുത്തു. “ആനന്ദേട്ടാ… ഒന്നൂടെ ആ പാട്ട് പാടുവോ? നിക്ക് വേണ്ടി. നിക്ക് മാത്രം… ദാ ഇവിടെ ചെവീല് വേറാരും കേക്കണ്ട. പതുക്കെ…. പതുക്കെ മതി. ” ചിണുങ്ങിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചപ്പോൾ ബെഡിൽ അവളുടെ അടുത്തിരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം ആ കാതിൽ മൂളികൊടുത്തു.

പാട്ടിനൊപ്പം അവന്റെ ചുടുനിശ്വാസം കാതിൽ പതിച്ചപ്പോൾ പുഞ്ചിരിച്ച് ഞെരങ്ങിക്കൊണ്ട് അവളാ ചുമലൊന്ന് പൊക്കി. പിന്നീട് പാട്ടിന് അനുസരിച്ച് അവളുടെ കണ്ണുകളും പുരികകൊടിയും ചുണ്ടുകളും കൂടി ആ മുഖത്ത് പല ഭാവങ്ങളും വിരിയിക്കുന്നത് പാടുന്നതോടൊപ്പം തന്നെ ആനന്ദ് കൗതുകത്തോടെ നോക്കിയിരുന്നു പോയി. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവൻ പാടി അവസാനിപ്പിച്ചതും ഗാഥ അവനെ കഴുത്തിലൂടെ കൈയിട്ട് കെട്ടിപിടിച്ചത് പെട്ടന്നായിരുന്നു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞെട്ടിതിരിഞ്ഞു ഗാഥയെ നോക്കുന്നതിന് മുന്നേ അവളുടെ അധരങ്ങൾ ആനന്ദിന്റെ കവിളിൽ മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. “ന്റെ ആനന്ദേട്ടന് ആയിരം…. മ്മ്ഹ്….വേണ്ട. ലക്ഷം… മ്‌ച്ചും… അതും വേണ്ട കുറച്ചേ ഉള്ളു. കോടി കോടി കോടി പിറന്നാൾ ആശംസകൾ. ”

പൊട്ടിച്ചിരിയോടെ അവൾ ആശംസകൾ നേർന്നു. ശേഷം അവന്റെ തോളിലേക്ക് തലചായ്ച്ച് മയങ്ങികിടന്നു. “ഗാഥാ…. ” കുറച്ചു നേരം അവളുടെ അനക്കമൊന്നും കാണാതെ അവൻ വിളിച്ചപ്പോൾ അവളൊന്ന് മൂളി. “ഗാഥാ… തനിക്ക് എന്നെ ഇഷ്ടമല്ലേ? ” ആ ചോദ്യത്തിനും അവൾ മൂളുക മാത്രമേ ചെയ്തുള്ളു. “പിന്നെന്താ അത് എന്നോട് തുറന്നു പറയാത്തെ? ” “ഇല്ല. പറയില്ല. പാടില്ല…. ആനന്ദേട്ടൻ പാവാ…ന്നാലും….. വേണ്ട. ന്നെ മറക്കണം. ന്നെ ഇഷ്ടപ്പെടണ്ട….. വേണ്ട. വേ….ണ്ട ….ഞാൻ…. കൊടുത്തതാ… വാക്ക് കൊടു.ത്ത…താ….. ന്നോട് പെണങ്ങും…പിന്നെ…..മി…ണ്ടില്ല…..” “ആര്? ” വിദൂരതയിലേക്ക് നോക്കി ആനന്ദ് ചോദിച്ചു. പക്ഷെ കുറേ സമയം കഴിഞ്ഞിട്ടും ആ ചോദ്യത്തിനുള്ള ഉത്തരം മാത്രം അവന് കിട്ടിയില്ല. വീണ്ടുമാ ചോദ്യം ആവർത്തിച്ച് അവൻ തല ചെരിച്ച് ഗാഥയെ നോക്കി.

അപ്പോഴേക്കും അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഉടനെ അവളെ ഉണർത്താതെ പതിയെ ബെഡിലേക്ക് കിടത്തിയ ശേഷം ഒരിക്കൽ കൂടി അവളെ നോക്കി മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടലുകളുമായി ആനന്ദ് മുറി വിട്ടുപോയി. 💠💠💠💠💠💠💠💠💠💠💠💠💠💠💠 പറഞ്ഞു കഴിഞ്ഞതും ആനന്ദേട്ടൻ വിജയീഭാവത്തിൽ എന്നെനോക്കി കണ്ണിറുക്കി കാണിച്ചു. “ഞാൻ അത്രയല്ലേ പറഞ്ഞുള്ളൂ.. പിന്നെ അച്ഛൻ? ” ഞാൻ ചോദിച്ചു. “അതോ? ആ കഥ ബാക്കി എനിക്ക് പറഞ്ഞു തന്നത് പാറുക്കുട്ടിയാണ്. നിന്റെ ടീച്ചറമ്മ. ടീച്ചറമ്മയും എന്നോട് പറയില്ലായിരുന്നു. പക്ഷെ അന്ന് രാത്രി നമ്മള് ബാൽക്കണിയിൽ വെച്ച് സംസാരിച്ചത് മുഴുവനും മറ്റൊരാൾ കൂടി കേട്ടിരുന്നു. ആ ആള് കാരണമാണ് ടീച്ചറമ്മ എല്ലാം തുറന്നു പറഞ്ഞതും അച്ഛനെ കണ്ട് സംസാരിക്കാൻ എന്റെ കൂടെ വന്നതും.

പിന്നെ ഒന്നും മറച്ചു വെച്ചില്ല അച്ഛനോട് എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു. പണ്ട് സ്കൂളിൽ വെച്ച് നിന്നെ കണ്ടത് മുതലുള്ള എല്ലാം.” “അത് ആരായിരുന്നു? ” “അമ്മ. ” “അപ്പൊ എല്ലാരും കൂടിയാ എന്നെ പറ്റിച്ചത് ലെ? ” ഞാൻ പിണക്കം നടിച്ച് തിരിഞ്ഞു നിന്നു. ഉടനെ ആനന്ദേട്ടൻ പിറകിലൂടെ വന്നു തോളിൽ താടി ചേർത്തുവെച്ച് വയറിൽ ചുറ്റിപിടിച്ച് നിന്നു. “പിന്നെ പറ്റിക്കാതെ? നിന്നോട് എത്രവട്ടം ഞാൻ ചോദിച്ചതാ. ഒരിക്കലെങ്കിലും നീ പറഞ്ഞോ? ഇല്ലല്ലോ. അച്ഛനോട് പറയാൻ തന്നെ എത്ര അവസരങ്ങൾ ഉണ്ടായിരുന്നു. പറഞ്ഞോ? അതും ഇല്ല. അന്നൊക്കെ ഞാനെത്ര വിഷമിച്ചു ന്നറിയുവോ? ഒന്നും തുറന്നു പറയാതെ ഉള്ളിലൊതുക്കി നടക്കായിരുന്നില്ലേ? അപ്പൊ തോന്നി ഇങ്ങനൊരു…. ” “സർപ്രൈസ് ആയിരിക്കും? ഹും… ഞാനെന്തൊക്കെ പ്രതീക്ഷിച്ചതാ… സ്വപ്നങ്ങൾ കണ്ടതാ….

ഞാനും ന്റെ പ്രസാദേട്ടനും കൂടി…. ഹോ…. ഒക്കെ വെറുതെയായി. ” മുകളിലേക്ക് നോക്കുന്ന പോലെ കാണിച്ച് ആനന്ദേട്ടനെ ഒളിക്കണ്ണിട്ട് നോക്കി ക്കൊണ്ട് ഞാൻ പറഞ്ഞു. ആ മുഖത്ത് കുശുമ്പ് നിറഞ്ഞത് പെട്ടന്നായിരുന്നു. ആ ഭാവം കണ്ട് തികട്ടിവന്ന ചിരിയെ അടക്കിപിടിച്ച് സങ്കടത്തോടെ തന്നെ ഞാൻ നിന്നു. “അതേയ്… അപ്പൊ ന്റെ രണ്ടു ലക്ഷം രൂപ?” കുറുമ്പോടെ ആനന്ദേട്ടനോട് ചോദിച്ചപ്പോൾ ആള് കുറച്ചു നേരം പുരികം ചുളിച്ച് എന്നെ നോക്കുന്നത് കണ്ടു. അപ്പോൾ ഞാനും പുരികം പൊക്കി എന്താണെന്ന് ചോദിച്ചു. “അതോ…. അത്….. ” പാവം ഓർമയില്ല എന്താ ചെയ്തത് ന്ന്. താടിയ്ക്ക് കൈയും കൊടുത്ത് ചൂണ്ടുവിരലുകൊണ്ട് കവിളിൽ തട്ടി ഭയങ്കര ആലോചന… ” ന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. ” “ആണോ? ഞങ്ങളൊക്കെ പിന്നെ കാശ് മരത്തിൽ ന്ന് പൊട്ടിച്ചെടുക്കല്ലേ ചെയ്യണത്. ” ആനന്ദേട്ടന്റെ മറുപടി കേട്ട് ഞാൻ ചുണ്ട് കൂർപ്പിച്ചു മുഖം തിരിച്ചു നിന്നു.

അപ്പോൾ ആനന്ദേട്ടൻ മുഖം നേരെ പിടിച്ചു കൈക്കുമ്പിളിൽ കോരിയെടുത്തു. “അതേയ്… അത് എന്റെ കൈയിൽ തന്നെ ഉണ്ട്. അവിടെയിരിക്കട്ടെ. ” “എന്തിന്? ” “എടി നിന്റെ ആ ഫ്യൂസ് ചോക്ലേറ്റ് ഒന്നിന് എന്താ വില ന്നറിയുവോ? അതേപോലെത്തെ ചോക്ലേറ്റ്സ് ഇനിയങ്ങോട്ട് ജീവിതകാലം മുഴുവൻ ഞാൻ വാങ്ങിത്തരണ്ടെ? അതുകൊണ്ട് അതെന്റെ കൈയിൽ തന്നെ ഇരിക്കട്ടെ ട്ടാ. ” “എന്റെ രണ്ടു ലക്ഷവും പോയി, പ്രസാദേട്ടനേം കിട്ടീല. ഇതിലും ഭേദം ആനന്ദേട്ടൻ ഓസ്ട്രേലിയലേക്ക് പോവുന്നതായിരുന്നു. ആനന്ദേട്ടൻ ഫുൾ പറ്റിക്കൽസാണ്. ഓസ്ട്രേലിയ പോലും. ഹും…. ” “അത് ഞാൻ പറ്റിച്ചതല്ല. ഓസ്ട്രേലിയലേക്ക് പോവുന്നുണ്ട്. നെക്സ്റ്റ് വീക്ക്‌. പക്ഷെ ഞാൻ ഒറ്റയ്ക്കല്ല. നമ്മള് ഒരുമിച്ച്. എന്തിനാന്ന് കൂടി ഞാൻ പറയണോ? മ്മ്മ്…? ” വാക്കിലും നോക്കിലും കുസൃതിയൊളിപ്പിച്ച് ആനന്ദേട്ടൻ ചോദിച്ചപ്പോൾ നാണത്താൽ ഞാൻ തല കുനിച്ചു നിന്നു.

തലയുയർത്തി നോക്കാതെ തന്നെ ആ മുഖം പതിയെ എന്നിലേക്ക് താഴ്ന്നുവരുന്നത് ഞാനറിഞ്ഞു. എന്റെ കൈകൾ സാരിത്തലപ്പിൽ പിടിമുറുക്കി. ആനന്ദേട്ടന്റെ കൈകൾ എന്റെ ഇടുപ്പിലും. ആ ചൂടുനിശ്വാസത്തിന്റെ തോത് കൂടുന്നതിനനുസരിച്ച് ഹൃദയതാളം ദ്രുതഗതിയിലായി. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി. “മ്മ്മ്…. മതി മതി. ഇനി ബാക്കിയൊക്കെ താലികെട്ട് കഴിഞ്ഞിട്ടാവാം ” പെട്ടന്നാണ് വാതിൽ തള്ളിതുറന്ന് ഋഷി അകത്തേക്ക് പാഞ്ഞുവന്നത്. ഞാൻ വേഗം ആനന്ദേട്ടനിൽ നിന്നകന്നു മാറിനിന്നു. പിറകെ ബാക്കിയുള്ളവരും ഉണ്ടായിരുന്നു. എന്തോ എല്ലാവരുടെയും മുഖത്തേക്ക് നോക്കാനൊരു മടി. “എന്നാലും എന്റെ പൊന്നുമോള് ഈ അച്ഛനെയൊരു വില്ലനാക്കിയല്ലോ? ” തമാശരൂപേണ ചിരിച്ചുകൊണ്ടാണ് അച്ഛൻ പറഞ്ഞതെങ്കിലും എനിക്കെന്തോ അത് കേട്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി.

ഞാനോടി ചെന്ന് അച്ഛന്റെ കാൽക്കൽ വീണു. വേഗം തന്നെ അച്ഛൻ എന്നെ എഴുന്നേൽപ്പിച്ച് തന്നോട് ചേർത്തുനിർത്തി. “അയ്യേ… മോളെന്തിനാ കരയണേ? അച്ഛന്റെ കുട്ടി എന്നും സന്തോഷമായിട്ട് ഇരിക്കണം. പിന്നെ ദാ ഇവൻ മിടുക്കനാ. അച്ഛന് ഒത്തിരി ഇഷ്ടായി. അല്ലെങ്കിൽ തന്നെ എന്റെ മോളെ വിശ്വാസത്തോടെ ഏൽപ്പിക്കാൻ ഇതിലും സുരക്ഷിതമായ കൈകൾ വേറെയില്ല. അത്രമാത്രം മോൻ എന്റെ മോളെ സ്നേഹിക്കുന്നുണ്ട്. അത് ഈ അച്ഛന് ബോധ്യപ്പെട്ട കാര്യമാണ്. വര്ഷങ്ങളായി നിനക്ക് വേണ്ടി കാത്തിരുന്നവനാണ് ഇവൻ. ആ സ്നേഹം എങ്ങനെയാ അച്ഛൻ കണ്ടില്ലെന്ന് നടിക്കാ? ഒന്നുമില്ലേലും നിന്റെ അമ്മയെ ഞാനും പ്രണയിച്ചു തന്നെയല്ലേ വിവാഹം കഴിച്ചത്. ” “അച്ഛാ… അത് അമ്മേടെ വീട്ടുകാർ…. അവരുടെ മുന്നിൽ അച്ഛൻ…. ” “അവരോട് പോയി പണി നോക്കാൻ പറ. അവരുടെ മുന്നിൽ ഇപ്പോഴും അച്ഛൻ തലയുയർത്തി തന്നെയാ നിൽക്കണെ.

കാരണം അവരെ പോലെ മകൾക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് അച്ഛൻ നിന്നെ നിർബന്ധിച്ചിട്ടില്ല. എന്റെ മോളെ മനസിലാക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും കഴിവുള്ള അതിനേക്കാൾ ഉപരി എന്റെ മോള് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളെയാണ് ഞാൻ അവൾക്ക് നേടികൊടുത്തത്. ” “അതേയ് നിങ്ങള് എല്ലാരും ഇവിടെ വർത്തമാനം പറഞ്ഞ് നിൽക്കാ? മുഹൂർത്തമായി അങ്ങോട്ട് വന്നേ. ” കേശവൻ മാമ വന്നു പറഞ്ഞു. ഉടനെ എല്ലാവരും ആദ്യം ആനന്ദേട്ടനെയും കൊണ്ട് മണ്ഡപത്തിലേക്ക് പോയി. പോകുന്ന പോക്കിൽ ആള് എന്നെനോക്കി കണ്ണിറുക്കി കാണിച്ചു ഒപ്പം കണ്ണുകൊണ്ട് “വേഗം വായോ ” ന്നൊരു ആംഗ്യവും. മറുപടിയായി ഞാനും തലയാട്ടി കാണിച്ചു. “പെട്ടന്ന് തന്നെ കൊണ്ട് വന്നേക്കാം. സാർ മുന്നിലേക്ക് നോക്കി നടന്നാട്ടെ. ”

ആനന്ദേട്ടന്റെ ആംഗ്യഭാഷ ആരും കണ്ടില്ലെന്നു സമാധാനിച്ച് നിൽക്കുമ്പോഴാണ് അടുത്ത് നിന്ന ഗീതു വിളിച്ചു പറയുന്നത് കേട്ടത്. അത് കേട്ട് മുന്നിൽ പോയവരും അവിടെ ഉണ്ടായിരുന്നവരും കൂടി എന്നെയും ആനന്ദേട്ടനെയും കളിയാക്കാൻ തുടങ്ങി. ആകെ നാണം കെട്ട ഞാൻ മണ്ഡപത്തിൽ ആനന്ദേട്ടനോടൊപ്പം ചെന്നിരിക്കുന്നത് വരെ തലയുയർത്തി ആരെയും നോക്കാൻ പോയില്ല. എന്തിന് കൈയിൽ തോണ്ടി വിളിച്ചിട്ടും ആനന്ദേട്ടന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. “താലി കെട്ടിക്കോളൂ. ” പൂജാരി പറഞ്ഞപ്പോൾ ആനന്ദേട്ടൻ താലിയെടുത്ത് ഒരു നിമിഷം എന്റെ മുഖത്തിന് നേരെ പിടിച്ചു. അപ്പോൾ മാത്രമാണ് ഞാൻ തലയുയർത്തി നോക്കിയത്. “അപ്പോൾ… ഗാഥ ബാലചന്ദ്രന് ഗാഥ വിജയാനന്ദ് ആവാൻ സമ്മതമാണല്ലോ ലെ? ” കുസൃതിയോടെ ആനന്ദേട്ടൻ പതിയെ എന്റെ കാതോരം ചോദിച്ചു.

“കോടി കോടി കോടി വട്ടം സമ്മതം. ” അത്യധികം സന്തോഷത്തോടെ ഞാൻ പറഞ്ഞു തീരും മുന്നേ ആനന്ദേട്ടൻ തന്റെ പേര് കൊത്തിയ ആലിലത്താലി എന്റെ കഴുത്തിൽ ചാർത്തികഴിഞ്ഞിരുന്നു. ശേഷം ആ പ്രണയം എന്റെ സീമന്തരേഖയിലും ചുവപ്പ് പടർത്തി. ആ നിമിഷം ഞാൻ സർവേശ്വരൻമാരോടെല്ലാം നന്ദി പറയുകയായിരുന്നു. എന്റെ ആനന്ദേട്ടനെ എനിക്ക് തന്നെ തന്നതിന്, ഇനിയുള്ള ജന്മങ്ങളിലും ഇണയായി തന്നേക്കണേ ന്ന്. ഒപ്പം എന്റെ ഈ അച്ഛന്റെ തന്നെ മകളായി ജനിക്കാൻ കഴിയണേ ന്ന്. (അവസാനിച്ചു)…

കഴിഞ്ഞ ഭാഗം വായിച്ച് എല്ലാവരും ടെൻഷനടിച്ച് ഹാർട്ട്‌ ബീറ്റ് കൂടിയിരിക്കാണെന്ന് അറിയാൻ കഴിഞ്ഞു. ആ അപകടനില തരണം ചെയ്യാനാണ് ഈ part പെട്ടന്ന് ഇട്ടത്. അതുകൊണ്ട് എത്രത്തോളം ശെരിയായിന്നറിയില്ല. ഇതോടുകൂടി എന്റെ ഈ ഉദ്യമം കൂടി ഇവിടെ അവസാനിക്കുകയാണ്. ആദ്യാവസാനം കൂടെ നിന്ന് പ്രോത്സാഹനവും പിന്തുണയും നൽകിയ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ❤❤❤ ഒരായിരം സ്നേഹം. 😘😘😘😘 ഇനി എല്ലാവരും സ്റ്റിക്കർ, നൈസ്, അടിപൊളി, സൂപ്പർ എന്നിവ ഒഴിവാക്കി എനിക്ക് വേണ്ടി രണ്ടു വരി കുറിക്കണം. ഇമ്മിണി ബല്ല്യ കമന്റ് 😇. സ്നേഹത്തോടെ കീർത്തി 💕

നീ മാത്രം…❣❣ : ഭാഗം 35

Share this story