മധുരനൊമ്പരം…..🍒🍒 : ഭാഗം 39

മധുരനൊമ്പരം…..🍒🍒 : ഭാഗം 39

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“അനന്തു ചേട്ടൻ…!! അറിയാതെ അവളുടെ ചുണ്ടുകൾ പറഞ്ഞു പോയിരുന്നു…. എത്ര നാളുകൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച…. നൂറ് വട്ടം മനസ്സിൻറെ ഉള്ളിൽ മാപ്പ് ചോദിച്ചിട്ടുണ്ട്…… ഏട്ടനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് താൻ…. ഏട്ടൻറെ ആഗ്രഹങ്ങൾക്ക് ഒത്തു തനിക്ക് ഉയരാൻ സാധിച്ചിരുന്നില്ല…… ഒരു സഹോദരിയെ കുറിച്ച് ഏതൊരു സഹോദരനും കാണുന്ന സ്വപ്നങ്ങൾ ഒക്കെ മാത്രമേ ഏട്ടനും കണ്ടിരുന്നുള്ളൂ…….. അന്നത്തെ തന്റേ പ്രായത്തിൽ അതൊക്കെ ഏട്ടനോട് ഉള്ള വിദ്വേഷത്തിന് കാരണമായി….. പക്ഷേ സ്വന്തം സഹോദരിക്ക് വേണ്ടി അയാൾ ചെയ്തത് പോലെ തന്നെ തൻറെ സഹോദരിയുടെ ജീവിതം സന്തോഷ പൂർവമാകണം എന്ന് മാത്രമേ ഏട്ടനും ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം എന്ന് തിരിച്ചറിയുവാൻ തനിക്ക് കുറച്ചു നാളുകൾ വേണ്ടി വന്നു……

ഓടിച്ചെന്നു കരഞ്ഞ് നെഞ്ചിലേക്ക് വീണു…… എത്ര നാളായി കണ്ടിട്ട്…. മറുകയ്യിൽ അവളെ പുണർന്നു കൊണ്ട് അവനും നിന്നിരുന്നു….. കൂടപ്പിറപ്പിന്റെ കണ്ണുനീർ അവൻറെ നെഞ്ചിൽ വിങ്ങൽ ഉണ്ടാക്കിയിരുന്നു….. “എന്നോട് പിണക്കമാണോ ഏട്ടാ…. “കാണാത്തതും വരാതെ ഇരുന്നതും നീ അല്ലെ മോളെ….! ഞങ്ങളോടെ എല്ലാവരോടും പിണങ്ങി ഞങ്ങളെ ആരെയും വേണ്ടെന്നുവെച്ചത് നീ മാത്രമല്ലേ…..? ഒരു ഫോൺകോളിൽ പോലും എന്നേയൊ അച്ഛനെയോ നീ വിളിച്ചില്ല…… നീ എന്നും അമ്മയോട് മാത്രമായി സംസാരിച്ചു……. അതിനുള്ള കാരണം നിൻറെ മനസ്സ് അത്രമേൽ ഞാൻ വേദനിപ്പിച്ചത് കൊണ്ടാണെന്ന് എനിക്കറിയാം…… ” ആരോടും എനിക്ക് ദേഷ്യം ഇല്ല ചേട്ടാ….. എൻറെ വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും ഒരു ഒളിച്ചോട്ടം മാത്രമായിരുന്നു…..

അതല്ലാതെ ഏട്ടനോടോ അച്ഛനോടോ അമ്മയോടോ ഒന്നും എനിക്ക് ഒരു വിരോധവും ഇല്ല……. എൻറെ ജീവിതത്തിൽ നിങ്ങൾ ആരും ഒരു വേദനയും നൽകിയിട്ടുമില്ല…… നിങ്ങളെയൊക്കെ വേദനിപ്പിച്ചതും സ്വന്തം ഇഷ്ടത്തിനു വേണ്ടി പ്രവർത്തിച്ചതും ഞാൻ മാത്രമായിരുന്നു…… ആ ഇഷ്ട്ടം എൻറെ ഉള്ളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നറിയാൻ ഞാൻ ഏറെ വൈകിപ്പോയി….. ഏട്ടൻ എന്നോട് കാണിച്ച വാത്സല്യം…. സ്വന്തം സഹോദരിയുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാൻ എനിക്ക് കാലങ്ങൾ വേണ്ടിവന്നു…… ഒരു കണക്കിന് അയാൾക്ക് അയാളുടെ സഹോദരി തന്നെയായിരുന്നു വലുത്…… എൻറെ വീട്ടുകാരെ മറന്ന് അയാൾക്ക് പുറകെ പോയത് ഞാൻ മാത്രമാണ്……

അവളുടെ വാക്കുകളിൽ നിരാശയും നഷ്ടബോധവും ഒക്കെ ഉണ്ടായിരുന്നു എന്ന് അവൻ വായിച്ചെടുത്തു…… കുറച്ചുവർഷങ്ങൾ മാറിയെങ്കിലും കുറച്ചു തടിയും മുഖവും മാറിയിട്ടുണ്ട് എന്നേയുള്ളൂ….. ഇപ്പോഴും അവൾ ആ പഴയ പൊട്ടിപ്പെണ്ണ് തന്നെയാണ് എന്ന് ആ നിമിഷം അനന്തു ഓർത്തു…… “നീ ജോജിയെ കുറിച്ചാണ് പറഞ്ഞത് എന്ന് എനിക്കറിയാം….. ആരെയും വിധിക്കാൻ നമുക്ക് അവകാശമില്ല മോളെ….. ” അതെല്ലാം എൻറെ ജീവിതത്തിൻറെ കഴിഞ്ഞുപോയ ഭാഗങ്ങളാക്കി ഞാൻ മറന്നതാണ്…….. പക്ഷേ ഇപ്പോൾ ഞാൻ ഈ നഗരവും മടുത്തു തുടങ്ങിയിരിക്കുന്നു…… എത്രയും പെട്ടെന്ന് ഇവിടുന്ന് ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്…..

ഏട്ടൻ വന്നതേതായാലും നന്നായി…… ” ഓഫീസിൽ ജോജി ജോയിൻ ചെയ്തth കൊണ്ടാണോ നിനക്ക് ഈ നഗരം മടുത്തു തുടങ്ങിയത്…..? പെട്ടെന്നുള്ള അനന്ദുവിന്റെ ചോദ്യം അവളിൽ ഒരു ഞെട്ടൽ ഉണർത്തിയിരുന്നു….. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…… അവൻ ഇവിടെ വന്ന വിവരം എങ്ങനെ അറിഞ്ഞു എന്നായിരുന്നു അവളുടെ മുഖഭാവം എന്ന് അവന് മനസ്സിലായിരുന്നു…… ” ഏട്ടനോട് ആരു പറഞ്ഞു അയാൾ ഇവിടെ ഓഫീസിൽ ഉണ്ടായിരുന്നു എന്ന്…… “ജോജി തന്നെ…..!! ആ വെളിപ്പെടുത്തലും അവളിൽ വലിയൊരു ഞെട്ടലിലാണ് തിരികൊളുത്തിയത്……. എന്തൊക്കെയാണ് തനിക്ക് ചുറ്റും സംഭവിക്കുന്നത് എന്നറിയാതെ മനസ്സിലാവാതെ അവൾ അനന്തുവിൻറെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു….. ”

കഴിഞ്ഞ ആറു വർഷമായി ഞാനും ജോജിയും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ട്….. അവൻറെ ആ വെളിപ്പെടുത്തൽ വീണ്ടും അവളുടെ മുഖത്ത് അത്ഭുതത്തിന്റെ പ്രതീതി തന്നെയായിരുന്നു ഉണർത്തിരുന്നത്….. ” ഇനി ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ മോൾ ശ്രദ്ധയോടെ കേൾക്കണം…… അതിനു മുൻപ് ഒരു കാര്യം ഞാൻ നിന്നോട് ആദ്യമേ പറയാം, ഒരിക്കലും ഈ കാര്യത്തിന് പേരിൽ നീ നമ്മുടെ അച്ഛനെ വെറുക്കാൻ പാടില്ല…. മകൾക്ക് വേണ്ടി ഏതൊരു അച്ഛനും ചെയ്യുന്നത് ഒക്കെ നമ്മുടെ അച്ഛനും ചെയ്തിട്ടുള്ളൂ….. അച്ഛന്റെ സ്വാർത്ഥത അൽപം ക്രൂരമായിപ്പോയി എന്ന് മാത്രം…… ഈ വർഷങ്ങൾക്കിടയിൽ അച്ഛൻ ചെയ്തതിന് ഞാൻ പരിഹാരവും കണ്ടുകഴിഞ്ഞു…… ” ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല…… അച്ഛൻ എന്ത് ചെയ്തു എന്നാണ്…..,,? “ചേട്ടൻ എല്ലാം നിന്നോട് പറയും…..

അതിനു വേണ്ടി തന്നെയാണ് ഇങ്ങ് വന്നത്….. ഇനി ഇങ്ങനെ നീറി കഴിയാൻ എൻറെ മോളെ ഏട്ടൻ അനുവദിക്കില്ല….. ജോജി തന്നെ എല്ലാം മോളോട് നേരിട്ട് പറയട്ടെ എന്നായിരുന്നു ഞാൻ കരുതിയത്…… പക്ഷെ അവനെ കേൾക്കാൻ നീ കൂട്ടാക്കിയില്ല എന്ന് പറഞ്ഞപ്പോൾ അത് നിന്നോട് പറയേണ്ട ഉത്തരവാദിത്വം എന്റെ തന്നെയാണെന്ന് എനിക്ക് തോന്നി…… ” ചേട്ടൻ കാര്യം പറ… ” നീ വിചാരിക്കുന്നത് പോലെ ജോജിയുടെ വിവാഹം കഴിഞ്ഞിട്ടില്ല…… വലിയ ഞെട്ടൽ തോന്നിയില്ല എങ്കിലും അതിനോടൊപ്പം മനസ്സിൻറെ ഉള്ളിൽ എവിടെയോ ഒരു ആശ്വാസവും തെളിയുന്നത് അവൾ അറിയൂന്നാണ്ടായിരുന്നു…… തന്റെ മനസ്സ് ഈയൊരു വാർത്ത ആഗ്രഹിച്ചിരുന്നു എന്ന് തോന്നിയിരുന്നു…..

“ഇത് ഞാൻ അറിഞ്ഞിട്ട് ആറു വർഷങ്ങൾ കഴിഞ്ഞു…… അതും അവളിൽ വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു ഉണർത്തിയിരുന്നത്….. കൃത്യമായി പറഞ്ഞാൽ നീ കൽക്കട്ടയ്ക്ക് പോയതിനു മുൻപ് തന്നെ…… അന്ന് ഞാൻ ജോജിയെ കാണാൻ വേണ്ടി ജോജിയുടെ നാട്ടിൽ പോയപ്പോൾ… അന്ന് ഞാനറിഞ്ഞത് ഞെട്ടിപ്പിക്കുന്ന കുറച്ച് വെളിപ്പെടുത്തലുകൾ ആയിരുന്നു…… ” എന്ത്…..? അവൾക്ക് ആകാംഷ തുടങ്ങി കഴിഞ്ഞിരുന്നു… “ഞാൻ ജോജിയെ തിരക്കി ചെന്നത് ഒരു ഓർഫനേജിൽ ആയിരുന്നു…. ഓർഫനേജിൽ ഞാൻ ചെല്ലുമ്പോൾ എല്ലാം തകർന്ന അവസ്ഥയിലായിരുന്നു അയാൾ….. എൻറെ സഹോദരി എന്തിനു ചതിച്ചു എന്ന് ചോദിക്കാൻ വേണ്ടിയാണ് ഞാൻ ചെന്നത് പക്ഷേ അയാൾക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു ചതിയുടെ കഥയായിരുന്നു……. അവൻ ആ ഓർമ്മകളിലേക്ക് പോയിരുന്നു……

സാന്ത്വനം എന്ന ഓർഫനേജിലെ പടികൾ കയറിയപ്പോൾ തന്നെ അനന്തുവിന് ദേഷ്യം തോന്നിയിരുന്നു….. എൻറെ പെങ്ങൾക്ക് മോഹം കൊടുത്തതിനു ശേഷം അവളെ സർവ്വത്ര തകർത്തതിന് ശേഷമാണ് അവൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നത് എന്ന ചിന്ത അവന്റെ മനസ്സിൽ എരിഞ്ഞു …… അവൻറെ വീട്ടിലെ അഡ്രസ്സ് എടുക്കുന്നതിനു വേണ്ടി ആയിരുന്നു സാന്ത്വനത്തിലേക്ക് ചെന്നത്…… അവിടെ ചെന്ന് ആദ്യം തന്നെ മദറിനെ കണ്ടപ്പോൾ അവൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിരുന്നു….. അതുകൊണ്ട് തന്നെ കുറച്ച് സമയം വിസിറ്റേഴ്സിന് ഉള്ള റൂമിലിരുന്ന്….. അതിനുശേഷമാണ് ജോജി ഇറങ്ങിവരുന്നത്…. അയാളെ കണ്ടപ്പോൾ തന്നെ അനന്തുവിന് അത്ഭുതം തോന്നിയിരുന്നു…….

ഇതുവരെ കണ്ട രൂപമായിരുന്നില്ല….. ഷേവ് ചെയ്യാത്ത താടിയും പ്രാകൃതമായി കിടക്കുന്ന തലമുടിയും ഒക്കെ ഒരു ഭ്രാന്തനെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് അവന് തോന്നിയത്……. പെട്ടെന്ന് തന്നെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി എന്ന് തോന്നിയിരുന്നു…… എങ്കിലും ചൊടിയിൽ ഉണ്ടായിരുന്ന ഒരു വാടിയ ചിരി……. ആ വാടിയ ചിരിയോടെ തൻറെ അരികിലേക്ക് വന്നു നിന്നുകൊണ്ട് അവൻ സംസാരിച്ചു തുടങ്ങി…. ” ആരിത് അനന്തുവോ…..? ” ഞാൻ തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ….. കുറച്ച് സംസാരിക്കാൻ ഉണ്ട്….. പക്ഷേ ഇവിടെ വച്ച് പറ്റില്ല….. ഇതൊരു വിശുദ്ധമായ സ്ഥലമാണ് ഇവിടെ വച്ച് എനിക്ക് പറയാനുള്ളത് തന്നോട് പറയാൻ സാധിക്കില്ല….. ” ഇനി എന്നോട് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്…..? അവന്റെ ആ വാക്കുകളിൽ തോന്നിയത് ദേഷ്യം ആയിരുന്നു….. ”

എൻറെ പെങ്ങളെ പറഞ്ഞു മോഹിപ്പിച്ച് അവസാനം വേറെ ഒരുത്തിയെ കണ്ടപ്പോൾ അവളെ കല്യാണം കഴിച്ച തന്നെ ഒന്ന് ശരിക്ക് കാണാൻ വേണ്ടി വന്നതാണ്….. തൻറെ വെളിപ്പെടുത്തലിൽ ശക്തമായ ഒരു ഞെട്ടൽ ജോജിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു എങ്കിലും ഒരു പുഞ്ചിരിയാണ് ജോജിയിൽ ഉണ്ടായത്….. അത്‌ കണ്ടപ്പോൾ വീണ്ടും അനന്തുവിന് ദേഷ്യമാണ് തോന്നിയത്….. ” അനന്തു നമ്മുക്ക് പുറത്തേക്ക് നിന്ന് നമുക്ക് സംസാരിക്കാം….. അത്രയും പറഞ്ഞു അവൻ പുറത്തേക്കു ഇറങ്ങിയപ്പോൾ അനന്ദുവും അവനെ അനുഗമിക്കുന്നുണ്ടായിരുന്നു…. “ഞാൻ വിചാരിച്ചത് സഹോദരിയുടെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറണം എന്നുള്ള ഭീഷണിയുമായി വന്നതാണ് അനന്ദു എന്നാണ്…. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി….. ഈ കാര്യത്തെപ്പറ്റി വ്യക്തമായി ഒന്നും താൻ അറിഞ്ഞിട്ടില്ല എന്ന്……

അങ്ങനെ ഏതെങ്കിലും ഒരു പെൺകുട്ടിയെ കണ്ടാൽ അവളിൽ ഭ്രമിച്ച് രാധയെ മറക്കാനും മാത്രമുള്ള ക്ഷണികമായ സ്നേഹം ആയിരുന്നില്ല എനിക്ക് അവളോട് ഉണ്ടായിരുന്നത്…… അനന്തുവിന് അറിയില്ലെങ്കിലും രാധായ്ക്ക് അറിയാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്….. മറിച്ച് ഞാൻ മറ്റൊരു വിവാഹം കഴിച്ചു എന്ന് അവളും വിശ്വസിച്ചു പോയെങ്കിൽ എന്ത് പറയാൻ ആണ് ഞാൻ…… ” നിങ്ങൾ ആരോടാണ് വീണ്ടും വീണ്ടും ഈ കള്ളം പറയുന്നത്….. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബെഞ്ചമിൻ ഫാദർ തന്നെയാണ് വീട്ടിൽ വന്ന് ഈ വിവരം പറഞ്ഞത്…… “പറഞ്ഞു എന്നു പറയുന്നതിനേക്കാൾ പറയിപ്പിച്ചു എന്ന് പറയുന്നതായിരിക്കും ശരി…… ഒരാളെങ്കിലും ഈ സത്യം അറിയണം…… പക്ഷേ ഞാൻ ഈ സത്യം പറയണമെങ്കിൽ ഒരു ഉറപ്പ് തരണം…… ഈ സത്യം ഒരിക്കലും ഇപ്പോൾ രാധ അറിയാൻ പാടില്ല……

“എന്താണ് നിങ്ങൾക്ക് പറയാനുള്ളത്…. ” നിങ്ങളുടെ അച്ഛൻ പറഞ്ഞിട്ടാണ് ഞാനും ഫാദറും അങ്ങനെ ഒരു കള്ളം പറഞ്ഞത്….. ശക്തമായ ഒരു ഞെട്ടൽ അനന്ദുവിൽ ഉണ്ടായതായി ജോജിക്ക് തോന്നിയിരുന്നു…. “നേരായ മാർഗ്ഗത്തിൽ എന്നോട് വന്ന് നിങ്ങളുടെ അച്ഛൻറെ മകളുടെ ജീവിതത്തിൽ നിന്നും മാറി കൊടുക്കണം എന്ന് പറയുകയായിരുന്നു എങ്കിൽ അവളുടെ ഓർമ്മകളിൽ മാത്രം ജീവിച്ച് സന്തോഷപൂർവ്വം ഞാൻ മാറിയേനെ……. പക്ഷേ അതിനു വേണ്ടി കണ്ടുപിടിച്ച മാർഗ്ഗം വളരെ മോശപ്പെട്ട ഒരു മാർഗമായിരുന്നു….. സ്വന്തം മക്കൾക്ക് വേണ്ടി മറ്റൊരു പെൺകുട്ടിയുടെ ജീവിതം വെച്ചാണ് തന്റെ അച്ഛൻ എനിക്കെതിരെ തിരിഞ്ഞത്…… എൻറെ ജീവനാണ് എൻറെ പെങ്ങൾ അതുപോലെ തന്നെ ആയിരിക്കും അനന്തുവിനും….. പക്ഷേ അവൾ ഒരു മിണ്ടാപ്രാണിയാണ്…..

സംസാരിക്കാൻ കഴിവില്ലാത്ത കുട്ടി…… അതുകൊണ്ടുതന്നെ ഒരുപാട് വിവാഹാലോചനകൾക്ക് വന്നു മുടങ്ങി പോയി…… ഏതൊരു സഹോദരനെയും പോലെ ഞാനും തകർന്നു പോയിരുന്നു….. ആ സമയത്താണ് ഒരു വിവാഹാലോചന അവൾക്ക് വരുന്നത്…… അവളുടെ സംസാരശേഷി ഇല്ലായ്മയും ഞങ്ങൾക്ക് ബന്ധുക്കൾ ഇല്ലാത്തതൊന്നും അവർക്കൊരു വിഷയമല്ല….. അവളെ മാത്രം മതി അവർക്ക്…… ഏതൊരു സഹോദരനെയും പോലെ ഞാൻ നിറഞ്ഞു സന്തോഷിച്ച നിമിഷം….. പക്ഷേ എല്ലാ കാര്യങ്ങളും കഴിഞ്ഞപ്പോൾ, പയ്യൻ വന്നു കണ്ടു അവളുടെ മനസ്സിൽ മോഹവും കൊടുത്തതിനു ശേഷമാണ് പുതിയൊരു ഡിമാൻഡ് ആയി അവരുടെ വീട്ടുകാർ എന്നെ വിളിക്കുന്നത്……

മറ്റൊന്നുമല്ല ഈ വിവാഹം നടക്കണമെങ്കിൽ ജോജി അനുരാധയെ മറക്കണം എന്ന്…… അതും വെറുതെ മറന്നാൽ പോരാ ഞാൻ അവളെ മറന്നു എന്ന് അവൾ വിശ്വസിക്കണം…… അവൾ വിശ്വസിച്ചാൽ മാത്രമേ അവർ വിവാഹത്തിന് സമ്മതിക്കു…. വിവാഹ സ്വപ്നങ്ങളുമായി നിൽക്കുന്ന പെങ്ങളോട് ഞാൻ എന്തു മറുപടി പറയും…… എന്റെ പ്രണയത്തിന് വേണ്ടി ഞാൻ അവളുടെ മോഹങ്ങൾ ഉപേക്ഷിക്കാൻ പറയാൻ പറ്റുമോ….? അവളുടെ സ്വപ്നങ്ങൾക്ക് വേണ്ടി എൻറെ സ്വപ്നങ്ങൾ മറക്കുക എന്നതു മാത്രം ആയിരുന്നു എന്റെ മുൻപിൽ …… മറ്റു മാർഗങ്ങളൊന്നുമില്ല…..

മിണ്ടാപ്രാണിയായ അവളോട് മറക്കാൻ പറയാനും സഹോദരൻറെ പ്രണയത്തിന് വേണ്ടി ജീവിതം ഉപേക്ഷിക്കാൻ പറയാനും ഒന്നും എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല…… അങ്ങനെ തന്റെ അച്ഛൻറെ നിർദ്ദേശപ്രകാരം ആ പയ്യൻറെ വീട്ടുകാർ പറഞ്ഞതുപോലെ തന്നെ ഞാൻ പറയാൻ തീരുമാനിച്ചു….. ഫാദറിനു നല്ല വിഷമം ഉണ്ടായിരുന്നു…… തീർന്നില്ല തൻറെ അച്ഛൻ നല്ലൊരു തുക വാഗ്ദാനം ചെയ്തിട്ടുണ്ട് ആ പയ്യൻറെ വീട്ടുകാർക്ക്…. എൻറെ പെങ്ങളെ കല്യാണം കഴിപ്പിച്ചു കൊടുക്കാനായി…… ആദ്യകാഴ്ചയിൽ തന്നെ അവൻ എൻറെ അനുജത്തിയുടെ മനസ്സിൽ വേരുറച്ചു പോയി….. അതുകൊണ്ട് സത്യങ്ങൾ ഒന്നും എനിക്ക് അവളോട് തുറന്നു പറയാൻ സാധിക്കില്ലായിരുന്നു…… ആ ഒരവസ്ഥയിലാണ് അങ്ങനെ ഒരു കള്ളം പറയാൻ ഞാൻ നിർബന്ധിതനായത്…… ശക്തമായ ഒരു ഞെട്ടൽ അനന്ദുവിൽ ഉണ്ടായത് ജോജി കണ്ടിരുന്നു……..(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 38

Share this story