ആത്മിക : ഭാഗം 26

ആത്മിക : ഭാഗം 26

എഴുത്തുകാരി: ശിവ നന്ദ

ഹർഷൻ ആ മുറിയിലേക്ക് കൈചൂണ്ടി ദേവുവിന്റെ പേര് പറഞ്ഞതും കിച്ചന്റെയും ആൽബിയുടെയും മനസ്സിൽ ഭയം നിറഞ്ഞു.കിച്ചൻ ആ മുറി തുറക്കാൻ നോക്കി.പക്ഷെ അത് അകത്തു നിന്നും പൂട്ടിയിരിക്കുവായിരുന്നു.അതോടെ ഹർഷനെ നിലത്തേക്ക് കിടത്തി ആൽബിയും ആ മുറിയുടെ അടുത്തേക്ക് ചെന്നു..വാതിലിൽ ചെവിചേർത്ത് വെച്ചപ്പോൾ ആണ് അകത്തു നിന്നും ചില ശബ്ദങ്ങൾ അവൻ കേട്ടത്..ആൽബി ദേഷ്യത്തോടെ ആ വാതിലിൽ ചവിട്ടി..കിച്ചനും കൂടി ചേർന്നതോടെ ആ വാതിൽ പൊളിച്ച് അവർ അകത്തു കയറി.. ദേവുവിന്റെ വാ പൊത്തി അവളെ ബലമായി പിടിച്ച് ഭിത്തിയോട് ചേർന്ന് നിന്നിരുന്ന ക്രിസ്റ്റി, ആൽബിയെയും കിച്ചനെയും കണ്ട് പകച്ച് പോയി..രക്തവർണമായ ആൽബിയുടെ കണ്ണിലെ തീവ്രത കണ്ടതും അവൻ ദേവുവിലുള്ള പിടിവിട്ടു..അവൾ നിലത്തേക്ക് ഊർന്ന് വീണതും കിച്ചൻ ഓടി അവളുടെ അടുത്തെത്തി.. അവളുടെ തലയെടുത്ത് അവന്റെ മടിയിലേക്ക് വെച്ച് അവൻ ദേവുവിനെ വിളിക്കാൻ തുടങ്ങി..

പക്ഷെ അവൾ ഉണർന്നില്ല..ഇരുകവിളിലും അടികൊണ്ട പാട് കണ്ടതും കിച്ചന്റെ നോട്ടം ക്രിസ്റ്റിയിലേക്ക് നീണ്ടു..അതോടെ ഇനി ഇവിടെ നിന്നാൽ തന്റെ ജീവന് ആപത്താണെന്ന് മനസ്സിലായതും ക്രിസ്റ്റി പുറത്തേക്ക് ഇറങ്ങി ഓടാൻ ശ്രമിച്ചു..പക്ഷെ അപ്പോഴേക്കും ആൽബിയുടെ വലംകൈ അവന്റെ കഴുത്തിൽ മുറുകിയിരുന്നു.ശ്വാസം കിട്ടാതെ പിടയുന്നവനെ തന്റെ നേർക്ക് നിർത്തിക്കൊണ്ട് ആൽബി അവന്റെ അടിനാഭിയിൽ ആഞ്ഞ് ചവിട്ടി..അതോടെ അവൻ നിലത്തേക്ക് ഇരുന്നു പോയി..അവിടെ നിന്നും എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ആൽബി അവന്റെ നെഞ്ചിൻകൂട് തകർത്തിരുന്നു..അവന്റെ വായിൽ നിന്ന് രക്തം പുറത്തേക്ക് ചീറ്റി..എന്നിട്ടും ആൽബി അടങ്ങിയില്ല..അവന്റെ കോളറിൽ പിടിച്ച് പൊക്കിക്കൊണ്ട് വീണ്ടും പ്രഹരം തുടർന്നു..

“ആൽബി…” കിച്ചന്റെ വിളി കേട്ട് ക്രിസ്റ്റിയെ പിറകിലേക്ക് തള്ളി അവൻ ദേവുവിന്റെ അടുത്തേക്ക് ചെന്നു.ആ തക്കത്തിന് ഒരുവിധം ക്രിസ്റ്റി ആ മുറിയിൽ നിന്നും രക്ഷപെട്ട് ഓടി..അവന്റെ പിറകെ പോകാനായി ആൽബി എഴുന്നേറ്റെങ്കിലും കിച്ചൻ അവനെ തടഞ്ഞു. “അവന്റെ കാര്യം പിന്നെ നോക്കാം..ഇപ്പോൾ എന്റെ പെണ്ണ്..ഇവള് കണ്ണ് തുറക്കുന്നില്ല ആൽബി” “നീ ടെൻഷൻ ആകാതെ..വേഗം ഇവളെ എടുത്തുകൊണ്ട് വാ..” അതും പറഞ്ഞ് ആൽബി കാർ എടുക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഹർഷന്റെ കാര്യം ഓർത്തത്..അവൻ ഹർഷന്റെ അടുത്ത് ചെന്നു..അപ്പോഴും “ദേവു” എന്ന് മന്ത്രിച്ചുകൊണ്ട് കിടക്കുവായിരുന്നു അവൻ. “ഹർഷാ…” ആൽബി അവന്റെ തല പൊക്കിക്കൊണ്ട് വിളിച്ചു..അവൻ പാതിയടഞ്ഞ കണ്ണ് കൊണ്ട് ആൽബിയെ നോക്കി.

“ദേവു…” “സേഫ് ആണ്..” ഹർഷന്റെ മുഖത്ത് ആശ്വാസം നിഴലിച്ചു..പൊടുന്നനെ ശ്വാസം ആഞ്ഞുവലിച്ചു കൊണ്ട് അവനൊന്ന് ഉയർന്നുപൊങ്ങി.അപ്പോഴേക്കും ദേവുവിനെ കാറിലേക്ക് കിടത്തി കിച്ചനും എത്തിയിരുന്നു. “കിച്ചു നീ വേഗം ആംബുലൻസ് വിളിക്ക്…എന്നിട്ട് അമ്മുവിനെയും ദേവുവിനെയും കൊണ്ട് നീ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ” “അപ്പോൾ നീയോ??” “ഞാൻ ഇവനെയും കൊണ്ട് വന്നോളാം” ആൽബി അത് പറഞ്ഞതും ഹർഷൻ അവന്റെ കൈയിൽ അമർത്തി പിടിച്ചു..എന്നിട്ട് വേണ്ട എന്നർത്ഥത്തിൽ തലയനക്കി. “നീ അമ്മുവിനോട് കാണിച്ച ക്രൂരതകൾ മറന്നിട്ടല്ല…ഞാൻ ഒരു മനുഷ്യൻ ആയത് കൊണ്ട് നിന്നെ ഇവിടെ ഇട്ടിട്ട് പോകാൻ എനിക്ക് പറ്റില്ല..” “കൊണ്ട്…പോയാ..ലും…ന്നെ രക്ഷിക്കാൻ..കഴിയില്ല..ദേവു..അവളെ.. നോക്കിയാ മതി”

“ഇപ്പോൾ നിനക്ക് ജീവനുണ്ട്..എന്റെ മുന്നിൽ വെച്ച് ആ ജീവൻ പോകുന്നത് കണ്ടുകൊണ്ട് നിൽക്കാൻ ആകില്ല” അതിന് മറുപടി പറയാൻ ഹർഷന് കഴിഞ്ഞില്ല..അവനെ മടിയിലേക്ക് എടുത്ത് കിടത്തി ആൽബി അവനെ വിളിച്ചു..പക്ഷെ അവൻ അനങ്ങിയില്ല..അവന്റെ കൈവിരലുകൾ ആൽബിയുടെ കഴുത്തിലെ പൊൻകുരിശിൽ തട്ടിനിന്നു… 💞💞💞💞💞💞💞💞 ഹോസ്പിറ്റലിൽ തൊട്ടടുത്ത ബെഡുകളിൽ കിടക്കുന്ന അമ്മുവിന്റെയും ദേവുവിന്റെയും അടുത്ത് അവരെ തന്നെ നോക്കിനിൽകുവായിരുന്നു കിച്ചനും ആൽബിയും..കിച്ചന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..രണ്ടും തനിക് അത്രമേൽ പ്രിയപ്പെട്ടവർ…ആൽബിയുടെ നോട്ടം അമ്മുവിന്റെ മുഖത്ത് തറഞ്ഞുനിന്നു..താൻ ഒന്ന് മാറിനിന്നപ്പോഴേക്കും അവൾക്ക് ഇങ്ങനെ സംഭവിച്ചു..ഇല്ല ഇനിയൊരിക്കലും നിന്നെ ഞാൻ ഒറ്റക്കാക്കി പോകില്ല അമ്മൂട്ടി..നിന്നെ കാണാതിരുന്ന അത്രയും നേരം ഞാൻ അനുഭവിച്ച വേദന…അവൻ അമ്മുവിന്റെ മുടിയിഴകളിൽ തഴുകിയിരിക്കുമ്പോൾ ആണ് ഡോക്ടർ വന്നത്. “ഡോക്ടർ..

ഇവർക്ക് കുഴപ്പം എന്തെങ്കിലും??” “അങ്ങനെ കുഴപ്പം ഒന്നുമില്ല ആൽബിൻ..ദേവിക പേടിച്ചിട്ട് അൺകോൺഷ്യസ് ആയതാണ്.സോ ആ കുട്ടി ഇപ്പോൾ തന്നെ ഉണരും..ബട്ട്‌ ആത്മിക…” “എന്താ ഡോക്ടർ?? അമ്മുവിന്…” “ഏയ്‌ don’t be panic…അറിയാലോ ഡ്രഗ് ഇൻജെക്ട് ചെയ്തിട്ടുണ്ട്..അതിന്റെ ഡോസ് ഒരല്പം കൂടിയിരുന്നെങ്കിൽ the matter would have been complicated..ഇപ്പോൾ എന്തായാലും രണ്ട് മണിക്കൂർ ഇവിടെ കിടക്കട്ടെ..എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി” രണ്ട് പേരുടെയും പൾസ് നോക്കിയിട്ട് ഡോക്ടർ പോയി.ഡോക്ടറുടെ വാക്കുകൾ കേൾക്കേ ആൽബിയുടെ നെഞ്ചൊന്ന് പിടച്ചു..ഇതൊന്നുമറിയാതെ മയങ്ങി കിടക്കുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി..കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് എഴുന്നേറ്റപ്പോഴാണ് കിച്ചൻ അടുത്തുണ്ടായിരുന്നെന്ന് അവൻ ഓർത്തത്..എന്നാൽ കിച്ചന്റെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി കണ്ടതും ആൽബിയും ചിരിച്ചു.

“നീ ടീനുനെ വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറ..അവളുടെ ആവശ്യം ഇവിടെ ഉണ്ട്” “ആൽബി ഞാൻ ഒരു കാര്യം ചോദിക്കട്ടെ” “ജെറിയുടെ കാര്യം അല്ലേടാ..അതൊന്നുമില്ല..അമ്മുവെന്ന് വെച്ചാൽ അവന് ജീവനാണ്..അവളെ കാണുന്നില്ലെന്ന് അറിഞ്ഞപ്പോഴുള്ള ടെൻഷൻ ആയിരുന്നു” “അതെനിക്ക് മനസിലായി..പക്ഷെ അതിനിടയ്ക്ക് ചിക്കുവിന്റെ പേര് എങ്ങനെ വന്നു” “എടാ..അത്..അത് അങ്ങനെ അല്ല…അമ്മുവിനെ നമ്മൾ ചിക്കുനെ പോലെയല്ലേ കാണുന്നത്..അത് വെച്ച് പറഞ്ഞതാ” വീണ്ടും കിച്ചൻ എന്തോ ചോദിക്കാൻ വന്നതും അതിന് അനുവദിക്കാതെ ആൽബി ഇടയ്ക്ക് കയറി. “സമയം കളയാതെ നീ ടീനുനെ വിളിക്ക്..ഞാൻ ഐസിയുവിന്റെ അടുത്ത് കാണും” “ഡാ ഹർഷൻ…രക്ഷപെടുമോ??” “അറിയില്ല..ക്രിട്ടിക്കൽ ആണെന്ന ഡോക്ടർ പറഞ്ഞത്” “ശെരിക്കും അവിടെ എന്തായിരിക്കും സംഭവിച്ചത്..ഇവരുടെ അമ്മ എവിടെ?? ” “അതൊക്കെ ദേവു ഉണരുമ്പോൾ അവൾ പറയും..

ഞാൻ എന്തായാലും അങ്ങോട്ട് ചെല്ലട്ടെ” ആൽബി പോയതും കിച്ചൻ ടീനയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.അവൾ ഉടനെ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ചതും ദേവു മെല്ലെ കണ്ണുകൾ തുറക്കുന്നതും പേടിയോടെ എഴുന്നേൽക്കുന്നതും കിച്ചൻ കണ്ടു..അവൻ പെട്ടെന്ന് തന്നെ അവളുടെ അടുത്തെത്തി.. “ദേവു…പേടിക്കണ്ട..ഞാൻ ഇവിടെ തന്നെയുണ്ട്” “കിച്ചേട്ടാ…ഞാൻ..അയാൾ..ആ ക്രിസ്റ്റി എന്നെ..” “ഒന്നും സംഭവിച്ചിട്ടില്ല ദേവു…ദേ നോക്കിയേ..നിനക്ക് ഒരു കുഴപ്പവും ഇല്ല” അവൾ കൈകൊണ്ട് ശരീരം ആകമാനം തൊട്ടുനോക്കി..അവളുടെ പരാക്രമം കണ്ട് ഉള്ളിലെ നീറ്റൽ അടക്കി കിച്ചൻ ഒന്ന് ചിരിച്ചു.അത് കണ്ടതും അവൾക് നേരിയ ആശ്വാസം തോന്നി. “എന്താ അവിടെ സംഭവിച്ച?? നിന്റെ അമ്മ ഇതെവിടെ പോയതാ??” “അമ്മ ഒരു ബന്ധുവീട്ടിൽ പോയതാ..എന്നെ വിളിച്ചു..പക്ഷെ ഹർഷേട്ടൻ വിട്ടില്ല..

അങ്ങനെ ഹർഷേട്ടനോട് വഴക്കിട്ട് ഞാൻ മുറിയിൽ ഇരിക്കുമ്പോഴാ ഏട്ടന് ഒരു കാൾ വന്നത്..വാതിൽ അടച്ച് അകത്തു തന്നെ ഇരിക്കണമെന്ന് പറഞ്ഞ് ഹർഷേട്ടൻ വെപ്രാളത്തോടെ പോകുന്നത് കണ്ടു” “എന്നിട്ട്??” “കുറച്ച് കഴിഞ്ഞപ്പോ ആരോ കാളിങ് ബെൽ അടിച്ചു.ഹർഷേട്ടൻ ആയിരിക്കുമെന്ന് കരുതിയ ഞാൻ വാതിൽ തുറന്നത്..പക്ഷെ ആ ക്രിസ്റ്റി…ഞാൻ കതക് അടയ്ക്കുന്നതിന് മുൻപ് തന്നെ അയാൾ അകത്തേക്ക് ഇടിച്ചുകയറിയിരുന്നു.” അത് പറയുമ്പോഴുള്ള അവളുടെ കണ്ണിന്റെ പിടച്ചിൽ കണ്ടപ്പോൾ തന്നെ അവൾ എത്രത്തോളം പേടിച്ചിട്ടുണ്ടെന്ന് കിച്ചന് മനസിലായി.അവൻ അവളെ നെഞ്ചിലേക്ക് ചേർത്തിരുത്തി.. “അയാൾ എന്റെ അടുത്തേക്ക് വന്ന് കൊണ്ട് എന്തൊക്കെയോ പറഞ്ഞു കിച്ചേട്ടാ..എനിക്ക് ഒന്നും മനസിലായില്ല..ഇറങ്ങി പോകാൻ പറഞ്ഞപ്പോൾ അയാൾ എന്നെ….

പിടിവലിക്കിടയിലാ ഹർഷേട്ടൻ കയറി വന്നത്..പിന്നെ അവർ തമ്മിൽ അടി ആയി..അതിനിടയ്ക്ക് എന്നോട് റൂമിൽ കയറി വാതിൽ ലോക്ക് ചെയ്യാൻ ഹർഷേട്ടൻ പറഞ്ഞു..അപ്പോഴാ ആ ക്രിസ്റ്റി ഹർഷേട്ടനെ കുത്തിയത്…” പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ കിച്ചന്റെ മുഖത്തേക്ക് നോക്കി.. “കിച്ചേട്ടാ…എന്റെ..ന്റെ ഹർഷേട്ടൻ…” “ഓപ്പറേഷൻ നടക്കുവാ” “കിച്ചേട്ടാ…” അവളെ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ച് കിച്ചൻ മുടിയിലൂടെ തഴുകി..ഏങ്ങലടിച്ച് കരയുന്നവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അവന് അപ്പോൾ അറിയില്ലായിരുന്നു..എത്രയൊക്കെ വെറുക്കുന്നുണ്ടെന്ന് പറഞ്ഞാലും ദേവുവിന്റെ സ്വന്തം ഏട്ടനാണ് അവൻ..ഒരിക്കൽ തന്റെ ജീവനേക്കാളേറെ അവൾ സ്നേഹിച്ച അവളുടെ ഏട്ടൻ… “ദേവു ഇങ്ങനെ കരയാതെ..

തക്കസമയത് തന്നെ അവനെ കൊണ്ട് വന്നത് കൊണ്ട് കുഴപ്പം ഒന്നുമുണ്ടാകില്ല” അവൾ കണ്ണ് തുടച്ചുകൊണ്ട് അവനെ നോക്കി. “ഹർഷേട്ടൻ ചെയ്ത തെറ്റുകൾക്ക് മരണം തന്നെയാ ശിക്ഷ..പക്ഷെ അങ്ങനെ ആഗ്രഹിക്കാൻ എനിക്ക് കഴിയില്ലല്ലോ..എന്റെ കൂടെപ്പിറപ്പ് അല്ലേ…എന്റെ..എന്റെ ഏട്ടൻ ആയിപ്പോയില്ലേ…” “നീ സമാധാനം ആയിട്ടിരിക്ക്” “കിച്ചേട്ടാ..അമ്മു അറിഞ്ഞോ??” അവൾ അത് ചോദിച്ചതും കിച്ചന്റെ നോട്ടം തൊട്ടടുത്ത ബെഡിലേക്ക് പോയി..അപ്പോഴാണ് ദേവു തിരിഞ്ഞുനോക്കുന്നത്..അമ്മുവിനെ കണ്ടതും അവൾ ചാടിപിടഞ്ഞെഴുന്നേറ്റ് അമ്മുവിന്റെ അടുത്തേക്ക് ചെന്നു. “അമ്മു..എന്താ ഇത്..ഇവൾക്ക് എന്താ പറ്റിയ???” “നീ ഇവിടെ വന്നിരിക്ക് ദേവു..ഞാൻ പറയാം” ഒരുവിധം അവളെ ബെഡിലേക്ക് ഇരുത്തികൊണ്ട് അമ്മുവിനെ കാണാതായ കാര്യവും പിന്നീട് അവളെ കാറിൽ നിന്ന് കിട്ടിയതും ഒക്കെ കിച്ചൻ പറഞ്ഞു. “ഇവൾ എങ്ങനെ ആ കാറിൽ വന്നു??

ഇനി ഹർഷേട്ടൻ എങ്ങാനും??” “മ്മ്മ് ഹർഷൻ തന്നെയാണ് അങ്ങോട്ട് കൊണ്ട് വന്നത്..പക്ഷെ മറ്റെവിടെ നിന്നോ അവളെ രക്ഷപെടുത്തി കൊണ്ട് വന്നതാകും..എന്താണ് യഥാർത്ഥ സംഭവം എന്ന് അമ്മു പറഞ്ഞാലേ അറിയാൻ പറ്റു. “അവൾ എന്താ കിച്ചേട്ടാ ഉണരാത്ത” “ഇപ്പോൾ ഉണരും..അതുവരെ നീ ഇവിടെ അടങ്ങി ഇരിക്ക്” അമ്മുവിനെയും നോക്കി സങ്കടത്തോടെ ഇരിക്കുന്ന ദേവുവിനെ തോളിലേക്ക് ചായ്ച്ച് ഇരുത്തികൊണ്ട് കിച്ചൻ അവളുടെ മൂർദ്ധാവിൽ ചുണ്ട് ചേർത്തു..അപ്പോഴാണ് ടീന വന്നത്..ദേവുവിനെ ഒന്ന് നോക്കിയിട്ട് അവൾ അമ്മുവിന്റെ അടുത്ത് വന്നിരുന്നു..അവളുടെ തലയിൽ ഒന്ന് തഴുകിയിട്ട് കിച്ചനോട് അവൾ കാര്യങ്ങൾ ചോദിച്ചു.എല്ലാം കേട്ടിട്ട് മറുപടി ഒന്നും പറയാതെ ടീന അവിടെ ഇരുന്നു. “ആൽബി എവിടെ??” “ഹർഷന് ഓപ്പറേഷൻ നടക്കുവാ..അവൻ അങ്ങോട്ട് പോയി” “ഞാൻ അവനെയൊന്ന് കണ്ടിട്ട് വരാം” ********

നെറ്റി ഉഴിഞ്ഞുകൊണ്ട് കസേരയിൽ ഇരിക്കുന്ന ആൽബിയുടെ അടുത്ത് ടീന ഇരുന്നു..അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ തലയുയർത്തി നോക്കി. “ടീനു ജെറിക്ക് കുഴപ്പം ഒന്നുമില്ലല്ലോ??” “അവന് ഒന്നുമില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്” പുരികം ഉയർത്തി അവൾ ചോദിച്ചതും അവൻ എഴുന്നേറ്റ് കുറച്ച് മാറി നിന്നു. “നമുക്കിടയിൽ രഹസ്യങ്ങൾ ഒന്നുമില്ലെന്നായിരുന്നു എന്റെ വിശ്വാസം..ഇപ്പോൾ കുറച്ച് നാളായിട്ട് ആ വിശ്വാസം നീ തെറ്റിക്കുന്നുണ്ട്” “നീ എന്തൊക്കെയാ ടീനു ഈ പറയുന്ന??” “ജെറിക്ക് എന്താ പ്രശ്നം?? ഇന്ന് ചിക്കുവിനെ കുറിച്ച് അവൻ പറയാൻ കാരണം എന്താ??” “ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ ടീനു” ആൽബിയുടെ ശബ്ദം ഉയർന്നതും ടീന കൂർപ്പിച്ച് അവനെ നോക്കി. “ആൽബി…എന്റെ മുഖത്ത് നോക്കി പറയടാ..ഞാൻ അറിയാൻ പാടില്ലാത്ത എന്ത് കാര്യമാ നിനക്കും ജെറിക്കും ഇടയിൽ ഉള്ളത്..ഒന്നുമില്ലെങ്കിൽ അവൻ പിന്നെയെന്തിനാ മെഡിസിൻ കഴിക്കുന്നത്??”

“ടീനു പ്ലീസ്..നീ കുറച് സമാധാനം താ..ഞാൻ എല്ലാം പറയാം” അവനെ ഒന്ന് നോക്കിയിട്ട് ടീന തിരികെ അമ്മുവിന്റെ അടുത്തേക്ക് പോയി.അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നത്. “ഡോക്ടർ..എന്തായി??” “See Mr.Albin.. ഞാൻ പറഞ്ഞിരുന്നല്ലോ ക്രിട്ടിക്കൽ ആണ്..ഇപ്പോഴും ഒരു ഹോപ്പും പറയാറായിട്ടില്ല…ഇനി അഥവാ ജീവൻ തിരികെ കിട്ടിയാലും ഒരു നോർമൽ ലൈഫ് അയാൾക്കിനി പോസ്സിബിൾ അല്ല” “ഡോക്ടർ പറഞ്ഞ് വരുന്നത്…??” “നട്ടെല്ലിന് ആണ് കുത്തേറ്റത്..അതും ആഴത്തിൽ..അതുകൊണ്ട് തന്നെ കിടന്നിടത് നിന്നും ഒന്ന് അനങ്ങാൻ പോലും അയാൾക്ക് കഴിയില്ല.” ഡോക്ടറുടെ വാക്കുകൾ നിർവികാരതയോടെ കേട്ട് നിൽക്കുകയായിരുന്നു ആൽബി.അപ്പോഴാണ് ഒരു നിലവിളി അവർ കേൾക്കുന്നത്..നോക്കുമ്പോൾ ഹർഷന്റെ അമ്മ ആണ്..കൂടെ കിച്ചനും ഉണ്ട്..ഡോക്ടർ പറഞ്ഞത് അവർ കേട്ടെന്ന് ഉറപ്പാണ്. “എന്റെ മോനെ രക്ഷിക്കാൻ കഴിയില്ലേ ഡോക്ടർ”

“ഏയ്‌..ഇവിടെ നിന്നിങ്ങനെ കരയാതെ..നമുക്ക് നോക്കാം..ഇപ്പോൾ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ..ആദ്യം അയാളുടെ ജീവന് വേണ്ടി പ്രാർത്ഥിക്കുക” അത്രയും പറഞ്ഞ് കൊണ്ട് ഡോക്ടർ പോയി..കിച്ചൻ അവരെ കസേരയിലേക്ക് ഇരുത്തി..ആൽബിയെ കണ്ടതും കുറ്റബോധത്താൽ അവരുടെ ശിരസ്സ് കുനിഞ്ഞു. “ഇവിടെ ഞാൻ ഇരുന്നോളാം..നീ അങ്ങോട്ട് ചെല്ല്” “എടാ അമ്മുവിന്” “അവൾ ഉണർന്നു..നിന്നെ അന്വേഷിക്കുന്നുണ്ട്” അത് കേട്ടതും വല്ലാത്തൊരു സന്തോഷം ആയിരുന്നു അവന്റെ മുഖത്ത്..എത്രയും പെട്ടെന്ന് അമ്മുവിന്റെ അടുത്ത് എത്താനായി മനസ്സ് തുടിച്ചു.. ടീനയുടെ തോളിൽ ചാരിയിരിക്കുന്ന അമ്മുവിനെ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ആൽബി അവളുടെ അടുത്ത് ചെന്ന് ആ കൈകളിൽ പിടിച്ചു. “പേടിക്കണ്ടാട്ടോ..” അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നേരെ ഇരുന്നു. “ഇച്ചായാ..” കരഞ്ഞുവീർത്ത കൺതടങ്ങളുമായി തൊട്ടപ്പുറത്തെ ബെഡിൽ ഇരിക്കുന്ന ദേവുവിന്റെ വിളി കേട്ടപ്പോൾ തന്നെ ആൽബിക്ക് മനസിലായി ഹർഷനെ കുറിച്ച് ചോദിക്കാൻ ആണെന്ന്.

“കുഴപ്പമില്ല ദേവു…” അത് കേട്ടതും അവൾ നിലത്തേക്ക് മിഴികളൂന്നി ഇരുന്നു. “നിന്റെ അമ്മ വന്നിട്ടുണ്ട്..നിനക്കും അങ്ങോട്ട് പോണോ ദേവു” “വേണ്ട ഇച്ചായാ..അമ്മ ഇവിടെ വന്നിട്ടാ അങ്ങോട്ട് പോയത്..ഹർഷേട്ടന് കുഴപ്പം ഒന്നുമില്ലെന്ന് അറിഞ്ഞാൽ മതി..അല്ലാതെ എനിക്ക് ആ മനുഷ്യനെ കാണണ്ട” “അങ്ങനെ ഒന്നും പറയല്ലേ ദേവു” അമ്മുവിന്റെ ദയനീയ സ്വരം കേട്ടതും ദേവു തലയുയർത്തി അവളെ നോക്കി. “നിന്നെ പോലെ ചിന്തിക്കാൻ എനിക്ക് കഴിയില്ല അമ്മു..ആ ജീവന് വേണ്ടി പ്രാര്ഥിക്കുന്നുണ്ട് ഞാൻ..പക്ഷെ ഒരിക്കലും ഹർഷേട്ടനോട് ക്ഷമിക്കാൻ എനിക്ക് പറ്റില്ല” പിന്നെ കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.ഇടയ്ക്ക് നഴ്സ് വന്ന് രണ്ട് പേരെയും ചെക്ക് ചെയ്തിട്ട് പോയി. “അമ്പലത്തിൽ നിന്നിറങ്ങിയ നീ എങ്ങനെയാ ഹർഷന്റെ കൈയിൽ പെട്ടത്??”

ആൽബി ചോദിച്ചതും നടന്നതൊക്കെ അമ്മു പറഞ്ഞു..ക്രിസ്റ്റിയും രാഹുലും കൂടി അവളെ ബ്ലാക്ക് പജീറോയിൽ പിടിച്ച് കയറ്റിയതും പിന്നെ രാഹുൽ ബലമായി എന്തോ തന്റെ കൈയിൽ ഇൻജെക്ട് ചെയ്തതും കുറേ കഴിഞ്ഞപ്പോൾ ഹർഷൻ വന്നതും ഒക്കെ..പിന്നീട് നടന്നതൊന്നും അവൾ അറിഞ്ഞില്ലായിരുന്നു. “അപ്പോൾ ഇവൾ അവരുടെ കസ്റ്റടിയിൽ ആണെന്ന് അറിഞ്ഞാണ് ഹർഷൻ അവിടെ എത്തുന്നത്.ആ ഗ്യാപ്പിൽ ക്രിസ്റ്റി ദേവുവിന്റെ അടുത്തെത്തി.” ആൽബി സ്വയമെന്നോണം പറഞ്ഞു. “അവന്മാരെ വെറുതെ വിടാനാണോ നിന്റെ തീരുമാനം? ” “അങ്ങനെ വിടാൻ പറ്റില്ലല്ലോ ടീനു..ആദ്യം ഇതെല്ലാം ഒന്ന് ഒതുങ്ങട്ടെ” മീശ പിരിച്ചുകൊണ്ട് അവൻ പറഞ്ഞതും ടീന ചിരിയോടെ അവനെ നോക്കി. 💞💞💞💞💞💞💞💞💞

ഹർഷന്റെ ഓപ്പറേഷൻ കഴിഞ്ഞെന്ന് ഡോക്ടർ പറഞ്ഞതും എല്ലാവരും പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി. “ജീവൻ രക്ഷിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞോളു..തത്കാലം ഇതുപോലെ കിടക്കാൻ മാത്രമേ അയാൾക് പറ്റു” “ബെറ്റർ ട്രീറ്റ്മെന്റ്സ് എന്തെങ്കിലും??” “ട്രീറ്റ്മെന്റ് ഒക്കെ ഉണ്ട് ആൽബിൻ..പക്ഷെ ഇപ്പോൾ ഉടനെ ഒന്നും സ്റ്റാർട്ട്‌ ചെയ്യാൻ പറ്റില്ല..അത് കഴിഞ്ഞാണെങ്കിലും ഒരു 50-50 ചാൻസ് മാത്രമേയുള്ളൂ” എല്ലാം കേട്ട് കിച്ചന്റെ നെഞ്ചിലേക്ക് ചാരി നിശബ്ദമായി കരയുവായിരുന്നു ദേവു..ഒരാശ്രയം പോലും ഇല്ലാത്തത് പോലെ ഭിത്തിയിൽ ചാരി നിന്ന് കണ്ണീർവാർക്കുന്ന അമ്മായിയുടെ അടുത്തേക്ക് അമ്മു ചെന്നു..അവളെ കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ അവർ അവളെ കെട്ടിപിടിച്ചു…അവളോട് ചെയ്ത ക്രൂരതകൾക്കൊക്കെ കണ്ണീരിനാൽ അവർ മാപ്പ് പറഞ്ഞുകൊണ്ടിരുന്നു..തിരികെ ഒന്നും പറയാതെ..അവരുടെ നെറുകയിൽ തലോടി അമ്മു നിന്നു……. (തുടരും )

ആത്മിക:  ഭാഗം 25

Share this story