ഭാഗ്യ ജാതകം: ഭാഗം 16

ഭാഗ്യ ജാതകം: ഭാഗം 16

എഴുത്തുകാരി: ശിവ എസ് നായർ

“എന്താ രാമേട്ടാ ഈ സമയത്ത്..??” സംശയത്തോടെ അവർ ചോദിച്ചു. ഒന്നും മിണ്ടാതെ രാമചന്ദ്രൻ ചുറ്റുമൊന്ന് നോക്കിയിട്ട് പെട്ടെന്ന് മുറിയിലേക്ക് കയറി വാതിലടച്ചു. അപ്രതീക്ഷിതമായ അയാളുടെ ആ പ്രവർത്തി കണ്ടതും സുഭദ്ര തമ്പുരാട്ടി ഞെട്ടി പിന്നോട്ട് മാറി. അയാൾ അവരുടെ നേർക്ക് ചുവടുകൾ വച്ചു. “രാമേട്ടനെന്താ ഈ കാണിക്കുന്നത്… ആരെങ്കിലും കണ്ടോണ്ട് വന്നാൽ എന്താ വിചാരിക്ക്യാ. രാമേട്ടൻ വേഗം പുറത്ത് പോയേ.” സുഭദ്ര ധൃതിയിൽ വാതിലിനു നേർക്ക് നടന്നു. “സുഭദ്ര ഒന്ന് നിന്നേ… വാതിൽ തുറക്കാൻ വരട്ടെ.. എനിക്കല്പം സംസാരിക്കാനുണ്ട്.” “എല്ലാവരും ഉറങ്ങാൻ കിടന്ന നേരത്താണോ സംസാരിക്കാൻ വരുന്നത്. എന്ത് കാര്യമാണെങ്കിലും നാളെ രാവിലെ പറഞ്ഞാൽ മതി.” “എനിക്ക് പല്ലവിയുടെ കാര്യമാണ് പറയാനുള്ളത്. ഇവിടെ ആരും കേൾക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഊർമിള ഉറങ്ങിയ സമയം നോക്കി ഇങ്ങോട്ട് വന്നത്.”

പല്ലവിയുടെ കാര്യമാണെന്ന് കേട്ടപ്പോൾ സുഭദ്ര തമ്പുരാട്ടിക്കുള്ളിൽ ഒരു നടുക്കമുണ്ടായി. “അവളുടെ എന്ത് കാര്യമാ രാമേട്ടന് പറയാനുള്ളത്.??” അയാളെന്തായിരിക്കും പറയാൻ പോകുന്നതെന്നറിയാതെ നെഞ്ചിടിപ്പോടെ സുഭദ്ര രാമചന്ദ്രന്റെ വാക്കുകൾക്കായി കാതോർത്തു. “ഉണ്ണി പോകുമ്പോൾ എന്നോട് സത്യങ്ങളെല്ലാം പറഞ്ഞിരുന്നു. അവനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടത് ഞാനാണ്.” ശബ്ദം തീരെ താഴ്ത്തിയാണ് അയാൾ സംസാരിക്കുന്നത്. “ഉണ്ണിയേട്ടൻ എ… എന്താ പറഞ്ഞത്.” നേര്യതിന്റെ തുമ്പ് കൊണ്ട് സുഭദ്ര കഴുത്തും മുഖവും തുടച്ചു. “നിങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങളും പല്ലവിയുടെ കാര്യവുമെല്ലാം ഞാൻ അറിഞ്ഞു. പല്ലവി ഭദ്രയുടെ മകളാണല്ലേ.??” രാമചന്ദ്രന്റെ ചോദ്യം സുഭദ്ര തമ്പുരാട്ടിയെ ഞെട്ടിച്ചു. അയാളും ശത്രുപക്ഷത്തു ഉണ്ടായിരിക്കുമോ എന്നവർ ഭയന്നു. രാമചന്ദ്രന്റെ ചോദ്യത്തിന് അവർ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു.

“പല്ലവി എവിടെയാണെങ്കിലും അവളെ കണ്ടുപിടിച്ച് നീ തിരിച്ചു കൊണ്ടുവരണം… അവളുടെ തറവാടല്ലേ ഇത്. നീ വിളിച്ചാൽ അവള് വരാതിരിക്കില്ല.” മനസ്സിലെന്തെങ്കിലും ദുരുദ്ദേശത്തോടെയാണോ രാമനത് പറയുന്നത് എന്നൊരു സംശയം സുഭദ്രയ്ക്കുണ്ടായി. “രാമേട്ടനെന്താ ഇക്കാര്യത്തിലിത്ര താല്പര്യം… ഇനി നിങ്ങളും കൂടി അറിഞ്ഞോണ്ടാണോ എന്റെ ഭദ്രയെ കൊന്നത്.??” സുഭദ്രയ്‌ക്ക് ദേഷ്യമടക്കാനായില്ല. “നീ എന്ത് അസംബന്ധമാണ് പറയുന്നത്?? ഭദ്രയെ ഞാനെന്തിനു കൊല്ലണം? ഉണ്ണിക്ക് പറ്റിയൊരു കൈയബദ്ധമാണത്. നിങ്ങളുടെ മുൻപിൽ ഒരു കുറ്റവാളിയെ പോലെ കഴിയാൻ വയ്യാത്തത് കൊണ്ടാണ് അവൻ ഇവിടം വിട്ട് പോയത്.” രാമചന്ദ്രന്റെ കണ്ണുകൾ ഈറനണിഞ്ഞു. “എന്ത് കൈയബദ്ധം സംഭവിച്ചെന്നാ രാമേട്ടൻ പറയുന്നത്… ഭദ്രയുടെ ജീവനെടുത്തത് ഉണ്ണിയേട്ടൻ തന്നെയാണല്ലേ…” പറയാൻ വന്നത് മുഴുമിക്കാൻ കഴിയാതെ സുഭദ്ര കട്ടിലിലേക്ക് തളർന്നിരുന്നു.

“മനഃപൂർവമല്ല സുഭദ്രേ… അങ്ങനെ സംഭവിച്ചു പോയതാ.” രാമചന്ദ്രൻ ഉണ്ണികൃഷ്ണനെ ന്യായീകരിക്കാൻ ശ്രമിച്ചു. “മതി നിർത്ത്… എനിക്കൊന്നും കേൾക്കണ്ട. തെറ്റ് ചെയ്തവനെ പിന്നെയും പിന്നെയും ന്യായീകരിക്കാൻ രാമേട്ടന് നാണമില്ലേ. എന്റെ ഭദ്രയുടെ ജീവനാ ആ ദുഷ്ടൻ കവർന്നെടുത്തത്. ഇങ്ങനെയൊക്കെ നടക്കുമ്പോഴും അയാളാവരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന… എന്നിട്ടിപ്പോ…” വികാര വിക്ഷോഭത്താൽ സുഭദ്ര തമ്പുരാട്ടി വിങ്ങിപ്പൊട്ടി. “സുഭദ്രേ നിനക്ക് ഉണ്ണിയോട് ക്ഷമിച്ചൂടെ. നീ ക്ഷമിച്ചൂന്ന് ഒരു വാക്ക് പറഞ്ഞാൽ ഞാനവനെ തിരികെ കൊണ്ടുവരാം. അവനൊരു കൈയബദ്ധം പറ്റിപ്പോയി. തിരുത്താനാവാത്ത തെറ്റാണെന്നറിയാം. മരിച്ചവർ പോയില്ലേ… അത് അവരുടെ വിധിയാണെന്ന് കരുതി സമാധാനിക്ക്, വെറുതെ മക്കൾക്ക് അച്ഛനെ ഇല്ലാണ്ടാക്കണോ.

അന്നിവിടെ സംഭവിച്ചതെന്താണെന്ന് ഞാൻ പറയാം. എല്ലാം കേട്ടിട്ട് നിനക്കവനോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്ക്.” “വേണ്ട എന്നോടൊന്നും പറയണ്ട. ഒരു കള്ളകഥ മെനഞ്ഞുണ്ടാക്കി എന്നെ പറ്റിക്കാമെന്ന് കരുതണ്ട. ഉണ്ണിയേട്ടന് സംഭവിച്ചത് കൈയബദ്ധമാണെങ്കിലും അല്ലെങ്കിലും എന്റെ ഭദ്ര പോയി, പിന്നാലെ ഒരു ആക്‌സിഡന്റിലൂടെ അവളുടെ ഭർത്താവും. അതും ഒരു കൊലപാതകമാണെന്നാണ് എന്റെ വിശ്വാസം. അതാരുടെ കൈയബദ്ധമാണ്.??” സുഭദ്രയുടെ ചോദ്യത്തിന് എന്തുത്തരം നൽകണമെന്നറിയാതെ രാമൻ കുഴങ്ങി. “ആദ്യം നീ എനിക്ക് പറയാനുള്ളത് കേൾക്ക്.” രാമചന്ദ്രൻ സുഭദ്രയോട് പറഞ്ഞു. “രാമേട്ടന് ഇവിടുന്നു പോകാം… ഇനിയും അയാളെ ന്യായീകരിച്ച് എന്റെ മുന്നിൽ ചെറുതാകാൻ നിൽക്കണ്ട. എന്റെ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ.

ആരോടും പറയാതെ ഉണ്ണിയേട്ടൻ ഇവിടുന്നു കടന്നു കളഞ്ഞത് തന്നെ അയാളുടെ നാടകമാണോന്നാണ് എന്റെ സംശയം. അതുകൊണ്ട് വെറുതെ നിന്ന് സമയം കളയാതെ എന്റെ മുറിയിൽ നിന്ന് ഇറങ്ങിപൊയ്ക്കോ.” സുഭദ്ര തമ്പുരാട്ടിയുടെ സ്വരം കടുത്തു. മിഴികൾ കത്തിയെരിഞ്ഞു. ഇനിയും തർക്കിച്ചു നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ രാമചന്ദ്രൻ നിരാശ നിറഞ്ഞ മനസ്സോടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി. അയാൾ പോയ ഉടനെ തന്നെ സുഭദ്ര ചെന്ന് വാതിലടച്ച് തഴുതിട്ടു. ഉണ്ണികൃഷ്ണൻ പറഞ്ഞതിൻ പ്രകാരമാണോ രാമചന്ദ്രൻ ഇങ്ങനെയെല്ലാം പ്രവർത്തിച്ചത് അതോ അയാൾക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നോർത്ത് സുഭദ്രയുടെ മനസ്സിൽ സംശയങ്ങൾ നാമ്പിട്ടു. രാവിലെ തന്നെ പല്ലവിയെ വിളിച്ചു എല്ലാം അറിയിക്കണമെന്ന് തീരുമാനിച്ചു കൊണ്ട് അവർ ഉറങ്ങാനായി കിടന്നു. **************

രാവിലെ കുളി കഴിഞ്ഞു വന്ന് നിലകണ്ണാടിക്ക് മുന്നിൽ നിന്നും ഒരുങ്ങുകയായിരുന്നു പല്ലവി. അവൾ കുളിക്കാനായി പോകുമ്പോൾ സിദ്ധാർഥ് നല്ല ഉറക്കമായിരുന്നു. മടങ്ങി വരുമ്പോൾ സിദ്ധു അവിടെ ഉണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് സിദ്ധാർഥ് മുറിയിലേക്ക് കയറി വന്നു. അവന്റെ മുഖത്ത്‌ ഗൗരവം നിഴലിച്ചിരുന്നു. മറുതലയ്ക്കൽ ഉള്ളയാൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം സിദ്ധു അവളുടെ അടുത്തേക്ക് വന്നു. “പല്ലവി നമുക്കിന്നു തന്നെ മാമ്പിള്ളി തറവാട് വരെ പോകണം. സുഭദ്രമ്മായിയുടെ അടുക്കൽ നിന്നും എനിക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. നിന്റെ വിവാഹം കഴിഞ്ഞതും ഞാനാണ് ഭർത്താവെന്നും അവിടെയുള്ളവർ അറിയട്ടെ അത് കേസിനു കൂടുതൽ ഗുണം ചെയ്യും. രണ്ടു ദിവസത്തിനുള്ളിൽ തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം.”

“എപ്പഴാ നമ്മൾ തറവാട്ടിലേക്ക് പോകുന്നത്.?” കാര്യത്തിന്റെ ഗൗരവം അവൾക്ക് മനസിലായിരുന്നു. “ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ ഉടനെ നമുക്കിറങ്ങാം.” സിദ്ധാർഥ് അവളോട്‌ പറഞ്ഞു. “അങ്ങോട്ട്‌ ചെല്ലുമ്പോഴുള്ള അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്നോർത്തിട്ട് ഉള്ളിലൊരു ടെൻഷൻ.” “താൻ അതോർത്തു ടെൻഷനടിക്കണ്ട. തന്റെ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയവർ ആരായാലും ശരി അവരെ കണ്ടെത്തിയേ മതിയാകൂ. ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ നിന്റെ ഒരു ശ്രദ്ധ ഇവിടെയുള്ളവരുടെ മേൽ ഉണ്ടായിരിക്കുന്നത് നല്ലതാ. പിന്നെ മാമ്പിള്ളി തറവാട്ടിൽ പോയിട്ട് വന്നതിനു ശേഷം എനിക്ക് വേറെയൊരു സ്ഥലത്തു കൂടി പോകാനുണ്ട്. ഉണ്ണികൃഷ്ണനെ ഫോളോ ചെയ്തു പോയ ഷാഡോ പോലീസ് വൈകുന്നേരത്തോടെ അയാളെയും കൊണ്ട് മടങ്ങിയെത്തും. അയാളെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റും.

അതിനുമുൻപ് എനിക്ക് ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ട്.” അവളോട്‌ റെഡിയായി ഇരിക്കാൻ പറഞ്ഞിട്ട് സിദ്ധു മുറിവിട്ട് പോയി. അവൻ താഴെ വരുമ്പോൾ ഉമ്മറത്ത് വിശ്വാനാഥ മേനോന്റെയും ഭരതന്റെയും സംസാരം കേൾക്കാമായിരുന്നു. വളരെ പതുക്കെയാണ് അവർ സംസാരിക്കുന്നത്. അവരെന്താണ് ഇത്രയും ശബ്ദം താഴ്ത്തി സംസാരിക്കുന്നത് എന്നറിയാനായി അവൻ കാതോർത്തു. എന്തൊക്കെയോ അവ്യക്തമായി കേൾക്കാമെന്നല്ലാതെ എന്താണ് പറയുന്നതെന്ന് അവന് മനസിലായില്ല. സിദ്ധാർഥ് നേരെ ഉമ്മറത്തേക്ക് ചെന്നു. അവൻ വരുന്നത് കണ്ടതും വിശ്വാനാഥ മേനോനും ഭരതനും സംസാരം നിർത്തി. അത് ശ്രദ്ധിക്കാത്ത മട്ടിൽ അവിടെ കിടന്ന അന്നത്തെ പത്രമെടുത്തു കൊണ്ട് സിദ്ധു അരഭിത്തിയിലേക്ക് കയറിയിരുന്നു. “കുമാരാ വണ്ടിയെടുക്ക്…” വിശ്വാനാഥ മേനോൻ ഡ്രൈവർ കുമാരനോട് പറഞ്ഞു. പത്തറുപതു വയസ്സുണ്ട് അയാൾക്ക്.

കാലങ്ങളായി അയാൾ പാലത്തിങ്കൽ തറവാട്ടിൽ ഡ്രൈവറായി സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട്. കുമാരൻ വണ്ടി സ്റ്റാർട്ട്‌ ആക്കി… സിദ്ധുവിനെ ഒന്ന് നോക്കിയ ശേഷം വിശ്വനാഥനും ഭരതനും ചെന്ന് കാറിൽ കയറി. വൈറ്റ് ഇന്നോവ ഗേറ്റ് കടന്നു പുറത്തേക്ക് പോയി. അൽപ്പസമയം കൂടി അവിടെയിരുന്ന ശേഷം സിദ്ധാർഥ് അടുക്കളയിലേക്ക് നടന്നു. ഗോപിക തമ്പുരാട്ടി അവിടെ തിരക്കിട്ട പണികളിലായിരുന്നു. സിദ്ധു അമ്മയുടെ അടുത്ത് പോയി നിന്നു. “എന്താ മോനെ..??” പച്ചക്കറി അരിയുന്നതിനിടയിൽ അവർ മകനെ നോക്കി. “അമ്മയോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം.” സിദ്ധാർഥ് ഒരു ക്യാരറ്റ് എടുത്തു കടിച്ചു കൊണ്ട് അടുക്കളയുടെ തിണ്ണയിൽ കയറി ഇരുന്നു. “എന്ത് കാര്യം??” ഗോപിക തമ്പുരാട്ടി ചോദ്യ ഭാവത്തിൽ അവനെയൊന്നു നോക്കി. “ഗോവിന്ദനമ്മാവന്റെയും ഭദ്രമ്മായിയുടെയും കൊലപാതകത്തിൽ അമ്മയ്ക്ക് അച്ഛനെ സംശയമുണ്ടായിരുന്നോ.??”

സിദ്ധാർഥ് കണ്ണെടുക്കാതെ അമ്മയെ തന്നെ നോക്കി. മകന്റെ ചോദ്യം കേട്ടതും ഗോപിക തമ്പുരാട്ടി അവനെ ഞെട്ടലോടെ നോക്കി. “നീയെന്താടാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്?” “ഞാൻ വെറുതെ ചോദിച്ചതാ.. അമ്മ കാര്യം പറയ്യ്.” സിദ്ധു ചിരിയോടെ പറഞ്ഞു. “നിന്റെ അച്ഛനെ ഞാനെന്തിനു സംശയിക്കാനാ.. അവർ തമ്മിൽ വഴക്കും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു എന്നത് ഒക്കെ നേരാ. എന്നുപറഞ്ഞു എന്റെ ഏട്ടനെ കൊല്ലാനുള്ള വൈരാഗ്യ ബുദ്ധിയൊന്നും നിന്റെ അച്ഛനില്ല.” “എങ്കിൽ പിന്നെ പല്ലവി അമ്മാവന്റെ മകളാണെന്ന സത്യം അമ്മയെന്തിനാ അച്ഛനിൽ നിന്നും മറച്ചു വച്ചത്.?” സിദ്ധു അടുത്ത ചോദ്യമെറിഞ്ഞു. “അതുപിന്നെ ജീവിച്ചിരുന്നപ്പോൾ തന്നെ ഏട്ടനും നിന്റെ അച്ഛനും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയായിരുന്നു. ബിസിനസിൽ തിരിമറി നടത്തി കുറേ കാശ് വിശ്വേട്ടൻ ഏട്ടനറിയാതെ എടുത്തിരുന്നു.

അത് ഗോവിന്ദേട്ടൻ കണ്ടു പിടിച്ചു. പിന്നെയാണ് വിശ്വേട്ടന്റെ കൂടുതൽ കള്ളത്തരങ്ങൾ വെളിച്ചത്താകുന്നത്. ഏട്ടനോട് നേരിട്ട് ചോദിച്ചെങ്കിൽ എത്ര കാശ് വേണേലും ഏട്ടൻ കൊടുക്കുമായിരുന്നു. പക്ഷേ കള്ളത്തരം കാണിക്കുന്നത് ഏട്ടന് തീരെ ക്ഷമിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ അതേചൊല്ലി അവർ തമ്മിൽ വലിയ വഴക്ക് തന്നെ ഉണ്ടായി. വിശ്വേട്ടനെ കമ്പനിയുടെ പാർട്ണർ ഷിപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തു. അതിന്റെ ദേഷ്യം നിന്റെ അച്ഛന് ഏട്ടനോട് ഉണ്ടായിരുന്നു. ഏട്ടൻ മരിച്ചപ്പോൾ പോലും ഒന്ന് കാണാൻ വിശ്വേട്ടൻ കൂട്ടാക്കിയിട്ടില്ല. അങ്ങനെ ഉള്ള നിന്റെ അച്ഛനോട് ഞാനെങ്ങനെയാ പല്ലവിയുടെ കാര്യം പറയുന്നത്. അവളെ ഇവിടെ കൊണ്ട് നിർത്തിയാൽ ഏട്ടനോടുള്ള ദേഷ്യം അവളോടായിരിക്കും തീർക്കുക. നിന്റെ അച്ഛനോട് അത് പറയാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു.” ഈറനായ കണ്ണുകൾ ഗോപിക തമ്പുരാട്ടി നേര്യതിന്റെ തുമ്പ് കൊണ്ട് തുടച്ചു.

“കമ്പനിയിൽ നിന്നും പുറത്താക്കിയതിന്റെ ദേഷ്യത്തിൽ അച്ഛൻ എന്തെങ്കിലും ചെയ്തു കൂടായ്‌കയില്ലല്ലോ.” സിദ്ധാർഥ് അമ്മയെ തന്നെ നോക്കി. “നിന്റെ അന്വേഷണം ഇപ്പൊ ഇവിടെയായോ.?” പകുതി തമാശയായും പകുതി കാര്യമായിട്ടുമാണ് ഗോപിക തമ്പുരാട്ടി അത് ചോദിച്ചത്. “പോലീസാകുമ്പോൾ പലരെയും സംശയിച്ചെന്നിരിക്കില്ലേ അമ്മേ.” ചിരിയോടെ അവൻ പറഞ്ഞു. “വിശ്വേട്ടന് ദേഷ്യവും വാശിയും ഇത്തിരി കൂടുതലാണെന്നല്ലാതെ ഒരാളെ ജീവനെടുക്കാൻ മാത്രം ക്രൂരനല്ല അദ്ദേഹം. ഒരാളെ വെറുത്താൽ അങ്ങേയറ്റം അങ്ങു വെറുക്കും. മരിച്ചാൽ പോലും തിരിഞ്ഞു നോക്കില്ല. അതാണ് ഏട്ടന്റെ കാര്യത്തിലും ഉണ്ടായത്. മരിച്ചാലെങ്കിലും ആ വെറുപ്പ് മാറുമെന്ന് കരുതി അതുണ്ടായില്ല. അതുകൊണ്ടാ പല്ലവിയുടെ കാര്യം ഞാൻ പറയാതിരുന്നത്.”

ഗോപിക തമ്പുരാട്ടി പറഞ്ഞു. അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കട്ടെ… അച്ഛനങ്ങനെ ചെയ്തിട്ടുണ്ടാവല്ലേ എന്നാണ് എന്റെയും പ്രാർത്ഥന. അവൻ ആത്മഗതം ചെയ്തു. “അമ്മ വേഗം കഴിക്കാനെടുക്ക് എനിക്ക് വിശക്കുന്നു.” സിദ്ധു വിഷയം മാറ്റാനെന്നോണം പറഞ്ഞു. “നീ പോയി പല്ലവിയെ കൂടി വിളിക്ക്. അപ്പോഴേക്കും ഞാൻ എല്ലാം എടുത്തു വയ്ക്കാം.” ഗോപിക തമ്പുരാട്ടി രണ്ട് പ്ളേറ്റെടുത്ത്‌ കഴുകി. ചപ്പാത്തി കാസറോളിൽ ആക്കി ഒരു പാത്രത്തിൽ കറിയും വിളമ്പി. സിദ്ധു പല്ലവിയെ വിളിക്കാനായി മുറിയിലേക്ക് പോയി. അവൾ ഡ്രസ്സ്‌ മാറി പോകാനായി റെഡിയായിരുന്നു. “താനിത്ര വേഗം റെഡിയായോ… വാ കാപ്പി കുടിക്കാം.” അവൻ പറഞ്ഞു. “സിദ്ധുവേട്ടൻ പോയി കഴിക്ക് ഞാൻ ദാ വരുന്നു. ഏട്ടന് കഴിച്ചിട്ട് റെഡിയാവണ്ടേ. ഞാൻ ഒരുങ്ങി കഴിഞ്ഞല്ലോ.”

പല്ലവി കിടക്ക വിരി ശരിയാക്കികൊണ്ട് പറഞ്ഞു. സിദ്ധു ഒന്ന് മൂളിയിട്ട് താഴേക്ക് പോയി. പല്ലവി കിടക്ക വിരിയൊക്കെ ശരിയാക്കി മുഷിഞ്ഞ തുണികൾ ഒരു ബാസ്‌ക്കറ്റിലേക്ക് മാറ്റി അവനിടാനുള്ള ഷർട്ട് കൂടി ഇസ്തിരിയിട്ട് വച്ച ശേഷമാണ് താഴേക്ക് ചെന്നത്. അവൾ കഴിക്കാനായി ചെന്നിരുന്നപ്പോഴേക്കും സിദ്ധു കഴിച്ചു കഴിഞ്ഞിരുന്നു. പല്ലവിയും ഗൗരിയും ഒരുമിച്ചാണ് കഴിക്കാനിരുന്നത്. “ഏട്ടത്തി രാവിലെ തന്നെ എങ്ങോട്ടാ??” ഗൗരി ചോദിച്ചു. “ഇന്ന് തറവാട്ടിലേക്ക് പോകണമെന്ന് സിദ്ധുവേട്ടൻ പറഞ്ഞു. അതാ രാവിലെ തന്നെ റെഡിയായത്.” പല്ലവി പറഞ്ഞു. “നിങ്ങളോട് അക്കാര്യം പറയാനിരിക്കുകയായിരുന്നു ഞാൻ.” ചായ പകർന്ന ഗ്ലാസുമായി അവിടേക്ക് വന്ന ഗോപിക തമ്പുരാട്ടി പല്ലവി പറഞ്ഞത് കേട്ടായിരുന്നു. “അമ്മയുടെ കാര്യമാലോചിക്കുമ്പോൾ ഒരു ടെൻഷൻ.” പല്ലവി അവരെ നോക്കി. “മോളെന്തിനാ വെറുതെ പേടിക്കുന്നത്. എത്തേണ്ടിടത്തു തന്നെയാ മോളെത്തിയത്. എല്ലാം അറിയുമ്പോൾ സുഭദ്രയ്‌ക്ക് സന്തോഷമാകത്തേയുള്ളൂ.”

ഗോപിക തമ്പുരാട്ടി അവളെ സമാധാനിപ്പിച്ചു. ജാതക ദോഷത്തിന്റെ കാര്യമാലോചിച്ചിട്ടായിരുന്നു പല്ലവിക്ക് ടെൻഷൻ. അത് സിദ്ധുവിന്റെ അമ്മയോട് പറയാൻ പറ്റില്ലല്ലോ എന്നവൾ ഓർത്തു. സിദ്ധു റെഡിയായി താഴേക്ക് വരുമ്പോൾ പല്ലവി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അമ്മയോടും ഗൗരിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി. വേണിയും വിനോദും എണീറ്റിട്ടുണ്ടായിരുന്നില്ല. അവർ എഴുന്നേറ്റു വരുമ്പോൾ പതിനൊന്നു മണി കഴിയും. വീണമ്മായിയെ അവിടെയെങ്ങും കണ്ടിരുന്നില്ല. എന്നാൽ അവരുടെ നീക്കങ്ങളും സംഭാഷണങ്ങളെല്ലാം വീക്ഷിച്ചു കൊണ്ട് വീണമ്മായി മാറി നടക്കുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. **************

പാറുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ഉമ്മറത്തേക്ക് വന്നിരുന്ന് പല്ലവിയെ വിളിക്കാനായി തുടങ്ങുമ്പോഴാണ് മുറ്റത്തൊരു കാർ വന്ന് നിൽക്കുന്നത് സുഭദ്ര കണ്ടത്. സംശയത്തോടെ അവർ മുറ്റത്തേക്ക് ഇറങ്ങി.. ഡോർ തുറന്നു പുറത്തേക്കിറങ്ങിയ പല്ലവിയെ കണ്ടതും സുഭദ്ര തമ്പുരാട്ടി ഞെട്ടി. അവളുടെ നെറുകയിൽ ചാർത്തിയിരിക്കുന്ന സിന്ദൂരവും കഴുത്തിൽ കിടക്കുന്ന താലിയും കണ്ടതും സുഭദ്ര തമ്പുരാട്ടി നടുങ്ങിപ്പോയി. അപ്പോഴേക്കും വലതു വശത്തെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും സിദ്ധാർഥും പുറത്തേക്കിറങ്ങി. പല്ലവി പതിയെ അവർക്ക് നേരെ ചുവടുകൾ വച്ചു. പിന്നാലെ സിദ്ധാർഥും. സുഭദ്ര തമ്പുരാട്ടി ഇരുവരെയും മാറി മാറി നോക്കി ചലിക്കാനാവാതെ നിന്നു. അവളോട്‌ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സുഭദ്രയ്‌ക്ക് തന്റെ നാവൊന്നു ചലിപ്പിക്കാനുള്ള ശേഷി പോലും ഉണ്ടായിരുന്നില്ല. പല്ലവി നടന്ന് അവരുടെ അടുത്തെത്തി. “അമ്മേ…” പല്ലവി വിളിച്ചു. പക്ഷേ സുഭദ്രയിൽ യാതൊരു പ്രതികരണവും ഉണ്ടായില്ല.

പൊട്ടികരച്ചിലോടെ പല്ലവി അവരെ കെട്ടിപ്പിടിച്ചു. “അമ്മ… അമ്മ എന്നോട് ക്ഷമിക്കണം… ഇതല്ലാതെ വേറൊരു വഴിയും എനിക്ക് മുന്നിലില്ലായിരുന്നു.” തേങ്ങലിനിടയിലും അവൾ അത്രയും പറഞ്ഞു. “ഇങ്ങനെ മിണ്ടാതെ നിൽക്കാതെ എന്നോട് എന്തെങ്കിലും പറയമ്മേ..” പല്ലവി സുഭദ്രയെ പിടിച്ചുലച്ചു. വലതു കൈവീശി ഒരടിയായിരുന്നു സുഭദ്ര തമ്പുരാട്ടിയുടെ മറുപടി. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ പല്ലവി പിന്നോട്ട് വേച്ചു പോയി. വീഴാൻ പോയ അവളെ സിദ്ധു തന്റെ കൈകളാൽ താങ്ങി നിർത്തി. തളർച്ചയോടെ സുഭദ്ര പടിയിലേക്കിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു. ദുഃഖം താങ്ങാനാകാതെ സുഭദ്ര വിങ്ങിപ്പൊട്ടി. “അമ്മേ…” തേങ്ങലോടെ പല്ലവി വിളിച്ചു. “മിണ്ടരുത് നീ…” സുഭദ്ര അവളോട്‌ ദേഷ്യപ്പെട്ടു. പല്ലവി നിസ്സഹായതയോടെ സിദ്ധുവിനെ നോക്കി.

അവൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. “സുഭദ്രമ്മായി പല്ലവിയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആദ്യം നടന്നതെന്താണെന്ന് അറിഞ്ഞിട്ട് മതി അവളെ ശകാരിക്കുന്നതും കുറ്റപ്പെടുത്തുന്നതുമൊക്കെ.” സിദ്ധാർഥ് പറഞ്ഞു. സുഭദ്ര മുഖമുയർത്തി അവനെയൊന്നു നോക്കി. “ഞാൻ സർക്കിൾ ഇൻസ്‌പെക്ടർ സിദ്ധാർഥ് മേനോൻ. പാലത്തിങ്കൽ തറവാട്ടിൽ വിശ്വാനാഥ മേനോന്റെയും ഗോപിക തമ്പുരാട്ടിയുടെയും മകനാണ് ഞാൻ. എന്റെ ആലോചനയുമായിട്ടാണ് കാര്യസ്ഥൻ ശങ്കരൻ അന്നിവിടെ വന്നത്.” സിദ്ധാർഥ് അത് പറഞ്ഞതും സുഭദ്ര ഇരുന്നിടത്തു നിന്ന് പിടഞ്ഞെണീറ്റു. അവരുടെ നോട്ടം പല്ലവിയിലേക്ക് നീണ്ടു ചെന്നു. പതിയെ അവർ അവളുടെ നേർക്ക് ചുവടുകൾ വച്ചു. “എന്റെ മോളെ നീ എവിടെ ചെന്നെത്തിപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചോ അവിടെ തന്നെ നീയെങ്ങനെ ചെന്ന് പെട്ടു. നിന്നെ രക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്തതൊക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ മോളെ.”

സുഭദ്രയ്‌ക്ക് തന്റെ ദുഃഖം നിയന്ത്രിക്കാനായില്ല. അവളെ പിടിച്ചുലച്ചു കൊണ്ട് അവർ ഏങ്ങിക്കരഞ്ഞു. “അമ്മ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ ആദ്യം ഞാൻ പറയുന്നതൊന്ന് അമ്മ കേൾക്ക്.” പല്ലവി അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. “ഞാൻ പറയാം എന്താ ഉണ്ടായതെന്ന്…” സിദ്ധാർഥ് പറഞ്ഞു. സുഭദ്ര തല ചെരിച്ചു അവനെയൊന്ന് നോക്കി. എന്താ നടന്നതെന്ന് അറിയാൻ അവർക്കും ആഗ്രഹമുണ്ടായിരുന്നു. അതേസമയം പാറുവും അച്ചുവും ഊർമിളയും ഉത്തരയും രാമചന്ദ്രനുമെല്ലാം ഉമ്മറത്തു വന്നു നിൽക്കുന്നുണ്ടായിരുന്നു. അവിടെ നടക്കുന്ന രംഗങ്ങൾ എന്താണെന്നറിയാനുള്ള വ്യഗ്രതയായിരുന്നു എല്ലാവരുടെയും മുഖത്ത് നിഴലിച്ചിരുന്നത്. പല്ലവിയെ തറവാട്ടിൽ നിന്നും സുഭദ്രയാണ് മാറ്റിയതെന്ന് ഒഴിച്ച് ബാക്കി കാര്യങ്ങൾ പാറുവിന് അറിയാമായിരുന്നു.

പക്ഷേ തങ്ങൾക്ക് മുന്നിൽ സുമംഗലിയായി നിൽക്കുന്ന ചേച്ചിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാത്തത് കൊണ്ട് അവളും ടെൻഷനിലായിരുന്നു. “സുഭദ്രമ്മായി പല്ലവിയെ ഇവിടുന്നു രക്ഷപ്പെടുത്തി വിട്ടത് വലിയൊരു ആപത്തിലേക്കാണ്. അതിൽ നിന്നും ഇവൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഇന്നിങ്ങനെ നിങ്ങളുടെ മുൻപിൽ നിൽക്കാൻ ഇവളുണ്ടാകുമായിരുന്നില്ല.” അന്ന് എറണാകുളം ബസ്സിൽ വച്ചുണ്ടായ കാര്യങ്ങളും അതിനു മുൻപും അതിനു ശേഷവും നടന്ന എല്ലാ കാര്യങ്ങളും സിദ്ധാർഥ് സുഭദ്ര തമ്പുരാട്ടിയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സുഭദ്രയ്‌ക്ക് ഒരൽപ്പം ആശ്വാസം തോന്നി. തന്റെ കൂട്ടുകാരി ഗൗരിയുടെ ചേട്ടൻ തന്നെയാണ് പല്ലവിയെ വിവാഹം കഴിച്ചിരിക്കുന്നതെന്ന് അറിഞ്ഞതും പാറുവിന് സമാധാനവും ഒപ്പം സന്തോഷവും തോന്നി.

ഗൗരി അന്ന് തറവാട്ടിൽ വന്ന് പോകാൻ നേരത്ത് ഭദ്ര ചിറ്റയുടെയും ഗോവിന്ദൻ ചിറ്റപ്പന്റെയും ഫോട്ടോ കണ്ടിട്ട് അത് അവളുടെ അമ്മാവനും അമ്മായിയും ആണെന്ന് പറഞ്ഞപ്പോഴും താനന്ന് അമ്മയോട് അതേ കുറിച്ചും പാലത്തിങ്കൽ ഉള്ളവരെ പറ്റിയും ചോദിച്ചപ്പോഴും സുഭദ്ര ചൂടായതും അക്കാര്യം ഇവിടെ മിണ്ടിപ്പോകരുതെന്നും ഗൗരിയെ ഇനി ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് പറഞ്ഞപ്പോഴും പാറുവിന് അന്ന് കാര്യമെന്താണെന്ന് മനസിലായിരുന്നില്ല. എങ്കിലും അമ്മയെ പേടിച്ച് അവൾ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അച്ഛൻ പാലത്തിങ്കൽ തറവാട്ടിൽ നിന്നാണ് ചേച്ചിക്ക് ആലോചന കൊണ്ട് വന്നതെന്ന് അമ്മ പറഞ്ഞ് അറിഞ്ഞപ്പോൾ അത് ഗൗരിയുടെ ചേട്ടനായിരിക്കുമെന്ന് പാറു ഊഹിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി തീർന്നതിൽ അവൾക്കും സമാധാനം തോന്നി.

പക്ഷേ ഇനിയാണ് പ്രശ്നങ്ങൾ വരാനിരിക്കുന്നതെന്ന് അവളോർത്തു. ഇനി എന്തൊക്കെയാകും നടക്കുകയെന്ന് പാറുവിന് ഒരു നിശ്ചയവുമില്ലായിരുന്നു. രാമചന്ദ്രന്റെ മനസിലും പലവിധ ചിന്തകൾ കടന്നു പോയി. അവിടെ നടന്ന കാര്യങ്ങളൊന്നുമറിയാത്തത് സുഭദ്രയുടെ ഇളയമകൻ അച്ചുവും പിന്നെ ഊർമിളയും ഉത്തരയും മാത്രമായിരുന്നു. കേട്ടതൊന്നും ഉൾകൊള്ളാൻ കഴിയാനാവാതെ സ്തംഭിച്ചു നിൽക്കുകയാണ് ഇവർ മൂവരും. അച്ചുവിനെ പാറു എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. ഊർമിളയും ഉത്തരയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നതേയുള്ളു. ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. സിദ്ധു ഇനിയെന്താകും പറയാൻ പോകുന്നതെന്ന് അറിയാതെ എല്ലാവരും മൗനം പാലിച്ചു. സിദ്ധാർഥിന് പിന്നിൽ എല്ലാം കേട്ടുകൊണ്ട് വാമദേവനുമുണ്ടായിരുന്നു.

കൂടെ പാലത്തിങ്കൽ തറവാട്ടിലെ കാര്യസ്ഥനായ ശങ്കരനും. സിദ്ധുവിനൊപ്പം കാര്യസ്ഥൻ ശങ്കരനുമുണ്ടായിരുന്നു. വാമദേവനെ മാമ്പിള്ളി തറവാട്ടിലേക്ക് വിളിച്ചു കൊണ്ടുവരാൻ കാര്യസ്ഥനെ വാമദേവന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ട ശേഷമാണ് സിദ്ധാർഥ് പല്ലവിയെയും കൊണ്ട് തറവാട്ടിലേക്ക് വന്നത്. വാമദേവനെയും കൊണ്ട് ശങ്കരൻ വന്നത് സിദ്ധു കണ്ടിരുന്നു. ശങ്കരൻ കാര്യങ്ങൾ എല്ലാം പറഞ്ഞാണ് അയാളെ അങ്ങോട്ടേക്ക് കൂട്ടികൊണ്ട് വന്നത്. അതുകൊണ്ട് തന്നെ സ്വല്പം ഭയത്തോടെയാണ് വാമദേവൻ തിരുമേനി നിൽക്കുന്നത്. “ഞാൻ ഇത് പറയാൻ വേണ്ടി മാത്രമല്ല ഇങ്ങോട്ട് വന്നത്. സുഭദ്രമ്മായിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ കൂടിയാണ് എന്റെ വരവ്.” “എ… എന്താ… എന്നോട് ചോ… ചോദിക്കാനുള്ളത്.?” വിക്കലോടെ സുഭദ്ര തമ്പുരാട്ടി ചോദിച്ചു. “എന്റെ അമ്മാവന്റെയും ഭദ്രമ്മായിടെയും മരണത്തിൽ സുഭദ്രമ്മായിക്ക് ആരെയാണ് സംശയം.

ആരെയൊക്കെയാണ് നിങ്ങൾ സംശയിക്കുന്നത്.” സിദ്ധാർഥ് ചോദിച്ചു. അവനത് ചോദിക്കുമ്പോൾ രാമചന്ദ്രന്റെ മുഖത്തൊരു ഞെട്ടലുണ്ടായത് സിദ്ധു ശ്രദ്ധിച്ചു. സുഭദ്ര തമ്പുരാട്ടി തന്റെ പേരെങ്ങാനും പറയുമോ എന്നോർത്തായിരുന്നു അയാളുടെ പേടി. “ആദ്യ കാലങ്ങളിൽ ഞാൻ ഉണ്ണിയേട്ടനെ തന്നെയാണ് സംശയിച്ചിരുന്നത്.”അതിന്റെ കാരണവും സുഭദ്ര തമ്പുരാട്ടി വിശദീകരിച്ചു. “പതിയെ ആ സംശയം ഇല്ലാതായി. എന്റെ തോന്നലായിരിക്കും അതെന്ന് കരുതി ഞാൻ സമാധാനിച്ചു. രണ്ടു വർഷം മുൻപ് പല്ലവി സ്വന്തം കുഞ്ഞല്ല എന്ന് അറിഞ്ഞപ്പോൾ മുതൽ ഉണ്ണിയേട്ടൻ അവളോട്‌ അകൽച്ച കാണിച്ചു തുടങ്ങിയിരുന്നു. ആ സംഭവവും പിന്നെ പാലത്തിങ്കൽ തറവാട്ടിൽ നിന്നും വന്ന ആലോചനയും എന്റെ സംശയം വീണ്ടും ഉണ്ണിയേട്ടനിലേക്ക് തിരിഞ്ഞു.

മോന്റെ ജാതകവുമായി മരണപൊരുത്തമാണെന്ന് അറിഞ്ഞു കൊണ്ട് അദ്ദേഹം വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചപ്പോൾ എന്റെ സംശയം മറ്റൊരു വഴിക്കായി. പാലത്തിങ്കൽ തറവാട്ടിലെ ആരോ ഇതിന് പിന്നിൽ ഉണ്ടെന്നുള്ള എന്റെ സംശയം ബലപ്പെട്ടു. അതാരാണെന്ന് ഉണ്ണിയേട്ടന് അറിയുമെന്ന് കരുതി. ഭദ്ര അവിടെയാരെയോ ഭയപ്പെട്ടിരുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ ഇവിടെയുള്ള ചിലരും എന്റെ ഭദ്രയെ കൊല്ലാൻ ഉണ്ണിയേട്ടനെ സഹായിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്.” സുഭദ്രയത് പറഞ്ഞതും രാമചന്ദ്രന്റെ മുഖം വിളറി. ഉണ്ണികൃഷ്ണൻ കടന്നു കളഞ്ഞത് വരെയുള്ള കാര്യങ്ങൾ സുഭദ്ര അവനോടു പറഞ്ഞു. രാമചന്ദ്രൻ തലേ ദിവസം മുറിയിൽ വന്നത് മാത്രം അവർ പറഞ്ഞില്ല. അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടാലോ എന്ന് കരുതിയാണ് അക്കാര്യം പറയാതിരുന്നത്. ഊർമിളയ്ക്കും ഉത്തരയ്ക്കും അതെല്ലാം പുതിയ അറിവായിരുന്നു.

തങ്ങളുടെ അനിയനൊരു കൊലപാതകിയാണെന്ന വിവരം അവരിരുവരെയും നടുക്കത്തിലാഴ്ത്തി. സുഭദ്ര തമ്പുരാട്ടി പറഞ്ഞതെല്ലാം സിദ്ധാർഥ് ശ്രദ്ധയോടെ കേട്ടുനിന്നു. ശേഷം രാമചന്ദ്രനെ ഒന്ന് നോക്കിയിട്ട് സിദ്ധു വാമദേവന്റെ നേർക്ക് തിരിഞ്ഞു. “നിങ്ങളല്ലേ വാമദേവൻ തിരുമേനി..??” സിദ്ധാർഥ് ചോദിച്ചു. “അതേ…” വാമദേവൻ വിനയത്തോടെ പറഞ്ഞു. “പല്ലവിയുടെയും എന്റെയും ജാതകം തമ്മിൽ മരണപൊരുത്തമാണെന്ന് നിങ്ങൾ പറഞ്ഞത് വാസ്തവമാണോ?? അത് ശുദ്ധ നുണയാണെന്ന് ഞാൻ പറയും. നിങ്ങൾക്ക് പലതും അറിയാം.” സിദ്ധാർഥ് അയാളെ തറപ്പിച്ചു നോക്കി. അവന്റെ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് വാമദേവൻ…… തുടരും.

ഭാഗ്യ ജാതകം: ഭാഗം 15

Share this story