അഞ്ജലി: ഭാഗം 36

അഞ്ജലി: ഭാഗം 36

എഴുത്തുകാരി: പാർവ്വതി പിള്ള

ഹോസ്പിറ്റലിൽ icu വിനു മുൻപിൽ ആകെ തളർന്നിരിക്കുന്ന അഞ്ജലിയെ കാണകെ ആതിയുടെ ഹൃദയം വല്ലാതെ നൊന്തു…. എന്നും വേദനകൾ മാത്രമാണ് ചേച്ചിക്ക് കൂട്ട് ആയിട്ടുള്ളത് എന്ന് അവൾ ഓർത്തു….. അച്ഛൻ വീണതോടുകൂടി കുടുംബത്തിന്റെ മുഴുവൻ പ്രാരാബ്ദവും ചെറു പ്രായത്തിൽ തന്നെ ഏറ്റെടുക്കേണ്ടിവന്നു…. ആരോടും ഒരു പരിഭവവും പറയാതെ കണ്ടറിഞ്ഞ് എല്ലാ ആവശ്യങ്ങളും നിറവേറ്റി തന്നു….. അനന്തേട്ടനുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് മനസ്സ് തുറന്ന് ഒന്ന് ചിരിക്കുന്നത് കണ്ടത്….. അവിടെയും വിധി വെറുതെ വിട്ടില്ല… എരിഞ്ഞു തീരുകയായിരുന്നു കുറേനാൾ…. ഇപ്പോൾ വീണ്ടും ഒന്ന് സന്തോഷിച്ച് തുടങ്ങിയതേയുള്ളൂ…. ഈശ്വരാ ഇനിയും പരീക്ഷിക്കരുതേ… ഒക്കെയും ഞാൻ കാരണം ആണല്ലോ…. വേണ്ടിയിരുന്നില്ല ഒന്നും…. ആതി കണ്ണുകൾ ഇറുകെ പൂട്ടി ഭിത്തിയിലേക്ക് തലചായ്ച്ച് വെച്ച് നിന്നു…

ഇതേസമയം കുറച്ചു മാറി നിന്ന ആതിയെ തന്നെ നോക്കുകയായിരുന്നു ടോണി…. ഹോസ്പിറ്റലിൽ വന്നതിനുശേഷം അവളിൽ നിന്നും ഒരു നോട്ടം പോലും തനിക്ക് നേരെ വന്നിട്ടില്ലെന്ന് അവൻ വേദനയോടെ ഓർത്തു… എടുത്തുചാട്ടം ആയിപോയി…. വേണ്ടിയിരുന്നില്ല…. ഇനി ഇതിന്റെ പേരിൽ ആതി തന്നെ വെറുക്കുമോ… അനന്തേട്ടന് എങ്ങനെ ഉണ്ട് എന്ന് അറിയാതെ ഒരു സമാധാനവുമില്ല…. സാംകുട്ടിയും ജോമോനും തൊട്ടരികിൽ തന്നെ ഉണ്ട്…പെട്ടെന്നുള്ള ദേഷ്യത്തിൽ പിടിച്ചുതള്ളി പോയതാണ്…. സാംകുട്ടി കൈകൾ കൂട്ടി തിരുമ്മി…. അല്പസമയം കഴിഞ്ഞപ്പോൾ ഐ സി യു വിന്റെ വാതിൽ തുറന്ന് നഴ്സ് വെളിയിലേക്ക് വന്നു….. അഞ്ജലി ഒരു പിടച്ചിലോടെ ചാടിയെഴുന്നേറ്റു…. സിസ്റ്റർ… അനന്തേട്ടൻ…. അവൾ വെപ്രാളത്തോടെ അകത്തേക്ക് എത്തിനോക്കി….. ആൾക്ക് ബോധം വീണിട്ടുണ്ട്… ആരാ അഞ്ജലി…. ഞാനാണ് സിസ്റ്റർ… ആൾ തിരക്കുന്നുണ്ട്… അകത്തേക്ക് വന്നോളൂ….

അഞ്ജലി വേഗം സിസ്റ്ററിന് പിറകെ ഐസിയുവിന് ഉള്ളിലേക്ക് കടന്നു…. ബെഡിൽ തളർന്നു കിടന്നു മയങ്ങുന്ന അനന്തനെ അഞ്ജലി വിങ്ങുന്ന ഹൃദയത്തോടെ നോക്കി നിന്നു…. കൈ നീട്ടി അവന്റെ നെറുകയിൽ മൃദുവായി തലോടി…. ക്ഷീണത്തോടെ കണ്ണുകൾ വലിച്ചു തുറന്ന അനന്തൻ മുൻപിൽ നിൽക്കുന്ന അഞ്ജലിയെ കണ്ട് തളർച്ചയോടെ പുഞ്ചിരിച്ചു…. മുഖത്ത് വച്ചിരിക്കുന്ന ഓക്സിജൻ മാസ്ക്കിനിടയിൽ കൂടി അവളോട് എന്തോ പറയുവാൻ ബുദ്ധിമുട്ടുന്ന അവനെ അവൾ തടഞ്ഞു….ഇപ്പോൾ ഒന്നും പറയണ്ട അനന്തേട്ടാ…. എന്റെ അനന്തേട്ടന് ഒരു കുഴപ്പവുമില്ല…. ഒക്കെ ഭേദമാകട്ടെ….അവൾ അവന്റെ മുടി മാടിഒതുക്കികൊണ്ട് പറഞ്ഞു…. വൈകുന്നേരത്തോടു കൂടി റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം ഇപ്പോൾ വെളിയിലേക്ക് ഇറങ്ങി നിന്നോളു…സിസ്റ്ററിന്റെ വാക്കുകൾ കേട്ട് അവൾ അനന്തനോട് കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞു വെളിയിലേക്ക് ഇറങ്ങി….

വെളിയിലേക്ക് ഇറങ്ങിയ അഞ്ജലി ആകാംക്ഷയോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ആതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു… ചേച്ചി അനന്തേട്ടൻ…. കുഴപ്പം ഒന്നും ഇല്ല മോളെ… അവൾ ദീർഘനിശ്വാസത്തോടെ കണ്ണുകൾ ഇറുകെ പൂട്ടി….. കുറച്ചു മാറി നിന്ന് അഞ്ജലിയുടെ മുഖഭാവം വീക്ഷിക്കുകയായിരുന്ന ടോണി തെല്ല് ആശങ്കയോടെ അഞ്ജലിയുടെ അരികിലേക്ക് വന്നു… അഞ്ജലി ഒരു പുഞ്ചിരിയോടെ ടോണിയുടെ മുഖത്തേക്ക് നോക്കി… ഒന്നും സംസാരിക്കാൻ ആവാതെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ടോണിയെ നോക്കി അവൾ പറഞ്ഞു അനന്തേട്ടൻ ഇപ്പോൾ ഒക്കെയാണ് ടോണി…. അവൻ ആശ്വാസത്തോടെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..പിന്നെ അടുത്തുനിൽക്കുന്ന ആതിയുടെ മുഖത്തേക്ക് ഒന്നു പാളിനോക്കി…. വലിഞ്ഞു മുറുകിയ മുഖത്തോടെ വേറെ എങ്ങോട്ടോ നോക്കിനിൽക്കുന്ന അവളെ കാണകെ അവന് വല്ലാത്ത വേദന തോന്നി….

വൈകുന്നേരത്തോടു കൂടി അനന്തനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു… അനന്തനെ റൂമിൽ എത്തിച്ചതിനു ശേഷം അഞ്ജലി ആതിയോട് ആയി പറഞ്ഞു മോളെ നീ ഇനി വീട്ടിലേക്ക് പൊയ്ക്കോളൂ…ഉണ്ണിക്കുട്ടൻ ദേവമ്മേ ഒരു പരുവമാക്കി കാണും …. ഒരു ഓട്ടോ വിളിച്ച് പോയാൽ മതി… ആതി മനസ്സില്ലാമനസ്സോടെ അഞ്ജലിയെ നോക്കി തലയാട്ടി…. അത് മനസ്സിലാക്കിയ വണ്ണം അഞ്ജലി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട ആതീ… അനന്തേട്ടന്ഇപ്പോൾ കുഴപ്പമൊന്നുമില്ല…. പിന്നെ അടുത്തുനിൽക്കുന്ന ടോണിയെ നോക്കി പറഞ്ഞു… നിങ്ങളും ഇറങ്ങിക്കോളു… സമയം ഒരുപാട് ആയില്ലേ…. ഞാൻ ഇവിടെ നിന്നോളാം ചേച്ചി…. ഇച്ചായൻമാരെ ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്…. ഇനി എന്തിനാ ടോണിച്ചായൻ ഇവിടെ നിൽക്കുന്നത് എന്റെ ചേട്ടനെ ഇനിയും വിഷമിപ്പിക്കാൻ ആണോ….ആതി അവനോട് രോഷത്തോടെ ചോദിച്ചു…

ആതീ ഞാൻ….ഇങ്ങനെയൊന്നും സംഭവിക്കണം എന്ന് കരുതിയതേ അല്ല… ക്ഷമിക്കണം… അവൻ അഞ്ജലിയുടെ നേരെ നോക്കി…. ചേച്ചി ഞാൻ ഇറങ്ങുവാ …. ടോണിയുടെ സംസാരം കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ ആതി വെളിയിലേക്കിറങ്ങി… ദയനീയതയോടെ ആതിയുടെ നേരെ നോക്കി നിൽക്കുന്ന ടോണിയെ കണ്ടു അഞ്ജലി അവൾ പോയ വഴിയെ നോക്കി…. ചേച്ചി ഞാൻ പുറത്തുപോയി അമ്മച്ചിയെ ഒന്നു വിളിച്ച് കാര്യം പറഞ്ഞിട്ട് വരാം… ഇവിടെ ആണെങ്കിൽ ഫോണിന് റേഞ്ചും ഇല്ല…. അഞ്ജലിയോട് പറഞ്ഞുകൊണ്ട് ടോണി വേഗം പുറത്തേക്കു ഇറങ്ങി…. ആതിയുടെ പിറകെയുള്ള അവന്റെ പോക്കു കണ്ട അവളൊന്നു പുഞ്ചിരിച്ചു…. ബെഡിൽ അനന്തന്റെ അനക്കം കേട്ടപ്പോഴാണ് അഞ്ജലി അങ്ങോട്ടേക്ക് നോക്കിയത്…. കണ്ണു വലിച്ചുതുറന്ന് കൊണ്ട് ചുറ്റും നോക്കുന്ന അനന്തന് അരികിലേക്ക് അവൾ വേഗത്തിൽ ചെന്നു…. അനന്തേട്ടാ…

അവൻ അഞ്ജലിയുടെ കൈകളിൽ മുറുകെ പിടിച്ചു…. കാറിൽ ഇരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് തന്നോട് സംസാരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്റെ മുഖം അവന്റെ മനസിലേക്ക് കടന്നുവന്നു… നിമിഷനേരംകൊണ്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുന്ന കാറും കാറിൽ നിന്നും തെറിച്ചു പുഴയിലേക്ക് വീഴുന്ന ശരീരങ്ങളും… അവന് വല്ലാതെ ശ്വാസം വിലങ്ങുന്ന പോലെ തോന്നി…. അവൻ ഒരു ആശ്വാസത്തിന് എന്നവണ്ണം അഞ്ജലിയുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്തു വച്ചു…. വിയർപ്പ് തുള്ളികൾ പതിഞ്ഞ അവന്റെ മുഖം കാണകെ അഞ്ജലി വെപ്രാളത്തോടെ അവന് അരികിലേക്ക് ചേർന്നിരുന്നു…. അനന്തേട്ടാ … എന്താ എന്ത് പറ്റി എന്തെങ്കിലും വയ്യായ്ക ഉണ്ടോ… അഞ്ജലി ഞാൻ.. എത്ര ദിവസമായി ഹോസ്പിറ്റലിൽ…എന്റെ കൂടെ കാറിലുണ്ടായിരുന്ന ആൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…. അഞ്ജലി അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി…

എന്റെ കുഞ്ഞൻ എവിടെ…. കാണാൻ കൊതിയാവുന്നു…. അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി…. അഞ്ജലിക്ക് ഉള്ളിൽ നിന്നും തികട്ടി വന്ന സന്തോഷം ആനന്ദ കണ്ണീരായി പുറത്തേക്ക് വന്നു…. താൻ എന്തിനാഡോ കരയുന്നത്… എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…. ഒരിക്കലും ഞാൻ വിചാരിച്ചില്ല അഞ്ജലി നിങ്ങളെയൊക്കെ ഇനി കാണാൻ പറ്റുമെന്ന്…. പിന്നെ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്….അഞ്ജലി കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി… അനന്തൻ എന്തോ പറയുവാനായി തുടങ്ങിയപ്പോഴാണ് വാതിൽ തള്ളിത്തുറന്നു കൊണ്ട് ടോണി അകത്തേക്ക് കയറി വന്നത്…. ടോണിയുടെ മുഖം കണ്ട അനന്തൻ അവനെ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി….പിന്നെ അവനെ നോക്കി സംശയത്തോടെ ചോദിച്ചു റോണിയുടെ ബ്രദർ അല്ലേ…

ടോണി അമ്പരപ്പോടെ തലയാട്ടി… അനന്തന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…അഞ്ജലി ഞാൻ തന്നോട് പറയാൻ തുടങ്ങിയത് ഈ ആളിന്റെ കാര്യമാണ്…. നമ്മുടെ കിലുക്കാംപെട്ടി ആതി ഇല്ലേ… അവളോട് ചോദിക്കണം ഈ ടോണി അവളുടെ ആരാണെന്ന്…. ടോണി ഒന്നും മനസ്സിലാകാതെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി…. താൻ അന്തംവിട്ടു നോക്കുക ഒന്നും വേണ്ട….തന്റെ ചേട്ടൻ എല്ലാവരെയും പരിചയപ്പെടുത്തിയ കൂട്ടത്തിൽ കാട്ടി തന്നതാ അനുജന്റെ ഹൃദയം കവർന്ന കുട്ടിയെ…. കുട്ടിയെ കണ്ട ഞാൻ ഞെട്ടിപ്പോയി കേട്ടോ…അനന്തൻ ഒരു കള്ള ചിരിയോടെ അവനെ നോക്കി പറഞ്ഞു…. അല്ല തന്റെ ചേട്ടനും ഈ ഹോസ്പിറ്റലിൽ തന്നെയാണോ…. കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…. അനന്തന്റെ ചോദ്യം കേട്ട ടോണി ഞെട്ടലോടെ ശ്വാസമെടുക്കാൻ മറന്ന് നിന്നു……..തുടരും…..

അഞ്ജലി: ഭാഗം 35

Share this story