പെയ്‌തൊഴിയാതെ: ഭാഗം 6

പെയ്‌തൊഴിയാതെ: ഭാഗം 6

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ആ.. ഏതായാലും അവിടെ മിണ്ടാനും പറയാനും ഒരാള് കൂടെ ആയല്ലോ.. അത്രയും സമാധാനം. അതും പറഞ്ഞു അഞ്ചു പോകുമ്പോൾ ആ വീട് ഒരുങ്ങുകയായിരുന്നു.. പുതിയ അതിഥികൾക്കായി. ആ.. ശരത്തേട്ടാ.. ഞാൻ ഒരു കോള് ചെയ്തിട്ട് വരാമേ.. ഓകെ ടാ.. അതും പറഞ്ഞു ഗിരി വീട്ടിലേയ്ക്ക് നടന്നു.. എന്താ ഗിരി അവിടെ.. സവിത്രിയമ്മ ചോദിച്ചു.. അമ്മയ്ക്കും ലേഖാമ്മായിക്കും. പുതിയ കൂട്ട് വരുന്നെന്ന്.. രാഘവേട്ടന്റെ വീട്ടിൽ പുതിയ താമസക്കാര് വരുന്നൂന്ന്.. ഗിരി പറഞ്ഞു.. അവർ പുഞ്ചിരിച്ചു.. ഫാമിലിയാണോ.. ലേഖ ചോദിച്ചു.. അല്ല അമ്മായി.. ഒരമ്മയും മോളുമേ ഉള്ളുന്നാ പറഞ്ഞത്. അവൻ പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് നടന്നു.. അകത്തേയ്ക്ക് പോകും വഴി ശ്രദ്ധയോടൊപ്പം കളിക്കുന്ന മോളെ ഒന്നു നോക്കി ഒരു ചെറു പുഞ്ചിരിയോടെയാണ് അവൻ അകത്തേയ്ക്ക് പോയത്.. *********

അഞ്ചുവേച്ചി.. ഗിരിയുടെ വിളി കേട്ടാണ് മോളെ കളിപ്പിച്ചുകൊണ്ടിരുന്ന അഞ്ചു തലയുയർത്തി നോക്കിയത്.. എന്താടാ.. അവൾ ചോദിച്ചു.. ഇവിടെ അടുത്തെവിടെയാ കണ്ണാശുപത്രി ഉള്ളത്. എനിക്കൊരു ഡോക്ടറെ കാണണം.. ഗിരി അവർക്കരികിലായി ഇരുന്നു. എന്താടാ.. അച്ഛനായപ്പോഴേയ്ക്കും കണ്ണൊക്കെ അടിച്ചു പോയോ.. അഞ്ചു തമാശയായി ചോദിച്ചു.. എന്തോ . ഈയിടെയായി കണ്ണിനു നേരിയ മൂടൽ.. പിന്നെ കുറെ നേരം റെഫർ ചെയ്തു കഴിഞ്ഞാൽ നല്ല തലവേദനയും.. ഒരു ഡോക്ടറെ കണ്ടേക്കാം എന്നു വെച്ചു.. പവറിന്റെ പ്രോബ്ലം ആണേൽ ഗ്ലാസ് വെയ്ക്കാം.. ഗിരി പറഞ്ഞു.. ഹൈസ്‌.. നിനക്ക് ഗ്ലാസ് നന്നായി ചേരും.. സ്റ്റൈൽ ആകുമോ.. അവൻ പുരികം ഉയർത്തി കുറുമ്പോടെ ചോദിച്ചു . അല്ലേലും എന്റെ പുന്നാര അനിയൻ എപ്പോഴും സ്റ്റൈലാ.. അഞ്ചു അവന്റെ താടിയിൽ പിടിച്ചു ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.. അവൻ പൊട്ടിച്ചിരിച്ചു..നാളുകൾക്ക് ശേഷമുള്ള അവന്റെ ചിരി അവളിലും വല്ലാത്ത സന്തോഷം നിറച്ചു.. *****

കണ്ണാടി വെയ്ക്കുന്നതാകും ഗിരീ ബെറ്റർ . നിങ്ങൾ ഒരു അധ്യാപകൻ കൂടിയല്ലേ.. സോ സ്ട്രെൻ ഉള്ള വർക്ക് അല്ലെ.. ഡോക്ടർ പറഞ്ഞു.. 0.5 പവർ വരും.. അദ്ദേഹം പറഞ്ഞു.. ഇറ്റ്‌സ് ഓകെ.. ഡോക്ടർ എഴുതിക്കോളൂ.. . അവനും പറഞ്ഞു.. ഡി.. അച്ഛന് കണ്ണാടി വെക്കണമെന്ന്.. എങ്ങനിരിക്കും.. ഹേ.. പുറത്തേയ്ക്ക് വന്ന് ശങ്കരി മോളെ അഞ്ജുവിന്റെ കയ്യിൽ നിന്നുമെടുത്തു കൊഞ്ചിച്ചുകൊണ്ട് ഗിരി ചോദിച്ചു.. പുതിയ സാഹചര്യങ്ങൾക്കൊത്ത അവന്റെ മാറ്റം അഞ്ജുവിലും കുടുംബത്തെ എല്ലാവരിലും സന്തോഷം നിറച്ചിരുന്നു. ഡോക്ടർ എഴുതി തന്നോ.. മ്മ്.. മൈഗ്രെന്റെ ഒരു ടാബ്‌ലെറ്റും ഉണ്ട്. അത് വാങ്ങിയിട്ട് ഏതെങ്കിലും നല്ല ഓപ്റ്റിക്കൽസിൽ കേറി ഗ്ലാസ് നോക്കാം.. ഗിരി പറഞ്ഞു.. മ്മ്.. അവളൊന്നു മൂളി.. ഹോസ്പിറ്റലിൽ നിന്നിറങ്ങി അടുത്തുള്ള ഒപ്റ്റിക്കൽസിൽ നിന്ന് തന്നെ കണ്ണടയും വാങ്ങിയാണ് അവർ മടങ്ങിയത്..

അച്ഛന്റെ മുഖത്തെ പുതിയ അതിഥിയെ കയ്യിലെടുക്കുവാൻ മോള് പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.. ഗിരീ… ഞങ്ങൾ മറ്റന്നാൾ പോകൂട്ടോ.. അഞ്ചു പറഞ്ഞത് കേട്ടതും ഡ്രൈവ് ചെയ്യുകയായിരുന്ന ഗിരി വണ്ടി സ്ലോ ആക്കി അവളെ നോക്കി.. ശരത്തേട്ടന്റെ വീട്ടിലേയ്ക്ക്.. അവിടെ ശരത്തേട്ടന്റെ ദീപ ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രേം ദിവസം ഇവിടെ നിൽക്കാൻ പറ്റിയത്.. അവരൊക്കെ നാളെ പോവാത്രേ.. ഇനി ശരത്തേട്ടൻ പോയിട്ടേ വരൂ.. അതുവരെ അവിടെ അച്ഛനും അമ്മയും ഒറ്റയ്ക്കായി പോകില്ലേ.. ഇവിടെ അമ്മേം അച്ഛനും ഒറ്റയ്ക്കാണെന്നും ഇവിടെ വന്ന് ഞാൻ നിൽക്കുന്നതിനോട് യാതൊരു എതിർപ്പും അവര് എന്നോട് കാണിച്ചിട്ടില്ല ഇന്നുവരെ.. അപ്പൊ അവിടെ ആവശ്യം വരുമ്പോ ഞാനും അതുപോലെ നിൽക്കേണ്ടെടാ.. എആ ചോദ്യത്തിന് മറുപടി ഗിരിയുടെ കയ്യിൽ ഉണ്ടായിരുന്നില്ല.. എന്തോ.. ചെറിയൊരു സങ്കടം..

ഇത്രേം ദിവസം എല്ലാവരും ഉണ്ടായിരുന്നപ്പോൾ പഴയതൊക്കെ മറന്നു തുടങ്ങീതാ.. മറക്കേണ്ടത് മറക്കണം ഗിരീ.. നിന്നെപ്പോലെ ആർദ്രയെ ഞങ്ങളാരും അറിഞ്ഞിട്ടില്ല.. പക്ഷെ ഒന്നെനിക്ക് അറിയാം.. ആർദ്ര നിങ്ങളെ ഉപേക്ഷിച്ചു പോയതാണ്. ഒരു മടക്കം ഇല്ലാതെ അതിനൊരു പ്രതീക്ഷ പോലും ബാക്കി വെയ്ക്കാതെ പോയവൾ . അവൾക്കായി വേദനിച്ചും നീറിയും നീ ജീവിക്കുന്നത് കാണുന്നത് ഞങ്ങൾക്ക് അത്ര സുഖമുള്ള കാഴ്ചയാണ് ഗിരീ.. കഴിഞ്ഞ ദിവസോം നിന്നോട് നിനക്ക് താൽപര്യമില്ലാത്ത വിഷയമായിട്ട് കൂടി ഒരു വിവാഹത്തെപ്പറ്റി പറഞ്ഞത് അതുകൊണ്ടാണ്.. ഇപ്പോൾ ശങ്കരിമോള് കുഞ്ഞാ. നാളെ മുതിർന്ന വരുമ്പോൾ അവൾക്ക് ഒരമ്മയുടെ കരുതലും സ്നേഹവും ആവശ്യമാണ്.. അമ്മയ്ക്ക് പകരമാകില്ല ഗിരീ അച്ഛൻ.. അത് നിനക്ക് പറഞ്ഞാലും മനസ്സിലാകില്ല… അഞ്ചു പറഞ്ഞതിനൊന്നും ഗിരി മറുപടി നൽകിയിരുന്നില്ല.. ഇതും പറഞ്ഞു വിഷമിക്കേണ്ട.. ഇവിടുന്ന് വല്യ ദൂരോന്നും ഇല്ലല്ലോ അങ്ങോട്ട്.. നീ ഇടയ്ക്കിടെ വന്നാൽ മതി.. ഞാനും വന്നോളാം.. അത് കേട്ടതും അവസനൊന്നു പുഞ്ചിരിച്ചു എന്നു വരുത്തി.. ****

ടാ.. അപ്പുറത്തെ തമാസക്കാര് വന്നു. അഞ്ചു പറഞ്ഞപ്പോഴാണ് ഗിരി കണ്ണു തുറന്നത്. അവൻ എഴുന്നേറ്റു.. മേശയിലിരുന്ന കണ്ണാടി മുഖത്തേയ്ക്ക് വെച്ചു.. വന്നപാടെ കുളിച്ചു കേറി കിടന്നതാണ്.. തന്റെ അടുത്തായി നിഷ്കളങ്കമായി കിടന്നുറങ്ങുന്ന മോളെ ഒന്നു തഴുകി.. ടാ.. അഞ്ചു വീണ്ടും വിളിച്ചു.. എന്റെ ചേച്ചി.. അവര് വരട്ടെ.. അതിനു നമുക്കെന്താ.. അവൻ ചോദിച്ചു.. ഓ ഈ ചെറുക്കൻ.. ഞാൻ അത്രേടം വരെയൊന്ന് പോയി വരാം.. അവൾ പറഞ്ഞുകൊണ്ട് പുറത്തേയ്ക്ക് നടന്നു.. ഗിരി വെറുതെ എഴുന്നേറ്റ് ജനാലയ്ക്കരികിൽ ചെന്നു നിന്നു.. ജനാല വാതിൽ തുറന്ന് അവൻ പുറത്തേയ്ക്ക് നോക്കി നിന്നു.. മ്. ബ.. ഈ. മോള് ഉറക്കത്തിൽ പറയുന്നത് കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.. എന്തൊക്കെയോ സ്വയം പറഞ്ഞു ചിരിക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും നല്ല ഉറക്കമാണ്.. അവനവൾക്ക് അരികിലിരുന്നു.. നിനക്ക് ഞാനും എനിക്ക് നീയും. അത്രേയുമെയുള്ളൂ മോളെ.

ഇനി ഈ ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഒരുപാട് നേരിടേണ്ടി വരുംമോളെ ഈ അച്ഛൻ.. നാളെ നിന്റെ ചോദ്യങ്ങൾക്കുൾപ്പടെ.. തരുവാൻ ഒരുപാട് മറുപടികൾ ഇല്ല ഈ അച്ഛന്.. പക്ഷെ ഒന്നു ഉറപ്പിച്ചു പറയും ഈ അച്ഛൻ.. നിന്നോടും നിന്റെ അമ്മയോടും ഈ അച്ഛൻ കാണിച്ച സ്നേഹം.. അത് മാത്രം ആരും ചോദ്യം ചെയ്യില്ല . അവൻ പറഞ്ഞു.. ഒന്നും മനസ്സിലായില്ലെങ്കിലും അവളൊരു പുഞ്ചിരി അവനായി നൽകി..പാൽമണം ഊറുന്ന അവളുടെ കവിളിലായി അവൻ ചുണ്ട് ചേർത്തു.. ഒരച്ഛന്റെ ഉള്ളിൽ നിറഞ്ഞു വന്ന വാത്സല്യം മുഴുക്കെയുണ്ടായിരുന്നു ആ ചുംബനത്തിൽ . അത്രമേൽ സ്നേഹത്തോടെ അവൻ അവളെ കൈകൊണ്ട് ചേർത്തു പിടിച്ചു.. അടങ്ങാത്ത വാത്സല്യം അവന്റെയുള്ളിൽ തിരയടിച്ചു.. എങ്ങനെ തോന്നി ആർദ്രാ നിനക്കീ പൊന്നോമനയെ ഉപേക്ഷിച്ചു പോകാൻ.. നീ ഇത്രമേൽ വെറുക്കുവാൻ ഈ കുഞ്ഞിപ്പെണ്ണ് എന്ത് തെറ്റാണ് നിന്നോട് ചെയ്തത്..

വിളിച്ചുകൂടെ.. ഒരിക്കലെങ്കിലും . അവളുടെ വിശേഷം ചോദിക്കാൻ.. നിനക്ക് ആഗ്രഹമില്ലേ ഈ മുഖമൊന്ന് കാണാൻ.. അമ്മേ എന്ന വിളി കേൾക്കാൻ. മാറോട് ചേർത്ത് മുലപ്പാൽ നൽകാൻ.. ഗിരി മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു.. ഒന്നിനും മറുപടിയില്ലെങ്കിലും ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് ഒരു ആശ്വാസമാണ്.. ഒന്നുമില്ലെങ്കിലും മനസ്സ് കുറച്ചു ഉത്തരങ്ങൾ എങ്കിലും തേടുന്നുണ്ടെന്ന ആശ്വാസം കിട്ടുമല്ലോ.. കിട്ടിയ നേരം അവനാ വരികൾ കുറിക്കുമ്പോൾ ജനാലയിലൂടെ കടന്നു വന്ന ഒരു ഈറൻ കാറ്റ് ആ ഡയറി താളുകൾ മറിക്കുന്നുണ്ടായിരുന്നു.. അവന്റെ പേനയിലെ മഷി പുരളാത്ത താളുകൾ അവനെ എത്തി നോക്കി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇനിയും എഴുതി ചേർക്കുവാൻ അത്രമേൽ പ്രിയമുള്ള പലതും ജീവിതത്തിൽ ഉണ്ടാകും എന്ന വാഗ്ദാനം പോലെ.. ********

പുതിയ തമാസക്കാര് എത്തി എന്നു ഓറഞ്ചു കേട്ടപ്പോ വന്നതാ.. ഒന്നു പരിചയപ്പെടാൻ.. അഞ്ചു പുറത്തുനിന്ന് പറഞ്ഞു.. കേറി വരൂ.. 60നടുത്തു പ്രായം വരുന്ന ആ സ്ത്രീ പറഞ്ഞു.. ഇല്ല കേറുന്നില്ല.. നിങ്ങൾ വന്നപ്പോൾ ഒന്നു കണ്ടേയ്ക്കാം എന്നു കരുതി.. എന്താ ആന്റിയുടെ പേര്.. അഞ്ചു ചോദിച്ചു.. കേറി വരൂ.. ഒന്നും ഒതുക്കിയിട്ടില്ല എന്നേയുള്ളു. ഇരുന്നു പരിചയപ്പെടാം.. ഞങ്ങളീ നാട്ടിൽ താമസത്തിന് വന്നിട്ട് ആദ്യമായി പരിചയപ്പെടുന്നവരല്ലേ. അവർ പറഞ്ഞതും അഞ്ജുവും ശ്രദ്ധയും അകത്തേയ്ക്ക് കയറി.. സാധനങ്ങൾ പലതും പലയിടത്തായി കെട്ടി വെച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ.. ഇരിക്ക്.. ഹാളിന്റെ ഒരു മൂലയ്ക്കായി ഇട്ടിരിക്കുന്ന സോഫ ചൂണ്ടി അവർ പറഞ്ഞു.. എന്റെ പേര് ഗീത എന്നാണ് . മുൻപ് ചോദിച്ചതിന് മറുപടി എന്നോണം അവർ പറയുമ്പോൾ അഞ്ജുവിന്റെ കണ്ണുകൾ അവരെ നോക്കുകയായിരുന്നു..

സാരിയാണ് വേഷം.. മുഖത്ത് ഒരു ചെറിയ പൊട്ടുണ്ടെന്നതൊഴിച്ചാൽ അലസമായി ഉയർത്തികെട്ടിയ മുടിയും സദാ ഐശ്വര്യമുള്ള ഒരു പുഞ്ചിരിയും.. അതാണ് ഗീത എന്നവൾക്ക് മനസ്സിലായി.. മോളുടെ പേരെന്താ.. അഞ്ജുവിനെ നോക്കിയാണ് ഗീത ചോദിച്ചത്.. അഞ്ജലി.. അഞ്ചു എന്നു വിളിക്കും. ഇത് എന്റെ മോളാട്ടോ.. ശ്രദ്ധ.. അഞ്ജു പറഞ്ഞു.. ഗീത പുഞ്ചിരിച്ചു.. എവിടെയാ ആന്റിയുടെ നാട്.. അഞ്ചു ചോദിച്ചു.. നാട്ടിൽ മുണ്ടക്കയം.. ഇടുക്കി. അവിടെയാണ്.. ആക്ച്വലി സ്റ്റേറ്റ്സിൽ ആയിരുന്നു.. ഇങ്ങോട്ട് വന്നിട്ട് ഒരു 6 മാസം ആകുന്നതെയുള്ളൂ.. ഗീത പറഞ്ഞു.. മോളെ.. ഇങ്ങട് വരൂ.. ഗീത അകത്തേയ്ക്ക് നോക്കി വിളിച്ചു.. പാദസരത്തിന്റെ ചെറു കിലുക്കം ആ വീടിന്റെ നിശബ്ദതയിൽ മുഴങ്ങി കേട്ടു.. വാതിലിനരികിലായി ഒരു നിഴൽരൂപത്തോടൊപ്പം പ്രത്യക്ഷപെട്ടവളെ അഞ്ചു നോക്കിയിരുന്നുപോയി.. ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന ഒരു പെണ്കുട്ടി..

അങ്ങനെ പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ല അവളിൽ.. ചമയങ്ങൾ ഏതുമില്ലാത്ത ആ മുഖം പക്ഷെ മനസ്സിന്റെ ഏതോ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലും പോലെ തോന്നി അഞ്ജുവിന്.. ചുരിദാർ ആയിരുന്നു അവളുടെ വേഷം.. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ചന്ദന കുറിയും.. കണ്ണിൽ എഴുതിയ കരിമഷിക്ക് വല്ലാത്ത ആകാർഷണമുണ്ടെന്ന് അഞ്ജുവിന് തോന്നി.. മൂക്കിൻ തുമ്പിൽ ഒരു റിങ്ങിന്റെ മൂക്കുത്തി.. അത് മയിൽ രൂപം കൊത്തി വെച്ചതാണ്.. അതിന്റെ ഏറ്റവും മുകളിലായി ഒരു ഒറ്റക്കൽ വൈരം അവളുടെ മുഖം പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.. വേദ.. എന്റെ മോളാ.. ഗീത പറഞ്ഞു.. അഞ്ചു ചിരിച്ചു.. അഞ്ജലി.. തൊട്ടപ്പുറത്തെ വീട്ടിലെയാണ്.. അഞ്ചു പറഞ്ഞു.. മോളുടെ പേരെന്താ.. വളരെ ശാന്തമായ വാത്സല്യം നിറഞ്ഞ ചോദ്യം. ശ്രദ്ധ.. അവൾ പറഞ്ഞു..

വേദ വാത്സല്യത്തോടെ അവളെ തഴുകി.. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ ചേച്ചി.. തണുത്ത ജ്യൂസ് വാങ്ങിയത് ഇരിപ്പുണ്ട്. കുക്കിങ്ങിനുള്ള അറേജ്‌മെന്റ്സ് ഒന്നും ആയിട്ടില്ല . വേദ പറഞ്ഞു.. ഹേയ്.. ഇപ്പൊ ഒന്നും വേണ്ട. ദേ ഈ വീടിനു നേരെ മുന്പിലുള്ളതാ എന്റെ വീട്. ഇവിടെ മുൻപ് താമസിച്ചിരുന്ന ടീച്ചറും ഞാനുമായി വല്യ കൂട്ടായിരുന്നു.. അഞ്ചു പറഞ്ഞു.. അവൾ വീട് ചൂണ്ടി കാണിച്ച ഇടത്തേക്ക് വേദ നോക്കി.. ഇളം പിങ്ക് നിറമുള്ള അവളുടെ ചുണ്ടുകളിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.. ആ വീട് എന്റെ അമ്മാവന്റെയാണ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നൊന്ന് വിളിച്ചാൽ മതി കേട്ടോ.. അവിടെ കേൾക്കും.. അത്ര അടുത്താ. പിന്നെ അവിടെ അമ്മാവന്റെ മോൻ.. എന്റെ അനിയൻ ഉണ്ട്. അവൻ വേദ പഠിപ്പിക്കുന്ന കോളേജിൽ തന്നെയാ പഠിപ്പിക്കുന്നത്.. അഞ്ചു പറഞ്ഞു.. അതിനും വേദ ഒരു പുഞ്ചിരി നൽകി.. നല്ല ടെൻഷൻ ഉണ്ടായിരുന്നു. തീരെ പരിചയമില്ലാത്ത ഒരിടത്തേയ്ക്ക്.

വരുമ്പോ.. പക്ഷെ ഇപ്പൊ നല്ല ആശ്വാസം തോന്നുന്നുണ്ട്. ആരൊക്കെയോ ഉള്ളപ്പോലെ.. ഗീതയായിരുന്നു അത് പറഞ്ഞത്..അഞ്ചു അപ്പോഴും വേദയെ നോക്കി.. അവളുടെ കണ്ണുകൾ ശ്രദ്ധയിലായിരുന്നു.. ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി മാത്രം.. ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ.. പറഞ്ഞത് മറക്കേണ്ടാട്ടോ.. എന്താവിശ്യം വന്നാലും വിളിക്ക്.. അതും പറഞ്ഞു മോളുമായി നടക്കുമ്പോഴും അഞ്ചു ഇടയ്ക്ക് തിരിഞ്ഞു നോക്കി.. ഒറ്റ നോട്ടത്തിൽ തന്നെ ഇത്രയധികം ആത്മബന്ധം.അവളോട് തോന്നുന്നതിൽ അവൾക്ക് തന്നെ അത്ഭുതം തോന്നി.. നല്ല ആളുകളാണ് അല്ലെ വേദൂ.. ഗീത ചോദിച്ചതും വേദ ഒന്നു പുഞ്ചിരിച്ചു.. മറുപടിയേതുമില്ലാതെ അകത്തേയ്ക്ക് പോയി കൊണ്ടുവന്ന ബാഗിൽ നിന്നും പുസ്തകങ്ങളെടുത്തു ഷെൽഫിൽ അടുക്കുന്നവളെ ഗീത മിഴി വെട്ടാതെ നോക്കി നിന്നുപോയി.. അതിനിടയിലെപ്പോഴോ അവരുടെ നീളൻ മിഴികൾ നിറഞ്ഞു..

അവരത് പുറം കയ്യാൽ ഒപ്പി അവർ തന്റെ ജോലികളിലേയ്ക്ക് കടന്നു.. ********** വേദ.. നല്ല പേരാണല്ലോ.. ശരത്ത് പറഞ്ഞു.. മ്മ്. വെറൈറ്റി പേരാ അച്ഛാ.. ശ്രദ്ധയും പറഞ്ഞു.. അവരുടെ നാട് എവിടെയാണെന്നാ പറഞ്ഞേ.. ദിവാകരൻ ചോദിച്ചു.. ഇടുക്കി.. മുണ്ടക്കയം.. മ്മ്.. അഞ്ചു ഗിരിയെ നോക്കി.. അവൻ ഹാളിൽ സോഫയിലിരുന്നു ടി വി കാണുകയായിരുന്നു. ടാ.. ഒന്നുമില്ലേലും നിന്റെ കോളീഗ് അല്ലേ.. പോയൊന്ന് പരിചയപ്പെട്ടൂടെ.. അഞ്ചു ചോദിച്ചു.. അകത്തുനിന്നും മോൾക്കുള്ള പാല് കുപ്പിയിലാക്കി കൊണ്ടുവന്ന സാവിത്രി അത് കേട്ട് ആകാംഷയോടെ അവനെ നോക്കി.. എന്തിന്.. നാളെ കോളേജിൽ പോകുമ്പോ കാണാമല്ലോ. അത് മതി.. അവനതും പറഞ്ഞു മോളേയും എടുത്തു ടി വിയിലേയ്ക്ക് ശ്രദ്ധ തിരിച്ചു.. പുഞ്ചിരിയോടെ സാവിത്രി പാലുമായി ചെന്നു മോളെയെടുത്തു.. ച..ച . സാവിത്രിയമ്മ അവളെ എടുക്കാൻ തുനിഞ്ഞതും അവൾ ഗിരിയുടെ ഷർട്ടിലേക്ക് പിടിച്ചു വിളിച്ചു..

ഗിരിയുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു.. എന്താ.. എന്താടാ.. അവന്റെ വാക്കുകൾ സന്തോഷത്താൽ ഇടറി.. ആദ്യമായി തന്റെ കണ്മണി അച്ഛാ എന്നു എടുത്തു വിളിച്ചതിന്റെ സന്തോഷം. ഒരു പുരുഷായുസ്സിലെ ഏറ്റവും വലിയ നിർവൃതി. അവനവളെ എടുത്തു നെഞ്ചോട് ചേർത്തുപിടിച്ചു.. ച.. ച.. പാലിൻ കുപ്പി ചൂണ്ടി അവൾ എന്തൊക്കെയോ പറയുകയാണ്.. അച്ഛനെ വിളിച്ചോടി നീ.. സാവിത്രിയമ്മ അവളുടെ കുഞ്ഞി കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചതും ഒരു ശബ്ദത്തോടെ അവൾ ചിരിച്ചു.. എന്താ അമ്മായി.. അഞ്ചു ചോദിച്ചു.. അച്ഛാന്ന് വിളിച്ചു.. ചങ്കരി പെണ്ണ് . സവിത്രിയമ്മ പറഞ്ഞതും ഉമ്മറത്തു പത്രം വായിച്ചുകൊണ്ടിരുന്ന ശങ്കരനും തിരിഞ്ഞു അവരെ നോക്കി.. ഗിരിയുടെ കണ്ണുകളും അയാളിലായിരുന്നു.. സദാ ഗൗരവം നിറഞ്ഞ ആ മുഖത്തും വല്ലാത്ത സന്തോഷം.. ദാ.. പാല് നീ കൊടുക്കാനാ ഈ വിളി..

സാവിത്രിയമ്മ കുപ്പി തനിക്ക് നേരെ നീട്ടി പറയുന്നത് കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു പാല് വാങ്ങി അവളുടെ ചുണ്ടോട് ചേർത്തു.. അല്ലെങ്കിലും മുലപ്പാലിനാണ് ഏറ്റവും രുചി എന്നാരാ പറഞ്ഞത്… ഒരച്ഛൻ തന്റെ ചങ്കിലെ ചോരയെ സ്നേഹമെന്ന അമൃതാക്കി ഊട്ടിയാലും ആ കുഞ്ഞുമനവും വയറും നിറയും. നൊന്തുപെറ്റ കുഞ്ഞിനെ വേണ്ട എന്ന് തോന്നിയ ഒരമ്മ നൽകുന്ന മുലപ്പാലിനെക്കാൾ രുചിയുണ്ടാകും ഈ പാലിന്.. അവൻ മനസ്സിലോർത്തു.. എന്നോ പൊട്ടിത്തകർന്നുപോയ സന്തോഷത്തിന്റെ പല നൂലിഴകളും എവിടെയൊക്കെയോ കൂട്ടിച്ചേർക്കപ്പെടുന്നതായി ശരത്തിനും തോന്നിതുടങ്ങിയിരുന്നു…….. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 5

Share this story