തമസ്സ്‌ : ഭാഗം 25

തമസ്സ്‌ : ഭാഗം 25

എഴുത്തുകാരി: നീലിമ

“””ഇത് അവര് തമ്മിൽ നേരത്തെ ഉള്ള പ്ലാനിങ് ആണ്… ഇവിടെ വരണമെന്നും ഇവിടുന്ന് നേരെ നിങ്ങളുടെ വീട്ടിലേയ്ക്ക് വരണമെന്നുമൊക്കെ രണ്ടും കൂടി നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്….””””” കീർത്തി ചിരിയോടെ മറുപടി നൽകി… അപ്പൊ ഇന്ന് കൂടുതൽ നേരം കീർത്തിയെ അടുത്ത് കിട്ടും… മോഹന്റെ കാര്യം ഇന്ന് തന്നെ കീർത്തിയോട് ചോദിച്ചു ഒരു തീരുമാനത്തിൽ എത്തണം… ജയ മനസ്സിൽ ഉറപ്പിച്ചു… പ്രദക്ഷിണ വഴിയിലൂടെ വരുമ്പോഴേ കുഞ്ഞി കണ്ടു ലെച്ചൂനെ… അവൾ ഓടിച്ചെന്നു കെട്ടിപിടിച്ചു. രണ്ട് പേരും കെട്ടിപിടിച്ചു പരസ്പരം ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ മോഹൻ ഉൾപ്പെടെ എല്ലാപേരുടെയും മുഖത്ത് ചിരി വിരിഞ്ഞു. മോഹനും അവർക്കരികിലേയ്ക്ക് നടന്നു വന്നു…. കീർത്തി അവനെ നോക്കി ചിരിച്ചു. അവൻ തിരികെ ഒരു മങ്ങിയ ചിരി സമ്മാനിച്ചു. ”

“””അതേ… നിനക്കുള്ള പൂവേ ഞാൻ വീട്ടിൽ എടുത്ത് വച്ചിട്ടുണ്ട്. അവിടെക്ക് വരുമ്പോ കീർത്തി അമ്മയോട് പറയാം നിനക്ക് പൂവ് ചൂടി തരാൻ…”””” കുഞ്ഞി ലേച്ചൂന്റെ ചെവിയിൽ രഹസ്യം പറഞ്ഞു…. “”””മ്മ്.. അത് മതി… നീ പിങ്ക് ഡ്രെസ് ആണെന്ന് പറഞ്ഞോണ്ട ഞാനും പിങ്ക് ഇട്ടത്. കൊള്ളാവോ ?”””” ലെച്ചു അവളുടെ പട്ടു പാവാടയിൽ തൊട്ട് കാണിച്ചു. “”””മ്മ്… നല്ല രസം…. ഇപ്പൊ ഞങ്ങള് രണ്ടും ഒരുപോലെ ഉണ്ട് അല്ലെ കീർത്തി അമ്മേ?””””” കുഞ്ഞി ചോദ്യത്തോടെ കീർത്തിയെ നോക്കി. “””””പിന്നേ …. ഇരട്ടക്കുട്ടികളെപ്പോലെ ഉണ്ട്…”””” ചിരിയോടെ കീർത്തി രണ്ട് പേരെയും ഇരു കൈ കൊണ്ടും ചേർത്ത് പിടിച്ചു രണ്ട് പേർക്കും ഉമ്മ കൊടുത്തു. ഇത് കണ്ടു ജയയുടെയും പ്രഭാകരന്റെയും മുഖം കൂടുതൽ വിടർന്നു. മോഹന്റെ മുഖത്ത് മാത്രം ഒരു മങ്ങൽ പ്രകടമായിരുന്നു.

“”””നിങ്ങൾ തൊഴുതിട്ട് വായോ… ഞങ്ങൾ ഇവിടെ നിൽക്കാം…. കുഞ്ഞി മോളിനി ലേച്ചൂന്റെ കൂടെയല്ലേ വരുള്ളൂ?”””” ജയ ചോദിച്ചു കഴിയും മുന്നേ തന്നെ കുഞ്ഞി ലെച്ചുവിന്റെ കൈ പിടിച്ചു അമ്പലത്തിലേയ്ക്ക് ഓടിക്കഴിഞ്ഞിരുന്നു.. “”””നിങ്ങൾ വന്നാൽ മതി. ഞാൻ കാറിൽ വെയിറ്റ് ചെയ്യാം.”””” പ്രഭാകരനോടായി പറഞ്ഞിട്ട് മോഹൻ മറ്റുള്ളവരെ നോക്കാതെ തിരിഞ്ഞു നടന്നു. കീർത്തിയുടെ പ്രെസെൻസ് അവന് ഇഷ്ടമായിട്ടില്ല എന്ന് പ്രഭാകരനും ജയയ്ക്കും മനസിലായി. ജയ പ്രഭാകരനെ നോക്കുമ്പോൾ ഒക്കെ ശെരിയാകും എന്ന അർത്ഥത്തിൽ അയാൾ കണ്ണ് പൂട്ടി കാണിച്ചു. അമ്പലത്തിലാകെ കൈ കോർത്തു പിടിച്ച് ഓടി നടക്കുന്ന ലച്ചുവിലും കുഞ്ഞിയിലുമായിരുന്നു അന്ന് അമ്പലത്തിൽ വന്നവരുടെയൊക്കെ ശ്രദ്ധ. അതിൽ ഒരു പരിചയക്കാരി ജയയുടെ അടുത്ത് വന്നു പറയുകയും ചെയ്തു.

“””””കണ്ടാൽ രണ്ടും ഒരു വീട്ടിലെ പിള്ളേരാണെന്നെ തോന്നൂ…. എന്നാപ്പിന്നെ ആ കൊച്ചിനേം അതിന്റെ കുട്ടിയേം അങ്ങോട്ട് തന്നെ കൂട്ടിക്കൂടെ ജയേ? നിങ്ങളെ മോള് കാരണം ഇല്ലാതായതല്ലേ ആ കൊച്ചന്റെ ജീവിതം….. നിങ്ങളായിത്തന്നെ അതിനൊരു പരിഹാരം കണ്ടു എന്നാശ്വസിക്കാല്ലോ…? നല്ല സ്വഭാവോള്ള കൊച്ച അത്… വിട്ട് കളയണ്ട ജയേ….””””” അവരോട് സമ്മത ഭാവത്തിൽ തല ചലിപ്പിക്കുമ്പോൾ മനസിലുള്ള ആഗ്രഹം അലപം കൂടി ദൃഢമാകുന്നതറിഞ്ഞു ജയ… 🍁🍁🍁🍁🍁🍁🍁🍁🍁🍁 അമ്പലത്തിൽ നിന്നും ഇറങ്ങിക്കഴിഞ്ഞു കീർത്തിയും ലെച്ചുവും സ്കൂട്ടിയിലാണ് മോഹന്റെ വീട്ടിൽ എത്തിയത്….. അപ്പോഴേയ്ക്കും ആൽവിയും മായയും ജോക്കുട്ടനും ഒക്കെ എത്തിയിരുന്നു…..

എത്തിയുടനെ ലെച്ചുവിന്റെ കയ്യും പിടിച്ചു കുഞ്ഞി അകത്തേയ്ക്കോടി. പിറകെ ജോക്കുട്ടനും…. ബെഡിൽ നിരത്തി ഇട്ടിരിക്കുന്ന കളിപ്പാട്ടങ്ങളും സ്വീറ്റ്സും ഒക്കെ അച്ചായി വാങ്ങിത്തന്നതാണെന്ന് പറഞ്ഞു ആവേശത്തോടെ ലെച്ചുനു കാട്ടിക്കൊടുത്തു കുഞ്ഞി…… “”””ജോച്ചനെന്താ ഇങ്ങനെ നോക്കി ചിരിക്കണേ ? “””” ഇതൊക്കെക്കണ്ടു താടിയ്ക്ക് കൈ കൊടുത്തു ഇരുന്നു ചിരിക്കുന്ന ജോക്കുട്ടനെ നോക്കി കുഞ്ഞി കെറുവോടെ ചോദിച്ചു. “”””നിന്റെ കണ്ണ് മിഴിച്ചുള്ള വർത്താനോം നിൽപ്പും ആംഗ്യോം ഒക്കെ കണ്ടപ്പോഴേ എനിക്ക് മണിച്ചിത്രത്താഴ് സിനിമേൽ ശോഭന അല്ലിയുടെ ആഭരണം കാണിക്കുന്ന സീനാ ഓർമ വരണത്…”””” അവൻ പറഞ്ഞു കൊണ്ട് വീണ്ടും ചിരിച്ചു….

ആ സീൻ ഓർമ വന്നില്ലെങ്കിലും തന്നെ കളിയാക്കിയതാണെന്ന് കുഞ്ഞിക്ക് വേഗം മനസിലായി…. “”””ന്നെ കളിയാക്കിയാലുണ്ടല്ലോ ജോച്ചാ കുഞ്ഞി നല്ല അടി വച്ച് തരും കേട്ടോ ….””””” പറഞ്ഞു കൊണ്ട് അവൾ ജോക്കുട്ടനെ തല്ലാൻ ഓടി.. പിറകെ ലെച്ചുവും… അതിന് മുന്നേ ജോക്കുട്ടൻ എഴുന്നേറ്റു പുറത്തേയ്ക്ക് ഓടിക്കഴിഞ്ഞിരുന്നു…. 🍀🍀🍀🍀🍀🍀🍀🍀 മൂന്ന് പേരും ഓടി ഹാളിൽ എത്തുമ്പോൾ കണ്ടത് കയ്യിൽ കുഞ്ഞിയോളം വലിപ്പമുള്ള ടെഡ്‌ഡി ബിയറും പിടിച്ചു കയറി വരുന്ന കീർത്തിയെയാണ്. “””””ഇത് മോൾക്ക് കൊണ്ട് വന്നതാ കീർത്തി അമ്മ…””””” അവൾ ടെഡ്‌ഡി ബിയർ കുഞ്ഞിയുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. കുഞ്ഞി തിരിഞ്ഞു മോഹനെ നോക്കി. അവൻ വാങ്ങിക്കോളാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടിയപ്പോൾ ഇരു കയ്യും നീട്ടി കുഞ്ഞി അത് വാങ്ങി. തൂവെള്ള നിറത്തിലുള്ള ആ പാവയെ മുറുകെ പിടിച്ചു കൊണ്ട് അവൾ മനോഹരമായി ചിരിച്ചു…. “”

“””നല്ല രസോണ്ട് കീർത്തി അമ്മേ….”””” എന്ന് കുഞ്ഞി പറയുമ്പോൾ “ഹിമക്കരടിയെപ്പോലെ ഉണ്ട്….” എന്നായിരുന്നു ലേച്ചൂന്റെ ഡയലോഗ്… പറഞ്ഞിട്ട് രണ്ട് പേരും ഒരുമിച്ചു പൊട്ടിച്ചിരിച്ചു. കുഞ്ഞി ഓടി മായേടെ അരികിൽ ചെന്ന് അവളെ കെട്ടിപിടിച്ചു…. “””””ഞങ്ങൾ എന്താ കൊണ്ടന്നെ എന്നറിയണ്ടേ മോൾക്ക്?””””” മായ അവളുടെ കവിളിൽ ഒന്ന് തഴുകി… “””””മ്മ്… ആവിച്ചനും മായമ്മേം ന്താ കൊണ്ടന്നെ?””””” അവൾ ഇരുവരെയും മാറി മാറി നോക്കി… മായ ജാനി ഉണ്ടാക്കിയ മുത്തുമാലയും പാവയും അവളുടെ കയ്യിൽ വച്ച് കൊടുത്തു. “””””ഇതേ ഉള്ളൂ മോളൂ… ഇഷ്ടായോ മോൾക്ക്?””””” കുഞ്ഞി ആ പാവയിലേയ്ക്ക് തന്നെ ഇമ ചിമ്മാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മായയ്ക്ക് ചെറിയ വിഷമം തോന്നി. സാധാരണ ഇഷ്ടമായെങ്കിൽ അവൾ ഉടനെ തന്നെ ചിരിയോടെ അത് പറയേണ്ടതാണ്…. പക്ഷെ….. “”

“”ഇഷ്ടമായില്ലേ മോളെ?”””” മായ ചോദ്യത്തോടെ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. “””””ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി…. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറവാ ഇത്…. എല്ലാ സമ്മാനത്തേക്കാളും എനിക്ക് ഇഷ്ടായത് ഈ പിങ്ക് പാവയാ…..””””” അവൾ ആ പാവയിൽ അമർത്തി ചബിച്ചു കൊണ്ടത് പറയുമ്പോൾ ആൽവിയുടെയും മായയുടെയും മനസ്സ് ഒരുപോലെ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി…. ഇത് നിനക്ക് ഏറെ ഇഷ്ടമാകുമെന്ന് എനിക്ക് അറിയാമായിരുന്നു മോളെ…… ഇത് തരുമ്പോൾ ഞാൻ നിന്റെ അമ്മേടെ കണ്ണുകളിൽ കണ്ട നനവ് നിന്നോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു….. ആ കണ്ണുകളിൽ നിന്നോഴുകിയ സ്നേഹത്തിൽ കുതിർന്ന ഈ പാവ നിനക്ക് എങ്ങനെ ഇഷ്ടമാകാതിരിക്കും എന്റെ കുഞ്ഞേ…..?

ദിവസം മുഴുവൻ നിനക്കുള്ള പ്രാർത്ഥനയുമായി ദൂരെ ഒരമ്മയുണ്ട് മോളെ…. നീയ്ത് അറിയുന്നില്ല എന്ന് മാത്രം….. കുഞ്ഞിയുടെ മുഖത്ത് നോക്കി നിശബ്ദയായി സംസാരിക്കുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…. അലങ്കാരവും കേക്ക് കട്ടിങ്ങും ആഹാരവും കളിചിരിക്കലും ഒക്കെയായി ആഘോഷത്തിൽ തന്നെ ആയിരുന്നു അന്ന് എല്ലാപേരും….. ചിരിയുടെ മുഖം മൂടി അണിയേണ്ടി വന്നത് ആൾവിയ്ക്കും മായയ്ക്കും മാത്രമായിരുന്നു. 🍀🍀🍀🍀🍀🍀🍀🍀🍀 ഉച്ച ഭക്ഷണം കഴിഞ്ഞു ആൽവിയും മായയും ജോക്കുട്ടനും ഇറങ്ങി…. അവരോടൊപ്പം ഇറങ്ങിയ കീർത്തിയെ ഓരോന്ന് പറഞ്ഞു ജയ പിടിച്ച് വച്ചു …. മോഹൻ കഴിയുന്നതും അവർക്കരികിൽ വരാതെ ഒഴിഞ്ഞു മാറി നടന്നു. “””””ഒരു വീട്ടിലെ കുട്ടികളാണെന്നെ തോന്നുള്ളു അല്ലെ?””

“”” കുഞ്ഞിയുടെയും ലെച്ചുവിന്റെയും കളി ചിരികൾ നോക്കിയിരിക്കുമ്പോൾ ജയ കീർത്തിയോട് ചോദിച്ചു…. “”””അതേ അമ്മേ… ലെച്ചൂന് കുഞ്ഞിയെ വല്യ ഇഷ്ടമാണ്… കുഞ്ഞിക്ക് തിരിച്ചും…”””” കുഞ്ഞുങ്ങളെത്തന്നെ നോക്കിയാണവളത് പറഞ്ഞത്. “””””എങ്കിൽപിന്നെ അവരെ ഒരു വീട്ടിൽത്തന്നെ താമസിപ്പിച്ചു കൂടെ?””””” “””””ഞാൻ പ്രതീക്ഷിചതാണ് അമ്മയിൽ നിന്നു ഈ ചോദ്യം…..കുറച്ചു കൂടി നേരത്തെ….. എന്റെ അമ്മയും ഇതെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. കുഞ്ഞീടെ അമ്മ ആകാൻ എനിക്ക് സന്തോഷമേ ഉള്ളൂ…. പക്ഷെ അതിന് മോഹനേട്ടന്റെ ഭാര്യ ആകണമെന്നില്ലലോ?””””” ജയ മനസിലാകാത്തത് പോലെ കീർത്തിയെ നോക്കി…. “”””മോൾക്ക് മോഹനെ ഇഷ്ടമായില്ലേ?””””

“”””മോഹനേട്ടനെ ആർക്കാണ് ഇഷ്ടമാകാത്തത്? അദ്ദേഹത്തിന്റെ കാരക്റ്റർ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കും കഴിയില്ല… ജാനകി മോഹനേട്ടനെ ഉപേക്ഷിച്ചു പോയതിൽ എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്… എന്റെ അമ്മയും അച്ഛനുമൊക്കെ അവരെക്കുറിച്ച് പലതും പറഞ്ഞു കേട്ടതാണ് കേട്ടോ…. മോഹനേട്ടന്റെ ക്യാരക്ടർ എനിക്ക് ഇഷ്ടമാണ്. പക്ഷെ ആ ഇഷ്ടത്തിന് മറ്റൊരർത്ഥം കാണാൻ എനിക്ക് കഴിയില്ല അമ്മേ….എന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടായിരുന്നു…… അല്ല ഇപ്പോഴും അദ്ദേഹം എന്നോടൊപ്പം ഉണ്ട് എന്ന് പറഞ്ഞാൽ അമ്മയ്ക്ക് വിശ്വസിക്കാൻ പറ്റുമോ? എനിക്ക് ഒരുപാട് സന്തോഷം തോന്നുമ്പോഴും നെഞ്ച് പിടയുന്ന വേദന തോന്നുമ്പോഴുമൊക്കെ ആ സാമീപ്യം ഞാൻ ഇപ്പോഴും അറിയാറുണ്ട്….

എന്റെ സന്തോഷങ്ങളും വേദനകളുമൊക്കെ ഞാൻ ആളുമായി പങ്ക് വയ്ക്കാറുണ്ട്. ആരും കാണാതെ ഇരുട്ടിന്റെ മറവിൽ എന്റെ നൊമ്പരങ്ങൾ ഞാൻ ഇപ്പോഴും ഒഴുക്കി വിടുന്നത് ആ ആത്‍മവിലേയ്ക്ക് തന്നെയാണ്….. വല്ലാതെ നോവുമ്പോ ആള് എന്റെ അരികിൽ വന്നിരിക്കാറുണ്ട്. എന്റെ സങ്കടങ്ങൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു തീർക്കാറുണ്ട്… എന്നെ തഴുകി ആശ്വസിപ്പിക്കാറുണ്ട്….. ചേർത്ത് പിടിക്കാറുണ്ട്…ചിലപ്പോഴൊക്കെ ഒരു ചുംബനമായി ആ സ്നേഹം എന്റെ നെറുകയിൽ അറിയാറുണ്ട്…. ഒക്കെയും സ്വപ്നമാണെന്ന് അറിയാമെങ്കിലും അങ്ങനെ വിശ്വസിക്കാൻ അപ്പോ ഞാൻ ആഗ്രഹിക്കാറില്ല…. മറ്റുള്ളവരുടെ കണ്ണിൽ മാത്രമാണ് ഞാൻ ദേവേട്ടന്റെ വിധവ…!

എന്നെ സംബന്ധിച്ചിടത്തൊളാം ഞാൻ ഇപ്പോഴും ആളിന്റെ ഭാര്യ തന്നെയാണ്…. ആ സ്ഥാനത്തു മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല അമ്മേ…..”””” അവൾ ഒന്ന് നെടുവീർപ്പിട്ടു… കണ്ണുനീർ തുടച്ചു മാറ്റി നിവർന്നിരുന്നു….. “””””അമ്മയ്ക്കറിയുമോ പത്തൊൻപതാമത്തെ വയസിലാണ് ദേവേട്ടൻ എന്റെ കഴുത്തിൽ താലി ചാര്ത്തുന്നത്…. വിവാഹം കഴിഞ്ഞു എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ലച്ചൂനെ കിട്ടിയത്…. അതിനിടയിൽ ഒരു സ്ത്രീയും കേൾക്കാൻ ആഗ്രഹിക്കാത്ത പലതും ഞാൻ കേട്ടു….. അമ്മയാകാൻ കഴിയാത്ത സ്ത്രീകളെ വിളിക്കുന്ന ആ പേര്…… അത് നാവ് കൊണ്ട് പറയാൻ പോലും എനിക്ക് കഴിയുന്നില്ല…

ഒത്തിരി തവണ കേട്ടു ഞാനത്…. മുഖത്ത് നോക്കി ആ പേര് വിളിക്കുമ്പോ ഒരു സ്ത്രീയ്ക്കുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പോലും കഴിയില്ല അമ്മേ….. സ്നേഹത്തോടെ സംസാരിച്ചിരുന്ന ദേവേട്ടന്റെ അമ്മ പോലും അങ്ങനെ വിളിക്കാൻ തുടങ്ങിയപ്പോൾ ആകെ തകർന്നു പോയി ഞാൻ….. ഒടുവിൽ എന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കാൻ ദേവേട്ടനെ നോർബന്ധിച്ചപ്പോ എന്നെ ചേർത്ത് പിടിച്ചു ആ വീട്ടിൽ നിന്നും പടിയിറങ്ങി അദ്ദേഹം … എനിക്ക് വേണ്ടി… അപ്പോഴും ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ എന്നോട് കലഹിച്ചില്ല…. പ്രശ്നം എനിക്കാണേന്നു അറിഞ്ഞപ്പോഴും കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനത്തിൽ താഴെ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോഴും എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. നമുക്ക് നമ്മൾ മാത്രം മതിയെടി…

പിന്നെ നിനക്ക് ഒരു കുഞ്ഞിനെ അത്രയ്ക്കും മോഹമാണെങ്കിൽ ഒരു വാവയെ നമുക്ക് അടോപ്റ്റ് ചെയ്യാം … എന്നിട്ടു നമ്മുടെ കുഞ്ഞായിട്ട് വളർത്താം എന്നാണ് ആള് പറഞ്ഞത് …. പിന്നീട് കയറി ഇറങ്ങാത്ത ആശുപത്രികളോ നേരാത്ത നേർച്ചകളോ ഇല്ല…ഒടുവിൽ എട്ട് വർഷത്തെ കാത്തിരിപ്പിനോടുവിൽ ദൈവം എന്റെ കണ്ണീരു കണ്ടു ….. പക്ഷെ ആ സന്തോഷവും അധികം നാള് നിന്നില്ല. ലെച്ചു മോളെ ഗർഭിണി ആയിരുന്നപ്പോൾ തന്നെ ഒരു അറ്റാക്കിന്റെ രൂപത്തിൽ ദേവേട്ടനെ ദൈവം തിരികെ വിളിച്ചു…… അവിടം മുതൽക്കേ ഞാൻ ഒറ്റയ്ക്ക് തന്നെ ആയിരുന്നു…. അമ്മയും അച്ഛനും ഉണ്ടായിരുന്നു ഒപ്പം… എന്നാലും…..””””” ബാക്കി പറയാതെ കീർത്തി ഒന്ന് തേങ്ങി… ജയ അവളുടെ തോളിൽ കൈ ചേർത്തു…. ആശ്വാസം നൽകുന്നത് പോലെ….. “””

“”നോക്ക് മോളെ… ഇത്ര നാളും മോള് ഒറ്റയ്ക്ക് പിടിച്ചു നിന്നില്ലേ? ഇനിയെങ്കിലും ചേർന്ന് നിന്നു താങ്ങാകാൻ ഒരു കൂട്ട് വേണ്ടേ മോൾക്ക്….? അതാ അമ്മ പറഞ്ഞത്…..””””” പറയുന്നതിനൊപ്പം ചൂണ്ടു വിരൽ കൊണ്ട് അവളുടെ കണ്ണുനീര് തുടച്ചു മാറ്റി ജയ…. “””””അവിടെ ആണമ്മേ എന്റെ അമ്മ ഉൾപ്പെടെയുള്ള നിങ്ങൾ അമ്മമാർക്കു തെറ്റ് പറ്റുന്നത്…. എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ ദേവേട്ടൻ അല്ലാതെ മറ്റൊരാൾക്ക് എന്റെ മനസ്സിൽ സ്ഥാനം ഉണ്ടാകില്ല അമ്മേ…. എനിക്ക് കൂട്ടായി ഇപ്പോഴും എന്റെ ദേവേട്ടൻ ഉണ്ട്… ഒന്ന് കണ്ണടച്ചാലോ… ഒറ്റയ്ക്കിരുന്നാലോ എനിക്ക് കൂട്ടായി ആളെന്റെ കണ്മുന്നിൽ വരും…. തന്റെ പാതിയെ മനസ്സ് തുറന്ന് സ്നേഹിച്ചവർക്ക് അവർ ഇല്ലാതായാലും ജീവിതത്തിൽ നിന്നു പോയാലും ആ സ്ഥാനത് മറ്റൊരാളെ കാണാനോ സ്നേഹിക്കാനോ കഴിയില്ല അമ്മേ…..

നിങ്ങളുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ഞിക്കും ലെച്ചുനും വേണ്ടി ഞങ്ങൾ ഒന്നായാലും ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാൻ കഴിയില്ല…. ഒരേ വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ മറ്റുള്ളവരുടെ മുന്നിൽ സന്തോഷം അഭിനയിച്ചു ജീവിക്കേണ്ടി വരുന്നതിനേക്കാൾ വിഷമം മറ്റൊന്നും ഉണ്ടാകില്ല…. ഒരു മുറിക്കുള്ളിൽ പരസ്പരം മുഖത്ത് നോക്കാൻ പോലും മടിച്ചു….. ഒന്നാലോചിച്ചു നോക്കൂ…..”””” ഒന്ന് നിർത്തി അവൾ മുഖമുയർത്തി ജയയെ നോക്കി…. “””””ഇനി എന്നെങ്കിലും മനസ്സ് മാറും എന്ന വിശ്വാസത്തിൽ വിവാഹത്തിന് സമ്മതം മൂളിയാലും ഒരിക്കൽ പ്രാണനായിക്കണ്ട ആളിന്റെ ഓർമ്മകൾ ജീവിതഅവസാനം വരെ ഒപ്പം ഉണ്ടാകും… പല സന്ദർഭങ്ങളിലും ആളിനെ ഓർത്തു പോകും…. താലി കെട്ടിയ ആളിനെ സ്നേഹിച്ചു തുടങ്ങിയാലും ആ സ്നേഹം ഒരിക്കലും പൂർണമാകില്ല…. മക്കൾക്ക് വേണ്ടിയുള്ള ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫ്….!

അത് ഞങ്ങൾക്ക് രണ്ടാൾക്കും വിഷമം മാത്രമേ ഉണ്ടാക്കൂ….””””” “”””എത്രയോ പേര് രണ്ടാമത് വിവാഹിതരാകുന്നു മോളെ? അവരൊക്കെ സന്തോഷത്തോടെ തന്നെയല്ലേ കഴിയുന്നത്?”””” ചോദ്യത്തോടൊപ്പം ജയ അവളുടെ മുഖത്തേയ്ക്ക് അരുമയോടെ നോക്കിയിരുന്നു… “””””നമുക്ക് അറിയില്ലലോ അമ്മേ… പുറമെ സന്തോഷിച്ചു കൊണ്ട് ഉള്ളിൽ കരയുകയാണോ എന്ന് ആർക്ക്‌ അറിയാം? പിന്നെ പരസ്പരം പോരുത്തപ്പെടാനാകാതെ ജീവിക്കുന്നവർക്കും വിവാഹ ബന്ധം വേർപെടുത്തുന്നവർക്കുമൊക്കെ കഴിയുമായിരിക്കും….. അവർ പരസ്പരം സ്നേഹിച്ചിട്ടുണ്ടാകില്ലല്ലോ…. എന്നെ സംബന്ധിച്ച് ആത്മാർത്ഥമായി ജീവിതത്തിൽ ഒരാളെയെ സ്നേഹിക്കാനാകൂ….

നമുക്ക് ചുറ്റുമുള്ളവർക്ക് വേണ്ടി മറ്റൊരാളെ സ്നേഹിച്ചു തുടങ്ങിയാലും ആദ്യമായി സ്നേഹിച്ച ആളിന്റെ ഒരു നിഴൽ രൂപമെങ്കിലും ജീവിതഅവസാനം വരെ ഒപ്പമുണ്ടാകും. ഒരുപക്ഷെ അത് നമ്മളോട് തന്നെ ചെയ്യുന്ന ചതിയുമായിരിക്കും…. പിന്നെ മക്കളുടെ കാര്യം…. ഇത്ര നാളും ലെച്ചു അച്ഛനില്ലാതെയും കുഞ്ഞി അമ്മ ഇല്ലാതെയും തന്നെ അല്ലെ വളർന്നത് …? നിങ്ങൾ അമ്മൂമ്മമാർ ഓരോന്ന് പറഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ മനസ്സിൽ മോഹം ഉണ്ടായതാണ്… അത് ഞാൻ തന്നെ മായ്ച്ചു കളഞ്ഞോളാം …. അല്ലെങ്കിലും ആഗ്രഹിച്ചതെല്ലാം ഒരിക്കലും ജീവിതത്തിൽ നേടാനാകില്ലല്ലോ … അവരും വിഷമങ്ങൾ അറിഞ്ഞു വളരെട്ടെ…..”””” “””””ലെച്ചുനു വേണ്ടി പോലും വിവാഹത്തിന് തയാറാകുന്നില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ഞാൻ എന്റെ മോളെ സ്നേഹിക്കുന്നില്ല എന്നല്ല…..

മറിച്ചു അവളെപ്പോലെ ഞാൻ എന്നെയും എന്റെ ദേവേട്ടനെയും സ്നേഹിക്കുന്നു എന്ന് മാത്രമാണ്…….. ഞാൻ മനസിലാക്കിയിടത്തോളം മോഹനേട്ടനും ജാനിയെ അല്ലാതെ മറ്റൊരാളെ ഉൾക്കൊള്ളനാകും എന്ന് തോന്നുന്നില്ല. അതെനിക്ക് ഇന്ന് ആളിനെ കണ്ടപ്പോഴേ മനസിലായി…. കുഞ്ഞിയുടെ ഒപ്പം സ്കൂളിൽ വച്ച് മോഹനേട്ടനെ ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്. അന്നൊക്കെ ഒരു തെളിമയുള്ള ചിരിയാണ് എനിക്ക് കിട്ടാറ് .. പക്ഷെ ഇന്ന്….. ഇന്നാ മുഖത്ത് കണ്ട ചിരി വല്ലാതെ മങ്ങിയിരുന്നു…. അതിന്റെ കാരണവും എനിക്ക് ഊഹിക്കാം…. ഒന്ന് ഞാൻ പറയാമമ്മേ… മോഹനേട്ടന്റെ മനസ്സിൽ നിന്നും ഇപ്പോഴും ജാനകി മാഞ്ഞു പോയിട്ടില്ല എങ്കിൽ അതിനർത്ഥം ഇനി ഒരിക്കലും ജാനകിയെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ മോഹനേട്ടന് കഴിയില്ല എന്ന് തന്നെയാണ്…..

അതിന് അദ്ദേഹത്തെ നിർബന്ധിക്കാതിരിക്കുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം…””””” കീർത്തി പറഞ്ഞു നിർത്തുമ്പോൾ ജയയുടെ മനസ്സ് വല്ലാതൊരാശയക്കുഴപ്പത്തിൽ ആയിരുന്നു. കീർത്തിയ്ക്ക് അവരുടെ മനസ്സ് മനസിലാവുകയും ചെയ്തു. “””””അമ്മയുടെ ഈ വിഷമത്തിന് കാരണം ഞാൻ പറയട്ടെ?””””” അവളുടെ ചോദ്യം കേട്ടു അവർ അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി… “””””നിങ്ങളുടെ മകള് കാരണമാണ് മോഹനേട്ടന്റെ ജീവിതം ഇല്ലാതായത് എന്ന് നിങ്ങൾ വിശ്വസിക്കുന്നു. നിങ്ങളും അതിന് കാരണക്കാരാണെന്ന് കരുതുന്നു….. ശെരിയല്ലേ?!”””””” കീർത്തിയുടെ ചോദ്യം ജയയെ അത്ഭുതപ്പെടുത്തി…. തന്റെ മനസ്സ് ഇവൾ എത്ര നന്നായിട്ടു മനസിലാക്കുന്നു എന്നവർ ഓർത്തു… “”””അങ്ങനെ കരുതണ്ട അമ്മേ…..

മകള് തെറ്റ് ചെയ്തു എന്ന് തോന്നിയപ്പോ അമ്മയും അങ്കിൾളും മോഹനേട്ടനൊപ്പം നിന്നില്ലേ? മോഹനേട്ടനെ നിങ്ങൾ മകനായിത്തന്നെയല്ലേ കാണുന്നത്? കുഞ്ഞിയുട കാര്യങ്ങളൊക്കെ ഭംഗിയായി നോക്കുന്നില്ലേ? ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത്? പിന്നെ മക്കൾ തെറ്റ് ചെയ്‌താൽ അതിന് കാരണക്കാർ മാതാപിതാക്കൾ മാത്രമാണ് എന്ന് ചിന്ദിക്കരുത്…. ജാനകി തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അതിന് കാരണം ഒരിക്കലും നിങ്ങൾ ആകില്ലല്ലോ… അങ്ങനെ ചിന്ദിക്കല്ലേ അമ്മേ…. മോഹനേട്ടനേയും കുഞ്ഞിയെയും ഇപ്പോഴത്തെപ്പോലെ ഇനിയും സ്നേഹിക്കണം… കഴിയുമെങ്കിൽ അദ്ദേഹത്തെ ഒരു വിവാഹത്തിന് നിബന്ധിക്കാതിരിക്കാൻ ശ്രമിക്കൂ….””””” പറഞ്ഞു നിർത്തി അവൾ എഴുന്നേറ്റു… “””

“”എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മേ… ഇനിയും വരാം… ലേച്ചൂനെപ്പോലെ കുഞ്ഞിയും ഇപ്പൊ എന്റെ മോള് തന്നെയാണ്….””””” ചിരിയോടെ പറഞ്ഞിട്ട് കുഞ്ഞിയോടൊപ്പം കളിക്കുകയായിരുന്ന ലെച്ചുവിനെയും കൂട്ടി കീർത്തി പുറത്തേയ്ക്ക് നടന്നു. മരണം അപഹരിച്ചിട്ടും ഇപ്പോഴും അവൾ താലി കെട്ടിയവനെ മറക്കാതെ മനസ്സിൽ കൊണ്ട് നടക്കുന്നു…. തന്റെ മകളോ…? ജീവനെപ്പോലെ കണ്ട് സ്നേഹിച്ചവനെ ഉപേക്ഷിച്ചു പോയിരിക്കുന്നു….. ഒരേ സമയം കീർത്തിയോട് സ്നേഹവും ജാനിയോട് വെറുപ്പും തോന്നിപ്പോയി ജയയ്ക്ക്… 🍁🍁🍁🍁

വീട്ടിലേയ്ക്ക് മടങ്ങി എത്തുമ്പോൾ ശരത്തിന്റെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു….അതിന് പ്രധാന കാരണം ജാനകിയുടെ സുരക്ഷിതത്വം തന്നെയായിരുന്നു… ഒപ്പം മഠത്തിൽ വച്ച് ജാനകിയുടെ ബാഗിൽ ഡ്രഗ് എങ്ങനെ എത്തി എന്ന ചിന്തയും…. അപ്പോഴാണ് തന്റെ മൊബൈലിലേയ്ക്ക് കാൾ വന്ന നമ്പറിന്റെ ഉടമയെക്കണ്ടെത്താനായി ജിതയെ ഏൽപ്പിച്ചിരുന്ന കാര്യം ഓർത്തത്…. അവൻ ഉടനെ തന്നെ ഫോൺ എടുത്ത് ജിതയെ വിളിച്ച്…. ബെൽ അവസാനിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതായപ്പോൾ വല്ലാത്ത നിരാശ തോന്നി അവന്…. ഫോൺ ടേബിളിൽ വച്ച് തിരിഞ്ഞപ്പോഴാണ് ജിത തിരികെ വിളിക്കുന്നത്…. പെട്ടന്ന് തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു…. “”””ഞാൻ ഓഫീസിൽ ആയിരുന്നു സാർ… അതാണ്‌ കാൾ എടുക്കാൻ വൈകിയത്. ഞാൻ സാറിനെ വിളിക്കണമെന്ന് ഇപ്പൊ ഓർത്താതെ ഉള്ളൂ…. ആ sim ആരുടെ പേരിലാണെന്ന് അറിഞ്ഞിട്ടുണ്ട്….””””

“”””ആരുടെ പേരിലാണ്?””””” വല്ലാത്ത ആകാംക്ഷയോടെ ശരത് ചോദിച്ചു… അവൾ പറഞ്ഞ പേരും അഡ്രസ്സും ആവിശ്വാസനീയതയോടെയാണ് അവൻ കേട്ടത്…. “””””മദർ അനീറ്റ തോമസ്…? നിനക്ക് ഉറപ്പാണോ ജിത…?””””” അവൾക്ക് തെറ്റ് പറ്റിയതാകും എന്നായിരുന്നു അപ്പോഴും അവന് തോന്നിയത്…. “””””ഉറപ്പാണ് സാർ…. ഒരു സിം കാർഡ് അഡ്രസ് തപ്പിയെടുക്കാൻ ഒട്ടും പ്രയാസമില്ല. എന്നിട്ടും ഞാൻ രണ്ട് തവണ ചെക്ക് ചെയ്‌ത്‌ കൺഫേം ചെയ്തതാണ്….””””” ജിത കാൾ കട്ട് ആക്കിക്കഴിഞ്ഞും ശരത് കുറച്ചു സമയം കൂടി ഫോൺ ചെവിയിൽ വച്ച് നിന്നു ….. മദറിന് താൻ അറിയാതൊരു നമ്പറോ? ചതിക്കുന്നത് ആരാണ്…? ജിതയോ… അതോ മദറോ?…. തുടരും

തമസ്സ്‌ : ഭാഗം 24

Share this story