ആത്മിക : ഭാഗം 30

ആത്മിക : ഭാഗം 30

എഴുത്തുകാരി: ശിവ നന്ദ

“…ഹൈദരാബാദിൽ സുഹൃത്തുക്കളായ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ…” സ്ക്രീനിൽ തെളിഞ്ഞ ഫോട്ടോസിലേക്ക് ഹർഷൻ ഞെട്ടലോടെ നോക്കി.. ക്രിസ്റ്റിയും രാഹുലും പിന്നെ അന്ന് ആൽബിയെ കൊല്ലാൻ അവരോടൊപ്പം ഉണ്ടായിരുന്ന മൂന്നാമനും… “മോനേ ഇത്..ഇതവൻ അല്ലേ..??” അമ്മയുടെ ചോദ്യത്തിന് ഹർഷൻ ഒന്ന് തലയാട്ടി..ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ദിയ. “ഹർഷേട്ടാ…ആരായിരിക്കും ഇത് ചെയ്തത്?? ” “ശത്രുക്കൾ ഒരുപാട് ഉണ്ട്..അതിൽ ആരുമാകാം..പക്ഷെ ഇതിൽ ദൈവത്തിന്റെ ഇടപെടൽ ഉള്ളത് പോലെയൊരു തോന്നൽ” പറഞ്ഞ് തീർന്നതും ഡോർ തുറന്ന് അകത്തേക്ക് വന്നയാളിലേക്ക് ഹർഷന്റെ നോട്ടം തറച്ചു.. ..ആൽബിൻ ജോൺ കളരിയ്ക്കൽ.. ഗൗരവം നിറഞ്ഞ അവന്റെ മുഖത്തേക്ക് ചെറുപുഞ്ചിരിയോടെ ഹർഷൻ നോക്കി.

“ദിയ എപ്പോ എത്തി??” “കുറച്ച് സമയം ആയതേയുള്ളു ഇച്ചായ..” “മ്മ്മ്…” ഹർഷന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് അവൻ ടീവിയിലേക്ക് നോക്കി..ആ ന്യൂസ്‌ കണ്ടതും ഒരു കുഞ്ഞ് ചിരി അവന്റെ ചുണ്ടിൽ മിന്നിമാഞ്ഞു.. “ആഹാ അങ്ങനെ അവന്മാരുടെ ഇടപാട് തീർന്നല്ലേ..ശ്ശെടാ..ഞാൻ ഒന്ന് പണിയാൻ ബാക്കി വെച്ചിരുന്നതാ..ഹാ ഇനിയിപ്പോൾ പോട്ടെ..ഹർഷാ..കൂട്ടുകാർ മരിച്ചതിൽ വിഷമം ഉണ്ടോടാ??” “മരിച്ചതല്ലല്ലോടാ..”ആരോ” തല്ലികൊന്നതല്ലേ…” ആൽബി പറഞ്ഞ അതേ ടോണിൽ തന്നെ ഹർഷനും മറുപടി കൊടുത്തു.താടിയൊന്ന് ഉഴിഞ്ഞ് കൊണ്ട് ആൽബി അവനെ ഒളികണ്ണാൽ നോക്കി. “അമ്മ ദിയയുമായി ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിച്ചിട്ട് വാ” “എനിക്കൊന്നും വേണ്ട..” “നീ അതിനൊന്നും കഴിച്ചില്ലല്ലോ ദിയ..പറയുന്നത് കേൾക്ക്.ചെല്ല്..” അവർ രണ്ട് പേരും പോയതും ഹർഷൻ ആൽബിയെ അർത്ഥം വെച്ചൊന്ന് നോക്കി.. “തീർത്തല്ലേ???”

“എന്ത്??” “ദേ ആ ന്യൂസിൽ കാണുന്ന കൊലപാതകവുമായി നിനക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല” അതിന് മറുപടി പറയാതെ ആൽബി ടീവിയിലേക്ക് നോക്കി..മീശ പിരിച്ച് ഒരു കള്ളച്ചിരിയോടെ ഇരിക്കുന്നവനെ കണ്ടതും ഹർഷന് അതിനുള്ള ഉത്തരം കിട്ടി. “കൊല്ലണ്ടായിരുന്നു ആൽബി..പോലീസ് നിന്നെ കണ്ടുപിടിച്ചാൽ….” “അതിന് ഞാൻ അവന്മാരെ ഒന്നും ചെയ്തിട്ടില്ലല്ലോ” “പിന്നെ??” “കൊല്ലാൻ എനിക്കും ഉദ്ദേശം ഇല്ലായിരുന്നടാ..എല്ലാ തെളിവുകളോടെ അവന്മാരെ പോലീസിൽ ഏല്പിക്കാൻ ആയിരുന്നു പ്ലാൻ..അതിന് വേണ്ടിയാ ഞാൻ ഹൈദരാബാദ് പോയത്..പക്ഷെ ആ സമയം അവന്മാര് എന്റെ അമ്മുനെ കിഡ്നാപ് ചെയ്തു..പിന്നെ ദേവു..നീ…എല്ലാവരും കുറേ അനുഭവിച്ചില്ലേ… ദേവുവിനെ തേടി ക്രിസ്റ്റി ഇനിയും വരുമെന്ന് നീ പേടിക്കുന്നത് കൊണ്ടല്ലേ അവളുടെ കല്യാണം ഉടനെ നടത്താൻ തീരുമാനിച്ചത്.പക്ഷെ കല്യാണം കഴിഞ്ഞ് കിച്ചുന് എപ്പോഴും അവളുടെ കൂടെയിരിക്കാൻ പറ്റുമോ??

അതിലും നല്ലത് ആ പേടിയെ തന്നെ ഇല്ലാതാക്കുന്നത് ആണെന്ന് തോന്നി… അവന്മാരെ ഈ കൈകൊണ്ട് കൊല്ലാൻ അറിയാൻ വയ്യാഞ്ഞിട്ട് അല്ല..എന്നെ കാത്ത് ഒരു കുടുംബം ഉണ്ട്..എന്നെ വിശ്വസിച്ച് ആ വീട്ടിലേക്ക് വന്ന അമ്മു ഉണ്ട്..അവരെയൊക്കെ ഒറ്റക്കാക്കി ജയിലിൽ പോയി കിടക്കാൻ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഹൈദരാബാദ് ഉള്ള നമ്മുടെ പിള്ളേരെ കാര്യം ഏല്പിച്ചു..അത്യാവശ്യം ക്വട്ടേഷൻ ഒക്കെയുള്ള ടീംസ് ആണ്..അഥവാ പോലീസ് പിടിയിൽ ആയാലും അവന്മാരെ പുറത്തിറക്കാൻ ഒരുപാട് ആളുകൾ അവിടെ ഉണ്ട്.” ഭാവഭേദമില്ലാതെ ഹർഷൻ ആൽബിയെ തന്നെ നോക്കി കിടന്നു. “നീ ഇനി അതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ട..ദൈവം ഒരവസരം കൂടി നിനക്ക് തന്നിട്ടുണ്ട്..ഇനി നിനക്ക് ചുറ്റുമുള്ളവരെ കുറിച്ച് മാത്രം ചിന്തിക്ക്” “മ്മ്മ്….”നിർവികാരതയോടെ ഹർഷൻ ഒന്ന് മൂളി. “അങ്ങനെ ദിയ എത്തി അല്ലേ??”

“മ്മ്മ് എങ്ങനെയും അവളെ തിരിച്ച് അയക്കണം” “അവളുടെ ഇഷ്ടത്തിന് വന്നതല്ലേ..പിന്നെന്താ പ്രശ്നം?” “എന്നെ പ്രണയിച്ചതിന്റെ സെന്റിമെന്റ്സിൽ വന്നതാണ്..പക്ഷെ അവൾക്ക് തന്നെയറിയാം ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന്..എന്നെങ്കിലും ക്ഷമിച്ചാലും അവൾക് ഒരു ജീവിതം കൊടുക്കാൻ എന്നെ കൊണ്ട് പറ്റില്ലല്ലോടാ…ആ ഒരു പാപം കൂടി ഏൽക്കാൻ എനിക്ക് വയ്യ” “ചില മുറിവ് ഉണക്കാൻ പ്രണയത്തിനോളം നല്ല മരുന്നില്ലെന്ന പറയാറ്..എന്താണെങ്കിലും അവൾ തന്നെ തീരുമാനിക്കട്ടെ…ഇനിയൊരിക്കലും നിനക്ക് എഴുനേൽക്കാൻ പറ്റില്ലെന്നൊന്നും ചിന്തിക്കേണ്ട..നാളെ ഡിസ്ചാർജ് ആകും.അത് കഴിഞ്ഞ് ഡോക്ടറുമായി ഒന്ന് സംസാരിക്കാം..ഓടിച്ചാടി നടക്കാൻ പറ്റിയില്ലെങ്കിലും നിന്റെ കാര്യങ്ങൾ ഒക്കെ സ്വയം ചെയ്യാനുള്ള അവസ്ഥയിൽ എങ്കിലും എത്തിക്കും..

ആ ഉറപ്പ് പോരേ നിനക്ക്??” “എനിക്കിപ്പോഴും മനസിലാകാത്തത് ഇത് തന്നെയാണ്..എനിക്ക് വേണ്ടി എന്തിനാ നിങ്ങൾ മെനക്കെടുന്നത്??” “മനുഷ്യത്വം എന്നൊരു സാധനം ഞങ്ങൾക്ക് ഉള്ളത് കൊണ്ട്” “എനിക്കില്ലാതിരുന്നതും…” ഹർഷൻ ഉറക്കെ ചിരിച്ചു..ആ ചിരിയിൽ ആൽബിയും പങ്ക് ചേർന്നു..പിന്നെയും അവർ ഒരുപാട് സംസാരിച്ചു..ആൽബിയിൽ നിന്നും കൂടുതലും കേട്ടത് അമ്മുവിനെ കുറിച്ചാണ്…അതൊക്കെ ചെറുചിരിയോടെ തന്നെ ഹർഷൻ കേട്ടിരുന്നു. “ഞാനൊരു കാര്യം ചോദിക്കട്ടെ ആൽബി??” എന്തെന്ന അർത്ഥത്തിൽ ആൽബി പുരികം ഉയർത്തി. “ആത്മികയെ നിനക്ക് ഇഷ്ടമാണോ??” ആൽബി ആദ്യമൊന്ന് ഞെട്ടി..പിന്നെയാ മുഖത്ത് വേർതിരിച്ചറിയാൻ പറ്റാത്ത ഭാവം ആയിരുന്നു. “നീ ഒന്നും പറഞ്ഞില്ല” “അവളെ ആർക്കാ ഇഷ്ടപെടാത്ത..ടീനുന്റെ പപ്പ പറയുന്നത് അവൾ മാണിക്യം ആണെന്ന..ജെറിക്ക് അവൾ ചേച്ചിയും അനിയത്തിയും ഒക്കെ ആണ്..അമ്മച്ചിക്ക് ഇപ്പോൾ എന്നെക്കാളും വലുത് അമ്മു ആണ്..

പിന്നെ കിച്ചുനും ടീനുനും….” “അതേ..അവരുടെ ആരുടേയും കാര്യമല്ലല്ലോ മിസ്റ്റർ ആൽബിൻ ജോണിനോട്‌ ഞാൻ ചോദിച്ചത്??” കുറുമ്പൊടെ ഹർഷൻ ചോദിച്ചതും കള്ളച്ചിരിയോടെ ആൽബി എഴുന്നേറ്റു.. “ഞാൻ ഇറങ്ങട്ടെ…” “മറുപടി കിട്ടിയില്ല..” “നിന്റെ ചോദ്യത്തിന്റെ അർത്ഥം എനിക്ക് മനസിലായി..ഞാൻ അതിന് എന്ത് മറുപടി തരാനാ..ഒരിക്കൽ ടീനുവിനോട്‌ ഞാൻ പറഞ്ഞത് തന്നെ നിന്നോടും പറയുന്നു…ആൽബിക്ക് ഒരു പെൺകുട്ടിയെ സംരക്ഷിക്കാൻ മിന്നുകെട്ടി സ്വന്തമാക്കേണ്ട ആവശ്യമില്ല..” “സംരക്ഷിക്കാൻ മാത്രമാണെങ്കിൽ അതിന്റെ ആവശ്യമില്ല..പക്ഷെ ഉള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പ്രണയം പരസ്പരം പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കല്യാണം ഒരു സുപ്രധാന ചടങ്ങ് ആണല്ലോ..” “നീ ആദ്യം ദിയയുടെ മനസ്സിൽ പ്രണയം തിരികെകൊണ്ട് വരാൻ നോക്ക്..അതുകഴിഞ്ഞ് ബ്രോക്കർ പണിക്ക് ഇറങ്ങാം” കളിയായി പറഞ്ഞ് മുറിവിട്ട് പോകുന്നവനെ നോക്കി ഹർഷൻ ചിരിച്ചു..കള്ളകാമുകൻ..പിടിതരാതെ പോയി… *******

ആൽബി കാറിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ക്യാന്റീനിൽ നിന്നും ദിയയും അമ്മായിയും വരുന്നത് കണ്ടത്..അവൾക് അമ്മുവിനെയും ദേവുവിനെയും കാണണമെന്ന് പറഞ്ഞ് ആൽബിയുടെ ഒപ്പം തന്നെ കളരിയ്ക്കൽ വീട്ടിലേക്ക് വന്നു.ദിയയെ കണ്ട് അമ്മുവും ദേവുവും ഒരുപോലെ ഞെട്ടി. “ദിയേച്ചി…എപ്പോൾ എത്തി?” “രാവിലെ എത്തി മോളെ…കല്യാണപെണ്ണ് എന്തേ എന്നെ ഇങ്ങനെ നോക്കുന്ന??” “ചേച്ചി..ഹർഷേട്ടനെ കണ്ടോ?” “അതിനാണല്ലോ ഇവൾ വന്നത്” അർത്ഥം വെച്ച് പറഞ്ഞു കൊണ്ട് ആൽബി അകത്തേക്ക് കയറി.ദേവുവും അമ്മുവും സംശയത്തോടെ അവളെ നോക്കി..പക്ഷെ മറുപടി കൊടുക്കാതെ അവൾ അവരുടെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.ഇടയ്ക്ക് ദിയയിൽ നിന്നാണ് ക്രിസ്റ്റിയുടെ ഒക്കെ മരണത്തെ കുറിച്ച് അമ്മുവും ദേവുവും അറിയുന്നത്.അപ്പോൾ തന്നെ അമ്മു ആൽബിയുടെ മുറിയിലേക്ക് ചെന്നു. “ഇച്ചാ…”

“എന്താടോ??” “ഇച്ചനാണോ അവന്മാരെ കൊന്നത്??” “കർത്താവിന് നിരക്കാത്തത് ഒന്നും പറയല്ലേ അമ്മൂട്ടി..ഞാൻ ഈ വീട് വിട്ട് പോയിട്ടില്ലെന്ന് നിനക്ക് അറിയില്ലേ???” “പിന്നെയാരാ അവരെ??” “കുറേ പേരുടെ ജീവിതം തകർത്തവന്മാരല്ലേ..അതിൽ ആരുടെയെങ്കിലും പ്രിയപ്പെട്ടവർ ആകും” അവൻ പറഞ്ഞത് പൂർണമായും വിശ്വസിക്കാൻ അമ്മുവിന് കഴിഞ്ഞില്ല..എങ്കിലും അവളുടെ ഇച്ചനെ സംശയിക്കാനും അവൾക്ക് പറ്റീല.അവൾ മുറിയിൽ നിന്നിറങ്ങിയപ്പോൾ ആണ് ടീനയും ജെറിയും വെപ്രാളത്തോടെ ആൽബിയുടെ മുറിയിലേക്ക് കയറിയത്.ഓഫീസ് കാര്യം പറയാൻ ആയിരിക്കുമെന്ന് കരുതി അമ്മു അവിടെ നിന്നില്ല.. ടീനയും ജെറിയും ആൽബിയുടെ ഇടംവലം ഇരുന്ന് അവനെ കൂർപ്പിച്ച് നോക്കി.അവനാണെങ്കിൽ ഒന്നും മനസിലാകാത്തത് പോലെ രണ്ടുപേരെയും മാറിമാറി നോക്കാൻ തുടങ്ങി. “രണ്ടെണ്ണവും ശ്വാസം പിടിച്ച് ഇരിക്കാതെ കാര്യം പറ”

“ഒരു കൊലപാതകിയുടെ അടുത്ത് ഇരിക്കുമ്പോൾ ഞങ്ങൾക്ക് കുറച്ചു ടെൻഷൻ ഉണ്ടാകും” “എന്റെ പൊന്നുമോളെ അവന്മാരെ കൊന്നത് ഞാൻ അല്ല” “ഇച്ചായ വേണ്ട..എല്ലാവരെയും പറ്റിക്കുന്നത് പോലെ ഞങ്ങളോട് ഉടായിപ്പ് കാണിക്കണ്ട..മര്യാദക് സത്യം പറഞ്ഞോ” അവരുടെ മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ഹർഷനോട് പറഞ്ഞത് തന്നെ ടീനയോടും ജെറിയോടും പറഞ്ഞു. “അമ്മുവിനെയും ദേവുവിനെയും സേഫ് ആക്കിയത് പോലെ എല്ലാ പെൺപിള്ളേരെയും രക്ഷിക്കാൻ നമ്മൾ സൂപ്പർഹീറോസ് ഒന്നുമല്ലല്ലോ..പകരം അവനെപോലെയുള്ള കീടങ്ങളെ ഇല്ലാതാക്കുന്നതാണ് നല്ലതെന്ന് തോന്നി” ആൽബിയുടെ അഭിപ്രായം തന്നെയായിരുന്നു ടീനയ്ക്കും ജെറിയ്ക്കും. “ആഹ് പിന്നെ..ഈ കാര്യങ്ങൾ ഒന്നും വേറെ ആരോടും പറയരുത്..ഞാൻ അവന്മാരുടെ പിന്നാലെ പോയത് പോലും അമ്മച്ചിക്ക് അറിയില്ല..പിന്നെ അമ്മു ഇപ്പോൾ വന്ന് ചോദിച്ചിട്ട് പോയതേ ഉള്ളു..അവളും ഇതിന്റെ പിന്നിൽ ഞാൻ ആണെന്ന് അറിയരുത്.” “ഇല്ലടാ ഞങ്ങൾ ആരോടും പറയില്ല..എന്തായാലും ഇനി ഒരു പ്രശ്നവും ഉണ്ടാവില്ലല്ലോ..” 💞💞💞💞💞💞💞💞💞💞💞

ഹർഷൻ ഡിസ്ചാർജ് ആയതോടെ ദേവുവും വീട്ടിലേക്ക് പോയി.ദിയ കൂടെയുള്ളത് അവൾക്ക് വലിയൊരു ആശ്വാസം ആയിരുന്നു.വീട്ടിൽ എത്തിയിട്ടും അവൾ ഹർഷനെ ഒന്ന് നോക്കിയത് പോലുമില്ല..അതിന്റെ സങ്കടം ഹർഷൻ ആരോടും പറയാതെ ഉള്ളിലൊതുക്കി..അവന്റെ കാര്യങ്ങൾ ഒക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ദിയയോട് പലതവണ തിരികെ പോകാൻ പറഞ്ഞെങ്കിലും അവൾ അത് കേട്ടതായി പോലും ഭാവിച്ചില്ല..അവൾ അടുത്ത് വരുമ്പോഴൊക്കെ ഹർഷന് നെഞ്ച് പൊടിയുന്നത് പോലെ തോന്നി..അവളുടെ സ്നേഹപരിചരണം അവനെ കുറ്റബോധത്താൽ വീർപ്പുമുട്ടിച്ചു… കല്യാണത്തിന് വേണ്ട കാര്യങ്ങൾ ഒക്കെ ആൽബിയും അമ്മുവും കൂടിയാണ് ചെയ്തത്.അമ്പലത്തിൽ വെച്ച് ചെറിയൊരു ചടങ്ങായിട്ടേ ഉള്ളുവെങ്കിലും ദേവുവിന് വേണ്ടി സ്വർണവും ഡ്രെസ്സും ഒക്കെ എടുത്തു.

ആൽബിയുടെ നിർബന്ധത്തിന് അമ്മുവും ടീനയും സാരീ ആണ് എടുത്തത്.കിച്ചന്റെ വീട്ടിലെ ഫങ്ക്ഷൻ കുറച്ച് ഗ്രാൻഡ് ആയിട്ട് പിറ്റേന്ന് നടത്താൻ തീരുമാനിച്ചത് കൊണ്ട് അതിന് വേണ്ടിയുള്ള ഡ്രസ്സ്‌ ഒക്കെ കിച്ചന്റെ വക ആയിരുന്നു.. അങ്ങനെ കാത്തിരുന്ന കിച്ചന്റെയും ദേവുവിന്റെയും പ്രണയസാക്ഷാത്കാരത്തിന്റെ ദിവസം എത്തി.അമ്മുവും ടീനയും ദിയയും കൂടിയാണ് ദേവുവിനെ ഒരുക്കിയത്.തൊട്ടപ്പുറത്തെ മുറിയിൽ കല്യാണവേഷത്തിൽ കുഞ്ഞിപെങ്ങളെ കാണാൻ കാത്തിരിക്കുവാണ് ഹർഷൻ… ഒരുപാട് ആഗ്രഹിച്ച ദിവസം ആണെങ്കിലും ദേവുവിന് മനസ്സ് തുറന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ല.ഉള്ളിൽ എവിടെയോ ഒരു നോവ് അവളുടെ സന്തോഷം ഇല്ലാതാക്കുന്നുണ്ടായിരുന്നു.. “എന്ത് പറ്റി ദേവൂട്ടി…ടെൻഷൻ ആകേണ്ട കാര്യമൊന്നും ഇല്ലല്ലോ..നിന്റെ കിച്ചേട്ടന്റെ താലി സ്വന്തമാകുന്ന ദിവസം അല്ലേ” “എനിക്കറിയില്ല അമ്മൂസേ…എന്തോ ഒരു വിഷമം”

“അതൊക്കെ കിച്ചേട്ടനെ കാണുമ്പോൾ മാറും..നീ വാ..അമ്പലത്തിൽ എത്താൻ സമയം ആയി..” “ദിയയ്ക്കും വരാമായിരുന്നു” “ഞാൻ വന്നാൽ ഇവിടെ ഹർഷേട്ടന്റെ കാര്യം ആര് നോക്കും ടീന..എനിക്ക് കല്യാണം ലൈവ് ആയിട്ട് കാണിച്ച് തരാമെന്ന് ജെറി പറഞ്ഞിട്ടുണ്ട്.നിങ്ങൾ സമയം കളയാതെ ഇറങ്ങാൻ നോക്ക്..അപ്പച്ചി പുറത്ത് കാത്ത് നില്പുണ്ട്..” ദിയയെ കെട്ടിപിടിച്ച് ദേവു കുറേ കരഞ്ഞു..അവൾ തിരികെയൊരു ഉമ്മ കൊടുത്ത് ദേവുവിനെ മുറിയിൽ നിന്നിറക്കി. “ദേവു…ഹർഷേട്ടനെ കാണണ്ടേ??” “വേണ്ട അമ്മു..എനിക്ക് പറ്റില്ല” “നീ അവനോട് ക്ഷമിക്കണ്ട ദേവു..പക്ഷെ ഈ വേഷത്തിൽ നിന്നെ കാണാനുള്ള അവകാശം അവനുണ്ട്.അത് നീ ആയിട്ട് നിഷേധിക്കരുത്” ടീനയുടെ നിർബന്ധത്തിന് അവൾ ഹർഷന്റെ മുറിയിലേക്ക് ചെന്നു..

വാതിലിലേക്ക് കണ്ണുംനട്ട് കിടന്ന ഹർഷൻ ചുവന്ന പട്ടുസാരിയും കുറച്ച് സ്വർണവും മുല്ലപ്പൂവും ഒക്കെയായിട്ട് മിതമായി ഒരുങ്ങി നിൽക്കുന്നവളെ കണ്ട് കണ്ണ് നിറച്ച് നോക്കി..തന്റെ കൈകളിലേക്ക് അച്ഛൻ വെച്ചു തന്ന ആ കുഞ്ഞുവാവയെ അവൻ ഓർത്തു..അവൾക്കായി ജീവിച്ച നാളുകൾ ഓർത്തു..ഒടുവിൽ വെറുപ്പാണെന്ന് തന്റെ പ്രവർത്തികൾ അവളെ കൊണ്ട് പറയിപ്പിച്ചു..ഇന്ന് കൈപിടിച്ച് കൊടുക്കാൻ പോലും യോഗമില്ലാതെ ഈ മുറിക്കുള്ളിൽ…. കൂടുതൽ സമയം അവന്റെയടുത്ത് നിൽക്കാൻ അവൾക് കഴിഞ്ഞില്ല..നിറഞ്ഞുവന്ന കണ്ണുനീരിനെ വാശിയോടെ തുടച്ച്നീക്കി അവൾ അമ്മുവിന്റെയും ടീനയുടെയും അമ്മയുടെയും കൂടെ അമ്പലത്തിലേക്ക് പോയി. ആൽബിയുടെയും ജെറിയുടെയും കൂടെ നിൽക്കുന്ന കിച്ചനെ കണ്ടതും ദേവുവിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അവളെ കിച്ചന്റെ അടുത്തേക്ക് നിർത്തിയിട്ട് അമ്മുവും ടീനയും മാറി നിന്നു.അപ്പോഴാണ് ആൽബി അവരെ ശ്രദ്ധിക്കുന്നത്..രണ്ട് പേരും സാരിയിൽ കൂടുതൽ സുന്ദരികൾ ആയത് പോലെ..ഒരുവേള അവന്റെ നോട്ടം അമ്മുവിൽ മാത്രമായി…ഇടയ്ക്ക് അവൾ നോക്കിയതും രണ്ട് മിഴികളും ഒരുനിമിഷത്തേക്ക് ഇടഞ്ഞു..ചെറുപുഞ്ചിരിയോടെ അവർ കണ്ണുകൾ പിൻവലിക്കുകയും ചെയ്തു..ഇതെല്ലാം കണ്ടുനിന്ന ജെറി ഊറിചിരിച്ചുകൊണ്ട് ടീനയുടെ കൈയിൽ പിടിച്ച് വലിച്ചു..എന്തെന്ന് അവൾ ചോദിച്ചതും ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കൊണ്ട് ഫോൺ എടുത്ത് ദിയയെ വിളിച്ചു…ഓരോ ചടങ്ങുകളും അവൾക്ക് കാണിച്ച് കൊടുത്തുകൊണ്ടിരുന്നു. മുഹൂർത്തം ആയതും അച്ഛൻ എടുത്ത് നൽകിയ താലി കിച്ചൻ ദേവുവിന്റെ കഴുത്തിൽ ചാർത്തി..കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് അവൾ അത് സ്വീകരിച്ചു..പെങ്ങളുടെ സ്ഥാനത്ത് നിന്ന് അമ്മു സിന്ദൂരച്ചെപ്പ് കിച്ചന് നേരെ നീട്ടി..അതിൽനിന്നും ഒരുനുള്ള് സിന്ദൂരം കൊണ്ട് ദേവുവിന്റെ സീമന്തരേഖ ചുവപ്പിച്ചു…കൂട്ടത്തിൽ ഒരു ചുംബനവും…

ദിയയുടെ ഒപ്പമിരുന്ന് ഇതെല്ലാം ഫോണിൽ കാണുന്ന ഹർഷന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…ഉള്ളിലെ സങ്കടം കരഞ്ഞ് തീർക്കട്ടെന്ന് കരുതി ദിയ അവനെ തടഞ്ഞില്ല. ദേവുവിന്റെ കൈപിടിച്ച് കൊടുക്കുന്നത് ആരാണെന്ന ചോദ്യം വന്നപ്പോൾ എല്ലാവരും പരസ്പരം നോക്കി.ദേവു ദയനീയമായി അമ്മയെ നോക്കിയതും അവർ ആൽബിയുടെ അടുത്തേക്ക് ചെന്നു. “ഹർഷന്റെ കടമ ആയിരുന്നു അത്..പക്ഷെ….അതുകൊണ്ട് മോൻ തന്നെ ദേവുവിന്റെ ഏട്ടന്റെ സ്ഥാനത്ത് നിന്ന് അവളുടെ കന്യാദാനം നടത്തണം” “അത് ഞാൻ…അത് ശെരിയല്ലല്ലോ” “ഇത് ഹർഷൻ എന്നെ ഏല്പിച്ച കാര്യമാണ്…ആൽബി തന്നെ അവന്റെ സ്ഥാനത്ത് നിൽക്കണമെന്ന്” ആൽബി ചുറ്റുമുള്ളവരെ നോക്കി.. അമ്മച്ചി സമ്മതമെന്നോണം തലയനക്കിയതും അവൻ മണ്ഡപത്തിലേക്ക് കയറി..

ദേവുവിന്റെ കൈ കിച്ചന്റെ കൈയിലേക്ക് ആൽബി ചേർത്ത് വെക്കുമ്പോൾ അത് കണ്ട് ഹർഷന്റെ മനസ്സ് നിറഞ്ഞിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞ് കിച്ചന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതും ദേവു കരച്ചിൽ തുടങ്ങി..അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ അമ്മുവിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി..അതിനൊരു അവസാനം ഉണ്ടാകില്ലെന്ന് മനസ്സിലായതും കിച്ചൻ ദേവുവിനെ പിടിച്ചുവലിച്ച് കാറിൽ കയറ്റി.. കിച്ചന്റെ അമ്മ നൽകിയ നിലവിളക്ക് പിടിച്ച് അവൾ ആ വീട്ടിലേക്ക് കയറി..ആകെയുള്ള മകന്റെ കല്യാണം ഇങ്ങനെയൊക്കെ നടത്തേണ്ടി വന്നതിന്റെ നീരസം അവന്റെ അച്ഛന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും അയാൾ നിറഞ്ഞ മനസാലെ തന്നെ അവരെ അനുഗ്രഹിച്ചു.വീട്ടിൽ ഉണ്ടായിരുന്ന കുറച്ച് ബന്ധുക്കളുടെ അടുത്തേക്ക് അമ്മ ദേവുവിനെ കൊണ്ട് പോകുന്നത് കണ്ടതും കിച്ചൻ അവന്റെ മുറിയിലേക്ക് കയറി.

അവൻ കുളിച്ചിട്ട് ഇറങ്ങിയപ്പോൾ ദേവു മുറിയിൽ ഉണ്ടായിരുന്നു…മുടിയിൽ നിന്നിറ്റു വീഴുന്ന വെള്ളത്തുള്ളികളെ അവളുടെ മുഖത്തേക്ക് തെറുപ്പിച്ചുകൊണ്ട് അവൻ മീശകടിച്ച് അവളെ നോക്കി.. “എനിക്ക്…” “നിനക്ക്??” “എനിക്കൊന്ന് ഡ്രസ്സ്‌ മാറണം” “മാറ്റിക്കോ…” “കിച്ചേട്ടാ പ്ലീസ്..ഒന്ന് പുറത്ത് ഇറങ്ങ്” “എന്തിന്?? ഞാൻ നിന്റെ ഭർത്താവ്..ഇത് നമ്മുടെ ബെഡ്‌റൂം..നീ ധൈര്യമായിട്ട് മാറ്റിക്കോടി..ഇങ്ങോട്ട് ആരും വരാതെ ഞാൻ നോക്കിക്കോളാം” “ഇങ്ങോട്ട് ആരെങ്കിലും വരുന്നത് അല്ല.. കിച്ചേട്ടൻ നിൽക്കുന്നതാ പ്രശ്നം” “എന്നാൽ ഞാൻ ഇരിക്കാം” പറയുന്നതിനോടൊപ്പം തന്നെ അവൻ കട്ടിലിൽ കയറി ഇരുന്നിരുന്നു.. “കിച്ചേട്ടാ കഷ്ടമുണ്ട്..ഒന്ന് പോയേ…” ദേവുവിന്റെ ദയനീയ അവസ്ഥ കണ്ട് മീശ പിരിച്ച് കിച്ചൻ എഴുന്നേറ്റു..അവൻ ഓരോ ചുവട് വെക്കുമ്പോഴും അവൾ ഓരോ ചുവട് പിറകിലേക്ക് പോയി..

പിന്നിലുള്ള ടേബിളിൽ തട്ടുമെന്നായപ്പോൾ കിച്ചൻ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു..കരയിൽ പിടിച്ചിട്ട മീനിനെ പോലെ പിടയുന്നവളെ അവൻ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ചു…അവൾ മുഖമുയർത്തി നോക്കിയപ്പോൾ ആണ് ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടത്. “എന്താ ദേവൂട്ടി??” “എന്നെ അത്രക്ക് ഇഷ്ടാണോ കിച്ചേട്ടന്??” “എന്തേ എന്റെ ഭാര്യക്ക് ഇപ്പോൾ അങ്ങനെയൊരു സംശയം??” “ഹർഷേട്ടനെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ അതുപോലൊരാളുടെ പെങ്ങളെ വേണ്ടെന്ന് തോന്നിയില്ലേ??” “അങ്ങനെ തോന്നിയെങ്കിൽ നീയിപ്പോൾ എന്റെ പെണ്ണായി ഇങ്ങനെ ചേർന്ന് നിൽക്കില്ലായിരുന്നു..” “എന്റെ ഭാഗ്യമാണ് കിച്ചേട്ടൻ..” അവളുടെ കണ്ണുനീരിനാൽ അവന്റെ നെഞ്ച് നനഞ്ഞതും അവൻ അവളെ അടർത്തി മാറ്റി.. “ഈ സമയത്ത് ഇങ്ങനെ സെന്റി ആകാൻ എങ്ങനെ തോന്നി നിനക്ക്??” വിഷമം കലർത്തിയുള്ള അവന്റെ സംസാരം കേട്ട് അവൾ ചിരിച്ചു.

“മ്മ്മ് തല്ക്കാലം നീ പോയി കുളിച്ച് ഒന്ന് ഫ്രഷ് ആക്” അവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചുകൊണ്ട് അവൻ മുറിവിട്ട് പോയി..അവൾ നേരെ ബാത്‌റൂമിലേക്ക് കയറി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ദേവു താഴേക്ക് വന്നപ്പോൾ അമ്മുവും ആൽബിയും ടീനയും ജെറിയും ഉണ്ടായിരുന്നു…അമ്മുവിനെ കണ്ടതോടെ അവളുടെ എല്ലാ സങ്കടങ്ങളും മാറി…ഒരുപാട് സമയം അവരോടൊപ്പം ചിലവഴിച്ചു..ദേവു പൂർണമായും സന്തോഷവതിയായെന്ന് ഉറപ്പായതിന് ശേഷമാണ് അവർ തിരികെ പോയത്.. ദേവു മുറിയിൽ എത്തുമ്പോൾ ചിക്കുവിന്റെ ഫോട്ടോ നോക്കി നില്കുവായിരുന്നു കിച്ചൻ..അവൾ പിറകിലൂടെ വന്നവനെ കെട്ടിപിടിച്ചു..അവൻ കൈയിൽ പിടിച്ച് അവളെ മുന്നിലേക്ക് നിർത്തി. “ചിക്കു ആഘോഷമാക്കേണ്ട ദിവസം ആയിരുന്നു..ഏട്ടത്തീന്ന് വിളിച്ച് നിന്റെ പിന്നാലെ നടന്നേനെ” “വിഷമിക്കല്ലേ കിച്ചേട്ടാ.. മറ്റൊരു ലോകത്തിരുന്ന് ചിക്കു ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും..”

ഒന്ന് മൂളികൊണ്ട് അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി.നക്ഷത്രങ്ങൾ ചിമ്മിനിൽകുന്ന ആകാശത്തേക്ക് നോക്കി അവൻ ചിക്കുവിനെ കുറിച്ച് ദേവുവിനോട് പറയാൻ തുടങ്ങി..അവളുടെ കുറുമ്പുകളെ കുറിച്ച്..സ്നേഹത്തെ കുറിച്ച്..വാശിയെ കുറിച്ച്..പിന്നീട് ആ സംസാരം അമ്മുവിനെ കുറിച്ചായി..അത് ആൽബിയിലേക്കും ടീനയിലേക്കും നീണ്ടു.. ഇടയ്ക്ക് തണുപ്പ് കൊണ്ട് ചെറുതായി വിറയ്ക്കുന്നവളെ അവൻ ചേർത്ത് പിടിച്ചു.. അവന്റെ ഹൃദയതാളം കേട്ട് കണ്ണടച്ച് നിൽക്കുന്നവളെ കണ്ടതും അവന് ഒരു കുസൃതി തോന്നി.. അവളുടെ ഇടുപ്പിൽ ചെറുതായി ഇക്കിളിപ്പെടുത്താൻ തുടങ്ങി…അവൾ അവനെ തള്ളിമാറ്റി അകത്തേക്ക് പോകാൻ തിരിഞ്ഞതും അവൻ കൈയിൽ പിടിച്ച് വലിച്ചു..അവൾ കൃത്യം അവന്റെ നെഞ്ചിൽ തട്ടിനിന്നു..മുഖമുയർത്തി അവൾ നോക്കിയതും വിറയ്ക്കുന്നയാ ചുണ്ടുകളിലേക്ക് അവന്റെ നോട്ടം ചെന്നു..

അവന്റെ കണ്ണിലെ പ്രണയം നേരിടാനാകാതെ അവൾ മിഴികൾ മൂടി…മൂക്കിൻത്തുമ്പിൽ അവന്റെ മീശ തട്ടിയതും അവൾ ഒന്നുകൂടി അവനിലേക്ക് ചേർന്ന് നിന്നു..അടുത്ത നിമിഷം തന്നെ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് കൊണ്ട് അവൻ ആ അധരം സ്വന്തമാക്കി….ആവേശത്തോടെ ആ തേൻകണം നുകരുമ്പോൾ ശ്വാസം അവർക്ക് തടസമായി മാറി…അവളിൽ നിന്നകന്ന് മാറി അവൻ നോക്കുമ്പോൾ അവൾ അപ്പോഴും കണ്ണടച്ച് നിന്ന് കിതപ്പ് അകറ്റുവായിരുന്നു..ദേവുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് അവൻ ആ കണ്ണിലേക്ക് ഊതി.. അവൾ പ്രണയത്തോടെ കണ്ണ് ചിമ്മിത്തുറന്നു.. “ഇപ്പോൾ പറയടി..ഞാൻ അൺറൊമാന്റിക് ആണോന്ന്??” മീശ പിരിച്ചുള്ള അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി അവനെ നോക്കി..

“നോക്കണ്ട..ടീനയോടും അമ്മുവിനോടും നീ പരാതി പറഞ്ഞത് ടീന എന്നോട് പറഞ്ഞു” “അത് കിച്ചേട്ടാ… ഞാൻ വെറുതെ..” “മ്മ്മ് മ്മ്മ്..അപ്പോൾ അത്തരം മോഹങ്ങൾ ഒക്കെ എന്റെ മോൾക്ക് ഉണ്ടായിരുന്നു അല്ലേ..” “അയ്യേ.. പോ കിച്ചേട്ടാ..” അവൾ കണ്ണ്പൊത്തി തിരിഞ്ഞു നിന്നു…പൊടുന്നനെ അവൻ പിന്നിൽ നിന്നും അവളെ കെട്ടിപിടിച്ചു..കഴുത്തിടുക്കിൽ അവന്റെ നിശ്വാസം പതിഞ്ഞതും അവൾ ചിണുങ്ങിക്കൊണ്ട് അവനിലേക്ക് ചേർന്നു……. (തുടരും )

ആത്മിക:  ഭാഗം 29

Share this story