ചങ്കിലെ കാക്കി: ഭാഗം 20

ചങ്കിലെ കാക്കി: ഭാഗം 20

നോവൽ: ഇസ സാം

“ഞാൻ പറഞ്ഞതിനും അപ്പുറം ഒന്നും അവൾക്കു പറയാൻ ഉണ്ടായിരുന്നില്ലല്ലോ ഫയസീ …..അല്ലേ …..?” അജു വിധൂരതയിലേക്കു നോക്കി ചോദിച്ചു….. “ശീ വാസ് ടൂ യങ് …… ജസ്റ്റ് 11 ഇയർസ് ……..” അവൻ കണ്ണുകൾ ഇറുകെ അടച്ചു…….ഒരു തുള്ളി കണ്ണുനീർ ആ കവിളിലൂടെ ഒഴുകുന്നത് ഞാൻ വേദനയോടെ നോക്കി….. 🟢🟢🟢🟢🟢🟢🟢🟢🟢 ശാന്തമായി കണ്ണ് തുറക്കുമ്പോൾ മറ്റെവിടെയോ ആയിരുന്നു…… വീണ്ടും ആ ഉറക്കത്തിലേക്കു വീഴാനായി മാസ്സ് വെമ്പൽ കൊല്ലുന്നപോലെ….വീണ്ടും വീണ്ടും കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നു……വീണ്ടും കണ്ണടയുമ്പോൾ ഞാൻ കണ്ടു അർജുനേട്ടൻ്റെ മുഖം…ആ കൈകൾ എൻ്റെ നെറുകയിൽ തലോടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു….ആ ചൂടേറ്റു കുളിരണിഞ്ഞ മനസ്സുമായി ഞാൻ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു…… ചെറുചിരിയോടെ ഉറങ്ങുന്നവളെ നെഞ്ചോടെ ചേർക്കാൻ എന്റെ മനം കൊതിച്ചിരുന്നു……

അവൾ ഇത്രനാളും അനുഭവിച്ച വേദന അവളുടെ വേദനകൾ എൻ്റെ ഹൃദയത്തെ കുത്തിക്കീറുന്നു……ആ മുറിവുകളിൽ ഒക്കെയും സാന്ത്വനമേകാൻ ചുംബനങ്ങളാൽ മൂടാൻ നിൻ്റെ അർജുനൻ കാത്തിരിക്കുന്നു വൈകാശീ ……. “വൈഗ ഉറങ്ങിക്കോട്ടെ അർജുനാ…… വര്ഷങ്ങളായി അവളുടെ മനസ്സു ഒന്ന് ശാന്തമായിട്ടു…..ഇന്നാണ് അവൾക്കത് ലഭിച്ചത്……” പിന്നിലായി ഫയസിയുടെ സ്വരം കേട്ടു…… ഞാൻ അവനെ തിരിഞ്ഞു നോക്കി….. “ഇന്ന് നിങ്ങൾ ഇവിടെ സ്റ്റേ ചെയ്യൂ…..നാളെ വൈഗയെ നമുക്ക് എന്റെ സെന്ററിലേക്ക് മാറ്റാം …. ടു വീക്സ് …അവൾ അവിടെ നിൽക്കട്ടെ….. അവളിലെ എല്ലാ ദുർഗന്ധവും മണിയൊച്ചയും എല്ലാം നമുക്ക് പുറത്തു കളയണം …… ” ഞാൻ സംശയത്തോടെ അവനെ നോക്കി…… ഒപ്പം ഉള്ളിൽ എവിടെയോ ഒരു ചെറിയ വേദന …… നൈട് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോ ഭയന്നു ഉറങ്ങാതിരിക്കുന്നവളെ ഓർമ്മ വന്നു…. എത്രവൈകിയാലും എനിക്കായി കാത്തിരിക്കുന്നവളെ ഓർമ്മ വന്നു….

“അവൾ അവിടെ ഒറ്റയ്ക്ക്……?” “പിന്നല്ലാതെ……നിനക്കുമാത്രമായി ഒരു ഹണിമൂൺ സ്യുട് വേണമെങ്കിൽ അറേഞ്ച് ചെയ്യാട്ടോ ….. എന്താ മോനെ അജു…..? മതിയോ …?.” കുസൃതിയോടെ എന്നെ നോക്കി ഫെയ്‌സി ചോദിച്ചു…..വല്ലാത്ത ഒരു ചിരിയും ഉണ്ടായിരുന്നു…… “നല്ല അസ്സൽ ഹണിമൂൺ സ്യുട്ട് ഞങ്ങൾക്ക് അപ്പുകുട്ടൻ മാഷ് പണി ചെയ്തു തന്നിട്ടുണ്ട്….. ഞങ്ങൾക്ക് അത് തന്നെ ധാരാളം…… ഫെയ്‌സി ഡോക്‌ടർ ആദ്യം കൊച്ചിനെ ശെരിയാക്കാൻ നോക്കുട്ടാ …….” ഞാനും അതെ ചിരിയോടെ തിരിച്ചു പറഞ്ഞു…… അവനും ചിരിച്ചു……അന്ന് ഞങ്ങൾ അവിടെ തങ്ങി ….വൈഗ ഉണർന്നു എങ്കിലും മറ്റൊരു ലോകത്തു പോലെ തോന്നിച്ചു……രാവിലെ ഉണർന്നപ്പോൾ പക്ഷേ അവൾ സാധാരണ പോലെ ആയിരുന്നു…..ഫയസി തന്നെ അവളോട്‌ രണ്ടാഴ്ച ട്രീത്മെന്റ്റ് എങ്ങനെയാണ് എന്ന് വിശദമായി പറഞ്ഞു…. അവൾ എന്നെ നോക്കി സംശയത്തോടെ അവനോട് ചോദിച്ചു…..

“ഞാൻ ഒറ്റയ്ക്ക് …..?” “ഒറ്റയ്ക്കല്ലല്ലോ …? വേറെയും ആൾക്കാരുണ്ട്…കെയർ ടേക്കർസ് ഉണ്ട്….നഴ്സസ് ഉണ്ട്….. മറ്റൊരു ലോകമാണ്…..” അവൻ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ നിസ്സാരമായി പറഞ്ഞു….വൈഗ ദയനീയമായി എന്നെ നോക്കി ….. “ഡെയിലി വന്നു പോയാലോ…..?” “ഇവിടന്നു ഒരുപാട് ദൂരെയാണ്……പിന്നെ അങ്ങനെ വരുന്നത് കൊണ്ട് ഗുണമില്ല……” ഫെയ്‌സിയാണ്…… വൈഗ നിശബ്ധയായി……..തിരിച്ചു വീട്ടിലോട്ടു പോരുമ്പോഴും അവൾ മൗനമായിരുന്നു……ഞങ്ങൾ എത്തിയപ്പോഴേക്കും ‘അമ്മ ഇറങ്ങുകയായിരുന്നു….. “വീട്ടിൽ പോവുകയാണെങ്കിൽ ഒന്ന് പറയാമായിരുന്നില്ലേ കുട്ടി……എത്ര വിളിച്ചു ഞാൻ……. മൊബൈൽ എന്താ ഫോട്ടോ എടുക്കാൻ മാത്രമാണോ……വിളിച്ചാൽ വല്ലപ്പോഴും എടുക്കണം…..?” വൈഗ എന്നെ നോക്കി….. ഇന്നലെ അമ്മയോട് വൈഗ വീട്ടിൽ പോയിരിക്കുന്നു എന്ന് ഞാൻ പറഞ്ഞിരുന്നു….. “അമ്മേ……

വൈഗയ്ക്കു രണ്ടാഴ്ച ഔട്ട് ജോബ് ട്രെയിനിങ് ഉണ്ട്…….അത് അവളുടെ വീടിനടുത്താണ്……അതുകൊണ്ടു രണ്ടാഴ്ച അവിടെ ആയിരിക്കും…….” ‘അമ്മ അവളെ സൂക്ഷിച്ചു നോക്കുന്നുണ്ട്…… “എന്നാൽ പിന്നെ എന്തിനാ ഇങ്ങോട്ടു പോന്നത്….. അവിടെ പോയി രണ്ടാഴ്ച നിന്നോളൂ……അല്ലെങ്കിലും കല്യാണം കഴിഞ്ഞു കുട്ടി അവിടെ പോയി നിന്നിട്ടേ ഇല്ലല്ലോ ….?” വൈഗാ ഒന്നും മിണ്ടാതെ ഗോവണി കയറി മുകളിലേക്ക് പോയി….. “ആ കുട്ടി എന്താ വല്ലതിരിക്കണെ ……വയ്യായ്ക ഉണ്ടോ…. ?” ‘അമ്മ എന്നോട് ചോദിച്ചു…… “ആ ഉണ്ടാകും……” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒഴിഞ്ഞു മാറി…… “അവൾക്കു അവിടെ നിൽക്കാൻ ഇഷ്ടല്ലാച്ചാ ഇവിടെ നിന്ന് പോയി വരട്ടേ …അല്ലെങ്കിൽ ഇവിടെ എവിടെയെങ്കിലും നോക്കാം……” ഞാൻ അലസമായി മൂളി കൊണ്ട് മുകളിലേക്ക് കയറിയപ്പോൾ കണ്ടു മുഖപ്പിൽ നിന്ന് താഴോട്ടു നോക്കി നിൽക്കുന്നവളെ…..

“ഇവിടെ നിക്കാണോ ….? വേഗം ഒരുങ്ങിയേ ….? എനിക്ക് ഉച്ചയ്ക്ക് സ്റ്റേഷൻ കേറാൻ ഉള്ളതാ……തിരക്കാണ്……” അപ്പോഴും അവൾ ആ നിൽപ്പ് തുടർന്നു…..ഞാൻ വേഗം കുളിച്ചു ഇറങ്ങുമ്പോഴും അവൾ കട്ടിലിൽ ഇരിക്കുകയായിരുന്നു…… “എന്താണ് വൈകാശീ …. നമുക്ക് പോകണ്ടേ ?” ഒരു അനക്കവും ഇല്ലാ എന്ന് മാത്രമല്ല എന്നെ ദഹിപ്പിക്കും പോലെ നോക്കിയിട്ടു ചവിട്ടി തുള്ളി കുളിമുറിയിലേക്ക് പോയി…. ഈശ്വരാ അവൾ കുളിക്കുകയാണോ അതോ വെള്ളവുമായി അംഗം വെട്ടുകയാണോ എന്ന് പോലും എനിക്ക് മന്നസ്സിലായില്ല……ശബ്ദകോലാഹലങ്ങൾക്കു ശേഷം കുളി കഴിഞ്ഞിറങ്ങി…..കണ്ണൊക്കെ ചുമന്നു …..മൂക്കും കവിളൊക്കെ ചുവന്നു ആകെപ്പാടെ രൗദ്രഭാവം ആണോ ശോകമാണോ എന്നുപോലും തിരിച്ചറിയാൻ കഴിഞ്ഞില്ല….. രണ്ടും കലർന്ന ഭാവമായിരുന്നു…..കരയുന്നും ഉണ്ടു എന്നെ ദേഷ്യത്തോടെ നോക്കുന്നും ഉണ്ട്…..

ബാഗ് എടുത്തു ഉടുപ്പൊക്കെ ദേഷ്യത്തോടെ വലിച്ചു വാരി ഇടുന്നുണ്ട്….. “എല്ലാം കൂടി വലിച്ചു വാരിയിട്ടാൽ പിന്നെ രാത്രി ഞാൻ എവിടെ കിടക്കും…. എല്ലാം ഒതുക്കി വെച്ചേ……” “ഇയാൾ എവിടേലും പോയി കിടക്ക് …ഞാൻ ഒതുക്കി വെക്കില്ല……..” വീണ്ടും ബാക്കി വാസ്ത്രങ്ങൾ കൂടി വലിച്ചു വാരിയിട്ടു അലങ്കോലമാക്കി …..ഇടയ്ക്കു എന്തെക്കെയോ പറയുന്നുണ്ട്……എന്നെയും ഫെയ്‌സിയെയും ചീത്ത വിളിക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു…..ഞാൻ അവളെ ശല്യം ചെയ്യാൻ പോയില്ല..എനിക്ക് ഫോൺ കാളുകളും വന്നുകൊണ്ടിരുന്നു…. ..ഞാൻ മാറിയിരുന്നു അവളെ കാണുകയായിരുന്നു……ഒരു കൊച്ചു കുട്ടിയുടെ വാശിയോടെ പിണക്കത്തോടെ പരിഭവത്തോടെ കാട്ടികൂട്ടുന്നതൊക്കെയും… ഒടുവിൽ എല്ലാം കൂടെ കുത്തി നിറച്ചു ഒരു ബാഗിലാക്കി……

ഒപ്പം ഒരു കള്ളിയെ പോലെ ഞാൻ മാറ്റിയിട്ട എന്റെ ഷർട്ടും എടുത്തു വെക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്ത പോലിരുന്നു….. ഒടുവിൽ അവൾ വലിച്ചു വാരിയിട്ടതൊക്കെയും അവൾ മെല്ലെ ഒതുക്കി വെക്കാൻ തുടങ്ങി ……ഒപ്പം കണ്ണ് തുടയ്ക്കുന്നും ഉണ്ട്……മെല്ലെ അവളെടുത്തേക്കു ചെന്നു പിന്നിലൂടെ അവളെ കെട്ടി പിടിക്കുമ്പോഴും അവൾ കുതറിയില്ല ….എന്നെ തള്ളിമാറ്റിയില്ല പകരം തിരിഞ്ഞു എന്നെ കെട്ടി പിടിക്കുകയായിരുന്നു……എന്റെ നെഞ്ചിൽ മുഖം അമർത്തി കരയുകയായിരുന്നു…..ഒരുപാട് നേരം അവൾ ഏങ്ങലടിച്ചു കരഞ്ഞിരുന്നു…… ഒടുവിൽ ആ മുഖ കൈകുമ്പിളിൽ എടുക്കുമ്പോൾ അവൾ എന്റെ കവലുകൾ അവളുടെ ഷാളുകൾ കൊണ്ട് ഒപ്പുമ്പോഴാണ് ഞാനും കരയുകയാണ് എന്നറിഞ്ഞിരുന്നത്…… “ഞാൻ എനിക്ക് …എനിക്ക്…..നല്ല ഭ്രാന്തു ഉണ്ടോ അർജുനേട്ടാ..?….

അതുകൊണ്ടാണോ എന്നെ അവിടെ അയക്കുന്നെ…………? മാറിയില്ല എങ്കിൽ അർജുനേട്ടൻ എന്നെ വിളിക്കാൻ വരില്ലേ ….?” ഒറ്റ ശ്വാസത്തിലും അവളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ ഞാൻ ചെറു ചിരിയോടെ അവളുടെ പാറിപ്പറന്ന മുടിയിഴകൾ ഒതുക്കി …… “എന്തൊക്കെ പൊട്ടത്തരങ്ങളാ വൈകാശി ഈ കൊച്ചു തലയ്ക്കുള്ളിൽ …” അവൾ എന്നെ നോക്കി തലവെട്ടിച്ചു……”അല്ല…സത്യം…….” “പറ……എന്നെ വിളിക്കാൻ വരില്ലേ …..?…” “വരും…….ഞാൻ വരും……” ആ നിറഞ്ഞ കണ്ണുകളും ഇടറിയ സ്വരവും പ്രതീക്ഷയോടെ നോക്കുന്ന എൻ്റെ വൈകാശിയുടെ മുഖവും അവളിലെ ചഞ്ചലമായ മനോനില വിളിച്ചോതികൊണ്ടിരുന്നു…. .. എന്തൊക്കെ സംഭവിച്ചാലും ലോകം മുഴുവൻ എന്ത് പറഞ്ഞാലും ഈ അര്ജുനന് അവന്റെ വൈകാശിയിൽ നിന്ന് ഒരു മടക്കമില്ല…….

“ഈ അരപിരിയേ …ഒന്ന് മുറുക്കണം എന്നുള്ളതു അവന്റെ ഒരു ആഗ്രഹം അല്ലെ….. അവൻ ശ്രമിച്ചു നോക്കട്ടെ…..” ചെറു ചിരിയോടെ ഞാൻ പറഞ്ഞു എങ്കിലും….അവളുടെ മുഖം തെളിഞ്ഞിരുന്നില്ല…നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി …. “ഞാൻ……ഞാൻ …..ചീത്തയാണ് എന്നറിഞ്ഞാലും അർജുനേട്ടൻ വരുമോ……..?” വിക്കി വിക്കി അവൾ അത് ചോദിക്കുമ്പോൾ ആ കണ്ണുകൾ താഴ്ന്നു പോയിരുന്നു…ആ വാക്കുകൾ എൻ്റെ ഹൃദയത്തെ കുത്തി നോവിച്ചു കൊണ്ടിരുന്നു….. ചീത്ത……എന്റെ വൈഗയോ ….. എന്ത് വിഢിത്തമാണ് ഈ ചോദ്യം……ഈ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത്………അവൾ എങ്ങനെയാണ് ചീത്തയാകുന്നത് …… എന്റെ മൗനമായിരിക്കാം അവൾ വീണ്ടും ദയനീയതയോടെ എന്നെ നോക്കി…… “ഇല്ലാ …ല്ലേ ……… നിക്ക് അറിയാം…….”

എന്നും പറഞ്ഞു എന്നിൽ നിന്ന് അകന്നു മാറാൻ തുനിഞ്ഞവളെ ബലമായി ചേർത്ത് നിർത്തി ആ അധരങ്ങൾ കവരുമ്പോൾ പറയാതെ പകരുകയായിരുന്നു ഞാൻ എന്റെ പ്രണയം ….ആദ്യം തള്ളിയ കൈകൾ മെല്ലെ എന്നെ പുണരുന്നത് ഞാൻ അറിഞ്ഞിരുന്നു…..ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…….എന്റെയും …..തമ്മിൽ അടരുമ്പോൾ കൂമ്പി അടഞ്ഞ ആ കണ്ണുകളിൽ അധരങ്ങൾ ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു….. “ഇതുപോലായിരം ചുംബനങ്ങളാൽ എനിക്ക് എന്റെ വൈകാശിയെ മൂടണം……” കണ്ണീരിനിടയിലും ആ ചുണ്ടുകളിൽ എനിക്കായി വിരിഞ്ഞ നറുപുഞ്ചിരി …. അവൾ എന്റെ കാലിന് മുകളിൽ കയറി നിന്ന് എത്തി വലിഞ്ഞു എന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു…അവൾ വീഴാതെ ഞാൻ ചേർത്ത് പിടിച്ചിരുന്നു…. “എന്ത് പൊക്കമാണ് മനുഷ്യാ നിങ്ങള്ക്ക്……” “സാരമില്ല നീ ഇങനെ എത്തി വലിഞ്ഞു ഉമ്മ വെച്ചാൽ മതീട്ടോ …….”

ചിരിയോടെ ഞാനതു പറയുമ്പോൾ അവൾ എന്റെ താടിയിൽ തലമുട്ടിച്ചു കരഞ്ഞു….. “ഇനിയും കരച്ചിലോ………തവള ക്കണ്ണീ ….. ” അവൾ ചിരിയോടെ കരഞ്ഞു കൊണ്ടിരുന്നു……ചിരിയോ കരിച്ചിലോ എന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല…എന്നാൽ എനിക്കവളെ ഏറ്റവും സുന്ദരി ആയി തോന്നിയത് ആ നിമിഷമായിരുന്നു….. അന്ന് അവളെ ഫെയ്സിയുടെ ക്ലിനിക്കിൽ കൊണ്ട് പോയി ആക്കുമ്പോൾ പലയാവർത്തി അവൾ എന്നോട് ചോദിച്ചിരുന്നു……. “ഞാൻ ശെരിക്കും അവിടെ അഡ്മിറ്റ് ആവണോ അർജുനേട്ടാ …?……ഞാൻ ഓ.കെ. ആണ്…….സത്യം…….?” അത് പറയുമ്പോൾ ആ കണ്ണുകളിൽ തെളിയുന്നത് ആത്‌മവിശ്വാസമായിരുന്നില്ല…..മറിച്ചു എന്നോടൊപ്പം നിൽക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു…… “ഇപ്പൊ എനിക്ക് അറിയാം വൈകാശി നോർമൽ ആണ് എന്ന്……

എന്നാൽ എന്റെ നെഞ്ചിൽ ഇങ്ങനെ പതുങ്ങി നിൽക്കുന്ന വൈഗയെക്കാൾ എനിക്കിഷ്ടം ഞാൻ ഇല്ലാ എങ്കിലും ഭയക്കാതെ പതറാതെ തന്റേടത്തോടെ ഒറ്റയ്ക്ക് നിൽക്കുന്ന വൈഗയെയാണ്…….ഈ രണ്ടാഴ്ച എനിക്ക് ആ വൈഗയെ തന്നാലോ……..അല്ല…തരും….എനിക്ക് വിശ്വാസമുണ്ട്……” അവൾ നിസ്സഹായതയോടെ എന്നെ നോക്കി……. അവിടെ നിന്ന് ഇറങ്ങുമ്പോൾ വീണ്ടും വന്നു ഫെയ്‌സി കേൾക്കാതെ എന്നോട് മാത്രമായി അവൾ ചോദിച്ചു…… “അപ്പൊ എങ്ങനാ……എന്നെ കൊണ്ട് പോവുന്നോ ….?” “ഇല്ലല്ലോ……” “…ഒരു മാറ്റവും ഇല്ലാ ല്ലേ …..” “ഇല്ലാന്നേ …..” ഞാൻ അവളെ നോക്കി ചെറു ചിരിയോടെ കണ്ണ് ചിമ്മിയപ്പോൾ …… പരിഭവം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി….. “പിന്നെന്തിനാ ഇവിടെ നിന്ന് കറങ്ങുന്നേ…..പൊയ്ക്കൂടേ……….” “ആയിക്കോട്ടെ……..ഞാൻ വിളിക്കാട്ടോ…….?” അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്തോ നഷ്ടപ്പെട്ടതു പോലെ……

ശൂന്യത എന്നെ പൊതിഞ്ഞിരുന്നു…..വൈഗയില്ലാതെ തിരിച്ചു വീട്ടിലേക്കു ചെല്ലാൻ തോന്നിയിരുന്നില്ല….ജോലിയുടെ തിരക്കുകളിലേക്ക് മുഴുകി…. രാത്രി അവൾ എന്നെ ഇങ്ങോട്ടു വിളിക്കുകയായിരുന്നു…..അവിടെ മൊബൈൽ അനുവദിച്ചിരുന്നില്ല …ഏതോ സിസ്റ്ററിന്റെ മൊബൈലിൽ വിളിച്ചതാണ്…. “ന്റെ വൈകാശി നീ ആ സിസ്റ്ററിൻ്റെ പണി കൂടി കളയുമോ…… ഫെയ്‌സി ഡോക്‌ടർ പ്രൊഫഷനിൽ വളരെ സ്ട്രിക്ട് ആണ്……….” അവളുടെ അടക്കി ചിരി കേൾക്കാം …. “..അതുകൊണ്ടു നാളെ ഫെയ്‌സി ഡോക്‌ടറുടെ മൊബൈലിൽ നിന്ന് വിളിക്കാട്ടോ…..” പിന്നെ ചോദ്യങ്ങളായി…എന്ത് കഴിച്ചു…വീട്ടിൽ പോയില്ലേ..എന്നൊക്കെ…. “വീട്ടിൽ നിന്ന് ആരെങ്കിലും വന്നാലോ……അപ്പൊ ‘അമ്മ അറിയില്ലേ അർജുനേട്ടാ ….” “ഇനി അവിടെ നിന്നും ആരും വരില്ല……നിന്റെ വീട്ടിലേക്കു ഞാൻ പോവുന്നുണ്ട്…….” അത് പറയുമ്പോൾ എന്റെ മനസ്സിലേക്ക് ഒരു കൊച്ചു മുറിയും അതിൽ ഉയർന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഞെരക്കമായിരുന്നു…. 🟢🟢🟢

ഫെയ്‌സി തന്ന വൈഗയുടെ ഹിപ്‌നോട്ടിസം റെക്കോർഡ് ചെയ്ത പെൻഡ്രൈവ് ഞാൻ വീണ്ടും വീണ്ടും കേട്ട് കൊണ്ടിരുന്നു….. ഞങ്ങളുടെ വിവാഹ ആൽബം തുറന്നു നോക്കുമ്പോൾ ഞാൻ കാണുകയായിരുന്നു…ഒരു പിരി പോയവൾ ….തല തെറിച്ച ഒരു പരിഷ്കാരി പെണ്ണ്..പക്വത ഇല്ലാത്തവൾ …അതിൽ കൂടുതൽ ഒന്നും അവളിൽ അന്ന് തോന്നിയിരുന്നില്ല …… എന്നെങ്കിലും പിരിഞ്ഞു പോകും എന്ന് തോന്നിയിരുന്നു……എന്നാൽ ഇത്രത്തോളം അവളിൽ ഞാൻ ലയിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല….. വീട്ടിലെ ആല്ബത്തിലും വിഡിയോയിലും ഒക്കെയും അവൾക്കു തിരിച്ചറിയാൻ കഴിയാത്ത എന്റെ വൈഗയെ വേദനിപ്പിച്ച ആ മുഖം ഞാൻ തേടി കൊണ്ടിരുന്നു…..ഒരു അടയാളവുമില്ല……അച്ഛനെപ്പോലെ പ്രായം തോന്നിച്ച ഒരാൾ എന്നത് ഒഴികെ ….ഒരു അടയാളവും ഇല്ല……

അടുത്ത ദിവസം വൈഗയുടെ വീട്ടിലേക്കു യാത്ര തിരിക്കുമ്പോൾ എൻ്റെ മനസ്സൽ ചില കണക്കു കൂട്ടലുകൾ ഉണ്ടായിരുന്നു…… ഗേറ്റ് കടന്നു ഉള്ളിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ഉമ്മറത്തിരിക്കുന്ന അച്ഛനെയും അദ്ദേഹത്തോളം പ്രായമുള്ള ചിലരെയും……. എന്നെ അപ്രതീക്ഷിതമായി കണ്ടതിൽ പുള്ളിയിൽ അതിശയം നിറഞ്ഞിരുന്നു…..വൈഗയില്ലാതെ ഞാൻ ആദ്യമായി ആണ് വരുന്നത്….. വലിയ സന്തോഷത്തോടെ തന്നെ എന്നെ സ്വീകരിച്ചു….. “ഇവരെല്ലാം ആമ്പല കമ്മിറ്റി അംഗങ്ങളും എന്റെ ഉറ്റ സ്നേഹിതന്മാരുമാട്ടോ ….” അച്ഛൻ അവരെ ഓരോരുത്തരെയും പരിചയപ്പെടുത്തി….. “ഞങ്ങൾക്ക് അർജുനനെ അറിയാട്ടോ …..നമ്പർ വരെ സേവ് ചെയ്തു വെച്ചിട്ടുണ്ട്…..എപ്പോഴാ ആവിശ്യം വരുകാ എന്ന് അറിയില്ലല്ലോ……..ഇൻസ്‌പെക്ടർ അല്ലയോ ……ഉപകാരമാവുലോ …?” “ലച്ചു …….സുഖമായിരിക്കുന്നോ ….? ഞങ്ങൾടെ അന്വേഷണം പറയണംട്ടോ …..?”

എന്നിങ്ങനനെ അവരുടെ കുശലാന്വേഷണങ്ങൾ നീണ്ടു…..ഓരോരുത്തരോടും ചിരിയോടെ മറുപടി പറയുമ്പോഴും ഞാൻ അവരെ നിരീക്ഷിക്കുകയായിരുന്നു……ഇത് പോലെ…ഈ പ്രായം വരുന്ന …….ഒരാൾ…..? അവരൊക്കെയും വേഗം യാത്ര പറഞ്ഞിറങ്ങി…… “എന്താ അർജുനാ വിശേഷിച്ചു…….? ലച്ചു…….? അവളെ കണ്ടിട്ട് ഒരുപാടായി…..?” അച്ഛനാണ്…… “അങോട്ടു വരാല്ലോ അച്ഛന്…….?” അകത്തേക്ക് അച്ചനോടൊപ്പം കടന്നപ്പോൾ കണ്ടു ചെറിയമ്മയെ……എന്നെ കണ്ടു ഒന്ന് ചിരിച്ചു എന്ന് വരുത്തി പിന്നിലേക്ക് നോക്കി….. “ഞാൻ മാത്രമേയുള്ളൂ….വൈഗ വന്നിട്ടില്ല …” “തോന്നി…..ഇല്ലാ എങ്കിൽ എപ്പോഴേ കലപില ശബ്ദം കേട്ടേനെ……..” താല്പര്യമില്ലാത്ത പോലെ പറഞ്ഞു….. ഞാൻ അവരെ ആകമാനം നോക്കി….എന്റെ കൊച്ചു വൈകാശിയെ ഒരു കൊച്ചു കുട്ടിയോടുള്ള ഒരു നുള്ളു വാത്‌സല്യം പോലും നൽകാതെ വളർത്തി പോന്ന ചെറിയമ്മ……

നാല്പത്തി അഞ്ചോളം പ്രായം വരുന്ന സുന്ദരിയായ സ്ത്രീ …വൈഗയുടെ അച്ഛന് അറുപതു വയസ്സോളം ഉണ്ട്….. കുഞ്ഞു വൈഗയെ നോക്കാനായി എന്ന പേരിൽ രണ്ടാം വിവിവാഹം ചെയ്തു എന്നാൽ രണ്ടാം ഭാര്യയുടെ ചെറുപ്പത്തിലും സൗന്ദര്യത്തിലും മയങ്ങി സ്വന്തം മകളെ മറന്നു പോയോരച്ചൻ …….. “ഇത് വഴി പോയപ്പോൾ ഇവിടെ കയറിയതാണോ ….?..” എന്റെ നോട്ടം കൊണ്ടാകാം വല്ലാത്തൊരസ്വസ്ഥയോടെ ചെറിയമ്മ ചോദിച്ചു….. “അല്ലാ…..ഇവിടേയ്ക്ക് ആയി മാത്രം വന്നതാണ്……….” അവർ രണ്ടു പേരും പരസ്പരം നോക്കി….. “ചെറിയമ്മയുടെ വീട് എവിടെയാ……..?.” “ഞാൻ പാലക്കാട് …….എന്താ……?” “ആരൊക്കെ ഉണ്ട്……..?” ചെറിയമ്മയ്ക്കു രണ്ടു ചേട്ടന്മാരും രണ്ടു അനിയത്തിമാരും ഒരു അനിയനും…… അച്ഛന് മൂന്ന് ചേട്ടന്മാർ രണ്ടു ചേച്ചിമാർ രണ്ടു അനിയന്മാർ….. “ഇവർ എല്ലാരും ഇവിടത്തെ അമ്പലത്തിലെ ഉത്സവത്തിനു വരാറുണ്ടായിരുന്നോ ….? ”

അവർ പരിസരം നോക്കി….. “ഇവിടെ ആരും വരാറില്ല….. ഞങ്ങൾ മാത്രമേയുള്ളു……കഴിഞ്ഞ ഉത്സവത്തിനു വൈഗ പോലും വന്നില്ല…..” ചെറിയമ്മയാണ്…. “ഇപ്പോൾ അല്ല….വര്ഷങ്ങള്ക്കു മുന്നേ ….വൈഗയ്ക്കു ഒരു പത്തു പതിനൊന്നു വയസ്സുള്ളപ്പോൾ….അപ്പോൾ ഈ പറഞ്ഞ എല്ലാ സഹോദരങ്ങളും വരാറുണ്ടായിരുന്നോ ഉത്സവത്തിനു…….?” അവർ ഒന്ന് ഞെട്ടി…….വൈഗയുടെ അച്ഛനും വല്ലാതെ അസ്വസ്ഥതൻ ആകുന്നുണ്ടായിരുന്നു…. “എനിക്ക് മുകളിൽ ഒക്കെ ഒന്ന് കാണണം ……പ്രത്യേകിച്ചും വൈഗയുടെ പണ്ടത്തെ മുറി…..കുഞ്ഞുനാളിലെ മുറി…….”അതും പറഞ്ഞു ഞാൻ ഗോവണികയറി …… ഒന്ന് രണ്ടു തവണ മാത്രമാണ് ഞാൻ ഈ വീട്ടിൽ വന്നിട്ടുള്ളതു….എന്റെ കൊച്ചു വൈകാശിയുടെ തേങ്ങലുകളും ഭയന്ന ചുവടുകളും നിശ്വാസങ്ങളും അവിടെയൊക്കെ ഇന്നും തങ്ങി നിൽക്കുന്നു….. എന്റെ പിന്നിലായി അവരും എത്തി…..

കൊച്ചു വൈഗയുടെ മുറി എനിക്കായി തുറന്നു തന്നു…..ആ വലിയ വീട്ടിൽ ഏറ്റവും ചെറിയ ഒരു മുറി…….ഒറ്റപ്പെട്ട മുറി……..അവിടെ ഭയന്നു കാഴ്ഴിഞ്ഞിരുന്ന കൊച്ചു വൈഗ എന്റെ ഉള്ളിലാകെ നിറഞ്ഞു നിന്നു…..ഒപ്പം വൈഗയിലൂടെ ഞാൻ അറിഞ്ഞ അവൾ കടന്നു പോയ ആ രാത്രി…….അവളിൽ നിറയുന്ന ശ്വാസംമുട്ടും ഞെരുക്കവും ഓരോ ദൃശ്യങ്ങളും എന്റെ മുന്നിലൂടെ കടന്നു പോയി……എന്റെ കുഞ്ഞു വൈകാശിയുടെ മുഖം…….കണ്ണുകൾ ഇറുകെ അടചു…… “എന്താ ….അർജ്ജുനാ ……..എന്ത് പറ്റി ………? ലച്ചു …….അവൾക്കു എന്തെങ്കിലും കുഴപ്പം ഉണ്ടോ ….?” എന്റെ തോളിൽ കൈ വെച്ച് അച്ഛൻ ചോദിച്ചു……ഞാൻ അത്യധികം ദേഷ്യത്തോടെ ആ കൈ തട്ടി മാറ്റി….. “നിങ്ങൾ എന്തൊരു പരാജയമാണ് എന്നറിയോ …….. നിങ്ങളെ പോലൊരു അച്ഛൻ ഉണ്ടാവുന്നതിലും നല്ലതു അവൾ ഒരു അനാഥയാകുന്നതായിരുന്നു……

അനാഥാലയത്തിലെങ്കിലും ഒരു പക്ഷേ അവൾ ഇതിലും സുരക്ഷിതയായേനെ …..ഈ സ്ത്രീയുടെ ഭർത്താവ് പദം അലങ്കരിച്ചു നടന്നപ്പോൾ നിങ്ങൾ മറന്നു പോയത് നിങ്ങളിലെ അച്ഛനെയാണ്……ഈ ലോകത്തു ഒന്ന് പരാതിപ്പെടാൻ എല്ലാം പറയാൻ നിങ്ങൾ മാത്രമേ അവൾക്കു ഉണ്ടായിരുന്നുള്ളു……ഇന്നും നിങ്ങൾക്കു അറിയാമോ അവൾക്കു എന്താണ് സംഭവിച്ചത് എന്ന്……അവളുടെ കുട്ടിക്കാലം എന്താണ് എന്നറിയുമോ…? അവൾ അനുഭവിച്ച വേദന അറിയുമോ….? നിങ്ങളിലെ അച്ഛനോട് എനിക്ക് പുച്ഛമാണ്……ഈ സ്ത്രീ എന്തിനു അവളെ നോക്കണം…..നിങ്ങൾക്കില്ലാത്ത എന്ത് ഉത്തരവാദിത്വമാണ് ഇവർക്കവളോടുള്ളത് …./ നാട്ടുകാരെ കാണിക്കാൻ വേണ്ടി മൂന്നു നേരം ഭക്ഷണം കൊടുത്തു എന്നല്ലാതെ……” ഭയന്നു മാറി നിൽക്കുന്ന ചെറിയമ്മയും നിസ്സഹായതയോയെ തലകുമ്പിട്ടു നിൽക്കുന്ന അച്ഛനും എന്നിലെ ദേഷ്യം ഇരട്ടിപ്പിച്ചത് മാത്രമേയുള്ളു……

“സ്വന്തം മോളുടെ സ്വരത്തിൽ തന്നെ കേട്ടോളു അവൾ അനുഭവിച്ചത്‌……ഇന്ന് അവളെ ഈ അവസ്ഥയിൽ എത്തിച്ചത് നിങ്ങളാണ്…..” ഫയസി തന്ന പെൻഡ്രൈവ് അവിടെ കേൾക്കുമ്പോൾ എന്റെ ഹൃദയവും നുറുങ്ങുന്നുണ്ടായിരുന്നു….. വേദനയോടെ ആ മുറിക്കു പുറത്തായി ഇരിക്കുമ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു അച്ഛൻ്റെ നിലവിളി ……അച്ഛൻ പൊട്ടി കരയുകയായിരുന്നു….ചെറിയമ്മയും കരയുന്നുണ്ടായിരുന്നു… “ന്റെ കുട്ടി ഒരു വാക്കു പോലും പറഞ്ഞിരുന്നില്ല…..” അച്ഛനാണ്…. “അതിനു മാത്രം അടുപ്പം അവൾക്കു നിങ്ങളോടു ഇല്ലായിരുന്നു…..മാത്രമല്ല …സ്വന്തം വീട്ടിൽ നിന്ന് അനുഭവിച്ചത്‌ അവൾ പറഞ്ഞതാണോ നിങ്ങൾ അറിയാൻ….നിങ്ങൾ അവൾക്കു പേരിൽ ഒരച്ഛൻ മാത്രം……” തലകുമ്പിട്ടു നിന്ന് കണ്ണീരുതുടയ്ക്കുന്ന ചെറിയമ്മയോടു “സ്വന്തം മകളായി കണ്ടിരുന്നു എങ്കിൽ ആദ്യ കാഴ്ചയിൽ തന്നെ നിങ്ങള്ക്ക് മനസ്സിലാകുമായിരുന്നു….. ഒരു നികൃഷ്ടമായ ജീവിയെ പോലെ അല്ലേ നിങ്ങൾ അവളെ കണ്ടിരുന്നത് ………………. ”

അന്നവിടെ നിന്ന് പൊരുമ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു തെളിവും എനിക്കവിടന്നു കിട്ടിയിരുന്നില്ല…..എന്നാലും പഴയ ഫോട്ടോകളും കല്യാണ വിഡിയോകളും ഒക്കെ എടുത്തു കൊണ്ട് പൊന്നു……ഒപ്പം ഈ പറഞ്ഞ എല്ലാപേരുടെയും ഡീറ്റൈൽസും …..വര്ഷങ്ങള്ക്കു മുന്നേ നടന്ന ഒരു രാത്രി…….എന്ത് തെളിവ് കിട്ടാനാണ്……അന്ന് വന്ന പലരെയും ബന്ധു ഗൃഹ സന്ദർശനം എന്ന പേരിൽ ഞാനും അച്ഛനും ചെറിയമ്മയും പോയി കണ്ടിരുന്നു…..അവരിൽ ഒന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല…… എന്നാൽ ഇനിയും ഒന്നും അറിയാതെ ആ രാത്രി അവസാനിപ്പിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല……വൈഗ എന്നും വിളിക്കാറുണ്ട്….. എന്നെ കാണാൻ അനുവദിച്ചിരുന്നില്ല …. അത് ട്രീട്മെന്റിന്റെ ഭാഗമാണ് എന്ന് ഫെയ്സി പറഞ്ഞിരുന്നു…… “ഒന്ന് മതിൽ ചാടിക്കൂടേ അർജുനേട്ടാ ….ഇയാള് എന്ത് പൊലീസാണ്……കഷ്ടം “….’എന്നൊക്കെ പറഞ്ഞു മതിൽ ചാടാൻ എന്നെ പ്രേരിപ്പിക്കലാണ് വൈകാശിയുടെ സ്ഥിരം പണി……

എന്നാൽ രാത്രിയിൽ എന്നും വേദനയോടെ ശ്വാസം മുട്ടി ഞെരുങ്ങുന്ന കുഞ്ഞു വൈഗ എന്നെ അസ്വസ്ഥതപ്പെടുത്തി കൊണ്ടിരുന്നു……ഒടുവിൽ ഞാൻ വീണ്ടും വൈഗയുടെ വീട്ടിൽ എത്തി….. “ഞാൻ ഇതുവരെ കാണാത്ത ,ഞങ്ങളുടെ വിവാഹ ആല്ബത്തിലും വിഡിയോയിലും ഒന്നും ഇല്ലാത്ത ഒരാൾ ചിലപ്പോൾ അയാൾ കല്യാണത്തിന് വന്നില്ലായിരിക്കാം അല്ല എങ്കിൽ അകന്നു നിന്ന് കണ്ടു പോയൊരാൾ….. അന്നത്തെ ദിവസത്തിനു ശേഷം അയാൾ ഈ വീട്ടിൽ വന്നിട്ടുണ്ടാവില്ല….ചിലപ്പോൾ അന്നാണ് ആ ഉത്സവത്തിന് മാത്രമായിരിക്കാം അയാൾ ഇവിടെ തങ്ങിയിട്ടുള്ളത്…..അങ്ങനെ ഒരാൾ ഉണ്ട്….ഒന്ന് ആലോചിച്ചു നോക്കു ……നന്നായി ആലോചിക്കൂ….ചിലപ്പോൾ അയാൾ അതിനു ശേഷം നിങ്ങളിൽ നിന്ന് അകന്നിരിക്കാം…..ഭയന്നിട്ടു…..സമൂഹത്തിനു മുന്നിൽ ഏറ്റവും നല്ല ഒരു പ്രതിച്ഛായ ഉള്ള മനുഷ്യൻ ആകാം…..ആലോചിക്കു……

പ്ളീസ്……അയാൾ ഇതിനോടാകം ഒരുപാട് വൈഗമാരെ സൃഷ്ടിച്ചിട്ടുണ്ടാകാം….അത് തുടരുന്നുണ്ടാകും ……” അവരുടെ മൗനം എന്നെ വീണ്ടും നിരാശയിൽ ആക്കിയെങ്കിലും…അത് താൽക്കാലികം മാത്രമായിരുന്നു. അടുത്ത ദിവസം ചെറിയമ്മയുടെ കാൾ എന്നെ തേടി എത്തി………………………….. (കാത്തിരിക്കണംട്ടോ ചങ്കുകളെ …….) ഒരുപാട് കാത്തിരിപ്പിച്ചു എന്നറിയാം……ക്ഷെമിക്കു…… വല്ലാത്തൊരവസ്ഥയിലൂടെ നമ്മൾ കടന്നു പോകുന്നു…..എന്നും എനിക്കറിയുന്ന ..അല്ലെങ്കിൽ ഒരു തവണ എങ്കിലും കണ്ടിട്ടുള്ളവർ മരണപ്പെടുന്ന വാർത്തയാണ് കേട്ട് കൊണ്ടിരുന്നത്…. അയൽക്കാർ കൂട്ടുക്കാർ…..അങ്ങനെ പലരും…..മാറ്റങ്ങൾ ഉണ്ടാവട്ടെ……. ഈ അവസ്ഥയും കടന്നു വേഗം പോകട്ടെ……നല്ല നാളുകൾക്കായി കാത്തിരിക്കുന്നു.. ഇസ സാം…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ചങ്കിലെ കാക്കി: ഭാഗം 19

Share this story