പെയ്‌തൊഴിയാതെ: ഭാഗം 9

പെയ്‌തൊഴിയാതെ: ഭാഗം 9

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അപ്പോഴും തനിക്ക് തണലേകിയ… ഒരമ്മയുടെ വാത്സല്യവും ചൂടും ഏകിയ തന്റെ അപ്പച്ചി യാത്രയാകുകയാണെന്നു അറിയാതെ ആ കിലുക്കാംപെട്ടി കിലുങ്ങി ചിരിക്കുകയായിരുന്നു.. തീർത്തും നിഷ്കളങ്കമായി.. ഓകെ മിസ്സ്. ഞാൻ ഇങ്ങെത്തി.. ശെരി.. അതും പറഞ്ഞു ഓട്ടോയിൽ നിന്നിറങ്ങി വേദ കാശ് കൊടുത്ത ശേഷം വീട്ടിലേയ്ക്ക് നടന്നു.. പെട്ടെന്നാണ് മൊബൈലിലേക്ക് ഒരു കോൾ വന്നത്.. തീർത്തും അപരിചിതമായ ആ നമ്പർ കാണവേ വേദയുടെ ഹൃദയം ക്രമാതീതമായി മിടിച്ചു.. അവൾ വിറയലോടെ ചുറ്റും നോക്കി.. നിന്നിടത്തുനിന്ന് അനങ്ങാൻ കഴിയുന്നില്ല.. വെട്ടിവിയർക്കാൻ തുടങ്ങിയതും അവളാ കോൾ പേടിയോടെ കട്ടാക്കി.. രണ്ടുനിമിഷം വീണ്ടും ഫോണിലേക്ക് നോക്കി നിന്നു..

നിനക്ക് എന്നിൽ നിന്നൊരു മോചനം.. അതുണ്ടാകില്ല വേദാ.. ആ ശബ്ദം കാതിലേയ്ക്ക് വീണ്ടും ഒഴുകിയെത്തുന്നു.. ആ ശബ്ദത്തിലുള്ള പ്രണയം അത് ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു.. ഇല്ല വീണ്ടും കോൾ വരുന്നില്ല.. അവൾക്ക് ലേശം സമാധാനം തോന്നി.. സാരിതലപ്പ് കൊണ്ട് വിയർപ്പ് ഒപ്പി അവൾ ഫോൺ ബാഗിലേയ്ക്കിട്ട് നടന്നു.. ഗിരിയുടെ വീടിനരികിൽ എത്തിയതും ശങ്കരി മോളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടു. കാതിലേയ്ക്ക് ഒഴുകിയെത്തിയ ആ ശബ്ദം അവളുടെ ഹൃദയത്തെ തരളമാക്കി.. എത്ര അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ ആ വീടിനുള്ളിലേയ്ക്ക് വേപഥുവോടെ പാഞ്ഞു.. വീണ്ടും ആ ശബ്ദം.. മുകളിൽ നിന്നാണ്.. അവൾ പിന്നിലേയ്ക്ക് നീങ്ങി നിന്ന് മുകളിലേക്ക് നോക്കി.. മോള് ഗിരിയുടെ കയ്യിലിരുന്ന വല്ലാതെ കരയുകയാണ്.. എന്താ സർ.. അവൾ ചോദിച്ചു..

ആഹാ.. താൻ ആയിരുന്നോ.. ചേച്ചിയും മോളും ഒക്കെ പോയി.. ശരത്തേട്ടന്റെ വീട്ടിലേയ്ക്ക്.. അതുവരെ കക്ഷി നല്ല ഹാപ്പിയായിരുന്നു.. അഞ്ചുവേച്ചിയുടെ കയ്യിൽ ആയിരുന്നില്ലേ ഇത്രേം ദിവസം.. ഇന്ന് ആൾക്ക് അവരെ ആരെയും കാണാൻ കിട്ടുന്നില്ലല്ലോ. അതിന്റെ സങ്കടമാണ്.. ഗിരി പുഞ്ചിരിയോടെയാണ് മറുപടി നൽകിയതെങ്കിലും അവന്റെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു.. വേദ മോളെ നോക്കി.. അവളുടെ കരച്ചിൽ നെഞ്ചിൽ ആഞ്ഞു തറയ്ക്കുന്നു.. പക്ഷെ.. കാലുകൾ നിശ്ചലമാണ്.. മനസ്സ് അവകാശമില്ല എന്നത് ഉറക്കെ വിളിച്ചു പറയുന്നുണ്ട്.. അവൾ നനഞ്ഞ ഒരു പുഞ്ചിരി നൽകി.. മറുപടി പറയാൻ ഇല്ലാഞ്ഞതിനാൽ അവൾ വീട്ടിലേയ്ക്ക് നടന്നു.. ബാഗ് മേശയിൽ വെച്ചു കുളിച്ചു വന്നപ്പോഴും മനസ്സ് ശങ്കരിമോളിൽ തങ്ങിനിന്നു.. വേദാ.. നീയെന്താ ചായ കുടിക്കാൻ വരാഞ്ഞത്..

ഗീതയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്ന് മടക്കിവിളിച്ചു.. ആ അമ്മേ.. അവൾ അവരെ നോക്കി.. ഏത് ലോകത്താഡോ താൻ.. ഗീത ചിരിയോടെ ചോദിച്ചു.. അവൾ വേദനയോടെ പുഞ്ചിരിച്ചു.. എന്താ വേദാ. ഒരു സങ്കടം.. ഗീത ചോദിച്ചു.. വരുന്ന വഴി ശങ്കരി മോളെ കണ്ടു.. അഞ്ജുചേച്ചി ഒക്കെ പോയോണ്ട് ആള് ഭയങ്കര കരച്ചിൽ.. വേദ പറഞ്ഞു.. കുഞ്ഞല്ലേ.. പാവം.. ഗീത പറഞ്ഞു.. കരഞ്ഞു കണ്ടിട്ടില്ല അതിനെ.. എപ്പോഴും ചിരിക്കുന്ന കിലുക്കാംപെട്ടിയാ.. ഗീത അതും പറഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോൾ വേദയുടെ മനസ്സ് ശങ്കരിമോൾക്ക് അരികിലേക്ക് ഓടിയണയാൻ കൊതിക്കുകയായിരുന്നു… *****

ഇത്തിരി കഴിക്ക് കണ്ണാ.. അച്ഛന്റെ പൊന്നല്ലേ.. രാത്രി ഏറെ വൈകിയും മോളെ ആഹാരം കഴിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു ഗിരി. ഇത്തിരി എങ്കിലും കഴിച്ചോടാ.. അടുക്കളയുടെ വശത്തായി മുറ്റത്തു കൂടി നടക്കുന്ന ഗിരിയെ നോക്കിയിരുന്ന സാവിത്രിയമ്മയുടെ അരികിലായി വന്നിരുന്നുകൊണ്ട് ശങ്കരൻ ചോദിച്ചു.. ഇല്ല അച്ഛാ.. അവന്റെ വാക്കുകളിൽ നല്ല നിരാശയും വേദനയും നിറഞ്ഞിരുന്നു.. കുഞ്ഞിന് ചെറു ചൂടുമുണ്ട്.. സാവിത്രിയമ്മ പറഞ്ഞു.. നേരത്തെ വേണമെങ്കിൽ ആശുപത്രിയിൽ പോകാം.. അച്ഛൻ പറഞ്ഞതും ഗിരി അദ്ദേഹത്തെ നോക്കി.. പാവം.. എത്ര ഗൗരവം കാണിച്ചാലും കുഞ്ഞിന് ഒരു ജലദോഷം വന്നാലും പേടിയാണ്.. എന്താ സർ.. വേദയുടെ ശബ്ദം കേട്ടാണ് ഗിരി തിരിഞ്ഞത്.. മോളപ്പോഴും ഗിരിയുടെ തോളിൽ കിടന്നു കരയുകയാണ്.. വേദ അവളെ നോക്കി.. മോള് .

മോള് കരച്ചിൽ നിർത്തുന്നില്ല.. ഗിരിയുടെ ശബ്ദത്തിൽ വല്ലാത്ത വേദനയുണ്ടായിരുന്നു.. ഒരച്ഛന്റെ ആവലാതികൾ ഉണ്ടായിരുന്നു.. ഇപ്പോ ചെറു ചൂടുമുണ്ട്.. സാവിത്രിയമ്മ പറഞ്ഞു.. ചെറു ചൂടുവെള്ളത്തിൽ തുണി നനച്ചു നെറ്റിയിൽ ഇട്ടാലോ.. വേദ ചോദിച്ചു.. അതൊക്കെ നോക്കി.. ഇവൾ ആഹാരം കഴിക്കുന്നില്ല മോളെ.. സാവിത്രിയമ്മ പറഞ്ഞു.. എന്താ വേദാ.. ഗീത ഇറങ്ങിവന്ന് ചോദിച്ചു.. അമ്മേ കുഞ്ഞിന് വയ്യാത്രെ.. അവൾ പറഞ്ഞു.. അയ്യോ.. കുഞ്ഞിനെ ഞാനൊന്നെടുത്തോട്ടെ സർ.. അവൾ ചോദിച്ചു.. അവൻ മോളെ അവൾക്കായി നീട്ടി.. വേദ കുഞ്ഞിനെ പയ്യെ ഏറ്റുവാങ്ങി.. അപ്പോഴും ഏങ്ങി കരയുകയായിരുന്നു കുഞ്ഞു.. പാരസെറ്റമോൾ സിറപ്പ് ഉണ്ടോ സർ.. വേദ ചോദിച്ചു.. ഉണ്ടെടോ.. അവൻ പറഞ്ഞു . കുഞ്ഞു വേദയുടെ തോളിലേയ്ക്ക് ചാഞ്ഞു കിടന്നു..

അവൾ കരച്ചിൽ നിർത്തി അവളുടെ ഗന്ധവും ചൂടും പറ്റി കിടന്നു.. അപ്പോഴും ആ കുഞ്ഞു മുഖത്തു കണ്ണുനീർ പരന്നിരുന്നു.. വേദ പതിയെ മോളെ തോളിലേയ്ക്ക് ചായ്ച്ചു.. അവളുടെ പുറത്തു മെല്ലെ തട്ടികൊടുത്തു.. അവളെ ശ്രദ്ധയോടെ പിടിച്ചു പതിയെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… ഗീത ഗിരിയെ നോക്കി.. ഒരച്ഛന്റെ നിസ്സഹായാവസ്ഥ ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. അമ്മയില്ലാതെ ഒരു കുഞ്ഞിനെ വളർത്തേണ്ടി വരുന്ന നിസ്സഹായത.. ഡോ.. അവൾക്ക് ഈ ഫുഡ് കൊടുക്കാമോ.. ഗിരി ചോദിച്ചു.. വേദ മോളുമായി അടുത്തേയ്ക്ക് വന്നതും ഗിരി കുറുക്ക് സ്പൂണിൽ കോരി ശങ്കരിമോൾക്ക് നേരെ നീട്ടി. അവളാ കുഞ്ഞു ചുണ്ട് മെല്ലെ തുറന്നതും സന്തോഷത്തോടെ അവനത് അവൾക്ക് നൽകി.

. വേദ മോളുമായി വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടക്കവേ ഗിരി ഇടയ്ക്കിടെ ആഹാരം വായിലേയ്ക്ക് വെച്ചു നല്കുന്നുണ്ടായിരുന്നു.. ഇത്തിരി കൂടി.. അച്ഛേടെ പൊന്നല്ലേ . അവൾ വായ പൂട്ടിയതോടെ ഗിരി കെഞ്ചി.. അതോടെ വീണ്ടും കുഞ്ഞു ചിണുങ്ങി തുടങ്ങി.. വേണ്ട.. കരയല്ലേ.. ഗിരി വേദനയോടെ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. വാക്കുകൾ ഇടയ്ക്ക് ഇടറിയിരുന്നു.. കുഞ്ഞി വാ വേദ തന്നെ കഴുകിച്ചു.. അവളെ തോളത്തിട്ട് തട്ടി ഉറക്കി.. അതും നോക്കി സാവിത്രിയമ്മയോടും അച്ചനോടും ഒപ്പം ഗീതയും ഗിരിയും ഉണ്ടായിരുന്നു.. വെറും കാഴ്ചക്കാരായി.. മൂളലായി താരാട്ടും പാടി ശങ്കരിമോളെ വേദ തട്ടിയുറക്കുന്നതും നോക്കി ഇരുന്ന ഗീതയുടെ കണ്ണുകളും ഏതോ ഓർമയിൽ നിറഞ്ഞു.. പാഴായിപോയ ഒരു താരാട്ടിന്റെ ഈണം ആ കാതിലും അലയടിക്കുന്നുണ്ടായിരുന്നും..

വേദ പക്ഷെ ആ ലോകത്തൊന്നും ആയിരുന്നില്ല. അവളുടെ മനസ്സ് മറ്റൊരു ലോകത്തായിരുന്നു.. അവളും ശങ്കരിമോളും മാത്രമുള്ള ലോകം.. ലേഖ ചേച്ചിയും ചേട്ടനുമെവിടെ.. അവരെ കണ്ടില്ലല്ലോ.. ഗീത ചോദിച്ചു.. അവർ ദിവാകരേട്ടന്റെ ചേട്ടന്റെ വീട്ടിൽ പോയി. അവിടെ അവർക്ക് വയ്യാതെ ഇരിക്കുകയായിരുന്നു.. സാവിത്രിയമ്മ പറഞ്ഞു.. സർ.. മോളുറങ്ങി.. വേദ പറഞ്ഞു.. ഗിരിക്ക് അൽപ്പം ആശ്വാസം തോന്നി.. കുഞ്ഞിനെ സാവിത്രിയമ്മ പതിയെ എടുക്കാൻ ശ്രമിച്ചതും അവൾ ചിണുങ്ങിക്കൊണ്ട് വേദയുടെ ചുരിദാറിൽ മുറുകെ പിടിച്ചു.. ഞാൻ കിടത്തട്ടെ.. റൂം എവിടെയാ.. വേദ ചോദിച്ചു.. വാ.. ഗിരി പറഞ്ഞു. വേദ മോളുമായി അകത്തേയ്ക്ക് വന്നു.. അവൾ കിടക്കയിലേക്ക് പതിയെ ഇരുന്നു.. മോളെ പതിയെ കിടക്കയിലേക്ക് കിടത്തി..

അവളൊന്ന് ചിണുങ്ങിയതും ശ്രദ്ധയോടെ അവൾക്ക് നെറ്റിയിൽ ഒരു നനുത്ത മുത്തം നൽകി.. അവളുടെ നെഞ്ചിൽ പതിയെ തീരെ മൃദുവായി തട്ടി കൊടുത്തു.. പതിയെ കൈ വലിച്ചു.. അത്ര പതിയെ.. അവളൊന്നറിഞ്ഞതുപോലുമില്ല.. ഗിരി അത്ഭുതത്തോടെ വേദയെ നോക്കി നിന്നുപോയി.. അവളെ നെഞ്ചോളം പുതപ്പിച്ചു കിടത്തി വീണ്ടും നെറ്റിയിൽ മുത്തി തലയിൽ പതിയെ നേര്മയായി തഴുകി അവൾ.. പോട്ടെ സർ.. വിഷമിക്കേണ്ടാട്ടോ.. രാത്രി ചൂട് കൂടിയാലും പാരസെറ്റമോൾ കൊടുത്തു നോക്കിയാൽ മതി.. വഴക്കിട്ടതിന്റെയാ കരഞ്ഞതിന്റെയാ പനി.. അവൾ പുഞ്ചിരിയോടെ പറയുമ്പോഴും മനസ്സ് ശങ്കരിമോൾക്കൊപ്പം ആ കിടക്കയിൽ തന്നെയായിരുന്നു.. താങ്ക്സ് വേദാ.. താങ്ക്സ് അലോട്.. അവൻ പറഞ്ഞു..

അച്ഛനമ്മമാരുടെ വാശിക്കും വഴക്കിനും ഇടയിൽ പെട്ടു പോകുന്നത് ഈ കുഞ്ഞിനെയാണ് സർ… കഴിയുമെങ്കിൽ.. പറഞ്ഞു തീർക്കാൻ കഴിയുന്നതാണെങ്കിൽ ശ്രമിച്ചൂടെ സർ ഈ കുഞ്ഞിന് അവളുടെ അമ്മയെ തിരികെ നൽകാൻ.. വേദ ചോദിച്ചു.. തെറ്റാണെങ്കിൽ ക്ഷമിക്കണം സർ.. അവൾ പറഞ്ഞു.. കഴിയില്ല വേദാ.. ഗിരിയുടെ ശബ്ദം നേർത്തതായിരുന്നു.. അവൾ ആർദ്ര വരില്ല.. ഒരിക്കലും.. അവൻ അത്രയും.പറഞ്ഞു മുഖം താഴ്ത്തി.. ഞാൻ.. ഞാനൊന്ന് സംസാരിക്കട്ടെ.. ആളോട്… വേദ ചോദിച്ചു.. നോ.. കാര്യമില്ലടോ.. ആർദ്രയെ എനിക്കറിയാം.. മറ്റാരേക്കാളും.. ഒരു തീരുമാനം എടുത്താൽ അവളതിൽ നിന്നും പിന്മാറില്ല. ഒരിക്കലും.. ഒരു കാര്യത്തിൽ മാത്രമേ അവളാ വാശി ഉപേക്ഷിച്ചുള്ളൂ.. എന്റെ മോളുടെ കാര്യത്തിൽ.. അവളെ അബോർട്ട് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന്..

അതും എന്റെ വാശിയിൽ… അതാണ് ഞങ്ങൾ തമ്മിൽ വേര്പിരിയാനുള്ള മെയിൻ കാരണവും.. ഗിരി പറഞ്ഞു.. വേദയുടെ മുഖം താഴ്ന്നു.. താൻ ചെല്ലു.. അമ്മ താഴെ കാത്തിരിപ്പുണ്ട് . പിന്നെ ഈ ദിവസം നടന്നത് വിട്ടേരെ.. ഇനി ഇങ്ങനെ വേണ്ട . എന്റെ മോൾക്ക് ഒരമ്മയുടെ സ്നേഹം വിധിച്ചിട്ടില്ല.. അത് അല്പകാലം നൽകി ആദ്യം അവളുടെ പെറ്റമ്മ പിന്നെ അഞ്ചുവേച്ചി. ഇനിയും നഷ്ടങ്ങൾ അവൾ ചിലപ്പോൾ താങ്ങില്ല.. അതുകൊണ്ടാ.. ഗിരി വേദനയോടെ പറഞ്ഞു നിർത്തിയപ്പോൾ വേദയുടെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു.. അവൾ മൗനമായി ആ മുറിവിട്ടിറങ്ങുമ്പോൾ ഗിരി ആ പൊന്നുമോളെ നെഞ്ചോട് ചേർത്തു കിടക്കുകയായിരുന്നു.. **********

വേദാ.. ഗീത വിളിച്ചതും അവൾ അവരെ നോക്കി.. നമുക്ക് ഒന്നിച്ചു കിടക്കാം.. ഗീത ചോദിച്ചു.. ഞാൻ ഷീറ്റ് എടുത്തു വരാം.. വേദ അകത്തേയ്ക്ക് നടന്നു.. അമ്മേ.. വേദ പുതച്ചു കിടന്നുകൊണ്ട് വിളിച്ചു.. ഗീത ഒന്ന് ചെരിഞ്ഞവളെ ചേർത്തു പിടിച്ചു.. വേദ കണ്ണുകൾ മെല്ലെയടച്ചു.. ആ കുടുംബം നമുക്ക് അർഹതയില്ലാത്തതാണെന്ന് എനിക്കറിയാം.. അമ്മ പേടിക്കേണ്ട.. വേദാ അത്രയും പറഞ്ഞവരുടെ നേർക്ക് ചെരിഞ്ഞു കിടന്നാ ശരീരത്തോട് ചേർന്നു കിടന്നു.. ഗീതയുടെ കണ്ണുകൾ നിറഞ്ഞു.. ആ അമ്മമനസ് അവളെ ഓർത്തു അപ്പോഴും നീറുകയായിരുന്നു.. ********* ഓകെ ഗൈസ്.. വി ക്യാൻ ഡിസ്കസ് ഇട്ട് ഇൻ ദി നെക്സ്റ്റ് ക്ലാസ്.. വേദ ബുക്ക് മടക്കി പുഞ്ചിരിയോടെ പറയുമ്പോൾ ആ ക്ലാസ്സിലുള്ള ഓരോ കുട്ടിയുടെയും കണ്ണിൽ സംതൃപ്തി നിറഞ്ഞിരുന്നു.

അവൾ ബാക്കി സമയം കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു.. വെറുതെ പുസ്തകം മറിച്ചുകൊണ്ട് ഡെസ്കിൽ ചാരി നിൽക്കുമ്പോഴാണ് ക്ലസ്സിലെ ആതിര ബോയ്സിന്റെ സൈഡിലേയ്ക്ക് നോക്കി പമ്മി ചിരിക്കുന്നത് കണ്ടത്.. വേദയുടെ കണ്ണുകൾ എതിർവശത്തേയ്ക്ക് പോയതും ആ വശത്തുനിന്നും നൗഫലും എന്തൊക്കെയോ കൈകൊണ്ട് ആക്ഷൻ കാണിക്കുന്നത് കണ്ടിരുന്നു.. വേദയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൾ ആലോചനയോടെ പുസ്‌തകത്തിലേയ്ക്ക് വെറുതെ നോക്കി.. ബെല്ലടിച്ചു പുറത്തിറങ്ങിയിട്ടും വേദയുടെ ചുണ്ടിൽ മനോഹരമായ ആ പുഞ്ചിരി നിറഞ്ഞിരുന്നു.. വേദാ മിസ്.. മിസ്സിനു ഒരു കോൾ വന്നിരുന്നൂട്ടോ.. സ്റ്റാഫ് റൂമിലേയ്ക്ക് കയറിയതും ശ്രുതി മിസ് പറഞ്ഞു.. അവൾ ഫോണെടുത്തു നോക്കിയതും വേദയുടെ ചുണ്ടിലെ മനോഹരമായ പുഞ്ചിരി മാഞ്ഞുപോയി..

ആ അപരിചിതമായ നമ്പർ റോങ് നമ്പർ ആകുമെന്ന് പലവട്ടം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുവാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് അവളാ ഡസ്കിലേയ്ക്ക് തല ചായ്ച്ചു കിടക്കുമ്പോൾ ദൂരെ കാതങ്ങൾ അകലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഒരാൾ ഫോണിലെ ഡിസ്പ്ലെയിൽ തെളിഞ്ഞ അവളുടെ പുഞ്ചിരിക്കുന്ന ചിത്രം നോക്കി നിൽക്കുകയായിരുന്നു.. എന്നിൽ നിന്ന് നിനക്കൊരു മോചനമില്ല വേദാ.. അത്രമേൽ നീയെന്നിൽ വേരുറച്ചു പോയിരിക്കുന്നു.. അയാളുടെ ചുണ്ടുകൾ പ്രണയതുരമായി മൊഴിയവേ ഒരമ്മയുടെ നെഞ്ചം നിലവിളക്കിനു മുൻപിലെ പരദേവതയുടെ മുൻപിൽ നിന്ന് അവൾക്കായി പ്രാര്ഥിക്കുകയായിരുന്നു..

അവളുടെ ഭൂതകാലത്തിന്റെ വേദനകൾ അവളിൽ നിന്നും മാഞ്ഞു പോകുവാൻ നിറകണ്ണുകളോടെ കേഴുകയായിരുന്നു.. അപ്പോഴും ഗിരിയുടെ കട്ടിലിൽ അവനൊപ്പം സുഖനിദ്രയിലായിരുന്നു ശങ്കരിമോള്.. ഒന്നുമറിയാതെയെങ്കിലും ഉറക്കത്തിൽ കണ്ട ഏതോ സ്വപ്നത്തിൻ ബലമായി ആ കുഞ്ഞി ചുണ്ടുകൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. മനം മയക്കുന്ന പുഞ്ചിരി… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 8

Share this story