ആത്മിക : ഭാഗം 31

ആത്മിക : ഭാഗം 31

എഴുത്തുകാരി: ശിവ നന്ദ

“അമ്മു..ഒന്ന് പെട്ടെന്ന് നിന്റെ മുറിയിലേക്ക് വന്നേ” കത്രീനാമ്മയോടൊപ്പം അടുക്കളയിൽ കത്തിയടിച്ച് ഇരിക്കുമ്പോഴാണ് ആൽബിയുടെ വിളി കേൾക്കുന്നത്.കല്യാണത്തിരക്കുകൾക്കിടയിൽ പെന്റിങ് ആയതൊക്കെ തീർത്തിട്ട് ഇന്ന് റിസപ്ഷന് വന്നാൽ മതിയെന്നും പറഞ്ഞ് രാവിലെ തന്നെ ടീനയെയും ജെറിയെയും ഓഫീസിലേക്ക് പറഞ്ഞ് വിട്ടയാളാ.ഇനി അടുത്തത് തനിക്കുള്ള പണിയാണെന്ന് ഉറപ്പിച്ചാണ് അമ്മു മുറിയിലേക്ക് ചെല്ലുന്നത്.ടേബിൾ നിറയെ ബുക്സ് ആയിരുന്നു..അതൊക്കെ അടുക്കി വെക്കുവാണ് ആൽബി. “ഇതൊക്കെ എന്തുവാ ഇച്ചാ??” “ഇതോ..കളിക്കുടുക്കയും ബാലരമയും..എന്തേ??” അവൻ കലിപ്പിൽ ആണെന്ന് മനസ്സിലായതും അവൾ ഒന്നും മിണ്ടാതെ ഭിത്തിയിൽ ചാരി നിന്നു.അവളുടെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തലയുയർത്തി ആൽബി നോക്കി.

ഒരു ചിരി പോലും ആ മുഖത്ത് ഇല്ലെന്നത് അമ്മുവിനെ ചെറുതായി ഒന്ന് ഭയപ്പെടുത്തി. “അടുത്താഴ്ച നിനക്ക് ക്ലാസ്സ്‌ തുടങ്ങുമെന്ന് അറിയുമോ??” കടുപ്പിച്ചുള്ള അവന്റെ ചോദ്യത്തിന് അവൾ തലയാട്ടി. “നിനക്ക് എന്താ നാക്ക് ഇല്ലേ??” “അറിയാം.. ” “മ്മ്മ്..എന്നിട്ട് കൈയും വീശി കോളേജിലേക്ക് പോകാനാണോ ഉദ്ദേശം??” “അല്ല..ക്ലാസ്സ് തുടങ്ങിയിട്ട് അല്ലേ ബുക്സ് ഏതൊക്കെയേ വേണ്ടതെന്ന് അറിയാൻ പറ്റു” “അല്ലാതെ അന്വേഷിച്ചാൽ അറിയാൻ പറ്റില്ലേ?? അതിന് പഠിക്കണമെന്ന ആഗ്രഹം മാത്രം പോരാ..കഷ്ടപെടാനുള്ള മനസ്സും കൂടി വേണം..അതെങ്ങനെയാ എല്ലാം എന്റെ ഉത്തരവാദിത്തം ആണല്ലോ…ബാക്കിയുള്ളവർക്ക് കല്യാണം കൂടി അടിച്ചുപൊളിച്ച് അങ്ങ് നടന്നാൽ മതി..വേറെ രണ്ടെണ്ണം ഉണ്ട്..ഓഫീസിലേക്ക് പോകാൻ പറഞ്ഞപ്പോൾ നാളെയാവട്ടെന്ന്..

കല്യാണം കിച്ചൂന്റെ ആയിരുന്നെങ്കിലും ഒരുക്കവും തിരക്കും ഇവിടെ ഉള്ളവർക്കാ” അവന്റെ ദേഷ്യം മുഴുവൻ വാക്കുകളിലൂടെ അമ്മുവിൽ തീർത്തികൊണ്ടിരുന്നു..ഇതൊക്കെ തന്നോട് പറഞ്ഞിട്ട് എന്ത് കാര്യമെന്ന ചിന്തയിൽ ആയിരുന്നു അമ്മു. “ദേ ഇതൊക്കെ ഫസ്റ്റ് ഇയറിലേക്കുള്ളതാ…എല്ലാം ഒന്ന് വായിച്ച് നോക്കണം” “ഇപ്പോഴേ വായിച്ചാൽ എനിക്ക് ഒന്നും മനസിലാകില്ല ഇച്ചാ” “നിന്നോട് ഇതെല്ലാം പഠിച്ച് പരീക്ഷ എഴുതാനല്ല പറഞ്ഞത്..മൂന്നാല് വർഷമായില്ലേ പൊന്നുമോള് പഠിത്തം കഴിഞ്ഞ് വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട്..ആ ടച്ച്‌ ഒക്കെ വിട്ട് കാണും…കൂടെയുള്ളവരൊക്കെ പഠിച്ച് പോകുകയും ചെയ്യും…നീ അവിടെ തന്നെ ഇരിക്കുകയും ചെയ്യും. അതുണ്ടാവാതിരിക്കാനാ ബുക്‌സും ആയിട്ടൊക്കെ ഇപ്പോഴേ അടുപ്പം ഉണ്ടാക്കാൻ പറഞ്ഞത്” തന്റെ ഇച്ചന് വട്ടായോ എന്ന ഭാവത്തിൽ അവൾ അവനെ നോക്കി..ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ആൽബി ദേഷ്യപ്പെട്ട് മുറിയിൽ നിന്നിറങ്ങി.

“നിന്റെ മാർക്ക് ഒക്കെ കണ്ട് അവർ റാങ്ക് പ്രതീക്ഷിച്ച് ഇരിക്കുവാ..ഇക്കണക്കിന് പോയാൽ മാർക്ക്‌ ഇട്ടുകൊണ്ട് വരാൻ ഞാൻ കൊട്ട വാങ്ങേണ്ടി വരും” അതും പറഞ്ഞ് സ്റ്റെപ് കയറി പോകുന്നവനെ ചുണ്ട് കൂർപ്പിച്ച് അമ്മു നോക്കി…ഇതിനുമാത്രം ചാടിതുള്ളാൻ ഇവിടെ എന്താ സംഭവിച്ച??? മുറിയിൽ കയറി കതക് അടച്ച് ആൽബി ബെഡിൽ വന്നിരുന്നു..അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.. “പാവം പെണ്ണ്…എല്ലാവരുംകൂടി സ്നേഹിച്ച് അവളെ ചെറുതായി വഷളാക്കുന്നുണ്ട്..വന്നപ്പോഴുള്ള സ്വഭാവം അല്ല പെണ്ണിന് ഇപ്പോൾ..എപ്പോഴും കുറുമ്പും കുസൃതിയും ആണ്..പക്ഷെ ഇങ്ങനെ പോയാൽ അവളുടെ പഠിത്തത്തെ അത് ബാധിക്കും..ഡിഗ്രി അവൾ നല്ല രീതിയിൽ പാസ്സ് ആകുമെന്ന് ഉറപ്പാണ്.

പക്ഷെ അതുപോലെയല്ല സിവിൽ സർവീസ്…ഡിഗ്രിയുടെ ഒപ്പം തന്നെ അതിനുള്ള പ്രീപ്പറേഷനും തുടങ്ങണം..അല്ലെങ്കിൽ പിന്നെ കോച്ചിംങ്ങിന് വീണ്ടും ഒരു വർഷം പോകും…ഫസ്റ്റ് ചാൻസിൽ തന്നെ അത് നേടിയെടുക്കാനുള്ള ബുദ്ധി പെണ്ണിന് ഉണ്ട്..പക്ഷെ ഈ കളിയും ചിരിയുമാണ് കുഴപ്പം..അതിന് താൻ ഇതുപോലെ പേടിപ്പിച്ച് നിർത്തിയാലേ ശെരിയാകു…” ഓരോന്ന് ഓർത്തുകൊണ്ട് ആൽബി കട്ടിലിലേക്ക് മലർന്ന് കിടന്നു..അവളുടെ സ്വപ്നം നിറവേറ്റണം..അതിന് താൻ കൂടെയുണ്ടാകും…. ******* മുഖവും വീർപ്പിച്ച് വരുന്ന അമ്മുവിനെ കണ്ടതും അമ്മച്ചി കാര്യം തിരക്കി.ആൽബി ദേഷ്യപ്പെട്ടതും അവൻ കുറ്റപെടുത്തിയതും ഒക്കെ അവൾ പരാതിപോലെ പറഞ്ഞു..എല്ലാം ചിരിയോടെ കേട്ടുനിൽകുവാണ് അമ്മച്ചി.

“അമ്മച്ചിയും ഇച്ചന്റെ സൈഡ് ആണല്ലേ??” “അമ്മച്ചി ആരുടേയും സൈഡ് അല്ല..എങ്കിലും ആൽബി പറഞ്ഞതിൽ ഒന്നും ഒരു തെറ്റും അമ്മച്ചി കാണുന്നില്ല.” “ഇങ്ങനൊക്കെ പറയാനും മാത്രം ഒന്നും സംഭവിച്ചില്ലല്ലോ..ക്ലാസ്സ്‌ പോലും തുടങ്ങിയില്ല” “ക്ലാസ്സ്‌ തുടങ്ങുമ്പോൾ പഠിപ്പിക്കുന്നത് ഒക്കെ മോൾക്ക് പെട്ടെന്ന് മനസിലാകാൻ വേണ്ടിയല്ലേ അവൻ പറഞ്ഞത്…കൂടെയുള്ള പിള്ളേരൊക്കെ ഗ്യാപ് ഇല്ലാതെ പഠിച്ച് വന്നവരാ..പക്ഷെ മോൾക്ക് ആ ഫ്ലോ കിട്ടണമെന്നില്ല..അപ്പോൾ നീയവിടെ പിന്നിലായി പോകുമോ എന്ന ടെൻഷൻ അവന് കാണും” “എന്നാൽ ഇതുപോലെ സമാധാനത്തെ പറഞ്ഞാൽ പോരേ..ചാടികടിക്കുന്നത് എന്തിനാ??” “നിനക്ക് അറിയില്ലേ അമ്മു അവന്റെ സ്വഭാവം…ചിലപ്പോൾ പെണ്ണുകെട്ടി കഴിയുമ്പോൾ മാറുമായിരിക്കും” ആ വാക്കുകൾ കേൾക്കേ അമ്മു നാണത്താൽ ഒന്ന് ചിരിച്ചു..കെട്ടിക്കഴിഞ്ഞ് ഈ സ്വഭാവം മാറുമോ??? വേണ്ട മാറേണ്ട..ഈ ഗൗരവക്കാരനെയാ തനിക്ക് ഇഷ്ടം… “നീയെന്താ ആലോചിക്കുന്ന??”

“ഏയ് ഒന്നുമില്ല അമ്മച്ചി…പിന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ” “നീ ചോദിക്ക് മോളെ” “അമ്മച്ചിക്ക്…എങ്ങനെയുള്ള മരുമകൾ വേണമെന്ന ആഗ്രഹം??” “എന്തേ അവന് വേണ്ടി വല്ല പെണ്ണിനേയും കണ്ടുവെച്ചിട്ടുണ്ടോ നീ??” “ഏയ്‌ അങ്ങനെ അല്ല..അമ്മച്ചിയുടെ ആഗ്രഹം അറിയാൻ വേണ്ടി ചോദിച്ചതാ” “അങ്ങനെ ആണെങ്കിൽ..എനിക്ക് നമ്മുടെ ടീനയെ പോലത്തെ കൊച്ചിനെ മതി” ചിരിച്ചുകൊണ്ടുള്ള അമ്മച്ചിയുടെ മറുപടിയിൽ അമ്മു ഒരുനിമിഷം നിശ്ചലമായി അവരെ നോക്കി..അവളുടെ ചിരി മാഞ്ഞു..ഹൃദയത്തിൽ വല്ലാത്ത ഭാരം പോലെ.. “അതിന് ടീനുചേച്ചിയും ഇച്ചനും തമ്മിൽ??” “അവർക്കിടയിൽ അങ്ങനെ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല..എനിക്ക് ആഗ്രഹിക്കാൻ അല്ലേ പറ്റു… തീരുമാനം എടുക്കേണ്ടത് പിള്ളേര് തന്നെയല്ലേ” “അമ്മച്ചിയുടെ ആഗ്രഹം തന്നെയായിരിക്കില്ലേ ഇച്ചനും…” “അല്ലല്ല…അവനെ അവന്റെ ഇഷ്ടത്തിന് വിടുന്നവളാ ഞാൻ..

അവന് ഇഷ്ടമുള്ളത് ആരെയാണോ അവളെ രണ്ട് കൈയും നീട്ടി ഞാൻ സ്വീകരിക്കും..പക്ഷെ ഈ കുടുംബത്തിന് ചേരുന്ന കുട്ടി ആയിരിക്കണമെന്ന് മാത്രം” “എന്ന് വെച്ചാൽ??” “മോളോട് ഞാൻ പറഞ്ഞിട്ടില്ലേ ജോണിച്ചായൻ എത്രകഷ്ടപെട്ടാണ് കളരിയ്ക്കൽ ഗ്രൂപ്സ്‌ കെട്ടിപൊക്കിയതെന്ന്…ഇച്ചായന്റെ മരണശേഷവും അതൊന്നും നശിക്കാതിരിക്കാൻ ഞാൻ മുന്നിട്ടിറങ്ങി..അങ്ങനെയുള്ള നമ്മുടെ ബിസിനസ്‌ നോക്കി നടത്താനുള്ള വിദ്യാഭ്യാസവും കഴിവും ഉള്ള കുട്ടി ആയിരിക്കണം ഇവിടുത്തെ മരുമകൾ ആയി വരേണ്ടത്..ആൽബി ഒന്ന് പിന്മാറിയപ്പോൾ എല്ലാം ടീനമോള് ഏറ്റെടുത്തത്പോലെ..നാളെ അവൻ ഒന്ന് തളർന്നാലും അവന് കൈത്താങ്ങായി കൂടെ നിൽക്കുന്ന..ബിസിനസ്‌ എല്ലാം ധൈര്യപൂർവ്വം ഏല്പിക്കാൻ കഴിയുന്ന ഒരു കുട്ടി…” അമ്മച്ചിയുടെ ഓരോവാക്കുകളും അമ്മുവിന്റെ ഹൃദയത്തെ കീറിമുറിക്കുന്നതിന് തുല്യമായിരുന്നു..

തന്റെ ലക്ഷ്യവും അമ്മച്ചിയുടെ ആഗ്രഹവും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്..അമ്മച്ചി പറഞ്ഞതുപോലെയൊരു മരുമകൾ ആകാൻ തനിക്ക് കഴിയില്ല… അമ്മച്ചിയോടൊന്ന് ചിരിച്ചെന്ന് വരുത്തി അവൾ പെട്ടെന്ന് തന്നെ മുറിയിൽ കയറി..ആൽബി അടുക്കിവെച്ചിരിക്കുന്ന ബുക്കുകളിലേക്ക് അവൾ നോക്കി..കണ്ണ് നിറയുന്നത് പോലെ തോന്നിയതും അവൾ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയെടുത്ത് നെഞ്ചോട് ചേർത്തു. “അച്ഛന്റെ മോള് എന്താ ചെയ്യേണ്ടത്?? നാടിനെ സേവിക്കാനാ ഞാൻ ആഗ്രഹിച്ചത്..പക്ഷെ ബിസിനസ്‌ കാര്യങ്ങൾ നോക്കുന്ന മരുമകളെയാ അമ്മച്ചി ആഗ്രഹിക്കുന്നത്..ഞാൻ കാരണം ഈ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല അമ്മാ..എന്റെ ഇച്ചനെ വേണ്ടെന്ന് വെക്കാനും എനിക്ക് കഴിയില്ല..വീണ്ടും ഞാൻ തോറ്റുപോകുവാണോ????” തലയിണയിൽ മുഖംപൂഴ്ത്തി അവൾ ആർത്തുകരഞ്ഞു..ഒരുപാട് നാളുകൾക്ക് ശേഷം….. 💞💞💞💞

റിസപ്ഷൻ ഹാളിൽ എത്തിയതും ജെറി തന്നെ ആദ്യം വണ്ടിയിൽ നിന്ന് ചാടിയിറങ്ങി.തൊട്ടുപിറകെ അമ്മുവും അമ്മച്ചിയും..ആൽബി കാർ പാർക്ക് ചെയ്യാൻ പോയപ്പോൾ ടീനയും ഫാമിലിയും എത്തി..എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നു..അമ്മുവിന്റെ ഒഴിച്ച്..ഒരുപാട് ചിന്തകളിൽ കുരുങ്ങികിടക്കുവായിരുന്നു അവളുടെ മനസ്സ്..ജെറി എന്തൊക്കെയോ പറയാൻ തുടങ്ങിയതും അതൊന്നും ശ്രദ്ധിക്കാതെ അമ്മു നേരെ ദേവുവിന്റെ അടുത്തേക്ക് പോയി. “ഇവൾക്ക് ഇതെന്ത്‌ പറ്റി?” അമ്മു പോകുന്നത് കണ്ടതും ജെറി സംശയത്തോടെ അമ്മച്ചിയെ നോക്കി. “രാവിലെ നിനക്കും ടീനയ്ക്കും കിട്ടിയത് പോലൊരു ഡോസ് ആൽബിയുടെ കൈയിൽ നിന്ന് കിട്ടിയാരുന്നു..അതിന്റെ സങ്കടത്തിലാ അവൾ” “ആൽബിയ്ക്ക് ഇന്ന് രാവിലെ തൊട്ട് പ്രാന്തിളകി നിൽകുവാണെന്ന് തോന്നുന്നു..

പാവം ആ പെണ്ണിനേയും പേടിപ്പിച്ച്” കാർ പാർക്ക്‌ ചെയ്തിട്ട് വരുന്ന ആൽബിയെ നോക്കി പറഞ്ഞിട്ട് ടീന അമ്മുവിന്റെ അടുത്തേക്ക് പോയി. “എന്തിനാ ഇച്ചായ അമ്മുവിനെ വഴക്ക് പറഞ്ഞ??” “അതിനെന്താ..അവൾ നിന്നോട് പരാതി പറഞ്ഞോ??” “എന്നോടൊന്നും പറഞ്ഞില്ല..അവളുടെ മുഖം കണ്ടാൽ അറിയാലോ” “മ്മ്മ് അത് സാരമില്ല..വേറെ ആരുമല്ലല്ലോ ഞാൻ അല്ലേ വഴക്ക് പറഞ്ഞത്..അത് മാറിക്കോളും” ആൽബിയുടെ സംസാരം കേട്ട് ജെറി ആക്കിയൊന്ന് ചിരിച്ചു..അവന്റെ തലയ്ക്ക് ഒരു കൊട്ടും കൊടുത്ത് തോളിലൂടെ കൈയിട്ട് അവർ സ്റ്റേജിലേക്ക് ചെന്നു.. “കിച്ചുട്ടായി…ഫസ്റ്റ് നൈറ്റ്‌ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു??” കിച്ചൻ മാത്രം കേൾക്കാൻ പാകത്തിൽ ജെറി ചോദിച്ചതും അവൻ കണ്ണുരുട്ടി കാണിച്ചു.. “കള്ളാ..പറയാൻ നാണമാണല്ലേ…ഓക്കേ..ഞാൻ ദേവുനോട് ചോദിച്ചോളാം” “ടാ ചെക്കാ നിനക്ക് എന്താ??” “മ്മ്മ്മ് മ്മ്മ്മ്….”

കിട്ടിയ അവസരത്തിൽ കിച്ചനെയും ദേവുവിനെയും കളിയാക്കിയും ഫോട്ടോ എടുത്തും അവർ ആ റിസപ്ഷൻ ആഘോഷമാക്കി…തന്റെ ദേവുനും കിച്ചേട്ടനും വേണ്ടി ആ സന്തോഷത്തിൽ അമ്മുവും പങ്കുചേർന്നു….പോകാൻ നേരം ദേവുവിനെ കെട്ടിപിടിച്ച് അവൾ കവിളിൽ ചുംബിച്ചു.. “നിന്റെ ഈ മുഖം കണ്ടാൽ അറിയാം ഒരുപാട് ഹാപ്പി ആണെന്ന്” “അതേ മോളെ..സ്നേഹിച്ച ആളോടൊപ്പം ആഗ്രഹിച്ച ജീവിതം ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്..അതിന്റെ കൂടെ കിച്ചേട്ടന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം..ശെരിക്കും മനസ്സ് നിറഞ്ഞ് നിൽക്കുവാ..” ദേവുവിന്റെ വാക്കുകൾ അമ്മുവിന്റെ ഹൃദയത്തിലാണ് പതിഞ്ഞത്..ഒരു ഉറച്ച തീരുമാനത്തോടെ അവൾ അവിടെനിന്നും ഇറങ്ങി.. 💞💞💞

ഹർഷനുള്ള ആഹാരവുമായി ദിയ മുറിയിലേക്ക് വരുമ്പോൾ അവൻ എന്തോ വലിയ ആലോചനയിൽ ആയിരുന്നു..അവളെ കണ്ടതും അവനൊന്ന് ചിരിച്ചു..പക്ഷെ ദിയ അത് ശ്രദ്ധിക്കാതെ അവന്റെ അടുത്തിരുന്ന് ഭക്ഷണം കൊടുക്കാൻ തുടങ്ങി. “ദേവുന്റെ റിസപ്ഷൻ ഫോട്ടോസ് കിട്ടിയോ??” “ഇല്ല..നാളെ അയച്ച് തരാമെന്ന് ജെറി പറഞ്ഞു” “മ്മ്മ്…” വീണ്ടും അവർക്കിടയിൽ നിശബ്ദത നിറഞ്ഞു..ഇടയ്ക്കിടയ്ക്ക് തന്നിലേക്ക് നീളുന്ന ഹർഷന്റെ നോട്ടത്തെ അവഗണിച്ചുകൊണ്ട് ദിയ എഴുന്നേറ്റു. “ജെറി നല്ലവൻ ആണ്…” “അതിന്?? ഞാൻ അവനെ പ്രേമിക്കണോ?? കൈരണ്ടും ഇടുപ്പിൽ കുത്തി പുരികം വളച്ചുകൊണ്ടുള്ള ദിയയുടെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഹർഷന്റെ മറുപടി. “ഒരു മരത്തിൽ നിന്നും അടുത്ത മരത്തിലേക്ക് ചാടാൻ ഞാൻ കുരങ്ങൻ അല്ല..”

“മരം കടപുഴകി വീണാൽ ചാടിയല്ലേ പറ്റു…” “ആണോ..എന്നാൽ ഈ കുരങ്ങ് വീണുകിടക്കുന്ന മരത്തിൽ തന്നെ നിൽക്കാനാ ആഗ്രഹിക്കുന്നത്” അവളുടെ മുഖത്തേക്ക് നോക്കിയ ഹർഷൻ ആ കണ്ണുകളിൽ മിന്നിമാഞ്ഞ പ്രണയം കണ്ടു..കുസൃതി നിറഞ്ഞ വാക്കുകളിലും ആ പ്രണയം തന്നെ നിറഞ്ഞിരുന്നതായി അവന് തോന്നി..ഒരുവേള തന്റെ അവസ്ഥയെ കുറിച്ച് അവൻ ഓർത്തു…കണ്ണിൽ നീർപൊടിഞ്ഞത് കണ്ടതും ദിയ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് അടുത്ത് തന്നെ ഇരുന്നു. “വേണ്ട ദിയ…ഞാൻ നിന്റെ സ്നേഹം അർഹിക്കുന്നില്ല..എന്നെയിങ്ങനെ കൊല്ലാതെ കൊല്ലല്ലേ നീ” “ആ പഴയെ ഹർഷനെ അല്ല…ചെയ്ത് കൂട്ടിയ തെറ്റുകൾ ഓർത്ത് ഓരോനിമിഷവും കരഞ്ഞ് തീർക്കുന്ന ഈ പുതിയ ഹർഷനെയാ ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത്…ദേവുവിനെ ജീവനായി കരുതിയത് പോലെ അമ്മുവിനെയും സ്നേഹിക്കാൻ തുടങ്ങിയ..

എന്റെ ഭാവിയെ ഓർത്ത് ഉള്ളിലെ സ്നേഹം പുറമെ കാണിക്കാതെ എന്നെ പറഞ്ഞ് വിടാൻ നോക്കുന്ന ഈ ഹർഷേട്ടനെ..ഞാൻ പ്രണയിച്ചുപോകുവാ..വീണ്ടും ഒരുമിച്ചുള്ള ജീവിതം ഞാൻ കൊതിക്കുവാ…” അത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞുപോയിരുന്നു..ആ കണ്ണുനീരിന് കൂട്ടായി ഹർഷന്റെ കണ്ണുകളും ഈറനായി.. “അങ്ങനെയൊരു ജീവിതം നിനക്ക് തരാൻ എനിക്ക് കഴിയുമോ മോളെ??” “കഴിയും…അതിന് വേണ്ടിയുള്ള കാര്യങ്ങൾ ഒക്കെ ആൽബിച്ചായൻ നോക്കിക്കോളാമെന്ന് പറഞ്ഞിട്ടുണ്ട്..ഇല്ലെങ്കിലും സാരമില്ല..ഇതുപോലെ..എന്റെ അടുത്ത് ഉണ്ടായാൽ മതി..എന്നോട് സംസാരിച്ചാൽ മതി..” പെട്ടെന്നാണ് ഒരു ഇടിമിന്നൽ ഉണ്ടായത്..അതിന് പിറകെ ശക്തമായി മഴയും പെയ്യാൻ തുടങ്ങി.. “ആ ജനാല ഒന്ന് തുറക്കുമോ ദിയ?” ഹർഷന്റെ ബെഡിനോട് ചേർന്നുള്ള ജനാല തുറന്നതും മഴത്തുള്ളികൾ അകത്തേക്ക് പതിക്കാൻ തുടങ്ങി..അത് ആസ്വദിച്ച് അവൻ കിടന്നു..

“മഴയത്ത് റൈഡ് പോകണ്ടേ നിനക്ക്??” ഹർഷൻ ചോദിച്ചതും ദിയ അത്ഭുതത്തോടെ അവനെ നോക്കി. “എന്റെ പ്രണയം അഭിനയമായിരുന്നെങ്കിലും അന്ന് നീ പറഞ്ഞ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ഒന്നും ഞാൻ മറന്നിട്ടില്ല…അന്നതൊക്കെ പുച്ഛത്തോടെയാ ഞാൻ കേട്ടിരുന്നത്..പക്ഷെ ഇപ്പോൾ..നിന്റെ സ്വപ്‌നങ്ങളും മോഹങ്ങളുമൊക്കെ അത്രമേൽ പ്രണയത്തോടെ എനിക്ക് കേൾക്കണം..ആകാശവും ഭൂമിയും മഴയിലൂടെ പ്രണയിക്കുന്നത് പോലെ…നിന്റെ ഓരോ വാക്കുകളും ഇടനെഞ്ചിൽ കോറിയിടണം….” ഹർഷന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൾ അവന്റെ കൈകോർത്തിരുന്നു…ദിയയുടെ മാത്രം ഹർഷനായി..അവളുടെ മാത്രം പ്രണയമായി അവനും പുതുജീവിതം സ്വപ്നം കണ്ടു……. (തുടരും )

ആത്മിക:  ഭാഗം 30

Share this story