ഈറൻമേഘം: ഭാഗം 19

ഈറൻമേഘം: ഭാഗം 19

 എഴുത്തുകാരി: Angel Kollam

ജോയൽ അമേയയുടെ മറുപടിയ്ക്കായിട്ടെന്ന പോലെ അവളുടെ മുഖത്തേക്ക് നോക്കി.. വ്യക്തമായ ഒരുത്തരം പറയാൻ കഴിയാതെ അവൾ ദൂരേക്ക് ദൃഷ്ടികളയച്ചു… അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ തന്നെ അവളുടെ മനസിലെ ആശങ്ക ജോയലിന് വായിച്ചെടുക്കാൻ കഴിഞ്ഞു.. “എടോ.. തനിക്ക് ഈ നാടത്രയ്ക്ക് പരിചയമില്ലല്ലോ എന്ന് കരുതിയിട്ടാണ് ഹെല്പ് ചെയ്യാമെന്ന് ഞാൻ പറഞ്ഞത്.. തനിക്കു എന്നോടൊപ്പം വരാൻ താല്പര്യമില്ലെങ്കിൽ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ കയറ്റി വിടാം.. ഏതെങ്കിലും നല്ല ഹോസ്റ്റലിൽ കൊണ്ടാക്കാൻ ഓട്ടോക്കാരനോട് പറയുകയും ചെയ്യാം ” അമേയയ്ക്ക് അപ്പോളും മറുപടി ഇല്ലായിരുന്നു.. ഒരു ദിവസത്തെ പരിചയമേ ഉള്ളൂവെങ്കിലും ജോയലിനെ ഏറെക്കുറെ മനസിലാക്കാൻ തനിക്ക് കഴിഞ്ഞുവെന്നാണ് തന്റെ വിശ്വാസം.. അദ്ദേഹം നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യനാണെന്ന് താൻ മനസിലാക്കിയിട്ടുണ്ട്.. പക്ഷേ അദ്ദേഹത്തെ വിളിക്കാൻ വരുമെന്ന് പറഞ്ഞ കൂട്ടുകാരൻ എങ്ങനെയുള്ളവനാണെന്ന് അറിയില്ലല്ലോ..

സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണിത്.. അപ്പോൾ പിന്നെ അത്രയ്ക്ക് പരിചയമില്ലാത്ത ഒരാളെ അവിശ്വസിക്കുന്നതിൽ തെറ്റില്ലല്ലോ.. “താനിങ്ങനെ ചിന്താവിഷ്ടയായ സീതയെപ്പോലെ ഇരിക്കാതെ എന്തെങ്കിലുമൊന്ന് പറയടോ ” ആഹാ.. ഫിലോസഫി മാത്രമല്ല തമാശയും പറയാനറിയുമോ സാറിന് എന്ന് ചോദിക്കണമെന്നാണ് മനസ്സിൽ കരുതിയത്.. പക്ഷേ പറഞ്ഞത് മറ്റൊന്നാണ്.. “ഞാൻ സാറിന്റെ കൂടെ വരാം.. സാർ എന്നെ സേഫ് ആയിട്ട് ഏതെങ്കിലുമൊരു ഹോസ്റ്റലിലാക്കിയാൽ മതി ” “ഇത് പറയാനാണോ താനിത്രയ്ക്ക് ചിന്തിച്ചത്?” “എടുത്തു ചാടിയെടുത്ത തീരുമാനം കൊണ്ട് ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ച ആളല്ലേ ഞാൻ? അതുകൊണ്ട് തന്നെ ഇനിയുള്ള തീരുമാനങ്ങളെങ്കിലും നന്നായിട്ട് ആലോചിച്ചെടുത്താൽ മതിയെന്ന് കരുതി..” “അത്‌ നല്ലതാടോ.. തീരുമാനം എടുക്കാൻ അൽപ്പം വൈകിയാലും എടുക്കുന്ന തീരുമാനം ശരിയാണെങ്കിൽ ജീവിതത്തിൽ സങ്കടപെടേണ്ടി വരില്ല..

പക്ഷേ… നമ്മൾ ശരിയാണെന്നു കരുതിയെടുത്ത പല തീരുമാനങ്ങളും തെറ്റായിപോയെന്ന് ഭാവിയിൽ ചില അനുഭവങ്ങൾ വരുമ്പോൾ നമുക്ക് തോന്നിയേക്കാം ” “സാർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി.. ശ്യാമേട്ടന്റെ കാര്യമല്ലേ?” “ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. ചിലപ്പോൾ നമ്മുടെ തീരുമാനങ്ങൾ തെറ്റിപോയേക്കാം എന്നാണ് പറഞ്ഞത്..” “ഉം.. സത്യമാണ് ” “ഒരു കാര്യത്തിൽ എനിക്ക് തന്നോട് ബഹുമാനം ഉണ്ട്.. സാധാരണ പ്രണയബന്ധം തെറ്റിപ്പിരിഞ്ഞാൽ പരസ്പരം ചെളി വാരിയെറിയുകയാണ് എല്ലാവരും ചെയ്യുന്നത്.. പക്ഷേ ഇത്രയൊക്കെ സങ്കടം തനിക്കുണ്ടായിട്ടും താൻ തന്റെ സ്വന്തം ചേച്ചിയോടോ ചേട്ടനോടോ പോലും ഒന്നും തുറന്ന് പറഞ്ഞില്ലല്ലോ.. ഹോസ്പിറ്റലിൽ മറ്റുള്ളവരുടെ മുന്നിൽ ശ്യാമിനെ അപമാനിക്കുകയും ചെയ്തില്ല..

തന്നെയും അല്ല ഇപ്പോളും അയാളെ സംബോധന ചെയ്‌യുന്നത് ശ്യാമേട്ടൻ എന്നാണല്ലോ ” “സത്യത്തിൽ ദേഷ്യം തോന്നുമ്പോൾ അവനെന്നും നീയെന്നുമൊക്കെ ഞാൻ പറയാറുണ്ട്.. പക്ഷേ സാറിനോട് സംസാരിക്കുന്നത് കൊണ്ട് കുറച്ച് ബഹുമാനത്തിൽ പറഞ്ഞതാണ് ” “ഓഹോ.. അങ്ങനെ.. എന്നാലും തനിക്ക് നല്ല മനസാണെടോ.. ആരുടെ മുന്നിലും അയാളെ അപമാനിക്കാൻ താൻ ശ്രമിച്ചില്ലല്ലോ.. തന്റെ നന്മയും നല്ല മനസുമൊക്കെ ദൈവം കാണുന്നുണ്ട്… അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലും നന്മകൾ ഉണ്ടാകും.. അതുപോലെ തന്നെ വേദനിപ്പിച്ചവരെയും ദൈവം കാണുന്നുണ്ടല്ലോ.. അവർക്കുള്ളതും ദൈവം കൊടുത്തോളും ” “എന്നെ വേദനിപ്പിച്ചവർ നശിച്ചു പോകണമെന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.. ഇനിയൊരിക്കലും അവരെയൊന്നും കാണേണ്ടി വരരുതെന്ന് മാത്രമേയുള്ളൂ ”

“എല്ലാം ശരിയാകുമെടോ.. തന്റെ സമയം ആകുന്നതേയുള്ളൂ എന്ന് മാത്രം കരുതിയാൽ മതി..” ജോയൽ ഫ്രഷ് ആകാനായി എഴുന്നേറ്റു പോയി.. അവൻ തിരികെ സീറ്റിലെത്തുമ്പോൾ അമേയ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.. “താൻ ഈ കാഴ്ചയും കണ്ടോണ്ടിരിക്കാതെ ഫ്രഷ് ആയിട്ട് വാടോ.. മജെസ്റ്റിക് വരെയേ ട്രെയിൻ ഉള്ളൂ ” “അതെനിക്കറിയാം കേട്ടോ ” അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞിട്ട് റെഡിയാകാനായി എഴുന്നേറ്റു പോയി.. അൽപ്പസമയത്തിനകം അവൾ തിരികെയെത്തി.. ജോയൽ അവളുടെ നേർക്ക് പാളി നോക്കി.. മുടിയൊക്കെ ചീകിയൊതുക്കി വച്ചിട്ടുണ്ട്.. താൻ ഇന്നലെ ആദ്യമായി കണ്ടപ്പോൾ ഉള്ളതിനേക്കാൾ തിളക്കം അവളുടെ ഉണ്ടെന്ന് അവന് തോന്നി..

തന്റെ സീറ്റിലേക്ക് ചാരിയിരിക്കുമ്പോൾ അമേയ മനസ്സിൽ ചിന്തിച്ചു… ‘സാറെന്താ തന്നെ ഇങ്ങനെ നോക്കുന്നത് ‘.. അവൾ തന്നെ ശ്രദ്ധിക്കുന്നുവെന്ന് മനസിലായപ്പോൾ ജോയൽ നോട്ടം മാറ്റി… മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ജോയൽ അമേയയുടെ ബാഗ് എടുക്കാൻ സഹായിച്ചു.. അമേയ പെട്ടന്ന് പറഞ്ഞു.. “സാർ.. ബാഗ് ഞാനെടുത്തോളാം ” “സാരമില്ലടോ.. രണ്ടു ബാഗൊക്കെ കൊണ്ട് തനിക്ക് പ്രയാസമായിരിക്കും ” അമേയ അവന്റെ പിന്നാലെ നടന്നു.. പ്ലാറ്റ്ഫോമിൽ ജോയലിന്റെ സുഹൃത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.. അവിടെ നിൽക്കുന്ന ആളെ കണ്ടതും അമേയയുടെ മുഖത്ത് ചമ്മൽ പ്രകടമായി.. അത്‌ മറ്റാരും ആയിരുന്നില്ല.. സുഹാസ് ആയിരുന്നു.. അമേയയ്ക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി.. അവനോട് ഒരു വാക്ക് പോലും പറയാതെയാണല്ലോ എമറാൾഡിൽ നിന്നും പോയതെന്ന് ഓർത്തപ്പോളായിരുന്നു സങ്കടം…

ജോയലിനെ വിളിക്കാൻ വരുന്ന കൂട്ടുകാരൻ ഏത്തരക്കാരനായിരിക്കും എന്ന് ചിന്തിച്ചായിരുന്നു താൻ ടെൻഷൻ അടിച്ചത്.. ഇനിയിപ്പോൾ കുഴപ്പമില്ലല്ലോ.. ഡോക്ടർ സുഹാസിനെ തനിക്ക് രണ്ടുവർഷമായി പരിചയമുള്ളതാണ്.. യാതൊരു ദുസ്വഭാവവും ഇല്ലാത്ത എല്ലാവരുടെയും ഗുഡ്ബുക്കിൽ സ്ഥാനം നേടിയിട്ടുള്ള ആളാണ് സുഹാസ്… ജോയൽ സുഹാസിന്റെ തൊട്ടരികിലായി ബാഗ് വച്ചു.. അമേയയും അവന്റെ അടുക്കലേക്ക് നടന്ന് വന്നു.. സുഹാസ് അവളെ പരിചയമില്ലാത്ത ഭാവത്തിൽ നിന്നു.. ജോയൽ അമേയയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. “ഇതാണ് എന്റെ ഫ്രണ്ട്.. ഡോക്ടർ സുഹാസ്.. എമറാൾഡ് ഹോസ്പിറ്റലിലെ എമർജൻസിയിലാണ് വർക്ക്‌ ചെയ്യുന്നത്.. താനും അവിടെ എമർജൻസിയിൽ തന്നെയല്ലേ വർക്ക്‌ ചെയ്തത്.. നിങ്ങൾ തമ്മിൽ പരിചയമുണ്ടായിരിക്കുമല്ലോ അല്ലേ? അമേയ മറുപടി പറയുന്നതിന് മുൻപ് സുഹാസ് പെട്ടന്ന് പറഞ്ഞു..

“ഉം.. ഞാൻ ഡ്യൂട്ടിക്കിടയിൽ കണ്ടതായിട്ട് ഓർക്കുന്നുണ്ട്.. അല്ലാതെ വല്യ പരിചയം ഒന്നും തോന്നുന്നില്ല ” അമേയയ്ക്ക് ദേഷ്യം വന്നു.. അവൾ നെറ്റി ചുളിച്ചു ഡോക്ടർ സുഹാസിന്റെ മുഖത്തേക്ക് നോക്കി.. അവൻ അവളുടെ ഭാവമാറ്റം ആസ്വദിച്ചു കൊണ്ട് ചോദിച്ചു.. “എന്താടി ഉണ്ടക്കണ്ണി.. നോക്കിപേടിപ്പിക്കുന്നത്?” അമേയ അവന്റെ അടുത്തേക്ക് നടന്ന് വന്ന് ചുമലിൽ നുള്ളിക്കൊണ്ട് ചോദിച്ചു.. “എന്നെ ഡ്യൂട്ടിക്കിടയിൽ കണ്ടതായി ഓർക്കുന്നുവെന്നോ? അല്ലാതെ ഒരു പരിചയവുമില്ലേ നമ്മൾ തമ്മിൽ?” അമേയയുടെ കൈ പിടിച്ചു മാറ്റിക്കൊണ്ട് അവൻ മറുപടി പറഞ്ഞു.. “എന്ത് പരിചയം? അങ്ങനെ വല്ല പരിചയമോ സുഹൃദ്ബന്ധമോ മറ്റോ നമ്മൾ തമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു സുപ്രഭാതത്തിൽ എന്നോടൊരു വാക്ക് പോലും പറയാതെ നീ അവിടുന്ന് പോകുമോ? നാട്ടിൽ പോയിട്ട് ഇത്രയും ദിവസമായി..

ഒരിക്കലെങ്കിലും ഫോൺ ചെയ്തിട്ട് നീ സുഖമായിട്ട് അവിടെയെത്തിയെന്ന് ഒരു വാക്കെങ്കിലും പറഞ്ഞോ? ഞാൻ നിന്റെ നമ്പറിൽ എത്ര വട്ടം വിളിച്ചെന്നറിയാമോ.. ഫോൺ ഓഫായിരുന്നു.. എനിക്ക് സങ്കടമോ ദേഷ്യമോ ഒക്കെ തോന്നി.. ഞാൻ ശ്യാമിനോട് നിന്നെപ്പറ്റി ചോദിച്ചപ്പോൾ അവനെയും നീ വിളിച്ചില്ലെന്ന് പറഞ്ഞു.. അത്‌ കേട്ടപ്പോൾ എനിക്ക് തോന്നി.. നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായിട്ടായിരിക്കും നീ അവിടെ നിന്നും പോയതെന്ന്.. പക്ഷേ എന്ത് പ്രശ്നമായാലും നിനക്കെന്നോട് പറയാമായിരുന്നു.. നാഴികയ്ക്ക് നാല്പത് വട്ടം ഞാൻ നിന്റെ ബെസ്റ്റ്ഫ്രണ്ടാണെന്ന് പറയുമായിരുന്നല്ലോ.. എന്നിട്ടെന്തേ ഒരു പ്രശ്നം വന്നപ്പോൾ അത്‌ ഫ്രണ്ടിനോട് ഷെയർ ചെയ്യണമെന്ന് തോന്നാഞ്ഞത്.. നീ പോയിക്കഴിഞ്ഞ് നിന്നെപ്പറ്റി ഒരു വിവരവും ഇല്ലാഞ്ഞിട്ട് ഞാനെത്ര സങ്കടപെട്ടെന്നറിയോ.. അല്ലെങ്കിലും നിങ്ങൾ പെൺപിള്ളേർ എല്ലാവരും അങ്ങനെയാണ്..

സൗഹൃദമൊക്കെ ഒരു വാക്ക് പോലും പറയാതെ അവസാനിപ്പിച്ചിട്ടങ്ങു പോകും.. ” ഡോക്ടർ സുഹാസിന്റെ സ്വരത്തിൽ പരിഭവവും വിഷമവും എല്ലാം ഉണ്ടായിരുന്നു.. അമേയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. “സോറി… ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്.. പക്ഷേ ഞാൻ ഒരുവാക്ക് പോലും പറയാതെ പോയതിന് പിന്നിൽ ശക്തമായ ഒരു കാരണമുണ്ട് ” “സ്ട്രോങ്ങ്‌ ആയിട്ടുള്ള എന്തോ കാരണം ഉണ്ടായിട്ടാണ് നീ അവിടെ നിന്നും പോയതെന്ന് എനിക്കറിയാം.. പക്ഷേ റിസൈൻ ചെയ്യുകയാണെന്നും പോലും എന്നോട് പറയാതിരുന്നപ്പോളാണ് എനിക്ക് സങ്കടം തോന്നിയത്.. അന്ന് നൈറ്റ് ഡ്യൂട്ടിക്ക് വന്നപ്പോൾ റിജോ പറഞ്ഞിട്ടാണ് നീ റിസൈൻ ചെയ്തു പോയെന്ന് ഞാനറിഞ്ഞത്.. അപ്പോൾ ഉണ്ടായ സങ്കടമുണ്ടല്ലോ.. നിനക്കു പറഞ്ഞാൽ മനസിലാകില്ല ” ജോയൽ അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് നിശബ്ദനായി നിൽക്കുകയായിരുന്നു..

രണ്ടുപേരും പരാതിയും പരിഭവവുമൊക്കെ പറഞ്ഞു തീർത്തപ്പോൾ ജോയൽ പറഞ്ഞു.. “വാ നമുക്ക് പുറത്തേക്ക് പോകാം.. വിശേഷം പറയാനൊക്കെ ഇനിയും സമയമുണ്ടല്ലോ ” അവർ ബാഗുമായി റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ സുഹാസ് കാർ പാർക്ക് ചെയ്തിരുന്നു.. അവർ അവിടേക്ക് നടന്നു.. കാറിനുള്ളിലേക്ക് കയറുമ്പോൾ ജോയൽ സുഹാസിനോട് ചോദിച്ചു.. “ഇന്നലെ രാത്രിയിൽ നിനക്ക് മെസ്സേജ് അയച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നതാണല്ലോ എന്നോടൊപ്പം അമേയ ഉണ്ടെന്നും അവൾ നേരത്തെ എമറാൾഡിൽ വർക്ക്‌ ചെയ്തിരുന്നതാണെന്നും.. എന്നിട്ട് നിങ്ങൾ തമ്മിൽ പരിചയമുള്ള കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ ” “അത്‌ പിന്നെ.. അച്ചായാ.. ഞാൻ ഇവളെ പരിചയമുണ്ടെന്ന് പറഞ്ഞാൽ അച്ചായൻ എന്തായാലും ഇവളോടത് പറയും.. പിന്നെ എനിക്കിങ്ങനെ വന്നൊരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ പറ്റുമോ..

അതുകൊണ്ടാണ് ഞാൻ പറയാഞ്ഞത് ” കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ സുഹാസ് പറഞ്ഞു.. അമേയയുടെ മനസ്സിനൊരു കുളിർമ തോന്നി.. എന്തായാലും തനിക്കേറെ അടുപ്പമുള്ള ഒരാളെ തൊട്ടു മുന്നിൽ കണ്ടതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. ജോയൽ സുഹാസിനോട് പറഞ്ഞു.. “അമേയയേ തത്കാലത്തേക്ക് ഏതെങ്കിലും വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിലാക്കണം.. അവൾ ഞങ്ങളുടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുമ്പോൾ അവിടത്തെ ഹോസ്റ്റലിലേക്ക് മാറാം ” “ഓക്കേ.. നമുക്ക് ഹോസ്റ്റലൊക്കെ അന്വേഷിക്കാം.. അതിന് മുൻപ് എന്തെങ്കിലും കഴിച്ചിട്ടു പോകാം.. എനിക്ക് നല്ല വിശപ്പുണ്ട് ” “നീ ഏതെങ്കിലും നല്ല റെസ്റ്ററന്റ് കണ്ടാൽ വണ്ടി നിർത്ത്.. നമുക്ക് കഴിച്ചിട്ടു പോകാം ” സുഹാസ് ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി പാർക്ക്‌ ചെയ്തു.. അവർ മൂന്നുപേരും ഭക്ഷണം കഴിച്ചതിന് ശേഷം യാത്ര തുടർന്നു.. ഡോക്ടർ സുഹാസും ജോയലും തമ്മിൽ എങ്ങനെയായിരിക്കും പരിചയമെന്ന് അമേയ ചിന്തിക്കുന്നുണ്ടായിരുന്നു..

പക്ഷേ തുറന്ന് ചോദിക്കാനൊരു മടി.. അത്‌ മനസിലാക്കിയത് പോലെ ജോയൽ അവളോട് പറഞ്ഞു.. “സുഹാസിനെ ഞാനിവിടെ ബാംഗ്ലൂരിൽ വന്നതിന് ശേഷം പരിചയപ്പെട്ടതാണ്.. ഇവിടത്തെ ലീഡിങ് ഹോസ്പിറ്റലുകളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുമ്പോൾ കൗൺസിലിങ് സെക്ഷനിൽ ഞാൻ പോകാറുണ്ട്.. അപ്പോൾ അവനെ പലതവണ കണ്ടിട്ടുണ്ട്.. അങ്ങനെ പരിചയമായി.. പിന്നെ സുഹൃത്തുക്കളായി..” റോയൽ ഹോസ്പിറ്റലിന്റെ അടുത്തുള്ള രണ്ട് മൂന്ന് ഹോസ്റ്റലിൽ അമേയയ്ക്ക് താമസസൗകര്യത്തിന് വേണ്ടി അന്വേഷിച്ചുവെങ്കിലും അവിടെയൊന്നും റൂം ഒഴിവില്ലായിരുന്നു.. മൂന്നുപേർക്കും നിരാശ തോന്നി.. ജോയൽ ആത്മഗതം പോലെ പറഞ്ഞു.. “ഇനിയിപ്പോൾ വന്ന വഴിയ്ക്ക് മജെസ്റ്റിക് സൈഡിലേക്ക് തന്നെ പോയി അന്വേഷിച്ചാലോ..

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരാനും പോകാനുമുള്ള സൗകര്യത്തിനാണ് ഇവിടെ അടുത്ത് തന്നെ നോക്കാമെന്നു ഞാൻ പറഞ്ഞത്.. ഇവിടെയെങ്ങും ഇല്ലാത്ത സ്ഥിതിയ്ക്ക് ഇനി മജെസ്റ്റിക്കിലേക്ക് തന്നെ പോയി നോക്കാം ” “അച്ചായാ.. ഈ പെണ്ണിന് ഇവിടത്തെ സ്ഥലങ്ങളും ഭാഷയൊന്നും അത്ര വശമില്ല.. അതുകൊണ്ട് ഇവിടെ അടുത്തുള്ള വേറെ ഏതെങ്കിലും ഹോസ്റ്റലിൽ കൂടി അന്വേഷിക്കാം.. മജെസ്റ്റിക്കിൽ പോയി ഹോസ്റ്റൽ നോക്കിയാൽ ഇവൾക്ക് ഇങ്ങോട്ടേക്കു വരാൻ പ്രയാസമായിരിക്കും ” അത്‌ ശരിയാണെന്നു തോന്നിയത് കൊണ്ട് ആ ചുറ്റുപാടിൽ തന്നെയുള്ള ഒന്ന് രണ്ട് ഹോസ്റ്റലിലുകളിൽ കൂടി അവർ പോയി നോക്കി.. എല്ലായിടത്തും ഫുൾ ആയിരുന്നു.. “ഇനിയിപ്പോൾ വേറെ വഴിയില്ല സുഹാസ്.. നീ മജെസ്റ്റിക്കിലേക്ക് തന്നെ തിരിച്ചു വിട്ടോ..

അമേയയ്ക്ക് ഇന്റർവ്യൂവിന് വരാൻ പ്രയാസമാണെങ്കിൽ ഞാൻ പിക്ക് ചെയ്യാൻ വരാം.. അന്നൊരു ദിവസം ലീവെടുക്കണമെന്നല്ലേയുള്ളൂ ” “അച്ചായാ.. ലാലേട്ടൻ ഒരു പരസ്യത്തിൽ പറയുന്നത് പോലെ വീട്ടിൽ സ്വർണം വച്ചിട്ട് നാട്ടിൽ തെണ്ടി നടക്കുകയാണല്ലോ അച്ചായൻ.. അച്ചായന്റെ ഫ്ലാറ്റിൽ രണ്ടു ബെഡ്‌റൂം ഉണ്ടല്ലോ.. തത്കാലത്തേക്ക് ഇവളെ അവിടെ താമസിപ്പിച്ചാൽ മതിയല്ലോ.. അപ്പോൾ പിന്നെ ഇത്രയും പ്രയാസമില്ലല്ലോ ” സുഹാസ് പറയുന്നത് കേട്ടപ്പോൾ അമേയയൊന്ന് ഞെട്ടി.. ജോയലിന്റെ ഫ്ലാറ്റിൽ താമസിക്കാനോ.. ജോയലിനും മറുപടി പറയാൻ കഴിഞ്ഞില്ല.. സുഹാസ് രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയിട്ട് ചോദിച്ചു.. “ഇതിലിത്ര ആലോചിക്കാനെന്തിരിക്കുന്നു? രണ്ടോ മൂന്നോ ആഴ്ചത്തെ കാര്യമല്ലേയുള്ളൂ ” “അമേയയ്ക്ക് പ്രശ്‍നമില്ലെങ്കിൽ താമസിച്ചോട്ടെ.. എനിക്ക് പ്രശ്നമൊന്നുമില്ല ” സുഹാസ് അമേയയുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു..

“നിന്റെ അഭിപ്രായം എന്താ ആമീ?” “അത്‌ പിന്നെ.. ഞാൻ.. ” “ടെൻഷൻ അടിക്കേണ്ട.. നിനക്ക് അച്ചായനെ വിശ്വസിച്ച് ധൈര്യമായിട്ട് അവിടെ താമസിക്കാം.. ” “ഉം.. എനിക്ക് പ്രശ്നമില്ല ” അവൾ സമ്മതിക്കുമെന്ന് ഡോക്ടർ സുഹാസ് കരുതിയിരുന്നില്ല.. ജോയലിന്റെ മുഖത്തും അവിശ്വസനീയത പ്രകടമായിരുന്നു.. അവളുടെ മനസ്സ് മാറുന്നതിനു മുൻപ് പെട്ടന്ന് ഫ്ലാറ്റിലെത്തിക്കാം എന്ന് കരുതിയിട്ടേന്നോണം സുഹാസ് വേഗത്തിൽ വണ്ടിയൊടിച്ചു.. റോയൽ ഹോസ്പിറ്റലിന്റെ അടുത്തായിരുന്നു ആ ഫ്ലാറ്റ്.. പത്തു നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു ജോയലിന്റെ ഫ്ലാറ്റ്.. സുഹാസ് പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി.. ബാഗ് എടുത്തു കൊണ്ട് ജോയൽ മുന്നോട്ട് നടന്നു.. അവന്റെ പിന്നാലെ അമേയയും സുഹാസും.. ലിഫ്റ്റിൽ അവർ മൂന്നാമത്തെ നിലയിലെത്തി..

ജോയൽ ഫ്ലാറ്റിന്റെ ഡോർ തുറന്നു.. ആദ്യം അവൻ അകത്തേക്ക് കയറി.. തൊട്ട് പിന്നാലെ സുഹാസും.. അമേയ വലത് കാൽ വച്ചാണ് ആ ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്.. അത് കണ്ടപ്പോൾ ജോയലിന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു… അമേയ ഹാളിലൂടെ കണ്ണോടിച്ചു.. മനോഹരമായ ഒരു ഹാൾ ആയിരുന്നു അത്‌.. ജോയൽ ഒരു റൂമിന്റെ ഡോർ തുറന്നു കാണിച്ചിട്ട് പറഞ്ഞു.. “അമേയാ.. ഇതാണ് തന്റെ റൂം ” അവൾ ആ റൂമിലേക്ക് കയറി.. ജോയൽ അവളുടെ ബാഗ് ആ റൂമിനുള്ളിലേക്ക് എടുത്തു വച്ചു.. ഡോക്ടർ സുഹാസിന് ഈവെനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു അതുകൊണ്ട് യാത്ര പറഞ്ഞു പോയി.. അവൻ പോയതും ജോയൽ ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു.. അമേയ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. തന്റെ ഹൃദയമിടിപ്പിൻറെ വേഗത വർധിക്കുന്നത് അവളറിഞ്ഞു.. ഇതുവരെയില്ലാത്ത ഒരു ഭയം മനസ്സിൽ..

ഒരു ദിവസത്തെ പരിചയം മാത്രമുള്ള പുരുഷനോടൊപ്പം.. അയാളുടെ ഫ്ലാറ്റിൽ.. ജോയൽ അവളുടെ അടുത്തേക്ക് നടന്ന് വന്നപ്പോൾ അവൾ ഭീതിയോടെ അവന്റെ നേർക്ക് നോക്കി.. ജോയൽ പുഞ്ചിരിയോടെ പറഞ്ഞു.. “എടോ.. താൻ ടെൻഷനടിക്കേണ്ട.. തന്റെ സ്വന്തം വീട് പോലെ കരുതിയാൽ മതി.. എന്തായാലും രണ്ടാഴ്ചത്തേക്ക് താനൊന്ന് അഡ്ജസ്റ്റ് ചെയ്യ് കേട്ടോ.. താനൊന്ന് ഫ്രഷ് ആയിട്ട് ഉറങ്ങിക്കോളൂ.. ” ഇത് പറഞ്ഞിട്ട് ജോയൽ തന്റെ റൂമിലേക്ക് കയറി വാതിലടച്ചു.. അമേയ ദീർഘനിശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.. അമേയ ആദ്യം ഫോൺ ചെയ്ത് ചേച്ചിയോട് താനിവിടെ എത്തിയെന്നും ഹോസ്റ്റലിലാണെന്നും രണ്ട് ദിവസത്തിനകം ഡ്യൂട്ടിക്ക് കയറുമെന്നും പറഞ്ഞു.. അതിന് ശേഷം ഫ്രഷ് ആയതിനു ശേഷം അവൾ ഉറങ്ങാൻ കിടന്നു.. കിടക്കുന്നതിന് മുൻപ് ഡോർ ലോക്കാണെന്ന് രണ്ടു മൂന്ന് തവണ ഉറപ്പ് വരുത്തിയിട്ടാണ് അവൾ കിടന്നത്.. ക്ഷീണം കാരണം അവൾ പെട്ടന്നുറങ്ങിപ്പോയി….. തുടരും…….

ഈറൻമേഘം: ഭാഗം 18

Share this story