ഒരുമ്പെട്ടോള്: ഭാഗം 12

ഒരുമ്പെട്ടോള്: ഭാഗം 12

എഴുത്തുകാരൻ: SHANAVAS JALAL

ഓടി എത്തിയ അമ്മ എന്നെ താങ്ങി ഒരു കസേരയിലേക്ക് ഇരുത്തി . എന്താ മോളെ പെട്ടെന്ന് സംഭവിച്ചേ എന്ന അമ്മയുടെ ചോദ്യത്തിന് നമ്മുടെ അമ്മു എന്ന് പറയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു . അമ്മ അപ്പോഴേക്കും ഫോൺ വാങ്ങി അവൾക്ക് വിളിച്ചപ്പോഴേക്കും ഫോൺ ഓഫ് തന്നെയായിരുന്നു .. മുഖത്തു വന്ന ചെറിയ ഭയം ഞാൻ കാണാതിരിക്കാൻ ശ്രെമിച്ചുകൊണ്ട് അമ്മ ആദർശിനെ ഫോൺ ചെയ്തു . റിംഗ്‌ ചെയ്തത് കേട്ടപ്പോൾ തന്നെ ആശ്വാസത്തോടെ എന്നെ നോക്കിയിട്ട് ബെല്ല് അടിക്കുന്നുണ്ട് എന്ന് പറഞ്ഞയുടനെ ആദർശ് ഫോൺ എടുത്തു ഹാലോ എന്ന് പറഞ്ഞു . മോനെ അമ്മു എവിടെയെന്ന അമ്മയുടെ ചോദ്യത്തിന് അവൾ കൂടെയുണ്ടല്ലോ അമ്മെ എന്ന് പറഞ്ഞു അമ്മുവിന് ഫോൺ കൊടുത്തു . ദേ അമ്മു എന്ന് പറഞ്ഞു അമ്മ എനിക്ക് നേരെ ഫോൺ നീട്ടിയപ്പോഴേക്കും മോളെ എന്താ പറ്റിയെ , ചേച്ചീന്ന് വിളിച്ചിട്ട് ഫോൺ കട്ടായല്ലോ . മോൾ ഇപ്പൊ എവിടെയാ .

മതി കറങ്ങിയത് . വീട്ടിലേക്ക് വേഗം വാ എന്ന് ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോഴേക്കും , ഫോൺ ആദർശ് വാങ്ങിയിട്ട് ഞങ്ങൾ എത്തിക്കൊള്ളാം എന്ന് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു . അമ്മേ എനിക്ക് എന്തോ പേടിയാകുന്നുണ്ട് . അവൾ കരഞ്ഞിട്ട് തന്നെയാണ് എന്നെ വിളിച്ചത്. ഇപ്പൊ അവൾ ഒന്നും മിണ്ടുന്നതും ഇല്ല . അമ്മു എന്തോ ഒരു അപകടത്തിൽ പെട്ടത് പോലെ . നമ്മുക്ക് എന്തെങ്കിലും ചെയ്യണം അമ്മേ എന്നെന്റെ വാക്കുകൾക്ക് മോളെ അവനോടൊപ്പം കല്യാണം ഉറപ്പിച്ചിട്ട് നമ്മൾ എന്ത് ചെയ്താലും അത് അവളുടെ ഭാവിയെ ബാധിക്കില്ലെന്നുള്ള അമ്മയുടെ മറുപടി കേട്ട് സത്യത്തിൽ എനിക്ക് ദേഷ്യം വന്നു . ‘അമ്മ ഫോൺ ഇങ്ങ് എടുത്തേ എന്ന് പറഞ്ഞു അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി മുതലാളിയെ വിളിച്ചു . ബെൽ അടിച്ചു തീർന്നത് അല്ലാതെ മുതലാളി ഫോൺ എടുത്തില്ല , ആകെ വെപ്രാളപ്പെട്ട് അങ്ങോടും ഇങ്ങോടും നടക്കുന്നത് കണ്ടിട്ട് മോള്ക്ക് അത്ര ടെൻഷൻ ആണെങ്കിൽ നമ്മുക്ക് പോലീസിൽ വിവരം അറിയിക്കാം എന്ന് പറഞ്ഞതിനൊപ്പം ,

അതും ഇനി പത്രക്കാരുടെ കയ്യിൽ കിട്ടിയാൽ എന്ന് പറഞ്ഞു നിസ്സഹായായി ഇരിക്കുന്ന അമ്മയുടെ അടുക്കലേക്ക് എത്തിയിട്ട് , വേണ്ട നമ്മുക്ക് നേരെ മുതലാളിയുടെ അടുത്തെക്ക് പോകാം . അവിടെ പോയി ആദർശ് പോയത് എങ്ങോടാണെന്ന് അറിഞ്ഞിട്ട് അങ്ങൊട് പോയി അമ്മുനെ കൂട്ടി. വരാം . അല്ലാതെ അവർ മടങ്ങി വരുന്നത് വരെ കാത്തിരിക്കുന്നത് എനിക്ക് എന്തോ നല്ലതാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയും സമ്മതിച്ചു . അമ്മയും ഞാനും കൂടെ റെഡിയായി വെളിയിലേക്ക് ഇറങ്ങിയപ്പോഴേക്കും മുതലാളിയുടെ ഫോൺ കോൾ എത്തിയിരുന്നു . എന്താ ദേവി വിളിച്ചതെന്ന ചോദ്യത്തിന് , നടന്നതെല്ലാം ഞാൻ പറഞ്ഞപ്പോഴേക്കും അത് ഇനി തനിക്ക് ആദർശിനോടുള്ള ദേഷ്യം കൊണ്ട് തോന്നിയതാകും . അത് അല്ലെങ്കിൽ തന്നെ അവൻ കെട്ടാൻ പോകുന്ന പെണ്ണല്ലേ പിന്നെന്താ എന്ന മുതലാളിയുടെ മറുപടിക്ക് കല്യാണമൊക്കെ പിന്നീട് അല്ലെ ,

എനിക്ക് ഇപ്പൊ അവർ എവിടെയുണ്ടെന്ന് അറിഞ്ഞാൽ മതിയെന്ന് പറഞ്ഞപ്പോൾ ശരി ഞാൻ ഒന്ന് വിളിച്ചു നോക്കിയിട്ട് തന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തിരുന്നു … പെട്ടെന്ന് തന്നെ വീണ്ടും ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് നോക്കിയപ്പോൾ കണ്ടത് ഒരു പുതിയ നമ്പർ ആയിരുന്നു . ഫോൺ എടുത്ത് ഹാലോ എന്ന് പറഞ്ഞപ്പോഴേക്കും മോളെ ദേവി അമ്മയാണ് , അന്ന് നമ്മുക്ക് എല്ലാം ചെയ്ത തന്ന ഒരു നേഴ്സില്ലേ അവരുടെ നമ്പറാണ് , അമ്മയുടെ ഫോൺ രാഹുലിന്റെ കയ്യിലാണ് , മോളെക്കുറിച്ചും രാഹുലിനെക്കുറിച്ചും എല്ലാമായിരുന്നു ഇത് വരെ എന്റെയും നേഴ്സിന്റെയും സംസാരം , പിന്നെ രാഹുലിന് ഏകദേശം എല്ലാം റെഡിയായി എന്ന് ഡോകടർ പറഞ്ഞു . മോൾ പോയതിന്റെ പുറകിൽ തന്നെ പോലീസും വന്നിരുന്നു മൊഴി എടുക്കാൻ .അവൻ ആരാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നാണ് അവരോട് പറഞ്ഞത് എന്ന് കേട്ട് ഞാൻ ഒന്ന് മൂളി .

അമ്മു വന്നോ മോളെ എന്ന അമ്മയുടെ വീണ്ടുമുള്ള ചോദ്യത്തിന് ഇല്ലമ്മേ , രാഹുൽ അടുത്തുണ്ടെങ്കിൽ ഫോൺ ഒന്ന് കൊടുക്കാമോ എന്ന ചോദ്യത്തിന് അമ്മ നിന്ന് പരുങ്ങുന്നത് പോലെ തോന്നിയപ്പോൾ ആണ് , അല്ലെങ്കിൽ വേണ്ട രാഹുലിനോട് പറഞ്ഞെക്ക്‌ കൊല്ലാൻ നോക്കിയത് ആദർശ് ആണെന്ന് പോലീസിനോട് പറയാൻ. ഏത് നമ്മുടെ പുറകെ വന്ന ആ മോനോ എന്നമ്മയുടെ വീണ്ടുമുള്ള സംശയത്തോടെയുള്ള ചോദ്യം കേട്ടിട്ട് അതെ എന്ന് ഞാൻ മറുപടി നൽകി … മോൾ എന്താ അത് ആദ്യം പറയാഞ്ഞത് എന്ന അമ്മയുടെ ചോദ്യത്തിന് രാഹുലിനെ എങ്ങനെയും കൊല്ലാൻ അല്ലെ ഞാനും വന്നതെന്ന് മനസ്സിൽ പറഞ്ഞിട്ട് , നേരെ ആകുമ്പോൾ രാഹുലിനോട് തന്നെ പറയാമെന്ന് കരുതിയിട്ടാണ് അമ്മെയെന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്‌ മുതലാളിയുടെ കോളിനായി കാത്തിരുന്നു …

ഫോണിലൂടെ ഞാൻ പറഞ്ഞതെല്ലാം തൊട്ട് അടുത്ത് നിന്ന് കേട്ടിട്ടാണ് ആദർശ് എന്തിനാണ് മോളെ രാഹുലിനെ കൊല്ലാൻ ശ്രെമിച്ചത് , എന്ന് അമ്മ ചോദിച്ചത് . അത് അമ്മക്ക് അറിയില്ലേ എന്നോട് ഉള്ള പ്രേണയം കൊണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അങ്ങനെ ഉള്ള അവൻ എങ്ങനെയാ അമ്മുവിനെ സ്നേഹിക്കുക എന്ന് എന്നോട് ചോദിച്ചു തീരും മുന്നേ ഇതാണ് ഞാൻ അന്ന് മുതൽ അമ്മയോടും മോളോടും അവനെ സൂക്ഷിക്കണമെന്ന് പറയുന്നതെന്ന് പറഞ്ഞിട്ട് രൂക്ഷമായി ഒന്ന് നോക്കി . അപ്പോഴേക്കും മുതലാളിയുടെ കോളും എത്തിയിരുന്നു . അവർ കുറച്ചു ദൂരെയാണ്‌ട്ടോ . കുരിശിൻകോട്ട എന്ന് വണ്ടിക്കാരോട് ചോദിച്ചാൽ മതി കൊണ്ട് വിടും .

ദേവി കരുതും പോലെ അമ്മുനെ അവൻ കൊണ്ട് പോയത് മറ്റ്‌ വല്ല ഉദ്ദേശത്തോടാണെങ്കിൽ അവിടെ പോയി കൊണ്ട് വരുന്നത് അൽപ്പം പ്രയാസമാകും , എന്തായാലും ഒറ്റക്ക് പോകണ്ട . ഒന്നുങ്കിൽ പോലീസിനെ അറിയിക്കുക അല്ലെങ്കിൽ കുറച്ചു ആളുകളെയും കൂട്ടിക്കോ . അനുഭവം കൊണ്ട് പറയുകയാണ് ആ സ്ഥലം അൽപ്പം പിശകാണ് . എന്ന് പറഞ്ഞു ഫോൺ കട്ടാക്കിയപ്പോഴേക്കും മോളെ ഇനി എന്ത് ചെയ്യുമെന്ന് ‘അമ്മ എന്നോട് ഭയത്തോടെ ചോദിച്ചു .. ഒരു മിനുട്ട് ആലോചിച്ചിട്ട് ‘അമ്മ ഒന്നും കൂടി ആദർശിനെ വിളിക്ക് , അവൻ എന്താ പറയുന്നതെന്ന് അറിയാമല്ലോ . എന്റെ വാക്ക് കേട്ട് ആദർശിന്റെ ഫോണിലേക്ക് കോൾ ചെയ്ത്‌ രണ്ടാം ബില്ലിൽ തന്നെ ആദർശ് ഫോൺ എടുത്തു . മോനെ രാത്രിയാകുന്നു , അവൾ എവിടെ എന്ന അമ്മയുടെ ചോദ്യത്തിന് , ഞങ്ങൾ കുറച്ചു കഴിഞ്ഞു ഇറങ്ങുള്ളൂ . ഞാൻ ഉണ്ടല്ലോ അവളുടെ കൂടെ എന്തിനാ പേടിക്കുന്നെ .

നമ്മുടെ പുതിയ ഷോപ്പിലേക്ക് സാധനം തരുന്ന രണ്ട് ഡീലറാമാർ ഡൽഹിയിൽ നിന്ന് വന്നിട്ടുണ്ട് . അവർ ഇപ്പൊ വരും ഇവിടെ , അവരെ ഒന്ന് കാണുക , നേരെ വീട്ടിലേക്ക് വരുക . അത്രേയുള്ളു വേറെ താമസം ഒന്നുമില്ല കേട്ടോ എന്ന ആദർശിന്റെ വാക്ക് കേട്ട് അമ്മുന്റെ കയ്യിൽ ഒന്ന് കൊടുക്ക് മോനെ എന്നമ്മയുടെ വാക്ക് കേട്ട് ആദ്യം അവിടെ മൗനമായിരുന്നെങ്കിലും ഹാലോ എന്ന് വീണ്ടും ‘അമ്മ വിളിച്ചപ്പോഴാണ് , ഹാ ധാ എത്തി അമ്മു ദാ ഫോൺ എന്ന് പറഞ്ഞപ്പോഴേക്കും അവൾ അമ്മെ എന്ന് വിളിച്ചിരുന്നു .. കരഞ്ഞത് പോലെയുള്ള അവളുടെ ശബ്ദം കേട്ടിട്ട് , മോളെ നീ ഇങ്ങ് പോരെ എന്ന് ‘അമ്മ പറഞ്ഞപ്പോഴേക്കും അവിടെ ഏതോ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം ഫോണിലൂടെ ഞങ്ങൾ കേട്ടിരുന്നു . കുറച്ചു നിമിഷങ്ങൾക്കകം എന്തൊക്കയോ തകരുന്ന ശബ്ദത്തെക്കളും അമ്മുന്റെ അമ്മേന്നുള്ള കരച്ചിൽ കേട്ട് അമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് വീണിരുന്നു …….. (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 11

Share this story