ഒരുമ്പെട്ടോള്: ഭാഗം 13

ഒരുമ്പെട്ടോള്: ഭാഗം 13

എഴുത്തുകാരൻ: SHANAVAS JALAL

താഴേക്ക് വീഴാൻ ഒരുങ്ങിയ അമ്മയെ എന്നോട് ചേർത്ത് താങ്ങി നിർത്തി . അമ്മേ എന്നെന്റെ വിളിയിൽ മെല്ലെ കണ്ണ് തുറന്ന് എന്നെ നോക്കി . നമ്മുക്ക് അങ്ങൊട് പോകാം എന്നെന്റെ വാക്കിന് പതിയെ അമ്മ തലയാട്ടിയത് കണ്ടിട്ടാണ് മുന്നിലൂടെ പോയ ഓട്ടോയിൽ ഞങ്ങൾ കയറിയത് , എങ്ങോടനെന്നുള്ള ഡ്രൈവറിന്റെ ചോദ്യത്തിന് കുരിശിൻ കോട്ട എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ ഗ്ലാസ്സിലൂടെ എന്നെയും അമ്മേയെയും മാറി മാറി അയാൾ നോക്കിയിരുന്നു …. അവള്ക്ക് കൂടി വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമ്മ പറഞ്ഞിട്ട് എന്റെ തോളിലേക്ക് ചാഞ്ഞപ്പോഴും നിറഞ്ഞു വന്ന കണ്ണുകൾ ‘അമ്മ കാണാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു . അതെ കുരിശിൻക്കൊട്ട അത്ര നല്ല സ്ഥലമല്ല കേട്ടോ അത് കൊണ്ട് ജങ്ഷൻ വരെ ഞാൻ വരുള്ളൂ .

അകത്തോട്ട് കയറിയാൽ വണ്ടി പോയിട്ട് എന്റെ ജീവൻ പോലും ബാക്കി കാണില്ലെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ മതി എന്ന് ഞാൻ സമ്മതിച്ചു . വണ്ടി ജക്ഷനിൽ നിർത്തി . ഞങ്ങൾ ഇറങ്ങിയ പാടെ വണ്ടി വേഗതയിൽ തിരിച്ചു പോയി . മുതലാളി പറഞ്ഞു തന്ന അടയാളം വെച്ച് കുറച്ചൂടെ മുന്നോട്ട് പോകണം . അത് വരെ ഉണ്ടായിരുന്ന ധൈര്യം കുറഞ്ഞു തുടങ്ങി . എങ്കിലും അമ്മക്കൊപ്പം മുന്നോട്ട് നീങ്ങി . വഴിയരികിൽ ചെറിയ ഒരു തട്ടുകടയിൽ വെട്ടം കാണുന്നു. അതും കഴിഞ്ഞു മൂന്നാമത്തെ വളവ് ആണ് ആദർശിന്റെ സ്ഥലം …. തട്ടുകടക്ക് മുന്നിലൂടെ ഞങ്ങൾ രണ്ട് സ്ത്രീകൾ നടന്ന് പോകുന്നത് , അതിനുള്ളിൽ ഇരുന്നവർ കണ്ടു . അതിൽ നാലഞ്ച് പേർ ഞങ്ങളുടെ പുറകെ കൂടിയത് പോലെ സംശയം തോന്നിയപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത് . സംശയമല്ല അവർ പുറകിൽ തന്നെയുണ്ട് .

അമ്മ കുറച്ചൂടെ വേഗത്തിൽ നടക്ക് എന്ന് പറഞ്ഞു ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു വേഗതയിൽ മുന്നോട്ട് നടന്നു . ഞങ്ങളുടെ വേഗത കൂടിയത് കണ്ടിട്ടാകണം അവരുടെ വേഗതയും കൂടിയെന്ന് അവരുടെ നടത്തത്തിന്റെ ശബ്ദത്തിലൂടെ എനിക്ക് മനസ്സിലായിരുന്നു .. നിക്ക് , എന്ന് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടിട്ടാണ് ഞാനും അമ്മയും തിരിഞ്ഞു നോക്കിയത് . എങ്ങോടാണ് ഈ സമയത്ത് എന്ന് അവരുടെ കൂട്ടത്തിലെ പ്രായമായ ഒരാൾ ചോദിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു കൈകൾ കൂപ്പി അമ്മ അവരുടെ മുന്നിൽ നിന്നു . അമ്മേ ഒറ്റക്ക് ഇവിടെ കണ്ടത് കൊണ്ടാണ് , ഇത് അത്ര നല്ല സ്ഥലമല്ല അതാണ് ചോദിച്ചത് അമ്മ കരയണ്ട എന്ന് പറഞ്ഞു ഒരു ചെറുപ്പക്കാരൻ മുന്നോട്ട് വന്നപ്പോൾ ആണ് പോയ ശ്വാസം തിരിച്ചു വന്നത് …

എങ്ങോട് ആണെന്ന് പറഞ്ഞില്ലെന്ന് വീണ്ടും അയാൾ ചോദിച്ചപ്പോൾ ഞാനാണ് ആദർശിനെയും അമ്മുവിനെയും കുറിച്ച് പറഞ്ഞത് . എവിടെയാണെന്ന് അറിയുമോ നിങ്ങൾക്ക് എന്ന ആ ചെറുപ്പക്കാരന്റെ ചോദ്യത്തിന് മൂന്നാമത്തെ വളവ് കഴിഞ്ഞാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോഴേക്കും , എങ്കിൽ നടക്ക് ഞങ്ങളും വരാമെന്ന് പറഞ്ഞു അവർ മുന്നിൽ നടന്നു .. ഒന്നാമത്തെ വളവ് കഴിഞ്ഞപ്പോൾ . ആരോ ഒരാളുടെ കയ്യിലിരുന്ന ടോർച്ച് വെട്ടത്തിൽ കുറച്ചു ദൂരെ നിന്ന് ഒരു ആൾരൂപം ഞങ്ങളുടെ അടുക്കലേക്ക് വരുന്നത് ഞാൻ കണ്ടു . കുറച്ചും കൂടെ മുന്നോട്ട് പോയപ്പോഴേക്കും അത് അമ്മുവാണെന്ന് കണ്ട് മോളെന്ന് വിളിച്ചു ഓടി ചെന്ന് ചേർത്തുപിടിച്ചു , അപ്പോഴേക്കും അവളുടെ പുറകിലായി വന്നിരുന്ന ഒരു ഒരു കറുത്ത ജീപ്പ് ലൈറ്റിട്ട് പെട്ടെന്ന് തിരിച്ചു പോകുന്നത് ഞാൻ കണ്ടു .

മോളെ മോളെ എന്ന അമ്മയുടെ വിളിക്കും അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു , ഭയന്ന് നിൽക്കുന്നത് കണ്ടിട്ടാണ് , കൂട്ടത്തിലുള്ള ആരോ ഒരാൾ ഇപ്പൊ ഒന്നും ആ കുട്ടിയോട് ചോദിക്കണ്ട , ഭാഗ്യത്തിന് കുഴപ്പമൊന്നുമില്ലാതെ കുട്ടിയെ തിരിച്ചു കിട്ടിയല്ലോ എന്ന് പറഞ്ഞത് . കുറച്ചൂടെ പുറകിലായി ഒരു വീടിന്റെ വെട്ടം കണ്ടപ്പോൾ അവളുമായി ഞങ്ങൾ എല്ലാം അങ്ങൊട് നീങ്ങി . ഭാഗ്യത്തിന് ഡ്രസ്സ് ഒന്നും കീറിയിട്ടില്ല എങ്കിലും നല്ലൊരു അടി കൊണ്ട പാട് അമ്മുന്റെ കവിളിൽ കണ്ടു ഞാൻ . മോളെ ആരാ നിന്നെ ഉപദ്രവിച്ചതെന്ന അമ്മയുടെ ചോദ്യത്തിന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ട് എന്നോട് ക്ഷെമിക്ക്‌ ചേച്ചിന്നവൾ പറഞ്ഞപ്പോൾ അത് വരെ നിയന്ത്രിച്ചിരുന്ന എന്റെ നിയന്ത്രണവും നഷ്ടമായി ,

കണ്ണുകൾ നിറഞ്ഞു ഒഴുകി…. ആരാ മോളെ ഉപദ്രവിച്ചതെന്ന് കൂട്ടത്തിലുള്ള ഒരാൾ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ കുറച്ചു ദൂരേക്ക് അവൾ വിരൽ ചൂണ്ടി ,വാടാ ഒന്ന് പോയി നോക്കാമെന്ന് പറഞ്ഞു അവർ അങ്ങൊട് തിരിച്ചപ്പോൾ അമ്മയോടൊപ്പം അവളെ നിർത്തിയിട്ട് ഞാനും കൂടെ പോയി . മൂന്നാമത്തെ വളവിൽ കാണുന്ന ആദ്യത്തെ ഇരുനില വീട്ടിലേക്ക് എല്ലാവരും കൂടി ഒരുമിച്ചു കയറി . മേശപ്പുറത്തു ആപ്പിളിനൊപ്പമിരുന്ന കത്തി ഞാൻ കയ്യിലെടുത്തു . ആദർശ് എന്ന് ഞാൻ ഉറക്കെ അലറി കൊണ്ട് അകത്തേക്ക് പാഞ്ഞു . മൊത്തം ഇരുട്ടായിരുന്ന ആ ഹാളിൽ ഒരുപാട് പരതിയിട്ടാണ് സ്വിച്ച് കണ്ടെത്തി ലൈറ്റ് ഇട്ടത് . പ്രതീക്ഷിച്ചത് ആയിരുന്നില്ല ആകത്ത് കണ്ടത് , ഹാളിലെ ഫർണിച്ചറുകൾ എല്ലാം ചിതറി കിടക്കുന്നു .

ഗ്ലാസ് പൊട്ടി ചില്ലുകൾ മൊത്തത്തിൽ നിരന്നു കിടക്കുന്നു . കാര്യമായ ഒരു സംഘടനം നടന്ന എല്ലാ ലക്ഷണങ്ങളും അവിടെ ഉണ്ട് . പെട്ടെന്നാണ് അകത്തെ ഒരു ഒരു മുറിയിൽ നിന്ന് കൂട്ടത്തിലെ കുഞ്ഞൻ ചേച്ചി ഇങ്ങോട് ഒന്ന് വന്നേ എന്ന് വിളിച്ചു പറഞ്ഞത് . പെട്ടെന്ന് അവിടേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രണ്ടു പേരെയാണ് . മരിച്ചുവെന്നാണ് തോന്നുന്നതെന്ന് അവൻ പറഞ്ഞു രണ്ട് പേരെയും തിരിച്ചു കിടത്തി നോക്കിയപ്പോൾ , പാർട്ടിക്കിടയിൽ ആദർശ് എന്നെ കൊണ്ട് വന്നു പരിചയപ്പെടുത്തിയ ഡെല്ഹിക്കാരനാണ് ഒന്നെന്ന് എനിക്ക് മനസ്സിലായി . മറ്റേത് ആദർശ് അല്ലാത്തത് കൊണ്ട് . ഇവരെയല്ല മെയിൻ ആയിട്ട് ഒരു മലയാളിയാണ് .

അവനെ വേണം കിട്ടാനെന്ന് ഞാൻ പറഞ്ഞപ്പോഴേക്കും വാ നോക്കാമെന്ന് പറഞ്ഞു അവനും എന്നോടൊപ്പം എല്ലാ മുറികളിലും കയറി പരിശോധന തുടങ്ങി .. ഒരുപാട് തിരഞ്ഞെങ്കിലും അവനെ കിട്ടാതെ വന്നപ്പോൾ , തിരച്ചിൽ നിർത്തി ഞങ്ങൾ വെളിയിലേക്ക് ഇറങ്ങിയപ്പോ മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കറുത്ത ജീപ്പ് പെട്ടെന്ന് മുന്നോട്ട് കുതിച്ചു . ഓടി പുറകിലൂടെ ഒന്ന് നോക്കിയെങ്കിലും വണ്ടിയുടെ വെട്ടം കണ്ണിൽ അടിച്ചത് കൊണ്ട് ഒന്നും തന്നെ വ്യക്തമായില്ല .. തിരിച്ചു അവരോടൊപ്പം തന്നെ അമ്മയും അവളും നിക്കുന്നിടത്തേക്ക് നടന്നു , അപ്പോഴേക്കും ആ വീട് തുറന്ന് ആ വീട്ടുകാർ അവള്ക്ക് കുടിക്കാനുള്ള വെള്ളമൊക്കെ കൊടുത്തത് കണ്ടു . എവിടെയാണ് ചേച്ചി നിങ്ങളുടെ വീട് എന്ന് എന്നോട് ചോദിച്ചതും കൂട്ടത്തിലെ കുഞ്ഞൻ തന്നെയാണ് .

പരുത്തിപ്പാറ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അത് കുറച്ചു ദൂരമുണ്ടല്ലോ നിക്ക് ഞാൻ പോയി വണ്ടി എടുത്തിട്ട് വരാമെന്ന് പറഞ്ഞു കൂട്ടത്തിൽ ഒരാൾ പുറത്തേക്ക് പോയി .. കുറച്ചു മാറി നിന്നിട്ട് അതെ മോൾ ഇങ്ങ് വന്നേ എന്ന പ്രായമായ മനുഷ്യൻ വിളിച്ചത് കേട്ടിട്ടാണ് ഞാൻ അങ്ങൊട് ചെന്നത് . കണ്ടിട്ട് അനിയത്തിക്കുട്ടിക്ക് ഒന്നും സംഭവിച്ചതായി തോന്നുന്നില്ല , അത് കൊണ്ട് തന്നെ ഇത് ഇവിടെ വിട്ടേക്ക് കേട്ടോ . വെറുതെ പുറകിൽ കൂടിയാൽ ചിലപ്പോൾ അകത്ത് കിടന്ന രണ്ട് ബോഡിക്ക് നമ്മൾ സമാധാനം പറയേണ്ടി വരും , മോൾ മാത്രമായിരിക്കില്ല ഞങ്ങൾ എല്ലാവരും കുടുങ്ങും . നമ്മുടെ നിയമത്തിന് മുന്നിൽ നിരപരാധിയാണെന്ന് ഒക്കെ തെളിഞ്ഞു വരുമ്പോഴേക്കും ഞാനൊക്കെ മണ്ണിനടിയിൽ എത്തിയിട്ടുണ്ടാകും .

പിന്നെ മോൾ പറഞ്ഞ മലയാളി അവനുള്ള പണി ഞങ്ങൾ തന്നെ കൊടുത്തോളം എന്ന് ആ പറഞ്ഞു , അമ്മയുടെ ഫോൺ നമ്പർ അയാൾ വാങ്ങിയപ്പോഴേക്കും വണ്ടി ഞങ്ങൾ നിന്നിരുന്നിടത്തേക്ക് എത്തി .. അവളുമായി ഞാൻ കാറിന്റെ പുറകിൽ കയറി , ‘അമ്മ മുന്നിലും . കുറച്ചു മുന്നോട്ട് ചെന്നപ്പോഴേക്കും അമ്മു എന്റെ തോളിലേക്ക് തല വെച്ച് കിടന്നു . വിരൽ പതിഞ്ഞ അവളുടെ കവിളിൽ പതിയെ തലോടിയിട്ട് ആരാ എന്റെ മോളെ ഉപദ്രവിച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ ആദ്യം ഒന്നും മിണ്ടിയില്ല .

ആദർശ് ആണോ എന്നെന്റെ ചോദ്യത്തിന് അല്ലെന്നവൾ മറുപടി പറഞ്ഞു . പിന്നെ ആ ഹിന്ദിക്കാർ ആണോ എന്നെന്റെ ചോദ്യത്തിന് അവൾ അല്ലെന്ന് മറുപടി പറഞ്ഞപ്പോഴേക്കും , ഡ്രൈവർ ചെക്കൻ ചേച്ചി നമ്മുടെ വണ്ടിക്ക് പുറകിലായി വരുന്ന വണ്ടി ആ വീടിന് മുന്നിൽ കണ്ട ജീപ്പാണോന്ന് ചോദിച്ചു തീർന്നപ്പോഴേക്കും ഭയത്തോടെ അമ്മു എന്റെ കൈകളിൽ അമർത്തി പിടിച്ചു …….. (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 12

Share this story