ആത്മിക : ഭാഗം 33

ആത്മിക : ഭാഗം 33

എഴുത്തുകാരി: ശിവ നന്ദ

“എന്റെ പ്രണയം ടീനു ആണ്…” ആ ഒരുനിമിഷം അമ്മുവിന് എല്ലാം നിശ്ചലമാകുന്നത് പോലെ തോന്നി..ഇത് തന്റെ തോന്നൽ ആയിരിക്കണെ എന്നവൾ പ്രാർത്ഥിച്ചു..യാന്ത്രികമായി അവളുടെ നോട്ടം ശ്രീകോവിലിലേക്ക് നീണ്ടു..എന്നും പുഞ്ചിരിയോടെ കാണുന്ന കണ്ണന്റെ മുഖത്തും വിഷാദം നിറഞ്ഞത് പോലെ അമ്മുവിന് തോന്നി… “ഇല്ല…ഇച്ചൻ കള്ളം പറയുവാ…” “എന്തിനാ അമ്മു ഞാൻ നിന്നോട് കള്ളം പറയുന്ന?? അതിന്റെ എന്ത് ആവശ്യമാ എനിക്ക് ഉള്ളത്?? അല്ലെങ്കിൽ തന്നെയും കള്ളം പറയാൻ പറ്റുന്ന ഒന്നാണോ ഇത്” ഒരക്ഷരം പോലും മിണ്ടാൻ പറ്റാതെ അമ്മു ആൽത്തറയിലേക്ക് തളർന്നിരുന്നു..താൻ കണ്ടതും കേട്ടതും ഒന്നും സത്യമല്ലായിരുന്നു എന്ന തിരിച്ചറിവിലേക്ക് വരാൻ അവളുടെ മനസ്സിന് കഴിഞ്ഞില്ല. “നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല അമ്മു..

നിന്നെ സ്നേഹിച്ചതിനും നിനക്ക് സ്വാതന്ത്ര്യം തന്നതിനും ഒക്കെ നീ ഇങ്ങനൊരു അർത്ഥം നൽകിയത് എനിക്ക് ഉൾകൊള്ളാൻ പോലും പറ്റുന്നില്ല..അതും എന്റെയും ടീനുന്റെയും ഇഷ്ടം അറിയാവുന്ന നീ തന്നെ” “എനിക്ക് അറിയില്ല…ഒന്നും അറിയില്ലായിരുന്നു…” എല്ലാം തന്റെ തെറ്റെന്നുള്ള അവന്റെ സംസാരത്തിന് ഇടറിയ വാക്കുകളിലൂടെ പ്രതികരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു. “അറിയില്ലെന്നോ??? ഒന്നും അറിയാഞ്ഞിട്ടാണോ നീ ടീനുവിനോട് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് സംശയം പറഞ്ഞത്” “അങ്ങനെയൊന്നും നിങ്ങൾക്കിടയിൽ ഇല്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു…” “ആര് ബോധ്യപ്പെടുത്തി..ഞാനോ അവളോ പറഞ്ഞോ ഞങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന്??”. “ഇല്ല…ജെറി…” “ജെറിയോ??” “മ്മ്മ്..അവൻ ഇച്ചനോടും ടീനുചേച്ചിയോടും ചോദിച്ചിരുന്നെന്ന് പറഞ്ഞു..”

“അപ്പോൾ നിന്റെ ഇഷ്ടത്തെ കുറിച്ച് അവന് അറിയുമോ?” അത് ചോദിക്കുമ്പോഴുള്ള ആൽബിയുടെ ശബ്ദത്തിലെ മാറ്റം അമ്മുവിനെ വീണ്ടും തളർത്തി..ആ മനസ്സിൽ തന്നോട് വെറുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു.അതോർത്തതും നിർജീർവമായി അവൾ “ഇല്ലെന്ന്” തലയനക്കി. “ആരോടും ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല..അത് കൊണ്ട് തന്നെ ജെറി ചോദിച്ചാലും വ്യക്തമായി ഒരു മറുപടി ഞങ്ങൾ കൊടുക്കില്ല..പക്ഷെ നീ അന്ന് ടീനുവിനോട് ചോദിച്ചതിന് ശേഷം എല്ലാം മനസിലാക്കിയിട്ടുണ്ടാകും എന്ന് കരുതിയ ഞങ്ങൾ പിന്നെയൊന്നും പറയാതിരുന്നത്..നിന്റെ മനസ്സിൽ ഇങ്ങനൊരു ഇഷ്ടം ഉണ്ടാകുമെന്നും കരുതിയില്ല.അല്ലായിരുന്നെങ്കിൽ ഉറപ്പായും നിന്നെ എല്ലാം അറിയിച്ചേനെ..” അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിൽ കൂരമ്പ്പോലെ തറച്ചുകൊണ്ടിരുന്നു.എന്തേ താൻ അവരെ മനസിലാക്കിയില്ല??

എന്തേ തന്റെ പ്രണയത്തിന്റെ അന്ധതയിൽ അവരുടെ പ്രണയം കാണാതെ പോയി?? തെറ്റ് ചെയ്തു അമ്മു നീ…അഭയം തന്നവരോട് നെറികേട് കാണിച്ചു..അർഹതയില്ലെന്ന് അറിഞ്ഞിട്ടും അതിയായി മോഹിച്ചു..എല്ലാം നിന്റെ മാത്രം തെറ്റ്… തൊണ്ടക്കുഴിയോളം എത്തിയ കരച്ചിൽ വാശിയോടെ തടഞ്ഞുനിർത്തി.പക്ഷെ കണ്ണുനീർ തടയാൻ അവൾക്ക് കഴിഞ്ഞില്ല.. “ഇനിയൊരിക്കലും നീ കരയരുതെന്ന് ആഗ്രഹിച്ചതാ ഞാൻ.അതിന് വേണ്ടി നിന്റെ നിഴൽപോലെ കൂടെ നിന്നതാ.പക്ഷെ ആ സമീപനം തന്നെ ഇന്ന് നീ വീണ്ടും കരയാനുള്ള കാരണമായി..വേണ്ട അമ്മു..ഇങ്ങനെയൊന്നും നിന്റെ മനസ്സിൽ തോന്നിയിട്ടില്ലെന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ടം…നീ എന്നും എനിക്കെന്റെ അമ്മൂട്ടി തന്നെയാ..പക്ഷെ ഇത് ഇനി മറ്റാരും അറിയരുത്..പ്രത്യേകിച്ച് ടീനു..

അവൾ സ്വന്തം അനിയത്തിയെ പോലെയാ നിന്നെ സ്നേഹിക്കുന്നത്..നീയെന്ന് വെച്ചാൽ ജീവനാ അവൾക്ക്..അവളുടെ പ്രണയത്തെ നീ ആഗ്രഹിച്ചു എന്നറിഞ്ഞാൽ സഹിക്കില്ല അവൾ..നീ ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമാകുമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞവളാ ടീനു..” “ഇല്ല ഇച്ചാ…എല്ലാം എന്റെ സ്വപ്നമായിരുന്നെന്ന് കരുതിക്കോളാം ഞാൻ..ആരുടെയും ജീവിതം ഞാൻ കാരണം തകരില്ല..ഇച്ചൻ എന്നെ വെറുക്കാതിരുന്നാൽ മതി” എങ്ങനെയോ അവൾ അത്രയും പറഞ്ഞുകൊണ്ട് മുഖം ഉയർത്തി അവനെ നോക്കി..കണ്ണുനീരിനാൽ കുതിർന്ന ആ മുഖം ഒരുനിമിഷം ആൽബിയുടെ ഉള്ളുലച്ചു. “നിന്നെ എനിക്ക് വെറുക്കാൻ കഴിയുമോ അമ്മു?? എഴുന്നേറ്റ് വാ..വീട്ടിലേക്ക് പോകാം” “ഇച്ചൻ പൊയ്ക്കോ..ഞാൻ കുറച്ച് നേരംകൂടി ഇവിടെ ഇരുന്നോട്ടെ”

“പറ്റില്ല..നീ വന്നേ” അവളുടെ കൈപിടിച്ച് അവൻ നടന്നു..ഇന്നാ സ്പർശനം പോലും തന്നെ ചുട്ടുപൊള്ളിക്കുന്നു..അവന്റെ കൈ പിടിച്ചുമാറ്റി അവൾ ഒരിക്കൽക്കൂടി ശ്രീകോവിലിലേക്ക് നോക്കി.അവിടമാകെ ഇരുട്ട് നിറയുന്നത് പോലെ അവൾക്ക് തോന്നി. ******************** കണ്ണ് തുറന്ന് ചുറ്റുംനോക്കിയപ്പോഴാണ് തന്റെ അടുത്തായി തലകുമ്പിട്ടിരിക്കുന്നവനെ അമ്മു കണ്ടത്..എന്താണ് സംഭവിച്ചതെന്ന് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു..അമ്പലത്തിൽ നിന്നിറങ്ങിയതും ഇച്ചന്റെ കൈയിലേക്ക് താൻ കുഴഞ്ഞുവീഴുന്ന രംഗം മനസിലേക്ക് വന്നപ്പോഴാണ് താനിപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് അമ്മുവിന് മനസിലായത്.. “ഇച്ചാ…” അമ്മുവിന്റെ വിളികേട്ട് ആൽബി തലയുയർത്തി നോക്കി..കരഞ്ഞുകലങ്ങിയ അവന്റെ മുഖം കാൺകെ അമ്മു മിഴികൾ ഇറുക്കിയടച്ചു….

“എന്താ അമ്മു നീയിങ്ങനെ?? ഇങ്ങനെ ശിക്ഷിക്കാൻ എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്?? ആവശ്യമില്ലാത്ത മോഹങ്ങൾ നെയ്തുകൂട്ടുന്നതിന് മുൻപ് ഒരുതവണ എങ്കിലും നിനക്ക് എന്നോട് ചോദിച്ചൂടായിരുന്നോ?? നിന്റെ മനസ്സ് തകർത്തുകൊണ്ട് സന്തോഷത്തോടെ എനിക്ക് ജീവിക്കാൻ കഴിയുമോ?? എല്ലാം നഷ്ടപെട്ടവളെ പോലെ ഇങ്ങനെ കിടക്കാനാണോ ഞാൻ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നത്..നീ ആഗ്രഹിച്ചത് എല്ലാം സാധിച്ച് തന്നത്” “സോറി ഇച്ചാ…ഒന്നും മനഃപൂർവം ആയിരുന്നില്ല…കുട്ടിക്കാലത്ത് തോന്നിയ ഇഷ്ടം വളർത്തിയെടുത്തത് അല്ല…അന്ന് ഇച്ചൻ ഹോസ്പിറ്റലിൽ ആയപ്പോഴാണ് ഇച്ചൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്..ആ നിമിഷം വരെയും ഇങ്ങനെയൊരു ചിന്ത എന്റെ മനസിൽ ഇല്ലായിരുന്നു..അതിന് ശേഷവും ഞാൻ അത് മറക്കാൻ ശ്രമിച്ചതാ..പക്ഷെ ടീനുചേച്ചി ഇച്ചന്റെ ഫ്രണ്ട് മാത്രമാണെന്ന് ജെറി ഉറപ്പിച്ച് പറഞ്ഞപ്പോൾ അറിയാതെ സ്വപ്നം കണ്ടുപോയി…

പിന്നീട് ഇച്ചൻ എനിക്കുവേണ്ടി ചെയ്യുന്നതിലൊക്കെ പ്രണയം കാണാൻ ശ്രമിച്ചത് എന്റെ തെറ്റ്… സ്വപ്നം കണ്ടതൊക്കെ ഒരുനിമിഷം കൊണ്ട് ഇല്ലാതായത് സഹിക്കാനുള്ള മനക്കട്ടി എനിക്കില്ലെന്ന് ഇച്ചന് അറിയാലോ..അതാ പെട്ടെന്ന് ശരീരം തളർന്ന് പോയത്…” അത്രയും പറഞ്ഞ് തന്റെ മുഖത്തേക്ക് നോക്കി കിടക്കുന്നവളോട് തിരികെ എന്ത് പറയണമെന്ന് ആൽബിക്ക് അറിയില്ലായിരുന്നു..ഒരുപാട് നേരം മൗനം അവർക്കിടയിൽ തളംകെട്ടി..രണ്ട് പേരും അവരുടേതായ ചിന്തകളിൽ ആയിരുന്നു..ഒടുവിൽ അമ്മുവിന്റെ മനസ്സിൽ നിന്നും എല്ലാം മാറ്റി അവളെ പഴയത് പോലെ ആക്കേണ്ടത് തന്റെ കടമ ആണെന്ന് മനസ്സിലായതും ആൽബി അവളോട് സംസാരിക്കാൻ തുടങ്ങി…എന്നാൽ അമ്മുവിന് അറിയേണ്ടത് ടീനയെ കുറിച്ചായിരുന്നു..

താൻ ഓക്കേ ആണെന്ന് ആൽബിയെ ബോധ്യപ്പെടുത്താൻ അവൾ അതിനായി അവനെ നിർബന്ധിച്ചു..ഒടുവിൽ അവൻ എല്ലാം അവളോട് പറഞ്ഞു..എല്ലാവരിൽ നിന്നും അവർ മറച്ചുവെച്ച ആൽബി-ടീന ബന്ധത്തെ കുറിച്ച്..തീവ്രമായ അവരുടെ പ്രണയത്തെ കുറിച്ച്…പരസ്പരം പിരിയാൻ പറ്റാത്ത വിധം അടുത്തുപോയ അവരുടെ മനസുകളെ കുറിച്ച്… ഓരോ വാക്കുകളും അമ്മുവിനെ വേദനിപ്പിച്ചു..ഉള്ളിൽ അവൾ ഉറക്കെ ഉറക്കെ കരഞ്ഞു..പക്ഷെ പുറമെ ഒരു ചിരിയോടെ അവൾ എല്ലാം കേട്ടിരുന്നു…ഇച്ചൻ ഒരിക്കലും തന്റേതാകില്ല..ടീനുചേച്ചിയെ മറന്നൊരു ജീവിതം ഇച്ചന് ഉണ്ടാകില്ല…താൻ എല്ലാം മറക്കണം..പക്ഷെ അത് അത്രക്ക് എളുപ്പം ആകുമോ?? അറിയില്ല..എങ്കിലും മറന്നതായി അഭിനയിക്കണം…തന്റെ ഇച്ചന് വേണ്ടി..ടീനുചേച്ചിക്ക് വേണ്ടി..ആ കുടുംബത്തിന് വേണ്ടി… *******

“നീ ഇന്ന് ഓഫീസിൽ പോകുന്നില്ലേടാ??” രാവിലെ മുതൽ റോഡിലേക്ക് കണ്ണുംനട്ട് ചാരുപടിയിൽ ഇരിക്കുന്ന ജെറിയെ കണ്ട് അമ്മച്ചി ചോദിച്ചു. “ഇല്ല അമ്മച്ചി..ഇന്ന് ലീവ് ആണ്..” “ഇവിടെ ഇങ്ങനെ ഇരിക്കാനാണോ നീ ലീവ് എടുത്തത്??” “അല്ലല്ല..ഇന്ന് ഞാൻ ഒരുപാട് കാത്തിരുന്ന ഒരു ദിവസം ആണ്..ഒത്തിരി ആഗ്രഹിച്ച ഒരു കാര്യം ഇന്ന് നടക്കും” “അതെന്ത് കാര്യം??” “അതൊക്കെ ഉണ്ട്..സമയം ആകുമ്പോൾ ഞങ്ങൾ കാരണവന്മാർ അറിയിക്കും” അമ്മച്ചിയെ ഒന്ന് പുച്ഛിച്ച് കൊണ്ട് അവൻ പറഞ്ഞതും അവർ അവന്റെ ചെവിക്ക് പിടിച്ചു..അപ്പോഴേക്കും ആൽബിയും അമ്മുവും എത്തിയിരുന്നു. “നിങ്ങൾ ഇതെവിടെ ആയിരുന്നു??” അമ്മച്ചിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ആൽബി ആണ്..ജെറിയുടെ ശ്രദ്ധ മുഴുവൻ അമ്മുവിൽ ആയിരുന്നു..ഇവിടുന്ന് പോകുമ്പോഴുള്ള തിളക്കം അവളുടെ കണ്ണുകൾക്ക് ഇപ്പോൾ ഇല്ല..ആകെമൊത്തത്തിൽ ഒരു ശോകാവസ്ഥ..

അമ്മച്ചിയോട് എന്തോ ഒന്ന് പറഞ്ഞിട്ട് അമ്മു അകത്തേക്ക് പോയി..തൊട്ടുപിറകെ ആൽബിയും കയറി പോയി..അതോടെ ഒരു കാര്യം ജെറിക്ക് ഉറപ്പായി..അമ്മു എല്ലാം ഇച്ചായനോട് പറഞ്ഞു…പക്ഷെ അവൾ എന്തിനാകും സങ്കടപെടുന്നത്?? ഇനി ഇച്ചായൻ ഇഷ്ടമല്ലെന്ന് എങ്ങാനും പറഞ്ഞു കാണുമോ?? ഏയ് അങ്ങനെ ഒരിക്കലും സംഭവിക്കില്ല.. ഓരോന്ന് ചിന്തിച്ച് അവൻ അമ്മുവിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ തലയണയിൽ മുഖം പൂഴ്ത്തി കിടക്കുവായിരുന്നു..കുറച്ച് കഴിഞ്ഞ് വരാമെന്ന് കരുതി അവൻ മുറിയിൽ നിന്നിറങ്ങാൻ തിരിഞ്ഞപ്പോഴാണ് ചെറുതായി ഏങ്ങലടി അവൻ കേട്ടത്..വെപ്രാളത്തോടെ അവൻ അമ്മുവിന്റെ അടുത്തേക്ക് ചെന്നു. “അമ്മൂ..നീ കരയുവാണോ??” ജെറിയുടെ ശബ്ദം കേട്ടതും അമ്മു പെട്ടെന്ന് തന്നെ എഴുന്നേറ്റു.. “അല്ല..അല്ല ജെറി..ഞാൻ വെറുതെ കിടന്നത” അവൻ അവളെ ആകമാനം നോക്കി..

അവളുടെ ശരീരത്തിന് ഒരു ബലം ഇല്ലാത്തത് പോലെ അവന് തോന്നി..കണ്ണിന് ചുറ്റും നീര് വെച്ചത് പോലെ ചുവന്ന് തടിച്ചിട്ടുണ്ട്…ചിക്കുവിനെ നഷ്ടപെട്ടപ്പോഴുണ്ടായിരുന്ന തന്റെ അതേ അവസ്ഥ.. “എന്താ ഉണ്ടായതെന്ന് പറ അമ്മു..ഇച്ചായൻ വഴക്ക് പറഞ്ഞോ നിന്നെ??” “ഇല്ലെന്ന്” അവൾ തലയനക്കി. “പിന്നേ…നീ പറഞ്ഞില്ലേ ഇച്ചായനോട്??” “പറഞ്ഞു” “എന്നിട്ട്??” “തെറ്റാണ് ഞാൻ ചെയ്തത്…ഒരിക്കലും ഇച്ചനെ ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു..” “എന്ന് ഇച്ചായൻ പറഞ്ഞോ നിന്നോട്?? എന്താണെങ്കിലും ഒന്ന് തെളിച്ച് പറ അമ്മു” “നീയല്ലേ എന്നോട് പറഞ്ഞത് ഇച്ചന് ആരോടും പ്രണയം ഇല്ലെന്ന്??” നിർവികാരത നിറഞ്ഞ അവളുടെ ചോദ്യം കേട്ട് ജെറി അവളുടെ അടുത്തിരുന്നു..അവളുടെ മുഖത്തേക്ക് അലങ്കോലമായി കിടന്ന മുടി ഒതുക്കി വെച്ചുകൊണ്ട് അവനൊന്ന് ചിരിച്ചു.

“അതേ ഞാൻ തന്നെയാ പറഞ്ഞത്..അതിന് ഇപ്പോൾ എന്ത് സംഭവിച്ചു?? എന്തേ ഇച്ചായൻ പറഞ്ഞോ വേറെ പ്രണയം ഉണ്ടെന്ന്??” അതിന് മറുപടി പറയാതെ അവൾ തലകുമ്പിട്ടിരുന്നു..ജെറി അവളുടെ മുഖം ഉയർത്തികൊണ്ട് വീണ്ടും ചിരിച്ചു. “എടി പൊട്ടി..അത് ഇച്ചായൻ നിന്നെ പറ്റിക്കാൻ പറഞ്ഞതാ..അങ്ങേര് അത്രപെട്ടെന്നൊന്നും പിടിതരില്ല..നീ നോക്കിക്കോ..ഇനി ഇങ്ങോട്ട് വന്ന് ഇഷ്ടം പറയും” അവന്റെ വിശ്വാസത്തോടെയുള്ള സംസാരം കേട്ട് അമ്മു മെല്ലെ ചിരിച്ചു.. “ഇച്ചനും ടീനുചേച്ചിയും പ്രണയത്തിൽ ആണ്…എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ല..അതാണ് സത്യം..” “ഒന്ന് പോടീ…ഇച്ചായനെക്കാൾ കഷ്ടമാണല്ലോ നീ..അവരെ എനിക്ക് അറിയാം..പോരാത്തതിന് ഇതിനെ കുറിച്ച് ഞാൻ അല്ലേ അവരോട് ചോദിച്ചത്” “അപ്പോൾ അവര്‌ പറഞ്ഞോ ഒന്നുമില്ലെന്ന്??” “പറഞ്ഞു..ആ ഉറപ്പിലല്ലേ ഞാൻ നിന്നെ സപ്പോർട്ട് ചെയ്തത്” “നിനക്ക് തെറ്റിപ്പോയി ജെറി..

ഇച്ചൻ ഉറക്കത്തിൽ എന്തോ പറഞ്ഞെന്നും കരുതി…” “ഇച്ചായൻ ഉറക്കത്തിൽ ആയിരിക്കാം..പക്ഷെ ടീനൂച്ചിയോ?? എന്റെ മുഖത്ത് നോക്കി ചേച്ചി കള്ളം പറഞ്ഞെന്ന് ഞാൻ വിശ്വസിക്കില്ല” “ചേച്ചി പറഞ്ഞതൊക്കെ സത്യം തന്നെയായിരുന്നു..പക്ഷെ പകുതി മാത്രമേ നിന്നോട് പറഞ്ഞോളു..” “മനസിലായില്ല” “ചേച്ചി എന്താ പറഞ്ഞത്..അവരെ തമ്മിൽ കെട്ടിക്കണമെന്നുള്ള വീട്ടുകാരുടെ ആവശ്യത്തെ എതിർത്തു എന്ന്..അത് അവർ സ്കൂളിൽ പഠിക്കുമ്പോൾ നടന്ന സംഭവം ആണ്…അന്ന് അവർക്കിടയിൽ ഫ്രണ്ട്‌ഷിപ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..അത്രയും ആണ് നിന്നോട് പറഞ്ഞത്. എന്നാൽ അതിന് ശേഷമാണ് അവർക്കിടയിൽ പ്രണയം വന്നത്..ചേച്ചി ഓഫീസ് കാര്യങ്ങൾ എല്ലാം ഏറ്റെടുത്തതിന് ശേഷം ഇച്ചനായിട്ട് പ്രൊപ്പോസ് ചെയ്തതാണ്..” എല്ലാം കേട്ട് എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാതിരിക്കുവാണ് ജെറി..

ഇതെല്ലാം ഒരു ചിരിയോടെ പറയുന്നവളെ കാൺകെ അവന് വല്ലാത്ത പേടി തോന്നി. “അമ്മു..ഇതൊന്നും സത്യം ആയിരിക്കില്ല..നീ വെറുതെ ടെൻഷൻ ആകല്ലേ” “ഇല്ലടാ എനിക്ക് കുഴപ്പം ഒന്നുമില്ല..ഇതെല്ലാം ഇച്ചൻ എന്നോട് പറഞ്ഞതാ..അത് പറയുമ്പോഴുള്ള ഇച്ചന്റെ സന്തോഷം ഒന്ന് കാണണമായിരുന്നു” “ഹും..സന്തോഷം മാങ്ങാത്തൊലി..നിന്റെ സങ്കടം കണ്ടിട്ടും എങ്ങനെ സന്തോഷിക്കാൻ തോന്നി” അതും പറഞ്ഞ് ദേഷ്യപ്പെട്ട് എഴുന്നേറ്റവന്റെ കൈയിൽ പിടിച്ച് അമ്മു നിർത്തി. “നീയിത് എവിടെ പോകുവാ??” “നീ കൈവിട്..എനിക്ക് ഇച്ചായനോട് ചിലത് ചോദിക്കാനുണ്ട്.” “എന്ത്??” “എന്തിനാ ഈ നാടകം കളിച്ചതെന്ന്?? പ്രേമം ഉണ്ടെങ്കിൽ അത് ഒളിച്ചുവെച്ചത് എന്തിനാണെന്ന് എനിക്ക് അറിയണം” “ജെറി പ്ലീസ്..ഇതിനെ കുറിച്ചൊന്നും നീ ഇച്ചനോട്‌ ചോദിക്കരുത്..എന്റെ ഇഷ്ടത്തെ കുറിച്ച് ആർക്കും അറിയില്ലെന്ന ഇച്ചനോട്‌ ഞാൻ പറഞ്ഞേക്കുന്നത്..അത് മാത്രമല്ല..ഞാൻ കാരണം ഇച്ചായനും അനിയനും തമ്മിൽ ഒരു സംസാരം ഉണ്ടാകരുത്…”

“എന്ന് കരുതി ചോദിക്കാനുള്ളത് ചോദിക്കണ്ടേ??” “അവർ എന്തിന് ഇത് മറച്ചുവെച്ചെന്ന് അല്ലേ നിനക്ക് അറിയേണ്ടത്..അത് വേറൊന്നും കൊണ്ടല്ല..പ്രണയം ആണെന്ന് അറിഞ്ഞാൽ എല്ലാത്തിനും ഒരു റിസ്ട്രിക്ഷൻ ഉണ്ടാകുമല്ലോ..അവർക്ക് പഴയത് പോലെ തന്നെ ഫ്രീ ആയിട്ട് കാണുകയും സംസാരിക്കുകയും ചെയ്യണമായിരുന്നു..അതിന് വേണ്ടി മാത്രമാ ആരോടും പറയാഞ്ഞത്..അവർ അറിയുന്നില്ലല്ലോ..ഞാൻ ഒരുത്തി അർഹത ഇല്ലാത്തതും മോഹിച്ച് നടക്കുന്ന കാര്യം” സ്വയം പരിഹസിച്ചുകൊണ്ട് ചിരിക്കുന്നവളെ ജെറി അവന്റെ നെഞ്ചോട് ചേർത്തു..അവന്റെ കണ്ണീരിന്റെ നനവ് അവളുടെ നെറ്റിയിൽ പതിഞ്ഞു..ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി അവൾ കരച്ചിൽ അടക്കി..ഒന്നും പറയാതെ ജെറി മുറിയിൽ നിന്നിറങ്ങി പോയതും അമ്മു അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി നിശബ്ദമായി ഇരുന്നു.. 💞💞💞

കോളേജിൽ ഇന്ന് ആദ്യത്തെ ദിവസം ആയതുകൊണ്ട് തന്നെ അമ്മു നേരത്തെ എഴുന്നേറ്റ് റെഡി ആയിരുന്നു..രാത്രി മുഴുവൻ കരഞ്ഞതിന്റെ ക്ഷീണം അവളുടെ കണ്ണിൽ ഉണ്ടായിരുന്നെങ്കിലും ചുണ്ടിലൊരു പുഞ്ചിരി മറ്റുള്ളവർക്കായി അവൾ അണിഞ്ഞു.. അമ്മച്ചിയുടെ അനുഗ്രഹം വാങ്ങി അവൾ ഇറങ്ങിയപ്പോഴാണ് ആൽബി അവളെയും കാത്ത് കാറിന്റെ അടുത്ത് നിൽക്കുന്നത് കണ്ടത്..ആൽബിയെ കാണണ്ടെന്ന് കരുതി ജെറി രാവിലെ തന്നെ ഓഫീസിലേക്ക് പോയിരുന്നു…അതുകൊണ്ട് ഒറ്റക്ക് പോകാമെന്ന് കരുതിയതായിരുന്നു അമ്മു.. കോളേജ് ഗേറ്റ് കടന്ന് അവന്റെ കാർ കയറിയതും അമ്മുവിന് വല്ലാത്തൊരു ആശ്വാസം തോന്നി..ഇനിമുതൽ ഇതാണ് തന്റെ ലോകം..എല്ലാ വിഷമങ്ങളും മറക്കാനുള്ള ഇടം..തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടി..അതോർത്തതും അവളുടെ കണ്ണൊന്ന് നിറഞ്ഞു…

തന്റെ ലക്ഷ്യം…IAS..ഇച്ചന് വേണ്ടി വേണ്ടെന്ന് വെച്ചതാണ്..ആ ഇച്ചന്റെ മനസ്സിൽ താൻ ഇല്ല..എങ്കിലും ഇനി അതിനായി പരിശ്രമിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..അത്രക്ക് മനസ്സ് തകർന്നിരിക്കുവാണ്..എല്ലാമൊന്ന് നേരേയാക്കണം..എന്നിട്ടാകാം IAS മോഹം… ഉറച്ചകാൽവെപ്പോടെ അവൾ ആൽബിയുടെ കൂടെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ചെന്നു.ആൽബിയോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സ്നേഹപ്രകടനങ്ങളും അവൾ നോക്കിനിന്നു. “ആത്മിക…തന്റെ മാർക്സ് ഒക്കെ ഞാൻ കണ്ടു..ഒരു റാങ്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ..ആൽബിയുടെ സപ്പോർട്ടും കൂടി ഉള്ളത് കൊണ്ട് തനിക്ക് അത് നിഷ്പ്രയാസം സാധിക്കും..ഇവൻ ഇവിടുത്തെ പുലിക്കുട്ടി ആയിരുന്നു..അറിയുമോ??” എല്ലാം ഒരു ചിരിയോടെ അവൾ കേട്ടുനിന്നതേ ഉള്ളു. “ടീന എന്ത് പറയുന്നടോ?? കല്യാണം ഉടനെ ഉണ്ടാകുമോ??”

പ്രതീക്ഷിക്കാതെയുള്ള പ്രിൻസിപ്പലിന്റെ ചോദ്യത്തിൽ ആൽബി അമ്മുവിനെ ഒന്ന് നോക്കി..അത് കണ്ടതും അദ്ദേഹം തന്നെ അമ്മുവിനോട് പറയാൻ തുടങ്ങി: “ഞാനും ജോണും കുര്യാക്കോസും ഒരുമിച്ച് പഠിച്ചവരാ..അതുകൊണ്ട് തന്നെ ഇവനും ടീനയും എനിക്ക് വെറും സ്റ്റുഡന്റസ് അല്ല.എന്റെ മക്കൾ തന്നെയാ..” അദ്ദേഹം വീണ്ടും ഓരോന്ന് പറയാൻ തുടങ്ങിയതും ആൽബി ഇടയ്ക്ക് കയറി സംസാരിച്ചു.ശേഷം അമ്മുവിനെ ക്ലാസ്സിലേക്ക് പറഞ്ഞ് വിട്ട് അവൻ പാർക്കിങ്ങിലേക്ക് പോയി..പോകുന്നതിന് മുൻപ് അവനൊന്ന് തിരിഞ്ഞുനോക്കി..അതേ സമയം തന്നെ അമ്മുവും നോക്കി..അവൾക്കായി ഒരു ചിരി നൽകി അവൻ കാർ എടുത്ത് പോയി.. “ക്ലാസ്സ്‌ തുടങ്ങുന്നതിന് മുൻപ് തന്നെ ഇച്ചനോട്‌ ഇഷ്ടം പറയാൻ തീരുമാനിച്ചത കുഴപ്പം ആയത്..അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ വാക്കുകളിൽ നിന്നും ഇച്ചന്റെയും ടീനുചേച്ചിയുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു..അങ്ങനെ എങ്കിൽ തന്റെ ഇഷ്ടം ഇച്ചൻ അറിയാതിരുന്നേനെ…” ഓരോന്ന് ചിന്തിച്ച് അവൾ ക്ലാസ്സിലേക്ക് കയറി.. ***

ഓഫീസിൽ വന്നതിന് ശേഷം സ്വന്തം ക്യാബിനിൽ തന്നെ ഇരിക്കുവായിരുന്നു ജെറി..അവന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.താനായിട്ടാണ് ആ പാവം പെണ്ണിന്റെ മനസിൽ ഓരോന്ന് കുത്തിനിറച്ചത്..എങ്കിലും ഇച്ചായനും ചേച്ചിക്കും എങ്ങനെ തോന്നി?? രണ്ട് പേരോടും താൻ ചോദിച്ചത് അല്ലേ..അപ്പോൾ എന്നെ പൊട്ടനാക്കി..അതിന്റെ പേരിൽ ഇല്ലാതായത് ഒരു പെണ്ണിന്റെ ജീവിതമാ.. മുഷ്ടിചുരുട്ടി അവൻ ടേബിളിൽ ആഞ്ഞിടിച്ചു..അപ്പോഴാണ് ടീനാ മാഡം വിളിക്കുന്നെന്ന് ഒരു സ്റ്റാഫ്‌ വന്ന് പറഞ്ഞത്.ദേഷ്യം നിയന്ത്രിച്ച് അവൻ എഴുന്നേറ്റു. “ചേച്ചി വിളിച്ചോ?” “ഹാ..നിന്നെ ഇന്ന് കണ്ടതേ ഇല്ലല്ലോ” “അവിടെ കുറച്ച് വർക്ക്‌ ഉണ്ടായിരുന്നു” “മ്മ്മ്…അമ്മുന് ഇന്നല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത്..ആൽബിയാണോ കൊണ്ട് പോയത്??” അതിന് മറുപടി പറയാൻ താല്പര്യം ഇല്ലാത്തത് പോലെ ജെറി വിരൽ ഞൊടിച്ചുകൊണ്ട് ഇരുന്നു. “ഡാ…ഞാൻ ചോദിച്ചത് നീ കേട്ടില്ലേ??” “എനിക്ക് എങ്ങനെ അറിയാം??

അവള് കോളേജിൽ പോകുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നോ??” എടുത്തടിച്ചത് പോലെയുള്ള അവന്റെ സംസാരം കേട്ട് ടീന ഞെട്ടിയിരുന്നു..ആദ്യമായാണ് അവന്റെ ഇങ്ങനൊരു ഭാവം കാണുന്നത്..അതും തന്നോട്. “ചേച്ചിക്ക് വേറെന്തെങ്കിലും ചോദിക്കാൻ ഉണ്ടോ??” “നിനക്ക് എന്താ പറ്റിയ??” “എനിക്ക് ഒന്നും പറ്റിയില്ല..ഞാൻ പോകുവാ” “നീ കാര്യം പറഞ്ഞിട്ട് പോയാൽ മതി” “എന്ത് കാര്യമാ ചേച്ചിക്ക് അറിയേണ്ടത്?? എന്തെങ്കിലും അറിയണമെങ്കിൽ അത് ഇച്ചായനെ വിളിച്ച് ചോദിക്കണം..അതല്ലേ അതിന്റെ മര്യാദ..അല്ലെങ്കിൽ തന്നെയും അമ്മു കോളേജിൽ പോയോ ഇല്ലയോ എന്നൊക്കെ ചേച്ചി എന്തിനാ അന്വേഷിക്കുന്ന…നിങ്ങളുടെ കാര്യങ്ങൾ ഒന്നും മറ്റാരെയും അറിയിക്കാറില്ലല്ലോ..” “ജെറി……” കടുപ്പിച്ചുള്ള അവളുടെ വിളിയിൽ അവനൊന്ന് അടങ്ങി..പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതാണ്.

“സോറി..ഞാൻ അവിടെ ഒരു പെന്റിങ് വർക്ക്‌ നോക്കുവായിരുന്നു..അപ്പോൾ അതിന്റെ പ്രഷറിൽ എന്തോ അറിയാതെ….” അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ പെട്ടെന്ന് തന്നെ ക്യാബിനിൽ നിന്നിറങ്ങി..അവൻ ഇങ്ങനെ പെരുമാറിയതിന്റെ കാരണം അറിയാതെ ടീനയും നിന്നു…ഇത്രക്ക് ദേഷ്യപ്പെടാനും മാത്രം എന്താ അവന് സംഭവിച്ചതെന്ന് അവൾക് എത്ര ആലോചിച്ചിട്ടും മനസിലായില്ല..അവൻ പറഞ്ഞതിലെ പൊരുളും… ***************** കോളേജിലെ വിശേഷങ്ങൾ ഒക്കെ അമ്മു കത്രീനാമ്മയോട് പറയുന്നത് കേട്ടാണ്‌ ആൽബിയും അവരുടെ അടുത്തേക്ക് വന്നത്.അവന്റെ സാമിപ്യം അവളെ അസ്വസ്ഥ ആക്കുന്നുണ്ടെങ്കിലും അമ്മച്ചി ഉള്ളത് കൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു..എന്നാൽ അവളുടെ മുഖം വാടിയത് മനസ്സിലായതും ആൽബി തന്നെ മുറിയിലേക്ക് പോയി… എല്ലാ ദിവസം വരുന്നതിലും ലേറ്റ് ആയിട്ടാണ് ജെറി അന്ന് വന്നത്..

തന്നെ കണ്ടിട്ടും ശ്രദ്ധിക്കാതെ പോകുന്നവനെ ആൽബി പിടിച്ച് നിർത്തി. “ഇത്രയും നേരം നീ എവിടെ ആയിരുന്നു??” “ഒരു ഫ്രണ്ടിനെ കാണാൻ പോയി” കൂടുതൽ ഒന്നും പറയാതെ ആൽബിയുടെ കൈ തട്ടിമാറ്റി അവൻ മുകളിലേക്ക് കയറി..തൊട്ടുപിറകെ ആൽബിയും ചെന്നു. “നിനക്ക് എന്താ ഒരു മാറ്റം??” “എനിക്കൊരു മാറ്റവും ഇല്ല..ഇച്ചായന് വെറുതെ തോന്നുന്നതാ” “ഹ്മ്മ്മ് ആയിക്കോട്ടെ…നീയിന്ന് ടീനുവിനോട് ദേഷ്യപ്പെട്ടോ??” “ഇല്ല…” “എന്നോട് കള്ളം പറയാൻ തുടങ്ങിയോ??” “ഇച്ചായൻ എന്നോട് കള്ളം പറഞ്ഞിട്ടില്ലേ??” ജെറിയുടെ ചോദ്യം കേട്ട് ആൽബി സംശയത്തോടെ അവനെ നോക്കി. “എന്താ നിന്റെ മനസ്സിൽ?? നീയിന്ന് അവളോട് ദേഷ്യപെട്ടെന്നും പറഞ്ഞ് ടീനു എന്നെ വിളിച്ചിരുന്നു..പാവം..അവൾക്ക് എന്ത് സങ്കടമായെന്ന് അറിയോ??” “ഹും…ടീനൂച്ചിടെ സങ്കടം മാത്രമേ ഇച്ചായൻ കാണുന്നുള്ളൂ..ഈ വീട്ടിൽ ചങ്ക് തകർന്നൊരു പെണ്ണ് ജീവിക്കുന്നുണ്ട്..”

“അമ്മു നിന്നോട് എന്തെങ്കിലും പറഞ്ഞോ??” “അവളല്ല..ഞാനാണ് ‘എന്റെ ഇച്ചായന്റെ പെണ്ണായിട്ട് നീ വരണമെന്ന്’ അവളോട് പറഞ്ഞത്…അത് കേട്ട് എന്നെ വഴക്ക് പറഞ്ഞതാ അവൾ..പിന്നീട് മരണത്തോട് മല്ലടിച്ച് ഇച്ചായൻ ആ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞപ്പോഴാ അവളുടെ പ്രണയം അവൾ തിരിച്ചറിഞ്ഞത്..അപ്പോഴും ഓരോന്ന് പറഞ്ഞ് ആ പ്രണയം വളർത്തിയത് ഞാൻ തന്നെയാ..കാരണം എന്റെ ഇച്ചായനെ ഞാൻ വിശ്വസിച്ചിരുന്നു..പക്ഷെ ഇച്ചായനും ചേച്ചിയുംകൂടി മനസ്സിൽ ഉള്ളത് മറച്ചുവെച്ച് എന്റെ മുന്നിൽ നാടകംകളിച്ചു.” “ഞാൻ എന്ത് ചെയ്‌തെന്ന നീ പറയുന്നത്?? ഞാൻ പറഞ്ഞോ അവളോട് ഇഷ്ടമുണ്ടെന്ന്..നീ എന്നോടും ടീനുനോടും പ്രണയത്തെ കുറിച്ച് ചോദിച്ചത് അവളെ കൊണ്ട് പ്രേമിപ്പിക്കാൻ വേണ്ടിയാണെന്ന് ഞങ്ങൾ അറിഞ്ഞോ???”

“ശരി..അത് നിങ്ങൾ അറിഞ്ഞില്ല..സമ്മതിച്ചു…പക്ഷെ ഇച്ചായൻ അമ്മുവിന് വേണ്ടി പാടിയതൊക്കെ ഹൃദയത്തിൽ തട്ടി അല്ലായിരുന്നോ..അതിലെ ഓരോ വരികളിലൂടെ അവളോടുള്ള പ്രണയം പറയുവല്ലായിരുന്നോ??” “പൊട്ടത്തരം പറയല്ലേ ജെറി…അവൾക്ക് ഇഷ്ടമുള്ള പാട്ടുകൾ പടി കൊടുത്തെന്നും കരുതി എനിക്ക് അവളോട് പ്രേമം ഉണ്ടെന്നാണോ?? ഞാൻ അമ്മുവിന് രഹസ്യമായി അല്ല പാടിക്കൊടുത്തത്..അതിന്റെ ഇരട്ടി പാട്ടുകൾ ടീനുവിന് മാത്രമായി ഞാൻ പാടികൊടുത്തിട്ടുണ്ട്..” “പിന്നെന്തിനാ അന്ന് രാത്രിയിൽ അവളെ ഉമ്മ വെച്ചത്??” പൊടുന്നനെയുള്ള ആ ചോദ്യം ആൽബി ഒട്ടും പ്രതീക്ഷിച്ചില്ല.. “ഉമ്മ വെച്ചെന്നോ??” “വേണ്ട ഇച്ചായ..ഒന്നും അറിയാത്തത് പോലെ അഭിനയിക്കേണ്ട..ഉറക്കത്തിൽ ചെയ്തത് ആണെങ്കിലും ഇച്ചായന് അത് നല്ല ഓർമയുണ്ടെന്ന് എനിക്ക് അറിയാം..ഉമ്മ വെക്കുക മാത്രമല്ല..അവളോട് ഇഷ്ടം പറയുകയും ചെയ്തു”

“എങ്കിൽ ഞാൻ അത് ടീനു ആണെന്ന് കരുതി ചെയ്തതാകും…എനിക്ക് വ്യക്തമായി ഓർമയില്ല” “ആഹാ നല്ല മറുപടി..അടുത്ത് വരുന്ന പെണ്ണിനെ ടീനൂച്ചി ആയിട്ട് കരുതുന്നത് അത്ര നല്ല സ്വഭാവം അല്ല” “ജെറി മതിയാക്ക്…നീ എന്താ പറഞ്ഞ് വരുന്നത്..ഞാൻ മനഃപൂർവം അവളെ കളിപ്പിക്കുവായിരുന്നെന്നോ?? അറിയാതെ ഒരു ഉമ്മ കൊടുത്തതിന്റെ പേരിലാണ് അവൾക് പ്രേമം തോന്നിയതെങ്കിൽ അതേ പ്രേമം അവൾക്ക് ഹർഷനോടും തോന്നണമല്ലോ..അവനും അതേ ചുണ്ടിൽ തന്നെയല്ലേ ഉമ്മ വെച്ചത്” പറഞ്ഞ് തീർന്നപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അമ്മുവിനെ ആൽബി കണ്ടത്..ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന അവസ്ഥയിൽ നിൽക്കുന്നവളെ കണ്ട് ജെറിയും ഞെട്ടി……. (തുടരും )

ആത്മിക:  ഭാഗം 32

Share this story